Thursday, February 12, 2009

ചീട്ടു കളി മാഹാത്മ്യം - രണ്ടാം ഭാഗം 

ചീട്ടു കളി ക്ലബ്ബിന്‍റെ ആദ്യകാലത്ത് ജൂനിയര്‍, സീനിയര്‍ എന്നിങ്ങനെ വേര്‍തിരിവ്ഉണ്ടായിരുന്നു. സീനിയേര്‍സിന്‍റെ ദൃഷ്ടിയില്‍ മറ്റുള്ളവര്‍ തികച്ചും ശിശുക്കള്‍.കളിയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചു തുടങ്ങുന്നവര്‍. ക്ലബ്ബിന്‍റെ ജീവാത്മാവും പരമാത്മാവും ആയിരുന്ന സെക്രട്ടറി ചന്ദ്രന്‍ മാസ്റ്റര്‍ സീനിയര്‍ ടീമിന്‍റെ ലീഡര്‍ കൂടി ആയിരുന്നു. തേനൂരില്‍ നിന്നും വന്നിരുന്ന ബാലന്‍ നായര്‍,ഗോവിന്ദന്‍,ജനാര്‍ദ്ദനന്‍, അബ്ദുള്‍ സുബ്‌ഹാന്‍, പറളിയിലെ കുഞ്ഞുമോനുക്ക, സേതു നായര്‍, ദാസേട്ടന്‍, കാസ്സിം, ഡോക്ടര്‍ വിക്ടര്‍ എന്നിവരൊക്കെ സീനിയര്‍ വിഭാഗത്തില്‍ പെടും. ജൂനിയര്‍ കളിക്കാരാണ്അംഗസംഖ്യയില്‍ കൂടുതല്‍. ഫുട്ബോളോ,ബാഡ്മിന്‍റനോ കളിച്ച് ഇരുട്ടാവുമ്പോഴേ ജൂനിയേര്‍സ്ക്ലബ്ബിലെത്തു. വൈകീട്ട് ഏഴു മണി കഴിഞ്ഞാല്‍ ജൂനിയര്‍ ടീം ചീട്ടുകളി നിര്‍ത്തി കാരണവന്മാര്‍ക്ക്ബാറ്റണ്‍ കൈമാറണം. അവര്‍ 9 മണി കഴിഞ്ഞതിന്ന്ശേഷമേ കളി നിറുത്തുകയുള്ളു. ഈ പരിപാടിയില്‍ ഇളയ തലമുറക്ക്മുറുമുറുപ്പ്ധാരാളം ഉണ്ടായിരുന്നു.

ആദ്യ കാലങ്ങളില്‍ ക്ലബ്ബ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങളിലൊന്നും വൈദ്യുതി ഉണ്ടായിരുന്നില്ല. വെല്‍ഫയര്‍ കെട്ടിടത്തിന്ന്മുമ്പില്‍ ഒരു തെരുവു വിളക്ക് ഉണ്ട്. അതിന്‍റെ വെട്ടത്തില്‍ കളിക്കാന്‍ പറ്റും. എന്നാലും കമ്പിറാന്തല്‍ കൊളുത്തി വെച്ച് അകത്തേ കളിക്കാറുള്ളു. ഒരു ദിവസം കളി കഴിഞ്ഞ് ഞങ്ങള്‍ ഇറങ്ങാറായ സമയം. ചന്ദ്രന്‍ മാസ്റ്റര്‍ വന്ന് എന്നോട് " കുട്ടി, റാന്തലില്‍ മണ്ണെണ്ണ തീര്‍ന്നു. കുറച്ച് വാങ്ങി ഒഴിച്ചിട്ട് വരൂ ' എന്ന് പറഞ്ഞു. ഞാന്‍ ഒരു വിധേയനെ പോലെ അനുസരിക്കാന്‍ തയ്യാറായതാണ് .പെട്ടെന്ന് രാമകൃഷ്ണന്‍ എന്‍റെ കയ്യില്‍ നിന്നും റാന്തല്‍ വാങ്ങി. " ദാസേട്ടന്‍ അവരെ പോലെ ഒരു ഉദ്യോഗസ്ഥനാണ്. നിങ്ങള്‍ റാന്തല്‍ തൂക്കി പോവരുത്. ഞങ്ങള്‍ പോയി വാങ്ങി കൊടുക്കാം. നിങ്ങള്‍ വീട്ടിലേക്ക് പോവിന്‍ ' എന്നും പറഞ്ഞ്എന്നെ അയച്ചു.

പിറ്റേന്ന് ക്ലബ്ബിലെത്തിയപ്പോള്‍ ആകെ ഒരു പുകില്. ഞാന്‍ വലിയ എന്തോ തെറ്റ് ചെയ്തതു പോലെ. അന്വേഷിച്ചപ്പോള്‍ തലേന്ന് വിളക്ക് സ്വല്‍പ്പനേരം കത്തിയ ശേഷം മുനിഞ്ഞ് കത്താന്‍ തുടങ്ങി. പിന്നീട് അത് അണഞ്ഞു. കുലുക്കി നോക്കുമ്പോള്‍ നിറയെ എണ്ണ ഉണ്ട്. അവസാനം പരിശോദിച്ചപ്പോള്‍ അകത്ത് മുഴുവന്‍ വെള്ളം. പിന്നെ ഒന്നും ചെയ്യാനില്ല. കളി മുടങ്ങി. അതിന്‍റെ മുഷിച്ചിലാണ്. ഞാന്‍ കൂട്ടുകാരോട് വിവരം ചോദിച്ചു." ഞങ്ങള്‍ ഭാരതപുഴയില്‍ ഇറങ്ങി, റാന്തലില്‍ വെള്ളം നിറച്ച് ക്ലബ്ബില്‍ വെച്ചു.മൂട്ടില്‍ കുറച്ച് എണ്ണ ഉണ്ടായിരുന്നത് കത്തി കഴിഞ്ഞപ്പോള്‍ വിളക്ക് കെട്ടു കാണും '. എത്ര സിമ്പിളായ മറുപടി.പക്ഷെ അവര്‍ക്ക്തക്കതായ കാരണം ഉണ്ടായിരുന്നു. " ഇന്നലെ നമ്മള്‍ മണ്ണെണ്ണ വാങ്ങി കൊടുത്താല്‍ അത് നമ്മുടെ പണി ആവും.നമ്മള്‍ അവരുടെ കൂലിക്കാരൊന്നുമല്ലല്ലോ .ആവശ്യക്കാര്‍ പോയി വാങ്ങട്ടെ '. റാന്തല്‍ വിളക്കില്‍ വെള്ളം നിറച്ചു എന്ന ഈ അപരാധം മുപ്പതു കൊല്ലം കഴിഞ്ഞിട്ടും എന്‍റെ പേരില്‍ ആരോപിച്ചിരുന്നു.

സീനിയേര്‍സിന്‍റെ ഡംഭ് അവസാനിപ്പിക്കാന്‍ ഒരു അവസരം കൊല്ലങ്ങള്‍ക്ക് ശേഷം ലഭിച്ചു.ഞങ്ങളെ തോല്‍പ്പിക്കാന്‍ പോന്ന ഒരു ടീമും ഇല്ല , ഇനി ഉണ്ടാവുകയുമില്ല എന്ന മട്ടിലുള്ള ഒരു അവകാശ വാദം പലകുറി കേട്ടപ്പോള്‍ ആകെ ക്കൂടി ചൊറിഞ്ഞു വന്നു. അപ്പോഴേക്കും ഞാന്‍ സീനിയര്‍ ടീമില്‍ ഇടം പിടിച്ചിരുന്നു.ഇത് ഒന്ന് കലക്കണം എന്ന് ഒരു ഉള്‍വിളി ഉണ്ടായി.ഓഫീസില്‍ 56 വിളിച്ച് കളിക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. ക്ലബ്ബിലുള്ളവര്‍ക്ക് അത് അറിയില്ല.എന്നാല്‍ ക്ലബ്ബില്‍ ചീട്ട് വിളിച്ചു കളിക്കുന്ന രീതി എനിക്ക് നന്നായി അറിയും.ഓഫീസിലെ കൂട്ടുകാരായ വരദരാജനോടും കുട്ടിയേട്ടനോടും ഞാന്‍ വിവരം പറഞ്ഞു. അവര്‍ക്കും ക്ലബ്ബില്‍ കളിക്കുന്ന രീതി അറിയും. നമുക്ക് ഒരു മത്സരത്തില്‍ ടീമായി കളിച്ചാലോ എന്ന് ഞാന്‍ ചോദിച്ചു. ഇരുവരും തയ്യാര്‍.

അടുത്ത തവണ സീനിയേര്‍സ് അഹങ്കാരം പറഞ്ഞപ്പോള്‍ ഞാന്‍ അവരെ കളിക്കാന്‍ വെല്ലു വിളിച്ചു. എന്‍റെ ഓഫീസിലെ പ്രഗത്ഭരല്ലാത്ത രണ്ടു കളിക്കാരെ കൊണ്ടുവരാം. എന്നിട്ട് ഞങ്ങള്‍ തോറ്റാല്‍ നിങ്ങള്‍ കേമന്മാര്‍. അല്ലാത്തപക്ഷം ഇനി മുതല്‍ വിമ്പ് പറയരുത്. അമിതമായ ആത്മവിശ്വാസം കാരണം, ഞങ്ങള്‍ തോറ്റ് തൊപ്പിയിട്ട് പോകുമ്പോള്‍ കരയരുത് എന്നായി അവര്‍.

എനിക്ക് അപ്പോള്‍ അലനെല്ലൂരിലേക്ക് ബാഡ്മിന്‍റന്‍ ടൂര്‍ണ്ണമെന്‍റിന്ന് പോയ കാര്യം ഓര്‍മ്മ വന്നു.വേനല്‍ കാലങ്ങളില്‍ പാടത്ത് ബാഡ്മിന്‍റന്‍ കളിക്കും. അതിലും ഞങ്ങളെ തോല്‍പ്പിക്കാന്‍ പോന്നവര്‍ ജനിച്ചിട്ടില്ല എന്ന ചിന്താഗതിക്കാരായിരുന്നു സീനിയേര്‍സ്. അങ്ങിനെയിരിക്കെ അലനെല്ലൂരില്‍ ഒരു ബാഡ്മിന്‍റന്‍ ടൂര്‍ണ്ണമെന്‍റ് നടക്കുന്ന വിവരം അറിഞ്ഞു.മാച്ചിന്ന് ടീമിനെ അയക്കണമെന്നായി. പ്രവേശന ഫീസും അപേക്ഷയും അയച്ചു. അന്നു മുതല്‍ കളിയെക്കുറിച്ചായി സംഭാഷണം.അലനല്ലൂര്‍ ഒരു ചെറിയ ഗ്രാമമാണ്. അവിടെ നല്ല കളിക്കാര്‍ ഉണ്ടാവാന്‍ സാദ്ധ്യതയില്ല. അവരെ നിലംപരിശ് ആക്കണം എന്നിത്യാദി വിടുവാക്കുകള്‍ കേട്ടുതുടങ്ങി.

അലനെല്ലൂരിലേക്ക് നല്ല ദൂരമുണ്ട്. കളിദിവസം രാവിലെ തന്നെ അങ്ങോട്ട് പോവാനായി വാഹനങ്ങള്‍ ഏര്‍പ്പാടാക്കി. കളിക്കാര്‍ക്ക്കാര്‍ ഒരെണ്ണം. മറ്റുള്ളവര്‍ക്ക് മൂന്ന്ജീപ്പുകള്‍. ഗ്രൌണ്ട് സപ്പോര്‍ട്ടിന്ന് ആളു വേണം.ഒട്ടും കുറയരുതല്ലോ.ഉച്ച കഴിഞ്ഞതും സംഘം യാത്രയായി. എനിക്ക് പോവാന്‍ സാധിച്ചില്ല. സന്ധ്യയോടെ തോറ്റ് തൊപ്പിയിട്ട് കക്ഷികള്‍ മടങ്ങിയെത്തി. ഒറ്റ പന്ത് തൊടാന്‍ നമ്മുടെ കളിക്കാര്‍ക്ക് കഴിഞ്ഞില്ല എന്ന് പിന്നീട് കളി കാണാന്‍ ചെന്ന കൂട്ടുകാര്‍ പറഞ്ഞറിഞ്ഞു.ഇതും അതു മാതിരി ആവണേ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. കുട്ടിയേട്ടനോടും വരദരാജനോടും ഞാന്‍ ഒന്നേ പറഞ്ഞുള്ളു. കയ്യ് വിളിക്കുന്നത് ഓഫീസിലേതു പോലെ മതി. എതിരാളികള്‍ക്ക് അറിയില്ല. അവര്‍ വിളിക്കുന്നത് നമ്മള്‍ ശ്രദ്ധിച്ച് കളിച്ചാല്‍ മതി.

ഞായറാഴ്ച രാവിലെ പത്തു മണിക്ക് കളി. കുഞ്ഞുമോനുക്ക റഫറി. കളിയില്‍ ജയം കണക്കാക്കുന്നത് ബെസ്റ്റ് ഓഫ് ത്രീ രീതിയില്‍. രണ്ടെണ്ണം ജയിച്ച ടീം വിജയി.ആദ്യത്തെ കളി ഞങ്ങള്‍ ജയിച്ചു. നിങ്ങള്‍ എത്ര പൊങ്ങുമെന്ന് നോക്കട്ടെ എന്ന് കരുതി വിട്ടു തന്നതാണ്. ഇനി കാണിച്ചു തരാം എന്നായി എതിര്‍ ടീം. എന്നാല്‍ അതിലും അവര്‍ മുട്ടുകുത്തി. പേരിന്ന്ഒരു വട്ടം കൂടി കളിച്ചു നോക്കി. അതിലും ഞങ്ങളെ തോല്‍പ്പിക്കാനായില്ല. കളി കഴിഞ്ഞപ്പോള്‍ " ഇന്ന് ഒട്ടും കയ്യ് കേറീലാ' എന്ന് സേതു നായര്‍ പറഞ്ഞു.
" നിങ്ങള്‍ മിണ്ടാണ്ടിരിക്കിന്‍. കുട്ടികള്‍ എന്താ വിളിച്ചത് എന്ന് നിങ്ങക്ക് അറിഞ്ഞിട്ടു വേണ്ടേ ജയിക്കാന്‍ ' എന്നായി റഫറി. എന്നിട്ട് എന്നോട് "ഉണ്ണീ, ഇമ്മാതിരി വിളി ഞാന്‍ ആദ്യായിട്ട് കേള്‍ക്കുന്നതാ, എന്താ അതിന്‍റെ ഗുട്ടന്‍സ് ' എന്ന് ആരായുകയും ചെയ്തു.

ട്രാന്‍സ്മിഷന്‍ ഡിവിഷനില്‍ ജോലി ചെയ്യുന്ന കാലത്താണ്' ഉച്ച ഭക്ഷണം കഴിഞ്ഞ് ഉള്ള ഒഴിവു സമയത്ത് ചീട്ടുകളിയില്‍ ഏര്‍പ്പെട്ടു തുടങ്ങിയത്. അവിടെ നല്ല നല്ല കളിക്കാരുണ്ടായിരുന്നു. കുറച്ചു സമയമേ കിട്ടിയിരുന്നുള്ളു എങ്കിലും കളി വാശിയേറിയതായിരുന്നു.ഉച്ച കളിക്കുള്ള പ്രചോദനം കിട്ടിയത് അവിടെ നിന്നാണ്. ഇലക്ട്രിക്കല്‍ ഭാഗത്തേക്ക് മാറിയതോടെ ചീട്ടു കളിയുടെ ശുക്രദശ ആയി. എത്ര എത്ര കളിക്കാര്‍.എന്തെല്ലാം ടൈപ്പ് കളികള്‍. പോരാത്തതിന്ന് ചില കൊല്ലങ്ങളില്‍ നടത്താറുള്ള മത്സരങ്ങള്‍. ജില്ലയിലെ മിക്കവാറും ഓഫീസുകളില്‍ മത്സരവിവരം അറിയിക്കും. കളിയില്‍ താല്പര്യമുള്ളവര്‍പേരുകൊടുക്കും. ടീം ഉണ്ടാക്കുമ്പോള്‍ മികച്ച കളിക്കാര്‍ ഇഷ്ടപ്പെട്ട കൂട്ടുകാരെ കൂട്ടി ചേര്‍ത്തി ടീം ഉണ്ടാക്കും.

വിജയികള്‍ക്ക് സ്റ്റീല്‍ പാത്രങ്ങള്‍, പേള്‍പെറ്റ് ജാറുകള്‍ എന്നിവ സമ്മാനം. ഏറ്റവും കൂടുതല്‍ ഇനങ്ങളില്‍ വിജയിച്ച് കൂടുതല്‍ പോയന്‍റ് കിട്ടിയ വ്യക്തിക്ക് വ്യക്തിഗത ചമ്പ്യന്‍ഷിപ്പ് കപ്പ് നല്‍കും.എനിക്ക് ധാരാളം സമ്മാനങ്ങളും കപ്പും കിട്ടിയിട്ടുണ്ട്. ക്ലബ്ബിലെ സുഹൃത്തുക്കള്‍ക്ക് മാത്രമേ ഇത്തരം വിജയങ്ങളില്‍ അസഹിഷ്ണുതയുള്ളു. അവര്‍ കിണ്ടിയും കിണ്ണവും സമ്മാനം കിട്ടി എന്നും പറഞ്ഞ് കൊതിക്കെറുവ് പ്രകടിപ്പിക്കും.ഒരിക്കല്‍ കാരം ബോര്‍ഡ് കളിക്ക് പറ്റിയ ജോഡിയെ കിട്ടാതെ സുന്ദരന്‍ വിഷമിച്ച് ഇരിക്കുകയാണ്. അവന്‍ സാമാന്യം നന്നായി കളിക്കും. കഷ്ടകാലം മൂത്ത സമയത്ത് "എടാ ഉണ്ണ്യേ, നിനക്ക് എന്‍റെ കൂടെ കളിക്കാന്‍ വിരോധമുണ്ടോ'എന്ന ഒരു ചോദ്യം. ആ കളിയില്‍ എന്‍റെ കഴിവ് അറിഞ്ഞിരുന്നുവെങ്കില്‍ അവന്‍ അത് ചോദിക്കുമായിരുന്നില്ല.ഞാന്‍ ഗൌരവത്തില്‍ കുറച്ചു നേരം ഇരുന്നു. ഞാന്‍ ആവശ്യം നിരസിക്കുമെന്ന് അവന്‍ കരുതി കാണും. ഒടുവില്‍ " എനിക്ക് വിരോധമൊന്നുമില്ല, പക്ഷേ നീ നന്നായി കളിച്ച് ജയിച്ചോളണം, എന്നെ കുറ്റം പറയരുത് ' എന്നും പറഞ്ഞു ടീം അംഗമായി. പാവം സുന്ദരന്‍. ഒന്നാം റൌണ്ടില്‍ തന്നെ തോറ്റുപോയിട്ടും സ്നേഹമുള്ളതിനാല്‍ എന്നെ ഒന്നും പറഞ്ഞില്ല.

പല ദിവസങ്ങളിലും ശകലം ചില്ലറ ഇറക്കി കളിച്ചു നോക്കിയിരുന്നു. റമ്മിയാണ് വിനോദം. ചിലപ്പോള്‍ കിട്ടും, ചിലപ്പോള്‍ പോവും. തട്ടി കിഴിച്ചു നോക്കിയാല്‍ നഷ്ടം ആവില്ല. സ്കൂട്ട്, ഹാഫ്, ഫുള്‍ എന്നിവക്ക് 25പൈസ, 50പൈസ, 1.00 രൂപ നിരക്കില്‍ തുടങ്ങി 2.00 , 5.00, 10.00 രൂപ നിരക്കിലേക്ക് ഉയരുകയും പബ്ലു രംഗത്ത് പ്രവേശിക്കുകയും ചെയ്തതോടെ കളിക്കാര്‍ പെരുകി.സമ്പാദിക്കാമെന്ന് വിചാരിച്ച് കളിക്കാനിരിക്കരുത്, വെറും വിനോദമായേ കണക്കാക്കാന്‍ പാടുള്ളു, വലിയ തുകകള്‍ വെച്ച് കളിക്കരുത്, ഒരു സ്ഥിരം ഏര്‍പ്പാട് ആക്കരുത് എന്നിങ്ങനെ ചില നിയന്ത്രണങ്ങള്‍ സ്വയം ഏര്‍പ്പെടുത്താന്‍ പറ്റുന്നവരെ കളിക്കാവൂ എന്നാണ് എനിക്കുള്ള അഭിപ്രായം. പിന്നെ ഒന്നുണ്ട്. രാമന്‍ കുട്ടി സ്ഥിരമായി പറയാറുള്ള കാര്യം. വിന്ദം എന്ന മുഹൂര്‍ത്തത്തില്‍ എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ അത് തിരികെ കിട്ടും എന്നാണ് അത്.
കളിക്കാരന്‍ കളിക്കാനിരിക്കുമ്പോള്‍ ആ സമയം വിന്ദം ആണെന്ന് സങ്കല്‍പ്പിച്ചാല്‍ മതിയത്രേ. എന്‍റെ അഭിപ്രായത്തില്‍ ഇതിന്‍റെ വിപരീതം കൂടി കണക്കിലെടുക്കണം. അതായത് വിന്ദം എന്ന മുഹൂര്‍ത്തത്തില്‍ എന്തെങ്കിലും കിട്ടിയാല്‍ അത് നഷ്ടമാവും എന്ന്.എങ്കില്‍ ഒരിക്കലും വിഷമിക്കേണ്ടി വരില്ല.

(ചീട്ടുകളി മാഹാത്മ്യം തുടര്‍ന്നേക്കും.)

Wednesday, February 11, 2009

ചീട്ടു കളി മാഹാത്മ്യം - ഒന്നാം ഭാഗം 

ഈശ്വരാനുഗ്രഹത്താല്‍ നന്നെ ചെറുപ്പത്തില്‍ തന്നെ ചീട്ടുകളി എന്ന വിദ്യ അഭ്യസിക്കുവാന്‍ എനിക്ക് കഴിഞ്ഞു. മനസ്സറിഞ്ഞ് എന്നെ അതിന്ന് സഹായിക്കുകയും വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കുകയും ചെയ്തവരെ സ്മരിച്ചില്ലെങ്കില്‍ ഗുരുത്വക്കേട് ഉണ്ടാവാന്‍ ഇടയുള്ളതിനാല്‍, ആചാര്യ സ്മരണയായി,പറളി ഹൈസ്കൂളിലെ സഹപാഠികളായ ചീട്ടുകളി ആശാന്മാരുടെ പാദങ്ങളില്‍ ഭക്ത്യാദരപുരസരം ഞാന്‍ ഈ മാഹാത്മ്യം കാഴ്ചവെക്കുകയും അവരെ പ്രണമിക്കുകയും ചെയ്യുന്നു.

ഹൈസ്കൂള്‍ വിദ്യാഭ്യാസം തുടങ്ങിയതേയുള്ളു. കാല്‍ കൊല്ല പരീക്ഷ കഴിഞ്ഞ്, ഉത്തര കടലാസുകള്‍ മാര്‍ക്കിട്ട ശേഷം വിതരണം ചെയ്തു കഴിഞ്ഞ സമയം. സാമാന്യം ഭേദപ്പെട്ട മാര്‍ക്ക് കിട്ടിയ വിദ്യാര്‍ത്ഥി ആയിരുന്നു ഞാന്‍ . അന്ന് ഉച്ച ഊണു കഴിഞ്ഞ നേരത്ത് പുറകിലെ ബെഞ്ചില്‍ ഇരിക്കുന്ന ചേട്ടന്മാര്‍ , നാളെ മുതല്‍ നീ ഞങ്ങളൂടെ കൂടെ ഇരുന്നാല്‍ മതി എന്ന് നിര്‍ദ്ദേശം നല്‍കുകയും , ഉള്ളില്‍ അവരെ കുറിച്ച് ഭയം ആയിരുന്നതിനാല്‍ എതിരൊന്നും പറയാതെ അനുസരിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു . ചേട്ടന്മാര്‍ക്ക് കണക്കില്‍ വട്ട പൂജ്യമാണെന്നും , ക്ലാസ്സില്‍ ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരം അറിയാവുന്ന ഒരാള്‍ കൂട്ടത്തിലുണ്ടെങ്കില്‍ അതൊരു ഗുണമായിരിക്കുമെന്ന് കണ്ടിട്ടാണ് അവര്‍ എന്നെ പുറകിലോട്ട് വലിച്ചത് എന്നും , പുതിയ താവളത്തില്‍ എത്തിയപ്പോഴാണ്, ഞാന്‍ അറിഞ്ഞത്. കണക്കില്‍ മാത്രമല്ല ഏതാണ്ട് എല്ലാ വിഷയത്തിലും ചേട്ടന്മാര്‍ക്ക് കിട്ടിയത് വളരെ മോശം മാര്‍ക്ക്. എന്നാലെന്താ , കായിക മത്സരങ്ങളിലും കളികളിലും അവരൊക്കെ കേമന്മാരും , സ്കൂളിന്‍റെ അഭിമാന ഭാജനങ്ങളുമായിരുന്നു.

പുതിയ ഇരിപ്പിടത്തിലേക്ക് മാറുന്ന സമയത്ത് ചേട്ടന്മാര്‍ ഞാനുമായി ഒരു കരാര്‍ പറഞ്ഞ് ഉറപ്പിച്ചു. അതനുസരിച്ച് ചേട്ടന്മാരോട് അദ്ധ്യാപകര്‍ എന്തെങ്കിലും ചോദ്യം ചോദിച്ചാല്‍ മറുപടി പറഞ്ഞു കൊടുത്ത് സഹായിക്കുക, ഹോം വര്‍ക്ക് ചെയ്തു വന്നത് പകര്‍ത്താന്‍ കാണിച്ചു കൊടുക്കുക എന്നിവ ഞാന്‍ ചെയ്യണം. പകരം സ്കൂളില്‍ ബജ്ജിയും ബോണ്ടയും വടയും വില്‍ക്കുന്ന സ്വാമിയുടെ കയ്യില്‍ നിന്നും ഇടക്ക്അവര്‍ അതൊക്കെ വാങ്ങി തരും. ചട്ടിണിയുടേയും സാമ്പാറിന്‍റേയും അകമ്പടിയോടെ ബോണ്ടാ , വാഴക്ക ബജ്ജി, ഉഴുന്നു വട എന്നിവ കഴിക്കാനുള്ള എന്‍റെ താല്‍പ്പര്യം അന്നത്തെ പലഹാരങ്ങളുടെ സ്വാദ് ഇന്നും മനസ്സില്‍ ഉള്ളതു കൊണ്ടാവാം. അതിനും പുറമെ എന്നെ ദ്രോഹിക്കുന്ന പിള്ളരെ അവര്‍ കൈകാര്യം ചെയ്തു കൊള്ളും. സത്യത്തില്‍ ഈ ഉടമ്പടിയില്‍ ഏറെ സന്തോഷിച്ചത് ഞാനായിരുന്നു.

പുതിയ ഇടത്തില്‍ ഞാന്‍ ചേക്കേറിയതിന്‍റെ അടുത്ത ദിവസം. സംസ്കൃതം ക്ലാസ്സ്. മാഷ് രാമ ശബ്ദം പഠിപ്പിക്കുന്നു. ഞാന്‍ നോക്കുമ്പോള്‍ ചെട്ടന്മാര്‍ ഡെസ്കിന്നടിയില്‍ വെച്ച് പുള്ളിയുള്ള കടലാസ്സ് പങ്കിട്ട് എന്തോ കളിക്കുന്നു. എനിക്ക് അത് എന്താണെന്ന് മനസ്സിലായില്ല. ക്ലാസ്സ് കഴിഞ്ഞപ്പോള്‍ എന്താണ് ആ സംഗതി എന്ന് ഞാന്‍ തിരക്കി. ചീട്ടുകളിയാണ് അതെന്നും, നിന്നെ അത്പഠിപ്പിക്കാമെന്നും അവര്‍ പറഞ്ഞു. അന്നു തന്നെ ക്ലാവര്‍, ഡൈമന്‍, ആഡ്യന്‍, സ്പേഡ് എന്നീ പുള്ളികള്‍ പറഞ്ഞു തരികയും , ഇംഗ്ലീഷ് കോമ്പോസിഷന്‍ പുസ്തകത്തിന്ന് പുറകില്‍ ആ പുള്ളികളുടെ ചിത്രം വരച്ച് പേരെഴുതി തന്ന്, പിറ്റേ ദിവസത്തെക്ക് അതൊക്കെ പഠിച്ചിട്ട് വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഞാന്‍ അവര്‍ കരുതിയതിനേക്കാള്‍ കളിയില്‍ മിടുക്കനായി മാറി. അല്‍പ്പ ദിവസത്തിനകം ഞാന്‍ ഗുലാന്‍ പെരിശ് കളിക്കുന്നതില്‍ കേമനാവുകയും " ഈ പഹയന്‍ നമ്മളേക്കാള്‍ ഒന്നാന്തരമായി കളിക്കുന്നുണ്ട് ' എന്ന് ചേട്ടന്മാരുടെ സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ ക്ലാസ്സ് ടീച്ചര്‍ ഇടപെട്ട് എന്നെ മുന്‍ ബെഞ്ചിലേക്ക് ഒരു ദിവസം മാറ്റി ഇരുത്തിയതോടെ ചീട്ടുകളി മാത്രമല്ല മറ്റു പല വിഷയങ്ങളിലും വിജ്നാനം നേടാനുള്ള അവസരം നഷ്ടമാവുകയും ചെയ്തു.

1966-67 കാലഘട്ടത്തിലാണ് പിന്നീട് ചീട്ട് കൈ കൊണ്ട് തൊടുന്നത്. വല്ലപ്പോഴും ഏതാനും ദിവസം മുടക്കം സംഭവിച്ചതൊഴിച്ചാല്‍ 2006 വരെ ചീട്ടു കളി നിര്‍ബാധം തുടര്‍ന്നു പോന്നു. തുടക്കത്തില്‍ ശരാശരി ദിവസേന നാലു മണിക്കൂറോളം കളിക്കുമായിരുന്നു. പ്രാരബ്ധം കൂടിയതോടെ സമയ ദൈര്‍ഘ്യം കുറഞ്ഞു വന്നു. ഒടുവില്‍ ഒരു മണിക്കൂറായി ചുരുങ്ങി. ചെറുതായിട്ടൊന്ന് കണക്കു കൂട്ടിയാല്‍ ചീട്ടു കളിക്കായി ചിലവഴിച്ച സമയം അമ്പരപ്പിക്കുന്നതാണ്. ദിവസേന 2 മണിക്കൂര്‍ എന്ന ശരാശരി എടുത്താല്‍ 12 ദിവസം കൊണ്ട് 24 മണിക്കൂര്‍ അഥവ ഒരു ദിവസം. ഈ രീതിയില്‍ ഒരു കൊല്ലത്തില്‍ ചീട്ടുകളിക്കായി ചിലവഴിച്ച സമയം ചേര്‍ത്തിവെച്ചാല്‍ ഒരു മാസം. 40 കൊല്ലത്തേക്ക് 40 മാസം അഥവ 3 കൊല്ലം 4 മാസം. അതായത് ജീവിതകാലത്ത് 3-3 1/2 കൊല്ലം ഭംഗിയായി ചീട്ടു കളിച്ചു കളഞ്ഞു. അയ്യോ, കളഞ്ഞു എന്നു പറഞ്ഞാല്‍ മഹാപാപം ആവും. ചീട്ടു കളിച്ച് ആനന്ദിച്ചു എന്ന് തിരുത്തി പറയാം .

ആദ്യകാല കളിയോഗ സഖാക്കള്‍ പലരും ഇന്നില്ല. കാലം അതിന്‍റെ തിരശീല കൊണ്ട് അവരെയൊക്കെ എന്നെന്നേക്കുമായി മറച്ചു കളഞ്ഞു. എങ്കിലും മണ്മറഞ്ഞു പോയ അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്‍റെ മനസ്സില്‍ നിന്നും ഒഴിഞ്ഞുപോകുമെന്ന് തോന്നുന്നില്ല. ഈ മാഹാത്മ്യത്തിലെ വിവിധ ഘട്ടങ്ങളില്‍ അവര്‍ കടന്നു വരികയും താന്താങ്ങളുടെ സത്വം വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ശകലം ധനം ലഭിക്കാന്‍ സാദ്ധ്യതയുള്ളതാണ് ഈ വിനോദമെന്ന് ആകസ്മികമായിട്ടാണ് എനിക്ക് മനസ്സിലാവുന്നത്. ഒരു ഒഴിവു ദിവസം. എന്തോ ആവശ്യത്തിന്നായി ഓഫീസില്‍ ചെന്നതാണ്. ഞാന്‍ നോക്കുമ്പോള്‍ സഹപ്രവര്‍ത്തകര്‍ ഇരുന്ന് ചീട്ടു കളിക്കുന്നു. അഞ്ചു പേരുണ്ട്. ചീട്ടുകളിയിലെ ഏറ്റവും താഴേ പടിയിലുള്ള 28 കളിയാണ്. ജയിച്ച കളിക്കാരന്ന് മറ്റുള്ളവര്‍ 25 പൈസ വീതം നല്‍കുന്നു. തോറ്റാല്‍ തിരിച്ച് മറ്റെല്ലാവര്‍ക്കും തോറ്റ കളിക്കാരന്‍ കൊടുക്കണം. കുറച്ചു നേരം ഞാന്‍ കളി നോക്കി നിന്നു. കളിക്കിടയില്‍ " തനിക്ക് ഇത് അറിയാമോ' എന്ന് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ വാരിയര്‍ സാര്‍ ചോദിച്ചു. ഞാനൊന്നും പറഞ്ഞില്ല. " ആ പരമസാധുവിന്ന് ഇതൊന്നും അറിയില്ല' എന്ന് ഓവര്‍സിയര്‍ രാമേട്ടന്‍ പറഞ്ഞെങ്കിലും വാരിയര്‍ സാര്‍ വിടുന്നില്ല. ഒടുവില്‍ അറിയാമെന്ന സത്യം പുറത്തായി. പിന്നീട് പല ദിവസങ്ങളിലും വൈകുന്നേരം കുറച്ചു നേരം കളിക്കാന്‍ കൂടും.

കളിക്കാരായി വാരിയര്‍ സാര്‍, രാമേട്ടന്‍, പ്യൂണ്‍ നാരായണന്‍, തൊട്ടടുത്ത കടയിലെ ടൈലര്‍ രാമന്‍കുട്ടി നായര്‍ പിന്നെ ഞാനും. ഇതില്‍ വാരിയര്‍ സാറും, രാമന്‍കുട്ടി നായരും ഇന്നില്ല. നാരായണനെ കുറിച്ച് യാതൊരു വിവരവും ഇല്ല. ഏതാണ്ട് ഇരുപത്തഞ്ചു കൊല്ലം മുമ്പ് കണ്ടതാണ്. അന്നേ നാരായണന്ന് വയസ്സായി കഴിഞ്ഞിരുന്നു. രാമേട്ടനെ ഇടക്ക് ഒക്കെ കാണാറുണ്ട്.

മിക്ക കളിയിലും ഞാന്‍ ജയിക്കും. വാരിയര്‍ സാറിന്ന് തോറ്റാല്‍ വാശി കയറും. പിന്നെ ഉള്ളതും ഇല്ലാത്തതും ഒക്കെ കേറി കളിച്ച് തോല്‍ക്കും. തോറ്റാല്‍ പഴി മുഴുവന്‍ നാരായണനാണ്'. പാവത്തിന്ന് ശകലം കേള്‍വി കുറവുണ്ട്. അതിനാല്‍ പുള്ളിയെ വിളിക്കുന്ന തെറിയൊന്നും കേള്‍ക്കാതെ കഴിയും. " ഉണ്ണി വിളിച്ചല്‍ തെറ്റി കളിച്ച് അയാളെ ജയിപ്പിക്കും, ഞങ്ങളാരെങ്കിലും വിളിച്ചാല്‍ സൂക്ഷ്മം വേണ്ട കാര്‍ഡ് ഇറക്കി ഞങ്ങളെ തോല്‍പ്പിക്കും, ഇതെന്താ, ഉണ്ണി നിങ്ങള്‍ക്ക് മസാല ദോശയും ചായയും വാങ്ങി തരാറൂണ്ടോ' എന്ന് വാരിയര്‍ സാര്‍ ചോദിക്കും. അപ്പോള്‍ പാവം നിഷ്കളങ്കമായി ചിരിച്ച് " ഞാനെന്താ ചെയ്യാ, കയ്യ് വരുണില്ല' എന്ന് പറയും. "കയ്യ് വരുന്നില്ലെങ്കില്‍ താന്‍ പോയി കൊട്ടം ചുക്കാദി കുഴമ്പ് പുരട്ടി വന്ന് കളിക്ക്' എന്ന് വാരിയര്‍ സാറും പറയും. വല്ലാതെ കലി മുത്തു വരുമ്പോള്‍ വാരിയര്‍ സാര്‍ നാരായണനെ ആംഗ്യഭാഷയില്‍ തെറി കാണിക്കും. അപ്പോഴും കക്ഷിയുടെ മുഖത്ത് നിഷ്കളങ്കമായ ചിരി തന്നെയായിരിക്കും.

ഇത്രയും നിഷ്കളങ്കത പിന്നെ ഞാന്‍ കണ്ടിട്ടുള്ളത് മണിയേട്ടനിലാണ്. പത്തൊമ്പത് വയസ്സ് തികയുമ്പോഴേക്കും എന്‍റെ പഠനം പൂര്‍ത്തിയായി. അപ്പോള്‍ മുതല്‍ ഞാന്‍ ക്ലബ്ബില്‍ കളിക്കാന്‍ പോയി തുടങ്ങി. അദ്ധ്യാപകനായിരുന്ന മണിയേട്ടന്‍ അതിന്നും എത്രയോ മുമ്പ്പെന്‍ഷന്‍ പറ്റി പിരിഞ്ഞ് ഇരിപ്പായിരുന്നു. മൂപ്പരുടെ ഏറ്റവും വലിയ ഗുണം ചെറിയ കുട്ടികളോടും മുതിര്‍ന്നവരോടും ഒരേ രീതിയില്‍ പെരുമാറിയിരുന്നു എന്നതാണ്. വാസ്തവത്തില്‍ ഞങ്ങള്‍ എല്ലാവര്‍ക്കും അദ്ദേഹത്തെ വലിയ ഇഷ്ടമായിരുന്നു. അദ്ദേഹവും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല .

ചീട്ടു കളി ക്ലബ്ബ് പ്രവര്‍ത്തിച്ചീരുന്നത് വാടക കെട്ടിടങ്ങളിലായിരുന്നു. കുറച്ചു കാലം ഒരിടത്ത് കൂടും. ഒഴിയാന്‍ പറഞ്ഞാല്‍ വേറൊരു കെട്ടിടം തപ്പി പിടിക്കും. അങ്ങിനെ സ്ഥലം കിട്ടാതെ ഒരു പ്രാവശ്യം വിഷമിച്ചിരിക്കുമ്പോഴാണ്, വെല്‍ഫയര്‍ അസ്സോസിയേഷന്‍ വക കെട്ടിടത്തില്‍ ഒരു മുറി വാടക കൂടാതെ തരാമെന്ന് അസ്സോസിയേഷന്‍ പ്രസിഡന്‍റ് കൂടിയായ കുട്ടിമാമ പറയുന്നത്. അങ്ങിനെ ഞങ്ങള്‍ നല്ല ദിവസം നോക്കി സസന്തോഷം അവിടേക്ക് ചേക്കേറി.

ആ കെട്ടിടത്തിന്ന് രണ്ട് മുറികളാണ്. ഒന്നില്‍ റിക്രിയേഷന്‍ ക്ലബ്ബ്, തൊട്ടടുത്ത മുറിയില്‍ ഗോവിന്ദന്‍ മാസ്റ്ററുടെ ട്യൂട്ടോറിയല്‍. ക്ലബ്ബിലെ മിക്ക അംഗങ്ങളും ജോലിക്കാരായതിനാല്‍ പകല്‍ കളിക്കാനെത്തില്ല. എന്നാല്‍ പ്രത്യേകിച്ച് പണിയില്ലാത്ത ചിലര്‍ പകലും ക്ലബ്ബില്‍ ഒത്തു കൂടിയിരുന്നതായി പിന്നീട് അറിഞ്ഞു. വാടക കൊടുക്കാതെ വെറും ഔദാര്യത്തില്‍ കിട്ടിയ സ്ഥലമാണ് എന്നോ, തൊട്ടടുത്ത മുറിയില്‍ ക്ലാസ്സ് നടക്കുന്നുണ്ട് എന്നോ പലരും ഓര്‍ക്കാറേയില്ല. രണ്ടു മുറിയുടേയും ഇടക്കുള്ള ചുമരില്‍ ഒരു കല്ല് നീക്കിയ ദ്വാരമുണ്ട്. അതിലൂടെ ജോക്കര്‍ എടുത്തു കാട്ടി പെണ്‍കുട്ടികളെ ചിരിപ്പിക്കുന്ന വിരുതന്മാര്‍ ക്ലബ്ബിലുണ്ടായിരുന്നു. ഇതിനാല്‍ മാഷും ക്ലബ്ബിലെ അംഗങ്ങളും നല്ല സ്വരചേര്‍ച്ചയിലായിരുന്നില്ല.

ഒരു ദിവസം ഓഫീസില്‍ നിന്നും ഞാന്‍ ഉച്ചക്ക് വീട്ടിലേക്ക് ഉണ്ണാന്‍ വന്നതാണ്. കുട്ടിമാമ ഊണു കഴിഞ്ഞ് ഇരിക്കുന്നു. എന്നെ കണ്ടതും "ഇന്നെന്താ ക്ലബ്ബില്‍ തമ്മില്‍ തല്ല് ഉണ്ടായത്' എന്ന് ചോദിച്ചു. എനിക്ക് ഒന്നും അറിയില്ലായിരുന്നു. തിരിച്ചു പോകുമ്പോള്‍ വഴിക്കു കണ്ട ക്ലബ്ബിലെ ഒരു കളിക്കാരനോട് വിവരം തിരക്കി. അയാള്‍ അന്ന് പകല്‍ കളിക്കാന്‍ ചെന്നിരുന്നു. വിവരം അയാള്‍ പറഞ്ഞതും ഉറക്കെ ചിരിക്കാനാണ് എനിക്ക് തോന്നിയത്.

അന്ന്, പകലത്തെ കളിയില്‍ രാമകൃഷ്ണന്‍, ചന്ദ്രന്‍ പിന്നെ മണിയേട്ടനും കൂടി ഒരു സെറ്റ്. ഇവരാരും കളിയില്‍ ഞങ്ങള്‍ പ്രഗത്ഭന്മാരുടെ നിലവാരത്തിന്ന് ഏഴ് അയലത്ത് ഒന്നും എത്താറായിട്ടില്ല. 56 വിളിച്ച് സപ്പോര്‍ട്ട് ചെയ്യുന്ന കളി ആയിരുന്നു കളിച്ചത്. എതിരാളികള്‍ ജയിച്ചു നില്‍ക്കുന്ന സമയം. മണിയേട്ടന്‍റെ ഇറക്കമാണ്. ഒന്നാന്തരം കയ്യ്. ആഡ്യന്‍ ജാക്കി, രണ്ട് ഒമ്പത്, രണ്ട് ആസ്സ്, പിന്നെ ഒരു ഒറ്റ ജാക്കിയും. പുള്ളി കയ്യ് കൃത്യമായി വിളിച്ചെങ്കിലും അതിന്ന് സപ്പോര്‍ട്ട് ചെയ്യാനായി ആരും ഉണ്ടായിരുന്നില്ല .ഒടുക്കം മണിയേട്ടന്‍ നിരാശനായി 40 വിളിച്ച് ക്ലോസ് ചെയ്തിട്ട് ആഡ്യന്‍ ജാക്കി ഇറക്കിയതും ചന്ദ്രന്‍ പുഷ്പം പോലെ ആഡ്യന്‍റെ മറ്റേ ജാക്കി ഇട്ടു കൊടുത്തു.

പിന്നെ ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത രംഗമാണ് ക്ലബ്ബില്‍ അരങ്ങേറിയത്. മണിയേട്ടന്‍ ചീട്ട് വലിച്ചെറിഞ്ഞു. എഴുന്നേറ്റ് നിന്ന് " മഹാപാപി, മഹാപാപി ' എന്ന് ഉറക്കെ നിലവിളിച്ച് സ്വന്തം നെഞ്ഞത്ത് രണ്ടടി. "ഒന്ന് വിളിച്ചാല്‍ ഞാന്‍ അമ്പത്താറ് വിളിക്കില്ലേ' എന്ന് പറയുമ്പോഴേക്കും, ബഹളം കേട്ട് ക്ലാസ്സ് നിറുത്തി ഗോവിന്ദന്‍ മാസ്റ്റര്‍ " എന്താ ഇവിടെ ഒരു ലഹള ' എന്ന് ചോദിച്ച് കടന്നു വന്നു. " മാഷേ, നിങ്ങള്‍ തന്നെ പറയിന്‍ , എന്‍റെ കയ്യില്‍ ജാക്കി, രണ്ട് ഒമ്പത്, രണ്ട് ആസ്സ് ഒക്കെ ചീട്ട്. പോരാത്തതിന്ന് ഒരു മറു ജാക്കിയും. ഞാന്‍ അത് വിളിച്ചപ്പോള്‍ കയ്യില്‍ ഒറ്റ ജാക്കിയും വെച്ച് മിണ്ടാതെ ഇരുന്നു ഈ മരമണ്ടന്‍ , ഒന്നു വിളിച്ചാല്‍ ഞാന്‍ 56 വിളിക്കില്ലേ ' എന്ന് തീര്‍ത്തും നിഷ്കളങ്കമായി മണിയേട്ടന്‍ മറുപടി നല്‍കി. ഗോവിന്ദന്‍ മാഷക്ക് അത് കേട്ടപ്പോള്‍ തോന്നിയ ദേഷ്യത്തിന്ന് അതിരുണ്ടായിരുന്നില്ല . മൂപ്പര്‍ ക്ലാസ്സ് നിറുത്തി. നേരെ കുട്ടിമാമയെ ചെന്നു കണ്ട്, ക്ലബ്ബില്‍ ലഹള ഉണ്ടാക്കുന്നത് കാരണം പഠിപ്പിക്കാന്‍ പറ്റുന്നില്ല എന്ന് പരാതി നല്‍കി.

സാധാരണ വൈകുന്നേരം കുട്ടിമാമ വീട്ടില്‍ ഉണ്ടാവാറില്ല. രാഷ്ട്രീയ പ്രവര്‍ത്തനം, യൂണിയന്‍ കാര്യങ്ങള്‍, മറ്റു പൊതുപരിപാടികള്‍ എന്നിവയൊക്കെ കഴിഞ്ഞ് രാത്രിയാവും എത്തുമ്പോള്‍. അന്ന് ഞാന്‍ ജോലി കഴിഞ്ഞ് എത്തുമ്പോള്‍ കുട്ടിമാമ വീട്ടിലുണ്ട്. ഉച്ചക്ക് അറിഞ്ഞ വിശേഷങ്ങള്‍ പറഞ്ഞിട്ട്, ക്ലബ്ബില്‍ ലഹളയൊന്നും ഉണ്ടായില്ല എന്ന് ഞാന്‍ പറഞ്ഞൊപ്പിച്ചു. ഏതായാലും ചായകുടി കഴിഞ്ഞപ്പോള്‍ എന്നേയും വിളിച്ച് കുട്ടിമാമ വീടിന്‍റെ പടിക്കല്‍ ചെന്ന് നില്‍പ്പായി. സ്വല്‍പ്പ സമയം കഴിഞ്ഞതും മണിയേട്ടന്‍ കുന്ന് ഇറങ്ങി നടന്നു വരുന്നു. ഞങ്ങളെ കണ്ടതും അദ്ദേഹം ചിരിച്ചുകൊണ്ട് അടുത്ത് വന്നു. നാട്ടു വര്‍ത്തമാനം പറഞ്ഞു കഴിഞ്ഞപ്പോള്‍ "ഇന്ന് ക്ലബ്ബില്‍ വല്ല തമ്മില്‍ തല്ല് നടന്നോ 'എന്ന് കുട്ടിമാമ തിരക്കി." അപ്പോള്‍ ഉണ്ണി കാര്യം അറിഞ്ഞു അല്ലേ' എന്നും പറഞ്ഞ് കക്ഷി നടന്ന സംഭവങ്ങള്‍ ഒന്നൊഴിയാതെ വിവരിച്ചു. അവസാനം " ഇമ്മാതിരി കളിച്ചാല്‍ ദേഷ്യം വരാതിരിക്കുമോ, പോയിട്ട്ഞാന്‍ അവനെ നാലെണ്ണം കൂടി പറയുന്നുണ്ട് 'എന്നും പറഞ്ഞ് മൂപ്പര്‍ ഉപസംഹരിച്ചു .

മണിയേട്ടന്‍റെ കൂടെ പോവാന്‍ എനിക്ക് അനുമതി കിട്ടി. ഞങ്ങള്‍ ഒന്നിച്ച് പോവുകയും ചെയ്തു. അന്ന് വൈകുന്നേരത്തെ കളി കഴിഞ്ഞ് ക്ലബ്ബ് അടച്ചപ്പോള്‍ സാധനങ്ങള്‍ പുറത്തു വെച്ച് കുട്ടിമാമ വേറൊരു പൂട്ടിട്ട് പൂട്ടുകയും ഞങ്ങള്‍ക്ക് എന്നെന്നേക്കുമായി ആ കെട്ടിടം നഷ്ടമാവുകയും ചെയ്തു. കൂട്ടത്തില്‍ പറയട്ടെ, ആ കെട്ടിടവും ഇല്ലാതായി. ആ സ്ഥാനത്ത് ഇപ്പോള്‍ ഒരു മുളക്കൂട്ടമാണ്.

ഇതേ ശുദ്ധഗതി കാരണം ഇതിലും വലിയ അബദ്ധം വത്സന്‍റെ കാര്യത്തില്‍ സംഭവിച്ചു. അയാളുടെ പഠനം കഴിഞ്ഞിരുന്നില്ല.പക്ഷേ ഞങ്ങളൊക്കെ ക്ലബ്ബില്‍ പോകുമ്പോള്‍ ആ കുട്ടിയും കളിക്കാന്‍ വരും. വീട്ടില്‍ നല്ല നിയന്ത്രങ്ങള്‍ ഉള്ളതാണ്. ചീട്ടു കളിക്കുന്ന കാര്യം വീട്ടുകാര്‍ക്ക് അറിയില്ല. കാരംബോര്‍ഡ് കളിക്കാന്‍ പോകുന്നു എന്ന് പറഞ്ഞിട്ടാണ് വരിക.

ഒരു ദിവസം ഞങ്ങള്‍ കളിക്കാനിറങ്ങുന്നത് കണ്ട് വത്സനും ഇറങ്ങി. വീടിന്‍റെ പടിക്കല്‍ വത്സന്‍റെ മൂത്ത അമ്മാമനായ അപ്പുമാമ മണിയേട്ടനുമായി സംസാരിച്ചു നില്‍ക്കുന്നു. ഞങ്ങളെ കണ്ടതും' നിങ്ങള്‍ നടന്നോളിന്‍, ഞാന്‍ ഇപ്പൊ വരാം, എന്നിട്ട് കളി തുടങ്ങിയാല്‍ മതി'എന്നൊരു നിര്‍ദ്ദേശം നല്‍കി. മൂപ്പരെ നന്നായി അറിയാവുന്നതിനാല്‍ ഞങ്ങള്‍ പോയില്ല. " മണിയേട്ടനും കളിക്കാറുണ്ടോ' എന്ന് അപ്പുമാമ തിരക്കി. എന്താണ് കളിക്കുന്നത് എന്നും ചോദിച്ചു. ചീട്ടു കളിയാണെന്ന സത്യം വെളിപ്പെട്ടു. " വത്സന്ന് ചീട്ട് കളിക്കാന്‍ അറിയാമോ' എന്ന അപ്പുമാമയുടെ ചോദ്യത്തിന്ന്, " നല്ല കഥയായി, കളി അറിയും എന്ന് മാത്രമല്ല, കളിയില്‍ മഹാ കേമനാണ്, മിടുക്കന്‍, മിടുമിടുക്കന്‍, എന്തൊരു യുക്തി, എന്തൊരു ഓര്‍മ്മ, ഒന്ന് വിളിച്ചു കൊടുത്താല്‍ മതി, കേറി 56 വിളിക്കും' എന്നിത്യാദി സര്‍ട്ടിഫിക്കറ്റുകള്‍ മണിയേട്ടന്‍ ഉദാരമായി നല്‍കി. ഫലം, അടുത്ത ദിവസം മുതല്‍ വത്സനെ വീട്ടില്‍ നിന്നും കളിക്കാന്‍ അയക്കാതായി.

ചീട്ടുകളിയെ പണവുമായി ബന്ധിപ്പിച്ച ആദ്യ കാലഘട്ടത്തില്‍ വല്ലപ്പോഴും എന്‍റെ കയ്യില്‍ നിന്നും ഒന്നോ, ഒന്നരയോ രൂപ നഷ്ടപ്പെട്ടു കാണും. മറ്റെല്ലാ ദിവസവും വാരിയര്‍ സാറിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ നല്ല കൊയ്ത്തായിരിക്കും. പക്ഷേ എന്തു ഫലം. ആ തുക മുഴുവന്‍ ചായ ഫണ്ടിലേക്ക് ഉദാരമായ സംഭാവനയായി മാറും. പണം എണ്ണി തിട്ടപ്പെടുത്തിയതും ലൈന്‍മാന്‍ ചന്ദ്രേട്ടന്‍ സൈക്കിളില്‍ കയറി വാണം വിട്ടപോലെ ഓഫീസ് കെട്ടിടത്തിന്‍റെ ഉടമയായ മാധവന്‍ നായരുടെ ഹോട്ടലിലേക്ക് ഒരു പോക്കാണ്. മിനുട്ടുകള്‍ക്കകം കാപ്പി, പലഹാരങ്ങള്‍ എന്നിവ മേശപ്പുറത്ത് നിരക്കും.

നിത്യേന ഉണ്ടായിരുന്ന ചായസത്ക്കാരം നിന്നതിന്നു ശേഷം കൊല്ലങ്ങള്‍ കഴിഞ്ഞാണ് ഇത്തരം ചായ കുടി ആരംഭിച്ചത്. കളിയില്‍ നിന്നും കിട്ടിയ തുകയുടെ അടിസ്ഥാനത്തിലാണ് പലഹാരാദികള്‍ എത്തുക. മുമ്പ് കാലത്ത് അങ്ങിനെയൊന്നും ആയിരുന്നില്ല. ഓഫീസില്‍ സുഭിക്ഷമായ ടീപ്പാര്‍ട്ടി എല്ലാ ദിവസവും ഉണ്ടായിരുന്നു. അതൊക്കെ എന്നോ നിലച്ചു. ഇപ്പോള്‍ പൈസ മുന്‍കൂര്‍ കൊടുത്താലേ ഹോട്ടലില്‍ നിന്നും സാധനങ്ങള്‍ എത്തൂ.

പുതിയ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി കഷ്ടിച്ച് ഒരു മാസം കഴിഞ്ഞിട്ടാണ് ഞാന്‍ അവിടേക്ക് സ്ഥലം മാറ്റമായി എത്തുന്നത്. വൈകുന്നേരം നാലുമണി ആയി കാണും. ഹോട്ടലില്‍ നിന്നും കൊണ്ടുവന്ന വട, ജിലേബി, മസാലദോശ, കാപ്പി എന്നിവ മേശപ്പുറത്ത് റെഡി. ലൈന്‍മാന്‍ ചന്ദ്രേട്ടനായിരുന്നു വിളമ്പാന്‍ മുന്നില്‍. പുതിയതായി വന്ന എന്‍റെ വക ചിലവ് ആയിരിക്കുമെന്ന് കരുതി. പാര്‍ട്ടി കഴിഞ്ഞ ഉടന്‍ ഞാന്‍ പൈസ കൊടുക്കാന്‍ നിന്നെങ്കിലും ഇത് ഓഫീസ് വകയാണ് എന്നു പറഞ്ഞ് എന്‍റെ കയ്യില്‍ നിന്നും പണം വാങ്ങിയില്ല.

ഒന്നരാടന്‍ ദിവസങ്ങളിലേ എനിക്ക് ഓഫീസില്‍ പണി ഉള്ളു. മറ്റു ദിവസങ്ങളില്‍ ഔട്ട് സ്റ്റേഷന്‍ വര്‍ക്ക് ആയിരുന്നു. രണ്ടാം പക്കം വൈകുന്നേരം ചന്ദ്രേട്ടന്‍ വന്ന് ജിലേബിയോ, കേസരിയോ ഏതാണ് ഇഷ്ടം എന്നു ചോദിച്ചു. എനിക്ക് രണ്ടും ഒരു പോലെ ഇഷ്ടമാണ്. എങ്കിലും ഞാന്‍ കേസരി എന്ന് പറഞ്ഞു. അന്ന് നെയ്റോസ്റ്റിനോടൊപ്പം വടയും കേസരിയും എത്തി. വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞു കൊണ്ടു വന്ന കേസരിയില്‍ നിന്നും നെയ്യ് ഒഴുകി ഇറങ്ങിയിരുന്നു. നല്ല മധുരം. വായില്‍ വെച്ചാല്‍ അലിയുന്നത്അറിയാം. അന്നും പണം എത്ര വേണമെന്ന് ചോദിച്ചെങ്കിലും പിന്നെ വാങ്ങാമെന്ന് പറഞ്ഞ് ഒഴിവാക്കി.

പിന്നീട് ഞാന്‍ ഓഫീസില്‍ ഉള്ള എല്ലാ ദിവസവും കുശാലായ നാലുമണി കാപ്പികുടി ഉണ്ടായിരുന്നു. ആവശ്യമായ വിഭവങ്ങള്‍ സുഭിക്ഷമായി ലഭിച്ചു. ചന്ദ്രേട്ടന്‍ എന്നോട് " എന്താ വേണ്ടത് എന്ന് മടിക്കാതെ പറയിന്‍. ഇത് നമ്മടെ സ്വന്തം കടയല്ലേ 'എന്ന് പറയും. അന്വേഷിച്ചപ്പോള്‍ മൂപ്പര്‍ എല്ലാവരോടും തികഞ്ഞ ആതിത്ഥ്യമര്യാദയോടെ ഇഷ്ടാനിഷ്ടങ്ങള്‍ തിരക്കിയിരുന്നു. പിരായിരിയില്‍ നിന്ന് അവിടുത്തെ ലൈന്‍മാന്‍ ചന്ദ്രശേഖരന്‍ നായര്‍ വന്ന ദിവസം കാപ്പിക്ക് ഓര്‍ഡര്‍ കൊടുക്കാന്‍ അയാളെ അയക്കും. ആര് പോയി പറഞ്ഞാലും ഐറ്റംസ് ഒരിക്കലും മോശമാവാറില്ല .

ഓഫീസ് ആരംഭിച്ച് കാലം കുറച്ച് കഴിഞ്ഞു. അപ്പോഴേക്കും കാലത്ത് പതിനൊന്നു മണിക്കും വൈകീട്ട് നാലുമണിക്കുമായി വെട്ടി വിഴുങ്ങല്‍ രണ്ടു നേരമാക്കി. ദൂഷ്യം പറയരുതല്ലോ, ഒരു ദിവസം പോലും ഒറ്റ പൈസ എന്‍റെ കയ്യില്‍ നിന്നും വാങ്ങിച്ചിട്ടില്ല. ഒരിക്കല്‍ ചായ കൊണ്ടു വന്ന പയ്യന്‍ ഒഫീസിന്‍റെ പേരില്‍ ഒരു ബില്ല് കൊണ്ടു വന്നു. ആരും ഞെട്ടരുത്. അന്നത്തെ വിലക്ക് ഒരു പത്ത് ഏക്കര്‍ തെങ്ങിന്‍തോപ്പ് വാങ്ങാനുള്ള തുകയാണ് ബില്ലില്‍. ചന്ദ്രേട്ടന്‍ ബില്ല് വാങ്ങി കയ്യില്‍ വെച്ചു . "പാസ്സാക്കി ചെക്ക് കിട്ടും എന്ന് പറ നിന്‍റെ മുതലാളിയോട് ' എന്നും പറഞ്ഞ് ചെക്കനെ അയച്ചു.

കുറച്ചു കാലം കൂടി നിര്‍ബാധം ചായകുടി നടന്നു. വാടകയുടെ ചെക്ക് വാങ്ങാന്‍ വന്ന മുതലാളി ചായ കുടിച്ചതിന്‍റെ ബില്ല് പാസ്സായോ എന്ന് എഞ്ചിനീയറോട് ചോദിച്ചതോടെ കള്ളി പൊളിഞ്ഞു. തികച്ചും സാധു മനുഷ്യനായ അദ്ദേഹം താഴെ വന്നു. അന്നേരം ഞാനും ചന്ദ്രേട്ടനും മാത്രമേ താഴത്തെ നിലയില്‍ ഉള്ളു . ചന്ദ്രേട്ടനോട് ഉടമ വിവരം പറഞ്ഞു. "എഞ്ചിനീയര്‍ അങ്ങിനെ പറഞ്ഞോ' എന്ന് താടിക്ക് കയ്യും കൊടുത്ത് ചന്ദ്രേട്ടന്‍ തികഞ്ഞ നിഷ്ക്കളങ്കതയോടെ തിരിച്ച് ഒരു ചോദ്യം. പൊട്ടി വന്ന ചിരി, ചിരിച്ചു തീര്‍ക്കാന്‍ ഞാന്‍ ബാത്ത് റൂമിലേക്ക് ഓടി.

ഞാന്‍ തിരിച്ചു വരുമ്പോഴും അദ്ദേഹം പോയിട്ടില്ല. " ചന്ദ്രാ, ഈ പറ്റുകണക്ക് ഇനി ഞാന്‍ ആരുടെ പേരിലാ എഴുതേണ്ടത് ' എന്ന് ആ സാധു ചന്ദ്രേട്ടനോട് ചോദിക്കുന്നതാണ് ഞാന്‍ കേള്‍ക്കുന്നത്. ചന്ദ്രേട്ടന്‍ ഗാഢമായ ആലോചനയില്‍ മുഴുകി. മൂപ്പര്‍ എന്തെങ്കിലും പോംവഴി കാണുമെന്ന് എനിക്ക് തോന്നി. അല്‍പ്പ സമയം കഴിഞ്ഞു. ചന്ദ്രേട്ടന്‍ കട ഉടമയോട് ഇങ്ങിനെ പറഞ്ഞു " സ്വാമി, കാലം പഴയത് പോലെ ഒന്നുമല്ല. ഒറ്റ മനുഷ്യനെ നമ്പാന്‍ കൊള്ളില്ല. പിന്നെ സത്യ സന്ധനായ ഒരേ ഒരാളുണ്ട് ഇവിടെ.' ആരാണ് ഇത്ര പരമ യോഗ്യന്‍ എന്ന് ഞങ്ങള്‍ രണ്ടുപേരും അന്തം വിട്ട് ഇരിക്കുമ്പോള്‍, ചന്ദ്രേട്ടന്‍ ഭിത്തിയില്‍ തൂങ്ങുന്ന മഹാത്മാ ഗാന്ധിയുടെ പടം ചൂണ്ടിക്കാട്ടി " എന്‍റെ അറിവില്‍ ഇദ്ദേഹത്തെ പോലെ വിശ്വസിക്കാന്‍ പറ്റിയ ഒരാളില്ല, നമുക്ക് തല്‍ക്കാലം മൂപ്പരുടെ അക്കൌണ്ടില്‍ ഇവിടുത്തെ പറ്റ് എഴുതിയാലോ' എന്ന് വളരെ കൂളായി ചോദിച്ചു.

ഹോട്ടലുടമ കുറച്ച് സമയം ആലോചിച്ച് നിന്നു. " ഇനി ഒരു അബദ്ധം പറ്റാതെ ഞാന്‍ നോക്കിക്കോളാം' എന്നും പറഞ്ഞ് ഇറങ്ങി നടന്നു. എനിക്ക് വല്ലാത്ത ഒരു കുറ്റബോധം തോന്നി. പക്ഷേ ഒറ്റക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥ . അദ്ദേഹം കണ്ണില്‍ നിന്നു മറഞ്ഞപ്പോള്‍ ചന്ദ്രേട്ടന്‍ " സ്വാമിക്കെന്തിനാ പണം. മക്കളും കുട്ടികളും ഒന്നും ഇല്ല. ആര്‍ക്ക് വേണ്ടിയിട്ടാണ് അയാള്‍ ഇങ്ങിനെ സമ്പാദിച്ച് കൂട്ടുന്നത്. ഇതൊക്കെ അനുഭവിക്കാന്‍ ആളും വേണ്ടേ?' എന്നാണ് പറഞ്ഞത്.

ഒരു ന്യായീകരണം എന്ന മട്ടില്‍ മൂപ്പര്‍ തുടര്‍ന്നു " കമ്പനി പണിക്കാര് ബോണസ്സ് കിട്ടുമ്പോള്‍ കൊടുക്കാമെന്ന് പറഞ്ഞ് കൊല്ലം മുഴുവന്‍ പറ്റില്‍ ആഹാരം കഴിക്കും. ഓണത്തിന്ന് ബോണസ്സ് കയ്യില്‍ കിട്ടിയാല്‍ മിക്കവാറും എല്ലാവരും കമ്പനിയുടെ പിന്നാലത്തെ ഗേറ്റില്‍ കൂടി സ്ഥലം വിടും. പടിക്കല്‍ കാത്ത്നില്‍ക്കുന്ന സ്വാമി കാല് കഴയുമ്പോള്‍ തിരിച്ച് കടയിലേക്കും പോവും. നമ്മള്‍ മാന്യന്മാര്‍ അങ്ങിനെ ഒഴിഞ്ഞു മാറി നടക്കാനൊന്നും പോണില്ലല്ലോ. അത് തന്നെ സ്വാമിയുടെ ഒരു ഭാഗ്യമല്ലേ ' എന്നും പറഞ്ഞ് ചന്ദ്രേട്ടന്‍ ആ ട്ടോപിക്ക് വളരെ ഭംഗിയായി ക്ലോസ്സ് ചെയ്തു.

( ചീട്ടുകളി മാഹാത്മ്യം ഇവിടെ അവസാനിക്കുന്നില്ല.)

Monday, February 2, 2009

മധുരിക്കുന്ന മോഹങ്ങള്‍ .

എന്തുകൊണ്ടോ , എന്‍റെ ഏതാണ്ട് എല്ലാ മോഹങ്ങളും മധുരവുമായി ബന്ധപ്പെട്ടവയാണ്.
കുട്ടിക്കാലത്ത് എനിക്ക് മധുരമുള്ള സാധനങ്ങളോടായിരുന്നു ഏറ്റവും ഇഷ്ടം. പ്രമേഹം കാരണം ഈയിടെയായി മധുര പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിന്ന്കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും , എനിക്ക് മധുരത്തോടുള്ള താല്‍പ്പര്യത്തിന്ന് ഇപ്പോഴും ഒട്ടും കുറവ് വന്നിട്ടില്ല.

എന്‍റെ കുട്ടിക്കാലത്ത് ഇന്നു ലഭിക്കുന്ന പല മധുര പലഹാരങ്ങളും കണ്ടിട്ടില്ല. അന്നൊക്കെ ആശിക്കുന്ന സാധനങ്ങള്‍ വാങ്ങാന്‍ മിക്കവാറും പണവും കിട്ടാറില്ല . കുട്ടിക്കാലത്തെ കുറിച്ചുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നത്, പ്രൈമറി ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വല്ലപ്പോഴും കിട്ടുന്ന ചില്ലറ തുട്ടുകള്‍ കൊടുത്ത് സ്കൂളിന്നടുത്തുള്ള പീടികയില്‍ നിന്നും പൊരികടലയും ശര്‍ക്കരയും വാങ്ങി ഏറ്റവും അടുത്ത കൂട്ടുകാരുമായി പങ്കിട്ട് തിന്നുന്നതാണ് . ആ കാലത്തെ ഏറ്റവും വലിയ മോഹം വലുതായി സമ്പാദിക്കാന്‍ തുടങ്ങുമ്പോള്‍ ഓരോ ചാക്ക് പൊരികടലയും ശര്‍ക്കരയും വാങ്ങി മതിയാവോളം തിന്നുക എന്നതായിരുന്നു. മുതിര്‍ന്ന് സമ്പാദിക്കാന്‍ തുടങ്ങിയപ്പോള്‍ എളുപ്പം സാധിക്കാവുന്ന ആ കാര്യം ചെയ്യാന്‍ തോന്നിയില്ല. പക്ഷേ എന്‍റെ കുഞ്ഞു മനസ്സില്‍ കൊല്ലങ്ങളോളം താലോലിച്ചു നടന്ന ആ മോഹം ഇന്നും മറക്കാന്‍ കഴിയുന്നില്ല.

ഹൈസ്കൂള്‍ ക്ലാസില്‍ പഠിക്കുമ്പോള്‍ ഇടക്ക് മുത്തശ്ശിയെ അമ്മാമന്‍റ അടുത്തേക്ക്പാലക്കാട്ടു നിന്നും ബസ്സ് കയറ്റി അയക്കാന്‍ പോകും. രണ്ടുപേരും കൂടി മോഡേണ്‍ കഫേയില്‍ നിന്നും ഭൂരിമസാലയും ജിലേബിയും വാങ്ങി കഴിക്കും. മുത്തശ്ശിയെ യാത്ര അയച്ച ശേഷം കയ്യിലുള്ള പൈസക്ക് ഹലുവ വാങ്ങി തിന്നും. ജോലി കിട്ടിയാല്‍ ഒരു കടയിലെ മുഴുവന്‍ ഹലുവയും വാങ്ങി തോന്നുമ്പോഴൊക്കെ തിന്നണമെന്ന്അപ്പോഴൊക്കെ മോഹിച്ചിരുന്നു. നടപ്പിലാക്കാത്ത മോഹമായി അതും പരിണമിച്ചു.

എന്‍റെ കുട്ടിക്കാലത്ത് രണ്ടു തരം ഹലുവയേ ഉണ്ടായിരുന്നുള്ളു. ചുവപ്പും വെളുപ്പും. സ്വാദ് കൂടുതല്‍ വെള്ളക്കായിരുന്നു , കാണാന്‍ ഭംഗി ചുവപ്പിനും . ഇപ്പോള്‍ ആ തരം വെളുത്ത ഹല്‍വ കിട്ടാനില്ല. എങ്കിലും അതിന്‍റെ രുചി വായില്‍ നിന്നും പോയിട്ടില്ല.

കോളേജ് പഠന കാലത്തും ജോലി കിട്ടിയപ്പോഴും ആഗ്രഹം കുറച്ചു കൂടി വലുതായിരുന്നു. വായിക്കാന്‍ മാത്രമായി ശീതീകരിച്ച വലിയ ഒരു മുറി , അതും മൂന്നാമത്തേയോ നാലാമത്തേയോ നിലയില്‍ . വായിക്കാനിരിക്കുമ്പോള്‍ ആരുടേയും ശല്യം പാടില്ല . പുസ്തകങ്ങള്‍ നിറച്ച നിരവധി അലമാറകള്‍ , ആട്ടു കട്ടില്‍ , ചാരു കസേല , വെള്ളം നിറച്ച വലിയ കുപ്പി പാത്രം , ഗ്ലാസ്സ്താല്‍പ്പര്യമുള്ള പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും . കൂടാതെ വലിയ ഭരണികളില്‍ നിറയെ പലതരം ചോക്ലേറ്റുകള്‍ . ജീവിതം സന്തുഷ്ടമാവാന്‍ ഇനി എന്തു വേണം . നിര്‍ഭാഗ്യമെന്ന്പറയട്ടെ , ഈ മോഹവും നടപ്പിലായില്ല.

വിവാഹത്തെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളില്‍ പോലും മധുരം നിറഞ്ഞിരുന്നു.സദ്യക്ക് വിളമ്പേണ്ട പാലട പ്രഥമന്‍ , സല്‍ക്കാരത്തിന്ന് നല്‍കേണ്ട മധുരപലഹാരങ്ങള്‍ എന്നിവയെ കുറിച്ചുള്ള ആലോചനയാല്‍ പല രാത്രികളും നിദ്രാവിഹീനമായി .

ചെറുപ്പത്തില്‍ എനിക്ക് ഏറെ അഭിമാനം തോന്നിയിരുന്ന ഒരു കാര്യം ഇന്ന് നിസ്സാരവും ബാലിശവും ആയി തോന്നുന്നു. കണ്ണ് അടച്ച് പാരീയുടേയും ന്യൂട്രിന്‍റേയും ചോക്ലേറ്റുകള്‍ തിന്നിട്ട്, ഏതു കമ്പിനിയുടെ , ഏത് കളര്‍ റാപ്പറിലുള്ള , എന്ത് ടേസ്റ്റ് ഉള്ള ഉല്‍പ്പന്നമാണെന്ന് ഞാന്‍ തെറ്റാതെ പറയുമായിരുന്നു. പല പ്രാവശ്യം കൂട്ടുകാരോട് ഇതില്‍ വാതു വെച്ചുവെങ്കിലും ഒരു തവണ പോലും തോല്‍വി പറ്റിയിട്ടില്ല.

അടുത്ത കാലത്ത് മൂത്ത മകന്‍റെ ഭാര്യ ദീപ്തി വീട്ടില്‍ നിന്നും വരുമ്പോള്‍ പീടികയില്‍ കാണാറുള്ളതു പോലുള്ള വലിയൊരു ഹല്‍വ കഷ്ണം കൊണ്ടു വന്നിരുന്നു. മക്കള്‍ രാവിലെ ജോലിക്ക് പോകും, മരുമകള്‍ സ്കൂളിലേക്കും. അവര്‍ക്ക് അത് തിന്നാന്‍ നേരമില്ല. എന്‍റെ ഭാര്യ സുന്ദരിക്ക് ഹലുവ ഇഷ്ടമല്ല. ഫലമോ ഏതാണ്ട് ഹല്‍വ മുഴുവനും ഞാന്‍ തിന്നു തീര്‍ത്തു. ഏതാനും ദിവസത്തിനകം രക്തത്തിലെ പഞ്ചസാരയുടെ അളവ് കണ്ടമാനം കൂടി. ഒപ്പം കൊളസ്റ്റ്റോളും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും . ക്രമേണ ആരോഗ്യനില വളരെ മോശമായി. എന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്‍സുളിനും മരുന്നുകളുമായി അവിടെ കിടക്കുമ്പോഴും അത്രയേറെ ഹല്‍വ കഴിച്ചതില്‍ കുറ്റബോധമൊന്നും മനസ്സില്‍ ഉണ്ടായിരുന്നില്ല .

എല്ലാ ദോഷങ്ങളോടൊപ്പവും ചില ഗുണങ്ങള്‍ കൂടെ ഉണ്ടാവാറുണ്ട് . പലപ്പോഴും രോഗങ്ങളോടൊപ്പം മധുരവും കൂടെ വരാറുണ്ട്. പനി വരുമ്പോള്‍ മധുരിക്കുന്ന ചെറിയ ഹോമിയോ ഗുളികകള്‍ , ഓറഞ്ച് എന്നിവ . വസൂരി വന്നപ്പോള്‍ ഉണക്ക മുന്തിരി, പനം കല്ക്കണ്ടം. ചുമയ്ക്ക് മധുരിക്കുന്ന സിറപ്പുകള്‍ .രോഗം അടിച്ചേല്‍പ്പിക്കുന്ന വേദനകള്‍ മറി കടക്കാന്‍ ഇവ ഒട്ടൊന്നുമല്ല സഹായകരമാവുക.

ക്ഷേത്ര ദര്‍ശനവും മധുരമായി ബന്ധപ്പെട്ടതാണ്. ഭഗവത് ദര്‍ശനത്തോടൊപ്പം പ്രസാദങ്ങളുടെ മാധുര്യവും ദേവാലയ സന്ദര്‍ശനത്തിന്ന് താല്‍പ്പര്യം കൂട്ടുന്ന ഘടകമാണ്. പഴനിയിലെ പഞ്ചാമൃതം, അമ്പലപ്പുഴ ക്ഷേത്രത്തിലെ പാല്‍ പായസം, ശബരിമലയിലെ അരവണ, ഈശ്വര മംഗലം ക്ഷേത്രത്തിലെ അപ്പം, ഗുരുവായൂരപ്പന്‍റെ നിവേദ്യങ്ങള്‍, പല കാവുകളിലേയും ഇരട്ടി മധുരം പായസം, ഊട്ടിന്‍റെ പ്രത്യേകതയായ പനഞ്ചക്കരയും നാളികേര കഷ്ണങ്ങളും ചേര്‍ത്ത ചിരട്ട നിവേദ്യം എന്നിവ നല്‍കിയ സ്വാദ് ആര്‍ക്കാണ് മറക്കാന്‍ കഴിയുക.

ബാല്യകാലത്ത് മധുരത്തിനോടുള്ള ആസക്തി കൂടുതലായിരിക്കും. പലപ്പോഴും കയ്യെത്താവുന്നതിലും അകലെയായിരിക്കും ആശിച്ച സാധനങ്ങള്‍ . കുരുന്നു മനസ്സുകളില്‍ മോഹിച്ചത് കിട്ടാത്തപ്പോഴുണ്ടാകുന്ന ദുഃഖം വാക്കുകള്‍ക്ക് അതീതമാണ്.
സോഷ്യല്‍ ഫോറസ്റ്റ്ട്രി അഥവ വനമഹോത്സവം കൊല്ലം തോറും നടത്തി , ആര്‍ക്കും വേണ്ടാത്ത അക്കേഷ്യയും മറ്റും ഏതൊ വര്‍ഷം കുഴിച്ച കുഴിയില്‍ എല്ലാ കൊല്ലവും നടുന്ന ഏര്‍പ്പാട് ഉണ്ടല്ലൊ. അത് ഒഴിവാക്കി , പകരം പേരയോ, മാവോ ,പ്ലാവോ, പൈനാപ്പിള്‍ ചെടികളോ റോഡരുകില്‍ വെച്ചു പിടിപ്പിക്കുക. കാലാവസ്ഥ അനുയോജ്യമായ ഇടങ്ങളില്‍ ഓറഞ്ച്, ആപ്പിള്‍ , ഈന്തപ്പന എന്നിവയൊക്കെ നടാം. അവയുടെ ഫലങ്ങള്‍ ലേലം ചെയ്യുന്നതിന്നു പകരം സ്കൂള്‍ കുട്ടികള്‍ക്ക് പറിച്ചെടുക്കാന്‍ അനുവാദം നല്‍കുന്നതില്‍ കൂടുതല്‍ അടുത്ത തലമുറക്കായി മറ്റെന്ത് ചെയ്യാനുണ്ട്.

ഇപ്പോഴും ഒരു മധുര സ്വപ്നം എന്‍റെ മനസ്സിലുണ്ട്. എനിക്ക് മൂന്ന് ആണ്‍ മക്കള്‍ ആണ് ഉള്ളത്. അവര്‍ക്ക് മൂന്നു വീതം ആണ്‍കുട്ടികള്‍ ഉണ്ടാവുമ്പോള്‍ ഒമ്പത് പേര മക്കളാവും . അവരെ നോക്കാനുള്ള ചുമതല മുത്തശ്ശനായ എനിക്ക്. ഡ്രോയിങ്ങ് റൂമില്‍ നിന്നും സെറ്റി, ടീപ്പോയി എന്നിവ എടുത്തു മാറ്റി ഒരു കാര്‍പ്പറ്റ് വിരിക്കും . പേരമക്കളെ അതില്‍ ഇരുത്തും . വലിയൊരു പ്ലാസ്റ്റിക്ക് പാത്രം നിറയെ ജെംസ് മിഠായികള്‍ ഒരു ഓരത്ത് വെക്കും. ഇടക്കിടെ ഓരോന്ന് പേരകിടാങ്ങള്‍ക്ക് കൊടുക്കും. ഒരു കുട്ടിക്ക് ഒന്ന് കൊടുത്താല്‍ മുത്തശ്ശനും ഒന്നെടുത്ത് തിന്നും. അതു പോലെ വലിയ ഹല്‍വ വാങ്ങി വെച്ച് കുട്ടികള്‍ക്ക് ഓരോ നുള്ളു കൊടുക്കുമ്പോള്‍ മുത്തശ്ശനും ഓരോ നുളള് വായിലാക്കും . ഞാന്‍ ആ സന്ദര്‍ഭം സ്വപ്നം കണ്ടിരിക്കുകയാണ്.