Sunday, October 23, 2011

തിരുപ്പറം കുണ്ഡ്രത്തില്‍ നീ ശിരിത്താല്‍. 

റെയില്‍വേക്കുവേണ്ടി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ച് സംസാരിക്കാനാണ് ബാലന്‍ വന്നത്. സിറ്റ് ഔട്ടില്‍ ഇരുന്ന് ഞങ്ങള്‍ കേസിന്‍റെ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. കേസ്സിന്ന് ആവശ്യമായ ചില രേഖകള്‍ അയാള്‍ എന്നെ ഏല്‍പ്പിച്ച് പോവാനൊരുങ്ങി. ഞാന്‍ അവ ഒതുക്കി കവറിലാക്കാന്‍ തുടങ്ങി. അപ്പോഴാണ് ആരോ ഗെയിറ്റ് കടന്നു വന്നത്. ആഗതനെ ആദ്യം കണ്ടത് ബാലനാണ്.

'' ആരോ വരുന്നുണ്ടല്ലോ. ബന്ധുക്കള് വല്ലോരും ആണോ '' ബാലന്‍ ചോദിച്ചു.

ഞാന്‍ പടിക്കലേക്ക് നോക്കി. മുമ്പ് കണ്ടിട്ടുള്ള ആളല്ല.

'' എനിക്ക് പരിചയം ഉള്ള ആളല്ല '' ഞാന്‍ പറഞ്ഞു. അപ്പോഴേക്കും അയാള്‍ മുറ്റത്തെത്തി. ബ്രൌണ്‍ നിറത്തിലുള്ള ഹാഫ് കൈ ഷര്‍ട്ടും ഡബിള്‍ വേഷ്ടിയും ധരിച്ചിട്ടുണ്ട്. കാഴ്ചയ്ക്ക് മാന്യന്‍. കൈ ഉയര്‍ത്തി അയാള്‍ ഞങ്ങളെ വിഷ് ചെയ്തു.

'' ആരാ '' എന്ന് അന്വേഷിച്ചത് ബാലനാണ്.

'' ഞാന്‍ ഇരുന്നോട്ടെ '' എന്നും പറഞ്ഞ് മറുപടിയ്ക്കൊന്നും കാക്കാതെ അയാള്‍ ഞങ്ങള്‍ക്ക് അഭിമുഖമായി ഒരു കസേലയില്‍ ഇരുന്നു.

'' ഞാന്‍ കെ. എസ്. ആര്‍. ടി. സി.യില്‍ ഉള്ള ആളാണ് '' അയാള്‍ സ്വയം പരിചയപ്പെടുത്തി.

'' ഞാന്‍ ബാലന്‍. ഇദ്ദേഹത്തെ കാണാന്‍ വന്നതാണ് '' ബാലന്‍ അയാളോട് പറഞ്ഞു.

'' എന്താ വേണ്ടത് '' ഞാന്‍ അയാളോട് അന്വേഷിച്ചു.

'' ഒരു കാര്യത്തിന്ന് വന്നതാണ് ഞാന്‍ '' അയാള്‍ പറഞ്ഞു '' ചെറിയൊരു സഹായം ചെയ്യണം ''.

'' എന്ത് സഹായം '' സംഭാവന ചോദിക്കാന്‍ വന്നതാണെന്ന് എനിക്ക് തോന്നി.

'' കുട്ടിയെ പഴനിയില്‍ തൊഴുകിക്കാമെന്ന് ഒരു നേര്‍ച്ചയുണ്ട് '' അയാള്‍ പറഞ്ഞു '' ഇരുപത്തൊന്ന് വീട്ടില്‍ നിന്ന് ഭിക്ഷയെടുത്ത് ചെല്ലാം എന്നാ നേര്‍ച്ച. എന്തെങ്കിലും തരണം. വലുതായിട്ടൊന്നും വേണ്ടാ. ഒന്നോ രണ്ടോ രൂപ മതി ''.

എനിക്ക് അത്ഭുതം തോന്നി. ആദ്യമായിട്ടാണ് ഇങ്ങിനെയൊരു ആവശ്യമായി ഒരാള്‍ വരുന്നത്. ഭിക്ഷ യാചിച്ചു വരുന്ന എത്രയോ ആളുകളെ കണ്ടിട്ടുണ്ട്. തിരുപ്പതി ഭഗവാന് വഴിപാട് വങ്ങാന്‍ എത്തിയിരുന്ന സിത്തേശന്മാര്‍, കറുപ്പുടുത്ത് ത്രിശൂലവുമായി വന്നിരുന്ന ചെര്‍പ്ലശ്ശേരി അയ്യപ്പന്‍റെ കോമരം, ശംഖ് വിളിച്ച് കാവടിയുമായി വന്നിരുന്ന അയ്യാവ് പണ്ടാരന്‍, ആറടിയിലേറേ നീളമുള്ള ചാട്ട ചുഴറ്റി ദേഹത്ത് ശബ്ദമുണ്ടാക്കി അടിക്കാറുള്ള മാരിയമ്മന്‍ വെളിച്ചപ്പാട്, തല വെട്ടിപ്പൊളിച്ച് മഞ്ഞള്‍ പൊടി വാരിപ്പൂശി എത്തിയിരുന്ന കൊല്ലത്തി കൊടുങ്ങല്ലൂരമ്മ എന്നിങ്ങനെ ചിലരൊഴികെ മറ്റാരും മനസ്സില്‍ ഇടം പിടിച്ചിട്ടില്ല. ഇദ്ദേഹം ആ വകുപ്പിലൊന്നും പെട്ട ആളല്ല.

ഇതിനകം ബാലനും അയാളും ചിരകാല പരിചിതരെപ്പോലെ സംഭാഷണം തുടങ്ങിക്കഴിഞ്ഞു. ഞാന്‍ ആധാരക്കെട്ടുമായി അകത്തേക്ക് നടന്നു.

അലമാറയില്‍ കടലാസ്സുകെട്ട് എടുത്തുവെക്കുമ്പോള്‍ അമ്മ വന്നു.

'' എന്തിനാ അയാള് വന്നത് '' അമ്മ ചോദിച്ചു. ഞാന്‍ വിവരം പറഞ്ഞു.

'' എന്നാല്‍ ആറേകാല്‍ ഉറുപ്പിക കൊടുത്തോളൂ. സുബ്രഹ്മണ്യസ്വാമിക്കുള്ള വഴിപാടല്ലേ ''.

ഞാന്‍ പണവുമായി പുറത്തേക്ക് വന്നു. ബാലനും ആഗതനും സംഭാഷണം തുടരുകയാണ്.

'' സോപ്പോ, ചായപ്പൊടിയോ, പേസ്റ്റോ എന്തെങ്കിലും വാങ്ങണം എന്ന് തോന്നുന്നുണ്ടോ '' ബാലന്‍ ചോദിച്ചു '' വേണച്ചാല്‍ ഇദ്ദേഹം മിലിറ്ററി കാന്‍റ്റീനില്‍ നിന്ന് ലാഭത്തില്‍ വാങ്ങിത്തരും ''.

'' ഹോര്‍ലിക്സോ, ബൂസ്റ്റോ, പ്രഷര്‍കുക്കറോ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ പറഞ്ഞോളൂ. ഞാന്‍ വാങ്ങിത്തരാം '' അയാള്‍ സന്നദ്ധത അറിയിച്ചു.

'' ഇപ്പോള്‍ ഒന്നും വേണ്ടാ '' എന്നും പറഞ്ഞ് ഞാന്‍ പണം നല്‍കി..

'' പോയി വന്നിട്ട് പ്രസാദം കൊണ്ടുവന്ന് തരാം '' അയാള്‍ കിഴക്കോട്ട് തിരിഞ്ഞ് തൊഴുത് പണം വാങ്ങി.

'' എന്നാല്‍ ഞാനും പോട്ടെ '' എന്നും പറഞ്ഞ് ബാലന്‍ അയാളോടൊപ്പം ഇറങ്ങിപ്പോയി. ഒരാഴ്ച കഴിഞ്ഞു. ഒരു ദിവസം രാവിലെ ബാലന്‍ വീട്ടിലെത്തി.

'' ആ വിദ്വാന്‍റെ വിവരം വല്ലതും ഉണ്ടോ '' അയാള്‍ ചോദിച്ചു.

'' ആരുടെ '' എനിക്ക് കാര്യം മനസ്സിലായില്ല.

'' അന്ന് ഇവിടെവെച്ച് കണ്ടില്ലേ. അയാളടേന്നെ ''.

'' പിന്നെ അദ്ദേഹം വന്നില്ല ''.

'' പ്രസാദം കൊണ്ടുവരാന്ന് പറഞ്ഞതല്ലേ. അതാ ചോദിച്ചത് ''.

'' വന്നില്ലല്ലോ ''.

'' ഒരു അബദ്ധം പറ്റി. നമ്മളുടെ അടുത്ത് പറഞ്ഞതു പ്രകാരം സാധനങ്ങള്‍ വാങ്ങാന്‍ കുറച്ച് പണം അയാളെ ഏല്‍പ്പിച്ചു. ട്രാന്‍സ്പോര്ട്ട് ഓഫീസില്‍ വെച്ച് എന്‍റേന്ന് സാധനങ്ങളുടെ ലിസ്റ്റും എണ്ണൂറ് ഉറുപ്പികയും വാങ്ങി ബാലേട്ടന്‍ നാല് മണിക്ക് വന്നോളൂ എന്നും പറഞ്ഞ് പിരിഞ്ഞതാണ്. ഇപ്പോള്‍ ദിവസം നാലായി. സാധനവും ഇല്ല, പണവും ഇല്ല ''.

'' കെ. എസ്. ആര്‍. ടി. സി. യില്‍ ചെന്ന് അന്വേഷിച്ചില്ലേ ''.

'' ഉവ്വ്. അവിടെ ആര്‍ക്കും അയാളെ അറിയില്ല ''.

'' എന്നാല്‍ പറ്റിച്ചതായിരിക്കും ''.

'' അതന്യാണ് എനിക്കും തോന്നുന്നത്. ഇനി പറഞ്ഞിട്ട് കാര്യൂല്ല '' ഒന്ന് നിര്‍ത്തി ബാലന്‍ തുടര്‍ന്നു '' ഏതായാലും പറ്റിയത് പറ്റി. ഇനി നഷ്ടം നമുക്ക് ഒപ്പൊപ്പം സഹിക്കാം ''.

'' എന്താ ഉദ്ദേശിക്കുന്നത് '' ഞാന്‍ ചോദിച്ചു.

'' എണ്ണൂറ് ഉറുപ്പിക അയാളുടെ കയ്യില്‍ കൊടുത്തു. അതില്‍ പകുതി ചോദിച്ചതാ ''.

അലോഹ്യം ആവാത്ത മട്ടില്‍ എന്ത് പറയണം എന്ന് ഞാന്‍ ആലോചിക്കുമ്പോഴേക്കും കേട്ടു നിന്ന അമ്മ ഇടപെട്ടു.

'' അതേയ്, അയാളുടെ കയ്യില്‍ ആരാ പണം ഏല്‍പ്പിച്ചത് ''.

'' ഞാന്‍ തന്നെ ''.

'' ഇവിടേക്ക് എന്തെങ്കിലും വാങ്ങിത്തരാന്‍ നിങ്ങളെ ഏല്‍പ്പിച്ചിട്ടുണ്ടോ ''.

'' ഇല്ല ''.

'' അതായത് നിങ്ങള്‍ക്ക് ലാഭം കിട്ടാന്‍ നിങ്ങള് അയാളുടെ കയ്യില്‍ പണം കൊടുത്തു. ലാഭം കിട്ടി എന്ന് വിചാരിച്ചാല്‍ അതിന്‍റെ പങ്ക് ഞങ്ങള്‍ക്ക് തരില്ലല്ലോ. ഒറ്റയ്ക്ക് എടുക്കില്ലേ. അതുപോലെ നഷ്ടം വന്നത് ഒറ്റയ്ക്ക് സഹിച്ചാല്‍ മതി. വട്ടി പിടിച്ചവന്‍ പൊട്ടിയ ചട്ടിയുടെ പണം കൊടുക്കണം എന്ന് പറയുന്ന ഏര്‍പ്പാട് വേണ്ടാ ''.

'' എന്നാല്‍ ഞാന്‍ പോവാം അല്ലേ '' കൂടുതലൊന്നും പറയാതെ അയാള്‍ പോയി. തിരുപ്പറം കുണ്ഡ്രത്തില്‍ നീ ശിരിത്താല്‍ മുരുഹാ എന്ന ഗാനം എന്‍റെ മനസ്സിലെത്തി

17 comments:

ajith said...

ആഗതന്‍ പഴനിസാമി ഇറക്കിയ പുതിയ അടവ് കൊള്ളാല്ലോ..!!! ബാലന്‍ അതിനെക്കാള്‍ കേമന്‍. നല്ല പോസ്റ്റ്.

പഥികൻ said...

ഹെഹെ..കൊള്ളാം...

ശ്രീനാഥന്‍ said...

മുരുഹാ! എന്തൊക്കെ വേഷങ്ങളാ!

ദിവാരേട്ടn said...

ആദ്യത്തെ താടി വേഷത്തെക്കാളും കടം ആണല്ലോ രണ്ടാമത്തെ കത്തി വേഷം...

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

വേൽമുരുകന്റെ നവീനാവതാരങ്ങൾ അല്ലേ..

മുല്ല said...

പല രീതിയിലാണു തട്ടിപ്പുകള്‍. ഇതിനിടയില്‍ നിന്നും നാമെങ്ങനെ അര്‍ഹരായവരെ വേര്‍തിരിക്കും.

ponmalakkaran | പൊന്മളക്കാരന്‍ said...

balan aalu tarakkedilla.... Ha..ha...ha...

രാജഗോപാൽ said...

ബാലനാണു താരം.. പ്രോഫിറ്റ് ഷെയറിങ്ങില്ലെങ്കിലും ലോസ് ഷെയറിങ്ങ് ഒട്ടും മുഷിയില്ല.

jyo said...

തട്ടിപ്പ്കാരനും കൊള്ളാം, നഷ്ടപരിഹാരം ചോദിക്കിന്ന ബാലനും കൊള്ളാം.

Nayam said...

Aandavaa Muruhaa... :)

ente lokam said...

ഹ..ഹ...ഇഷ്ടപെട്ടത് ബാലനെ..

ഹര ഹരോ ഹര.....

ആസാദ്‌ said...

സത്യം പറഞ്ഞാല്‍ ബാലന് രണ്ടു പൂശു പൂശി വിടെണ്ടാതാണ് കേട്ടോ..
ഓരോരോ ജന്മങ്ങളെ.. മനുഷ്യനെ പറ്റിച്ചേ ജീവിക്കൂ എന്നൊരു വാശി!
പാലക്കട്ടേട്ടന്‍ ഇത്തിരി സോഫ്ട്ടാനെന്നു തോന്നുന്നു.. അതോണ്ടാ ഇങ്ങിനെ ഓരോരുത്തര്‍ പറ്റിക്കാന്‍ വരുന്നത്..
ആ അഡ്രസ്‌ ഒന്ന് തന്നാല്‍ എനിക്കും വരാമായിരുന്നു...

അനീഷ്‌ പുതുവലില്‍ said...

ഹ ഹ ഹ കലക്കി ..പാവം ബാലേട്ടന്‍ .. ലാഭം മോഹിച്ചു കുഴിയില്‍ ചാടിയിട്ടും സ്വഭാവത്തിനുണ്ടോ മാറ്റം .....

keraladasanunni said...

ajith,
ഭാഗ്യംകൊണ്ട് എന്‍റെ പണം പോയില്ല. സ്വതവേ അതല്ല സംഭവിക്കാറ്.

പഥികന്‍,
വളരെ നന്ദി.

ശ്രീനാഥന്‍,
എല്ലാം ഓരോ വേഷങ്ങള്‍.

ദിവാകരേട്ടന്‍,
ഒന്നാമന്‍ തീര്‍ത്തും അപരിചിതന്‍. രണ്ടാമന്‍ അതല്ല. എന്നിട്ടും.

മുരളിമുകുന്ദന്‍, ബിലാത്തിപട്ടണം,
ഓരോ അവതാരങ്ങള്‍ തന്നെ.

മുല്ല,
അര്‍ഹിക്കുന്നവരെ തിരിച്ചറിയാന്‍ പ്രയാസമാണ്.

keraladasanunni said...

ponmalakkaaran / പൊന്മളക്കാരന്‍,
പിന്നീടും പല ആവശ്യങ്ങള്‍ക്കായി അയാള്‍ വരാറുണ്ട്.

രാജഗോപാല്‍,
ലാഭം പങ്കിടുന്നതുപോലെ നഷ്ടവും 
പങ്കിടണമെന്നാണ് അയാളുടെ ആവശ്യം. പക്ഷെ ഞാന്‍ ഈ കൊടുത്ത് വാങ്ങലില്‍ ഇടപ്പെട്ടിരുന്നില്ല.

jyo,
ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളാണ് അവര്‍ .

Nayam,
മുരുകന്‍ തുണ

keraladasanunni said...

ente lokam ,
ഇപ്പോഴും അയാളെ കാണുമ്പോള്‍ ഇത് ഓര്‍മ്മ വരും.

ആസാദ്,
ജന്മപ്രകൃതി എന്നേ പറയാനുള്ളു. വളരെ അപൂര്‍വ്വമായിട്ടേ ദേഷ്യം വരാറുള്ളു. കഴിയുന്നതും കണ്ടില്ലെന്ന് നടിക്കും. ചിലര്‍ പറ്റിക്കാറുണ്ട്. ഒരുപാട് പേര് സഹായിക്കാറുമുണ്ട്. അതങ്ങിനെ പെയറോഫ് ചെയ്ത് പോട്ടെ.

അനീഷ് പുതുവലില്,
വെറുതെ കയ്യിലുള്ള പണം അയാള്‍ കളഞ്ഞു.

Anonymous said...

പഴനി ആണ്ടവനുക്ക് ഹരോ ഹര................. കിടക്കട്ടെ ആണ്ടവന്റെ പേരിലും.... നല്ല ബ്ലോഗ്‌, ഉണ്ണിഏട്ടാ.