Friday, September 17, 2010

പൊളിഞ്ഞ് പാളീസായ മരക്കച്ചവടം - അവസാന ഭാഗം.

സോമന്‍റെ മരണത്തോടെ കച്ചവടം ആകെ കുഴഞ്ഞു മറിഞ്ഞു. അതുവരെ കാര്യങ്ങള്‍ കൊണ്ടു നടന്നിരുന്ന തലവന്‍
ഇല്ലാതായതോടെ ഓരോരുത്തരും അവരവര്‍ക്ക് തോന്നുന്ന മട്ടില്‍ പണികള്‍ ചെയ്യാന്‍ തുടങ്ങി. ആരെങ്കിലും ഒരാള്‍ ഒരു
അഭിപ്രായം പറഞ്ഞാല്‍ അത് എത്ര നല്ലതാണെങ്കിലും മറ്റുള്ളവര്‍ എതിര്‍ക്കും. താനാണ് കേമന്‍ എന്ന ഭാവമാണ്
എല്ലാവര്‍ക്കും.

ഒരു വീട്ടിലേക്ക് പണിത് കൊണ്ടു പോയ വാതിലുകള്‍ അവ ഉറപ്പിക്കുന്ന സമയത്ത് ഉണ്ടായ തര്‍ക്കം മൂത്ത് മുറിച്ച്
കേടു വരുത്തി. പാവം ഉമ്മര്‍ക്ക. പണി ഏല്‍പ്പിച്ച ആളോട് അദ്ദേഹം സമാധാനം പറയേണ്ടി വന്നു. കൂടാതെ
കിട്ടാനുള്ള തുകയില്‍ വലിയൊരു ഭാഗം നഷ്ടപ്പെടുകയും ചെയ്തു. അതോടെ ആ പണിക്കാരെ മുഴുവന്‍ ഒഴിവാക്കി.

പിന്നീട് പണിക്ക് എത്തിയവന്‍ അതിലേറെ ഉഗ്രന്‍. ചില നേരത്ത് വെറുതെ പിറുപിറുത്തുകൊണ്ടിരിക്കും. മിക്ക ദിവസങ്ങളിലും
വീട്ടില്‍ നിന്ന് തമ്മില്‍ തല്ലിയിട്ടാണ് കക്ഷി വരാറ്. ഒരു ദിവസം ഭാര്യയുമായുള്ള വഴക്ക് പറഞ്ഞു തീര്‍ക്കാന്‍ എത്തിയ
ഭാര്യയുടെ ചേച്ചിയെ വീതുളിയുമായി ആ വിദ്വാന്‍ കുത്താന്‍ ചെന്നു. ആ സ്ത്രീ കരഞ്ഞുകൊണ്ട് മുന്നിലും കഥാ പുരുഷന്‍
ഉളിയുമായി പുറകിലും അതിന്നും പുറകിലായി ഉമ്മര്‍ക്കയും കൂടി ഓടിയ കാര്യം അന്ന് വൈകുന്നേരം കേട്ടറിഞ്ഞു. ഇയാളെ നമുക്ക് വേണ്ടാ എന്ന് ഞാന്‍ പറഞ്ഞുവെങ്കിലും ഒരു പ്രാവശ്യം ക്ഷമിച്ചേക്കാം എന്ന് ഉമ്മര്‍ക്ക പറഞ്ഞപ്പോള്‍ ഞാന്‍
എതിര്‍ത്തില്ല.

ഏറെ താമസിയാതെ ഉമ്മര്‍ക്കയും അയാളെക്കൊണ്ട് മടുത്തു. കണ്ണില്‍ കണ്ട അലവലാതി പിള്ളേരുമായിട്ടാണ് അയാളുടെ ചങ്ങാത്തം. നല്ലൊരു കട്ടില്‍ പണിതതില്‍ ചെറിയൊരു പോട് ഉണ്ടായിരുന്നു. ആ പോട് അടച്ച മക്ക് കന്ന് മേക്കാന്‍ വന്ന ഒരു ചെക്കന്‍ തോണ്ടിയെടുക്കുന്നതും  അയാള്‍ അത് നോക്കി ചിരിക്കുന്നതുമാണ് ആ സമയത്ത് അവിടെ എത്തിയ ഉമ്മര്‍ക്ക
കാണുന്നത്. തീരെ ദേഷ്യം വരാത്ത ഉമ്മര്‍ക്കയ്ക്കു പോലും അത് കണ്ടപ്പോള്‍ സഹിച്ചില്ല.

' എന്താടാ നീ കാണിക്കുന്നത് ' എന്ന് ചെക്കനോട് ചോദിച്ച ഉമ്മര്‍ക്കയോട് ' പിള്ളരല്ലേ ചേട്ടാ, അവന്‍ കേട് വരുത്തിക്കോട്ടേ, ഞാനില്ലേ നന്നാക്കാന്‍ ' എന്നും പറഞ്ഞ് ആ വിദ്വാന്‍ സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഉണ്ടായത്.

ഒരു വീടിന്‍റെ പാല് കാച്ചല്‍ ചടങ്ങാണ്. വീട് പണിക്കുള്ള മരത്തിന്‍റെ ഉരുപ്പടികള്‍ മുഴുവന്‍ ഉമ്മര്‍ക്ക ഉണ്ടാക്കി കൊടുത്തതാണ്.
ഒരു ഡൈനിങ്ങ് ടേബിളും ആറ് കസേലകളും അത്യാവശ്യമായി അവര്‍ക്ക് വേണം. ഉമ്മര്‍ക്ക ജോലി ഏറ്റെടുത്തു. മരസ്സാധനങ്ങള്‍ എത്തി. പണി തുടങ്ങി. പാല് കാച്ചലിന്‍റെ തലേന്ന് സാധനങ്ങള്‍ കൊണ്ടു പോവാന്‍ നോക്കുമ്പോള്‍ ഒരു കസേലയുടെ മൂന്ന് കാലുകള്‍ മാത്രമേ നിലത്ത് മുട്ടുന്നുള്ളു. ഒന്നിന്ന് നീളം കുറവ്.

' എന്താടോ ഇത് ഇങ്ങിനെ ' ഉമ്മര്‍ക്ക ചോദിച്ചു.

' ഒരു കാലിന്ന് ഇത്തിരി നീളം കുറവാണ് '

' അത് മനസ്സിലായി. ഇനി എന്താ ചെയ്യാ '.

' അവരോട് ആ കാലിന്‍റെ ചോട്ടില്‍ ഒരു ഓട്ടാമ്പുളി ( ഓടിന്‍ കഷ്ണം ) വെക്കാന്‍ പറഞ്ഞാല്‍ മതി.

പിന്നെ ഒരു പരീക്ഷണത്തിന്ന് മുതിര്‍ന്നില്ല. അന്നത്തോടെ അയാളെ ജോലിയില്‍ നിന്ന് ഒഴിവാക്കി. പിന്നീട് പലരും പണിക്ക് വന്നെങ്കിലും ഒരാളും അധിക നാള്‍ നിന്നില്ല. അപ്പോഴാണ് മന്തന്‍ പണിക്കെത്തുന്നത്.

അയാളുടെ പേര് മറ്റെന്തോ ആണ്. കറുത്ത് തടിച്ച ശരീര പ്രകൃതി കാരണം മന്തന്‍ എന്ന നാമധേയം ( അയാള്‍ കേള്‍ക്കെ അങ്ങിനെ വിളിക്കാറില്ല എന്ന് പറയേണ്ടതില്ലല്ലോ ) ഞങ്ങളുടെ വക സംഭാവനയായിരുന്നു. നല്ലൊരു പണിക്കാരനായിരുന്നു മന്തന്‍. വളരെ കാലത്തിന്ന് ശേഷം കൊള്ളാവുന്ന പണിക്കാരനെ കിട്ടിയതില്‍ ഞങ്ങള്‍ സന്തോഷിച്ചു. രാവിലെ നേരത്തെ
പണിക്കെത്തും. അധികം സംസാരിക്കില്ല. ഇടക്കിടയ്ക്ക് ബീഡി വലിക്കും എന്നല്ലാതെ മറ്റു കുഴപ്പങ്ങളൊന്നുമില്ല. നാലഞ്ച്
മാസങ്ങള്‍ക്കുള്ളില്‍ രണ്ടോ മൂന്നോ ദിവസമേ മന്തന്‍ പണിക്ക് വരാതിരുന്നുള്ളു.

ഒരു നാള്‍ ശബരി മല തീര്‍ത്ഥാടനത്തിന്ന് കറുപ്പ് മുണ്ടും ധരിച്ചാണ് അയാള്‍ വന്നത്. ആ ആഴ്ച മലയ്ക്ക് പോവാന്‍
മുവ്വായിരം രൂപ മന്തന്‍ വായ്പ ചോദിച്ചു. എന്തിനാണ് ഇത്രയധികം പണം എന്ന് ചോദിച്ചതിന്ന് അയ്യപ്പന്‍ പാട്ട് കഴിപ്പിച്ച് മലയ്ക്ക് പോവാന്‍ നേര്‍ന്നിട്ടുണ്ടെന്നും നറുക്ക് കിട്ടാനുള്ളത് കിട്ടാഞ്ഞതിനാലാണ് കടം ചോദിക്കേണ്ടി വന്നതെന്നും അയാള്‍
അറിയിച്ചു. മറ്റൊന്നും ആലോചിക്കാതെ ഞങ്ങള്‍ പണം കൊടുത്തു. പണിസ്സാധനങ്ങള്‍ അടങ്ങുന്ന സഞ്ചി ഷെഡ്ഡില്‍ വെച്ച് ഒരാഴ്ച കഴിഞ്ഞ് എത്താമെന്നും പറഞ്ഞ് മന്തന്‍ യാത്ര ചോദിച്ചു.

ആഴ്ച രണ്ട് കഴിഞ്ഞിട്ടും മന്തനെ കാണാനില്ല. ഇന്ന് വരും നാളെ വരും എന്നും കരുതി ഞങ്ങള്‍ കാത്തിരുന്നു. തീരെ സഹി
കെട്ടപ്പോള്‍ ഒരു ദിവസം ഉമ്മര്‍ക്ക അയാളെ അന്വേഷിച്ച് ചെന്നു. അന്ന് വൈകുന്നേരം ഓഫീസില്‍ നിന്നും ഞാന്‍ വീട്ടിലെത്തുമ്പോള്‍ ഉമ്മര്‍ക്ക കാത്തിരിക്കുന്നു.

' മന്തനെ കണ്ടില്ലേ ' ഞാന്‍ ചോദിച്ചു.

' അത് വല്ലാത്ത ഒരു കഥയായി ' ഉമ്മര്‍ക്ക പറഞ്ഞു ' അവന്‍റെ ഭാര്യയുടെ കരച്ചിലാണ് കാണാന്‍ വയ്യാത്തത് '.
എന്‍റെ നെഞ്ച് ഒന്ന് കത്തി. പാവം. സോമനെപ്പോലെ മന്തനും അകാലത്തില്‍ മരണപ്പെട്ടു.

' എന്താ മരിക്കാന്‍ കാരണം ' ഞാന്‍ ചോദിച്ചു.

' മരിച്ചതൊന്നുമല്ല ' ഉമ്മര്‍ക്ക പറഞ്ഞു ' കടം വാങ്ങിയ കാശും കൊണ്ട് മന്തന്‍ വേറൊരു കല്യാണം കഴിച്ചു '.

' അപ്പോള്‍ ശബരിമലയ്ക്ക് '.

' ഊട്ടിയിലേക്കാ അവന്‍ ചെന്നത് '.

പിന്നെ ഞങ്ങള്‍ കച്ചവടം തുടര്‍ന്നില്ല. സഞ്ചിയില്‍ ഒരു ഉളിയും  മഴുവും മാത്രം. ബാക്കി എന്ത് ചെയ്തോ ആവോ. മിച്ചം 
വന്ന മരസ്സാധനങ്ങള്‍ മുഴുവന്‍ ഉമ്മര്‍ക്ക വണ്ടിയില്‍ കയറ്റി കൊണ്ടു പോയതോടെ ബിസിനസ്സ് അവസാനിച്ചു.

അനുബന്ധം :-

ഈ കൊല്ലം മാര്‍ച്ച് മാസത്തില്‍ തറവാട് വക നാലുകെട്ട് പൊളിച്ച് പണിതു. ഞാന്‍ ആ ജോലി പരിശോധിക്കാന്‍ ചെന്നിരുന്നു.
ആറേഴ് പണിക്കാരുമായി മൂത്താശാരി വേഗത്തില്‍ പണി ചെയ്യുകയാണ്.

' മഴ വര്വോന്ന് ഒരു സംശയം. അതിന്ന് മുമ്പ് പണി തീര്‍ക്കണം , അയാള്‍ പറഞ്ഞു. ആ വാക്കുകളില്‍ നിഴലിച്ച
ആത്മാര്‍തത്ഥയില്‍ എനിക്ക് മതിപ്പ് തോന്നി.

' വീട്ടിലെ ഡൈനിങ്ങ് ടേബിളിന്‍റെ കാല് ഇളകിയിരിക്കുന്നു. അതൊന്ന് നേരാക്കി തര്വോ ' ഞാന്‍ ചോദിച്ചു.

' പിന്നെന്താ, നാളെ തന്നെ വരാം ' അയാള്‍ സമ്മതിച്ചു.

പിറ്റേന്ന് തന്നെ അയാളെത്തി.

' ഈ കാലുകള്‍ക്ക് വണ്ണം പോരാ. നമുക്കതൊന്ന് മറ്റിയാലോ ' ആശാരി ചോദിച്ചു.

' ശരി ' ഞാന്‍ സമ്മതിച്ചു.

പുറത്ത് മുറിച്ചിട്ട തെങ്ങ് അയാള്‍ കണ്ടു.

' എന്തിനാ സാറേ ഇത് ഇങ്ങിനെ ഇട്ടിരിക്കുന്നത് '.

' വെറുതെ ഇട്ടതാണ് '.

' നല്ല ഒന്നാന്തരം സാധനം. സൈസ്സ് പിടിച്ചാല്‍ അസ്സല് രണ്ട് കട്ടില് ഉണ്ടാക്കാം '.

അതോടെ ഞങ്ങള്‍ക്കും മോഹം തോന്നി. പിറ്റേന്ന് പണിക്കാരുമായി അയാളെത്തി തെങ്ങ് പാകത്തിന്ന് മുറിച്ച് മില്ലിലേക്ക് കടത്തി, ഒപ്പം തലപ്പാക്കെട്ട് കൊത്തിക്കാന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന തേക്കിന്‍ പലകകളും.

' മേശയുടെ കാലിന്ന് മരം വാങ്ങി കടയിക്കട്ടെ '.

ഞാന്‍ സമ്മതിച്ചു. അയാള്‍ എന്തൊക്കേയോ കുത്തിക്കുറിച്ചു.

' രണ്ടായിരത്തി എഴുന്നൂറ് ഉറുപ്പികയാവും ' അയാള്‍ പറഞ്ഞു ' അങ്ങോട്ടോ ഇങ്ങോട്ടോ ബാക്കി വല്ലതും ഉണ്ടെങ്കില്‍ ബില്ലും
സാധനങ്ങളും കൊണ്ടു വരുമ്പോള്‍ അഡ്ജസ്റ്റ് ചെയ്യാം . അത് പോരേ '.

ഞാന്‍ കൊടുത്ത പണവുമായി അയാള്‍ പോയി. പറഞ്ഞ സമയത്തൊന്നും അയാള്‍ വന്നില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ആളെത്തി.

' അമ്മ പെട്ടെന്ന് മരിച്ചു. അതാ വരാന്‍ പറ്റാഞ്ഞത് 'അമ്മയുടെ മരണത്തെ പറ്റി അയള്‍ പറഞ്ഞതെല്ലാം ഞാന്‍ കേട്ടു.

' എന്നാ പണി തുടങ്ങുന്നത് '.

' നാളെ മരം എത്തും. ഒപ്പം പണിയും തുടങ്ങും '.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ തെങ്ങ് മുറിച്ചത് വീട്ടിലെത്തി.

' കാലില്‍ തീപ്പൊള്ളി ' ഇത്തവണ വരാഞ്ഞതിന്‍റെ കാരണം അതായിരുന്നു.

അടുത്ത ദിവസം പണി തുടങ്ങി.

' രണ്ട് ദിവസം കഴിഞ്ഞാല്‍ നാല് പണിക്കാര്‍ വരും. ശടേന്ന് പണി തീര്‍ക്കണം '.

' അപ്പോള്‍ ഡൈനിങ്ങ് ടേബിളിന്‍റെ കാലോ ' എനിക്ക് അത് അറിയണം.

' മറ്റന്നാള്‍ അതും തേക്കിന്‍റെ പലകകളും എത്തും '.

അന്ന് പണി ചെയ്ത് അയാള്‍ കൂലി വാങ്ങി പോയി. പിറ്റേന്ന് അയാള്‍ വരുന്നതേ ഇടുപ്പില്‍ കയ്യും കുത്തി കൊണ്ടാണ്.

' എന്ത് പറ്റി ' ഞാന്‍ ചോദിച്ചു.

' വിലങ്ങിയതാണ്. ഡോക്ടറെ കാണിക്കണം '.

' ശരി. പോയിട്ട് വരൂ '.

അയാള്‍ മുറ്റത്ത് തന്നെ നില്‍പ്പാണ്.

' എന്തേ '

' നൂറ് ഉറുപ്പിക വേണം. ഡോക്ടര്‍ക്ക് കൊടുക്കാനാണ് '.

ഞാന്‍ കൊടുത്ത പണവുമായി പോയ അയാള്‍ ഇന്നുവരെ വന്നില്ല.

( മറ്റൊരു അക്കിടി പറ്റുന്നത് വരെ തല്‍ക്കാലം പൊളിഞ്ഞ മരക്കച്ചവടം അവസാനിപ്പിക്കുന്നു )