Thursday, July 12, 2012

കര്‍ക്കിടകമാസം.


കര്‍ക്കിടകമാസമാവാന്‍ ഇനി ദിവസങ്ങളേറെയില്ല. മുമ്പ് പഞ്ഞ മാസമായിട്ടാണ് കര്‍ക്കിടക മാസത്തിനെ വിശേഷിപ്പിച്ചീരുന്നതെങ്കിലും ആദ്ധ്യാത്മിക കാര്യങ്ങള്‍ക്ക് ഉത്തമമായിട്ടാണ് ജനങ്ങള്‍ ഇതിനെ കണക്കാക്കിയിരുന്നത്. ഓര്‍മ്മകളുമായി പുറകോട്ട് പോകുമ്പോള്‍ കാണാവുന്നത് നിറപ്പകിട്ടാര്‍ന്ന ഒട്ടേറെ ചിത്രങ്ങളാണ്.


കര്‍ക്കിടകം ഒന്നാം തിയ്യതിക്ക് ഒരാഴ്ച മുമ്പേ വീടും പരിസരവും വൃത്തിയാക്കാന്‍ തുടങ്ങും. വീട്ടു മുറ്റത്തേയും തൊടിയിലേയും പാഴ്ച്ചെടികളും പുല്ലും പറിച്ചു കളയുകയാണ്ആദ്യം ചെയ്യുക. അത് കഴിഞ്ഞതും തട്ടിന്‍പുറം മുതല്‍ താഴോട്ട് അട്ടക്കരിയും മാറാലയും തട്ടിക്കളഞ്ഞ് തൂത്തുവാരലായി. നിത്യേന ഉപയോഗിക്കാതെ കലവറയില്‍ സൂക്ഷിച്ചു വെക്കാറുള്ള പാത്രങ്ങള്‍ വരെ മുത്തശ്ശി കഴുകിച്ച് വെപ്പിക്കും.


മിഥുന മാസത്തിലെ അവസാന ദിവസം ശങ്കറാന്തിയാണ്.അതിന് രണ്ടു ദിവസം മുമ്പേ കയ്യില്‍ മൈലാഞ്ചിയിടും. സ്ത്രീകളും പെണ്‍കുട്ടികളും മാത്രമല്ല ആണ്‍കുട്ടികള്‍ വരെ മൈലാഞ്ചിയിടും. കുട്ടികളാണ് റോഡോരത്ത് വേലിപോലെ നിന്നിരുന്ന മൈലാഞ്ചി ചെടികളുടെ ഇല പറിച്ചു വരിക. അതും പച്ച മഞ്ഞളും കൂടി, തേഞ്ഞ് ഉപേക്ഷിച്ച ആട്ടുകല്ലില്‍ അരച്ചെടുക്കും. കയ്യില്‍ മൈലാഞ്ചി പൊതിഞ്ഞ് വാട്ടിയ വാഴയിലകൊണ്ട് പൊതിഞ്ഞ് വഞ്ചിനാരുകൊണ്ട് കെട്ടി വെക്കും. ഉറുമ്പോ മറ്റോ കടിച്ചാല്‍ ചൊറിയാനും കൂടി പറ്റാത്ത ആ ഇരിപ്പ് ഒന്നോ രണ്ടോ മണിക്കൂര്‍ നീളും.


ചേട്ടയെ കളയുന്നതാണ് അടുത്ത ചടങ്ങ്. കര്‍ക്കിടക മാസത്തിന്‍റെ തലേന്ന് സന്ധ്യയോടു കൂടിയാണ് ചേട്ട കളയുക. പഴയ മണ്‍കലത്തില്‍ കരിക്കട്ടയും കുപ്പയും ആക്കി അതും, കുറ്റിച്ചൂലും കൊണ്ടാണ് ചേട്ടയെ കളയുന്ന സ്ത്രീ പോവുക. വെറ്റില മുറുക്കി ചുവപ്പിച്ച് തലയില്‍ എണ്ണതേച്ച് ചേട്ടയുമായി പോവുന്ന വേലക്കാരി അന്ന് പിന്നെ വീട്ടിലേക്ക് വരില്ല. കുളത്തിലോ പുഴയിലോ കുളിച്ച് അവര്‍ അവരുടെ വീട്ടിലേക്ക് പോവും. ചേട്ടയെ കൊണ്ടുപോവുന്ന സ്ത്രീയുടെ പുറകെ ചെന്ന് കുട്ടികള്‍ പാവിട്ടക്കുഴലില്‍ പാവിട്ടക്കായയിട്ട് അവരുടെ ദേഹത്തേക്ക് പൊട്ടിക്കും.


'' ചേട്ട പുറത്ത് ശിവോതി അകത്ത് '' എന്നും പറഞ്ഞ് വീട്ടിലെ സ്ത്രീകള്‍ അവരെ പടി വരെ അനുഗമിക്കും.


ചേട്ടയെ കളഞ്ഞതും നിലവിളക്ക് കത്തിക്കും. വീടിന്‍റെ പിന്‍വാതില്‍ അപ്പോള്‍ അടച്ചിടും. ചേട്ട( ജ്യേഷ്ഠാ ഭഗവതി ) അതിലെയാണത്രേ കടന്നു വരിക. ദോശയും പപ്പടച്ചാറുമാണ് ചേട്ടയെ കളഞ്ഞ ശേഷം കിട്ടുന്ന ആഹാരം. കുട്ടികള്‍ വാശിവെച്ച് ദോശ തിന്നും.


ഒരു മുഴം ദോശ തിന്നുവനാണ് കേമന്‍ എന്ന് കന്നു മേക്കുന്ന മുണ്ടനാണ് എനിക്ക് പറഞ്ഞു തന്നത്. ഒരു മുഴം ഉയരം ദോശ അടുക്കിവെച്ചാല്‍ ഉണ്ടാവണമത്രേ. എന്‍റെ പൊട്ടത്തരത്തിന് മുത്തശ്ശിയോട് ഞാന്‍ ആ ആവശ്യം ഉന്നയിച്ചു.


'' നീയെന്താ ബകനോ അഞ്ചിടങ്ങഴി അരിയുടെ ദോശ തിന്നാന്‍ '' എന്നും പറഞ്ഞ് മുത്തശ്ശി എന്നെ ശകാരിച്ചത് മാത്രം മിച്ചം.


ഒന്നാം തിയ്യതി രാവിലെ നേരത്തെ കാളനോ, വേലനോ കുറെ ചെടികളും വള്ളികളുമായി എത്തും. വീട്ടില്‍ നിന്ന് ഇറങ്ങുന്ന പടവിന്‍റെ ഭാഗത്ത് ഓടിന്‍പുറത്ത് അവ വെച്ച് അതിനു മീതെ വലിയ ഒരു ഉരുള മണ്ണം വെക്കും. വെളി കുത്തുക എന്നാണ് അതിനെ പറയുക.


അകത്ത് അമ്മ ശിവോതി വെക്കും. പീഠത്തിന്നു മീതെ ഒരു പലക വെച്ച് അതിന്ന് മുമ്പില്‍ അലക്കിയ മുണ്ട്, വെള്ള നിറച്ച കിണ്ടി, ചന്ദനമുട്ടി, കുങ്കുമചെപ്പ്, രാമായണം എന്നിവ വെക്കുന്നതാണ് ശിവോതി ( ശ്രി ഭഗവതി ). അന്നു മുതല്‍ ഉച്ചക്കും വൈകുന്നേരവും അമ്മ രാമായണം വായിക്കും. കര്‍ക്കിടക മാസത്തിലെ അവസാന ദിവസം സന്ധ്യ കഴിഞ്ഞ് രാമായണം വായിച്ച് കമ്പ കൂട്ടും. നാളികേരവും പഞ്ചസാരയും ചേര്‍ത്ത പൂവട വെച്ചു നിവേദിച്ചാണ് വായന അവസാനിപ്പിക്കുക.


കര്‍ക്കിട മാസം സുഖചികിത്സയ്ക്ക് നല്ലതാണത്രേ. കര്‍ക്കിടകവാവ് പിതൃക്കള്‍ക്ക് ബലിയിടാനും. മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന കര്‍ക്കിടകം ഓര്‍മ്മയില്‍ ഒരു കുളിരാണ്.ഈ കര്‍ക്കിടകം ഒന്നാം തിയ്യതി ( 2012 ജുലായ് 17 ) എന്‍റെ മൂന്നാമത്തെ നോവല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയാണ്. എല്ലാവരേയും വായിക്കാന്‍ ക്ഷണിക്കുന്നു. ലിങ്ക് താഴെ കൊടുക്കുന്നുണ്ട്.

http://keraladasnovel3.blogspot.in/

11 comments:

രാജഗോപാൽ said...

കർക്കടകം വരവായി. കർക്കടത്തെ വരവേൽക്കാനുള്ള പഴയ തറവാടുകളിലെ ചടങ്ങുകൾ ഇന്നത്തെ തലമുറയ്ക്ക് കൌതുകമാവും. ഗൃഹാതുരസ് മരണകളുണർത്തുന്നതായി ഈ പോസ്റ്റ്. രാമായണകഥ കേൾക്കാൻ കാത്തിരിക്കുന്നു.

ajith said...

ആശംസകള്‍...
പുതിയ നോവല്‍ വരട്ടെ

സ്‌നേഹപൂര്‍വ്വം ശ്രീ.. said...

ഞങ്ങള്‍ക്ക്് ജ്യേഷ്ടാഭഗവതിയേയും ശ്രീഭഗവതിയേയും പരിചയപ്പെടുത്തിയതിന് നന്ദി. അശുദ്ധമായ ഊര്‍ജ്ജത്തെയെല്ലാം (Negative Energy) എല്ലാം വീടിനുപുറത്തുകടത്തി ശുദ്ധഊര്‍ജ്ജം (Positive Energy) വീടിനകത്തേക്ക് ആവാഹിക്കുന്നതിന് പഴമക്കാര്‍ കണ്ടെത്തിയ ഒരു ചടങ്ങാണിത്. കര്‍ക്കടകത്തിലെ ദുര്‍ഘടം താണ്ടാനുള്ള ഈശ്വരഭജനത്തിലൂടെ മനസ്വസ്ഥതയും ഐശ്വര്യവും ലഭിക്കുമെന്നും വിശ്വസിച്ചിരുന്നു.

arun bhaskaran said...

ചപ്പും ചവറും വാരിക്കളഞ്ഞ് മനസ്സിനൊരു പുതിയ ഊര്‍ജം നല്കുന്നതിന് നേരമായി കൂട്ടുകാരേ :)

വേണുഗോപാല്‍ said...

രാമായണ മാസം ഉണ്ണിഏട്ടന് നന്മകള്‍ വരുത്തട്ടെ >>

ആദ്യത്തെ നോവല്‍ വായിച്ചു മുഴുമിച്ചില്ല. സമയക്കുറവു. പതുക്കെ പതുക്കെ എല്ലാം വായിച്ചു വിശദമായ കമന്റ്‌ മെയിലില്‍ തരാം.

ആശംസകള്‍

പി. വിജയകുമാർ said...

കർക്കടക ചിന്തകൾ നന്നായി. ഉള്ളിലെ ഇരുട്ടിനെ തുടച്ചു നീക്കി വെളിച്ചം നിറയ്ക്കാൻ നമുക്ക്‌ ഒരവസരം കൂടി, ഒരു ഓർമ്മപ്പെടുത്തൽ കൂടി..

Echmukutty said...

ഞാനിപ്പോഴാ വായിച്ചത്, നാടു ചുറ്റലിനിടയിൽ ഒന്നും കണ്ടിരുന്നില്ല.

കഥപ്പച്ച said...

ഒരു പുതിയ കഥബ്ലോഗ് തുടങ്ങി ...അനുഗ്രഹിക്കണം

keraladasanunni said...

രാജഗോപാല്‍,
കാലം മാറുന്നതനുസരിച്ച് പല ചടങ്ങുകളും മാറുന്നു. ചിലത് ഓര്‍മ്മ മാത്രമാകുന്നു.

ajith,
നോവല്‍ വന്നു കഴിഞ്ഞു.

സ്നേഹപൂര്‍വ്വം ശ്രീ,
ശരിയാണ്. ഉദ്ദേശം അതുതന്നെ.

arun bhaskaran,
കര്‍ക്കിടകത്തിന്‍റെ ശുദ്ധി.

keraladasanunni said...

വേണുഗോപാല്‍ ,
ആശംസകള്‍ക്ക് നന്ദി.

പി.വിജയകുമാര്‍,
തമസോ മാ ജ്യോതിര്‍ ഗമയാ.

Echmukutty,
വായിച്ചു നോക്കൂ.

കഥപച്ച,
വായിച്ച് അറിയിക്കാം 

Premakumaran Nair Malankot said...

വൈകിയാണെങ്കിലും വായിക്കുന്നു. ഈ ഓര്‍മ്മകള്‍ എന്നെയും പലതും ഓര്‍മ്മിപ്പിക്കുന്നു. ''ചേട്ട പോ, ശിവോതി വാ'', ''ചേട്ട പോ, ശിവോതി വാ'', ''ചേട്ട പോ, ശിവോതി വാ''.... മറക്കാത്ത ഓര്‍മ്മകള്‍...