Thursday, December 6, 2012

വാഴത്തവള.

ബാത്ത് റൂമില്‍ കയറി വാതിലടച്ചതേയുള്ളു, വെന്‍റിലേറ്ററിലിരുന്ന വാഴത്തവള മാറത്തേക്ക് ഒറ്റച്ചാട്ടം. അതിന്‍റെ ശരീരത്തിലെ നനവ് അറപ്പുളവാക്കി. കൈകൊണ്ട് ഞാനതിനെ തട്ടി തെറുപ്പിച്ചു. ചുമരില്‍ പറ്റിപ്പിടിച്ചിരുന്ന അത് എന്നെത്തന്നെ നോക്കുന്നു. വീണ്ടും ഒരു ചാട്ടത്തിനുള്ള ഭാവമാണ്. എനിക്കു വന്ന ദേഷ്യത്തിന് കണക്കില്ല. ഒറ്റയടിക്ക് അതിനെ ഇല്ലാതാക്കണമെന്ന് എനിക്ക് തോന്നി. ചുറ്റുപാടും  ഞാന്‍ കണ്ണോടിച്ചു. കുളിമുറിയുടെ ഒരു മുക്കിലായി നീളന്‍ കൈപ്പിടിയോടു കൂടിയ നിലം ഉരച്ചു കഴുകാന്‍ ഉപയോഗിക്കുന്ന ബ്രഷ് ഇരിക്കുന്നു. ഞാനത് കയ്യിലെടുത്തു.

സര്‍വ്വശക്തിയുമെടുത്ത് ചുമരുചേര്‍ത്ത് ഞാന്‍ ഒറ്റയടി. എന്‍റെ നീക്കം മനസ്സിലാക്കിയിട്ടാവും അത് വേറൊരു ഭാഗത്തേക്ക് ഒറ്റച്ചാട്ടം. '' അങ്ങിനെ നീ എന്നെ തോല്‍പ്പിക്കാറായിട്ടില്ല '' എന്ന മട്ടില്‍ ഞാന്‍ വീണ്ടും പ്രഹരിച്ചു. ഇത്തവണയും അത് ഒഴിഞ്ഞു മാറി. അതോടെ എനിക്കും വാശിയായി. നാലഞ്ചു തവണ ഇത് ആവര്‍ത്തിച്ചു. ഓരോ പ്രാവശ്യവും അത് വിദഗ്ധമായി ഒഴിഞ്ഞു മാറി.

പക്ഷെ എന്‍റെ ഒരടി അതിന്‍റെ ശരീരത്തില്‍ കൊള്ളുകതന്നെ ചെയ്തു. ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നാണ് സംഭവിച്ചത്. ആ തവള അതി ദീനമായ സ്വരത്തില്‍ കരഞ്ഞു. തോരാതെ പെയ്യുന്ന മഴക്കാലത്തെ രാത്രി നേരങ്ങളില്‍ തവളകള്‍ '' പേക്രോം '' വിളിച്ചു കരയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പാമ്പിന്‍റെ വായില്‍ പെട്ട തവള പ്രാണരക്ഷാര്‍ത്ഥം കരയുന്നതും പല തവണ കേട്ട അനുഭവമുണ്ട്. എന്നാല്‍ അതില്‍നിന്നൊക്കെ  വ്യത്യസ്തമായ ഒന്നായിരുന്നു ഈ വിലാപം.

എന്‍റെ അടുത്ത അടിയില്‍ നിന്ന് ചാടി രക്ഷപ്പെടാനുള്ള ശക്തി അതിനിലായിരുന്നു. എന്തുകൊണ്ടോ    ആ അടി അതിന്‍റെ മേത്ത് കൊണ്ടില്ല എന്നേയുള്ളു. ആ ജീവി വീണ്ടും വിലപിച്ചു. എന്നേ കൊല്ലരുതേ എന്ന അപേക്ഷയാണ് അതെന്ന് എനിക്ക് തോന്നി. ഞാന്‍ ആ തവളയെ നോക്കി. ഉറപ്പായ മരണത്തില്‍ നിന്ന് ചാടി രക്ഷപ്പെടാനുള്ള കഴിവില്ലായ്മ ഓര്‍ത്ത് പേടിച്ചു വിറയ്ക്കുന്നതുപോലെ ആ സാധു ജീവി  കിതയ്ക്കുകയാണ്.

എനിക്ക് കുറ്റബോധവും ലജ്ജയും ഒരുമിച്ചുണ്ടായി. എന്നെ മാതിരിത്തന്നെ ഈശ്വര സൃഷ്ടിയായ ആ ജീവിയെ നിസ്സാരകാരണത്തിന്ന് കൊല്ലാനൊരുങ്ങിയതിന്ന് ഞാന്‍ എന്നെത്തന്നെ മനസാ കുറ്റപ്പെടുത്തി. ആ ബ്രഷ് ഞാന്‍ മുറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞ് വാതില്‍ തുറന്നു.

തുറന്ന വാതിലിലൂടെ ഒറ്റച്ചാട്ടത്തിന് വെളിയിലിറങ്ങിയ വാഴത്തവള തൊടിയിലെ ചെടികള്‍ക്കിടയില്‍ മറഞ്ഞു.

Sunday, November 18, 2012

അര്‍ദ്ധരാത്രിയിലൊരു അപൂര്‍വ്വ സംഗമം.

1986 - 87 കാലഘട്ടത്തില്‍ ഞാന്‍ ജോലി ചെയ്തിരുന്നത് കാസര്‍ക്കോടിന്ന് സമീപത്തുള്ള ഉദുമയിലായിരുന്നു. വീട്ടില്‍ നിന്ന് ആദ്യമായി പിരിഞ്ഞു താമസിക്കുകയാണ്. വയസ്സായ എന്‍റെ അമ്മയും തീരെ ചെറിയ കുട്ടികളായ മൂന്ന് മക്കളും ഭാര്യയും മാത്രമേ വീട്ടിലുള്ളു. മൂത്ത മകന്‍ പ്രായം എട്ടു വയസ്സ്, ഏറ്റവും ഇളയവന്‍ രണ്ടരയും. അവരെ സഹായിക്കാന്‍ ആരുമില്ലല്ലോ എന്ന ചിന്ത എന്നും മനസ്സിനെ വിഷമിപ്പിക്കും. അതുകൊണ്ടുതന്നെ മിക്കവാറും എല്ലാ ആഴചയും ഞാന്‍ വീട്ടിലേക്ക് പോരും.

 ഉച്ചയ്ക്ക് ഒന്നരയോടെയാണ് മംഗലാപുരം ചെന്നൈ മെയില്‍ കാഞ്ഞാങ്ങാട് എത്തുക. രാത്രി എട്ടരയോടെ ആ വണ്ടി പാലക്കാട് എത്തും. അതിനാല്‍ വീട്ടിലേക്ക് പോരുന്നത് ആ വണ്ടിയിലായിരിക്കും.  ഒന്നു രണ്ടു പ്രാവശ്യം , കാലത്ത് മംഗലാപുരത്തു നിന്ന് പുറപ്പെട്ട് വൈകുന്നേരത്തോടെ പാലക്കാട് എത്തിയിരുന്ന ലിങ്ക് എക്സ്പ്രസ്സില്‍ പോന്നിട്ടുണ്ട്. പെട്ടിയും
ബാഗും ആയി അസമയത്ത് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ല. അതിനാല്‍  രാത്രി നേരത്ത് യാത്ര ചെയ്യുന്ന പതിവ് ഉണ്ടായിരുന്നില്ല. എന്നിട്ടും ഒരിക്കല്‍ രാത്രി യാത്ര വേണ്ടി വന്നു. അന്നുണ്ടായ അനുഭവം ഇടയ്ക്ക് ഓര്‍മ്മവരും, പ്രത്യേകിച്ച് കുട്ടികള്‍ പീഡിക്കപ്പെട്ട വാര്‍ത്തകള്‍ ഉണ്ടാവുമ്പോള്‍.

വീട്ടിലും അടുത്തൊന്നും ആ കാലഘട്ടത്തില്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. ജോലി സ്ഥലത്ത് എത്തിയാല്‍ ഞാന്‍ എത്തിയ വിവരം കാണിച്ച് ഒരു എഴുത്തയയ്ക്കും. ഒരാഴ്ചയിലേറെ താമസം ഉണ്ടെങ്കില്‍ വീട്ടില്‍ നിന്ന് ഒരു കത്ത് വരും. അത്ര മാത്രം. ഒരു വ്യാഴാഴ്ച എനിക്ക് വീട്ടില്‍ നിന്ന് ഒരു എഴുത്തെത്തി. പോന്നിട്ട് നാലു ദിവസം ആയതേയുള്ളു. എന്തോ അത്യാവശ്യം ഉണ്ടെന്ന് തോന്നി.

എഴുത്ത് തുറന്നു വായിച്ചു. ഞാന്‍ പോന്ന ദിവസം ചെറിയ മകന് നന്നായി പനിച്ചുവെന്നും രാത്രി ഒമ്പതു മണിയോടെ ഫിറ്റ്സ് ഉണ്ടായപ്പോള്‍ മൂത്ത മകനേയും കൂട്ടി അമ്മ പനിക്കുന്ന കുട്ടിയേയുമെടുത്ത് കുറച്ചകലെയുള്ള ഡോക്ടറുടെ വീട്ടില്‍ കൊണ്ടുപോയി കാണിച്ചുവെന്നും പനി ഭേദപ്പെട്ടിട്ടില്ല എന്നും ആണ് ആ കത്തിലെ വിവരം.

ഉടനെത്തന്നെ വീട്ടിലേക്ക് പോവണമെന്ന് എനിക്ക് തോന്നി. ഞാന്‍ വാച്ചിലേക്ക് നോക്കി. സമയം ഒരു മണി കഴിഞ്ഞു.  കാഞ്ഞങ്ങാടെത്താന്‍ അര മണിക്കൂറിലേറെ ബസ്സില്‍ യാത്ര ചെയ്യണം.ലോഡ്ജില്‍ ചെന്ന് സാധനങ്ങളെല്ലാമെടുത്ത് പുറപ്പെട്ടു ചെല്ലുമ്പോഴേക്ക് വണ്ടി  പോയിരിക്കും. ലോഡ്ജില്‍ ഒന്നിച്ചു താമസിക്കുന്ന സഹപ്രവര്‍ത്തകരോട് ഞാന്‍ വിവരങ്ങള്‍ പറഞ്ഞു.

'' നീ വൈകീട്ടത്തെ മലബാറിന് ചെല്ല്. രാത്രി പന്ത്രണ്ടര ഒരു മണിയോടെ അത് ഷൊര്‍ണ്ണൂരില്‍ എത്തും '' എല്ലാവരും അണ്ണന്‍ എന്നു വിളിക്കാറുള്ള ജെഫേഴ്സന്‍ പറഞ്ഞു '' കാലത്ത്  ആദ്യത്തെ ബസ്സിന് വീട് പിടിക്ക് ''. അതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ല. അഞ്ചു മണിക്കൂറിന്‍റെ പ്രശ്നമല്ലേയുള്ളു എന്നു കരുതി സമാധാനിച്ചു.

ട്രെയില്‍ ഷൊര്‍ണ്ണൂരെത്തുമ്പോള്‍ അര്‍ദ്ധരാത്രി. പാലക്കാട്ടേക്കുള്ള ബസ്സ് കിട്ടാന്‍ ഇനിയും ഒരുപാട് നേരം കഴിയണം. ബ്രീഫ്കേസും ബാഗുമായി ഞാന്‍ സ്റ്റേഷന് പുറത്ത് നിന്നു. പാലക്കാട് സിനിമയ്ക്ക് ചെന്ന് തിരിച്ചു പോരാന്‍ ബസ്സ് കിട്ടാതെ വന്ന സമയങ്ങളില്‍ കൈ കാണിച്ച് ലോറി നിര്‍ത്തിച്ച് പോന്ന അനുഭവമുണ്ട്. ദിനപ്പത്രം കയറ്റി വരുന്ന ടാക്സി കാറില്‍ കയറി ഷൊര്‍ണ്ണൂരില്‍ നിന്ന് നാട്ടിലേക്ക് മൂന്നു നാലു പ്രാവശ്യം പോന്നിട്ടുമുണ്ട്. അങ്ങിനെ വല്ല വാഹനവും കിട്ടിയെങ്കില്‍ എന്ന് പ്രതീക്ഷിച്ച് നില്‍ക്കുമ്പോഴാണ് ഒരു പാര്‍സല്‍ ലോറി വരുന്നത്.

എന്നെക്കൂടാതെ വേറേയും നാലഞ്ചുപേര്‍ ആ ലോറിയില്‍ കയറി. ബസ്സ് ചാര്‍ജ്ജ് തുക ആദ്യം തന്നെ വാങ്ങി ഡ്രൈവര്‍ പോക്കറ്റിലിട്ടു. വണ്ടി ഓടി തുടങ്ങി. എനിക്ക് സമാധാനമായി. അധിക നേരം കാത്തു നില്‍ക്കാതെ കഴിഞ്ഞല്ലോ. ഒപ്പം കയറിയവര്‍ പല ഭാഗത്തായി വഴിയില്‍ ഇറങ്ങി. ഒറ്റപ്പാലത്തു നിന്ന് വീണ്ടും രണ്ടുമൂന്നു പേര്‍ കയറി കൂടി. ലക്കിടിയില്‍ അവരും ഇറങ്ങിയതോടെ ലോറിയില്‍ ഞാനും ഡ്രൈവറും മാത്രം ബാക്കിയായി. അയാള്‍ ഒരക്ഷരം മിണ്ടാതെ വാഹനംഓടിക്കുകയാണ്. എനിക്കാണെങ്കില്‍ മനസ്സു മുഴുവന്‍ മകനെക്കുറിച്ചുള്ള ആധിയാണ്. ആരോടാണ് ഞാന്‍ അത് പങ്കു വെക്കുക.

കടവത്ത് സ്റ്റോപ്പ് എത്താറായപ്പോള്‍ എനിക്ക് ഇറങ്ങാറായി എന്ന് ഞാന്‍ അറിയിച്ചു. ഡ്രൈവര്‍ വണ്ടി നിറുത്തി. ഞാന്‍ ഇറങ്ങി നടന്നു. സമയം രണ്ടര കഴിഞ്ഞിട്ടേയുള്ളു. റെയില്‍വെ സ്റ്റേഷന്‍ റോഡ് തീര്‍ത്തും വിജനമാണ്. ജന സഞ്ചാരം തുടങ്ങാന്‍ നാലു മണി കഴിയണം.

സ്റ്റേഷനും പരിസരവും ട്യൂബ്‌ലൈറ്റുകളുടെ പ്രകാശം ഏറ്റുവാങ്ങുകയാണ്. ഫുട് ഓവര്‍ബ്രിഡ്ജിന്‍റെ പടികള്‍ ഞാന്‍ കയറി തുടങ്ങി. ഇറങ്ങാനുള്ള ഭാഗത്തേക്ക് എത്താറായപ്പോഴാണ് ഞാനത് കാണുന്നത്. ഒരു സംഘം ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്റ്റെപ്പുകളിലിരുന്ന് സൊള്ളുകയാണ്. ഏതാനും നിമിഷം ഞാന്‍ അവരെ ശ്രദ്ധിച്ചു. എട്ടോ ഒമ്പതോ വയസ്സ് മുതല്‍ പതിനൊന്ന് പന്ത്രണ്ട് വയസ്സ് വരെ പ്രായമുള്ള അയ്യഞ്ച് ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണുള്ളത്.   എന്തോ പറഞ്ഞ് എല്ലാവരും ചിരിച്ച് ഉല്ലസിക്കുകയാണ്. ഞാന്‍ അടുത്തുള്ള കാര്യം അവര്‍ അറിഞ്ഞിട്ടില്ല. അവരുടെ   ആ ഇരുപ്പില്‍ എന്തോ അപാകത എനിക്കു തോന്നി.

'' എന്താ നിങ്ങളിവിടെ ചെയ്യുന്നത് '' പടവുകള്‍ ഇറങ്ങി അവരുടെ മുന്നിലെത്തിയ ഞാന്‍ തിരിഞ്ഞു നിന്ന് ചോദിച്ചു.

'' ബാലരമ വായിക്കുകയാണ്. വെളിച്ചം ഉള്ളതോണ്ട് ഇവിടെ ഇരുന്നതാ '' ചെറിയൊരു പെണ്‍കുട്ടി എന്നോട് പറഞ്ഞു. അവളുടെ കയ്യിലെ പുസ്തകം എനിക്ക് കാണിച്ചു തന്നു.

'' ഈ രാത്രി നേരത്ത് എന്തിനാ ഇവിടെ വന്നത് ''.

'' കിഴക്കഞ്ചേരി കാവില് വലിയ വിളക്കിന്ന് പോയിട്ടു വര്വാണ്. കുറച്ചു നേരം ഇരുന്നിട്ട് പോവാമെന്ന് വിചാരിച്ചതാ '' മുതിര്‍ന്ന പയ്യനാണ് അതു പറഞ്ഞത്. അവരുടെ കയ്യിലെ അരിപ്പൊരിയുടേയും  കോലുമിഠായിയുടേയും പൊതികള്‍ ആ പറഞ്ഞതിനെ സാധൂകരിച്ചു.

'' മക്കളേ. ഈ സമയത്ത് ഇവിടെയിരിക്കുന്നത് ആപത്താണ്. നിങ്ങള്‍ സ്റ്റേഷനില്‍ ചെന്നിരിക്കിന്‍. നേരം വെളുത്തിട്ട് വീട്ടിലേക്ക് പോയാല്‍ മതി '' ഞാന്‍ അവരെ ഉപദേശിച്ചു. കുട്ടികള്‍ മടി കൂടാതെ എഴുന്നേറ്റ് സ്റ്റേഷനിലേക്ക് നടന്നു, സ്റ്റെപ്പുകളിറങ്ങി ഞാന്‍ എന്‍റെ വീട്ടിലേക്കും. സ്റ്റേഷനിലെ ട്യൂബ്‌ലൈറ്റുകളുടെ വെളിച്ചം വലിയ വരമ്പിലേക്ക് എത്തുന്നില്ല. പോക്കറ്റില്‍ നിന്ന് തീപ്പെട്ടിയെടുത്ത് ഞാന്‍ ഒരു കമ്പ് കത്തിച്ചു, അത് കെടുമ്പോള്‍ മറ്റൊന്ന്. ആ അരണ്ട വെളിച്ചത്തില്‍ നടക്കുമ്പോഴും നേരത്തെ കണ്ട കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ എത്ര നിരുത്തരവാദിത്വപരമായ സമീപനമാണ് സ്വന്തം മക്കളോട് പുലര്‍ത്തുന്നത്   എന്ന ചിന്തയായിരുന്നു എന്‍റെ മനസ്സ് മുഴുവന്‍.

Wednesday, August 29, 2012

ഓണസ്മരണകള്‍.

'' അമ്പാടി മുറ്റത്തൊരു തുമ്പ മുളച്ചു
തുമ്പകൊണ്ടായിരം തോണി മുറിച്ചു
തോണിത്തലയ്ക്കല്‍ ഒരുണ്ണി പിറന്നു ....''


പത്തായപ്പുര മുറ്റത്തു നിന്ന് അപ്പുമാമ പൂവിളിക്കുന്നത് കേട്ടാല്‍ അമ്മ വിളിച്ചുണര്‍ത്തും.


'' ഇന്ന് തിരുവോണമാണ്, നല്ല ദിവസായിട്ട് വെയില് മൂക്കുന്നതു വരെ മൂടിപ്പുതച്ച് കിടക്കണ്ടാ. വേഗം എഴുന്നേറ്റ് പല്ലുതേപ്പും കുളിയും കഴിച്ചു വാ '' അതോടെ ഓണം തുടങ്ങുകയായി.


കുളത്തില്‍ കുളിച്ചെത്തുമ്പോഴേക്ക് അലക്കിയ ഷര്‍ട്ടും ട്രൌസറുമായി അമ്മ വീട്ടില്‍ കാത്ത് നില്‍പ്പുണ്ടാവും. ഉത്രാട ദിവസമാണ് ഓണക്കോടി ധരിക്കുക. തിരുവോണത്തിന് അലക്കിയ വസ്ത്രങ്ങളാണ് പതിവ്. ചന്ദനംകൊണ്ട് നെറ്റിയില്‍ ഒരു ഗോപിക്കുറി വരയ്ക്കുന്നതോടെ മേക്കപ്പ് കഴിഞ്ഞു.


പ്രാതല്‍ പതിവു മട്ടിലാവും. ഉച്ചയ്ക്ക് ഓണ സദ്യ. അത് മിക്കവാറും നേരത്തെയാക്കും. സദ്യ കഴിഞ്ഞതും നാലുകെട്ടില്‍ ഓണക്കളി തുടങ്ങും. മുണ്ടും വേഷ്ടിയും ധരിച്ച് വട്ടത്തില്‍ നിന്ന് സ്ത്രീകള്‍ കളിക്കുമ്പോള്‍ കുട്ടികളെ നടുവിലിരുത്തും ചിലപ്പോള്‍ കുറച്ചകലെയുള്ള ബന്ധു ഗൃഹമായ മറ്റൊരു തറവാട്ടിലാവും ഓണക്കളി.


എന്‍റെ ബാല്യകാലത്ത് നാലുകെട്ടില്‍ ആള്‍ത്താമസം ഉണ്ടായിരുന്നില്ല. അതിന്‍റെ പൂമുഖത്ത് ഇരുന്നാണ് മോഹനേട്ടന്‍ മാതേര് ഉണ്ടാക്കുക. പൂരാടത്തിന്‍ നാള്‍ മൂന്ന്, ഉത്രാടത്തിന്ന് ഏഴ്, തിരുവോണത്തിന് പതിനൊന്ന് എന്നിങ്ങനെയാണ് മാതേര് ഉണ്ടാക്കുക. തിരുവോണത്തിന് മഹാബലിയും ആയില്യ മകത്തിന് മകത്തടിയനും ഉണ്ടാക്കും. മണ്ണുകൊണ്ട് അമ്മി, ആട്ടുകല്ല്, ഉരല്‍, ഉലക്ക എന്നിവയുടെ ചെറിയ രൂപങ്ങളും ഉണ്ടാക്കി വെക്കും. നാലുകെട്ടിലെ ഒരു മുറി മുഴുവന്‍ ഉപേക്ഷിക്കപ്പെട്ട മാതേരുകളും മഹാബലികളും കുന്നുകൂടി കിടപ്പുണ്ടായിരുന്നു.


പതിനഞ്ച് വര്‍ഷം മുമ്പ് വീട്ടില്‍ ആശാരിപ്പണി നടന്നിരുന്നു. ഉപയോഗിക്കാന്‍ കൊള്ളാത്ത മര കഷ്ണങ്ങള്‍ കൊണ്ട് ആ സമയത്ത് മഹാബലിയും മാതേരും ഉണ്ടാക്കി. ഓണത്തിന്ന് അവ പൂജിക്കാനെടുക്കും. അതു കഴിഞ്ഞാല്‍ കഴുകി വൃത്തിയാക്കി എടുത്തു വെക്കും.ഇക്കൊല്ലവും അവ തന്നെ ഉപയോഗിച്ചു. പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച മാതേരും മഹാബലിയുമൊക്കെ അധികം വൈകാതെ വിപണിയില്‍ എത്തിയേക്കാം.


സ്ത്രീകള്‍ ഓണക്കളിയില്‍ മുഴുകുമ്പോള്‍ കുട്ടികള്‍ പന്തുകളിയില്‍ ഏര്‍പ്പെടും. കാല്‍ക്കൊല്ല പരീക്ഷ കഴിഞ്ഞതും മിക്കവാറും എല്ലാ കുട്ടികളും റബ്ബര്‍ പന്തോ കവറിട്ട പന്തോ ( ടെന്നീസ് ബാള്‍ ) വാങ്ങിയിരിക്കും. ചളി പുരണ്ട പന്ത് കൊണ്ട് വീടിന്‍റെ ചുമരുകളില്‍ ഒരേ വലുപ്പമുള്ള ഒട്ടേറെ വൃത്തങ്ങള്‍ വരച്ചു വെക്കും. സ്കൂള്‍ പറമ്പില്‍ ഉച്ച തിരിഞ്ഞാല്‍ ഓണത്തല്ല് ഉണ്ടാവും. അത് കാണാന്‍ പോവാനൊന്നും അമ്മ സമ്മതിക്കില്ല.


ഇപ്പോഴത്തെപ്പോലെ റെഡി മെയ്ഡ് വസ്ത്രങ്ങള്‍ ആ കാലത്ത് ലഭ്യമായിരുന്നില്ല. വീടുകള്‍ തോറും കയറിയിറങ്ങി തുണിവില്‍പ്പന നടത്തുന്ന വാണിഭക്കാരേയും ഗ്രാമങ്ങളിലെ ചെറുകിട തുണിപ്പീടികകളേയുമാണ് ആളുകള്‍ തുണിത്തരങ്ങള്‍ക്ക് ആശ്രയിക്കാറ്. നേരത്തെ തുണി വാങ്ങിയില്ലെങ്കില്‍ ഓണത്തിന് തുന്നി കിട്ടില്ല. ഒരു പൂരാട ദിവസം രാമന്‍കുട്ടി നായരുടെ തുന്നല്‍ കടയില്‍ കാത്തു നിന്ന് എനിക്ക് ഷര്‍ട്ടും ട്രൌസറും തുന്നി വാങ്ങേണ്ടി വന്നിട്ടുണ്ട്.


ഞാന്‍ കുറച്ച് മുതിര്‍ന്നപ്പോഴേക്ക് ആഘോഷത്തിന്‍റെ രീതി മാറി കഴിഞ്ഞിരുന്നു. ഓണസ്സദ്യ കഴിഞ്ഞാല്‍ ചെറുപ്പക്കാര്‍ മിക്കവരും ഒന്നുകില്‍ സിനിമയ്ക്ക് അല്ലെങ്കില്‍ മലമ്പുഴയിലേക്ക് ചെല്ലുന്നത് പതിവാക്കി. വിവാഹിതരായ പുരുഷന്മാര്‍ ഭാര്യ വീട്ടിലേക്ക് ചെല്ലുന്നതും ഓണ സ്സദ്യക്കു ശേഷമാണ്.



എണ്‍പതുകളുടെ അവസാനത്തോടെ ടെലിവിഷന്‍ പ്രചാരത്തിലായി. അതോടെ തിരുവോണം വീടുകളിലെ സ്വീകരണമുറികളില്‍ ഒതുങ്ങി. ഓണക്കളി ടി.വി. സ്ക്രീനില്‍ മാത്രമായി. കാലം മാറുന്നതിനനുസരിച്ച് എല്ലാറ്റിനും മാറ്റം സംഭവിക്കുകയാണ്.


എല്ലാവര്‍ക്കും എന്‍റെ ഓണാശംസകള്‍.

Thursday, July 12, 2012

കര്‍ക്കിടകമാസം.


കര്‍ക്കിടകമാസമാവാന്‍ ഇനി ദിവസങ്ങളേറെയില്ല. മുമ്പ് പഞ്ഞ മാസമായിട്ടാണ് കര്‍ക്കിടക മാസത്തിനെ വിശേഷിപ്പിച്ചീരുന്നതെങ്കിലും ആദ്ധ്യാത്മിക കാര്യങ്ങള്‍ക്ക് ഉത്തമമായിട്ടാണ് ജനങ്ങള്‍ ഇതിനെ കണക്കാക്കിയിരുന്നത്. ഓര്‍മ്മകളുമായി പുറകോട്ട് പോകുമ്പോള്‍ കാണാവുന്നത് നിറപ്പകിട്ടാര്‍ന്ന ഒട്ടേറെ ചിത്രങ്ങളാണ്.


കര്‍ക്കിടകം ഒന്നാം തിയ്യതിക്ക് ഒരാഴ്ച മുമ്പേ വീടും പരിസരവും വൃത്തിയാക്കാന്‍ തുടങ്ങും. വീട്ടു മുറ്റത്തേയും തൊടിയിലേയും പാഴ്ച്ചെടികളും പുല്ലും പറിച്ചു കളയുകയാണ്ആദ്യം ചെയ്യുക. അത് കഴിഞ്ഞതും തട്ടിന്‍പുറം മുതല്‍ താഴോട്ട് അട്ടക്കരിയും മാറാലയും തട്ടിക്കളഞ്ഞ് തൂത്തുവാരലായി. നിത്യേന ഉപയോഗിക്കാതെ കലവറയില്‍ സൂക്ഷിച്ചു വെക്കാറുള്ള പാത്രങ്ങള്‍ വരെ മുത്തശ്ശി കഴുകിച്ച് വെപ്പിക്കും.


മിഥുന മാസത്തിലെ അവസാന ദിവസം ശങ്കറാന്തിയാണ്.അതിന് രണ്ടു ദിവസം മുമ്പേ കയ്യില്‍ മൈലാഞ്ചിയിടും. സ്ത്രീകളും പെണ്‍കുട്ടികളും മാത്രമല്ല ആണ്‍കുട്ടികള്‍ വരെ മൈലാഞ്ചിയിടും. കുട്ടികളാണ് റോഡോരത്ത് വേലിപോലെ നിന്നിരുന്ന മൈലാഞ്ചി ചെടികളുടെ ഇല പറിച്ചു വരിക. അതും പച്ച മഞ്ഞളും കൂടി, തേഞ്ഞ് ഉപേക്ഷിച്ച ആട്ടുകല്ലില്‍ അരച്ചെടുക്കും. കയ്യില്‍ മൈലാഞ്ചി പൊതിഞ്ഞ് വാട്ടിയ വാഴയിലകൊണ്ട് പൊതിഞ്ഞ് വഞ്ചിനാരുകൊണ്ട് കെട്ടി വെക്കും. ഉറുമ്പോ മറ്റോ കടിച്ചാല്‍ ചൊറിയാനും കൂടി പറ്റാത്ത ആ ഇരിപ്പ് ഒന്നോ രണ്ടോ മണിക്കൂര്‍ നീളും.


ചേട്ടയെ കളയുന്നതാണ് അടുത്ത ചടങ്ങ്. കര്‍ക്കിടക മാസത്തിന്‍റെ തലേന്ന് സന്ധ്യയോടു കൂടിയാണ് ചേട്ട കളയുക. പഴയ മണ്‍കലത്തില്‍ കരിക്കട്ടയും കുപ്പയും ആക്കി അതും, കുറ്റിച്ചൂലും കൊണ്ടാണ് ചേട്ടയെ കളയുന്ന സ്ത്രീ പോവുക. വെറ്റില മുറുക്കി ചുവപ്പിച്ച് തലയില്‍ എണ്ണതേച്ച് ചേട്ടയുമായി പോവുന്ന വേലക്കാരി അന്ന് പിന്നെ വീട്ടിലേക്ക് വരില്ല. കുളത്തിലോ പുഴയിലോ കുളിച്ച് അവര്‍ അവരുടെ വീട്ടിലേക്ക് പോവും. ചേട്ടയെ കൊണ്ടുപോവുന്ന സ്ത്രീയുടെ പുറകെ ചെന്ന് കുട്ടികള്‍ പാവിട്ടക്കുഴലില്‍ പാവിട്ടക്കായയിട്ട് അവരുടെ ദേഹത്തേക്ക് പൊട്ടിക്കും.


'' ചേട്ട പുറത്ത് ശിവോതി അകത്ത് '' എന്നും പറഞ്ഞ് വീട്ടിലെ സ്ത്രീകള്‍ അവരെ പടി വരെ അനുഗമിക്കും.


ചേട്ടയെ കളഞ്ഞതും നിലവിളക്ക് കത്തിക്കും. വീടിന്‍റെ പിന്‍വാതില്‍ അപ്പോള്‍ അടച്ചിടും. ചേട്ട( ജ്യേഷ്ഠാ ഭഗവതി ) അതിലെയാണത്രേ കടന്നു വരിക. ദോശയും പപ്പടച്ചാറുമാണ് ചേട്ടയെ കളഞ്ഞ ശേഷം കിട്ടുന്ന ആഹാരം. കുട്ടികള്‍ വാശിവെച്ച് ദോശ തിന്നും.


ഒരു മുഴം ദോശ തിന്നുവനാണ് കേമന്‍ എന്ന് കന്നു മേക്കുന്ന മുണ്ടനാണ് എനിക്ക് പറഞ്ഞു തന്നത്. ഒരു മുഴം ഉയരം ദോശ അടുക്കിവെച്ചാല്‍ ഉണ്ടാവണമത്രേ. എന്‍റെ പൊട്ടത്തരത്തിന് മുത്തശ്ശിയോട് ഞാന്‍ ആ ആവശ്യം ഉന്നയിച്ചു.


'' നീയെന്താ ബകനോ അഞ്ചിടങ്ങഴി അരിയുടെ ദോശ തിന്നാന്‍ '' എന്നും പറഞ്ഞ് മുത്തശ്ശി എന്നെ ശകാരിച്ചത് മാത്രം മിച്ചം.


ഒന്നാം തിയ്യതി രാവിലെ നേരത്തെ കാളനോ, വേലനോ കുറെ ചെടികളും വള്ളികളുമായി എത്തും. വീട്ടില്‍ നിന്ന് ഇറങ്ങുന്ന പടവിന്‍റെ ഭാഗത്ത് ഓടിന്‍പുറത്ത് അവ വെച്ച് അതിനു മീതെ വലിയ ഒരു ഉരുള മണ്ണം വെക്കും. വെളി കുത്തുക എന്നാണ് അതിനെ പറയുക.


അകത്ത് അമ്മ ശിവോതി വെക്കും. പീഠത്തിന്നു മീതെ ഒരു പലക വെച്ച് അതിന്ന് മുമ്പില്‍ അലക്കിയ മുണ്ട്, വെള്ള നിറച്ച കിണ്ടി, ചന്ദനമുട്ടി, കുങ്കുമചെപ്പ്, രാമായണം എന്നിവ വെക്കുന്നതാണ് ശിവോതി ( ശ്രി ഭഗവതി ). അന്നു മുതല്‍ ഉച്ചക്കും വൈകുന്നേരവും അമ്മ രാമായണം വായിക്കും. കര്‍ക്കിടക മാസത്തിലെ അവസാന ദിവസം സന്ധ്യ കഴിഞ്ഞ് രാമായണം വായിച്ച് കമ്പ കൂട്ടും. നാളികേരവും പഞ്ചസാരയും ചേര്‍ത്ത പൂവട വെച്ചു നിവേദിച്ചാണ് വായന അവസാനിപ്പിക്കുക.


കര്‍ക്കിട മാസം സുഖചികിത്സയ്ക്ക് നല്ലതാണത്രേ. കര്‍ക്കിടകവാവ് പിതൃക്കള്‍ക്ക് ബലിയിടാനും. മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന കര്‍ക്കിടകം ഓര്‍മ്മയില്‍ ഒരു കുളിരാണ്.



ഈ കര്‍ക്കിടകം ഒന്നാം തിയ്യതി ( 2012 ജുലായ് 17 ) എന്‍റെ മൂന്നാമത്തെ നോവല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയാണ്. എല്ലാവരേയും വായിക്കാന്‍ ക്ഷണിക്കുന്നു. ലിങ്ക് താഴെ കൊടുക്കുന്നുണ്ട്.

http://keraladasnovel3.blogspot.in/

Tuesday, May 15, 2012

എന്‍റെ അണ്ണന്‍ .

ഇലക്ട്രിസിറ്റി ബോര്‍ഡിലെ സേവനകാലത്ത് ലഭിച്ച സുഹൃദ്ബന്ധങ്ങളില്‍ വളരെ വലുതായ ഒന്നാണ് ഞാന്‍ '' അണ്ണന്‍ '' എന്ന് വിളിക്കുന്ന ശ്രി. വിശ്വംഭരനുമായിട്ടുള്ളത്. പരിചയപ്പെട്ട് ഏറെ വൈകാതെ ഞങ്ങളുടെ അടുപ്പം സുദൃഢമായ ബന്ധമായി മാറി.


'' അയാള് മുന്‍കോപിയാണ്. സൂക്ഷിച്ച് പെരുമാറിക്കോ '' എന്ന് ചില സഹപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഒരിക്കല്‍ പോലും ഞങ്ങള്‍ തമ്മില്‍ മറുത്ത് ഒരു വാക്ക് സംസാരിക്കാനിട വന്നിട്ടില്ല. മാത്രമല്ല ഒരു സഹോദരന്‍റെ സ്നേഹവാത്സല്യങ്ങള്‍ എനിക്ക് അദ്ദേഹത്തില്‍ നിന്ന് ലഭിച്ചിട്ടുമുണ്ട്.


അണ്ണന് പല തരത്തിലുള്ള കാര്‍ഷിക വിളകളെക്കുറിച്ച് നല്ല അറിവാണ്. ഞാനാണെങ്കില്‍ ആ വിഷയത്തില്‍ വട്ട പൂജ്യവും. എന്‍റെ അജ്ഞത പലപ്പോഴും അണ്ണനെ ചിരിപ്പിച്ചിരുന്നു.


'' നിന്നെപ്പോലെ ഒരു വിവരദോഷിയെ ഞാന്‍ കണ്ടിട്ടില്ല '' അണ്ണന്‍ പറയും. ഞാന്‍ നിഷ്ക്കളങ്കമായ ആ ചിരി നോക്കിയിരിക്കും .


'' എന്തൊക്കെ പറഞ്ഞാലും നിനക്ക് നല്ല ബുദ്ധി ഉണ്ട്ട്ടോ '' നിമിഷങ്ങള്‍ക്കകം അണ്ണന്‍ അഭിപ്രായം മാറ്റും '' അതിന്‍റെ അര്‍ത്ഥം വിവരം ഉണ്ട് എന്നല്ല '' എന്ന ഒരു അനുബന്ധവും ഒപ്പമുണ്ടാവും. അണ്ണന്‍ ഇടയ്ക്കൊക്കെ വീട്ടില്‍ വരും. അമ്മയുമായി കുറെ നേരം സംസാരിച്ചിരിക്കും. അമ്മയ്ക്കും അണ്ണനെ വലിയ കാര്യമായിരുന്നു. അധികം വൈകാതെ അമ്മയ്ക്ക് ഒരു ശസ്ത്രക്രിയ വേണ്ടി വന്നു. അമ്മ ആസ്പത്രിയില്‍ അഡ്മിറ്റ് ആയതു മുതല്‍ അണ്ണന്‍ ഒപ്പമുണ്ടായിരുന്നു. രാത്രി യായി. അണ്ണന്‍ അമ്മയെ സമീപിച്ചു.


'' അമ്മേ ഞാന്‍ എന്താ ചെയ്യേണ്ടത് '' അണ്ണന്‍ ചോദിച്ചു.


'' ഇവന്‍ കിടന്നാല്‍ ബോധംകെട്ട് ഉറങ്ങും '' അമ്മ എന്നെ ചൂണ്ടി കാണിച്ച് പറഞ്ഞു '' എന്തെങ്കിലും ആവശ്യത്തിന് ഞാന്‍ വിളിച്ചാല്‍ അറിയില്ല ''.


'' അതിനെന്താ. ഞാന്‍ ഇവിടെ കിടക്കാലോ ''. അമ്മ ഡിസ്ച്ചാര്‍ജ്ജ് ആവുന്നതുവരെ അണ്ണന്‍ കൂടെതന്നെയുണ്ടായിരുന്നു. '' നീ കട്ടിലില്‍ കിടന്നോ. ഞാന്‍ തറയില്‍ കിടന്നോളാം '' എന്നെ കട്ടിലില്‍ കിടന്നുറങ്ങാന്‍ അനുവദിച്ച് ആ ദിവസങ്ങളില്‍ വെറും നിലത്ത് കിടന്നുറങ്ങി.


തിരുവനന്തപുരത്ത് ഒരാവശ്യത്തിന്ന് ചെന്ന ഞങ്ങള്‍ പട്ടം ജങ്ക്ഷനില്‍
കിഴക്കെകോട്ടയിലേക്കുള്ള ബസ്സ് കാത്തു നില്‍ക്കുകയാണ്. ഞാന്‍ എന്തോ ആലോചനയിലാണ്. പൊടുന്നനെ ഒരു ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും സ്കൂട്ടറും കൂട്ടിയിടിച്ച് ഞങ്ങള്‍ നില്‍ക്കുന്ന ദിക്കിലേക്ക് തിരിഞ്ഞു.അണ്ണന്‍ എന്നെ വലിച്ച് പുറകിലേക്ക് തള്ളിയതും ആ വാഹങ്ങള്‍ ഞാന്‍ നിന്ന ഇടത്ത് വന്നു വീണു.


'' എടാ ഉണ്ണ്യേ, നിന്‍റെ അമ്മയ്ക്ക് നീ മാത്രമേയുള്ളു. എന്‍റെ അച്ഛനും അമ്മയ്ക്കും എന്നെക്കൂടാതെ വേറെയും മക്കളുണ്ട്. നിനക്ക് എന്തെങ്കിലും പറ്റിയാലത്തെ കഥ എനിക്ക് ആലോചിക്കാന്‍ വയ്യ. ആ വാഹനങ്ങള്‍ ഇടിക്കുകയാണെങ്കില്‍ എന്നെ ഇടിച്ചോട്ടെ എന്നു കരുതി നിന്നെ മാറ്റിയതാണ് '' എന്ന് അണ്ണന്‍ പിന്നീട് പറയുകയുണ്ടായി.


കുറച്ചു കാലത്തിന്ന് ശേഷം അണ്ണനെ സ്പോണ്ടിലൈറ്റിസ് ബാധിച്ചു. കഴുത്ത് ഒടിഞ്ഞ് ശിരസ്സ് ഒരു ഭാഗത്തേക്ക് ചെരിഞ്ഞ അവസ്ഥ.ആ ചികിത്സയ്ക്കിടയിലാണ് അണ്ണന്‍ ധ്യാനം കൂടുന്നത്.


'' എടാ ഉണ്ണ്യേ, നീ ഒരു പാവമാണ് '' ഒരു ദിവസം അണ്ണന്‍ പറഞ്ഞു '' കര്‍ത്താവ് തമ്പുരാന് നിന്നെ മാതിരിയുള്ളവരെയാണ് ഇഷ്ടം. നീ വിളിച്ചാല്‍ കര്‍ത്താവ് നിന്‍റെ അടുത്തെത്തും ''. എനിക്ക് ഒരു ബൈബിളും അണ്ണന്‍ സമ്മാനിക്കുകയുണ്ടായി. റിട്ടയര്‍മെന്‍റിന്ന് ശേഷം വല്ലപ്പോഴും മാത്രമേ ഞങ്ങള്‍ തമ്മില്‍ കാണാറുള്ളു. എപ്പോഴെങ്കിലും ഫോണ്‍ ചെയ്യും. പഴയ സഹപ്രവര്‍ത്തകരുടെ മക്കളുടെ വിവാഹത്തിന്ന് എത്തുമ്പോള്‍ കുറെ നേരം സംസാരിച്ചിരിക്കും. വീട്ടു വിശേഷങ്ങള്‍ അറിയുന്നത് അത്തരം അവസരങ്ങളിലാണ്.


ഒരു ദിവസം ഉച്ചയോടെ അണ്ണന്‍ എന്‍റെ വീട്ടിലേക്ക് വരുന്നതു കണ്ടു. വലിയൊരു ബിഗ് ഷോപ്പര്‍ ഏറ്റിപ്പിടിച്ചും കൊണ്ടാണ് വരവ്. ഒരു വശത്തേക്ക് ചെരിഞ്ഞ ശിരസ്സ് വക വെക്കാതെ ഭാരവും തൂക്കിയുള്ള ആ നടപ്പ് എന്നെ വേദനിപ്പിച്ചു.


'' എടാ ഉണ്ണ്യേ, മമ്മത് മലയുടെ അടുത്തേക്ക് ചെന്നില്ലെങ്കില്‍ എന്താ ഉണ്ടാവുക '' വന്നു കയറിയതും അണ്ണന്‍ ചോദിച്ചു. എന്നിട്ട് അതിനുള്ള ഉത്തരവും അണ്ണന്‍ തന്നെ പറഞ്ഞു '' മല മമ്മതിന്‍റെ അടുത്ത് ചെല്ലും ''.


'' ഓരോ കാര്യായിട്ട് ഇറങ്ങാത്തതോണ്ടാ '' അണ്ണനെ ചെന്നു കാണാത്തതിന്ന് ഒരു കാരണം ഞാന്‍ കണ്ടെത്തി.


'' നിന്നെ എനിക്ക് അറിയില്ലേ. നിവൃത്തി ഉണ്ടെങ്കില്‍ ഈ വീടിന്‍റെ മുറ്റത്തേക്ക് ഇറങ്ങാന്‍ മടിക്കുന്ന ആളല്ലേ നീ ''.


അണ്ണന്‍ സുന്ദരിയെ വിളിച്ചു. '' ഇത് നിറയെ നല്ല ഒട്ടുമാങ്ങാപഴമാണ്. ഇവന് വലിയ ഇഷ്ടം ഉള്ളതാ. മതിയാവോളം കൊടുക്കണം കേട്ടോ ''.


ഞങ്ങള്‍ വളരെ നേരം സംസാരിച്ചിരുന്നു. ഭക്ഷണം കഴിക്കാറായപ്പോള്‍ സുന്ദരി വിളിച്ചു. ഇടത്തെ കയ്യുകൊണ്ട് തല താങ്ങി ഭക്ഷണം കഴിക്കാന്‍ അണ്ണന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.


'' എപ്പോഴെങ്കിലും ടൌണില്‍ വരുമ്പോള്‍ വീട്ടിലേക്ക് വാ. പക്ഷെ ഒരു കാര്യൂണ്ട്. വര്വാണച്ചാല്‍ എട്ട്, എട്ടരയ്ക്കുള്ളില്‍ എത്തണം. അല്ലെങ്കില്‍ ഞാന്‍ സ്ഥലത്ത് ഉണ്ടാവില്ല ''.


ഫുട്ട് ഓവര്‍ബ്രിഡ്ജ് കയറി അണ്ണന്‍ പോവുന്നതും നോക്കി ഞാന്‍ നിന്നു. സ്റ്റേഷന്‍ കെട്ടിടം എന്‍റെ ദൃഷ്ടിയില്‍ നിന്ന് അദ്ദേഹത്തെ മറച്ചു. നിര്‍ലോപം എനിക്ക് നല്‍കുന്ന ഈ സ്നേഹത്തിന്ന് പകരം നല്‍കാന്‍ എനിക്ക് ഒന്നുമില്ല എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു.


അഗതികളും അശരണരരുമായവരെ സംരക്ഷിക്കുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകി ഇപ്പോള്‍ അണ്ണന്‍ കഴിയുന്നു.

Thursday, April 12, 2012

വിഷു ആശംസകള്‍

എല്ലാവര്‍ക്കും മാളുവിന്‍റേയും മോളുവിന്‍റേയും അച്ചാച്ചന്‍റേയും വിഷു ആശംസകള്‍ .



Thursday, April 5, 2012

അരിപപ്പടം.

മദ്ധ്യ വേനലവധി കാലത്താണ് അമ്മ കൊണ്ടാട്ടങ്ങളും അരിപപ്പടവും ഉണ്ടാക്കുക. അതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്നാമത്തേത് കാലാവസ്ഥ തന്നെ. പൊരിയുന്ന വെയിലില്‍ അവ വേഗം ഉണങ്ങി കിട്ടും. പോരാത്തതിന് കാക്ക കൊണ്ടു പോവാതെ കാവലിരിക്കുന്നതിന്ന് ആളുമുണ്ട്.



അരി അരച്ചതും മഞ്ഞളും ചേര്‍ത്ത് അമ്മ ഈയം പൂശിയ വലിയ പിച്ചളപ്പാത്രത്തില്‍ ചെറുതായൊന്ന് വേവിക്കും. പരമ്പോ ഓലപ്പായയോ മുറ്റത്തിട്ട് അതില്‍ മുണ്ട് വിരിക്കും. അതിന്ന് മീതേയാണ് സേവ നാഴി ഉപയോഗിച്ച് കൊണ്ടാട്ടം പീച്ചിയിടുക. മഞ്ഞള്‍ പൊടി ചേര്‍ക്കാതെ ഉണ്ണി പിണ്ടി മുറിച്ചിട്ട് കൈ കൊണ്ട് നുള്ളിയിടുന്ന കൊണ്ടാട്ടവും ഉണ്ട്. കുമ്പളങ്ങ തൊലിയോ, കപ്പയുടെ തൊലിയോ കൊണ്ട് ഉണ്ടാക്കുന്ന കൊണ്ടാട്ടത്തേക്കാള്‍ ഇവയ്ക്ക് രുചി കൂടുതലാണ്. എന്നാലും എനിക്ക് ഏറ്റവും ഇഷ്ടം അരിപപ്പടം തന്നെ.


അരിപപ്പടം ഉണ്ടാക്കാന്‍ അമ്മയ്ക്ക് മടിയാണ്. '' എന്നെക്കൊണ്ടൊന്നും വയ്യ മിനക്കെട്ടിരുന്ന് ഉണ്ടാക്കാന്‍ '' എന്ന് ആദ്യമേ പറയും. എങ്കിലും ഒടുവില്‍ അമ്മ മകന്‍റെ മോഹം സാധിച്ചു കൊടുക്കാന്‍ തയ്യാറാവും.


ഹൈസ്കൂളില്‍ നിന്ന് പുഴയിലേക്ക് പോവുന്ന വഴിയില്‍ പ്ലാച്ചി തൈകളുണ്ട്. ഒരു ചാക്കുസഞ്ചി നിറയെ ഞാന്‍ പ്ലാച്ചിന്‍റില തലേന്നു തന്നെ പറിച്ചു കൊണ്ടു വരും. കാപ്പി കുടി കഴിയുമ്പോഴേക്കും അമ്മ പ്ലാച്ചിയിലയില്‍ എള്ളു ചേര്‍ത്ത അരിമാവ് പുരട്ടി ആവിയില്‍ വേവിച്ചെടുക്കാന്‍ തുടങ്ങും. ഇലയില്‍ നിന്ന് അടര്‍ത്തി മുറത്തിലാക്കുകയാണ് അടുത്ത പണി. മുഴുവനും കഴിഞ്ഞാല്‍ മുറ്റത്ത് കൊണ്ടാട്ടം ഉണക്കാന്‍ ഇട്ടതുപോലെ അരിപപ്പടവും ഉണക്കാനിടും.


കാലം മാറി. സ്റ്റീല്‍കൊണ്ടുള്ള സ്റ്റാന്‍ഡും തട്ടുകളും പ്ലാച്ചിയിലയെ പുറന്തള്ളീ സ്ഥാനം പിടിച്ചു. എങ്കിലും കൊല്ലത്തില്‍ മൂന്നോ നാലോ പ്രാവശ്യം അരിപപ്പട നിര്‍മ്മാണം നടത്തും.


'' ഇത് ഉണ്ടാക്കാനുള്ള മിനക്കേട് ആലോചിക്കുമ്പോള്‍ വേണ്ടാന്ന് തോന്നും '' വീട്ടുകാരി പറയും.


'' താന്‍ വിഷമിക്കണ്ടടോ. ഞാന്‍ ഒരു വഴി കണ്ടിട്ടുണ്ട് '' ഞാന്‍ പറയും.


'' എന്തു വഴി ''.


'' ചെറിയൊരു മിഷ്യന്‍. ഒരു ഭാഗത്തുകൂടി അരിയും എള്ളും കായപ്പൊടിയും പാകത്തിന് ഉപ്പും ഇട്ടാല്‍ മതി. മറു ഭാഗത്തു കൂടി പപ്പടം എത്തും ''.


'' നടക്കുന്ന കാര്യം പറയൂ ''.


ഏതായാലും അരിപപ്പടം ഉണ്ടാക്കാന്‍ തന്നെ ഭാര്യ ഒരുങ്ങി. അമ്മയോടൊപ്പം രണ്ടു മരുമക്കളും കൂടിയപ്പോള്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. പത്രം ഇല്ലാത്തതിനാല്‍ നേരം പോവാനും വിഷമം. ടെറസ്സില്‍ തുണി വിരിച്ച് പപ്പടം ഉണക്കാനിടാന്‍ ഞാനും കൂടി.

'' അരിപപ്പടം ഉണ്ടാക്കുന്നതില്‍ പ്രാവീണ്യമുണ്ടായിരുന്ന ഇന്ത്യന്‍ പ്രധാന മന്ത്രി ആര് '' ഞാന്‍ മരുമക്കളോട് ചോദിച്ചു.


രണ്ടാളും കുറെ നേരം ആലോചിച്ചു. അവര്‍ പരാജയം സമ്മതിക്കാന്‍ ഒരുങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു '' കഷ്ടം. ഇത്ര സിമ്പിളായ ചോദ്യത്തിന്ന് ഉത്തരം അറിയില്ല അല്ലേ. വെറുതെയല്ല നിങ്ങള്‍ക്ക് പി.എസ്. സി. കിട്ടാത്തത് ''.


എന്നോട് ഉത്തരം ചോദിക്കുന്നതിന്നു മുമ്പ് ഞാന്‍ ടെറസ്സില്‍ നിന്ന് താഴെ ഇറങ്ങി.

Tuesday, March 20, 2012

മുപ്പത്തിയഞ്ച് ആണ്ടുകള്‍..

അടിയന്തരാവസ്ഥ കഴിഞ്ഞതിന്നു ശേഷമുള്ള തിരഞ്ഞെടുപ്പിന്‍റെ ഫല പ്രഖ്യാപന ദിവസം. കേന്ദ്രത്തില്‍ ഭരണ മാറ്റം ഉറപ്പാക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നീങ്ങുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള മുന്നണി വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു. അന്ന് ടി. വി.പ്രചാരത്തില്‍ വന്നിട്ടില്ല. പഴയ ഒരു റേഡിയോ ഇടതടവില്ലാതെ വാര്‍ത്തകള്‍ വിളമ്പിക്കൊണ്ടിരുന്നു. അര്‍ദ്ധ രാത്രി കഴിഞ്ഞിട്ടും അതും ശ്രദ്ധിച്ച് ഞാന്‍ ഇരുന്നു. ഉറക്കം കണ്‍പോളകളെ കീഴ്പ്പെടുത്തുമെന്ന്തോന്നിച്ച നിമിഷം ഞാന്‍ റേഡിയോ ഓഫ്ചെയ്തു കിടന്നു. പിറ്റേന്ന് എന്‍റെ വിവാഹമാണ്.

മുപ്പത്തിയഞ്ച്കൊല്ലങ്ങള്‍ കടന്നു പോയെങ്കിലും ഇതെല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. നാളെ ( 21. 03. 2012 ) ഞങ്ങളുടെ മുപ്പത്തഞ്ചാം വിവാഹ വാഷികമാണ്.

ഞങ്ങള്‍ക്ക് മൂന്ന് ആണ്‍മക്കളുണ്ടായി. അവര്‍ വളര്‍ന്ന് യുവാക്കളായി. മൂന്നുപേരും വിവാഹം കഴിച്ചു. രണ്ട് പേരക്കുട്ടികളുമായി. ഇരട്ട കുട്ടികളായ നന്ദനയും നന്ദിതയും ( മാളുവും മോളുവും ).

'' കല്യാണം കഴിഞ്ഞ് ഇത്ര കാലമായി എന്ന് തോന്നുന്നതേ ഇല്ല. മക്കള് വലുതായതുകൊണ്ട് മാത്രമാണ് അത് ഓര്‍മ്മ വരുന്നത് '' എന്ന് ഇടയ്ക്ക് സുന്ദരി പറയും.

ഒട്ടേറെ പ്രയാസങ്ങള്‍ പല ഘട്ടങ്ങളിലായി തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. എല്ലാം ഞങ്ങള്‍ ഒന്നിച്ച് നേരിട്ടു. ഈശ്വരാനുഗ്രഹത്താല്‍ ഇപ്പോള്‍ സന്തോഷത്തോടെ കഴിയുന്നു. സ്നേഹം മാത്രമേ കൈമുതലായിട്ടുണ്ടായിരുന്നുള്ളു. അതുണ്ടെങ്കില്‍ എല്ലാം വന്നുചേരുമെന്നാണ് ഞങ്ങളുടെ അനുഭവം.





Monday, February 20, 2012

ശിവരാത്രി.

ഇന്ന് ശിവരാത്രി. ഉപവാസം കഴിഞ്ഞ് ഉറക്കം ഉപേക്ഷിച്ച് ഇരിക്കുകയാണ്. അകത്ത് ഭാര്യയും മക്കളും സി.ഡി. ഇട്ട് സിനിമ കാണുകയാണ്. എനിക്ക് സിനിമ കാണുന്നതില്‍ അത്ര താല്‍പ്പര്യമില്ല. പുസ്തകം വായിക്കലാണ് സാധാരണ പതിവ്. എന്തോ ഇന്ന് അതിനും തോന്നുന്നില്ല.

കഴിഞ്ഞ കാലങ്ങളിലെ ശിവരാത്രികള്‍ ഞാന്‍ ഓര്‍ക്കുകയാണ്. ഓര്‍മ്മ വെച്ച കാലം മുതല്‍ക്ക് വീട്ടില്‍ ആരെങ്കിലും ഉപവാസം എടുക്കാറുണ്ട്. ആദ്യ കാലങ്ങളില്‍ മുത്തശ്ശിയും അമ്മയും കുട്ടിമാമയുമാണ് ഉപവാസം ഇരിക്കാറ്. കുട്ടികള്‍ക്ക് നോല്‍മ്പ് ഇല്ല. എങ്കിലും നിവേദിച്ചു കിട്ടുന്ന ഇളന്നീരും പഴവും പാനകവും നോല്‍മ്പുകാര്‍ കഴിച്ച ശേഷം കുട്ടികള്‍ക്കും കിട്ടുമായിരുന്നു.

സന്ധ്യയോടെ തെക്കിനിയേടത്ത് ശിവക്ഷേത്രത്തില്‍ എത്തിയാല്‍ പിറ്റേന്ന് നേരം വെളുത്തതിന്ന് ശേഷമേ വീട്ടിലേക്ക് തിരിച്ചു വരാറുള്ളു. ദീപാരാധനയ്ക്ക് മുമ്പാണ് ശയന പ്രദക്ഷിണം . മൂത്ത വാരിയരും പത്മനാഭന്‍ നായരുമാണ് അമ്പല മുറ്റത്ത് ഉരുളാറ്. കുളിച്ച് ഈറനുടുത്ത് കണ്ണുകെട്ടി '' ഹരാ ഹരാ, ശിവാ ശിവാ. മുര ഹരാ, സദാശിവാ, ശംഭോ രുദ്ര മഹാദേവാ '' എന്ന് ഉറക്കെ ജപിച്ച് കല്ല് നിറഞ്ഞ് മുറ്റത്തിലൂടെ അവര്‍ ഉരുളുന്നത് തെല്ലൊരു ഭയത്തോടെയാണ് നോക്കി നില്‍ക്കാറ്.

കലാപരിപാടികളൊന്നും ആ കാലത്ത് ഉണ്ടായിരുന്നില്ല. നാമ ജപവും ശിവപുരാണം വായനയുമായി നേരം കളയും. ഞങ്ങള്‍ കുട്ടികള്‍ മുറ്റത്ത് വിരിച്ച ഓല പായയില്‍ കിടന്നുറങ്ങും. ചില കൊല്ലങ്ങളില്‍ ഭക്തി പ്രഭാഷണം ഉണ്ടാവും. ഒരു കൊല്ലം പ്രഭാഷണം നടക്കുന്നതിന്നിടയില്‍ പോലീസ് എത്തി മോഷണക്കുറ്റത്തിന്ന് പ്രഭാഷകനെ അറസ്റ്റ് ചെയ്തുകൊണ്ടു പോവുകയുണ്ടായി. അതിനു ശേഷം കുറെ കാലം വീട്ടില്‍ തായം കളിച്ച് സമയം കളയാന്‍ തുടങ്ങി.

മിക്ക കലാസമിതികളും ശിവരാത്രി ദിവസം വാര്‍ഷികദിനമായി ആഘോഷിക്കാറുണ്ട്. ഗാനമേള, ഡാന്‍സ്, നാടകം എന്നീ പരിപാടികള്‍ ഉള്ളതിനാല്‍ ധാരാളം പേര്‍ ഉറക്കം ഒഴിവാക്കാന്‍ അതെല്ലാം കാണാനെത്തും. നാട്ടിന്‍പുറത്തെ സിനിമ കൊട്ടകകളില്‍ കൂടുതല്‍ ഷോ ഉണ്ടാവും. കുറച്ച് മുതിര്‍ന്ന ശേഷം സൈക്കിളുമായി പല ദിക്കിലുള്ള പരിപാടികള്‍ നോക്കി നടക്കും. ഫലം ഒന്നും മുഴുവന്‍ കാണാനാവില്ല എന്നതുതന്നെ.

ക്ലബ്ബില്‍ ചെന്ന് ചീട്ടു കളിച്ച് നേരം വെളുപ്പിക്കാന്‍ തുടങ്ങിയത് പിന്നേയും കുറെ കഴിഞ്ഞിട്ടാണ്. കളിക്കിടയില്‍ എല്ലാവരും കൂടി ഏതെങ്കില്‍ ചായപീടികയില്‍ കയറി കുറെ സമയം കളയും. രണ്ടു മൂന്ന് കൊല്ലം എന്‍റെ വീട്ടില്‍ ഞങ്ങളുടെ ചീട്ടുകളി സംഘം കൂടുകയുണ്ടായി. സുഹൃത്തുക്കള്‍ പല വഴിക്ക് പിരിഞ്ഞു. പലരും മണ്‍മറഞ്ഞു കഴിഞ്ഞു. എല്ലാം ഓര്‍മ്മകള്‍ മാത്രമായി.

അര്‍ദ്ധരാത്രിയായിട്ടേയുള്ളു. നേരം വെളുക്കാന്‍ ഇനിയും എത്രയോ സമയമുണ്ട്. പൂജാമുറിയില്‍ നിന്ന് ശിവപുരാണം പുസ്തകമെടുക്കണം. ഏകാഗ്രതയോടെ അത് പാരായണം ചെയ്യണം. ആവുന്നത്ര കാലം പാലിച്ചു വന്ന അനുഷ്ഠാനങ്ങള്‍ തുടരണം. അത് മാത്രമാണ് പ്രാര്‍ത്ഥന.