Thursday, October 27, 2011

തവളക്കണ്ണന്‍  നെല്ല്.

ഓര്‍മ്മവെച്ച കാലം മുതല്‍ക്കേ ഞങ്ങള്‍ക്ക് കൃഷിഭൂമി ഉണ്ടായിരുന്നു. ഞാന്‍ ജനിച്ച് ഏറെ വൈകാതെയാണ് തറവാട് വക ഭൂമിയുമായി ബന്ധപ്പെട്ട് മദിരാശി ഹൈക്കോടതിയിലുണ്ടായിരുന്ന കേസ്സില്‍ അനുകൂലമായ വിധി കിട്ടിയത്.

കാളനും കണ്ടനുമായിരുന്നു ഞങ്ങളുടെ അന്നത്തെ കര്‍ഷക തൊഴിലാളികള്‍. അവരുടെ ഭാര്യമാരായ വെള്ളച്ചിയും കണ്ണയും സ്ത്രി തൊഴിലാളികളും. ജോലി തിരക്ക് കൂടുതലുള്ള സമയങ്ങളില്‍ അവര്‍ പുറമെ നിന്ന് പണിക്കാരെ കൂട്ടിക്കൊണ്ട് വരും.


നടീല്‍ തുടങ്ങിയാല്‍ ഉത്സവകാലം പോലെയാണ്. വരിവരിയായി പാടത്തിന്‍റെ വരമ്പിലൂടെ ഞാറ് വലിക്കാനും നടാനും ധാരാളം പണിക്കാരികള്‍ നടന്നു പോകുന്നത് കാണാം. സ്കൂളില്ലാത്ത ദിവസങ്ങളില്‍ കിളയ്ക്കുന്നതും, കന്ന് പൂട്ടുന്നതും, ഞാറ് നടുന്നതും ഞാന്‍ നോക്കി നില്‍ക്കും. പാടത്തിന്‍റെ വരമ്പില്‍ പോയി നില്‍ക്കാനൊന്നും മുത്തശ്ശി സമ്മതിക്കില്ല. വെയില് കൊണ്ട് വല്ല അസുഖവും വന്നാലോ ? തോലനൂര്‍ കാവിലെ ആലിന്‍ ചുവട്ടിലാണ് പണി ചെയ്യുന്നതും നോക്കി ഞാന്‍ നില്‍ക്കാറ്.


ഉഴുതു മറിക്കുന്നതിന്ന് മുമ്പ് കൊട്ടക്കണക്കില്‍ ചാണകവും തൂപ്പും തോലും പാടങ്ങളില്‍ ഇടും. രാസവളങ്ങളൊന്നും ആ കാലത്ത് ഉണ്ടായിരുന്നില്ല. പിന്നീടെപ്പോഴോ ആണ് അമോണിയം സള്‍ഫേറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയത്. യൂറിയയും കോംപ്ലെക്സും പ്രചാരത്തിലാവാന്‍ പിന്നേയും കുറെ കാലമെടുത്തു.

പാടത്ത് കന്നുപൂട്ടി കഴിഞ്ഞാല്‍ നിരത്തലാണ്. നിരത്താന്‍ ഊര്‍ച്ച കെട്ടി കാളകളെ തെളിക്കും. അതിന്ന് പുറകില്‍ മീന്‍ പിടിക്കാനായി കുറെ കുട്ടികളുമുണ്ടാവും. നിരത്തി കഴിഞ്ഞതും നടാന്‍ തുടങ്ങും. നടീല്‍ അവസാനിക്കുമ്പോള്‍ വൃത്തത്തില്‍ ഞാറ് നടും. ചെണ്ടുമല്ലി പൂക്കളും ചെമ്പരുത്തിയും ഈര്‍ക്കിലില്‍ തറച്ച് വട്ടത്തില്‍ അതിനകത്ത് കുത്തി നിര്‍ത്തും.

നെല്ല് കതിരാവുമ്പോള്‍ ചാഴിക്കേട് വരും. കീടനാശിനികളൊന്നും ലഭ്യമായിരുന്നില്ല. കോറത്തുണികൊണ്ട് തയിപ്പിച്ച വല വീശിപ്പിടിച്ച് ചാഴികളെ നിത്യവും കൊല്ലും. മിക്കവാറും വൈകുന്നേരങ്ങളിലാണ് ചാഴിയെ പിടിക്കുക. അപ്പോള്‍ ചാഴിയുടെ നാറ്റം പരിസരം മുഴുവന്‍ പരക്കും.

തവളക്കണ്ണന്‍, ചമ്പാന്‍, ചിറ്റേനി, കഴമ എന്നീ വിത്തിനങ്ങളാണ് ആ കാലത്ത് കൃഷി ചെയ്യാറ്. തൈനാനാണ് ആദ്യമായി എത്തിയ അത്യുല്‍പ്പാദന ശേഷിയുള്ള വിത്ത്. ധാരാളം വിളയുന്ന ആ നെല്ല് തല്ലിയാല്‍ കൊഴിയില്ല. കാലുകൊണ്ട് ചവിട്ടി കറക്കുന്ന ഒരു യന്ത്രത്തില്‍ നെല്‍ക്കറ്റ വെച്ചാണ് മെതിക്കുക. ആ നെല്ലിന്‍റെ അരി പതിവു രീതിയില്‍ വേവിക്കാനും പറ്റില്ല. തിളച്ച വെള്ളത്തില്‍ ഇടുകയേ വേണ്ടു അത് ചോറാവും. വാര്‍ക്കാന്‍ അല്‍പ്പമൊന്ന് വൈകിയാല്‍ ചോറ് വാള്‍പോസ്റ്റര്‍ ഒട്ടിക്കാന്‍ പറ്റിയ പശയാവും. ഐ. ആര്‍ എട്ട്, സി. ഒ. ഇരുപത്തഞ്ച് തുടങ്ങിയ നമ്പര്‍ ഇനങ്ങള്‍ തൈനാന് ശേഷം വന്നു. ഇന്ന് ജയ, കാഞ്ചന, ജ്യോതി തുടങ്ങി പല പേരുകളിലുള്ള നെല്ലിനങ്ങളുണ്ട്.

രണ്ടാം വിളയ്ക് വെള്ളം ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. അതു കാരണം വിളവിറക്കല്‍ നേരത്തെയായിരുന്നു. എന്നിട്ടും ഒരിക്കല്‍ നിറയെ കതിര് വന്ന സമയത്ത് വെള്ളമില്ലാതെ ഉണക്കം തട്ടാറായി. പുഴയിലെ കുളിക്കടവില്‍ പമ്പ് വെച്ച് വെള്ളം അടിച്ച് റെയില്‍വെ ഓവു പാലത്തിന്നടിയിലൂടെ പൊട്ടക്കുളം നിറച്ചു. അവിടെ നിന്ന് രണ്ട് പമ്പുകള്‍ ഉപയോഗിച്ച് മേല്‍പ്പാടങ്ങള്‍ നനച്ചു. മലമ്പുഴ അണക്കെട്ടില്‍ നിന്ന് വെള്ളം ലഭിച്ചു തുടങ്ങിയതിന്ന് ശേഷം 2003 ഒഴികെ ഒരു കാലത്തും ജലസേചനം മുടങ്ങിയിട്ടില്ല. എന്നാലും പാടത്തേക്ക് വെള്ളം എത്തിക്കുന്നത് എളുപ്പമല്ല.

വരമ്പിലൂടെ കുറെ ദൂരം നടന്ന് തോട്ടില്‍ നിന്ന് വേണം കനാല്‍ വെള്ളം തിരിക്കാന്‍ . തോടിനോട് തൊട്ട് കാവിന്ന് മുന്നിലായി അമ്പലക്കുളമാണ്. അവിടെയുള്ള ഓവിലൂടെ വേണം വെള്ളം കൊണ്ടു വരാന്‍. ഒരിക്കല്‍ വെള്ളം തിരിക്കേണ്ട കാര്യം അമ്മ പണിക്കാരനോട് പറഞ്ഞപ്പോള്‍ '' കുളത്തില്‍ പ്പെട്ട് മരിച്ച ആളിന്‍റെ പ്രേതം രാത്രി അവിടെ ഉണ്ടാകു '' മെന്ന് പറഞ്ഞ് വരാന്‍ മടി കാണിച്ചു. എനിക്ക് മടിച്ചിരിക്കാന്‍ പറ്റില്ലല്ലോ ? അന്നു രാത്രി ടോര്‍ച്ചുമായി ഞാന്‍ വെള്ളം തിരിക്കാന്‍ ചെന്നു. അവിടെ പ്രേതത്തിനേയോ പിശചിനേയോ ഒന്നും ഞാന്‍ കണ്ടില്ല.

ഇഴ ജന്തുക്കളുടെ സാന്നിദ്ധ്യമാണ് വരമ്പിലൂടെ നടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. കുറച്ചു കാലമായി എന്‍റെ കൂടെ പകല്‍ സമയത്ത് ഭാര്യയും രാത്രി കാലങ്ങളില്‍ മക്കളും വെള്ളം തിരിക്കാന്‍ വരും. വളരെ സൂക്ഷിച്ചാണ് ഞങ്ങള്‍ പോകാറ്. എന്നിട്ടും കഴിഞ്ഞ കൊല്ലം ഞാനും ഭാര്യയും കഴായയുടെ അടുത്തു വെച്ച് വലിയൊരു മൂര്‍ഖന്‍ പാമ്പിന്‍റെ
മുന്നില്‍ ചെന്നു പെട്ടു.

കൊയ്ത്ത് തുടങ്ങിയാല്‍ പണിക്കാര്‍ക്കും കര്‍ഷകര്‍ക്കും വലിയ ഉത്സാഹമാണ്. രാവിലെ നേരത്തെ കൊയ്യാനെത്തിയാല്‍ ഉച്ചയ്ക്ക് ശേഷമേ പണി മാറി പോകൂ. കഞ്ഞി കുടിച്ച് തിരിച്ചെത്തിയാല്‍ കറ്റ കെട്ടാന്‍ തുടങ്ങും. മുഴുവന്‍ കറ്റയും കറ്റക്കളത്തിലെത്തിയാല്‍ മെതിക്കാന്‍ തുടങ്ങും. അത് കഴിയുമ്പോഴേക്കും ഇരുട്ട് പരക്കും. കമ്പിറാന്തലിന്‍റെ വെളിച്ചത്തിലാണ് നെല്ല് അളക്കുക.

പത്തിനൊന്ന് പതമ്പ് എന്നാണ് കൂലി നിരക്ക്. ഉടമസ്ഥന് പത്ത് പറ നെല്ല് അളന്നാല്‍ തൊഴിലാളികള്‍ക്ക് ഒരു പറ നെല്ല് അളക്കും. പിന്നീടത് എട്ടിനൊന്നും ആറിനൊന്നും ആയി മാറി. പതമ്പിന്ന് പകരം കൂലി നിലവില്‍ വന്നിട്ട് അധിക കാലമായിട്ടില്ല. വിളവ് കൂടിയാലും കുറഞ്ഞാലും തൊഴിലാളിക്ക് ഒരു പറ നെല്ല് കൂലി കൊടുക്കണം. അത് വര്‍ദ്ധിച്ച് രണ്ടു പറ, രണ്ടര പറ നെല്ല് ആയിട്ടുണ്ട്. എന്നാലും നിര്‍മ്മാണ ജോലികളും തൊഴിലുറപ്പ് പദ്ധതിയും കാരണം ഇപ്പോള്‍ കൊയ്യാന്‍ ആളെ കിട്ടാനില്ല.

അടുത്ത കാലത്തായി കൊയ്ത്ത് മിഷ്യന്‍ ഉപയോഗിച്ചാണ് പലരും കൊയ്യാറ്. പെട്ടെന്ന് പണി തീരും, നെല്ല് പതിരു മാറ്റി വൃത്തിയായി കിട്ടും തുടങ്ങിയ കുറെ ഗുണങ്ങളുണ്ടെങ്കിലും വൈക്കോല്‍ മുഴുവനും നശിക്കും എന്നൊരു ദൂഷ്യം ഇതിനുണ്ട്.

നിവൃത്തിയില്ലാതെ മിഷ്യന്‍ ഉപയോഗിച്ച് ഒരു തവണ കൊയ്ത്ത് നടത്തേണ്ടി വന്നു. കൊയ്ത്തിന്ന് ശേഷം ഭാര്യക്ക് വലിയ വിഷമം.

'' ആറേഴായിരം ഉറുപ്പികയുടെ വൈക്കോല്‍ കിട്ടുന്നതാണ്. ഒക്കെ പോയി '' അവള്‍ സങ്കടം പറഞ്ഞു.

'' സാരമില്ലെടോ. ഓരോ കാലത്ത് ഓരോ വിധം. നാടോടുമ്പോള്‍ നടുവെ ഓടണ്ടേ '' ഞാന്‍ ആശ്വസിപ്പിച്ചു.


ഓവര്‍ബ്രിഡ്ജിലേക്കുള്ള അപ്രോച്ച് റോഡിന്നും റെയില്‍വെ സ്റ്റേഷനും വേണ്ടി നല്ലൊരു പങ്ക് സ്ഥലം അക്വയര്‍ ചെയ്തു പോയതില്‍ അപ്പോള്‍ എനിക്ക് സന്തോഷം തോന്നി. ബാക്കി കൈവശമുള്ള സ്ഥലത്തിനെ കുറിച്ചല്ലേ വേവലാതിപ്പെടേണ്ടൂ.

Sunday, October 23, 2011

തിരുപ്പറം കുണ്ഡ്രത്തില്‍ നീ ശിരിത്താല്‍. 

റെയില്‍വേക്കുവേണ്ടി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ച് സംസാരിക്കാനാണ് ബാലന്‍ വന്നത്. സിറ്റ് ഔട്ടില്‍ ഇരുന്ന് ഞങ്ങള്‍ കേസിന്‍റെ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. കേസ്സിന്ന് ആവശ്യമായ ചില രേഖകള്‍ അയാള്‍ എന്നെ ഏല്‍പ്പിച്ച് പോവാനൊരുങ്ങി. ഞാന്‍ അവ ഒതുക്കി കവറിലാക്കാന്‍ തുടങ്ങി. അപ്പോഴാണ് ആരോ ഗെയിറ്റ് കടന്നു വന്നത്. ആഗതനെ ആദ്യം കണ്ടത് ബാലനാണ്.

'' ആരോ വരുന്നുണ്ടല്ലോ. ബന്ധുക്കള് വല്ലോരും ആണോ '' ബാലന്‍ ചോദിച്ചു.

ഞാന്‍ പടിക്കലേക്ക് നോക്കി. മുമ്പ് കണ്ടിട്ടുള്ള ആളല്ല.

'' എനിക്ക് പരിചയം ഉള്ള ആളല്ല '' ഞാന്‍ പറഞ്ഞു. അപ്പോഴേക്കും അയാള്‍ മുറ്റത്തെത്തി. ബ്രൌണ്‍ നിറത്തിലുള്ള ഹാഫ് കൈ ഷര്‍ട്ടും ഡബിള്‍ വേഷ്ടിയും ധരിച്ചിട്ടുണ്ട്. കാഴ്ചയ്ക്ക് മാന്യന്‍. കൈ ഉയര്‍ത്തി അയാള്‍ ഞങ്ങളെ വിഷ് ചെയ്തു.

'' ആരാ '' എന്ന് അന്വേഷിച്ചത് ബാലനാണ്.

'' ഞാന്‍ ഇരുന്നോട്ടെ '' എന്നും പറഞ്ഞ് മറുപടിയ്ക്കൊന്നും കാക്കാതെ അയാള്‍ ഞങ്ങള്‍ക്ക് അഭിമുഖമായി ഒരു കസേലയില്‍ ഇരുന്നു.

'' ഞാന്‍ കെ. എസ്. ആര്‍. ടി. സി.യില്‍ ഉള്ള ആളാണ് '' അയാള്‍ സ്വയം പരിചയപ്പെടുത്തി.

'' ഞാന്‍ ബാലന്‍. ഇദ്ദേഹത്തെ കാണാന്‍ വന്നതാണ് '' ബാലന്‍ അയാളോട് പറഞ്ഞു.

'' എന്താ വേണ്ടത് '' ഞാന്‍ അയാളോട് അന്വേഷിച്ചു.

'' ഒരു കാര്യത്തിന്ന് വന്നതാണ് ഞാന്‍ '' അയാള്‍ പറഞ്ഞു '' ചെറിയൊരു സഹായം ചെയ്യണം ''.

'' എന്ത് സഹായം '' സംഭാവന ചോദിക്കാന്‍ വന്നതാണെന്ന് എനിക്ക് തോന്നി.

'' കുട്ടിയെ പഴനിയില്‍ തൊഴുകിക്കാമെന്ന് ഒരു നേര്‍ച്ചയുണ്ട് '' അയാള്‍ പറഞ്ഞു '' ഇരുപത്തൊന്ന് വീട്ടില്‍ നിന്ന് ഭിക്ഷയെടുത്ത് ചെല്ലാം എന്നാ നേര്‍ച്ച. എന്തെങ്കിലും തരണം. വലുതായിട്ടൊന്നും വേണ്ടാ. ഒന്നോ രണ്ടോ രൂപ മതി ''.

എനിക്ക് അത്ഭുതം തോന്നി. ആദ്യമായിട്ടാണ് ഇങ്ങിനെയൊരു ആവശ്യമായി ഒരാള്‍ വരുന്നത്. ഭിക്ഷ യാചിച്ചു വരുന്ന എത്രയോ ആളുകളെ കണ്ടിട്ടുണ്ട്. തിരുപ്പതി ഭഗവാന് വഴിപാട് വങ്ങാന്‍ എത്തിയിരുന്ന സിത്തേശന്മാര്‍, കറുപ്പുടുത്ത് ത്രിശൂലവുമായി വന്നിരുന്ന ചെര്‍പ്ലശ്ശേരി അയ്യപ്പന്‍റെ കോമരം, ശംഖ് വിളിച്ച് കാവടിയുമായി വന്നിരുന്ന അയ്യാവ് പണ്ടാരന്‍, ആറടിയിലേറേ നീളമുള്ള ചാട്ട ചുഴറ്റി ദേഹത്ത് ശബ്ദമുണ്ടാക്കി അടിക്കാറുള്ള മാരിയമ്മന്‍ വെളിച്ചപ്പാട്, തല വെട്ടിപ്പൊളിച്ച് മഞ്ഞള്‍ പൊടി വാരിപ്പൂശി എത്തിയിരുന്ന കൊല്ലത്തി കൊടുങ്ങല്ലൂരമ്മ എന്നിങ്ങനെ ചിലരൊഴികെ മറ്റാരും മനസ്സില്‍ ഇടം പിടിച്ചിട്ടില്ല. ഇദ്ദേഹം ആ വകുപ്പിലൊന്നും പെട്ട ആളല്ല.

ഇതിനകം ബാലനും അയാളും ചിരകാല പരിചിതരെപ്പോലെ സംഭാഷണം തുടങ്ങിക്കഴിഞ്ഞു. ഞാന്‍ ആധാരക്കെട്ടുമായി അകത്തേക്ക് നടന്നു.

അലമാറയില്‍ കടലാസ്സുകെട്ട് എടുത്തുവെക്കുമ്പോള്‍ അമ്മ വന്നു.

'' എന്തിനാ അയാള് വന്നത് '' അമ്മ ചോദിച്ചു. ഞാന്‍ വിവരം പറഞ്ഞു.

'' എന്നാല്‍ ആറേകാല്‍ ഉറുപ്പിക കൊടുത്തോളൂ. സുബ്രഹ്മണ്യസ്വാമിക്കുള്ള വഴിപാടല്ലേ ''.

ഞാന്‍ പണവുമായി പുറത്തേക്ക് വന്നു. ബാലനും ആഗതനും സംഭാഷണം തുടരുകയാണ്.

'' സോപ്പോ, ചായപ്പൊടിയോ, പേസ്റ്റോ എന്തെങ്കിലും വാങ്ങണം എന്ന് തോന്നുന്നുണ്ടോ '' ബാലന്‍ ചോദിച്ചു '' വേണച്ചാല്‍ ഇദ്ദേഹം മിലിറ്ററി കാന്‍റ്റീനില്‍ നിന്ന് ലാഭത്തില്‍ വാങ്ങിത്തരും ''.

'' ഹോര്‍ലിക്സോ, ബൂസ്റ്റോ, പ്രഷര്‍കുക്കറോ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ പറഞ്ഞോളൂ. ഞാന്‍ വാങ്ങിത്തരാം '' അയാള്‍ സന്നദ്ധത അറിയിച്ചു.

'' ഇപ്പോള്‍ ഒന്നും വേണ്ടാ '' എന്നും പറഞ്ഞ് ഞാന്‍ പണം നല്‍കി..

'' പോയി വന്നിട്ട് പ്രസാദം കൊണ്ടുവന്ന് തരാം '' അയാള്‍ കിഴക്കോട്ട് തിരിഞ്ഞ് തൊഴുത് പണം വാങ്ങി.

'' എന്നാല്‍ ഞാനും പോട്ടെ '' എന്നും പറഞ്ഞ് ബാലന്‍ അയാളോടൊപ്പം ഇറങ്ങിപ്പോയി. ഒരാഴ്ച കഴിഞ്ഞു. ഒരു ദിവസം രാവിലെ ബാലന്‍ വീട്ടിലെത്തി.

'' ആ വിദ്വാന്‍റെ വിവരം വല്ലതും ഉണ്ടോ '' അയാള്‍ ചോദിച്ചു.

'' ആരുടെ '' എനിക്ക് കാര്യം മനസ്സിലായില്ല.

'' അന്ന് ഇവിടെവെച്ച് കണ്ടില്ലേ. അയാളടേന്നെ ''.

'' പിന്നെ അദ്ദേഹം വന്നില്ല ''.

'' പ്രസാദം കൊണ്ടുവരാന്ന് പറഞ്ഞതല്ലേ. അതാ ചോദിച്ചത് ''.

'' വന്നില്ലല്ലോ ''.

'' ഒരു അബദ്ധം പറ്റി. നമ്മളുടെ അടുത്ത് പറഞ്ഞതു പ്രകാരം സാധനങ്ങള്‍ വാങ്ങാന്‍ കുറച്ച് പണം അയാളെ ഏല്‍പ്പിച്ചു. ട്രാന്‍സ്പോര്ട്ട് ഓഫീസില്‍ വെച്ച് എന്‍റേന്ന് സാധനങ്ങളുടെ ലിസ്റ്റും എണ്ണൂറ് ഉറുപ്പികയും വാങ്ങി ബാലേട്ടന്‍ നാല് മണിക്ക് വന്നോളൂ എന്നും പറഞ്ഞ് പിരിഞ്ഞതാണ്. ഇപ്പോള്‍ ദിവസം നാലായി. സാധനവും ഇല്ല, പണവും ഇല്ല ''.

'' കെ. എസ്. ആര്‍. ടി. സി. യില്‍ ചെന്ന് അന്വേഷിച്ചില്ലേ ''.

'' ഉവ്വ്. അവിടെ ആര്‍ക്കും അയാളെ അറിയില്ല ''.

'' എന്നാല്‍ പറ്റിച്ചതായിരിക്കും ''.

'' അതന്യാണ് എനിക്കും തോന്നുന്നത്. ഇനി പറഞ്ഞിട്ട് കാര്യൂല്ല '' ഒന്ന് നിര്‍ത്തി ബാലന്‍ തുടര്‍ന്നു '' ഏതായാലും പറ്റിയത് പറ്റി. ഇനി നഷ്ടം നമുക്ക് ഒപ്പൊപ്പം സഹിക്കാം ''.

'' എന്താ ഉദ്ദേശിക്കുന്നത് '' ഞാന്‍ ചോദിച്ചു.

'' എണ്ണൂറ് ഉറുപ്പിക അയാളുടെ കയ്യില്‍ കൊടുത്തു. അതില്‍ പകുതി ചോദിച്ചതാ ''.

അലോഹ്യം ആവാത്ത മട്ടില്‍ എന്ത് പറയണം എന്ന് ഞാന്‍ ആലോചിക്കുമ്പോഴേക്കും കേട്ടു നിന്ന അമ്മ ഇടപെട്ടു.

'' അതേയ്, അയാളുടെ കയ്യില്‍ ആരാ പണം ഏല്‍പ്പിച്ചത് ''.

'' ഞാന്‍ തന്നെ ''.

'' ഇവിടേക്ക് എന്തെങ്കിലും വാങ്ങിത്തരാന്‍ നിങ്ങളെ ഏല്‍പ്പിച്ചിട്ടുണ്ടോ ''.

'' ഇല്ല ''.

'' അതായത് നിങ്ങള്‍ക്ക് ലാഭം കിട്ടാന്‍ നിങ്ങള് അയാളുടെ കയ്യില്‍ പണം കൊടുത്തു. ലാഭം കിട്ടി എന്ന് വിചാരിച്ചാല്‍ അതിന്‍റെ പങ്ക് ഞങ്ങള്‍ക്ക് തരില്ലല്ലോ. ഒറ്റയ്ക്ക് എടുക്കില്ലേ. അതുപോലെ നഷ്ടം വന്നത് ഒറ്റയ്ക്ക് സഹിച്ചാല്‍ മതി. വട്ടി പിടിച്ചവന്‍ പൊട്ടിയ ചട്ടിയുടെ പണം കൊടുക്കണം എന്ന് പറയുന്ന ഏര്‍പ്പാട് വേണ്ടാ ''.

'' എന്നാല്‍ ഞാന്‍ പോവാം അല്ലേ '' കൂടുതലൊന്നും പറയാതെ അയാള്‍ പോയി. തിരുപ്പറം കുണ്ഡ്രത്തില്‍ നീ ശിരിത്താല്‍ മുരുഹാ എന്ന ഗാനം എന്‍റെ മനസ്സിലെത്തി

Tuesday, October 11, 2011

തുമ്പപൂക്കള്‍..

പാടത്തിന്‍റെ വരമ്പുകളില്‍ നിന്ന് തുമ്പ ഇല്ലാതായിട്ട് അധിക കാലമൊന്നും ആയിട്ടില്ല. വെളുത്ത നിറമുള്ള ചെറിയ പുഷ്പങ്ങളോടു കൂടിയ കുറ്റിച്ചെടിയാണ് അത്. തോലനൂര്‍ കാവിന്ന് തൊട്ടു മുമ്പിലുള്ള കറ്റക്കളത്തിന്നരികിലും സ്കൂളിലേക്ക് പോവുന്ന വഴിയോരത്തും ധാരാളം തുമ്പ ചെടികള്‍ ഉണ്ടാവും.

തുമ്പച്ചെടി മരുന്നാണ് എന്ന് മുത്തശ്ശി പറയും. പക്ഷെ ഒരിക്കലും അത് ഉപയോഗിച്ചു കണ്ടിട്ടില്ല. നവരാത്രി കാലത്താണ് തുമ്പയെക്കൊണ്ടുള്ള ഉപയോഗം. സരസ്വതി പൂജയ്ക്ക് ഏറ്റവും പ്രധാനം തുമ്പപൂക്കളാണ്. ദേവിക്ക് ഏറ്റവും ഇഷ്ടമുള്ള പൂക്കളാണത്രേ അവ.

പീടിക സാധനങ്ങള്‍ പൊതിഞ്ഞു തരാറുള്ള പഴയ ന്യൂസ് പേപ്പര്‍ കുമ്പിളു കുത്തി അതിലാണ് പൂക്കള്‍ ശേഖരിക്കുക. സ്കൂളിലാണ് പുസ്തകങ്ങള്‍ പൂജയ്ക്ക് വെക്കാറ്. അവിലും മലരും രണ്ടച്ച് ശര്‍ക്കരയും കൂടി അമ്മ പൊതിഞ്ഞു തരും, വേറൊരു പൊതിയില്‍ തുമ്പ പൂക്കളും. അതുമായിട്ടാണ് സ്കൂളിലേക്ക് ചെല്ലാറ്.

കുട്ടികള്‍ സ്കൂളിന്‍റെ പരിസരം അടിച്ചു വൃത്തിയാക്കി വെള്ളം തളിക്കും. ചിലര്‍ പൂജയ്ക്കുള്ള പൂക്കള്‍ നന്നാക്കാനിരിക്കും. സരസ്വതി ദേവിയുടെ ഫോട്ടോയും സ്റ്റേജും പൂമാലകള്‍ ചാര്‍ത്തി അലങ്കരിക്കും. പതിനൊന്ന് മണിയോടെ പൂജ തുടങ്ങും. നാരായണന്‍ മാസ്റ്ററാണ് പൂജ ചെയ്യുക. കല്‍പ്പൂരം കത്തിച്ചു കഴിഞ്ഞാല്‍ പ്രസാദ വിതരണം തുടങ്ങും. അവിലും മലരും ചെറുപഴത്തിന്‍റെ കഷ്ണങ്ങളും നീട്ടിയ കൈകളില്‍ തരും. വെള്ളപ്പയര്‍ പുഴുങ്ങിയതും പായസവും കയ്യില്‍ തരില്ല. ജാനകി വിലാസുകാരുടെ വീടിന്‍റെ മുന്‍വശത്തുള്ള പ്ലാവിന്‍റെ കൊഴിഞ്ഞു വീണ ഇലകളിലാണ് ആ നിവേദ്യങ്ങള്‍ തരിക.

പ്രസാദം വാങ്ങിയതും ആരേയും കാത്തു നില്‍ക്കാതെ ഒറ്റ ഓട്ടമാണ്. വീടെത്തിയിട്ടു വേണം കളി തുടങ്ങാന്‍. നവരാത്രിയായതിനാല്‍ ആരും പഠിക്കാന്‍ പറയില്ല.

ഗെയിറ്റ് കടന്ന് റെയിലിന്‍റെ ഓരത്ത് എത്തി. ഭാഗ്യത്തിന് രണ്ടാമത്തെ റെയിലില്‍ വണ്ടിയൊന്നും നില്‍പ്പില്ല. തീവണ്ടിയുടെ അടുത്തു കൂടി നടക്കാന്‍ പേടിയാണ്. ഗുഡ്സ് വാഗണുകളുടേയും പാതച്ചാലിന്‍റേയും ഇടയ്ക്കുള്ള ഇടുങ്ങിയ ഭാഗത്തു കൂടി വേണം നടക്കാന്‍ . എഞ്ചിന്‍റെ അടുത്ത് എത്തുമ്പോഴാണ് ഏറെ ഭയം. അതിന്‍റെ ഇരു വശങ്ങളിലുള്ള കുഴലുകളിലൂടെ തിളച്ച വെള്ളവും നീരാവിയും വന്നു കൊണ്ടേയിരിക്കും.

കുറച്ചകലെയായി റെയിലിന്നരികെയുള്ള പാതച്ചാലില്‍ രണ്ട് കുട്ടികള്‍ ഇരിക്കുന്നത് കണ്ടു. അടുത്തെത്തിയപ്പോള്‍ ഞാന്‍ അവരെ ശ്രദ്ധിച്ചു. രണ്ടും പെണ്‍കുട്ടികളാണ്. മുതിര്‍ന്ന കുട്ടി കരയുന്നുണ്ട്. ഒരു പാവാടയല്ലാതെ മറ്റൊന്നും അവള്‍ ധരിച്ചിട്ടില്ല. ഇളയവള്‍ക്ക് അതും ഇല്ല. എണ്ണമയമില്ലാത്ത ചെമ്പിച്ച മുടി മാന്തിക്കൊണ്ട് രണ്ടുപേരും മണ്ണില്‍ വീണ ചോറ് പെറുക്കി തിന്നുകയാണ്, നല്ല തുമ്പപൂ പോലെ വെളുത്ത ചോറ്. തൊട്ടടുത്ത് അലുമിനിയത്തിന്‍റെ ഒരു ചോറ്റുപാത്രം കിടപ്പുണ്ട്.

കളിക്കാനുള്ള എന്‍റെ മോഹം ഇല്ലാതായി. ആ കാഴ്ച എന്നെ ദുഖിപ്പിച്ചു എന്നത് നേര്, എവിടെ നിന്നോ യാചിച്ചു കിട്ടിയ ആഹാരവുമായി വന്നതാവും അവര്‍. റെയില്‍ കടന്ന് മറു വശത്തേക്ക് പോകുമ്പോള്‍ സിഗ്നലിന്‍റെ കമ്പി തടഞ്ഞു വീണതാവണം. തെറിച്ചു പോയ ചോറ്റുപാത്രത്തിന്‍റെ മൂടി തുറന്ന് ചോറ് നിലത്ത് ചിന്നി പോയിരിക്കും.

ഈ സംഭവം നടന്നിട്ട് എത്രയോ വര്‍ഷങ്ങള്‍ ആയി. എന്നിട്ടും ഈ കഴിഞ്ഞ നവരാത്രി പൂജയ്ക്ക് ഒരുങ്ങുമ്പോള്‍ തുമ്പ പൂക്കളും ഒരു പിടി ചോറിന്‍റെ വറ്റും എന്‍റെ കണ്‍മുന്നിലെത്തി.





Saturday, October 1, 2011

അച്ചാച്ചന്‍.

കാര്യമായി ബന്ധുക്കളോ സമ്പത്തോ ഇല്ലാത്തവന്ന് അതിന്‍റെ കുറവ് ജീവിതത്തിലെ എല്ലാ പ്രധാന ഘട്ടങ്ങളിലും അനുഭവപ്പെടും. മുത്തശ്ശി മരിച്ചു കിടക്കുന്ന അവസരത്തില്‍ ശവദാഹത്തിന്നു വേണ്ട പണം സംഘടിപ്പിക്കുവാന്‍ ഒരു സുഹൃത്തിന്‍റെ വീട്ടിലേക്ക് രാത്രി നേരത്ത് സൈക്കിളില്‍ പോവേണ്ടി വന്ന അനുഭവം ഞാന്‍ ആദ്യ കാലത്തെ ഒരു പോസ്റ്റില്‍ എഴുതിയിരുന്നു. അമ്മ മരിക്കുമ്പോഴേക്കും ചുറ്റുപാടുകള്‍ കുറെ ഭേദപ്പെട്ടു. കടന്നു പോയ ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരിതങ്ങള്‍ എനിക്ക് നല്‍കിയ മനോധൈര്യം കാരണം അമ്മയുടെ മരണത്തെ നിര്‍വികാരനായി നോക്കി നില്‍ക്കാനായത് വേറൊരു കഥ.

എന്‍റെ വിവാഹത്തിന്നും വേണ്ടപ്പെട്ടവരെന്ന് പറയാവുന്ന ആരും ഉണ്ടായിരുന്നില്ല. അമ്മയുടെ ഏക മകന്‍, അച്ഛന്‍റെ ആറോ ഏഴോ മക്കളില്‍ ഒരാള്‍, ബന്ധുക്കളാരും ഇല്ലാത്ത അവസ്ഥ, പരിമിതികള്‍ അതൊക്കെയായിരുന്നു. സഹായിക്കാനും, സഹകരിക്കാനും കുറച്ച് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു എന്നത് മാത്രമായിരുന്നു ഒരാശ്വാസം. ഏതായാലും വിവാഹം ഒട്ടും വര്‍ണ്ണപകിട്ടില്ലാത്ത കേവലം ഒരു ചടങ്ങായി മാറി.

എന്‍റെ ഭാര്യയെ മൂന്ന് പ്രസവത്തിന്നും അവളുടെ വീട്ടിലേക്ക് അയച്ചില്ല. എന്‍റെ അമ്മ തന്നെയാണ് എല്ലാ ശുശ്രൂഷകളും ചെയ്തത്. ആദ്യ പ്രസവത്തിന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ഞാന്‍ ഓഫീസില്‍ പോകും. അമ്മയും ഭാര്യയും ആസ്പത്രിയില്‍ കൂടും. ഓഫീസ് വിട്ടതും ഞാന്‍ അവരുടെ അടുത്തെത്തും. വിവരങ്ങള്‍ അന്വേഷിക്കാന്‍ കൂടി ബന്ധുക്കളാരും ഇല്ല. ഞങ്ങള്‍ മൂന്നു പേരും സ്നേഹവും വിഷമങ്ങളും പങ്കു വെച്ച് അങ്ങിനെ കഴിഞ്ഞു. ഇന്ന് നാളെ എന്നു പറഞ്ഞ് ദിവസങ്ങള്‍ കടന്നു പോയി. ഒരു ദിവസം ഞാന്‍ ഓഫീസില്‍ നിന്ന് എത്തുമ്പോള്‍ ഭാര്യക്ക് തീരെ വയ്യ. എന്തോ ഒരു അസ്വസ്ഥത. പല പ്രാവശ്യം പറഞ്ഞിട്ടും ആരും നോക്കാന്‍ എത്തിയില്ല. ഒടുവില്‍ അമ്മ ക്ഷോഭിച്ച് സംസാരിച്ചപ്പോള്‍ താഴെ ലേബര്‍ റൂമിലേക്ക് കൊണ്ടു പോയി. ഞാന്‍ അമ്മയോടൊപ്പം വരാന്തയില്‍ നിന്നു.

സിനിമകളില്‍ പ്രസവ വാര്‍ഡിന്നു മുമ്പില്‍ വെപ്രാളപ്പെട്ട് നില്‍ക്കുന്ന ഭര്‍ത്താക്കന്മാരെ കണ്ടിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങിനെയൊന്നുമല്ല ഉണ്ടായത്.

'' ആരും ഇവിടെ കെട്ടിക്കാത്ത് നില്‍ക്കണ്ടാ. ഞങ്ങളുണ്ട് നോക്കാന്‍ '' എന്ന് നേഴ്സ് വന്നു പറഞ്ഞു. അതു കേട്ടതും അമ്മ എന്നോട് മുറിയിലേക്ക് പൊയി ഇരുന്നോളാന്‍ ആവശ്യപ്പെട്ടു. ശാരീരികവും മാസീകവുമായി തളര്‍ന്നിരുന്ന ഞാന്‍ അറിയാതെ ഉറങ്ങിപ്പോയി. '' ഉണ്ണി '' എന്ന് വിളിക്കുന്ന എന്‍റെ സുഹൃത്ത് രാമദാസ് ഞങ്ങള്‍ക്കുള്ള ഭക്ഷണവുമായി എത്തിയപ്പോള്‍ ഞാന്‍ ഉറക്കത്തിലാണ്.

'' അമ്മ ഊണ് കഴിച്ചോളാന്‍ പറഞ്ഞു '' അദ്ദേഹം എന്നെ ഉണര്‍ത്തിയിട്ട് പറഞ്ഞു. ഞങ്ങള്‍ രണ്ടാളും ഉണ്ണാനിരുന്നു. ഭക്ഷണം കഴിഞ്ഞ് എഴുന്നേറ്റതേയുള്ളു, അമ്മ എത്തി.

'' സുന്ദരി പ്രസവിച്ചു. ആണ്‍കുട്ടി '' അമ്മ പറഞ്ഞു '' ഒമ്പതേ കാലിന്നാണ് ''.

'' എന്നിട്ട് കുട്ടിയെവിടെ '' ഞാന്‍ ചോദിച്ചു.

'' കുറച്ച് കഴിഞ്ഞാല്‍ കാട്ടിത്തരും ''.

ആ സമയത്ത് എന്‍റെ സുഹൃത്ത് ബാലന്‍ മാസ്റ്ററുടെ ഭാര്യ ശാന്തമ്മ ടീച്ചറും മാസ്റ്ററുടെ അനുജന്‍ അര്‍ജുനനും എത്തി. ടീച്ചര്‍ താഴെ ചെന്ന് കുട്ടിയെ ഏറ്റു വാങ്ങി മുറിയിലേക്ക് വന്നു.

'' കുട്ടിയെ മടിയില്‍ വെച്ചു തരട്ടെ '' അവര്‍ ചോദിച്ചു.

'' കുറച്ച് വലുതാവട്ടെ '' ഞാന്‍ പറഞ്ഞു. അവര്‍ കുട്ടിയെ കട്ടിലില്‍ കിടത്തി.കുട്ടിയുടെ മുഖത്ത് ഉണ്ടാവുന്ന ഭാവങ്ങള്‍ നോക്കി ഞാന്‍ അടുത്ത് ഇരുന്നു. ഭാര്യയുടെ അച്ഛനമ്മമാര്‍ മൂന്നാമത്തെ ദിവസമാണ് കുട്ടിയെ കാണാനെത്തിയത്. അങ്ങിനെ ബന്ധുക്കളില്ലാതെ ആ പ്രസവം കഴിഞ്ഞു.

അടുത്ത പ്രസവങ്ങള്‍ക്കും ആരും ഉണ്ടായില്ല. രണ്ടാമത്തെ പ്രസവത്തിന്ന് വീടിനടുത്തുള്ള സുധാ ക്ലിനിക്കില്‍ ഭാര്യയെ പ്രവേശിപ്പിച്ച ശേഷമാണ് ഓഫീസില്‍ വിളിച്ച് എന്നെ വിവരം അറിയിച്ചത്. തിരക്കിട്ട് ഞാന്‍ വീട്ടിലെത്തുമ്പോള്‍ അളിയന്‍ കണ്ണനും ഉണ്ണിയും ചായ കുടിക്കുകയാണ്.

'' ചായ കുടിച്ചോളൂ '' അളിയന്‍ പറഞ്ഞു '' കുറച്ച് സമയം കഴിയും എന്നാ പറഞ്ഞത് ''.

വേഷം മാറ്റി ഞാന്‍ ചായ കുടിക്കുമ്പോഴേക്കും അമ്മ എത്തി.

'' പ്രസവിച്ചു, ആണ്‍കുട്ടിയാണ് ''. ഞങ്ങള്‍ ക്ലിനിക്കിലേക്ക് ഓടി.

ഒരു ദിവസം രാവിലെ '' എന്തോ എനിക്ക് വല്ലാതെ തോന്നുന്നു, ആസ്പത്രിയിലേക്ക് ചെന്നാലോ '' എന്ന് ഭാര്യ ചോദിച്ചു. മൂന്നാമത്തെ പ്രസവത്തിന്ന് ഡോക്ടര്‍ പറഞ്ഞ തിയ്യതി ആവാറായിരിക്കുന്നു.

'' ഒരു വണ്ടി വിളിക്കട്ടെ '' ഞാന്‍ ചോദിച്ചു.

'' വേണ്ടാ. നടക്കാനുള്ള ദൂരമല്ലേയുള്ളു. നമുക്ക് പോവാം '' ഭാര്യ പറഞ്ഞു.

പാടത്തിന്‍റെ വരമ്പിലൂടെ നടന്ന് റെയില്‍വെ ലൈന്‍ കടന്ന് ഞങ്ങള്‍ ക്ലിനിക്കിലെത്തി.

'' ഇവിടെ കിടന്നോട്ടെ, അമ്മയെ വേഗം വരാന്‍ പറയൂ '' മിഡ് വൈഫ് പറഞ്ഞതും ഞാന്‍ വീട്ടിലേക്ക് ഓടി. ഒരു മണിക്കൂറിനകം അമ്മ തിരിച്ചെത്തി.

'' പ്രസവിച്ചു. ഇതും ആണ്‍കുട്ടിയാണ് '' അമ്മ പറഞ്ഞു. മക്കളോടൊപ്പം ഞാന്‍ ക്ലിനിക്കിലേക്ക് നടന്നു. അനുജനെ കാണാനുള്ള ആഗ്രഹത്തില്‍ മക്കള്‍ രണ്ടാളും മുമ്പെ ഓടി. ആഗ്രഹിച്ച മട്ടില്‍ പെണ്‍കുട്ടിയാവാത്തതിനാല്‍ ഭാര്യ കടുത്ത നിരാശയിലായിരുന്നു. അങ്ങിനെ ആരോരുമില്ലാതെ മൂന്ന് പ്രസവങ്ങളും കഴിഞ്ഞു.

കൊല്ലങ്ങള്‍ പിന്നിടുന്നതിനോടൊപ്പം മക്കള്‍ വളര്‍ന്നു. മൂന്നുപേരും വിവാഹിതരായി. അതോടെ ഞങ്ങള്‍ക്ക് മൂന്ന് പെണ്‍മക്കളെ കിട്ടി. മരുമകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഞങ്ങള്‍ക്ക് സന്തോഷമായി. അടുത്ത തലമുറ ഉണ്ടാവുകയാണ്.

'' പ്രസവം ഇവിടെ വെച്ചാണെങ്കില്‍ ഞാന്‍ നന്നായി നോക്കും '' ഭാര്യ സന്നദ്ധത അറിയിച്ചു.

ലോക്കല്‍ ഫണ്ട് ഓഡിറ്റ് പാര്‍ട്ടി അമ്പലത്തിലെ കണക്കുകള്‍ പരിശോധിക്കാന്‍ വന്ന ദിവസങ്ങളില്‍ സംശയങ്ങള്‍ ദൂരീകരിക്കാനും വിശദീകരണം നല്‍കാനുമായി ഞാന്‍ അവരോടൊപ്പം ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. അവസാന ദിവസം ഉച്ചയോടെ എന്‍റെ മൊബൈല്‍ അടിച്ചു. നോക്കുമ്പോള്‍ മകന്‍.

'' ഇന്ന് സ്കാന്‍ ചെയ്യിച്ചു. വയറിന്‍റെ വലുപ്പം കണ്ട് ഡോക്ടര്‍ പറഞ്ഞിട്ടാണ് '' മകന്‍ പറഞ്ഞു '' ഇരട്ട കുട്ടികളാണ്. ഐഡെന്‍റിക്കല്‍ ട്വിന്‍സ് ''. അവന്‍ ആഹ്ലാദത്തിമര്‍പ്പിലാണ്. എനിക്ക് ചിരി വന്നു.

'' ഇരട്ട കുട്ടികളുടെ അച്ഛാ '' ഞാന്‍ വീളിച്ചു. മകനും ചിരി പൊട്ടി.

'' അങ്ങിനെ ഞാനൊരു മുത്തശ്ശനാനാവാന്‍ പോവുകയാണ് '' വൈകുന്നേരം ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു.

'' ഏയ്, അതു പറ്റില്ല '' ചെറിയ മകന്‍ പറഞ്ഞു '' ഞങ്ങളുടെ അച്ഛന്‍ വയസ്സനാവാന്‍ പാടില്ല ''.

'' എന്താ പിന്നെ അവര്‍ വിളിക്കേണ്ടാത് '' ഞാന്‍ ചോദിച്ചു.

'' അച്ചാച്ചന്‍ എന്ന് വിളിച്ചോട്ടെ, അമ്മയെ അച്ചമ്മ എന്നും '' അവന്‍ പറഞ്ഞു.

ആ പേരുകള്‍ ഐകകണ്ഠ്യേന അംഗീകരിക്കപ്പെട്ടു. മനസ്സ് നിറയെ സന്തോഷവുമായി ഞങ്ങള്‍ അച്ചാച്ചനും അച്ചമ്മയും ആവാന്‍ ഒരുങ്ങി.