Wednesday, April 13, 2011

ഒരു വിഷു ദിവസം.

ഈ സംഭവം നടന്ന കൊല്ലം വ്യക്തമായി ഒര്‍മ്മയിലില്ല. എഴുപത്തി മൂന്നിന്ന് ശേഷവും എഴുപത്തി ഏഴിന്ന് മുമ്പും ആണെന്നേ പറയാന്‍ പറ്റു.

എന്‍റെ ചെറുപ്പകാലത്തെ സുഹൃത്തായിരുന്ന മുഹമ്മദിന്ന് ബസ്സ് സ്റ്റോപ്പില്‍ ഒരു പെട്ടി കടയുണ്ടായിരുന്നു. ഒഴിവ് സമയങ്ങളില്‍ ഞാന്‍ അയാളോട് സൊറ പറഞ്ഞു കൊണ്ട് കടയിലിരിക്കും. അടുത്തുള്ള സിനിമ തിയേറ്ററില്‍ എത്തുന്ന എല്ലാ പടവും കാണണമെന്ന് മോപ്പാന് ( അങ്ങിനെയാണ് മുഹമ്മദിനെ ഞാന്‍ വിളിക്കാറ് ) നിര്‍ബന്ധമാണ്. പലപ്പോഴും ഞാനാവും ഒപ്പം ഉണ്ടാവുക.

വിഷുവിന്ന് പത്ത് ദിവസം മുമ്പുതന്നെ മോപ്പാന്‍റെ കടയില്‍ പടക്ക കച്ചവടം തുടങ്ങും. വിഷു തലേന്നാള്‍ ഞങ്ങള്‍ കൂട്ടുകാര്‍ മോപ്പാനെ പടക്ക വില്‍പ്പനയ്ക്ക് സഹായിക്കും. ആ കൊല്ലവും പതിവ് തെറ്റിച്ചില്ല. തിരക്ക് കുറഞ്ഞപ്പോള്‍ ഞാന്‍ വീട്ടില്‍ ചെന്ന് രാത്രി ഭക്ഷണം കഴിച്ച് വീണ്ടും കടയിലെത്തി. സാധനങ്ങള്‍ വാങ്ങി ആളുകള്‍ പോയി കഴിഞ്ഞിരിക്കുന്നു. മോപ്പാനെ കൂടാതെ ഗോപിയേട്ടനും ചിന്നണ്ണനും മാത്രമേ കടയിലുള്ളു. നോക്കുമ്പോള്‍ കടയില്‍ കുറെയേറെ പടക്കങ്ങള്‍ ബാക്കി വന്നിരിക്കുന്നു. മോപ്പാന്‍റെ മുഖത്ത് ഒരു പ്രസാദവും ഇല്ല.

"കുട്ടി. സാധനം കുറെ ബാക്കി വന്നു. എന്താ ചെയ്യേണ്ടത് " മോപ്പാന്‍ എന്നോട് ചോദിച്ചു. ഞാന്‍ ഒന്നും പറഞ്ഞില്ല. പകരം ഗോപിയേട്ടന്‍റേയും ചിന്നണ്ണന്‍റേയും മുഖത്ത് നോക്കി.

"അതിനാടോ വിഷമം. താന്‍ ഒരു മുട്ട വിളക്ക് കത്തിച്ച് വെക്ക് " ഗോപിയേട്ടന്‍ മോപ്പാനോട് പറഞ്ഞു. എന്താണ് അദ്ദേഹം ഉദ്ദേശിച്ചത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല.

"എന്താടോ മിഴിച്ച് നില്‍ക്കുന്നത്. ഈ പടക്കം മുഴുവന്‍ നമ്മളിപ്പോള്‍ പൊട്ടിക്കും " ഗോപിയേട്ടന്‍ ഉദ്ദേശം വെളിപ്പെടുത്തി.

"അപ്പോള്‍ കാശോ " ചിന്നണ്ണന്ന് അത് അറിയണം.

"നമ്മള്‍ മൂന്നാളും കൂടി മുഹമ്മദിന്ന് കൊടുക്കും. അതിലെന്താ ഇത്ര സംശയം ".

പിന്നെ താമസം ഉണ്ടായില്ല. പീടികയുടെ പുറത്ത് റോഡോരത്ത് ഇരുമ്പ് സ്റ്റൂള്‍ ഇട്ട് അതിന്ന് മേലെ മുട്ട വിളക്ക് കത്തിച്ചു വെച്ചു. പടക്കം പൊട്ടിക്കാന്‍ തുടങ്ങിയതോടെ തൊട്ടടുത്തുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്ന് ഉച്ചത്തിലുള്ള അട്ടഹാസം കേട്ടു തുടങ്ങി.

"നമ്മുടെ മയന്‍ വൈദ്യരാണ് " മോപ്പാന്‍ പറഞ്ഞു " നാലഞ്ച് ദിവസമായിട്ട് മൂപ്പര്‍ക്ക് ഇത്തിരി കൂടുതലാണ് ".

എന്‍റെ കുട്ടിക്കാലം മുതല്‍ക്കെ കണ്ടു വരാറുള്ള ആളാണ് മായന്‍ വൈദ്യര്‍ . മനസ്സിന്‍റെ സമനില തകരാറിലായ ആളാണ് അദ്ദേഹം. പക്ഷെ ആര്‍ക്കും ഒരു വിധത്തിലുള്ള ബുദ്ധിമുട്ടും വൈദ്യര്‍ ഉണ്ടാക്കിയിരുന്നില്ല. ഇടയ്ക്ക് വല്ലതും പിറുപിറുത്തുകൊണ്ട് നടക്കും. നല്ല പരിചയക്കാരെ കണ്ടാല്‍ എന്തെങ്കിലും ചോദിച്ചു വാങ്ങും. ആദ്യമൊക്കെ ഞാന്‍ വൈദ്യരെ കാണുമ്പോള്‍ അയാളുടെ ഷര്‍ട്ടിന്‍റെ പോക്കറ്റിന്ന് മുകളിലായി അരിവാള്‍ കതിര്‍ ചിഹ്നം ഉള്ള ഒരു ബാഡ്ജ് എപ്പോഴും ഉണ്ടായിരുന്നു. പിന്നീട് എപ്പോഴോ മൂവര്‍ണ്ണ കൊടി ആ സ്ഥാനം ഏറ്റെടുത്തു.

പടക്കങ്ങള്‍ പൊട്ടിച്ച് തീരുന്നതു വരെ വൈദ്യരുടെ അട്ടഹാസം മുഴങ്ങി കേട്ടു. ഒടുവില്‍ അയാള്‍ ഞങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു.

"കൈനീട്ടം " അയാള്‍ കൈ നീട്ടി.

"വിഷു നാളെ അല്ലേടോ " ഗോപിയേട്ടന്‍ പറഞ്ഞു.

"എനിക്കുള്ളത് ഇപ്പൊത്തന്നെ തരിന്‍. നാളെ കാണാന്‍ പറ്റീലെങ്കിലോ " വൈദ്യര്‍ ചോദിച്ചു.

ഞങ്ങള്‍ മൂന്നാളും മോപ്പാന്‍റെ കയ്യില്‍ നിന്ന് ഓരോ രൂപ തുട്ട് വാങ്ങി വൈദ്യര്‍ക്ക് കൊടുത്തു. അതും വാങ്ങി കണ്ണില്‍ വെച്ച് വൈദ്യര്‍ ഇരുട്ടിലേക്ക് ഇറങ്ങി. മോപ്പാന്‍ പീടിക പൂട്ടി. ഞങ്ങള്‍ പിരിഞ്ഞു.

പിറ്റേന്ന് കണി കഴിഞ്ഞ ശേഷം ഞാന്‍ അമ്മയോടൊപ്പം കാടാമ്പുഴ ക്ഷേത്രത്തിലേക്ക് പോയി. ഉച്ച തിരിഞ്ഞാണ് ഞങ്ങള്‍ മടങ്ങിയെത്തിയത്.

"കുട്ടി. ഇവിടെ വരൂ " ബസ്സ് ഇറങ്ങി വരുന്ന എന്നെ മോപ്പാന്‍ വിളിച്ചു.

"നമ്മുടെ വൈദ്യര് പോയി " മോപ്പാന്‍ പറഞ്ഞു.

ഞാന്‍ തരിച്ചു നിന്നു. തലേ രാത്രി കൈനീട്ടം ചോദിച്ച് അയാള്‍ പറഞ്ഞത് എന്‍റെ മനസ്സില്‍ എത്തി.

"എന്താ പറ്റിയത് " ഞാന്‍ മോപ്പാനോട് ചോദിച്ചു.

"പുഴയില്‍ മുങ്ങി മരിച്ചതാണ് " മോപ്പാന്‍ പറഞ്ഞു " പോലീസ് വന്ന് പോസ്റ്റ് മാര്‍ട്ടത്തിന്ന് കൊണ്ടു പോയി ".

വേനലില്‍ വരണ്ട പുഴയില്‍ മുട്ടിന്ന് താഴെ വെള്ളമേ ഉള്ളു. അതില്‍ എങ്ങിനെ മുങ്ങി മരിക്കും. ഞാന്‍ എന്‍റെ സംശയം ചോദിച്ചു.

"അതന്നെ എല്ലാവരും ചോദിക്കുന്നത്. കുളിക്കുമ്പോള്‍ അറ്റാക്ക് വന്നതാവും എന്നാ ചിലരൊക്കെ പറയുന്നത് ".

പാതയോരത്തെ മാവിന്‍ ചുവട്ടില്‍ അമ്മ എന്നെ കാത്തു നില്‍ക്കുകയാണ്. ഞാന്‍ അമ്മയുടെ അടുത്തേക്ക് നടന്നു.

"എനിക്കുള്ളത് ഇപ്പൊത്തന്നെ തരിന്‍. നാളെ കാണാന്‍ പറ്റീലെങ്കിലോ " വൈദ്യരുടെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങുന്നത് പോലെ തോന്നി.

( എല്ലാവര്‍ക്കും വിഷു ആശംസകള്‍ )

Tuesday, April 5, 2011

പുകയില കഷായം.

സത്യമായിട്ടും എനിക്ക് താല്‍പ്പര്യമുള്ള കാര്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത് കൃഷി തന്നെയാണ്. അല്‍പ്പം നെല്‍ കൃഷിയുണ്ടെങ്കിലും എനിക്ക്പച്ചക്കറി കൃഷിയോടാണ് ഏറെ ഇഷ്ടം . പക്ഷെ എന്തുകൊണ്ടോ പ്രായോഗിക തലത്തില്‍ എത്തുമ്പോള്‍ സംഗതി പരാജയപ്പെടാറാണ് പതിവ്.

'' നിന്‍റെ കയ്യോണ്ട് കുത്തിയിട്ടാല്‍ മുളക്കില്ല. എന്തിനാ വെറുതെ വിത്ത് കളയുന്നത് '' എന്ന്, ഞാന്‍ കുട്ടിക്കാലത്ത് എന്തെങ്കിലും കൃഷി ചെയ്യാന്‍ ഒരുമ്പെട്ടാല്‍ അമ്മ പറയും. അതുകൊണ്ട് കൃഷിയും അതിനോടനുബന്ധിച്ച പരീക്ഷണങ്ങളും മനസ്സില്‍ തന്നെ നടത്തുകയാണ് പതിവ്. ഞാന്‍ കൃഷി ചെയ്ത ബീറ്റ് റൂട്ടും, കാരറ്റും, ബീന്‍സും, കാബേജും, കോളിഫ്ലവറും വളര്‍ന്ന് ഫലം നല്‍കുന്നത് സ്വപ്നം കാണാറുണ്ട്.

ഇക്കൊല്ലം പച്ചക്കറിക്ക് ക്രമാതീതമായി വില ഉയര്‍ന്നതും, കിട്ടാന്‍ ഉണ്ടായ പ്രയാസങ്ങളും കൃഷി ചെയ്തേ അടങ്ങൂ എന്ന തീരുമാനത്തില്‍ എന്നെ എത്തിച്ചു. " കാക്ക ഇരിക്കലും പനമ്പഴം വീഴലും ഒന്നിച്ചായി " എന്ന് പറയുന്നത് പോലെ ആ സമയം നോക്കി വാരികയോടൊപ്പം പച്ചക്കറി വിത്തുകളും കൃഷി ചെയ്യേണ്ട രീതിയെ കുറിച്ചുള്ള വിവരണവും ലഭിച്ചു.

വിത്തുകള്‍ എവിടെ നടണം എന്നതായി അടുത്ത പ്രശ്നം. ടെറസ്സില്‍ കൃഷി ചെയ്താലോ എന്ന് ചിന്തിച്ചു. മിനി ടീച്ചര്‍ ആ വിധത്തില്‍ കൃഷി ചെയതതായി ബ്ലോഗില്‍ വായിച്ച ഓര്‍മ്മയുണ്ട്.

ആ രീതി അവലംബിച്ചാലോ?

'' നമുക്ക് ടെറസ്സില്‍ കൃഷി ചെയ്ത് നോക്കിയാലോ '' ഞാന്‍ സുന്ദരിയോട് ചോദിച്ചു.

'' എന്നിട്ട് വേണം അവിടം മുഴുവന്‍ വൃത്തികേടാക്കാന്‍ '' ഭാര്യ പ്രതികരിച്ചത് അങ്ങിനെയാണ്.

ഇനിയെന്ത് ചെയ്യും. തലങ്ങും വിലങ്ങും ആലോചിച്ചപ്പോള്‍ പരിഹാരം മുന്നിലെത്തി. വീടിന്‍റെ ഗെയിറ്റ് മുതല്‍ മുറ്റം വരെയുള്ള വഴിയോരത്ത് ചെങ്കല്ലുകൊണ്ട് തടം കെട്ടിച്ച് അതില്‍ പലതരം ചെടികള്‍
അലങ്കാരത്തിന്നായി വെച്ചിട്ടുണ്ട്. ഏതോ കാലത്ത് കുറെ പണം മുടക്കി വാങ്ങിയവയാണ് ആ ചെടികള്‍ ‍. അവയെ പിഴുതു കളഞ്ഞ് പച്ചക്കറി വിത്തുകള്‍ നടാം. പിന്നെ അധികം താമസിച്ചില്ല. പല വിധത്തിലുള്ള പുല്‍ച്ചെടികള്‍ വെണ്ടയ്ക്കും പടവലത്തിന്നും വഴി മാറി. ഒന്നു രണ്ട് ദിവസം കൊണ്ട് പൂന്തോട്ടം ശൂന്യം. ഇത്തവണയും പതിവ് തെറ്റിയില്ല. പല പ്രാവശ്യമായി കിട്ടിയ വിത്തുകള്‍ എല്ലാം ഞാന്‍ നട്ടുവെങ്കിലും ഒരെണ്ണം പോലും മുളച്ചില്ല.

എനിക്ക് ഉണ്ടായ മനസ്താപത്തിന്ന് കണക്കില്ല. പച്ചക്കറി വിത്തുകള്‍ മുളച്ചതുമില്ല, പൂച്ചെടികള്‍ നഷ്ടപ്പെടുകയും ചെയ്തു. വൈകീട്ട് റെയില്‍വെ സ്റ്റേഷനില്‍ കാറ്റുംകൊണ്ട് ഇരിക്കുമ്പോള്‍ ഞാന്‍ കുട്ടുകാരന്‍ അജിതനോട് വിഷമം പറഞ്ഞു.

'' മുളച്ചില്ലെങ്കില്‍ പോട്ടെ. ഞാന്‍ കുറച്ച് വിത്തുകള്‍ തരാം. കുഴിച്ചിട്ട് നോക്ക് '' അയാള്‍ ആശ്വസിപ്പിച്ചു. പിറ്റേന്നു തന്നെ വെണ്ട , പയ‍ര്‍ , കയ്പ്പ വിത്തുകള്‍ കിട്ടി. ഇത്തവണ പരീക്ഷണത്തിന്ന് നിന്നില്ല. കിട്ടിയ വിത്തുകള്‍ ഭാര്യയോട് കുഴിച്ചിടാന്‍ പറഞ്ഞ് ഞാന്‍ മേല്‍നോട്ടം മതിയെന്ന് വെച്ചു. ദൂഷ്യം പറയരുതല്ലോ, വിത്തുകള്‍ ഒന്നൊഴിയാതെ മുളച്ചു. വൈകുന്നേരങ്ങളില്‍ പമ്പ് ഓണാക്കി ഹോസുമായി നടന്ന് ഞാന്‍ ചെടികള്‍ക്ക് വെള്ളം ഒഴിക്കും. നോക്കി നില്‍ക്കെ ചെടികള്‍ മൂന്നിലയായി വളര്‍ന്നു. കുറച്ച് ആട്ടിന്‍ കാഷ്ഠം പൊടിച്ച് ഇട്ടതോടെ എല്ലാം ഉഷാര്‍ ‍.

മൂന്ന് നാല് ദിവസം കഴിഞ്ഞപ്പോള്‍ ഒരു ചെടി വാടിയതായി കണ്ടു.

" പുഴുക്കേടാണ്" ഭാര്യ പറഞ്ഞു '' മരുന്ന് അടിക്കേണ്ടി വരും ''.

'' അയ്യേ. നമ്മള്‍ ജൈവകൃഷി ചെയ്യുകയാണ്. പുകയില കഷായം ഉണ്ടാക്കി തളിച്ചാല്‍ മതി '' എപ്പോഴോ ടി. വീ യിലെ കാര്‍ഷിക പരിപാടി കണ്ട ഓര്‍മ്മയില്‍ ഞാന്‍ പറഞ്ഞു.

'' എനിക്ക് അതൊന്നും ഉണ്ടാക്കാനറിയില്ല '' വീട്ടുകാരി ഒഴിഞ്ഞു.

" ഏതായാലും ആദ്യം സാധനങ്ങള്‍ വാങ്ങാം ''മനസ്സില്‍ ഉറച്ചു

" ദാസേട്ടാ, നിങ്ങള് എപ്പഴാ പുകല മുറുക്കാന്‍ തുടങ്ങിയത് '' പീടികയില്‍ ചെന്ന് പുകയില ചോദിച്ചപ്പോള്‍ കടക്കാരന്‍ മുഹമ്മദാലി ചോദിച്ചു.

'' ഇത് തിന്നാനൊന്നും അല്ല. കീട നാശിനി ഉണ്ടാക്കാനാണ് '' ഞാന്‍ സംശയം തീര്‍ത്തു.

" അപ്പോള്‍ വെള്ളുള്ളീം , ബാര്‍സോപ്പും , വേപ്പണ്ണയും ഒക്കെ വേണ്ടേ " അയാള്‍ ചോദിച്ചു.

അത് നന്നായി. ഇപ്പോള്‍ ചേരുവകള്‍ മനസ്സിലായി. ആയുര്‍വേദ മരുന്നുകള്‍ വില്‍ക്കുന്ന പീടികയില്‍ നിന്ന് വേപ്പെണ്ണ വാങ്ങി. ബാക്കി മുഹമ്മദാലിയും. സാധനങ്ങളായി , ഇനി അടുത്ത പടി.

'' ഇത് എങ്ങിന്യാ ഉണ്ടാക്കേണ്ടത് " ഭാര്യ ചോദിച്ചു. അപ്പോഴാണ് ആ കാര്യം ഓര്‍ത്തത് തന്നെ.

മുത്തശ്ശിക്ക് വാതകടച്ചിലിന്ന് കഷായം ഉണ്ടാക്കിയതിന്‍റെ നേരിയ ഒര്‍മ്മയുണ്ട്. ചേരുവകള്‍ കൊത്തി നുറുക്കി ഇടങ്ങഴി വെള്ളത്തിലില്‍ വേവിച്ച് നാഴിയാക്കി കുറുക്കി...

ഒട്ടും അമാന്തിച്ചില്ല. വാങ്ങിയ സാധനങ്ങള്‍ പകുതി വീതം എടുത്ത് ഒരു മണ്‍ ചട്ടിയിലെ വെള്ളത്തിലിട്ട് തിളപ്പിച്ചു. കുറച്ചൊക്കെ വറ്റിയപ്പോള്‍ വാങ്ങി വെച്ചു. തണുത്തതും ചണ്ടി പിഴിഞ്ഞു കളഞ്ഞ് കുറച്ചു കൂടി വെള്ളം ചേര്‍ത്ത് നിലം തുടയ്ക്കാന്‍ ഉപയോഗിക്കുന്ന ലായിനിയുടെ ഒഴിഞ്ഞ പാത്രത്തിലാക്കി ചെടികള്‍ക്ക് അടിച്ചു കൊടുത്തു.

വൈകുന്നേരം കൂട്ടുകാരനോട് വിവരം പറഞ്ഞു.

'' ഭേഷായി " അയാള്‍ പറഞ്ഞു " ഓരോന്നും പ്രത്യേകം പ്രത്യേകം വെള്ളത്തിലിട്ട്ചണ്ടിയെല്ലാം കളഞ്ഞ് ആ വെള്ളമെല്ലാം കൂടി മിശ്രിതമാക്കി നേര്‍പ്പിച്ചു വേണം ഉപയോഗിക്കാ‍ന്‍ . തിളപ്പിച്ചത് കാരണം ചിലപ്പോള്‍ ചെടികള്‍ കരിഞ്ഞു പോയേക്കാം ".

ഇനി പറഞ്ഞിട്ട് കാര്യമില്ല. കാര്യം കൈവിട്ടു കഴിഞ്ഞു. ചെടികള്‍ കരിഞ്ഞു പോവുന്നുണ്ടോ എന്ന് നോക്കിയിരിക്കുകയാണ് ഇപ്പോള്‍ ‍.