Sunday, June 26, 2016

കരയാനറിയാത്ത സ്ത്രീ.

എന്‍റെ കുട്ടിക്കാലത്ത് മദ്ധ്യവേനലവധിയായാല്‍ ഞാന്‍ വിരുന്നു പോവും. അത്തരം ഒരവസരത്തിലാണ് ഞാനവരെ കാണുന്നത്. ചെറിയൊരു വീട്ടിലാണ് ആ സ്ത്രീയും മക്കളും താമസിച്ചിരുന്നത്. കാലം ഒരുപാട് കഴിഞ്ഞെങ്കിലും ഇന്നും അവരും ആ കുടുംബവും എന്‍റെ ഓര്‍മ്മയിലുണ്ട്.

നാലോ അഞ്ചോ കുട്ടികളാണ് അവര്‍ക്കുണ്ടായിരുന്നത്. മൂത്തത് രണ്ടും പെണ്‍കുട്ടികള്‍. ഭര്‍ത്താവില്ല, സംരക്ഷിക്കാന്‍ ആരുമില്ല, വരുമാനമാര്‍ഗ്ഗം ഒന്നും തന്നെയില്ല. അരയേക്കറില്‍ താഴെ വരുന്ന പുരയിടത്തിലെ പ്ലാവുകളും മാവുകളും മാത്രമാണ് ആകെയുള്ള ആശ്രയം.

കരച്ചിലോ ചിരിയോ ഉച്ചത്തിലുള്ള സംഭാഷണമോ ഒന്നും ആ വീട്ടില്‍ നിന്ന് കേട്ടിട്ടില്ല. മനുഷ്യവാസമുള്ള വീടാണോ അതെന്ന് ചിലപ്പോള്‍ തോന്നിയിട്ടുണ്ട്.

എത്ര കഷ്ടം  ഉണ്ടെങ്കിലും അതൊന്നും അവര് പുറത്തു കാണിക്കില്ല. എല്ലാം ഉള്ളിലൊതുക്കും. ആരേയെങ്കിലും കണ്ടുമുട്ടിയാല്‍ മുഖത്ത് നേരിയൊരു പുഞ്ചിരി വിടര്‍ത്തും. നല്ല ധൈര്യമുള്ള കൂട്ടത്തിലാണ് അവരെന്ന് അയല്‍ക്കാര്‍ പറയുന്നത് കേട്ടിട്ടുണ്ട്. കരയാനറിയാത്ത സ്ത്രീ എന്നാണ് ഞാന്‍ മനസ്സില്‍ അവര്‍ക്കു നല്‍കിയ പേര്.

എങ്ങിനെയാണ് അവര്‍ കഴിഞ്ഞുകൂടുന്നത് എന്ന് ആ പ്രായത്തിലും ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. '' ചില ദിവസം ആരെങ്കിലും അറിഞ്ഞു വല്ലതുംകൊടുക്കും

 '' ഒരിക്കല്‍ ഒരു സമപ്രായക്കാരന്‍  എന്നോടു പറഞ്ഞു '' എന്‍റിഷ്ടാ, എത്രകാലം ഇങ്ങിനെ കഴിയും. നോക്കിക്കോ ഒരു ദിവസം അയമ്മയും മക്കളും കോളാമ്പിക്കായ അരച്ചുകലക്കി കുടിച്ചിട്ട് ചാവും ''.

എനിക്ക് വല്ലാത്ത സങ്കടം തോന്നി. ജീവിക്കാന്‍ വഴി കാണാതെ ഒരു കുടുംബം ഒന്നാകെ ജീവനൊടുക്കുവാന്‍ പോവുകയാണ്. ഈശ്വരാ, അവരെ എങ്ങിനെയെങ്കിലും രക്ഷിക്കൂ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. എന്‍റെ പ്രാര്‍ത്ഥനയുടെ ഫലം കൊണ്ടല്ലെങ്കിലും അവരാരും മരിച്ചില്ല. എങ്ങിനെയൊക്കെയോ ആ കുട്ടികള്‍ പഠിച്ചു വലുതായി.

പെണ്‍കുട്ടികള്‍ സുന്ദരികളായതുകൊണ്ട് നല്ല വീടുകളില്‍ നിന്നുള്ള രണ്ടു ചെറുപ്പക്കാര്‍ അവരെ കല്യാണം കഴിച്ചു. മൂത്ത മരുമകന്‍റെ സഹായത്തോടെ ആണ്‍മക്കള്‍ ദൂരെയെവിടേയോ ജോലിക്കാരായി. സ്വപ്നം കണ്ടിട്ടില്ലാത്ത ഒരു നിലയിലേക്ക് അവരെത്തി.

പില്‍ക്കാല ജീവിതത്തില്‍ കഷ്ടപ്പെട്ട് മക്കളെ വളര്‍ത്തി വലുതാക്കിയ ഒട്ടനവധി വിധവകളെ ഞാന്‍ കണ്ടിട്ടുണ്ട്. നിറയൌവനത്തില്‍ തുണ നഷ്ടപ്പെട്ട സ്ത്രീകള്‍ പലതരം പ്രലോഭനങ്ങളേയും ചൂഷണങ്ങളേയും അതിജീവിച്ചാണ് മക്കളെ വളര്‍ത്തുക. കുട്ടികള്‍ വളര്‍ന്നുകഴിഞ്ഞാല്‍ അവരുടെ സംരക്ഷണത്തില്‍ ശേഷിച്ച ജീവിതകാലം  സമാധാനമായി കഴിയാമെന്ന ആശയാണ് അവര്‍ക്കുള്ളത്. നിര്‍ഭാഗ്യമെന്നു പറയട്ടെ ഇത്തരക്കാരില്‍ പത്തില്‍ ഏഴോ എട്ടോ പേര്‍ക്കും സമാധാനത്തിന്നു പകരം കൂടുതല്‍ ദുരിതങ്ങളാണ് നേരിടേണ്ടിവരുന്നത്.

അച്ഛനില്ലാത്ത കുട്ടികളല്ലേ, അവര്‍ക്ക് ഒരു കുറവും വന്നുകൂടാ എന്ന ധാരണയില്‍ ചോദിക്കുന്നതെന്തും സാധിച്ചുകൊടുക്കാന്‍ വിധവകള്‍ ജാഗ്രത പുലര്‍ത്താറുണ്ട്. അമ്മയ്ക്ക് വിദ്യാഭ്യാസം കുറവാണെങ്കില്‍ മക്കള്‍ക്ക് അവരെ പറഞ്ഞുപറ്റിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരില്ല. ക്രമേണ ആവശ്യങ്ങള്‍ സാധിച്ചുതരാനുള്ള ഒരാളായിട്ടാണ് അമ്മയെ കാണുക.

'' എന്‍റച്ഛന്‍ മരിച്ചതുകൊണ്ടാണ് നിങ്ങള്‍ക്ക് ഈ ജോലി കിട്ടിയത്. അല്ലാതെ നിങ്ങളുടെ മിടുക്കുകൊണ്ടല്ല. അതുകൊണ്ട് നിങ്ങളുടെ സമ്പാദ്യത്തില്‍ എനിക്കാണ് അവകാശം  '' എന്ന് ആശ്രിതനിയമനം വഴി ജോലിലഭിച്ച എന്‍റെ ഒരു സഹപ്രവര്‍ത്തകയോട് അവരുടെ പ്രായപൂര്‍ത്തിയായ മൂത്തമകന്‍ പറഞ്ഞതായി ഒരിക്കല്‍ അവര്‍ എന്നോട് സങ്കടം പറഞ്ഞിട്ടുണ്ട്.

ഒരുപണിക്കും പോവാതെ അമ്മയുടെ വരുമാനംകൊണ്ട് ആര്‍ഭാടപൂര്‍വ്വം ജീവിക്കുക, ആവശ്യപ്പെട്ട പണം കിട്ടിയില്ലെങ്കില്‍ അവരെ ഭീഷണിപ്പെടുത്തുക, മദ്യപിച്ചു വന്ന് പെറ്റു വളര്‍ത്തിയ അമ്മയെ മര്‍ദ്ദിക്കുക തുടങ്ങിയ ഏര്‍പ്പാടുകളുള്ള എത്രയോ മക്കളുണ്ട്. ഉള്ള പണവും ആഭരണങ്ങളുമായി അമ്മയറിയാതെ കാമുകനോടൊപ്പം ഒളിച്ചോടുകയും ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട് ആ ബന്ധത്തിലുണ്ടായ മക്കളുമായി വീണ്ടും അമ്മയെ ശരണം പ്രാപിക്കുകയും ചെയ്ത പെണ്‍കുട്ടികളും കുറവല്ല.

ഈ ദുരവസ്ഥ വിധവകളായ അമ്മമാര്‍ മാത്രമല്ല നേരിടുന്നത്. ഭാര്യ മരിച്ചശേഷം മക്കളുടെ ഭാവിയോര്‍ത്ത് പുനര്‍വിവാഹം ചെയ്യാതെ  അവര്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച പുരുഷന്മാരുടെ അവസ്ഥയും ഏതാണ്ട് ഇതൊക്കെത്തന്നെയാണ്. മക്കളില്‍നിന്ന് ശാരീരിക പീഡനം ഏല്‍ക്കേണ്ടി വരുന്ന സംഭവങ്ങള്‍ പുരുഷന്മാരുടെ കാര്യത്തില്‍ തീരെ കുറവാണ്. എങ്കിലും മക്കളുടെ അനുസരണക്കേട്, താന്തോന്നിത്തരം എന്നിവ അവരേയും അലട്ടിക്കൊണ്ടിരിക്കും.

അച്ഛന്‍റേയും അമ്മയുടേയും നോട്ടമുണ്ടായിട്ടുകൂടി കുട്ടികളുടെ നിയന്ത്രണം കൈവിട്ടുപോവുന്ന കാലത്ത് ആരെങ്കിലും ഒരാള്‍ ഇല്ലെങ്കിലത്തെ അവസ്ഥ പരിതാപകരമാണ്. അതോര്‍ക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കുമ്പാണെങ്കില്‍കൂടി കരയാനറിയാത്ത സ്ത്രീയുടെ മക്കള്‍ നല്ലനിലയിലെത്തിയതിന്ന് ദൈവത്തിന്‍റെ ഒരു കൈതാങ്ങ് ഉണ്ടായിട്ടുണ്ടാവും എന്നാണ് ഞാന്‍ കരുതുന്നത്.

Thursday, June 9, 2016

മകനെ ഈ വോട്ടൊന്നു കുത്തിത്താടാ.


ഉദ്യോഗത്തിലുള്ളപ്പോള്‍ പലതവണ തിരഞ്ഞെടുപ്പുജോലിക്ക് പോവേണ്ടി വന്നിട്ടുണ്ട്. സന്തോഷത്തോടെയല്ല ഒരിക്കലും ആ ജോലിക്ക് പോവാറ്. പോളിങ്ങ്സ്റ്റേഷനിലെ അസൌകര്യങ്ങള്‍ തന്നെയാണ് ഇഷ്ടക്കേടിന്ന് മുഖ്യകാരണം. എങ്കിലും ഓരോ തവണ തിരഞ്ഞെടുപ്പുജോലിക്ക് പോയി തിരിച്ചുവരുമ്പോഴും ഒരിക്കലും മറക്കാനാവാത്ത എന്തെങ്കിലും ഒരനുഭവം കൂട്ടിനുണ്ടാവും. ആ വിധത്തിലുള്ള ഒരനുഭവം ഇന്നും ആലോചിക്കുമ്പോള്‍ എന്നില്‍ ചിരിയുണര്‍ത്തും.

വൈകുന്നേരം മൂന്നുമണികഴിഞ്ഞതേയുള്ളു. അതുവരെയുള്ള പോളിങ്ങ് വിവരം പോലീസുകാരന്‍ വന്ന് അനേഷിച്ചുപോയി.  കുറെനേരമായി ബൂത്തില്‍ വോട്ടര്‍മാരുടെ ക്യൂ ഇല്ല. വല്ലപ്പോഴും ഓരോരുത്തര്‍ വന്ന് വോട്ടു രേഖപ്പെടുത്തും. ഞാന്‍ ആ സമയത്ത്  എഴുന്നേറ്റുചെന്ന് ബാലറ്റ്‌പേപ്പറിന്നു പുറകില്‍ ഒപ്പിട്ടുകൊടുക്കും.     ( ആ കാലത്ത് വോട്ടിങ്ങ് മെഷീന്‍ ഉണ്ടായിരുന്നില്ല. പ്രിസൈഡിങ്ങ് ഓഫീസര്‍ ബാലറ്റ് പേപ്പറിന്‍റെ പുറകില്‍ ഒപ്പിടേണ്ടതുണ്ട് )

ഒപ്പിട്ടതും ഉപയോഗിക്കാത്തതുമായ ബാലറ്റ്‌ പേപ്പറുകളുടെ എണ്ണം രേഖപ്പെടുത്തേണ്ട കോളത്തില്‍  '' ഒന്നുമില്ല '' എന്ന് കാണിക്കാനുള്ള വിദ്യയാണത് ( മാത്രമല്ല അത്തരം ബാലറ്റ്പേപ്പറുകള്‍ ഒരു പ്രത്യേക കവറിലിട്ട് തിരിച്ചേല്‍പ്പിക്കണം. അതൊക്കെ ഒഴിവാക്കാന്‍ ഇതാണ് പറ്റിയ വഴി ).

പോളിങ്ങ് കഴിഞ്ഞാല്‍ ഒട്ടേറെ രേഖകള്‍ തയ്യാറാക്കാനുണ്ട്. ബാലറ്റ് ബോക്സിനോടൊപ്പം കൊടുക്കാനുള്ളവയാണ് അവ. ചിലതൊക്കെ പോളിങ്ങ് കഴിയും മുമ്പേ തയ്യാറാക്കാന്‍ പറ്റുന്നവയാണ്. ആ വക രേഖകളും കവറുകളുടെ പുറത്ത് എഴുതാനുള്ളതുമെല്ലാം മുന്‍കൂട്ടി എഴുതിവെക്കാം.

ഞാന്‍ ആ പണികളില്‍ വ്യാപൃതനായിരിക്കുമ്പോഴാണ് ആ സ്ത്രീ എത്തിയത്. ഫസ്റ്റ് പോളിങ്ങ് ഓഫീസര്‍ സ്ലിപ്പ് നോക്കി അവരുടെ പേരുവിളിച്ചതും ഞാന്‍ ചെന്ന് ബാലറ്റ് പേപ്പറില്‍ ഒപ്പിട്ടുകൊടുത്ത് എന്‍റെ സീറ്റിലേക്ക് മടങ്ങി ജോലിയില്‍ മുഴുകി.

'' എന്താ  ഈ കാട്ടുന്ന് '' എന്ന ഒച്ച കേട്ടു ഞാന്‍ നോക്കിയപ്പോള്‍ ആ സ്ത്രീ ബാലറ്റ് പേപ്പറും സീലുമായി എന്‍റെ മേശയ്ക്കുമുമ്പില്‍ വന്നു നില്‍ക്കുന്നു.

'' അതാ അവിടെ പോയി വോട്ടു ചെയ്യൂ '' ഞാന്‍ അവര്‍ക്ക് വോട്ടിങ്ങ് കമ്പാര്‍ട്ട്മെന്‍റ് ചൂണ്ടി കാട്ടി.

'' എന്‍റെ മകനെ ഈ വോട്ടൊന്നു കുത്തിത്താടാ '' അവര്‍ ബാലറ്റ് എന്‍റെ നേരെ നീട്ടുകയാണ്.

'' വല്യേമ്മേ, നിങ്ങളുടെ വോട്ട് എനിക്ക് ചെയ്യാന്‍ പാടില്ല. നിങ്ങളന്നെ അത് ചെയ്യണം '' ഞാന്‍ പറഞ്ഞു.

'' അതിന് എനിക്ക് കണ്ണു കാണാന്‍ പാടില്ല ''.

'' എങ്കില്‍ ആരേയെങ്കിലും തുണയ്ക്ക് കൂട്ടീട്ടു വരായിരുന്നില്ലേ ''.

'' കൂടെ വരുന്ന പിള്ളര് ഞാന്‍ പറയുന്നതില്‍ത്തന്നെ കുത്ത്വോ എന്ന് എന്താ ഉറപ്പ് ''. എനിക്ക് തമാശ തോന്നി.

'' വല്യേമ്മേ, നിങ്ങള് പറയുന്ന ആള്‍ക്ക് ഞാന്‍ വോട്ടുകുത്തും എന്ന് ഉറപ്പുണ്ടോ ''.

'' എന്താ സംശയം '' അവര്‍ ചെറുതായോന്ന് ചിരിച്ചു '' എന്‍റെ മകനെ കാണുമ്പോള്‍ ചത്തു പോയ എന്‍റെ ഭാസ്ക്കരനെപോലെ ഉണ്ട് ''.

'' രണ്ടാളും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലേ ''. അവര്‍ എന്നെ ഒന്നു കൂടി സൂക്ഷിച്ചു നോക്കി.

'' അവന് എന്‍റെ മകന്‍റെ അത്ര നിറം  ഇല്ല ''.

'' അതുശരി. കണ്ണു കാണില്ല എന്ന് നുണ പറഞ്ഞതാണല്ലേ ''.

അബദ്ധം പറ്റിയതുപോലെ അവരൊന്ന് പരുങ്ങിനിന്നു. എന്നിട്ട് നേരെ വോട്ടിങ്ങ് കമ്പാര്‍ട്ട്മെന്‍റിലേക്ക് നടന്നു. തിരിച്ചു പോവുമ്പോള്‍ എന്നെ നോക്കി കൈകൂപ്പി. എന്നിട്ട് വേഗം നടന്നകന്നു.

എന്തുകൊണ്ടാണ് അവര്‍ ഈ നാടകം കളിച്ചതെന്ന് അന്നും ഇന്നും എനിക്കറിയില്ല.