Thursday, December 11, 2008

യേശുവിന്‍റെ കണ്ണുകള്‍.

1994 ഏപ്രില്‍ മാസം 12. വിഷുവിന്‍റെ തലേതലേന്നാള്‍. ഞാന്‍ ഓഫീസിലാണ്. വൈകീട്ട് നാലു മണി കഴിഞ്ഞു. ശകലം നേരത്തെ വീട്ടിലെത്തി കുട്ടികളേയും കൂട്ടി വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കാമെന്ന് രാവിലെ ഏറ്റിരുന്നതാണ്. ഉച്ചക്കുതന്നെ പടക്കങ്ങള്‍ വാങ്ങി വെച്ചിരുന്നു. തലേന്ന് വാങ്ങിച്ചതിന്ന് പുറമേയാണ്, അന്നേ ദിവസം വാങ്ങിയത്. കുട്ടികള്‍ക്ക് പടക്കം എത്ര കിട്ടിയാലും മതി വരില്ല. അപേക്ഷ എഴുതി കൊടുത്ത് നേരത്തെ പോകാന്‍ സമ്മതം വാങ്ങി ബാഗ് എടുത്ത് ഇറങ്ങി.

ടൌണ്‍ ബസ്സ് സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ പട്ടാമ്പിയിലേക്കുള്ള ഒരു ബസ്സ് നീങ്ങി തുടങ്ങിയിരുന്നു. അടുത്ത ബസ്സ് മയില്‍ വാഹനം ആണ്. അതിലെ ഡ്രൈവര്‍ പുറപ്പെട്ട ബസ്സിന്‍റെ ഡ്രൈവറോട് സമയത്തെ ചൊല്ലി തര്‍ക്കിക്കുന്നു. എനിക്ക് ആകപ്പാടെ ഒരു ലക്ഷണപ്പിഴ തോന്നി. ഞാന്‍ നീങ്ങി തുടങ്ങിയ ബസ്സില്‍ കയറാതെ മയില്‍വാഹനത്തില്‍ കയറി പിന്നിലെ സീറ്റിന്നു തൊട്ട് മുമ്പിലുള്ള സീറ്റില്‍ ഇരുന്നു. ഇറങ്ങാനുള്ള സൌകര്യം നോക്കിയാണ്, ആ സ്ഥലത്ത് ഇരിക്കാറുള്ളത്. ഡ്രൈവറുടെ സീറ്റിന്ന് പുറകിലുള്ള കണ്ണാടിയില്‍ ഒട്ടിച്ച പടം പെട്ടെന്ന് എന്‍റെ ദൃഷ്ടിയിലെത്തി. യേശു ക്രിസ്തുവിന്‍റെ മനോഹരമായ ഒരു ഫോട്ടൊ. അതിലെ കണ്ണുകള്‍ വെട്ടി മാറ്റി വികലമാക്കിയിരിക്കുന്നു. ആ പ്രവര്‍ത്തി ചെയ്തവരോട് എനിക്ക് അനല്‍പ്പമായ ദേഷ്യം തോന്നി.

അല്‍പ്പം കഴിഞ്ഞ് ബസ്സ് പുറപ്പെട്ടതും ഞാന്‍ വലിയണ്ണന്‍ എന്നു വിളിക്കുന്ന കനകപ്പന്‍ തൊട്ടു മുന്നിലെ സീറ്റില്‍ വന്നിരുന്നു. അദ്ദേഹം പുറകിലേക്ക് തിരിഞ്ഞിരുന്നു. ഞങ്ങള്‍ വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങി. നഗര പരിധി കഴിഞ്ഞപ്പോള്‍ വാഹനം കുറച്ചു കൂടി വേഗത്തിലായി. എന്നാല്‍ അമിത വേഗം എന്നൊന്നും പറഞ്ഞു കൂടാ. കല്ലേക്കാട് സ്കൂള്‍ സ്റ്റോപ്പിന്ന് സമീപമെത്തിയപ്പോള്‍ വാഹനം വലത്ത് വശത്തേക്ക് പാളി പോവുന്നതു പോലെ തോന്നി. ബസ്സ് വലിയൊരു മാവിന്നു നേരെ കുതിക്കുകയാണ്. ഞാന്‍ ഡ്രൈവറെ നോക്കി. അയാള്‍ പേടിച്ച് പുറകിലേക്ക് തിരിഞ്ഞ് ഇരിക്കുന്നു. ആ നിമിഷാര്‍ദ്ധത്തില്‍ ബസ്സ് മരത്തില്‍ ഇടിക്കുമെന്നും, യാത്ര മുടങ്ങുമെന്നും, ബാക്കി ദൂരം പോവാന്‍ വേറേ വാഹനം വേണ്ടിവരുമെന്നും ഞാന്‍ ഓര്‍ത്തു. എന്നാല്‍ സംഭവിച്ചത് അങ്ങിനെയായിരുന്നില്ല. വലിയ ശബ്ദത്തില്‍ മരത്തിലിടിച്ച് ബസ്സ് മറിഞ്ഞു.

എനിക്ക് ബോധം വന്നപ്പോള്‍ ഞാന്‍ മുന്നിലെ വാതിലിന്നടുത്താണ്. വല്ലാത്ത ഒരു പരവേശത്തോടെ എഴുന്നേല്‍ക്കുമ്പോള്‍ അട്ടിയിട്ട പോലെ ആളുകള്‍ അകത്ത് കിടക്കുന്നു . ആകെ കരച്ചിലും ബഹളവും. എന്‍റെ കണ്ണടയും ബാഗും കാണാനില്ല. പോയത് പോകട്ടെ എന്ന് കരുതി പുറത്തു കടക്കാനായി വഴി പരതി. മുന്നിലെ കണ്ണാടി തകര്‍ന്നു. അവിടെ കൂറ്റന്‍ മരം. പുറകിലെ കണ്ണാടിക്ക് പിന്നിലായി വെല്‍ഡഡ് മെഷ്. കൂട്ടിലകപ്പെട്ട എലിയെപ്പോലെ പരുങ്ങുമ്പോള്‍ മുകളില്‍ വെളിച്ചം. ജനാല തലക്ക് മുകളില്‍. ആളുകള്‍ ചാരി നില്‍ക്കാറുള്ള തൂണില്‍ ചവിട്ടി ജനാലയിലൂടെ മുകളിലേക്ക് ഊര്‍ന്ന് കയറി ഞാന്‍ താഴേക്ക് ചാടി. ആദ്യം പുറത്തെത്തിയത് ഞാനായിരുന്നു. എന്‍റെ ബാഗുമായി വലിയണ്ണന്‍ പുറകെ എത്തി. അദ്ദേഹം ചുറ്റും നടന്നു നോക്കി. തിരിച്ച് എന്‍റെ അടുത്തെത്തി. " ഇത് വലിയ അപകടമാണ്. ആര്‍ക്കൊക്കെ എന്തൊക്കെ പറ്റിയോ ആവോ" എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഒന്നും പറയാനാവാതെ അങ്ങിനെ തന്നെ നിന്നു. "ഇനിയെന്താ പരിപാടി" എന്ന് എന്നോട് ചോദിച്ചതിന്ന് "വീട്ടിലേക്ക് പോകാം" എന്ന് ഞാന്‍ പറഞ്ഞു. വലിയണ്ണന്‍ എന്നെ സൂക്ഷിച്ച് നോക്കി. "ഉണ്ണീ, തനിക്ക് നല്ല പരിക്ക് പറ്റിയിട്ടുണ്ട്. തലയില്‍ നിന്നും ചോര വരുന്നു. ആസ്പത്രിയില്‍ പോകണം " എന്ന് ഉപദ്ദേശിച്ചു.

ഒരു മിനി ബസ്സ് വന്നു നിന്നു. ആരോ എന്നെ അതില്‍ കയറ്റി. ഒരു സീറ്റ് ഒഴിവാക്കി എന്നെ ഇരുത്തി. കുട്ടിമാമയുടെ വീട്ടിലേയും ഓഫീസിലേയും ഫോണ്‍ നമ്പറുകള്‍ കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്തു വെച്ചതു പോലെ ബോധം നഷ്ടപ്പെടുന്നതു വരെ ഞാന്‍ പറഞ്ഞിരുന്നു എന്നാണ്' പിന്നീട് അറിഞ്ഞത്. ജില്ല ആസ്പത്രിയില്‍ എത്തിയത് ഞാന്‍ അറിഞ്ഞില്ല. ബന്ധുക്കളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആയി ധാരാളം പേര്‍ വൈകാതെ എത്തി. കാലില്‍നിന്നും ഷൂസ് ആരോ ഊരി മാറ്റി. ഷര്‍ട്ട് അഴിക്കാന്‍ നോക്കിയപ്പോള്‍ എനിക്ക് അനങ്ങാന്‍ കഴിയുന്നില്ല എന്ന് മനസ്സിലായി. കാര്യമായ എന്തോ പറ്റി എന്ന് ഞാന്‍ അറിഞ്ഞു. പിറ്റേന്ന് പരിശോധന കഴിഞ്ഞ് " നട്ടെല്ലിന്ന് പൊട്ടല്‍ കാണുന്നു. സ്പൈനല്‍ കോഡിന്ന് ചതവും. ഭാഗ്യം ഉള്ള പക്ഷം മേലാല്‍ നടക്കാന്‍ സാധിക്കും" എന്ന് ഡോക്ടര്‍ പറഞ്ഞു. വെറും കട്ടിലില്‍ പലകപ്പുറത്ത് മലര്‍ന്ന് കിടക്കുകയല്ലാതെ കാര്യമായ ചികിത്സ ഒന്നും ഇല്ല. വിഷുവിന്ന് അമ്മയെ പിരിഞ്ഞ് ഇരിക്കാന്‍ വയ്യാത്തതിനാല്‍ വിടുതല്‍ വാങ്ങി ആംബുലന്‍സില്‍ വീട്ടിലെത്തി.

തുടര്‍ന്നുള്ള നാളുകള്‍ വേദനയുടേതായിരുന്നു. ശരീരം ചെറുതായൊന്ന് അനങ്ങിയാല്‍ നട്ടെല്ലില്‍ തുളച്ചു കയറുന്ന വേദന. അതില്‍ നിന്നുള്ള മോചനത്തിന്ന് ആയിട്ടായിരിക്കണം മനസ്സ് സദാ സമയം പ്രാര്‍ത്ഥനാ നിര്‍ഭരമായിരുന്നു. ഈശ്വര സങ്കല്‍പ്പത്തിലും ജപത്തിലും കഴിഞ്ഞ ആ ദിവസങ്ങളില്‍ ഗണപതി, മുരുകന്‍, അയ്യപ്പന്‍, ഹനുമാന്‍, ധ്യനനിമഗ്നനായ പരമശിവന്‍, മഹാവിഷ്ണു,ഉണ്ണികണ്ണന്‍ ,മാതൃവാത്സല്യം കനിഞ്ഞു നല്‍കുന്ന ദേവിയുടെ വിവിധ രൂപങ്ങള്‍ എന്നിവ മനസ്സില്‍ ഓര്‍ക്കും.അത്തരം ഒരു സമയത്ത് കണ്ണുകള്‍ മുറിച്ചു കളഞ്ഞ് വികൃതമാക്കിയ യേശുവിന്‍റെ ആ പടം എന്‍റെ മനസ്സില്‍ എത്തി.
ശൂന്യമാക്കപ്പെട്ട കണ്ണുകളുടെ ഭാഗത്ത് ഒരു ജോഡി കണ്ണുകള്‍ വെക്കുന്നതായി ഞാന്‍ സങ്കല്‍പ്പിച്ചു. പ്രസിദ്ധരായ പലരുടേയും കണ്ണുകള്‍ ആ സ്ഥാനത്ത് വെച്ചാലുള്ള രൂപം ആലോചിച്ചു. അവയൊന്നും യോജിക്കുന്നില്ല. രവി വര്‍മ്മ ചിത്രങ്ങളിലെ കണ്ണുകള്‍ ആയാലോ എന്ന് നോക്കി. അതും ശരിയാവുന്നില്ല.

ആ ദിവ്യമായ മുഖത്തെ ഭാവം എന്താണെന്ന് ഞാന്‍ ഓര്‍ത്തു നോക്കി.പീഢനങ്ങള്‍ ഏറ്റു വാങ്ങുമ്പോള്‍ കാണിച്ച നിസ്സംഗതയോ, നിന്ദിതരേയും പീഢിതരേയും ഓര്‍ത്തിട്ടുള്ള ഘനീഭവിച്ച ദുഃഖഭാരമോ, പാപികള്‍ക്കായുള്ള പ്രാര്‍ത്ഥനയോ അതല്ല സര്‍വ്വ ചരാചരങ്ങള്‍ക്കും വാരി കോരി നല്‍കിയിട്ടും ഒരിക്കലും തീരാത്ത കാരുണ്യമോ ഏതാണ്' അവിടെ നിഴലിക്കുന്നത്. അത് മനസ്സിലാവാന്‍ ഉള്ള അറിവ് എനിക്ക് ഇല്ല എന്ന് ഞാന്‍ അറിഞ്ഞു. മനസ്സില്‍ ഞാന്‍ നേരത്തെ കണ്ടിട്ടുള്ള യേശുവിന്‍റെ ചിത്രങ്ങളിലെ കണ്ണുകള്‍ ആ സ്ഥാനത്ത് വെച്ചു നോക്കി. അത്ഭുതം. ആ മുഖത്തിന്ന് അനുയോജ്യം ആ കണ്ണുകള്‍ തന്നെ. കാരുണ്യം തുളുമ്പുന്ന കണ്ണുകള്‍. ആ ഓര്‍മ്മയില്‍ പലപ്പോഴും ഞാന്‍ എന്‍റെ വേദന വിസ്മരിച്ചു.

Wednesday, December 3, 2008

മകര മാസത്തിലെ ചാത്തം.

( മുമ്പു കാലത്ത് മിക്ക തറവാടുകള്‍ക്കും അവയവയുടേതായി ഐതിഹ്യത്തിന്നു സമാനമായ ചില കഥകള്‍ കാണും. അതുപോലെ ഒന്ന്.)
മകര ചൊവ്വ:-
മകര മാസത്തിലെ മുപ്പട്ടു ചൊവ്വാഴ്ച്ച ഇഷ്ണൂലി വയങ്കരമ്മയുടെ ( വയങ്കരമ്മ എന്നത് എടത്തറ നായര്‍ സ്വരൂപത്തിലെ സ്ത്രീകളുടെ സ്ഥാനപ്പേര്' ആകുന്നു.) ശ്രാര്‍ദ്ധം ആണ്. എന്‍റെ കുട്ടിക്കാലത്ത് അത് ഒരു ആഘോഷമായിരുന്നു. രാവിലെ മൂന്ന് അമ്പലങ്ങളില്‍ നിന്നുള്ള വ്യത്യസ്തമായ പായസങ്ങള്‍. ഉച്ചക്ക് പതിവില്‍ കൂടുതല്‍ കറികളോട് കൂടി ഗംഭീര സദ്യ. വൈകീട്ട് ചെമ്മിനിക്കാവില്‍ വെച്ച് പൂജ, പ്രസാദങ്ങള്‍. പോരാത്തതിന്ന് അന്ന് സ്കൂളില്‍ പോകാതെ കളിച്ചു നടക്കാം. കാലത്തു തന്നെ വെളിച്ചപ്പാട് പീടിക്കല്‍ ഗോവിന്ദന്‍ നായരെത്തും. കുട്ടികള്‍ക്ക് പനിക്കും പേടിക്കും അദ്ദേഹം ഊതി ഭസ്മം തന്നിരുന്നതാണ്. എല്ലാ കാര്യങ്ങളിലും മൂപ്പരുടെ മേല്‍നോട്ടം വേണം. രാത്രി പൂജക്കു ശേഷം അമ്പലത്തില്‍ വെച്ച് നിയോഗം, കല്‍പ്പന എന്നിവ കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞേ അദ്ദേഹം പോവാറുള്ളു.

ഈ ചടങ്ങിന്‍റെ ആവിര്‍ഭാവത്തെ കുറിച്ചും ഇഷ്ണൂലി വയങ്കരമ്മയെ കുറിച്ചും എന്‍റെ കുട്ടിക്കാലത്ത് മുത്തശ്ശി പലവട്ടം പറഞ്ഞു കേള്‍പ്പിച്ചിരുന്നു. മുത്തശ്ശിയുടെ വലിയമ്മയായിരുന്നു അവര്‍. കുടുംബത്തിലുള്ള സ്വത്ത് അവകാശത്തിന്നു പുറമേ ഭര്‍ത്താവില്‍നിന്നും കിട്ടിയ വലിയൊരു സ്വകാര്യ സമ്പാദ്യവും അവരുടെ കൈവശം ഇരുന്നിരുന്നു. ഇഷ്ണൂലി വയങ്കരമ്മ പ്രസവിച്ചില്ല. മക്കളില്ലാത്തതിനാല്‍ മുത്തശ്ശിയുടെ അമ്മയുടെ മക്കളെ സ്വന്തം മക്കളായി അവര്‍ കരുതി. തന്‍റെ കാലശേഷം സ്വത്തു മുഴുവന്‍ എടുത്തു കൊള്ളാനും അന്ത്യകര്‍മ്മങ്ങളും ശേഷക്രിയകളും നല്ല രീതിയില്‍ ചെയ്യാനും അവരെ ചുമതല ഏല്‍പ്പിച്ചു. പക്ഷെ അതൊന്നും നടന്നില്ല. വലിയമ്മാമക്ക് അതിലൊന്നും ശ്രദ്ധിക്കാന്‍ തോന്നിയില്ല. മുത്തശ്ശിയുടെ ഭാഷയില്‍ പറഞ്ഞാല്‍ " അപ്പൂഞ്ഞനല്ലേ ആള്, മൂപ്പര്' ഒരാള്‍ക്കും ഒന്നും കൊടുത്തില്ല, എല്ലാം ദര്‍ബാറായി തര്‍പ്പണപൂജ കഴിച്ചു,അയമ്മയുടെ മേല്‍ഗതിക്കായി ദമ്പിടി തുട്ട് ചിലവാക്കിയില്ല".

കുറെ കാലം കഴിഞ്ഞു. എല്ലാവരും ഇതൊക്കെ മറന്നു തുടങ്ങി. മുത്തശ്ശിയുടെ ജ്യേഷ്ടത്തി ചിന്നമ്മു വയങ്കരമ്മയുടെ ദേഹത്ത് പരേതയുടെ ആത്മാവ് വന്ന് തനിക്ക് ദാഹം തീര്‍ത്തു തരണമെന്ന് കല്‍പ്പന നല്‍കിയിരുന്നു. ആരും അത് അത്ര കാര്യമാക്കിയില്ല. ഈ രംഗങ്ങള്‍ പലകുറി ആവര്‍ത്തിച്ചു. ഒടുവില്‍ തീരെ പൊറുതി മുട്ടിയ അവര്‍ തറവാട്ടിലെ കുഞ്ഞു മക്കളുടെ നിണം തന്‍റെ ദാഹം തീര്‍ക്കാനായി എടുക്കുമെന്ന് അന്ത്യശാസനം നല്‍കി. വലിയമ്മാമന്‍ ആ വാക്ക് അവഗണിച്ചു എന്നു മാത്രമല്ല "അതൊന്ന് എനിക്ക് കാണണം" എന്നു പറഞ്ഞ് പ്രേതാത്മാവിനെ വെല്ലുവിളിക്കുകയും ചെയ്തു. അന്നു രാത്രി ഉറക്കാന്‍ കിടത്തിയ ചിന്നമ്മു മുത്തശ്ശിയുടെ മകന്‍ രാവിലെ ഉണര്‍ന്നില്ല. ആ കുട്ടി പ്രത്യേകിച്ച് യാതൊരു അസുഖവും ഇല്ലാതെ മരിച്ചുപോയി. അന്നും പരേതാത്മാവ് ചിന്നമ്മു മുത്തശ്ശിയുടെ ദേഹത്ത് വന്നു. " ഞാന്‍ നൂറു തവണ പറഞ്ഞതാണ്, എന്‍റെ ദാഹം തീര്‍ക്കാന്‍.കേട്ടില്ല. ഇപ്പോഴോ" എന്ന് അവര്‍ പറഞ്ഞതിന്ന് വലിയമ്മാമ അവരെ പൊതിരെ തല്ലി.

പിന്നീട് പല തവണ ഇത്തരം സംഭവങ്ങള്‍ അരങ്ങേറി. മരിച്ച കുട്ടികളുടെ എണ്ണം പലതായി. എന്നിട്ടും വലിയമ്മാമക്ക് കൂസല്‍ ഇല്ല. ചിന്നമ്മു മുത്തശ്ശിയുടെ ഒരു കുട്ടി കൂടി മരിച്ചു. മുത്തശ്ശിക്ക് മൂത്ത മകനും മകളും നഷ്ടമായി. മകള്‍ മരിച്ച ദിവസം മുത്തശ്ശി തന്‍റെ റൌക്ക ഉപേക്ഷിച്ചതാണ്,പിന്നെ മരിക്കുന്നതു വരെ അവര്‍ ബ്ലൌസ്സോ, റൌക്കയോ ഇട്ടിട്ടില്ല. മേമയുടെ അമ്മക്കായിരുന്നു ഏറ്റവും വലിയ നഷ്ടം പറ്റിയത്. അവരുടെ ആദ്യത്തെ മൂന്ന് മക്കളും ഇതേ സാഹചര്യത്തില്‍ ഇല്ലാതായി. എന്നാല്‍ തറവാട്ടിലെ മറ്റു താവഴികളില്‍ പെട്ടവര്‍ക്ക് ഒന്നും പറ്റിയില്ല. എങ്കിലും വലിയമ്മാമ ഒഴികെ മറ്റ് എല്ലാവരുടെ മനസ്സിലും ഭയം കടന്നു.
മേമയുടെ അമ്മയുടെ മൂന്നമത്തെ മകള്‍ പെണ്‍കുട്ടിയായിരുന്നു. സരോജിനി എന്ന പേരുള്ള ആ കുഞ്ഞ് അതി സുന്ദരിയയിരുന്നു. ഒരു ദിവസം നേരം പുലര്‍ന്നപ്പോള്‍ കുഞ്ഞിന്ന് അസുഖം. കഴുത്ത് ഒടിഞ്ഞതു പോലെ. കാള വണ്ടിയില്‍ കുട്ടിയുമായി ആസ്പ്ത്രിയിലേക്ക് പുറപ്പെട്ടു പോയതും, ചിന്നമ്മു മുത്തശ്ശി "എവിടെക്ക് വേണമെങ്കിലും കൊണ്ടു പോവട്ടെ, പകുതി വഴിക്ക് ഞാന്‍ ശരിയാക്കും, കെട്ടി പൊതിഞ്ഞ് മടക്കി കൊണ്ടു വരും" എന്ന് പറഞ്ഞു. അതു തന്നെ നടന്നു. സംഘം തിരിച്ചെത്തിയതും, ചിന്നമ്മു മുത്തശ്ശി " ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ, ഞാന്‍ അതിന്‍റെ ചോര കുടിച്ചു, ഇനിയും കുടിക്കും" എന്നു പറഞ്ഞു. ക്ഷുഭിതനായ വലിയമ്മാമ കാലിലെ ഷൂ ഊരി ( ആണി കാരണം റബ്ബര്‍ ഷൂ ആണ്' ഇടാറുള്ളത്) അവരെ അടിച്ചു.
ആ തവണ പരിഹാര കര്‍മ്മങ്ങള്‍ ചെയ്യണമെന്നായി മറ്റെല്ലാവരും. അതിന്നുള്ള ഒരുക്കങ്ങള്‍ പെട്ടെന്നായി. നാലുകെട്ടിലെ മച്ചിന്‍റെ ഉള്ളില്‍ ഭഗവതിയെ കുടിവെച്ചിരുന്നു. ഭഗവതിയെ പാര്‍ത്ത് കല്‍പ്പന കേള്‍ക്കാനും അതനുസരിച്ച് കാര്യങ്ങള്‍ നടത്താമെന്നും നിശ്ചയിച്ചു. പണിക്കര്‍ ദിവസം കുറിച്ചു. അന്നേ ദിവസം അതിരാവിലെ ഗോവിന്ദന്‍ നായര്‍ വെളിച്ചപ്പാട് എത്തി. കുളത്തിലിറങ്ങി കുളിച്ച് ഈറനണിഞ്ഞ് അദ്ദേഹം നിയോഗത്തിന്നായി തയ്യാറായി. മച്ചിന്നു മുമ്പില്‍ തറവാട്ടിലെ മുഴുവന്‍ അംഗങ്ങളും നിരന്നു. ബന്ധപ്പെട്ട താവഴിക്കാരെ മച്ചിന്നു മുമ്പില്‍ ഒരു ഭാഗത്തും മറ്റുള്ളവരെ വേറൊരു ഭാഗത്തും ആയി നിര്‍ത്തി. നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി. ഇതിനകം വെളിച്ചപ്പാട് ഉറഞ്ഞു തുള്ളേണ്ടതാണ്. പക്ഷേ അതിനുള്ള യാതൊരു സാദ്ധ്യതയും കാണാനില്ല. ഒടുവില്‍ "ഭഗവതി ഊരു ചുറ്റുവാന്‍ പോയി എന്ന് തോന്നുന്നു. ഒരു കാര്യം ചെയ്യാം. ഞാനും കാരണവരും ഒഴിച്ച് എല്ലാവരും ഭക്ഷണം കഴിച്ചോളിന്‍. മഞ്ഞപയിറ്റടി നേരത്ത് നമുക്ക് ഒന്നു കൂടി നോക്കാം"എന്ന് പറഞ്ഞ് വെളിച്ചപ്പാട് പിന്‍വാങ്ങി.
പറഞ്ഞ സമയത്ത് അടുത്ത ഊഴം ആരംഭിച്ചു. കുളിച്ച് ഈറന്‍ ചുറ്റി മച്ചിന്ന് മുമ്പില്‍ നിന്ന വെളിച്ചപ്പാടിന്‍റെ നെറ്റിയുടെ ഇരു വശത്തു കൂടിയും രക്തം ഒഴുകി തുടങ്ങി. വാളെടുക്കുകയോ വെട്ടുകയോ ചെയ്യാതെ ചോര ഒഴുകിയത് അവിടെ കൂടിയവരില്‍ ഭീതി ജനിപ്പിച്ചു. "ഞാനാരാണെന്ന് മനസ്സിലായോ" എന്ന് കോമരം ചോദിച്ചതിന്ന് "ചെമ്മിനി ഭഗവതി അല്ലേ" എന്ന് കാരണവര്‍ മറുപടി നല്‍കി." അല്ല. ഞാന്‍ ചെരക്കാട്ടി അമ്മയാണ്. അറുത്ത് കുടിക്കുന്ന കാളി. എന്‍റെ ഇളയവള്‍ വന്ന് ഈ പേയിനേ അടക്കാന്‍ സാധിക്കുന്നില്ല എന്ന് സങ്കടം പറഞ്ഞപ്പോള്‍ ഞാന്‍ വന്നതാണ്. ( ചെരക്കാട്ടി ഭഗവതി, മണ്ണൂല്‍ ഭഗവതി, ചെമ്മിനി ഭഗവതി എന്നീ ദേവിമാര്‍ സഹോദരിമാരാണെന്ന് സങ്കല്‍പ്പം.). എന്‍റെ നിണം കൊടുത്ത് പേയിന്‍റെ ദാഹം ഞാന്‍ തീര്‍ക്കും."എന്ന് കല്‍പ്പിച്ചതും എല്ലാവരും ഭയന്നു വിറച്ചു. തുടര്‍ന്ന് വെളിച്ചപ്പാട് വാളെടുത്ത് നാലു ചാല്‍ നടന്നു വെട്ടി. തൊഴാന്‍ നിന്ന ചിന്നമ്മു മുത്തശ്ശിയില്‍ പ്രേതാത്മാവ് അപ്പോള്‍ കയറി. വെളിച്ചപ്പാട് വാള്‍ പരത്തി പിടിച്ച് അവരുടെ മുതുകില്‍ ആഞ്ഞടിച്ചു. അവരോട് കുളിച്ച് വരാന്‍ നിര്‍ദ്ദേശിച്ച വെളിച്ചപ്പാട് മറ്റുള്ളവരോട് പരേതാത്മാവ് ഒഴിഞ്ഞു പോവുന്നതിന്ന് മുമ്പ് ഓരോരുത്തരോടും ഞാന്‍ പോകട്ടേ എന്ന് ചോദിക്കുമെന്നും എല്ലാവരും ശരി എന്ന് സമ്മതിക്കണമെന്നും ആരെങ്കിലും പോവരുത് എന്ന് മനസ്സില്‍ വിചാരിച്ചാല്‍ പോലും ഒഴിഞ്ഞു പോവാതെ ഇരിക്കുമെന്നും പറഞ്ഞു കൊടുത്തു. അങ്ങിനെയാണ്' ആ ബാധയെ ഒഴിപ്പിച്ച് ചെമ്മിനി കാവില്‍ സ്ഥാപിച്ചത്.
ആദ്യ കാലത്ത് കാവിന്ന് വെളിയില്‍ വടക്കു ഭാഗത്തെ ആലിന്‍ ചുവട്ടിലായി വെട്ടുകല്ലില്‍ തീര്‍ത്ത ഒരു തറയും പിച്ചളയില്‍ വാര്‍ത്ത ഒരു പ്രതിമയും പ്രേതത്മാവിനെ സ്ഥാപിച്ചതിന്‍റെ അവശിഷ്ടമായി കണ്ടിരുന്നു. പ്രതിമയെ ഏതോ ഭ്രാന്തി എടുത്തു പോവുകയും കാലക്രമേണ തറ ഇടിഞ്ഞ് നശിച്ചു പോവുകയും ചെയ്തു.

മുത്തശ്ശി മരിക്കുന്നതു വരെ ഒരു മാസം മുമ്പേ ഒരുക്കം തുടങ്ങും. മറ്റെന്ത് മുടങ്ങിയാലും ഈ ചടങ്ങ് മുടങ്ങരുത് എന്ന് മുത്തശ്ശിക്ക് നിര്‍ബന്ധമായിരുന്നു. ഒരു തവണ മുത്തശ്ശി സ്ഥലത്തില്ലത്തപ്പോള്‍ താവഴിയില്‍പ്പെട്ട മറ്റുള്ളവരെ ചടങ്ങ് നടത്താന്‍ ഏല്‍പ്പിച്ചതായും അവര്‍ അത് മുടക്കിയപ്പോള്‍ കളിക്കുകയായിരുന്ന അമ്മമന്‍റെ മകന്‍ നിറുത്താതെ കരയാന്‍ തുടങ്ങിയതായും ക്രിയാദികള്‍ക്ക് വീഴ്ച്ച വന്നുവെങ്കില്‍ ഉടനെ കര്‍മ്മങ്ങള്‍ നടത്താമെന്ന് പ്രാര്‍ത്ഥിച്ചതോടെ കുട്ടി കരച്ചില്‍ നിറുത്തി കളി തുടങ്ങിയതായും മുത്തശ്ശി അതിന്ന് കാരണമായി പറഞ്ഞിരുന്നു. ചാത്തത്തിന്‍ നാള്‍ അതി രാവിലെ എഴുന്നേല്‍പ്പിക്കും. മൂന്ന് അമ്പലങ്ങളില്‍ വഴിപാട് നടത്താനുള്ളതാണ്, ചെമ്മിനികാവില്‍ ശര്‍ക്കര പായസം, മണ്ണൂല്‍ കാവില്‍ നൈ പായസം. ചെരക്കാട്ടികാവില്‍ ഊട്ട്. അവിടെ പായസം കഴിക്കാറില്ല, അതിനു പകരമാണ്' ഊട്ട്. താവഴിയില്‍പെട്ട ഏതെങ്കിലും ഒരു സ്ത്രീ കാവില്‍ ചെന്ന് അടുപ്പു കൂട്ടി പച്ചരി വേവിച്ച ശേഷം അതില്‍ പനം ചക്കര പാനിയും നാളികേരകോത്തും ചേര്‍ത്ത് തിളപ്പിച്ച് നിവേദ്യമാക്കി നടക്കല്‍ ഒരു നാക്കിലയില്‍ വിളമ്പും. ഒരു ചിരട്ടയില്‍ ചക്കര പാനിയില്‍ കുറച്ച് നാളികേര പൂളുകള്‍ അതിന്നരികില്‍ വെക്കും. പൂവും വെള്ളവും അര്‍ച്ചിക്കും. അതോടെ ഊട്ട് കഴിഞ്ഞു. ചിരട്ടയിലുള്ള വിഭവം കിട്ടാനായി ഞാന്‍ ഊട്ടിന്നാണ്' പോയിരുന്നത്.

വൈകുന്നേരം ചെമ്മിനികാവില്‍ വെച്ചാണ്, ബാക്കി ചടങ്ങുകള്‍. വലിയ ഒരു വട്ടിയില്‍ നിറയെ ദോശ, പുഴുങ്ങിയ വെള്ളപയര്‍, അവില്‍, മലര്‍ പൂജാപാത്രങ്ങള്‍, നിലവിളക്ക് എന്നിവയുമായി പണിക്കാരന്‍ മുമ്പേ പോകും. പിറകെ മറ്റെല്ലാവരും. കാവില്‍ പാല്‍പ്പായസവും വെള്ള നിവേദ്യവുമായിരിക്കും പ്രസാദം. അകത്തെ ദീപാരാധന കഴിഞ്ഞാല്‍ വെളിയില്‍ പൂജ. അതിന്നു ശേഷം ഭഗവതിയുടെ മുന്നില്‍ നിന്ന് വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി പുറത്തു വരും. വെള്ളരിയും ഭസ്മവും വാരി മേലോട്ട് എറിഞ്ഞ് അട്ടഹസിക്കും. ഒടുവില്‍ "ക്ടാങ്ങള്‍ക്ക് നാണിയകുറ്റം കൂടാതെ നോക്കാം, പോരെ" എന്ന് കല്‍പ്പന തരും. മുത്തശ്ശി കൈകൂപ്പി ശരി എന്ന് സമ്മതിക്കുന്നതോടെ കര്‍മ്മങ്ങള്‍ അവസാനിക്കും. അമ്പല പറമ്പില്‍ ഉള്ള എല്ലാവര്‍ക്കും ഇല ചീന്തില്‍ പ്രസാദം കൊടുത്ത് വീട്ടിലേക്ക് മടങ്ങും.
മുത്തശ്ശിയുടെ കാലശേഷം അമ്മ കുറച്ചു കാലം ഇതെല്ലാം തുടര്‍ന്നു. പക്ഷേ പഴയ പൊലിമ ഒട്ടും ഇല്ലാതായി. അമ്പല പറമ്പില്‍ പന്തു കളിക്കുന്ന പിള്ളേര്‍ പോലും പ്രസാദം കൊടുത്താല്‍ വാങ്ങാതായി. എനിക്കും ഈ അനുഷ്ഠാനത്തില്‍ ശകലം കുറച്ചില്‍ തോന്നി തുടങ്ങി. അഗ്നിബാധയെ തുടര്‍ന്ന് ചെമ്മിനിക്കാവില്‍ പുനരുദ്ധാരണവും പ്രതിഷ്ഠയും നടത്തി. അതിന്നു മുമ്പ് കാവിനോട് അനുബന്ധിച്ചുള്ള സകല പ്രേതാത്മാക്കളേയും വേര്‍പാട് ക്രിയയിലൂടെ ഒഴിവാക്കി. ആയതില്‍ ഇഷ്ണൂലി വയങ്കരമ്മയുടെ ആത്മാവും ഉള്‍പ്പെട്ടതോടെ എല്ലാം വിസ്മൃതിയിലേക്ക് നീങ്ങി.