Sunday, November 8, 2009

ദര്‍ശനം പുണ്യ ദര്‍ശനം - ഭാഗം 3.

അയ്യപ്പസ്വാമിയുടെ ദര്‍ശനം എനിക്ക്ഏറ്റവും കൂടുതല്‍ ലഭിച്ചത് കുംഭമാസത്തില്‍ തൊഴാന്‍ ചെന്നപ്പോഴാണ്. ശരിക്ക് പറഞ്ഞാല്‍ എന്‍റെ മൂന്നാമത്തെ തീര്‍ത്ഥയാത്രയില്‍. അത് പോലൊരു ദര്‍ശന സുഖം ഇനി എനിക്കെന്നല്ല, ആര്‍ക്കും കിട്ടാന്‍
ഇടയുണ്ടെന്ന് തോന്നുന്നില്ല. അതോടൊപ്പം കൌമാരക്കാരനായ എനിക്ക്ആ യാത്രക്കിടെ പറ്റിയ അനുഭവങ്ങളും അബദ്ധങ്ങളും
ഇവിടെ കുറിച്ചിടാതെ വയ്യ.

ആ യാത്ര 1971ല്‍ ആയിരുന്നു . അന്നും വളരെ അപൂര്‍വ്വം ചിലര്‍ മലയാള മാസം ഒന്നാം തിയ്യതി തോറും ശബരിമലയില്‍
തൊഴാന്‍ എത്തിയിരുന്നു. അത്തരത്തില്‍ തിങ്ങള്‍ ഭജനം നടത്തി വന്ന ഒരു ഗുരുസ്വാമിയായിരുന്നു എലവഞ്ചേരി ചേരാപുരത്തെ കുണ്ടുമണിസ്വാമി. മകര വിളക്കിന്ന് അദ്ദേഹത്തിന്‍റെ ശിഷ്യന്മാരായി നൂറിലേറെ പേര്‍ മലക്ക് ഉണ്ടാകും. ആ പ്രാവശ്യം ഞാന്‍
മലക്ക് പുറപ്പെട്ടത്ആ പുണ്യാത്മാവിന്‍റെ കൂടെയായിരുന്നു.

കോട്ടയത്തെ ഒരു ലോഡ്ജിലാണ്ഞങ്ങള്‍ രാത്രി കൂടിയത്. മാസം തോറും ശബരിമലയില്‍ തൊഴാന്‍ ചെന്നിരുന്നവരുടെ സംഘം താമസിച്ചിരുന്നതവിടെയാണ്. പി, എസ്. എന്‍. ബസ്സില്‍ ഡ്രൈവറായ തൃശൂരില്‍ നിന്നുള്ള ഒരു വാസുപ്പിള്ള സ്വാമി ഞങ്ങളെയും പ്രതീക്ഷിച്ച് അവിടെ ഉണ്ടായിരുന്നു. കുറെ കഴിഞ്ഞതും വേറെയും നാലഞ്ച് പേര്‍ എത്തി.

ഗുരുസ്വാമിമാര്‍ പിറ്റേന്നത്തെ യാത്ര ആസൂത്രണം ചെയ്യുമ്പോള്‍ ഞങ്ങള്‍ ചില ശിഷ്യന്മാര്‍ ഒന്ന് കറങ്ങാനിറങ്ങി. 'വല്ല ബീഡിയോ സിഗററ്റോ ആവശ്യമുള്ളവര്‍ വാങ്ങി വെച്ചോളിന്‍, അവിടെ ചെന്നാല്‍ ഒറ്റ സാധനം കിട്ടില്ല ' എന്ന് മുമ്പ് ഇതുപോലെയുള്ള അവസരങ്ങളില്‍ ചെന്ന് പരിചയമുള്ള ഗോപാലന്‍ സ്വാമി പറഞ്ഞു തന്നു.

ഞാന്‍ സുഖ നിദ്രയില്‍ ലയിച്ച് കിടക്കുമ്പോഴാണ് ഗുരുസ്വാമി തട്ടി വിളിക്കുന്നത്. വേഗം എഴുന്നേറ്റ് കുളിച്ചൊരുങ്ങി. പള്ളിക്കെട്ടും ബാഗുകളും ഏറ്റി സംഘം ട്രാന്‍സ്പോര്‍ട്ട് ബസ്സ് സ്റ്റാന്‍ഡിലേക്ക് നടന്നു. മൂഴിയാറിലേക്ക്പോവുന്ന ബസ്സില്‍
എല്ലാവരും കയറി. വടശ്ശേരിക്കര വരെ അതിലായിരുന്നു യാത്ര. അവിടെ ഇറങ്ങി ഭക്ഷണം കഴിച്ച് ഇറങ്ങിയതും ഒരു ജീപ്പുകാരന്‍
ഞങ്ങളുടെ മുന്നില്‍ എത്തി.

'ബേബ്യേ, ഇക്കുറി നാലഞ്ചാള്കൂടുതലാണ്' എന്ന് ഗുരുസ്വാമി പറഞ്ഞു. ബേബിക്ക് അതിനൊന്നും വിരോധമില്ല, സൂക്ഷിച്ച് നിന്നാല്‍ മതി എന്ന് മാത്രമേ അയാള്‍ പറഞ്ഞുള്ളു. ഗുരുസ്വാമിമാരോടൊപ്പം ഞാനും ജീപ്പില്‍ ഇടം പിടിച്ചു. കുറച്ചു പേര്‍ വെളിയില്‍ തൂങ്ങി നിന്നു. പമ്പയില്‍ എത്തിയതും തിരിച്ച് പോരാനുള്ള ദിവസവും സമയവും പറഞ്ഞു കൊടുത്ത് ബേബിയെ തിരിച്ചയച്ചു.

പുഴയോരത്ത് അടുപ്പ് കൂട്ടി മുതിര്‍ന്ന സ്വാമിമാര്‍ കഞ്ഞി വെക്കാന്‍ തുടങ്ങി. ആ ഒഴുവില്‍ ഞാന്‍ പമ്പയില്‍ ഇറങ്ങി. വെള്ളം തീരെ കുറവായിരുന്നു. മകര വിളക്ക് കാലത്തെ തിരക്കിന്‍റെ അവശിഷ്ടമെന്നോണം ചപ്പ് ചവറുകള്‍ കൂടി കിടന്നിരുന്നു. കുളി കഴിഞ്ഞപ്പോള്‍ ആകെ ഒരു ഉഷാര്‍. കഞ്ഞികുടി കഴിഞ്ഞതോടെ സംഘം പമ്പാഗണപതിയുടെ സന്നിധാനത്തില്‍ ചെന്ന് വിശ്രമിച്ചു.

വെയിലാറുന്നതിന്ന് മുമ്പു തന്നെ മല കയറി തുടങ്ങി. എല്ലാവരും ഒന്നിച്ച് നീങ്ങണമെന്നും ആരും മുമ്പേ കയറി പോകരുതെന്നും
കര്‍ശനമായ നിര്‍ദ്ദേശം തന്നിരുന്നു. ഉറക്കെ ശരണം വിളിച്ചാണ് ഞങ്ങള്‍ നടന്നത്. കാട്ടില്‍ അവിടവിടെ നിന്ന് ഉയര്‍ന്നിരുന്ന പുക വെയിലിന്‍റെ കാഠിന്യം കൂട്ടി. വൈകുന്നേരം നട തുറക്കുന്നതിന്ന് മുമ്പ് ഞങ്ങള്‍ മുകളിലെത്തി. കടകളോ ഹോട്ടലുകളോ
ഒന്നും തന്നെ ഇല്ല. തികച്ചും ശാന്തമായ ചുറ്റുപാട്.

തിക്കും തിരക്കും, ക്യൂവും പൊലീസും ഒന്നും ഇല്ലാതെയുള്ള പതിനെട്ടാം പടി കയറ്റം. എത്ര നേരം വേണമെങ്കിലും
ആര്‍ക്കും ഭഗവാന്‍റെ മുന്നില്‍ നിന്ന് തൊഴാം. തിരക്കാനോ, തള്ളാനോ പിടിച്ച്മാറ്റാനോ ആരും ഇല്ല. മാളികപ്പുറത്ത് അമ്മയുടെ സന്നിധിയില്‍ സന്ധ്യക്ക് എല്ലാവരും ചെന്ന് തൊഴുതു. വാവരുടെ സന്നിധിയിലൊ തിരുമുറ്റത്തിന്ന്പുറത്തുള്ള മറ്റ് ഉപദേവന്മാരുടെ സന്നിധിയിലോ ആരേയും കണ്ടില്ല.

താഴെ അടുപ്പ് കൂട്ടി ഭക്ഷണം ഒരുക്കിയിരുന്നു. മുറ്റത്ത് പടിഞ്ഞിരുന്ന് ഞങ്ങള്‍ അമൃതേത്ത് (ആ ഭക്ഷണം അമൃതിന്ന് തുല്യമായിരുന്നു) കഴിച്ചു. വീണ്ടും ഭഗവാനെ തൊഴാനായി ഞങ്ങള്‍ എല്ലാവരും ചെന്നു. ഗുരുസ്വാമിമാര്‍ ശാന്തിക്കാരോട് എന്തൊക്കെയോ സംസാരിച്ചു നിന്നു. പിന്നീട് അരവണപ്പായസം കിട്ടില്ലെന്നും അപ്പം ഉണ്ടാക്കി കിട്ടുമെന്നും ഞങ്ങളുടെ ഗുരുസ്വാമി അറിയിച്ചു. ഒടുവില്‍ പൂജാദികള്‍ കഴിഞ്ഞ് നട അടക്കാറായി. ഹരിവരാസനം ചൊല്ലി ദേവനെ പള്ളിയുറക്കി തിരുമുറ്റത്ത് തന്നെ ഞങ്ങളും കിടന്നു.

പിറ്റേന്ന് കാലത്ത് ഭസ്മക്കുളത്തില്‍ (ഇന്നുള്ള സ്ഥലത്തല്ല അന്ന് കുളം ഉണ്ടായിരുന്നത്) കുളിച്ചു. കുറെ നേരം ഭഗവാനെ തൊഴുതു. നെയ്യ്, കളഭം, ഭസ്മം, പഞ്ചാമൃതം തുടങ്ങിയവ കൊണ്ടുള്ള അഭിഷേകങ്ങള്‍ കണ്ട് മനം കുളിര്‍ത്തു. താഴെ ഇറങ്ങി ( ആ കാലത്ത് ഫ്ലൈ ഓവര്‍ ഉണ്ടായിരുന്നില്ല )മാളികപ്പുറത്തമ്മയെ ചെന്നു വണങ്ങി. ഭക്ഷണം കഴിഞ്ഞതോടെ തല്‍ക്കാലം
ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. ഞാന്‍ പുറത്തിറങ്ങി. ഇന്നത്തെ നടപ്പന്തലിന്‍റെ ഭാഗത്ത് നിന്ന് കൂട്ടത്തിലുള്ള രണ്ട് സ്വാമിമാര്‍ ബീഡി വലിക്കുന്നു. ഒരു സിഗററ്റും കത്തിച്ച് അവരോടൊപ്പം ഞാനും ചേര്‍ന്നു.

തലേന്ന് രാത്രി താഴെ ആന എത്തിയിരുന്നതായി അവര്‍ പറഞ്ഞു. എന്തോ ഞാന്‍ അതൊന്നും അറിഞ്ഞിരുന്നില്ല. ആള്കമ്മിയായാല്‍
രാത്രി മൃഗങ്ങള്‍ വരുമെന്ന് വാസുസ്വാമി പറഞ്ഞുതന്നു. 'തെന്നെ, നമ്മള്പത്താളല്ലേ ആകെക്കൂടി ഉള്ളത്' എന്ന് മറ്റേ സ്വാമി അതിനെ പിന്താങ്ങി. വാസു സ്വാമിക്ക് ആ കണക്ക് ബോധിച്ചില്ല. ജീപ്പില്‍ വന്ന നമ്മള്തന്നെ പതിനൊന്ന് ആളുണ്ട്. ഇവിടെ വന്നപ്പോള്‍ നാലഞ്ചാള് വേറേം ഉണ്ട്. പിന്നെ എങ്ങിന്ന്യാ പത്താളാവുക എന്ന് മൂപ്പര് വാദിച്ചു. കൂട്ടുകാരന്ന് മൊഴി മുട്ടി.

നല്ല ഉണക്ക വിറക് പെറുക്കി കൊണ്ടു വന്നാല്‍ തീ കൂട്ടാന്‍ എളുപ്പമാണ് എന്നും പറഞ്ഞ് കൂട്ടുകാര്‍ വിറക് ഉണ്ടാക്കാന്‍
ഇറങ്ങി. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതിനാല്‍ ഞാന്‍ അവരോടൊന്നിച്ച് ചെന്നു. മല നടയില്‍ വെടി വഴിപാട് നടത്താറുള്ള ഇടത്തിലൂടെ ഞങ്ങള്‍ താഴോട്ട് ഇറങ്ങി. കുറച്ച് നടന്നപ്പോള്‍ ഒരു മരത്തില്‍ ചക്ക കാണുന്നു. കൂട്ടുകാര്‍ക്ക് ഞാനത് കാട്ടി കൊടുത്തു. കാട്ടിലെങ്ങിനേയാ ഈ സാധനം വന്നത് എന്ന എന്‍റെ ചോദ്യത്തിന്ന് പ്ലാവും മാവും ഒക്കെ കാട്ടിലും ഉണ്ട് എന്നും പറഞ്ഞ് പൊക്കം കുറഞ്ഞ സ്വാമി മരത്തില്‍ പൊത്തി പിടിച്ച് കയറി രണ്ടെണ്ണം താഴത്തിട്ടു.

ഒരു കെട്ട് വിറക് തലയിലേറ്റി വാസുസ്വാമിയും ചക്ക തലയിലേറ്റി മറ്റേ സ്വാമിയും അവരെ നയിച്ച് ഞാനും കൂട്ടത്തിലെത്തി. വലിയ ഒരു കാര്യം സാധിച്ച മട്ടില്‍ വാസു ഞങ്ങളുടെ നേട്ടം അവരോട് വര്‍ണ്ണിച്ചു. ഞാന്‍ തിരുമുറ്റത്ത് ഒരു ഓരത്തിരുന്ന്നായും
പുലിയും കളിക്കാനുള്ള കളം വരച്ചു കൊണ്ടിരുന്നു , അത്രനേരം ശാന്തിക്കാരോട് സംസാരിച്ചിരുന്ന ഗുരുസ്വാമി താഴെ
എത്തിയതും വിവരം അറിഞ്ഞു. അദ്ദേഹം എന്നെ വിളിക്കാനായി ഒരാളെ അയച്ചു.

ഞാന്‍ ചെല്ലുമ്പോള്‍ ഗുരു സ്വല്‍പ്പം ഗൌരവത്തിലാണ്. വാസുവും കൂട്ടുകാരനും തല കുനിച്ച് നില്‍ക്കുന്നു. ചെന്ന് കയറിയപാടെ 'നിങ്ങള്‍ ചെയ്തത് ഒട്ടും നന്നായില്ല' എന്ന് ഗുരു പറഞ്ഞു. അദ്ദേഹം എന്നെ ഒന്ന് നല്ലവണ്ണം നോക്കി. 'ഇവര് രണ്ടാള്‍ക്കും വിവരമോ വിദ്യാഭ്യാസമോ ഇല്ല. ഒരുത്തന്‍ കന്ന് പൂട്ടാന്‍ പോകുന്നവന്‍ , മറ്റേയാള്‍ മരം വെട്ടുകാരന്‍. ഉണ്ണി അങ്ങിനെ അല്ലല്ലൊ. പഠിപ്പും ഉദ്യോഗവും ഉള്ള ആളല്ലേ. കാട്ടില്‍ ഇറങ്ങി ചെന്ന് വല്ലതും പറ്റിയാല്‍ ആര് സമാധാനം
പറയും'. ശിക്ഷയും ഗുരു വിധിച്ചു. കൂട്ടാന്‍ വെക്കാന്‍ ആ ചക്ക ഞാന്‍ നുറുക്കി കൊടുക്കണം. തിരിച്ച് പോരുന്നത് വരെ ഭക്ഷണം മറ്റു രണ്ടുപേരും ചേര്‍ന്ന് ഉണ്ടാക്കണം.

ചെറിയ കുട്ടികളുടെ മുടിയില്‍ വെള്ളം നനച്ച് മൊട്ട അടിക്കുന്ന സ്റ്റൈലില്‍ ഞാന്‍ ചക്കയുടെ പുറം ചെത്തി ഒന്നിച്ച് വെട്ടി കൂട്ടി. ഇതിനകത്തെ പാടയും ചകിണിയും കളയാത്തതിന്ന് വല്ലതും കേള്‍ക്കും എന്ന മുന്നറിയിപ്പോടെ കൂട്ടുപ്രതികള്‍ കറി വെച്ചു. ഭാഗ്യത്തിന്ന് അത് ഉണ്ടായില്ല.

ഉച്ച തിരിഞ്ഞു. നട തുറക്കാന്‍ ഇനിയും സമയമുണ്ട്. ഞാന്‍ നോക്കുമ്പോള്‍ താഴെ കറുത്ത ഒരു കാളക്കൂറ്റന്‍ നില്‍ക്കുന്നു. മുറ്റത്തുള്ള മരത്തിന്‍റെ കായ അത് തിന്നുകയാണ്. ഞാന്‍ ഗോപാലന്‍ സ്വാമിയേയും വിളിച്ച് താഴെ ചെന്നു. നിലത്ത് നിന്നും കായകള്‍ പെറുക്കിയെടുത്ത് ഞങ്ങള്‍ അവനെ തീറ്റി. ഞാന്‍ കാളക്കൂറ്റന്‍റെ മുതുകില്‍ തലോടിയും താടയില്‍ തടവിയും ഓമനിച്ചു. ഒരു പൂച്ചക്കുട്ടിയെ പോലെ അത് ഞങ്ങളോട് ഇണങ്ങി നിന്നു.

'രണ്ടാളും ഒന്ന് ഇവിടം വരെ വരിന്‍' എന്ന് മുകളില്‍ നിന്ന് ഗുരു വിളിച്ചതോടെ കാളയെ ശുശ്രൂഷിക്കുന്നത് നിര്‍ത്തി മുകളിലെത്തി. 'ഇത് വരെ ചെയ്തത് എത്ര അപകടമാണെന്ന് അറിയ്വോ. ആ സാധനം ഒരാളെ കുത്തി കൊല്ലാറാക്കിയതാണ് ' എന്ന് ഗുരു പറഞ്ഞു. പിന്നീട് അദ്ദേഹം എന്നെ ഒന്ന് തൊഴുതു. 'കല്‍പ്പിച്ചുകൂട്ടി ഇങ്ങിനത്തെ ഓരോ ഏടാകൂടങ്ങള്‍ ചെയ്യാന്ന് പ്രാര്‍ത്ഥിച്ചിട്ടാണോ സ്വാമി കെട്ടും എടുത്ത് ഇറങ്ങിയത്' അദ്ദേഹം ചോദിച്ചു. ഞാന്‍ ഒന്നും പറഞ്ഞില്ല. 'എന്‍റെ കുട്ടി തിരിച്ച് പോകുന്നത് വരെ ഒന്നും ചെയ്യേണ്ടാ. സമയത്തിന്ന് വന്ന് ആഹാരം കഴിച്ചിട്ട് മുകളില്‍ ഒരിടത്ത് അടങ്ങി ഒതുങ്ങി ഇരുന്നാല്‍ മതി. ഉണ്ണാന്‍ കാലത്ത് തിരഞ്ഞ് കൂട്ടിക്കൊണ്ട് വരാന്‍ ആളെ അയപ്പിക്കാതെ കഴിപ്പിക്കണം' എന്ന് പറയുകയും ചെയ്തു.

ഞാന്‍ വല്ലാതെ വിഷണ്ണനായി. എന്തെല്ലാമോ പ്രാരബ്ധങ്ങള്‍ക്കും വിഷമതകള്‍ക്കും ഇടയില്‍ നിന്നാണ് ഞാന്‍ വന്നത്. ഇരുപത്തി മൂന്ന് വയസ്സുകാരനായ ഞാന്‍ വയസ്സായ അമ്മയേയും, കാഴ്ചയില്ലാത്ത മുത്തശ്ശിയേയും കൂട്ടി കുടുംബക്കാരുടെ മുഷ്ക്കും
ഉപദ്രവവവും സഹിക്ക വയ്യാതെ വീട് വിട്ട് ഇറങ്ങിയ കാലം. അവരെല്ലാം പ്രബലര്‍, ഞാനോ ദുര്‍ബ്ബലന്‍. സഹായിക്കാന്‍
ആരുമില്ല. നല്ലൊരു വാക്ക് എന്നോട് പറയാന്‍ ഒരാളില്ല. എന്‍റെ സങ്കടങ്ങള്‍ മനസ്സില്‍കുഴുച്ച് മൂടി ഭഗവാന്‍ മാത്രം എനിക്ക്
തുണ എന്ന് വിചാരിച്ച് പോന്നതാണ്. എന്നിട്ട് മനസ്സറിഞ്ഞ് ഞാന്‍ പ്രാര്‍ത്ഥിച്ചോ. എനിക്ക് തന്നെ അറിയില്ല. ഞാന്‍ എന്‍റെ കൌമാര കുതൂഹലങ്ങള്‍ക്കും കുട്ടിത്തത്തിന്നും അതോടെ
ബ്രേക്ക് ഇട്ടു.

ഭസ്മക്കുളത്തില്‍ ഇറങ്ങി കുളിച്ച് ശുദ്ധമായി ഞാന്‍ മുകളിലേക്ക് കയറി.നട തുറന്നിരുന്നു. ദീപപ്രഭയില്‍ മുങ്ങിക്കുളിച്ച ഭഗവാന്‍റെ തിരുസ്വരൂപം നോക്കി ഞാന്‍ നിന്നു. എന്‍റെ സങ്കടങ്ങള്‍ ഞാന്‍ ഭഗവാനോട് ഉണര്‍ത്തിച്ചില്ല. ഒന്നും അപേക്ഷിച്ചതുമില്ല. ക്രമേണ ആ രൂപത്തില്‍ ഞാന്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതായി. ഞാന്‍ എന്നെത്തന്നെ മറന്നു. സായൂജ്യം എന്താണെന്ന് ഞാന്‍
അറിഞ്ഞു.

മൂന്ന് ദിവസം ഭഗവാന്‍റെ സന്നിധാനത്ത് ചിലവഴിച്ച് ഞങ്ങള്‍ മടങ്ങി. പമ്പയില്‍ ബേബി കാത്ത് നിന്നിരുന്നു. വഴിയില്‍ ഒരു കൂറ്റന്‍ മരം റോഡില്‍ വിലങ്ങനെ വീണു കിടപ്പാണ്. അകലെ നിന്ന് അത് കണ്ടതും ഞങ്ങളുടെ മനസ്സ് ഇടിഞ്ഞു. ഭാഗ്യത്തിന്ന് പൊതിര്പിടിച്ച് പൊടിഞ്ഞ അത് മാറ്റാന്‍ ഒട്ടും പ്രയാസമുണ്ടായില്ല.

വടശ്ശേരിക്കരയില്‍ എത്തിയപ്പോള്‍, കൂടെ ഉള്ളവര്‍ക്കെല്ലാം പത്മനാഭസ്വാമിക്ഷേത്രത്തിലും കന്യാകുമാരിയിലും ഒക്കെ പോകണം. എനിക്കാണെങ്കില്‍ ലീവില്ല. അവിടെ നിന്ന് ഞാന്‍ കൂട്ട് പിരിഞ്ഞു.

ഏതെല്ലാമോ ബസ്സുകളില്‍ കയറി എറണാകുളം ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ അവിടെ സമരമാണ്. സമയം
വൈകുന്നേരമായി. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. സഹിക്കാന്‍ പറ്റാത്ത വിശപ്പും. ഞാന്‍ പുറത്തേക്ക് ഇറങ്ങാന്‍ നേരം സ്റ്റാന്‍ഡിന്‍റെ ഓരത്ത് ഒരു മറ്റഡോര്‍ കിടക്കുന്നു. 'മലപ്പുറം, മലപ്പുറം' എന്ന് വിളിക്കുന്നുമുണ്ട്.

ഞാന്‍ ചെന്ന് 'തൃശ്ശൂരിലേക്ക് പോരട്ടെ' എന്ന് ചോദിച്ചു. കൂടുതല്‍ പണം ചോദിച്ചതൊന്നും സാരമാക്കാതെ ഞാന്‍ അതില്‍
കയറി കൂടി. അതിനകത്ത് വേറേയും ആറേഴുപേര്‍ ഉണ്ട്. നേരം കുറെ ആയിട്ടും പുറപ്പെടാനുള്ള ലക്ഷണമില്ല. ഒടുവില്‍
മടുത്ത്ഞങ്ങള്‍ ഇറങ്ങി പോവാന്‍ ഒരുമ്പെടുമ്പോള്‍ വാഹനം പുറപ്പെടാന്‍ തയ്യാറായി. അപ്പോഴാണ് വേറൊരു പ്രശ്നം. ആളെ വിളിക്കാന്‍ നിന്ന ചുമട്ട് തൊഴിലാളികള്‍ വലിയൊരു തുക കൂലി ചോദിച്ചു. മുന്നിലിരുന്ന വണ്ടിയുടെ ആള്‍ക്കാര്‍ അത് കൊടുക്കാന്‍ തയ്യാറുമല്ല.

'ഞങ്ങള്‍ ചോദിച്ച പണം തരാതെ വണ്ടി കൊച്ചി കോര്‍പ്പറേഷനില്‍ നിന്നും പോവില്ല' എന്ന ഭീഷണി ഉയര്‍ന്നു. വണ്ടിക്കാര്‍ക്ക് പരിഭ്രമം ഒന്നും ഇല്ല. ഡ്രൈവര്‍ മെലിഞ്ഞ് ഉയരം കുറഞ്ഞ ഒരു ചെറിയ പയ്യന്‍. ഇതൊന്നും തനിക്ക് ബാധകമല്ല എന്ന മട്ടില്‍ കക്ഷി ഇരുപ്പാണ്. വാക്ക് തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങി. പെട്ടെന്ന് രണ്ടുപേര്‍ വാതില്‍ തുറന്ന് ഡ്രൈവറെ വലിച്ച് പുറത്തിട്ടു.

എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല. ഡ്രൈവര്‍ എഴുന്നേറ്റ് പൊങ്ങിയത് കയ്യില്‍ നിവര്‍ത്തി പിടിച്ച കത്തിയുമായിട്ടാണ്. അവന്‍ അതൊന്ന് വീശിയതോടെ മറ്റുള്ളവര്‍ മാറി. മലപ്പുറത്തെ വണ്ടിയാണെങ്കില്‍ ഞാന്‍ അവിടെ എത്തിക്കും എന്നും പറഞ്ഞ് അകത്ത് കയറി അവന്‍ വണ്ടി വിട്ടു.

തൃശൂരില്‍ നിന്ന് ഷൊറണൂര്‍ വരെ ബസ്സിലും അവിടെ നിന്ന് പറളി വരെ ടി. വി. എസ്. പാര്‍സല്‍ ലോറിയിലുമായി യാത്ര ചെയ്ത് അര്‍ദ്ധരാത്രിയോടെ ഞാന്‍ വീടെത്തി. പിന്നീട് എത്രയോ ദിവസം കണ്ണടച്ചാല്‍ ഭഗവാന്‍റെ രൂപം കണ്ണില്‍ തെളിഞ്ഞ് വരാറുണ്ടായിരുന്നു.

==== ഈ കുറിപ്പ് ഇവിടെ അവസാനിക്കുന്നില്ല ====

( ഓര്‍മ്മത്തെറ്റ് പോലെ എന്ന നോവലിന്‍റെ അദ്ധ്യായം 30 പ്രസിദ്ധീകരിച്ചിരിക്കുന്നു )