Monday, January 18, 2010

കൊട്ടും വരയും.

എന്‍റെ മനസ്സില്‍ തെളിഞ്ഞു വരുന്ന ആശയങ്ങള്‍  എല്ലാം വലത്തേ കയ്യിന്‍റെ ചൂണ്ടാണി വിരലിലൂടെയാണ് കമ്പ്യൂട്ടറിലേക്ക്
ഒഴുകി എത്തുന്നത്. ആരെങ്കിലും എന്നോട് നിങ്ങള്‍ ടൈപ്പ് റൈറ്റിങ്ങ് പടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നോ ഇല്ല എന്നോ തെളിച്ച് പറയാന്‍ പറ്റാത്ത അവസ്ഥയാണ്. ഇല്ലത്തില്‍ നിന്ന് പുറപ്പെടുകയും ചെയ്തു അമ്മാത്ത് ഒട്ട് എത്തിയതുമില്ല എന്ന രീതിയിലാണ് ആ പഠനം .

അവസാന വര്‍ഷ ബിരുദ പരീക്ഷ കഴിഞ്ഞ് പുസ്തകങ്ങള്‍ ഒരു മുക്കില്‍ കൂട്ടിയിട്ട് സന്തോഷത്തോടെ വേല, പൂരം , ക്ലബ്ബ്, കളികള്‍ എന്നിവയുമായി കൂടുമ്പോഴാണ് എന്‍റെ ഭാവിയെ പറ്റി ഒരു ചിന്ത അമ്മയ്ക്ക് ഉണ്ടാവുന്നത്. മുമ്പാണെങ്കില്‍ 
അവസാനത്തെ പരീക്ഷ കഴിഞ്ഞ് ഒരാഴ്ചയ്ക്കകം നോട്ടുപുസ്തകങ്ങള്‍ വിറ്റ് ഈന്തപ്പഴം, ഉണ്ടപ്പൊരി എന്നീ വിഭവങ്ങള്‍ വാങ്ങി അകത്താക്കുകയും , ശിവകാശിയിയിലെ പടക്ക നിര്‍മ്മാണശാലയില്‍ എത്തുന്ന എന്‍റെ സംസ്കൃതം നോട്ടുപുസ്തകങ്ങള്‍ ചീനിപ്പടക്കമാവുന്നതും മറ്റു വിഷയങ്ങള്‍ എഴുതിയവ മാലപ്പടക്കം ,വാണം , ഔട്ട്എന്നിവയായി മാറുന്നതും ആലോചിച്ച്
രസിക്കുകയും ചെയ്തേനേ. എന്നാല്‍ പാഠപുസ്തകങ്ങള്‍ അങ്ങിനെ തൂക്കി വില്‍ക്കാറില്ല. അതെല്ലാം പകുതി വിലയ്ക്ക്
അടുത്ത കൊല്ലം അതേ ക്ലാസിലേക്ക് ജയിച്ചെത്തുന്ന കുട്ടികള്‍ വാങ്ങും.

ഒമ്പതാം  ക്ലാസ്സിലേക്ക് ജയിച്ച കൊല്ലത്തോടെ ആ പതിവ് നിര്‍ത്തി. ഒരാവശ്യവുമില്ലാതെ ഗുരുതരമായൊരു ആരോപണത്തിന്ന് വിധേയനാവേണ്ടി വന്നതിനാലാണ് പാഠപുസ്തകം വില്‍ക്കുന്ന പതിവ് നിര്‍ത്തിയത്.

എട്ടാം  ക്ലാസിലെ മിക്ക പുസ്തകങ്ങളും ഞാന്‍ സെക്കന്‍ഡ് ഹാന്‍ഡ് ആയി വാങ്ങിച്ചവയായിരുന്നു. അതിലെ ഇംഗ്ലീഷ് പുസ്തകത്തിലെ ആദ്യത്തെ പേജില്‍ എന്‍റെ മുന്‍ഗാമി ഒരു ചിത്രം വരച്ച് വെച്ചിരുന്നു. പാവാടയും ജാക്കറ്റും ഇട്ട ഒരു പക്ഷി. സംഗതിയുടെ ഭംഗി എന്നെ ആകര്‍ഷിച്ചു. ' കൊറ്റി മനുഷ്യവേഷത്തില്‍ ' എന്ന് എന്‍റെ വക ഒരു അടിക്കുറിപ്പ് ഞാന്‍ ആ ചിത്രത്തിന്ന് നല്‍കി.

പരീക്ഷ കഴിഞ്ഞതോടെ എന്‍റെ പുസ്തകങ്ങള്‍ക്ക് ബുക്കിങ്ങ് ആയി. ആയിടെ ഞങ്ങളുടെ വീടിന്നടുത്ത് താമസമാക്കിയ ഒരാള്‍ ( ആസ്പത്രി ജീവനക്കാരനാണെന്നാണ് എന്‍റെ ഓര്‍മ്മ ) തന്‍റെ മകള്‍ക്ക് വേണ്ടി പറഞ്ഞുറപ്പിക്കുകയാണ് ഉണ്ടായത്. പരീക്ഷാഫലം
പുറത്ത് വന്ന ദിവസം  പെണ്‍കുട്ടി വന്ന് അമ്മയുടെ പക്കല്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങിപ്പോയി.

സ്കൂള്‍ തുറന്ന് ഒരാഴ്ച കഴിഞ്ഞു. രാവിലെ വീടിന്‍റെ പടിക്കല്‍ നിന്ന് ഒരാള്‍ വിളിക്കുന്നു. ഞാന്‍ ഇറങ്ങി ചെന്നപ്പോള്‍ പുസ്തകം വാങ്ങിയ കുട്ടിയുടെ അച്ഛന്‍.

' നിങ്ങളൊക്കെ നന്നായി പഠിക്കുന്ന കുട്ടിയാണെന്നാണ് ഞാന്‍ കരുതിയത് ' അയാള്‍ പറഞ്ഞു ' പഠിക്കുന്ന പുസ്തകത്തില്‍ 
തോന്ന്യാസം എഴുതി വെക്കും എന്ന് കരുതിയില്ല '. മൂപ്പര്‍ പുസ്തകം നിവര്‍ത്തി കാട്ടി. മുന്‍ഗാമി വരച്ച ചിത്രവും എന്‍റെ വക അടിക്കുറിപ്പും. മകളെ കളിയാക്കാന്‍ വേണ്ടി കല്‍പ്പിച്ചു കൂട്ടി ഞാന്‍ വരച്ചു വെച്ചതാണെന്നാണ് അദ്ദേഹത്തിന്‍റെ ശങ്ക.
മുട്ടിന്ന് താഴെ കണ്ണങ്കാലിന്ന് മുകളില്‍ നീണ്ടു മെലിഞ്ഞ കാലുകള്‍ കാണത്തക്ക വിധത്തില്‍ പാവാട ചുറ്റി സ്കൂളിലെത്തുന്ന ആ കുട്ടിക്ക് ' കൊറ്റി ' എന്ന ഓമനപ്പേര് സഹൃദയരായ സഹപാഠികള്‍ നല്‍കിയിരുന്ന വിവരം എനിക്ക് അറിയില്ലായിരുന്നു.

ഇന്ന് പഠനം കഴിയുന്നതോടെ മിക്കവരും എന്തെങ്കിലും കമ്പ്യൂട്ടര്‍ കോഴ്സിന്ന് ചേരും. അന്ന് അതിന്ന് പകരം ടൈപ്പ് റൈറ്റിങ്ങും
ഷോര്‍ട്ട് ഹാന്‍ഡുമാണ് . കൊട്ടും വരയും എന്ന ഓമനപ്പേരിലാണ് ആ കോഴ്സ് അറിയപ്പെട്ടിരുന്നത്. മറ്റൊന്നും
ചെയ്യാനില്ലാത്തതിനാല്‍ ഞാനും ആ വഴി തിരഞ്ഞെടുത്തു. അഞ്ച് രൂപ വീതമാണ് ഓരോന്നിനും ഫീസ്. കൊട്ടി തെളിഞ്ഞ ശേഷം വരയിലേക്ക് കടക്കാമെന്ന് ഞാന്‍ നിശ്ചയിച്ചു.

ചന്തപ്പുരക്ക് സമീപത്തുള്ള ശ്രീ രാമകൃഷ്ണാസ്റ്റോറിന്ന് മുകളിലാണ് ടൈപ്പ് റൈറ്റിങ്ങ് ഇന്‍സ്റ്റിട്ട്യൂട്ട്. ഗുരുനാഥന്‍ ഒരു അയ്യരായിരുന്നു. വെള്ള മുറിക്കയ്യന്‍ ഷര്‍ട്ടും, മല്ലുമുണ്ടുമാണ് അദ്ദേഹത്തിന്‍റെ സ്ഥിരം വേഷം. നെറ്റിയില്‍ ഒരിഞ്ച്
നീളത്തിലൊരു ചന്ദന പൊട്ട് തൊട്ടിരിക്കും .

ഒരു നൂറ്റാണ്ടോളം  പഴക്കം തോന്നിക്കുന്ന ഒരു മിഷ്യനിലാണ് കൊട്ടി പഠിക്കല്‍. പല അക്ഷരങ്ങളും ഒട്ടും പതിയില്ല.
മഴുവെടുത്ത് കുത്തിയാലേ താഴത്തേക്ക് നീങ്ങൂ എന്ന് ശാഠ്യം പിടിക്കുന്ന കീബോര്‍ഡ്. ന്യൂസ് പേപ്പറിന്ന് തുല്യമായ കടലാസ്. എനിക്ക് ആകെ കൂടി ഒട്ടും തൃപ്തി തോന്നിയില്ല.

ഓരോ ദിവസവും ടൈപ്പ് ചെയ്യുന്നത് വീട്ടില്‍ കൊണ്ടു ചെന്ന് അടുക്കി വെക്കണം എന്നാണ് പറഞ്ഞു തന്നത്. ചെയ്ത പ്രവര്‍ത്തിയുടെ ഗുണം കാരണം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് താഴേക്ക് ഇറങ്ങുന്നതോടെ ഞാന്‍ ആ കടലാസ് ചുരുട്ടി കൂട്ടും. ഭാരതപുഴക്ക് മേലുള്ള പാലത്തിലെത്തിയാല്‍ കടലാസ് പന്ത് വെള്ളത്തിലിടും. പൊന്നാനിക്കടുത്ത് എവിടേയോ ആ കടലാസുകള്‍ ഒരു ഫയലായി മാറിയിട്ടുണ്ടാവും .

രണ്ട് നല്ല മിഷ്യനുകളുള്ളത്പയറ്റിതെളിഞ്ഞ ശിഷ്യര്‍ കയ്യടക്കിയിരുന്നു. വേറൊരു മിഷ്യനില്‍ ടൈപ്പ് ചെയ്തോട്ടെ എന്ന എന്‍റെ ആവശ്യം പരിഗണിച്ചതേയില്ല. മൂന്ന് നാല്മാസം കൊണ്ട് ഇംഗ്ലീഷില്‍ എ മുതല്‍ സെഡ് വരെ അക്ഷരങ്ങളുണ്ടെന്ന് ഞാന്‍
പഠിച്ചു.

ഒരു ദിവസം നട്ടുച്ച വെയിലും കൊണ്ട് ഞാന്‍ പതിവ് പഠനത്തിന്ന് എത്തുമ്പോള്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ അസാധാരണമായ ഒരു ബഹളം.
ഞാന്‍ ചെന്നപ്പോള്‍ ഗുരു ക്ഷുഭിതനായി ഉറക്കെ ശിഷ്യരെ ശകാരിക്കുന്നു. ഇതൊന്നും ഞങ്ങളോടല്ല എന്ന മട്ടില്‍ മൂന്ന് പേരും
തിരക്കിട്ട ടൈപ്പിങ്ങിലാണ്. ഞാന്‍ വിവരം അന്വേഷിച്ചു.

' ഇതു കണ്ടോ ' എന്നും പറഞ്ഞ് ഗുരു തന്‍റെ കസേലയിലേക്ക് കൈ ചൂണ്ടി. രാമകൃഷ്ണാ സ്റ്റോര്‍ കെട്ടിടത്തിന്‍റെ ഇരു
വശങ്ങളിലും കണ്ണ് തട്ടാതിരിക്കാന്‍ കെട്ടി തൂക്കിയ കുരങ്ങന്മാരുടെ പ്രതിമകളില്‍ ഒരുവന്‍ ഗുരുവിന്‍റെ സ്ഥാനത്ത് കസേലയില്‍
ഞെളിഞ്ഞിരിക്കുന്നു. ഗുരു ഭക്ഷണം കഴിക്കാന്‍ ചെന്ന നേരത്തെ ശിഷ്യന്മാരുടെ ചെയ്തിയാണ്.

ഗുരുവിന്‍റെ ക്ഷോഭവും ശിഷ്യരുടെ നിസ്സംഗതയും തുടര്‍ന്നു. ഏതോ ഒരു നിമിഷത്തില്‍ ശിഷ്യര്‍ മൂവരും പ്രതികരിക്കാന്‍
തുടങ്ങിയതോടെ സംഗതി വഷളായി. താഴെ തുണി കടയിലെ ജീവനക്കാരനായ കുട്ടന്‍ മുകളിലേക്ക് വന്നു. വര്‍ത്തമാനം നിര്‍ത്തി
മര്യാദക്ക് ഇരുന്നില്ലെങ്കില്‍ മിഷ്യനുകള്‍ എടുത്ത് പുറത്തിട്ട് റൂമിന്‍റെ ചാവി വാങ്ങി പൂട്ടിയിടും എന്ന ഭീഷണി മുഴങ്ങി.

അതോടെ ഗുരു കീഴടങ്ങി. അദ്ദേഹം മുണ്ടിന്‍റെ കോന്തല കൊണ്ട് കണ്ണ് തുടച്ചു. ശിഷ്യര്‍ മൂന്ന് പേരുടേയും ചുണ്ടില്‍ ചിരി
പടര്‍ന്നു. എനിക്കെന്തോ വല്ലായ്മ തോന്നി. മാസ്റ്ററുടെ അഭിമാനത്തിന്ന് മുറിവേറ്റിരിക്കുന്നു. അദ്ദേഹത്തിന്ന് ആശ്വാസം ലഭിക്കുന്ന എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് തോന്നി.

ഞാന്‍ സതീര്‍ത്ഥ്യരുടെ അരികിലെത്തി. ' ആരാ ഇത് ഇവിടെ വെച്ചത് ' ഞാന്‍ ചോദിച്ചു. പതിവിലേറെ ഗൌരവം എന്‍റെ
സ്വരത്തില്‍ കലര്‍ന്നിരുന്നതായി എനിക്ക് തോന്നി.

' എന്താ ' അവരിലൊരാള്‍ ചോദിച്ചു.

' ആരായാലും ഈ സാധനം എടുത്ത ദിക്കില്‍ വെക്കണം ' ഞാന്‍ പറഞ്ഞു.

' ഇല്ലെങ്കിലോ ? ' കൂട്ടത്തില്‍ മുതിര്‍ന്ന അയ്യര്ക്കുട്ടി ചോദിച്ചു.

' ഇല്ലെങ്കില്‍ ഞാന്‍ നിങ്ങളെ ഒന്നും ചെയ്യില്ല. ഇത് എടുത്ത് അഴിച്ച സ്ഥാനത്തു തന്നെ വെക്കും ' ഞാന്‍ പറഞ്ഞു ' പക്ഷെ
എന്‍റെ കൂടെ കാണുന്നവര്‍ എന്നെപ്പോലെയല്ല. ലോറി ക്ലീനര്‍മാരും, ചുമട്ട്തൊഴിലാളികളും ഒക്കെ ആ കൂട്ടത്തിലുണ്ട്. സകല
കച്ചറയിലും തലയിടാന്‍ അവര്‍ക്കൊന്നും മടിയില്ല. ഇന്ന് ഞാന്‍ ക്ലബ്ബില്‍ ചെല്ലുമ്പോള്‍ അവരോട് ഈ വിവരം പറയും. അവര്
തരുന്നത് മൂന്നാളും കൂടി വാങ്ങിച്ചോളിന്‍ '

തിരിഞ്ഞ് മാസ്റ്ററോട് ' സാറിനെ അപമാനിച്ചതിന്നുള്ള കൂലി ഇന്ന് വൈകുന്നേരം ഇവര്‍ക്ക് കിട്ടിക്കോളും 'എന്നും കൂടി പറഞ്ഞു.
എനിക്ക് ഒന്നും ചെയ്യേണ്ടി വന്നില്ല. മൂവരും മുഖത്തോട് മുഖം നോക്കി. പിന്നീട് മെല്ലെ എഴുന്നേറ്റ് ആ പ്രതിമ എടുത്തു. ഒരാള്‍ അതിലൊരു കുടുക്കിട്ടു മുകളില്‍ വലിച്ചു കെട്ടി . ആ പണി കഴിയുവോളം മറ്റു രണ്ടുപേരും  പ്രതിമയെ താങ്ങി
നിന്നു. അതിനു ശേഷം  അവര്‍ അകത്ത് വന്ന് ഷോര്‍ട്ട് ഹാന്‍ഡ് പുസ്തകം എടുത്ത് ഇറങ്ങിപ്പോയി.

ഗുരു എന്‍റെ അടുത്ത് വന്ന് തോളില്‍ കൈ വെച്ചു. ' ബ്രാഹ്മണാള്‍ കുലത്തില്‍ പിറന്നിട്ട് അവരെന്നെ 'അദ്ദേഹം ഒന്ന് തേങ്ങി.
പിന്നെ ചെന്ന് കസേലയില്‍ ഇരുന്നു. ക്ലാസ്സില്‍ ഞങ്ങള്‍ രണ്ടുപേര്‍ മാത്രമേയുള്ളു. ' ഇന്ന് മുതല്‍ പുതിയ മിഷ്യനില്‍
ഇരുന്നോ ' എന്ന് അദ്ദേഹം എന്നോട് പറഞ്ഞു.

അന്ന് മുതല്‍ ഞാന്‍ നല്ല മിഷ്യനില്‍ ടൈപ്പിങ്ങ് തുടങ്ങി. പക്ഷെ അത് നീണ്ട് നിന്നില്ല. ഏതാനും നാള്‍ കഴിഞ്ഞപ്പോള്‍ എനിക്ക്
പൊള്ളാച്ചിയില്‍ ജോലി കിട്ടി. പാതിവഴി പോലുമാകാതെ പഠനം നിര്‍ത്തിയിട്ട് ഞാന്‍ യാത്ര പറഞ്ഞ് ഇറങ്ങി, ' നീ എവിടെ
പോയാലും നന്നാവും ' എന്ന മാസ്റ്ററുടെ ആശംസകളോടെ '.

( ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്‍റെ 37,38,39,40,41,42 അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. )