Thursday, December 6, 2012

വാഴത്തവള.

ബാത്ത് റൂമില്‍ കയറി വാതിലടച്ചതേയുള്ളു, വെന്‍റിലേറ്ററിലിരുന്ന വാഴത്തവള മാറത്തേക്ക് ഒറ്റച്ചാട്ടം. അതിന്‍റെ ശരീരത്തിലെ നനവ് അറപ്പുളവാക്കി. കൈകൊണ്ട് ഞാനതിനെ തട്ടി തെറുപ്പിച്ചു. ചുമരില്‍ പറ്റിപ്പിടിച്ചിരുന്ന അത് എന്നെത്തന്നെ നോക്കുന്നു. വീണ്ടും ഒരു ചാട്ടത്തിനുള്ള ഭാവമാണ്. എനിക്കു വന്ന ദേഷ്യത്തിന് കണക്കില്ല. ഒറ്റയടിക്ക് അതിനെ ഇല്ലാതാക്കണമെന്ന് എനിക്ക് തോന്നി. ചുറ്റുപാടും  ഞാന്‍ കണ്ണോടിച്ചു. കുളിമുറിയുടെ ഒരു മുക്കിലായി നീളന്‍ കൈപ്പിടിയോടു കൂടിയ നിലം ഉരച്ചു കഴുകാന്‍ ഉപയോഗിക്കുന്ന ബ്രഷ് ഇരിക്കുന്നു. ഞാനത് കയ്യിലെടുത്തു.

സര്‍വ്വശക്തിയുമെടുത്ത് ചുമരുചേര്‍ത്ത് ഞാന്‍ ഒറ്റയടി. എന്‍റെ നീക്കം മനസ്സിലാക്കിയിട്ടാവും അത് വേറൊരു ഭാഗത്തേക്ക് ഒറ്റച്ചാട്ടം. '' അങ്ങിനെ നീ എന്നെ തോല്‍പ്പിക്കാറായിട്ടില്ല '' എന്ന മട്ടില്‍ ഞാന്‍ വീണ്ടും പ്രഹരിച്ചു. ഇത്തവണയും അത് ഒഴിഞ്ഞു മാറി. അതോടെ എനിക്കും വാശിയായി. നാലഞ്ചു തവണ ഇത് ആവര്‍ത്തിച്ചു. ഓരോ പ്രാവശ്യവും അത് വിദഗ്ധമായി ഒഴിഞ്ഞു മാറി.

പക്ഷെ എന്‍റെ ഒരടി അതിന്‍റെ ശരീരത്തില്‍ കൊള്ളുകതന്നെ ചെയ്തു. ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നാണ് സംഭവിച്ചത്. ആ തവള അതി ദീനമായ സ്വരത്തില്‍ കരഞ്ഞു. തോരാതെ പെയ്യുന്ന മഴക്കാലത്തെ രാത്രി നേരങ്ങളില്‍ തവളകള്‍ '' പേക്രോം '' വിളിച്ചു കരയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പാമ്പിന്‍റെ വായില്‍ പെട്ട തവള പ്രാണരക്ഷാര്‍ത്ഥം കരയുന്നതും പല തവണ കേട്ട അനുഭവമുണ്ട്. എന്നാല്‍ അതില്‍നിന്നൊക്കെ  വ്യത്യസ്തമായ ഒന്നായിരുന്നു ഈ വിലാപം.

എന്‍റെ അടുത്ത അടിയില്‍ നിന്ന് ചാടി രക്ഷപ്പെടാനുള്ള ശക്തി അതിനിലായിരുന്നു. എന്തുകൊണ്ടോ    ആ അടി അതിന്‍റെ മേത്ത് കൊണ്ടില്ല എന്നേയുള്ളു. ആ ജീവി വീണ്ടും വിലപിച്ചു. എന്നേ കൊല്ലരുതേ എന്ന അപേക്ഷയാണ് അതെന്ന് എനിക്ക് തോന്നി. ഞാന്‍ ആ തവളയെ നോക്കി. ഉറപ്പായ മരണത്തില്‍ നിന്ന് ചാടി രക്ഷപ്പെടാനുള്ള കഴിവില്ലായ്മ ഓര്‍ത്ത് പേടിച്ചു വിറയ്ക്കുന്നതുപോലെ ആ സാധു ജീവി  കിതയ്ക്കുകയാണ്.

എനിക്ക് കുറ്റബോധവും ലജ്ജയും ഒരുമിച്ചുണ്ടായി. എന്നെ മാതിരിത്തന്നെ ഈശ്വര സൃഷ്ടിയായ ആ ജീവിയെ നിസ്സാരകാരണത്തിന്ന് കൊല്ലാനൊരുങ്ങിയതിന്ന് ഞാന്‍ എന്നെത്തന്നെ മനസാ കുറ്റപ്പെടുത്തി. ആ ബ്രഷ് ഞാന്‍ മുറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞ് വാതില്‍ തുറന്നു.

തുറന്ന വാതിലിലൂടെ ഒറ്റച്ചാട്ടത്തിന് വെളിയിലിറങ്ങിയ വാഴത്തവള തൊടിയിലെ ചെടികള്‍ക്കിടയില്‍ മറഞ്ഞു.