Monday, February 2, 2009

മധുരിക്കുന്ന മോഹങ്ങള്‍ .

എന്തുകൊണ്ടോ , എന്‍റെ ഏതാണ്ട് എല്ലാ മോഹങ്ങളും മധുരവുമായി ബന്ധപ്പെട്ടവയാണ്.
കുട്ടിക്കാലത്ത് എനിക്ക് മധുരമുള്ള സാധനങ്ങളോടായിരുന്നു ഏറ്റവും ഇഷ്ടം. പ്രമേഹം കാരണം ഈയിടെയായി മധുര പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിന്ന്കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും , എനിക്ക് മധുരത്തോടുള്ള താല്‍പ്പര്യത്തിന്ന് ഇപ്പോഴും ഒട്ടും കുറവ് വന്നിട്ടില്ല.

എന്‍റെ കുട്ടിക്കാലത്ത് ഇന്നു ലഭിക്കുന്ന പല മധുര പലഹാരങ്ങളും കണ്ടിട്ടില്ല. അന്നൊക്കെ ആശിക്കുന്ന സാധനങ്ങള്‍ വാങ്ങാന്‍ മിക്കവാറും പണവും കിട്ടാറില്ല . കുട്ടിക്കാലത്തെ കുറിച്ചുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നത്, പ്രൈമറി ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വല്ലപ്പോഴും കിട്ടുന്ന ചില്ലറ തുട്ടുകള്‍ കൊടുത്ത് സ്കൂളിന്നടുത്തുള്ള പീടികയില്‍ നിന്നും പൊരികടലയും ശര്‍ക്കരയും വാങ്ങി ഏറ്റവും അടുത്ത കൂട്ടുകാരുമായി പങ്കിട്ട് തിന്നുന്നതാണ് . ആ കാലത്തെ ഏറ്റവും വലിയ മോഹം വലുതായി സമ്പാദിക്കാന്‍ തുടങ്ങുമ്പോള്‍ ഓരോ ചാക്ക് പൊരികടലയും ശര്‍ക്കരയും വാങ്ങി മതിയാവോളം തിന്നുക എന്നതായിരുന്നു. മുതിര്‍ന്ന് സമ്പാദിക്കാന്‍ തുടങ്ങിയപ്പോള്‍ എളുപ്പം സാധിക്കാവുന്ന ആ കാര്യം ചെയ്യാന്‍ തോന്നിയില്ല. പക്ഷേ എന്‍റെ കുഞ്ഞു മനസ്സില്‍ കൊല്ലങ്ങളോളം താലോലിച്ചു നടന്ന ആ മോഹം ഇന്നും മറക്കാന്‍ കഴിയുന്നില്ല.

ഹൈസ്കൂള്‍ ക്ലാസില്‍ പഠിക്കുമ്പോള്‍ ഇടക്ക് മുത്തശ്ശിയെ അമ്മാമന്‍റ അടുത്തേക്ക്പാലക്കാട്ടു നിന്നും ബസ്സ് കയറ്റി അയക്കാന്‍ പോകും. രണ്ടുപേരും കൂടി മോഡേണ്‍ കഫേയില്‍ നിന്നും ഭൂരിമസാലയും ജിലേബിയും വാങ്ങി കഴിക്കും. മുത്തശ്ശിയെ യാത്ര അയച്ച ശേഷം കയ്യിലുള്ള പൈസക്ക് ഹലുവ വാങ്ങി തിന്നും. ജോലി കിട്ടിയാല്‍ ഒരു കടയിലെ മുഴുവന്‍ ഹലുവയും വാങ്ങി തോന്നുമ്പോഴൊക്കെ തിന്നണമെന്ന്അപ്പോഴൊക്കെ മോഹിച്ചിരുന്നു. നടപ്പിലാക്കാത്ത മോഹമായി അതും പരിണമിച്ചു.

എന്‍റെ കുട്ടിക്കാലത്ത് രണ്ടു തരം ഹലുവയേ ഉണ്ടായിരുന്നുള്ളു. ചുവപ്പും വെളുപ്പും. സ്വാദ് കൂടുതല്‍ വെള്ളക്കായിരുന്നു , കാണാന്‍ ഭംഗി ചുവപ്പിനും . ഇപ്പോള്‍ ആ തരം വെളുത്ത ഹല്‍വ കിട്ടാനില്ല. എങ്കിലും അതിന്‍റെ രുചി വായില്‍ നിന്നും പോയിട്ടില്ല.

കോളേജ് പഠന കാലത്തും ജോലി കിട്ടിയപ്പോഴും ആഗ്രഹം കുറച്ചു കൂടി വലുതായിരുന്നു. വായിക്കാന്‍ മാത്രമായി ശീതീകരിച്ച വലിയ ഒരു മുറി , അതും മൂന്നാമത്തേയോ നാലാമത്തേയോ നിലയില്‍ . വായിക്കാനിരിക്കുമ്പോള്‍ ആരുടേയും ശല്യം പാടില്ല . പുസ്തകങ്ങള്‍ നിറച്ച നിരവധി അലമാറകള്‍ , ആട്ടു കട്ടില്‍ , ചാരു കസേല , വെള്ളം നിറച്ച വലിയ കുപ്പി പാത്രം , ഗ്ലാസ്സ്താല്‍പ്പര്യമുള്ള പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും . കൂടാതെ വലിയ ഭരണികളില്‍ നിറയെ പലതരം ചോക്ലേറ്റുകള്‍ . ജീവിതം സന്തുഷ്ടമാവാന്‍ ഇനി എന്തു വേണം . നിര്‍ഭാഗ്യമെന്ന്പറയട്ടെ , ഈ മോഹവും നടപ്പിലായില്ല.

വിവാഹത്തെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളില്‍ പോലും മധുരം നിറഞ്ഞിരുന്നു.സദ്യക്ക് വിളമ്പേണ്ട പാലട പ്രഥമന്‍ , സല്‍ക്കാരത്തിന്ന് നല്‍കേണ്ട മധുരപലഹാരങ്ങള്‍ എന്നിവയെ കുറിച്ചുള്ള ആലോചനയാല്‍ പല രാത്രികളും നിദ്രാവിഹീനമായി .

ചെറുപ്പത്തില്‍ എനിക്ക് ഏറെ അഭിമാനം തോന്നിയിരുന്ന ഒരു കാര്യം ഇന്ന് നിസ്സാരവും ബാലിശവും ആയി തോന്നുന്നു. കണ്ണ് അടച്ച് പാരീയുടേയും ന്യൂട്രിന്‍റേയും ചോക്ലേറ്റുകള്‍ തിന്നിട്ട്, ഏതു കമ്പിനിയുടെ , ഏത് കളര്‍ റാപ്പറിലുള്ള , എന്ത് ടേസ്റ്റ് ഉള്ള ഉല്‍പ്പന്നമാണെന്ന് ഞാന്‍ തെറ്റാതെ പറയുമായിരുന്നു. പല പ്രാവശ്യം കൂട്ടുകാരോട് ഇതില്‍ വാതു വെച്ചുവെങ്കിലും ഒരു തവണ പോലും തോല്‍വി പറ്റിയിട്ടില്ല.

അടുത്ത കാലത്ത് മൂത്ത മകന്‍റെ ഭാര്യ ദീപ്തി വീട്ടില്‍ നിന്നും വരുമ്പോള്‍ പീടികയില്‍ കാണാറുള്ളതു പോലുള്ള വലിയൊരു ഹല്‍വ കഷ്ണം കൊണ്ടു വന്നിരുന്നു. മക്കള്‍ രാവിലെ ജോലിക്ക് പോകും, മരുമകള്‍ സ്കൂളിലേക്കും. അവര്‍ക്ക് അത് തിന്നാന്‍ നേരമില്ല. എന്‍റെ ഭാര്യ സുന്ദരിക്ക് ഹലുവ ഇഷ്ടമല്ല. ഫലമോ ഏതാണ്ട് ഹല്‍വ മുഴുവനും ഞാന്‍ തിന്നു തീര്‍ത്തു. ഏതാനും ദിവസത്തിനകം രക്തത്തിലെ പഞ്ചസാരയുടെ അളവ് കണ്ടമാനം കൂടി. ഒപ്പം കൊളസ്റ്റ്റോളും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും . ക്രമേണ ആരോഗ്യനില വളരെ മോശമായി. എന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്‍സുളിനും മരുന്നുകളുമായി അവിടെ കിടക്കുമ്പോഴും അത്രയേറെ ഹല്‍വ കഴിച്ചതില്‍ കുറ്റബോധമൊന്നും മനസ്സില്‍ ഉണ്ടായിരുന്നില്ല .

എല്ലാ ദോഷങ്ങളോടൊപ്പവും ചില ഗുണങ്ങള്‍ കൂടെ ഉണ്ടാവാറുണ്ട് . പലപ്പോഴും രോഗങ്ങളോടൊപ്പം മധുരവും കൂടെ വരാറുണ്ട്. പനി വരുമ്പോള്‍ മധുരിക്കുന്ന ചെറിയ ഹോമിയോ ഗുളികകള്‍ , ഓറഞ്ച് എന്നിവ . വസൂരി വന്നപ്പോള്‍ ഉണക്ക മുന്തിരി, പനം കല്ക്കണ്ടം. ചുമയ്ക്ക് മധുരിക്കുന്ന സിറപ്പുകള്‍ .രോഗം അടിച്ചേല്‍പ്പിക്കുന്ന വേദനകള്‍ മറി കടക്കാന്‍ ഇവ ഒട്ടൊന്നുമല്ല സഹായകരമാവുക.

ക്ഷേത്ര ദര്‍ശനവും മധുരമായി ബന്ധപ്പെട്ടതാണ്. ഭഗവത് ദര്‍ശനത്തോടൊപ്പം പ്രസാദങ്ങളുടെ മാധുര്യവും ദേവാലയ സന്ദര്‍ശനത്തിന്ന് താല്‍പ്പര്യം കൂട്ടുന്ന ഘടകമാണ്. പഴനിയിലെ പഞ്ചാമൃതം, അമ്പലപ്പുഴ ക്ഷേത്രത്തിലെ പാല്‍ പായസം, ശബരിമലയിലെ അരവണ, ഈശ്വര മംഗലം ക്ഷേത്രത്തിലെ അപ്പം, ഗുരുവായൂരപ്പന്‍റെ നിവേദ്യങ്ങള്‍, പല കാവുകളിലേയും ഇരട്ടി മധുരം പായസം, ഊട്ടിന്‍റെ പ്രത്യേകതയായ പനഞ്ചക്കരയും നാളികേര കഷ്ണങ്ങളും ചേര്‍ത്ത ചിരട്ട നിവേദ്യം എന്നിവ നല്‍കിയ സ്വാദ് ആര്‍ക്കാണ് മറക്കാന്‍ കഴിയുക.

ബാല്യകാലത്ത് മധുരത്തിനോടുള്ള ആസക്തി കൂടുതലായിരിക്കും. പലപ്പോഴും കയ്യെത്താവുന്നതിലും അകലെയായിരിക്കും ആശിച്ച സാധനങ്ങള്‍ . കുരുന്നു മനസ്സുകളില്‍ മോഹിച്ചത് കിട്ടാത്തപ്പോഴുണ്ടാകുന്ന ദുഃഖം വാക്കുകള്‍ക്ക് അതീതമാണ്.
സോഷ്യല്‍ ഫോറസ്റ്റ്ട്രി അഥവ വനമഹോത്സവം കൊല്ലം തോറും നടത്തി , ആര്‍ക്കും വേണ്ടാത്ത അക്കേഷ്യയും മറ്റും ഏതൊ വര്‍ഷം കുഴിച്ച കുഴിയില്‍ എല്ലാ കൊല്ലവും നടുന്ന ഏര്‍പ്പാട് ഉണ്ടല്ലൊ. അത് ഒഴിവാക്കി , പകരം പേരയോ, മാവോ ,പ്ലാവോ, പൈനാപ്പിള്‍ ചെടികളോ റോഡരുകില്‍ വെച്ചു പിടിപ്പിക്കുക. കാലാവസ്ഥ അനുയോജ്യമായ ഇടങ്ങളില്‍ ഓറഞ്ച്, ആപ്പിള്‍ , ഈന്തപ്പന എന്നിവയൊക്കെ നടാം. അവയുടെ ഫലങ്ങള്‍ ലേലം ചെയ്യുന്നതിന്നു പകരം സ്കൂള്‍ കുട്ടികള്‍ക്ക് പറിച്ചെടുക്കാന്‍ അനുവാദം നല്‍കുന്നതില്‍ കൂടുതല്‍ അടുത്ത തലമുറക്കായി മറ്റെന്ത് ചെയ്യാനുണ്ട്.

ഇപ്പോഴും ഒരു മധുര സ്വപ്നം എന്‍റെ മനസ്സിലുണ്ട്. എനിക്ക് മൂന്ന് ആണ്‍ മക്കള്‍ ആണ് ഉള്ളത്. അവര്‍ക്ക് മൂന്നു വീതം ആണ്‍കുട്ടികള്‍ ഉണ്ടാവുമ്പോള്‍ ഒമ്പത് പേര മക്കളാവും . അവരെ നോക്കാനുള്ള ചുമതല മുത്തശ്ശനായ എനിക്ക്. ഡ്രോയിങ്ങ് റൂമില്‍ നിന്നും സെറ്റി, ടീപ്പോയി എന്നിവ എടുത്തു മാറ്റി ഒരു കാര്‍പ്പറ്റ് വിരിക്കും . പേരമക്കളെ അതില്‍ ഇരുത്തും . വലിയൊരു പ്ലാസ്റ്റിക്ക് പാത്രം നിറയെ ജെംസ് മിഠായികള്‍ ഒരു ഓരത്ത് വെക്കും. ഇടക്കിടെ ഓരോന്ന് പേരകിടാങ്ങള്‍ക്ക് കൊടുക്കും. ഒരു കുട്ടിക്ക് ഒന്ന് കൊടുത്താല്‍ മുത്തശ്ശനും ഒന്നെടുത്ത് തിന്നും. അതു പോലെ വലിയ ഹല്‍വ വാങ്ങി വെച്ച് കുട്ടികള്‍ക്ക് ഓരോ നുള്ളു കൊടുക്കുമ്പോള്‍ മുത്തശ്ശനും ഓരോ നുളള് വായിലാക്കും . ഞാന്‍ ആ സന്ദര്‍ഭം സ്വപ്നം കണ്ടിരിക്കുകയാണ്.

1 comment:

rajji said...

ചെറുപ്പത്തില്‍, അല്ല ഇപ്പഴും, എനിക്കും മധുരം ഒരു ദൌര്‍ബല്യമാണ്. ആദ്യത്തെ ഓര്‍മ വേനലവധിക്ക്, പുന്നയൂരില്‍ അമ്മയുടെ തറവാട്ടില്‍ പോകുമ്പോള്‍, കുന്നംകുളത്തുള്ള റീഗല്‍ ബേക്കറി യില്‍ നിമ്മു അമ്മാമ വാങ്ങിത്തന്ന ലഡ്ഡു വിന്റെ മധുരം ആണ്. അതിന് മുന്‍പോ ശേഷമോ അത്ര സ്വാദും മധുരവുമുള്ള ലടു‌ കഴിച്ചിട്ടില്ല. സ്കൂള്‍ വിട്ടു വരുമ്പോഴേക്കും അമ്മ ഉണ്ടാക്കി വെക്കാറുള്ള നാലുമണി പലഹാരം, ധാരാളം ശര്‍ക്കരയും തേങ്ങയും ചേര്‍ത്തു ചീനച്ചട്ടിയില്‍ ചുട്ടെടുക്കുന്ന "ഓട്ടട" . ഇപ്പഴും നാട്ടില്‍ പോകുമ്പോള്‍ അമ്മ ഉണ്ടാക്കി തരാറുണ്ട്. പൂര പറമ്പിലെ പൊടിയണിഞ്ഞ ആറാം നമ്പര്‍, ഈച്ചയാര്‍ക്കുന്ന ഈത്തപഴം, പിന്നെ പൊരി. അന്ന് ഇതൊന്നും കഴിച്ചു ആര്ക്കും അസുഖമുണ്ടായതായി കേട്ടിട്ടില്ല. ഗുരുവായൂരപ്പന്റെ പാല്‍പായസം എത്ര കുടിച്ചാലും മതി വരാറില്ല.
ഇപ്പോള്‍, നല്ല മൂഡ് ഉള്ളപ്പോള്‍, പാകിസ്താനി യുടെ സ്വീറ്റ് ഷോപ്പില്‍ നിന്നു ജിലേബിയും ഗുലബ്ജാമുനും അല്‍പ്പം കുറ്റബോധ ത്തോടെ യാണെങ്കിലും വാങ്ങി കഴിക്കാറുണ്ട്. രണ്ടാഴ്ച്ച മുന്പ് ഫിസിക്കല്‍ ചെക്ക് അപ് നു പോയപ്പോള്‍ പേടിയും അതായിരുന്നു. ഭാഗ്യം. കുറച്ചു കൊളസ്ട്രോള്‍ ലെവല്‍ കൂടുതല്‍ ആണെന്നല്ലാതെ വലിയ "സമ്പാദ്യം" (ബി പീ, ഷുഗര്‍) ഒന്നും ഇതു വരെയുള്ള പ്രവാസജീവിതം കൊണ്ടു നേടിയിട്ടില്ല. :)
വന മഹോത്സവ ത്തിനു പേര, മാവ്, പ്ലാവ് തുടങ്ങിയ മരങ്ങള്‍ വെച്ചു പിടിക്കാനുള്ള സദ്ബുദ്ധി എന്നാണ് നമ്മുടെ ഗവണ്മെന്റ് നു ഉണ്ടാവുക. എത്ര നല്ല ആശയം ആണ്.
ജെംസ് എല്ലാ പേരക്കുട്ടികള്‍ക്കും കൊടുത്തു ഒരു വട്ടം എത്തുമ്പോള്‍ മുത്തച്ഛന്‍ ഒന്‍പതു ജെംസ് കഴിച്ചിട്ടുണ്ടാകും. diabetics ഉള്ളത് കൊണ്ടു മുത്തച്ഛന്റെ പങ്കു ഒഴിവാക്കി സ്വപ്നം revise ചെയ്തു കൂടെ.
വളരെ ഹൃദ്യം ആയിതോന്നി ഈ പോസ്റ്റ്.