Saturday, June 18, 2011

ഒരു സുഹൃത്തിന്‍റെ ഓര്‍മ്മയ്ക്ക്.

രാവിലെ കുളി കുളി കഴിഞ്ഞ് നാമം ചൊല്ലാനുള്ള പുറപ്പാടിന്നിടയിലാണ് മൊബൈല്‍ അടിച്ചത്. മറു വശത്ത് കനകചന്ദ്രന്‍. സുഹൃത്തും , മുന്‍കാല സഹപ്രവര്‍ത്തകനും . സഹോദരതുല്യം എന്നെ സ്നേഹിക്കുകയും ഞാന്‍ സ്നേഹിക്കുകയും ചെയ്യുന്നതുമായ ആള്‍ .

'' ഉണ്ണ്യേട്ടാ , എന്താ ചെയ്യുന്നത് '' അദ്ദേഹം തിരക്കി. ഞാന്‍ വിവരം പറഞ്ഞു.

'' നമ്മുടെ നാഗസ്വാമി ഇന്നലെ രാത്രി മരിച്ചു. മൃതദേഹം ഒമ്പത് മണിക്ക് നാട്ടിലേക്ക് കൊണ്ടുപോവും '' കനകന്‍ അറിയിച്ചു.

'' ഇപ്പോള്‍ വരാം '' എന്നും പറഞ്ഞ് ഞാന്‍ കുട്ടിയേട്ടനെ വിളിച്ചു. കുട്ടിയേട്ടനും നാഗസ്വാമിയും ഞാനും ഒന്നിച്ച് കുറെ കാലം ജോലി ചെയ്തതാണ്.

കുട്ടിയേട്ടന്‍ വിവരം അറിഞ്ഞിരിക്കുന്നു. പുറപ്പെടാന്‍ ഒരുങ്ങുകയാണ് അദ്ദേഹം.

'' മേഴ്സി കോളേജ് ജങ്ക്ഷനില്‍ നില്‍ക്കൂ, ഞാന്‍ ഉടനെയെത്താം '' ഞാന്‍ അറിയിച്ചു.

ഞങ്ങള്‍ എത്തുമ്പോഴേക്കും മൃതദേഹം കൊണ്ടു പോവാനുള്ള ആംബുലന്‍സ് എത്തിയിരുന്നു. ഞങ്ങള്‍ അകത്ത് ചെന്നു , കുറച്ചു നേരം നോക്കി നിന്നു. പിന്നെ പുറത്തിറങ്ങി. പഴയ സഹപ്രവര്‍ത്തകരുംപരിചയക്കാരുമായി കുറെ പേരുണ്ട്. നാഗസ്വാമിയുടെ മരണത്തെ കുറിച്ചായിരുന്നു സംഭാഷണം. പ്രത്യേകിച്ച് അസുഖമൊന്നും ഇല്ലാത്ത ആളാണ്. രാത്രി ചെറിയൊരു ശ്വാസതടസ്സം തോന്നി. ഡോക്ടറെ കാണീക്കാന്‍ ഉടനെ ഓട്ടോറിക്ഷ വരുത്തി. ആസ്പത്രിയിലെത്തും മുമ്പ് മരണം സംഭവിച്ചു കഴിഞ്ഞു.

മൃതദേഹം ആംബുലന്‍സില്‍ കയറ്റിയതോടെ ഞങ്ങള്‍ മടങ്ങി. കുട്ടിയേട്ടനും ഞാനും പഴയ കാര്യങ്ങള്‍ മനസ്സിലോര്‍ത്തു . തികഞ്ഞ സാത്വികനായിരുന്നു പരേതന്‍. ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസില്‍ ഞങ്ങള്‍ ഒന്നിച്ച് ജോലി ചെയ്യുന്ന കാലത്ത് വൈകുന്നേരങ്ങളില്‍ ഒന്നിച്ചിറങ്ങും. വലിയങ്ങാടിയിലൂടെ മൂവരും കൂടി രണ്ട് കിലോമീറ്ററില്‍ കൂടുതല്‍ ദൂരെയുള്ള മേലാമുറിയിലേക്ക് നടക്കും.

വഴിയോരത്തെ തട്ടുകടയില്‍ നിന്ന് വാഴക്ക ബജ്ജിയോ, ഉരുളക്കിഴങ്ങ് ബോണ്ടയോ വാങ്ങി തിന്നും. അങ്ങാടിയില്‍ നിന്ന് പച്ചക്കറി വാങ്ങും. ഒരു രൂപയ്ക്ക് രണ്ടര കിലോ സവാളയോ അതില്‍ കൂടുതല് തക്കാളിയോ കിട്ടും. കാരറ്റ്, ബീറ്റ്റൂട്ട്, ബീന്‍സ്, ക്യാബേജ് എന്നിവയ്ക്കും ഏകദേശം അതേ വിലയാണ്. പക്ഷെ നാഗസ്വാമിക്ക് മത്തനും കുമ്പളങ്ങയും ആണ് പഥ്യം. അഞ്ച് ഉറുപ്പികയ്ക്ക് സാധനം വാങ്ങിയാല്‍ ചുമന്ന് നടക്കാനാവില്ല.

ഒരുപാട് സുഹൃത്തുക്കളുള്ള ആളാണ് നാഗസ്വാമി. വഴി നീളെ അദ്ദേഹത്തിന്‍റെ പരിചയക്കാരുണ്ടാവും. അവരോടൊക്കെ കുശലം പറഞ്ഞ് ലക്ഷ്യസ്ഥാനത്ത് എത്തുമ്പോഴേക്കും സമയം കുറെയാവും.

അങ്ങിനെയൊരു പരിചയക്കാരനായിരുന്നു ആര്യവൈദ്യന്‍ നമ്പൂതിരി. സ്വജനം എന്ന നിലയില്‍ അദ്ദേഹത്തിന്ന് നാഗസ്വാമിയോട് നല്ല മമതയാണ്. ക്രമേണ ഞങ്ങളോടും അദ്ദേഹം നല്ല അടുപ്പത്തിലായി.

ഒരു ദിവസം ഞങ്ങള്‍ അങ്ങാടിയിലൂടെ വരുമ്പോള്‍ നമ്പൂതിരി ഞങ്ങളെ വിളിച്ചു.

'' ടോ, കുറച്ച് ചില്വാനം വേണോലോ '' അദ്ദേഹം നാഗസ്വാമിയോട് പറഞ്ഞു '' ഒരു രണ്ടായിരം ഉറുപ്പിക തന്നാല്‍ അടുത്തതിന്‍റെ അടുത്ത മാസം മടക്കി തരണ്ട് ''.

തല്‍ക്കാലം ഒന്നും കൈവശമില്ലെന്നായി നാഗേട്ടന്‍.

'' നിങ്ങള്‍ക്ക് ശമ്പളം കൂട്ടീന്നൊക്കെ പേപ്പറില്‍ കണ്ടല്ലോ. കുടിശ്ശിക നല്ലൊരു തുക കിട്ടില്ലേ പിന്നെന്താ ''

'' ഏയ്. സംഗതി പേപ്പറില്‍ മാത്രേ ഉള്ളു. തീരുമാനം ഒന്നും ആയിട്ടില്ല. വേണച്ചാല്‍ ദാ കുട്ടികൃഷ്ണനോട് ചോദിച്ചോളൂ ''.

'' അത് നല്ല എടവാടായി. കള്ളന് കഴുവേറി സാക്ഷി അല്ലേ ''.

ഞങ്ങള് മൂന്നുപേരും ചിരിച്ച് മടുത്തു. അതിലേറെ ഉച്ചത്തില്‍ നാഗസ്വാമി ചിരിച്ചു മയങ്ങിയത് ഒരു പ്രാവശ്യമേ ഞാന്‍ കണ്ടിട്ടുള്ളു.

മൂന്നര മണിയോടെ ചായയും എന്തെങ്കിലും കഴിക്കാനും ഓഫീസില്‍ എല്ലാ സീറ്റിലും എത്തും. അത് കഴിഞ്ഞതും ഞാന്‍ കുട്ടിയേട്ടന്‍റെ അടുത്തേക്ക് ഒരു പോക്കുണ്ട്. ഞങ്ങളൊന്നിച്ച് സിഗററ്റ് വലിക്കും ( അന്നൊനും ഓഫീസില്‍ സിഗററ്റ് വലി കര്‍ശനമായി നിരോധിച്ചിരുന്നില്ല ). പലപ്പോഴും ആ നേരത്ത് മറ്റേതെങ്കിലും കൂട്ടുകാര്‍ ഞങ്ങളോടൊപ്പം ചേരും. നാഗസ്വാമിക്ക് പുക വലിക്കുന്ന ശീലം ഉണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹം ഞങ്ങളോടൊപ്പം വന്നിരിക്കും.

'' നിങ്ങള് രണ്ടാളുടെ വലി ഇത്തിരി കൂടുന്നുണ്ട് '' ഒരു ദിവസം അദ്ദേഹം പറഞ്ഞു.

'' എന്താടാ ഉണ്ണ്യേ '' കുട്ടിയേട്ടന്‍ എന്നെ വിളിച്ചു '' ഈ നാഗേട്ടന്‍ പറയിണത് കേട്ടില്ലേ. നമ്മള് എന്താ ചെയ്യണ്ട് ''.

'' വലിയ്ക്കേണ്ടാ എന്നു വെക്കണം. അല്ലാതെന്താ '' വളരെ സിമ്പിളായി ഞാന്‍ പ്രശ്നം പരിഹരിച്ചു.

'' അത് നടക്ക്വോടാ. നമുക്ക് എന്തെങ്കിലും ഫൈന്‍ വെക്കാം. അപ്പൊ വലിക്കില്ലല്ലോ '' കുട്ടിയേട്ടന്‍ നിര്‍ദ്ദേശിച്ചു.

'' എന്നാല്‍ ഒരു കാര്യം ചെയ്യാം '' ഞാന്‍ പറഞ്ഞു '' ഞാന്‍ സിഗററ്റ് വലിച്ചാല് നിങ്ങള് രണ്ടാള്‍ക്കും ചായ വാങ്ങി തരണം. കുട്ടിയേട്ടന്‍ വലിച്ചാല്‍ എനിക്കും നാഗേട്ടയ്ക്കും. നാഗേട്ടന്‍ വലിച്ചാല്‍ നമ്മള്‍ രണ്ടാള്‍ക്ക്. എന്താ അത് പോരേ ''.

'' ഈ പരിപാടിക്ക് ഞാനില്ല '' കുട്ടിയേട്ടന്‍ പറഞ്ഞു.

'' അതെന്താ '' ഞാന്‍ ചോദിച്ചു.

'' നമ്മള് രണ്ടാളും വലിയ്ക്കും. ചായ വാങ്ങി കൊടുക്കേണ്ടി വരും ചെയ്യും. പക്ഷെ ഈ നാഗേട്ടന്‍ വലിക്കില്ലല്ലോ ''.

'' അതിനെന്താ. നാഗേട്ടനും വലിച്ച് തുടങ്ങിക്കോട്ടെ '' എന്നായി ഞാന്‍ .

'' അത് നല്ല ഐഡിയ ആണ്. പക്ഷെ തുടങ്ങണം '' കുട്ടിയേട്ടന്ന് എതിര്‍പ്പില്ല.

'' ഞാന്‍ ആ പരിപാടിക്ക് ഇല്ല . ഇല്ലാത്ത ദുശ്ശീലം എന്തിനാ പഠിക്കുന്നത് '' നാഗേട്ടന്‍ ഒഴിഞ്ഞു '' വേറെ വല്ല പ്ലാനും ഉണ്ടാക്കിന്‍ ''.

കുട്ടിയേട്ടന്‍ തല പുകഞ്ഞ് ആലോചിക്കുന്നതിന്നിടയില്‍ ഞാന്‍ അടുത്ത പദ്ധതി അവതരിപ്പിച്ചു.

'' അങ്ങിനെയാണെങ്കില്‍ ഞാന്‍ ഒരു സൂത്രം പറയാം '' ഞാന്‍ പറഞ്ഞു '' ഞാന്‍ പുക വലിച്ചാല്‍ നിങ്ങള്‍ രണ്ടാള്‍ക്കും ചായയും കടിയും വാങ്ങി തരാം. എന്താ വിരോധം ഉണ്ടോ ''.

എന്ത് വിരോധം. രണ്ടാളും സമ്മതിച്ചു.

'' അതുപോലെ കുട്ടിയേട്ടന്‍ പുക വലിച്ചാല്‍ ഞങ്ങള്‍ രണ്ടാള്‍ക്കും വാങ്ങി തരണം ''.

കുട്ടിയേട്ടന്ന് എതിര്‍പ്പില്ല.

'' ഇനിയാണ് പ്രധാനം '' ഞാന്‍ പറഞ്ഞു '' ഞാനും കുട്ടിയേട്ടനും ഒന്നിച്ച് പുക വലിച്ചാല്‍ നാഗേട്ടന്‍ നമ്മള് രണ്ടാള്‍ക്കും വാങ്ങി തരണം ''.

അണ പൊട്ടുന്നതുപോലെ ഒരു ചിരിയാണ് രണ്ടു പേരില്‍ നിന്നും ഉയര്‍ന്നത്. നാഗേട്ടന്‍ ചിരിച്ച് ചിരിച്ച് കണ്ണില്‍ നിന്ന് വെള്ളം വന്നു. ഞാന്‍ നോക്കുമ്പോള്‍ മറ്റുള്ളവര്‍ ഞങ്ങളെ ശ്രദ്ധിക്കുകയാണ്.

കഥാവശേഷനായ ആ സുഹൃത്തിന്ന് പ്രണാമം.

Thursday, June 16, 2011

ഓടി മറയുന്ന കാലം .

മുപ്പത്തിയഞ്ച് കൊല്ലത്തെ സേവനത്തിന്നു ശേഷം കേരള സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡില്‍ നിന്നും ഞാന്‍ വിരമിച്ചിട്ട് ഈ മാസം മുപ്പതാം തിയ്യതിക്ക് എട്ട് കൊല്ലം തികയുന്നു. നാല് രൂപ അമ്പത് പൈസയും ഒരു അശോക പേനയും രണ്ട് ന്യൂട്രിന്‍ ചോക്ക്ലേറ്റുമായി ഓഫീസില്‍ ജോലിക്ക് ചേരാന്‍ ഞാന്‍ ചെന്നത് ഇന്നലെയെന്ന പോലെ തോന്നുന്നു. കഴിഞ്ഞ നാല്‍പ്പത്തി മൂന്ന് കൊല്ലം കൊണ്ട് ഉണ്ടായ മാറ്റങ്ങള്‍ ഓര്‍ത്താല്‍ അത്ഭുതം തോന്നും.

ഇരുന്നൂറ്റി അമ്പത് രൂപയായിരുന്നു അന്നത്തെ ശമ്പളം. ഇന്ന് അത് തീരെ തുച്ഛമായ തുകയാണെന്ന് തോന്നാം. എന്നാല്‍ അന്ന് അങ്ങിനെയായിരുന്നില്ല. അമ്പത് പൈസയില്‍ കുറഞ്ഞ തുകയ്ക്ക് ഉച്ചയ്ക്ക് ഹോട്ടലില്‍ ഊണ് കിട്ടുന്നത് സങ്കല്‍പ്പിക്കാന്‍ കഴിയുമോ. വിഭവങ്ങളുടെ എണ്ണവും രുചിയും കുറവാണെങ്കിലും മുപ്പത്തഞ്ച് പൈസക്ക് ഭക്ഷണം കിട്ടുന്ന ചെറിയൊരു ഹോട്ടലിലാണ് പലപ്പോഴും ചെല്ലുക. സര്‍വ്വീസ് ബുക്ക് തുറന്നപ്പോള്‍ രണ്ട് ഓഫീസുകളിലുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും ചായ സത്ക്കാരം നടത്തിയതിന്ന് വന്ന ചിലവ് പതിനെട്ട് രൂപയായിരുന്നു. നൂറ്റമ്പത് രൂപയില്‍ താഴെ വിലയ്ക്ക് ഒന്നര പവന്‍റെ സ്വര്‍ണ്ണമാല വാങ്ങിയത് ഓര്‍മ്മ വരുന്നു.

പണത്തിന്‍റെ മൂല്യത്തില്‍ വന്ന വ്യതിയാനം മാത്രമല്ല അത്ഭുതം തോന്നിക്കുന്നത്. അടിസ്ഥാന സൌകര്യങ്ങളില്‍ ഉണ്ടായ മാറ്റം കണ്ടില്ലെന്ന് നടിക്കാനാവില്ല.

ഇന്നത്തെ വിധത്തിലുള്ള മെച്ചപ്പെട്ട വസ്ത്രങ്ങളൊന്നും അന്ന് ഉണ്ടായിരുന്നില്ല. ഏറ്റവും മുന്തിയത് പോപ്ലിന്‍ ഷര്‍ട്ടുകളും രാജ സ്പെഷല്‍ മുണ്ടും ആയിരുന്നു. പാന്‍റ്- തുന്നിക്കാന്‍ ഉപയോഗിച്ചിരുന്ന തുണിയുടെ പേരുപോലും മറന്നു.

ബോള്‍പെന്‍ ഇല്ലാത്തതിനാല്‍ വയലറ്റ് പെന്‍സില്‍ ഉപയോഗിച്ചാണ്- കാര്‍ബണ്‍ വെച്ച് ഒന്നിലേറെ കോപ്പികള്‍ എടുത്തിരുന്നത്. കൂടുതല്‍ തെളിച്ചം കിട്ടാന്‍ '' A bottle of ink in a pencil '' എന്ന പേരുള്ള വില കൂടിയ ഇനം പെന്‍സിലുകളും ഉപയോഗിച്ചിരുന്നു.

വാഹന സൌകര്യത്തിന്‍റെ കാര്യം പറയാനുമില്ല. രണ്ട് ബോഗികളും ഒരു കൊച്ചു എഞ്ചിനുമായി ഷൊര്‍ണ്ണൂരില്‍ നിന്ന് ഒലവക്കോട്ടേക്ക് ഓടിയിരുന്ന കുട്ടി വണ്ടി മുതല്‍ മദിരാശിയില്‍ നിന്ന് മംഗലാപുരത്തേക്ക് പോയിരുന്ന എക്സ്പ്രസ്സ് ട്രെയിന്‍ വരെ കരി തുപ്പിക്കൊണ്ട് കിതച്ച് കിതച്ച് ഓടും. ആ സ്ഥാനത്താണ്‍ ഇലക്ട്രിക് ട്രെയിന് ഇരുപത്തി നാല്‍ ബോഗികളുമായി പാഞ്ഞു പോകുന്നത്

റോഡ് മാര്‍ഗ്ഗമുള്ള ഗതാഗതവും ഒട്ടും മെച്ചമല്ല. മണിക്കൂറില്‍ ഒന്നോ രണ്ടോ ബസ്സുകളാണ് ഉണ്ടാവുക. പഴക്കം ചെന്ന ആ ബസ്സുകളില്‍ ഒരു പൂരത്തിന്നുള്ള ആളുകളെ കയറ്റും. പന്ത്രണ്ട് കിലോമീറ്റര്‍ ദൂരം ഓടി എത്താന്‍ മിക്കപ്പോഴും ഒരു മണിക്കൂറെങ്കിലും വേണ്ടി വരും.

വാര്‍ത്താ വിനിമയ രംഗത്ത് ഇന്നുള്ള സംവിധാനങ്ങളൊന്നും അന്നില്ല. ഏതെങ്കിലും നമ്പറിലേക്ക് ഫോണ്‍ ചെയ്യണമെങ്കില്‍ എക്സ്ചേഞ്ചില്‍ വിളിച്ച് ആ നമ്പര്‍ പറയണം. കുറെ കഴിഞ്ഞ് എക്സ്ചേഞ്ചില്‍ നിന്നും കണക്ഷന്‍ തന്നാലെ സംസാരിക്കാനാവൂ.

ഞാന്‍ ഒരു വിധം മുതിര്‍ന്നപ്പോഴേക്കും റേഡിയോ വ്യാപകമായി ഉപയോഗത്തിലായി. എന്നാല്‍ ടെലിവിഷന്‍ എന്ന സാധനത്തെ കുറിച്ച് പറഞ്ഞു കേട്ട അറിവേ ഉണ്ടായിരുന്നുള്ളു. ( ആദ്യമായി ടി. വി കാണുന്നത് ഒരു ഉത്സവത്തിണോടനുബന്ധിച്ച എക്സിബിഷനില്‍ വെച്ചാണ്‍ ).

1981 ല്‍ സെന്‍റിന്ന് നാല്‍പ്പത് രൂപയ്ക്ക് തരാമെന്നു പറഞ്ഞ സ്ഥലത്തിന്ന് ഇന്നത്തെ വില ഒരു ലക്ഷത്തിന്ന് മീതെയാണ്.

കാലം വരുത്തിയ മാറ്റം കുറച്ചൊന്നുമല്ല. ഇന്ന് കമ്പ്യൂട്ടറിന്‍റെ മുമ്പില്‍ ഇരിക്കുന്ന ഞാന്‍ അതിനെ കുറിച്ച് പറഞ്ഞു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു.

ഈ ജീവിതത്തില്‍ കാണാനും അനുഭവിക്കാനും പറ്റിയ മാറ്റങ്ങള്‍ ഇനിയും ഏറെയുണ്ട്.