Friday, September 17, 2010

പൊളിഞ്ഞ് പാളീസായ മരക്കച്ചവടം - അവസാന ഭാഗം.

സോമന്‍റെ മരണത്തോടെ കച്ചവടം ആകെ കുഴഞ്ഞു മറിഞ്ഞു. അതുവരെ കാര്യങ്ങള്‍ കൊണ്ടു നടന്നിരുന്ന തലവന്‍
ഇല്ലാതായതോടെ ഓരോരുത്തരും അവരവര്‍ക്ക് തോന്നുന്ന മട്ടില്‍ പണികള്‍ ചെയ്യാന്‍ തുടങ്ങി. ആരെങ്കിലും ഒരാള്‍ ഒരു
അഭിപ്രായം പറഞ്ഞാല്‍ അത് എത്ര നല്ലതാണെങ്കിലും മറ്റുള്ളവര്‍ എതിര്‍ക്കും. താനാണ് കേമന്‍ എന്ന ഭാവമാണ്
എല്ലാവര്‍ക്കും.

ഒരു വീട്ടിലേക്ക് പണിത് കൊണ്ടു പോയ വാതിലുകള്‍ അവ ഉറപ്പിക്കുന്ന സമയത്ത് ഉണ്ടായ തര്‍ക്കം മൂത്ത് മുറിച്ച്
കേടു വരുത്തി. പാവം ഉമ്മര്‍ക്ക. പണി ഏല്‍പ്പിച്ച ആളോട് അദ്ദേഹം സമാധാനം പറയേണ്ടി വന്നു. കൂടാതെ
കിട്ടാനുള്ള തുകയില്‍ വലിയൊരു ഭാഗം നഷ്ടപ്പെടുകയും ചെയ്തു. അതോടെ ആ പണിക്കാരെ മുഴുവന്‍ ഒഴിവാക്കി.

പിന്നീട് പണിക്ക് എത്തിയവന്‍ അതിലേറെ ഉഗ്രന്‍. ചില നേരത്ത് വെറുതെ പിറുപിറുത്തുകൊണ്ടിരിക്കും. മിക്ക ദിവസങ്ങളിലും
വീട്ടില്‍ നിന്ന് തമ്മില്‍ തല്ലിയിട്ടാണ് കക്ഷി വരാറ്. ഒരു ദിവസം ഭാര്യയുമായുള്ള വഴക്ക് പറഞ്ഞു തീര്‍ക്കാന്‍ എത്തിയ
ഭാര്യയുടെ ചേച്ചിയെ വീതുളിയുമായി ആ വിദ്വാന്‍ കുത്താന്‍ ചെന്നു. ആ സ്ത്രീ കരഞ്ഞുകൊണ്ട് മുന്നിലും കഥാ പുരുഷന്‍
ഉളിയുമായി പുറകിലും അതിന്നും പുറകിലായി ഉമ്മര്‍ക്കയും കൂടി ഓടിയ കാര്യം അന്ന് വൈകുന്നേരം കേട്ടറിഞ്ഞു. ഇയാളെ നമുക്ക് വേണ്ടാ എന്ന് ഞാന്‍ പറഞ്ഞുവെങ്കിലും ഒരു പ്രാവശ്യം ക്ഷമിച്ചേക്കാം എന്ന് ഉമ്മര്‍ക്ക പറഞ്ഞപ്പോള്‍ ഞാന്‍
എതിര്‍ത്തില്ല.

ഏറെ താമസിയാതെ ഉമ്മര്‍ക്കയും അയാളെക്കൊണ്ട് മടുത്തു. കണ്ണില്‍ കണ്ട അലവലാതി പിള്ളേരുമായിട്ടാണ് അയാളുടെ ചങ്ങാത്തം. നല്ലൊരു കട്ടില്‍ പണിതതില്‍ ചെറിയൊരു പോട് ഉണ്ടായിരുന്നു. ആ പോട് അടച്ച മക്ക് കന്ന് മേക്കാന്‍ വന്ന ഒരു ചെക്കന്‍ തോണ്ടിയെടുക്കുന്നതും  അയാള്‍ അത് നോക്കി ചിരിക്കുന്നതുമാണ് ആ സമയത്ത് അവിടെ എത്തിയ ഉമ്മര്‍ക്ക
കാണുന്നത്. തീരെ ദേഷ്യം വരാത്ത ഉമ്മര്‍ക്കയ്ക്കു പോലും അത് കണ്ടപ്പോള്‍ സഹിച്ചില്ല.

' എന്താടാ നീ കാണിക്കുന്നത് ' എന്ന് ചെക്കനോട് ചോദിച്ച ഉമ്മര്‍ക്കയോട് ' പിള്ളരല്ലേ ചേട്ടാ, അവന്‍ കേട് വരുത്തിക്കോട്ടേ, ഞാനില്ലേ നന്നാക്കാന്‍ ' എന്നും പറഞ്ഞ് ആ വിദ്വാന്‍ സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഉണ്ടായത്.

ഒരു വീടിന്‍റെ പാല് കാച്ചല്‍ ചടങ്ങാണ്. വീട് പണിക്കുള്ള മരത്തിന്‍റെ ഉരുപ്പടികള്‍ മുഴുവന്‍ ഉമ്മര്‍ക്ക ഉണ്ടാക്കി കൊടുത്തതാണ്.
ഒരു ഡൈനിങ്ങ് ടേബിളും ആറ് കസേലകളും അത്യാവശ്യമായി അവര്‍ക്ക് വേണം. ഉമ്മര്‍ക്ക ജോലി ഏറ്റെടുത്തു. മരസ്സാധനങ്ങള്‍ എത്തി. പണി തുടങ്ങി. പാല് കാച്ചലിന്‍റെ തലേന്ന് സാധനങ്ങള്‍ കൊണ്ടു പോവാന്‍ നോക്കുമ്പോള്‍ ഒരു കസേലയുടെ മൂന്ന് കാലുകള്‍ മാത്രമേ നിലത്ത് മുട്ടുന്നുള്ളു. ഒന്നിന്ന് നീളം കുറവ്.

' എന്താടോ ഇത് ഇങ്ങിനെ ' ഉമ്മര്‍ക്ക ചോദിച്ചു.

' ഒരു കാലിന്ന് ഇത്തിരി നീളം കുറവാണ് '

' അത് മനസ്സിലായി. ഇനി എന്താ ചെയ്യാ '.

' അവരോട് ആ കാലിന്‍റെ ചോട്ടില്‍ ഒരു ഓട്ടാമ്പുളി ( ഓടിന്‍ കഷ്ണം ) വെക്കാന്‍ പറഞ്ഞാല്‍ മതി.

പിന്നെ ഒരു പരീക്ഷണത്തിന്ന് മുതിര്‍ന്നില്ല. അന്നത്തോടെ അയാളെ ജോലിയില്‍ നിന്ന് ഒഴിവാക്കി. പിന്നീട് പലരും പണിക്ക് വന്നെങ്കിലും ഒരാളും അധിക നാള്‍ നിന്നില്ല. അപ്പോഴാണ് മന്തന്‍ പണിക്കെത്തുന്നത്.

അയാളുടെ പേര് മറ്റെന്തോ ആണ്. കറുത്ത് തടിച്ച ശരീര പ്രകൃതി കാരണം മന്തന്‍ എന്ന നാമധേയം ( അയാള്‍ കേള്‍ക്കെ അങ്ങിനെ വിളിക്കാറില്ല എന്ന് പറയേണ്ടതില്ലല്ലോ ) ഞങ്ങളുടെ വക സംഭാവനയായിരുന്നു. നല്ലൊരു പണിക്കാരനായിരുന്നു മന്തന്‍. വളരെ കാലത്തിന്ന് ശേഷം കൊള്ളാവുന്ന പണിക്കാരനെ കിട്ടിയതില്‍ ഞങ്ങള്‍ സന്തോഷിച്ചു. രാവിലെ നേരത്തെ
പണിക്കെത്തും. അധികം സംസാരിക്കില്ല. ഇടക്കിടയ്ക്ക് ബീഡി വലിക്കും എന്നല്ലാതെ മറ്റു കുഴപ്പങ്ങളൊന്നുമില്ല. നാലഞ്ച്
മാസങ്ങള്‍ക്കുള്ളില്‍ രണ്ടോ മൂന്നോ ദിവസമേ മന്തന്‍ പണിക്ക് വരാതിരുന്നുള്ളു.

ഒരു നാള്‍ ശബരി മല തീര്‍ത്ഥാടനത്തിന്ന് കറുപ്പ് മുണ്ടും ധരിച്ചാണ് അയാള്‍ വന്നത്. ആ ആഴ്ച മലയ്ക്ക് പോവാന്‍
മുവ്വായിരം രൂപ മന്തന്‍ വായ്പ ചോദിച്ചു. എന്തിനാണ് ഇത്രയധികം പണം എന്ന് ചോദിച്ചതിന്ന് അയ്യപ്പന്‍ പാട്ട് കഴിപ്പിച്ച് മലയ്ക്ക് പോവാന്‍ നേര്‍ന്നിട്ടുണ്ടെന്നും നറുക്ക് കിട്ടാനുള്ളത് കിട്ടാഞ്ഞതിനാലാണ് കടം ചോദിക്കേണ്ടി വന്നതെന്നും അയാള്‍
അറിയിച്ചു. മറ്റൊന്നും ആലോചിക്കാതെ ഞങ്ങള്‍ പണം കൊടുത്തു. പണിസ്സാധനങ്ങള്‍ അടങ്ങുന്ന സഞ്ചി ഷെഡ്ഡില്‍ വെച്ച് ഒരാഴ്ച കഴിഞ്ഞ് എത്താമെന്നും പറഞ്ഞ് മന്തന്‍ യാത്ര ചോദിച്ചു.

ആഴ്ച രണ്ട് കഴിഞ്ഞിട്ടും മന്തനെ കാണാനില്ല. ഇന്ന് വരും നാളെ വരും എന്നും കരുതി ഞങ്ങള്‍ കാത്തിരുന്നു. തീരെ സഹി
കെട്ടപ്പോള്‍ ഒരു ദിവസം ഉമ്മര്‍ക്ക അയാളെ അന്വേഷിച്ച് ചെന്നു. അന്ന് വൈകുന്നേരം ഓഫീസില്‍ നിന്നും ഞാന്‍ വീട്ടിലെത്തുമ്പോള്‍ ഉമ്മര്‍ക്ക കാത്തിരിക്കുന്നു.

' മന്തനെ കണ്ടില്ലേ ' ഞാന്‍ ചോദിച്ചു.

' അത് വല്ലാത്ത ഒരു കഥയായി ' ഉമ്മര്‍ക്ക പറഞ്ഞു ' അവന്‍റെ ഭാര്യയുടെ കരച്ചിലാണ് കാണാന്‍ വയ്യാത്തത് '.
എന്‍റെ നെഞ്ച് ഒന്ന് കത്തി. പാവം. സോമനെപ്പോലെ മന്തനും അകാലത്തില്‍ മരണപ്പെട്ടു.

' എന്താ മരിക്കാന്‍ കാരണം ' ഞാന്‍ ചോദിച്ചു.

' മരിച്ചതൊന്നുമല്ല ' ഉമ്മര്‍ക്ക പറഞ്ഞു ' കടം വാങ്ങിയ കാശും കൊണ്ട് മന്തന്‍ വേറൊരു കല്യാണം കഴിച്ചു '.

' അപ്പോള്‍ ശബരിമലയ്ക്ക് '.

' ഊട്ടിയിലേക്കാ അവന്‍ ചെന്നത് '.

പിന്നെ ഞങ്ങള്‍ കച്ചവടം തുടര്‍ന്നില്ല. സഞ്ചിയില്‍ ഒരു ഉളിയും  മഴുവും മാത്രം. ബാക്കി എന്ത് ചെയ്തോ ആവോ. മിച്ചം 
വന്ന മരസ്സാധനങ്ങള്‍ മുഴുവന്‍ ഉമ്മര്‍ക്ക വണ്ടിയില്‍ കയറ്റി കൊണ്ടു പോയതോടെ ബിസിനസ്സ് അവസാനിച്ചു.

അനുബന്ധം :-

ഈ കൊല്ലം മാര്‍ച്ച് മാസത്തില്‍ തറവാട് വക നാലുകെട്ട് പൊളിച്ച് പണിതു. ഞാന്‍ ആ ജോലി പരിശോധിക്കാന്‍ ചെന്നിരുന്നു.
ആറേഴ് പണിക്കാരുമായി മൂത്താശാരി വേഗത്തില്‍ പണി ചെയ്യുകയാണ്.

' മഴ വര്വോന്ന് ഒരു സംശയം. അതിന്ന് മുമ്പ് പണി തീര്‍ക്കണം , അയാള്‍ പറഞ്ഞു. ആ വാക്കുകളില്‍ നിഴലിച്ച
ആത്മാര്‍തത്ഥയില്‍ എനിക്ക് മതിപ്പ് തോന്നി.

' വീട്ടിലെ ഡൈനിങ്ങ് ടേബിളിന്‍റെ കാല് ഇളകിയിരിക്കുന്നു. അതൊന്ന് നേരാക്കി തര്വോ ' ഞാന്‍ ചോദിച്ചു.

' പിന്നെന്താ, നാളെ തന്നെ വരാം ' അയാള്‍ സമ്മതിച്ചു.

പിറ്റേന്ന് തന്നെ അയാളെത്തി.

' ഈ കാലുകള്‍ക്ക് വണ്ണം പോരാ. നമുക്കതൊന്ന് മറ്റിയാലോ ' ആശാരി ചോദിച്ചു.

' ശരി ' ഞാന്‍ സമ്മതിച്ചു.

പുറത്ത് മുറിച്ചിട്ട തെങ്ങ് അയാള്‍ കണ്ടു.

' എന്തിനാ സാറേ ഇത് ഇങ്ങിനെ ഇട്ടിരിക്കുന്നത് '.

' വെറുതെ ഇട്ടതാണ് '.

' നല്ല ഒന്നാന്തരം സാധനം. സൈസ്സ് പിടിച്ചാല്‍ അസ്സല് രണ്ട് കട്ടില് ഉണ്ടാക്കാം '.

അതോടെ ഞങ്ങള്‍ക്കും മോഹം തോന്നി. പിറ്റേന്ന് പണിക്കാരുമായി അയാളെത്തി തെങ്ങ് പാകത്തിന്ന് മുറിച്ച് മില്ലിലേക്ക് കടത്തി, ഒപ്പം തലപ്പാക്കെട്ട് കൊത്തിക്കാന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന തേക്കിന്‍ പലകകളും.

' മേശയുടെ കാലിന്ന് മരം വാങ്ങി കടയിക്കട്ടെ '.

ഞാന്‍ സമ്മതിച്ചു. അയാള്‍ എന്തൊക്കേയോ കുത്തിക്കുറിച്ചു.

' രണ്ടായിരത്തി എഴുന്നൂറ് ഉറുപ്പികയാവും ' അയാള്‍ പറഞ്ഞു ' അങ്ങോട്ടോ ഇങ്ങോട്ടോ ബാക്കി വല്ലതും ഉണ്ടെങ്കില്‍ ബില്ലും
സാധനങ്ങളും കൊണ്ടു വരുമ്പോള്‍ അഡ്ജസ്റ്റ് ചെയ്യാം . അത് പോരേ '.

ഞാന്‍ കൊടുത്ത പണവുമായി അയാള്‍ പോയി. പറഞ്ഞ സമയത്തൊന്നും അയാള്‍ വന്നില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ആളെത്തി.

' അമ്മ പെട്ടെന്ന് മരിച്ചു. അതാ വരാന്‍ പറ്റാഞ്ഞത് 'അമ്മയുടെ മരണത്തെ പറ്റി അയള്‍ പറഞ്ഞതെല്ലാം ഞാന്‍ കേട്ടു.

' എന്നാ പണി തുടങ്ങുന്നത് '.

' നാളെ മരം എത്തും. ഒപ്പം പണിയും തുടങ്ങും '.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ തെങ്ങ് മുറിച്ചത് വീട്ടിലെത്തി.

' കാലില്‍ തീപ്പൊള്ളി ' ഇത്തവണ വരാഞ്ഞതിന്‍റെ കാരണം അതായിരുന്നു.

അടുത്ത ദിവസം പണി തുടങ്ങി.

' രണ്ട് ദിവസം കഴിഞ്ഞാല്‍ നാല് പണിക്കാര്‍ വരും. ശടേന്ന് പണി തീര്‍ക്കണം '.

' അപ്പോള്‍ ഡൈനിങ്ങ് ടേബിളിന്‍റെ കാലോ ' എനിക്ക് അത് അറിയണം.

' മറ്റന്നാള്‍ അതും തേക്കിന്‍റെ പലകകളും എത്തും '.

അന്ന് പണി ചെയ്ത് അയാള്‍ കൂലി വാങ്ങി പോയി. പിറ്റേന്ന് അയാള്‍ വരുന്നതേ ഇടുപ്പില്‍ കയ്യും കുത്തി കൊണ്ടാണ്.

' എന്ത് പറ്റി ' ഞാന്‍ ചോദിച്ചു.

' വിലങ്ങിയതാണ്. ഡോക്ടറെ കാണിക്കണം '.

' ശരി. പോയിട്ട് വരൂ '.

അയാള്‍ മുറ്റത്ത് തന്നെ നില്‍പ്പാണ്.

' എന്തേ '

' നൂറ് ഉറുപ്പിക വേണം. ഡോക്ടര്‍ക്ക് കൊടുക്കാനാണ് '.

ഞാന്‍ കൊടുത്ത പണവുമായി പോയ അയാള്‍ ഇന്നുവരെ വന്നില്ല.

( മറ്റൊരു അക്കിടി പറ്റുന്നത് വരെ തല്‍ക്കാലം പൊളിഞ്ഞ മരക്കച്ചവടം അവസാനിപ്പിക്കുന്നു )

Wednesday, August 4, 2010

പൊളിഞ്ഞ് പാളീസായ ഒരു മരക്കച്ചവടം 3.

ആ മാസം തന്നെ രണ്ട് പ്രാവശ്യം കൂടി ഞങ്ങള്‍ സോമന് ലാഭവീതം നല്‍കി. അതോടെ അയാള്‍ ഉഷാറായി. നേരത്തെ പണിക്കെത്തും. ഉച്ച നേരത്ത് മറ്റു പണിക്കാര്‍ വിശ്രമിക്കുമ്പോള്‍ സോമന്‍ വെറുതെയിരിക്കാറില്ല. തുണ്ടും മുറിയുമായ മരകഷ്ണങ്ങള്‍ എടുത്ത് സ്റ്റൂളോ പീഠമോ ഉണ്ടാക്കും. ഓണത്തിന്ന് മാതേര് വെക്കാന്‍
മരം കൊണ്ട് മാതേരും മഹാബലിയും എനിക്ക് ഉണ്ടാക്കി തന്നു. അതിനൊന്നും പ്രത്യേകിച്ച് യാതൊന്നും 
വാങ്ങിയതുമില്ല.

സോമന്‍റെ കൂടെ പത്തോളം പണിക്കാര്‍ ഉണ്ടായിരുന്നു. പുതിയ പണി കിട്ടിയാല്‍ സോമന്‍ ഉമ്മര്‍ക്കയോടൊപ്പം
ചെന്ന് നോക്കും. മരത്തിന്‍റെ കുത്തുപുള്ളി ഉണ്ടാക്കും. ഉമ്മര്‍ക്ക മരം എത്തിക്കുന്നതോടെ പണി തുടങ്ങും.

നല്ല മരങ്ങള്‍ ഉപയോഗിച്ച് നന്നായി പണി ചെയ്ത് മിതമായ നിരക്കില്‍ പറഞ്ഞ സമയത്ത് പണി തീര്‍ത്ത് നല്‍കാന്‍ തുടങ്ങിയതോടെ ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചു. കുറഞ്ഞൊരു കാലം കൊണ്ട് കച്ചവടം നല്ല പുരോഗതിയിലെത്തി.

ഉണ്ടാക്കാനുള്ള സാധനങ്ങളുടെ അളവുകള്‍ സോമന്‍ പറയുമ്പോഴേക്കും എത്ര ചതുരം മരം വേണ്ടിവരുമെന്ന് ഞാന്‍ കണക്കാക്കി പറയും. ' ഇവിടേക്ക് കണക്ക് നല്ല ഓട്ടം ഉണ്ട് ' എന്നും പറഞ്ഞ് ഉമ്മര്‍ക്ക മരകണക്കും എന്നെ ഏല്‍പ്പിക്കാന്‍ തുടങ്ങി. വാതിലുകള്‍ക്ക് വേണ്ട ചിത്രപ്പണികളുടെ രൂപരേഖ എന്‍റെ മക്കള്‍ മരപലകകളില്‍ വരച്ച് കൊടുക്കും. ചുരുക്കത്തില്‍ നല്ലൊരു ടീം സ്പിരിട്ടോടെ കാര്യങ്ങള്‍ നടന്നു വന്നു.

സോമനും ഉമ്മര്‍ക്കയും ഞാനും തമ്മിലുള്ള അടുപ്പം വര്‍ദ്ധിച്ചു വന്നു. യാതൊരു വിധത്തിലുള്ള അഭിപ്രായ വ്യത്യാസവും
ഞങ്ങള്‍ തമ്മില്‍ ഉണ്ടായില്ല.

കുറച്ച് കാലം കഴിഞ്ഞപ്പോള്‍ സാധനങ്ങള്‍ക്ക് വില നിര്‍ണ്ണയിക്കുന്നത് കൂടുതലാണോ എന്ന് ഉമ്മര്‍ക്കയ്ക്ക് ഒരു തോന്നല്‍.
' നമുക്ക് ഇത്തിരി വില കുറച്ച് കൊടുത്താലോ ' എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. പണം തരുന്നവന്‍റെ വയര്‍ കത്താന്‍
പാടില്ലല്ലോ. എനിക്കെന്താ വിരോധം. ' കുറച്ചോളൂ ' എന്ന് ഞാനും പറഞ്ഞു.

അന്ന് വൈകീട്ട് കൂലി കൊടുക്കുമ്പോള്‍ ' ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ ഒന്നും തോന്നില്ലല്ലോ 'എന്ന് സോമന്‍ ചോദിച്ചു.
എന്തായാലും പറഞ്ഞോളാന്‍ ഞാന്‍ അനുമതി നല്‍കി.

' ഇപ്പോള്‍ തന്നെ മറ്റെല്ലാ ദിക്കിലും കൊടുക്കുന്നതില്‍ കുറവ് വിലയ്ക്കാണ് ഇവിടെ വില്‍ക്കുന്നത്. ഇനിയും ചുരുക്കിയാല്‍ ഈ
പണി ചെയ്തിട്ട് എന്താ ഗുണം '. ഞാന്‍ ഉമ്മര്‍ക്കയോട് സംസാരിക്കാമെന്ന് ഏറ്റു. അദ്ദേഹം സോമന്‍ പറഞ്ഞത് അംഗീകരിച്ചു.
കടമായി സാധനങ്ങള്‍ വാങ്ങിയ ചിലര്‍ പണം തരാന്‍ മടി കാണിച്ചതല്ലാതെ മറ്റ് പ്രയാസങ്ങളൊന്നും ഉണ്ടായില്ല.

അന്നൊരു ഞായറാഴ്ചയായിരുന്നു. എനിക്ക് ഒഴിവാണ്. പണിക്കാരാരും ഞായറാഴ്ച വരാറില്ല. അത്യാവശ്യം ചില പണികള്‍
തീര്‍ക്കാനുള്ളതിനാല്‍  സോമനും കൃഷ്ണനും പണിക്ക് എത്തി. കാലത്ത് തന്നെ ഉമ്മര്‍ക്കയും വന്നു. മരക്കച്ചവടം സംബന്ധിച്ച കാര്യങ്ങള്‍ മാത്രമല്ല അന്ന് സംസാരിച്ചിരുന്നത്. സ്കൂളില്‍ പഠിക്കുന്ന മകന് പഠിക്കാന്‍ മോഹമില്ലെന്നും പണി പഠിക്കാന്‍
വരണമെന്ന് ശാഠ്യം പിടിക്കുകയാണെന്നും സോമന്‍ പറഞ്ഞു. ആ പയ്യനെ ഞാന്‍ കണ്ടിട്ടുണ്ട്. ചില ദിവസങ്ങളില്‍ സോമന്ന് ഉച്ച ഭക്ഷണം അവനാണ് കൊണ്ടുവരാറ്. അവന്‍റെ അമ്മ ഒരു ബസ്സപകടത്തില്‍  മരിച്ച ശേഷം സോമന്‍ പുനര്‍വിവാഹം ചെയ്തു. അതിലും കുട്ടികള്‍ ഉണ്ട്.

' ഇനിയുള്ള കാലം പഠിക്കാതെ ജീവിക്കാന്‍ പറ്റില്ല. ചെക്കന്‍ വരുമ്പോള്‍ ഒന്ന് പറഞ്ഞ് കൊടുക്കണം' സോമന്‍ ആവശ്യപ്പെട്ടു.
അങ്ങിനെ ചെയ്യാമെന്ന് ഞാന്‍ സമ്മതിച്ചു.

മാസത്തിലെ ആദ്യത്തെ ഞായറാഴ്ച മക്കള്‍ക്ക് പാല്‍പായസം വേണം . പായസം ആയി കഴിഞ്ഞതും നാല് ഗ്ലാസ്സ് പായസം 
ഷെഡ്ഡിലെത്തി. ഇളം ചൂടോടെ ഞങ്ങള്‍ കഴിക്കാന്‍ തുടങ്ങിയപ്പോള്‍ സോമന്‍ മാത്രം അത് ഒരു ഇലച്ചീന്തിട്ട് മൂടി വെച്ചു.

' എന്താ പായസം കഴിക്കുന്നില്ലേ ' ഞാന്‍ ചോദിച്ചു.

' ഉച്ചക്ക് കഴിക്കാം ' അയാള്‍ പറഞ്ഞു.

അന്ന് ഉച്ചക്ക് സോമന് അയാളുടെ വീട്ടില്‍ നിന്ന് ഉച്ചഭക്ഷണം എത്തിയില്ല. ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ചു വന്ന ശേഷം 
സോമന്‍ ആ പായസം കഴിച്ചു. മകന്‍ വരുമ്പോള്‍ കൊടുക്കാന്‍ വേണ്ടി ആ പായസം  സൂക്ഷിച്ച് വെച്ചതാണെന്നും അവനെ കാണാഞ്ഞപ്പോഴാണ് സോമന്‍ അത് കഴിച്ചതെന്നും ഉമ്മര്‍ക്ക എന്നോട് പറഞ്ഞു.

ഷെഡ്ഡിന്ന് തെക്ക് ഭാഗത്തെ മുറ്റത്ത് വള്ളിപയര്‍ കായ്ച്ച് കിടപ്പുണ്ട്. ഒരു മുറത്തില്‍ ഞാന്‍ അത് പറിച്ച് ഇടാന്‍ തുടങ്ങി. ഒരുപാട് മൂപ്പായാല്‍ പയര്‍ തിന്നാന്‍ കൊള്ളില്ല. മുറം അകത്തേല്‍പ്പിച്ച് ഞാന്‍ ഷെഡ്ഡിലെത്തി.

' കുറച്ച് ദിവസമായി ചോദിക്കണം എന്ന് വിചാരിച്ച് കഴിയുകയാണ് ' സോമന്‍ പറഞ്ഞു ' കുറച്ച് പയറിന്‍റെ ഇല
പൊട്ടിച്ചോട്ടെ. ഉപ്പേരി വെക്കാനാണ് '.

' അതിനെതാ വിരോധം. പൊട്ടിച്ചോളൂ ' ഞാന്‍ സമ്മതിച്ചു.

' ഇന്ന് വേണ്ടാ. നാളെ പണി മാറി പോവുമ്പോള്‍ മതി ' .

അങ്ങിനെ ആ ആവശ്യം അടുത്ത ദിവസത്തേക്ക് മാറ്റി. അഞ്ച് മണി ആവുന്നതിന്ന് മുമ്പേ അന്ന് പണി നിര്‍ത്തി. ഞായറാഴ്ച വൈകുന്നെരം ദൂരദര്‍ശനില്‍ ( അന്ന് നാട്ടുമ്പുറത്ത് കേബിള്‍ ടി. വി ലഭ്യമായിരുന്നില്ല ) മലയാള ചലച്ചിത്രം പ്രക്ഷേപണം
ചെയ്യും. അത് കാണണം. പതിവിന്ന് വിപരീതമായി അന്ന് ഉമ്മര്‍ക്ക കൂലി കൊടുത്തു. അതും വാങ്ങി ഉമ്മറത്ത് വന്ന് ഞങ്ങള്‍ വരട്ടെ എന്നും പറഞ്ഞ് സോമന്‍ കൃഷ്ണന്‍റെ സൈക്കിളിന്ന് പുറകില്‍ കയറി യാത്രയായി.

മരത്തിന്‍റെ ചെത്ത് പൂളുകള്‍ പെറുക്കി കൂട്ടുന്നതിന്നിടയില്‍ വീട്ടുകാരി ഞങ്ങളെ വിളിച്ചു. ' എന്താ അവിടെ ' നൂറ് മീറ്റര്‍ 
അകലെയുള്ള റോഡിലേക്ക് ചൂണ്ടി അവര്‍ ചോദിച്ചു. ആ ഭാഗത്ത് കുറെ പേര്‍ നില്‍ക്കുന്നുണ്ട്.

' എന്തോ നടന്നിട്ടുണ്ട് ' ഞാന്‍ പറഞ്ഞു. ഞങ്ങള്‍ അവിടേക്ക് നോക്കിക്കൊണ്ട് മതിലില്‍ ഇരുന്നു. കൂടുതല്‍ ആളുകള്‍
വന്ന് ചേരുന്നത് കണ്ടപ്പോള്‍ മക്കള്‍ക്ക് ഒരു ആകാംക്ഷ. മൂത്തവനും ഇളയവനും സൈക്കിളില്‍ അങ്ങോട്ട് കുതിച്ചു. രണ്ടാമന്‍
വയല്‍ വരമ്പിലിലൂടെ ക്രോസ്സ് കണ്ട്രി ഓട്ടവും.

പോയ മകന്‍ അതിലിരട്ടി വേഗത്തില്‍ തിരിച്ചെത്തി.

' അച്ഛാ, ആശാരിമാരുടെ മേത്ത് ജീപ്പ് ഇടിച്ചു ' അവന്‍ പറഞ്ഞു.

' എന്നിട്ടോ '.

' കൃഷ്ണന് പരുക്കുണ്ട്. സോമന്‍ മരിച്ചു '.

വസ്ത്രം മാറാനൊന്നും നില്‍ക്കാതെ ഞങ്ങള്‍ അങ്ങോട്ടോടി. കൃഷ്ണന്‍ കലുങ്കില്‍ ഇരിപ്പുണ്ട്. ആളുകള്‍ ചുറ്റും കൂടി നിന്ന് വിവരങ്ങള്‍ തിരക്കുന്നു. സോമന്‍റെ ശരീരം കൈതപൊന്തയ്ക്ക് അപ്പുറം പാതയോരത്ത് കിടപ്പുണ്ട്.

ഞാന്‍ അടുത്ത് ചെന്ന് നോക്കി. മുഖത്തിന്‍റെ ഒരു വശം തകര്‍ന്നിരിക്കുന്നു. ആദ്യമായി എന്നെ കാണാന്‍ വന്ന ദിവസം ഇട്ട ബ്രൌണ്‍ ഷര്‍ട്ടിലും മുണ്ടിലും ചോര പടര്‍ന്ന് കയറിയിട്ടുണ്ട്.

ആ ചുണ്ടുകള്‍ ചലിച്ചതായി എനിക്ക് തോന്നി. ആശിച്ച പയറിന്‍റെ ഇല ഇനി ഒരിക്കലും വാങ്ങാന്‍ വരില്ലെന്ന് പറയുകയാണോ,
അതോ മകനെ ഉപദേശിച്ച് നന്നാക്കണമെന്ന് ആവശ്യപ്പെടുകയാണോ. അത് ഓര്‍ത്തപ്പോള്‍ എന്‍റെ മനസ്സ് വിങ്ങി പൊട്ടി. ആ പാതയോരത്ത് ഇരുന്ന് ഞാന്‍ വാവിട്ട് കരഞ്ഞു.

( ' ഓര്‍മ്മതെറ്റ് പോലെ ' എന്ന് നോവലിന്‍റെ 82, 83, 84 അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Wednesday, July 14, 2010

പൊളിഞ്ഞ് പാളീസായ ഒരു മരക്കച്ചവടം 2.

പറഞ്ഞതുപോലെ സോമന്‍ പണിക്കെത്തി. വീടിന്‍റെ കിഴക്ക് ഭാഗത്ത് മാവിന്‍ചുവട്ടില്‍ അയാള്‍ പണി തുടങ്ങി. ഉമ്മര്‍ക്ക ആ
നേരത്ത് എത്തി. അവര്‍ ഇരുവരും സംഭാഷണം തുടങ്ങിയതോടെ ഞാന്‍ ഓഫീസിലേക്ക് ഇറങ്ങി.

വൈകുന്നേരം ഞാന്‍ എത്തുമ്പോഴേക്ക് കട്ടിള പണി തീര്‍ന്നിരിക്കുന്നു. ഞാന്‍ അത് ചെന്ന് നോക്കി.

' അവര് രണ്ടാളും ഒരു കാര്യം ചോദിച്ചു ' വീട്ടുകാരി പറഞ്ഞു.

' എന്താ '.

' ഉമ്മര്‍ക്കാന്ന് രണ്ട് കട്ടിളയും ജനലും പണി ചെയ്യണംന്ന് ഉണ്ടത്രേ. സോമന്‍ പണിചെയ്ത് കൊടുക്കാമെന്ന് പറഞ്ഞു. ഇവിടെ വെച്ച് ചെയ്തോട്ടെ എന്ന് സമ്മതം ചോദിച്ചു '.

' എന്നിട്ട് താനെന്താ പറഞ്ഞത് '.

' ജോലി കഴിഞ്ഞ് വന്നിട്ട് ചോദിച്ച് പറയാം എന്ന് പറഞ്ഞു '.

' എന്താ പറയണ്ടത് '.

' നമുക്ക് എന്താ നഷ്ടം. പണി ചെയ്യുന്നൂച്ചാല്‍ ചെയ്തോട്ടെ അല്ലേ '.

ഞാന്‍ സമ്മതിച്ചു. അങ്ങിനെ ഉമ്മര്‍ക്കാനുള്ള പണി ആരംഭിച്ചു.

ആ പണി ചെയ്യുന്നതിനിടയില്‍ ഓഫീസിലെ ഒരു സഹപ്രവര്‍ത്തകയ്ക്ക് വീട് പണി തുടങ്ങി. അവര്‍ക്ക് കട്ടിളകളും ജനാലകളും
വേണം. എന്‍റെ വീട്ടില്‍ ആശാരിപ്പണി നടക്കുന്ന വിവരം അറിഞ്ഞതോടെ വേണ്ട ഉരുപ്പടികള്‍ പണി ചെയ്ത് നല്‍കാമോ എന്ന് അവര്‍ എന്നോട് ചോദിച്ചു.

ഞാന്‍ വിവരം ഉമ്മര്‍ക്കയോടും സോമനോടും പറഞ്ഞു. അവര്‍ക്ക് വളരെ സന്തോഷം.

' ഒരു കാര്യം ഞാന്‍ ആദ്യമേ പറയാം ' ഞാന്‍ അവരോട് പറഞ്ഞു ' എന്നെ വിശ്വസിച്ച് ആരെങ്കിലും പണി ഏല്‍പ്പിച്ചാല്‍
അവര്‍ക്ക് നഷ്ടം വരാത്ത വിധത്തില്‍ പണി ചെയ്തു കൊടുക്കണം. നാളെ എനിക്ക് ദുഷ്പ്പേര് വരുത്തരുത് '.

അവര്‍ സമ്മതിച്ചു. ഉമ്മര്‍ക്ക മരം എത്തിച്ചു. സോമന്‍ കൂടുതല്‍ പണിക്കാരുമായി പണി ചെയ്തു തുടങ്ങി. ആ പണി
പൂര്‍ത്തീകരിക്കുന്നതിന്ന് മുമ്പ് വേറൊരു സഹപ്രവര്‍ത്തകന്‍ ഗൃഹനിര്‍മ്മാണം തുടങ്ങി. ഇതേ രീതിയില്‍ അദ്ദേഹത്തിന്നും മരസ്സാധനങ്ങള്‍ പണി ചെയ്ത് നല്‍കാമോ എന്ന് ചോദിച്ചു.

അത് വലിയൊരു പണിയായിരുന്നു. ആ പണി നടക്കുന്നതിന്നിടയില്‍ ഒരു ഒഴിവ് ദിവസം ഉമ്മര്‍ക്ക എന്നെ കാണാനെത്തി. അദ്ദേഹം ഒരു കവര്‍ എന്നെ ഏല്‍പ്പിച്ചു. അതിനകത്ത് കുറെ പണമായിരുന്നു.

' എന്താ ഇത് ' ഞാന്‍ ചോദിച്ചു.

' ഇത് ഇവിടെ ഇരിക്കട്ടെ ' ഉമ്മര്‍ക്ക പറഞ്ഞു.

' എന്തിനാ ഇത് '.

' അമ്പത്തിരണ്ട് ചതുരം തേക്ക് ഈ പണിക്ക് ആയിട്ടുണ്ട്. അതിന്‍റെ കമ്മീഷനാണ്. ചതുരത്തിന്ന് അമ്പത് ഉറുപ്പിക വെച്ചുണ്ട്.
പോരെങ്കില്‍ പറയണം '.

വാസ്തവത്തില്‍ ഞാനൊന്ന് ഞെട്ടി. ഇത്തരം പരിപാടികള്‍ ഉള്ള വിവരം എനിക്കറിയില്ല. ഞാന്‍ കവര്‍ തിരിച്ച് നല്‍ക്കി.

' നോക്കൂ, എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ച പണിയാണ്. ഇതില്‍ വിഹിതം വാങ്ങാന്‍ എനിക്കാവില്ല. ബില്ല് കൊടുക്കുമ്പോള്‍ ഇത്രയും പണം കുറച്ച് വാങ്ങിയാല്‍ അതി '.

' നമുക്ക് കൂട്ടായിട്ട് ബിസിനസ്സ് ചെയ്താലോ ' പിറ്റേന്ന് ഉമ്മര്‍ക്ക എന്നോട് ചോദിച്ചു.

' എനിക്ക് ഒട്ടും പരിചയമില്ലാത്ത പരിപാടിയാണ് കച്ചവടം ' ഞാന്‍ പറഞ്ഞു ' ഒന്നും അറിയാതെ ഇറങ്ങി തിരിച്ചാല്‍
പൊളിയും '.

' നമ്മള് ഒന്നും ചെയ്യണ്ടാ ' ഉമ്മര്‍ക്ക പറഞ്ഞു ' ആളുകള്‍ ഓരോന്ന് ചോദിച്ച് വരുന്നുണ്ട്. സോമനും ഞാനും കൂടി പണി
ഏറ്റെടുക്കാം. ഞാന്‍ മരം എത്തിക്കും. സോമന്‍ പണി ചെയ്യും. നമ്മള് കൂലി കൊടുത്താല്‍ മാത്രം മതി. മൊത്തം കണക്കും
സൂക്ഷിക്കണം '.

അത് അത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. അങ്ങിനെ പങ്ക് കച്ചവടം ആരംഭിച്ചു. വീടിന്‍റെ കിഴക്ക് ഭാഗത്ത് മൂച്ചിച്ചോട്ടില്‍
താല്‍ക്കാലിക ഷെഡ്ഡ് ഉയര്‍ന്നു. സോമനോടൊപ്പം നിത്യം ആറേഴ് പണിക്കാര്‍ വന്നു. എഴപ്പ് പൊടിയും മരത്തിന്‍റെ ചെത്ത് പൂളും കുമിഞ്ഞു കൂടി. ചാക്കിന്ന് അഞ്ച് രൂപ നിരക്കില്‍ വീട്ടുകാരി അത് ആവശ്യക്കാര്‍ക്ക് വിറ്റ് കാശാക്കി.

ആദ്യത്തെ പണി കഴിഞ്ഞു. ബില്‍ തുക ഉമ്മര്‍ക്ക പാര്‍ട്ടിയില്‍ നിന്ന് വാങ്ങി. പിറ്റേന്ന് കണക്ക് പരിശോദിച്ചു. മുവ്വായിരം
രൂപയോളം ലാഭം ഉണ്ട്.

' ലാഭം എന്താ ചെയ്യണ്ട് ' ഉമ്മര്‍ക്ക ചോദിച്ചു.

' എട്ട് ഉറുപ്പിക കൂടിയുണ്ടെങ്കില്‍ ഒരു കണക്കായേനെ ' ഞാന്‍ പറഞ്ഞു.

' അത് സാരൂല്യാ ' ഉമ്മര്‍ക്ക അതും ചേര്‍ത്ത് മുവ്വായിരം രൂപ മുമ്പില്‍ വെച്ചു.

' ഇപ്പോള്‍ മുവ്വായിരം ഉറുപ്പിക കയ്യിലുണ്ട് ' ഞാന്‍ പറഞ്ഞു ' അതില്‍ നിന്ന് ആയിരം ഉറുപ്പിക ഉമ്മര്‍ക്ക എടുത്തോളൂ '.

മൂപ്പര്‍ ആയിരം രൂപ എടുത്തു.

' എനിക്ക് ആയിരം തരൂ '.

നൂറിന്‍റെ പത്ത് നോട്ട് ഉമ്മര്‍ക്ക എന്നെ ഏല്‍പ്പിച്ചു.

' ബാക്കി ആയിരം സോമന് കൊടുക്കൂ. അയാള്‍ അദ്ധ്വാനിച്ചിട്ടല്ലേ നമുക്ക് ലാഭം കിട്ടിയത് '.

ഉമ്മര്‍ക്ക എതിരൊന്നും പറഞ്ഞില്ല. ' ഞാനും ഇത് ആലോചിക്കാണ്ടിരുന്നില്ല. ഇവിടുന്ന് എന്ത് പറയുംന്ന് അറിയാത്തതോണ്ട് പറഞ്ഞില്ലാന്ന് മാത്രം '. അദ്ദേഹവും അങ്ങിനെ പറഞ്ഞതോടെ സോമനെ വിളിപ്പിച്ചു. ആയിരം രൂപ ഞാന്‍ അയാള്‍ക്ക് കൊടുത്തു.

' എന്താ ഇത് ' സോമന്‍ ചോദിച്ചു. അയാള്‍ പരിഭ്രമിച്ചിരുന്നു.

' കഴിഞ്ഞ പണിയില്‍ മുവ്വായിരം ഉറുപ്പിക ലാഭം കിട്ടി. ആ പണം നമ്മള്‍ മൂന്നാള്‍ക്കും ഒപ്പൊപ്പം പങ്കിട്ടു. അതാണ് '.

സോമന്‍ വിശ്വസിക്കാനാവാത്ത വിധത്തില്‍ ഞങ്ങളെ നോക്കി. എന്നിട്ട് ആ നോട്ട് കണ്ണിനോട് ചേര്‍ത്ത് വെച്ചു, പിന്നെ അത്
പോക്കറ്റിലിട്ടു.

- തുടരും -

( ഓര്‍മ്മത്തെറ്റ് പോലെ എന്ന നോവലിന്‍റെ 79,80,81 അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു )

Friday, July 2, 2010

പൊളിഞ്ഞ് പാളീസായ ഒരു മരക്കച്ചവടം - ഭാഗം 1.

1997 തുടക്കത്തിലാണ് ഉമ്മര്‍ക്കയെ പരിചയപ്പെടുന്നത്. പത്തായപ്പുര തൊടിയിലെ മരങ്ങള്‍ മുഴുവന്‍ ആ സമയത്ത് വിറ്റു. അത് വങ്ങിയ കച്ചവടക്കാരനാണ് ഉമ്മര്‍ക്ക.

വാസതവത്തില്‍ ഞാന്‍ അദ്ദേഹത്തിന്‍റെ അളിയനെയാണ് ആദ്യം പരിചയപ്പെട്ടത്. ഒരു വാതില്‍ കട്ടിള ചിതല്‍ നശിപ്പിച്ചിരുന്നു. അത്
മാറ്റണം. അതിന്ന് മരം വാങ്ങണമെന്ന് ആലോചിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായി. ഇപ്പോള്‍ തൊട്ടടുത്ത് മരകച്ചവടക്കാര്‍
എത്തിയിരിക്കുന്നു. ഇത്രയേറെ സൌകര്യം ഉള്ളപ്പോള്‍ വേറൊരിടത്ത് മരം അന്വേഷിച്ച് പോകുന്നതെന്തിന്. അതാണ്
പരിചയത്തിന്‍റെ തുടക്കം.

അയാള്‍ വീട്ടില്‍ വന്ന് വാതില്‍ പരിശോദിച്ചു.

' ഇത് മൊത്തം ചിതലാണല്ലോ. തൊട്ടാല്‍ മുഴുവനും പോകും '.

' വേറൊരു കട്ടിള ഉണ്ടാക്കിയാലോ '.

' അതാ നല്ലത്. 6 അടിയില്‍ രണ്ട് കഷ്ണം, 3 അടിയില്‍ രണ്ട് കുറുമ്പടി. നാലുക്ക് മൂന്ന് സൈസ്സ്. ഒന്നര ചതുരം മരം
വേണം '.

' എത്ര ഉറുപ്പിക ആവും ' ഞാന്‍ അന്വേഷിച്ചു.

' തേക്ക് ചതുരം 700 ഉറുപ്പിക മുതല്‍ മേപ്പോട്ട് വരും. പലജാതി മരത്തിന്‍റെ ഗുണം നോക്കി 300 ഉറുപ്പിക മുതല്‍ തുടങ്ങും '.

എന്താണ് വേണ്ടതെന്ന് എനിക്ക് ഒരു രൂപവും ഇല്ല. അയാള്‍ എന്നെ സഹായിച്ചു.

' ഇത് പ്രധാന കട്ടിളയൊന്നും അല്ലല്ലോ. സാറിന്ന് നല്ല പാല്‍ കഴനി ചതുരത്തിന്ന് 300 ഉറുപ്പിക കണക്കില്‍ തരാം '.

ഞാന്‍ അത് മതിയെന്ന് സമ്മതിച്ചു. മൂന്നാമത്തെ ദിവസം വീട്ടില്‍ മരം എത്തി. അന്ന് വൈകീട്ട് ഉമ്മര്‍ക്ക പണം വാങ്ങാന്‍ എത്തി.
വില എഴുതിയ ഒരു കുറിപ്പ് എനിക്ക് നീട്ടി. ഒന്നര ചതുരത്തിന്ന് 350 ഉറുപ്പിക നിരക്കില്‍ 525 ഉറുപ്പിക വില കാണിച്ചിരിക്കുന്നു.

' മരം ഏല്‍പ്പിക്കുമ്പോള്‍ ഇതല്ലല്ലോ വില പറഞ്ഞത് ' ഞാന്‍ പറഞ്ഞു.

' എത്രയാ പറഞ്ഞത് ' അദ്ദേഹം ചോദിച്ചു.

' ചതുരത്തിന്ന് 300 ഉറുപ്പിക എന്നാ പറഞ്ഞത് '.

' അത് ഞാന്‍ അറിഞ്ഞില്ല. ഇനി കൂട്ടം ഇല്ല. 300 മതി '.

പണം വാങ്ങി അദ്ദേഹം പോയി. പിറ്റേന്ന് അളിയന്‍ വന്നു.

' നമ്മള്‍ വില നിശ്ചയിച്ച കാര്യം അളിയന്‍ അറിഞ്ഞില്ല. അതാ പറ്റിയത് '.

' ഓ, അത് സാരമില്ല. പറഞ്ഞതും മൂപ്പര്‍ സമ്മതിച്ചു '.

' അളിയന്‍ അങ്ങിനെയാണ്. ആരോടും മുഖം മുറിഞ്ഞ് കാര്യം പറയില്ല. നമ്മളുടെ സ്വഭാവത്തിന്ന് യോജിച്ച ആളാണ് '.

അത് ശരിയാണെന്ന് പിന്നീട് ഇരുവര്‍ക്കും ബോദ്ധ്യമായി.

മരം കിട്ടിയിട്ടും ആശാരിയെ കിട്ടാതെ വിഷമിച്ചു. ചെറിയ ഒരു പണിക്ക് വരാന്‍ ആരും തയ്യാറല്ല. ഇനി എന്ത് ചെയ്യും എന്ന് വിഷമിച്ച് ഇരിക്കുമ്പോള്‍ ഒരു ദിവസം സന്ധ്യക്ക് ഒരു ചെറുപ്പക്കാരന്‍ എത്തി. വലിയ പൊക്കം ഉള്ള ആളല്ല. മുഖം നിറയെ
വസൂരി കല പോലെയുള്ള പാടുകള്‍ ഉണ്ട്. കണ്ട് പരിചയം ഉള്ള ആളല്ല.

' ആരാ ' ഞാന്‍ ചോദിച്ചു.

' ഞാന്‍ സോമന്‍ '.

' എന്താ '.

' ഒരു കട്ടിള പണിയനുണ്ട് എന്ന് ഒരാള് വന്ന് പറഞ്ഞു '.

' ഉവ്വ്. ഒരു കട്ടിള മാറ്റാനുണ്ട് '.

' ഞാന്‍ ഇത് ചെയ്താല്‍ ഇവിടെ സ്ഥിരമായി പണിക്ക് വരുന്നവര്‍ എന്തെങ്കിലും പറയ്യോ '.

' അങ്ങിനെയൊന്നും ഇല്ല. ഇതൊക്കെ സ്ഥിരം പണി അല്ലല്ലോ '.

' എന്നാല്‍ മറ്റന്നാള്‍ വരാ 'മെന്നു പറഞ്ഞ് അയാള്‍ പോയി.

- തുടരും -

( ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്‍റെ 78 വരെയുള്ള അദ്ധ്യായങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് )

Sunday, May 9, 2010

Values of life.

ഐശ്ചിക വിഷയങ്ങളൊഴിച്ച് മറ്റെല്ലാം രണ്ടാം വര്‍ഷ ഡിഗ്രി പരീക്ഷയോടെ അവസാനിക്കും. ഇംഗ്ലീഷും
സംസ്കൃതവും പൊതുവിജ്ഞാനവും  ഒക്കെയാണ് രണ്ടാം വര്‍ഷത്തെ പരീക്ഷക്കുള്ള വിഷയങ്ങള്‍.

അവസാന വര്‍ഷത്തെ പരീക്ഷയേക്കാള്‍ കടുപ്പം  രണ്ടാം വര്‍ഷത്തെ പരീക്ഷക്കാണ് എന്നാണ് മുന്‍ഗാമികളില്‍ 
നിന്ന് കിട്ടിയ വിവരം. ഏതായാലും നേരത്തെ തന്നെ പഠിച്ചുവെക്കാമെന്ന് തീരുമാനിച്ചു.

ഓരോ വിഷയങ്ങളായി പഠിച്ചു തീര്‍ക്കുക എന്ന രീതിയാണ് അനുവര്‍ത്തിച്ച് വന്നിരുന്നത്. എല്ലാം കൂടി വാരി
വലിച്ച് വായിച്ചു കൂട്ടി ഒരു അവിയല്‍ പരുവത്തില്‍ ആവുന്നതിനേക്കാള്‍ നല്ലത് അതാണല്ലോ.

ആദ്യ പരീക്ഷ ഇംഗ്ലീഷാണ്. അതിന്‍റെ പുസ്തകങ്ങള്‍ ഒരു വിധം വായിച്ചു തീര്‍ത്ത് മറ്റു വിഷയങ്ങളിലേക്ക്
കടന്നതോടെ ഇംഗ്ലീഷ് പുസ്തകങ്ങള്‍ തൊടാതായി. പരീക്ഷയ്ക്ക് ഏതാനും ദിവസം മുമ്പ് നോക്കുമ്പോള്‍
Earnest Barker രചിച്ച Values of life എന്ന പുസ്തകം കാണാനില്ല. പുസ്തകങ്ങള്‍ സൂക്ഷിച്ച്
വെക്കാറുള്ള സ്ഥലം മാത്രമല്ല വീടിന്‍റെ ഓരോ മുക്കും മൂലയും ഞാന്‍ പരിശോധിച്ചു. കിം ഫലം. സാധനം
അപ്രത്യക്ഷമായിരിക്കുന്നു.

പുസ്തകം നഷ്ടപ്പെട്ട വിവരം വീട്ടില്‍ പറയാന്‍ പറ്റില്ല. ഞാന്‍ സര്‍വ്വ ദൈവങ്ങളേയും വിളിച്ചു. പക്ഷേ അവരാരും 
കനിഞ്ഞില്ല. ആകെയുള്ള ഒരു സമാധാനം പുസ്തകത്തിലെ മിക്ക ഭാഗങ്ങളും ഹൃദിസ്ഥമാണ് (കാണാപ്പാഠം പഠിക്കാന്‍ 
മിടുക്കനായിരുന്നതിന്‍റെ ഗുണം ) എന്നതാണ്.

ഏതായാലും വലിയ കുഴപ്പമില്ലാതെ പരീക്ഷ കഴിഞ്ഞു. ഫലം പ്രഖ്യാപിച്ചപ്പോള്‍ കടന്ന് കൂടിയിരിക്കുന്നു. പുസ്തകം 
ഇല്ലെങ്കിലെന്ത് , ജയിച്ചല്ലോ.

മിഥുന മാസത്തിലെ ഒരു ഒഴിവ് ദിവസം  . മഴയും നോക്കി ഉമ്മറത്തെ ബെഞ്ചില്‍ കിടക്കുമ്പോള്‍ അകത്ത് നിന്ന്
അമ്മ വിളിച്ചു. ഞാന്‍ ചെന്നപ്പോള്‍ കയ്യില്‍ നനഞ്ഞ ഒരു പുസ്തകവുമായി അമ്മ നില്‍ക്കുന്നു.

' ഈ പുസ്തകം നിന്‍റെ അല്ലേ ' അമ്മ ചോദിച്ചു.

ഞാന്‍ നോക്കിയപ്പോള്‍ നഷ്ടപ്പെട്ട എന്‍റെ ' Values of life '.

' ഇത് എവിടുന്ന് കിട്ടി ' ഞാന്‍ ചോദിച്ചു.

' വലിയ കണ്ണിമാങ്ങ ഭരണി ഇന്നാണ് തുറന്നത്. നോക്കുമ്പോള്‍ അതിനകത്ത് കിടക്കുന്നു '.

പുസ്തകം ഭരണിക്കകത്ത് പെടാനുണ്ടായ സാഹചര്യം അന്വേഷിക്കാനായി അമ്മ സ്വയം ഒരു ഏകാംഗ കമ്മിഷണായി
മാറി. പത്ത് മിനുട്ടിനകം റിപ്പോര്‍ട്ട് പുറത്ത് വന്നു.

മാങ്ങ ഉപ്പിലിട്ട ശേഷം ' എന്തെങ്കിലും കട്ടിയുള്ള പുസ്തകം കൊണ്ട് തല്‍ക്കാലം അട്ച്ച് വെക്ക്. പിന്നെ അട്ച്ച്
കെട്ടി വെക്കാമെന്ന് ' അമ്മ പണിക്കാരി കുട്ടിയോട് പറഞ്ഞിരുന്നുവത്രേ. മേശപ്പുറത്ത് അനാഥമായി കിടന്ന എന്‍റെ
പാഠപുസ്തകമാണ് അവളുടെ കണ്ണില്‍ പെട്ടത്. അത് വെച്ച് അവള്‍ ഭരണി അടച്ചു വെച്ചു. പിന്നീടെപ്പോഴോ കാഴ്ച
തീരെ ഇല്ലാത്ത മുത്തശ്ശി അത് തട്ടി ഭരണിയിലാക്കി. അതൊന്നും നോക്കാതെ അമ്മ കെട്ടി വെക്കുകയും ചെയ്തു.

അന്നും ഇന്നും എനിക്ക് മനസ്സിലാവാത്ത ഒരു കാര്യമേയുള്ളു. എങ്ങിനെയാണ് ഭരണിയുടെ വായ്ക്കകത്ത് കൂടി ആ പുസ്തകം അകത്ത് എത്തിയത് എന്ന്.

( ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്‍റെ 63, 64, 65 അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Saturday, April 24, 2010

യോഗ.

' യോഗ ക്ലാസ്സ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ട്. നീ ചേരുന്നോ ' റെയില്‍വെ സ്റ്റേഷനിലെ ചാരു ബെഞ്ചില്‍ കാറ്റും പിടിച്ച്
ഇരിക്കുമ്പോള്‍ കൂട്ടുകാരന്‍ അജിതകൃഷ്ണന്‍ എന്നോട്ചോദിച്ചു. പൊളിയാന്‍ തുടങ്ങുന്ന ഏത് കമ്പിനിയിലും ഒരു ഷെയറെങ്കിലും
എടുക്കുന്ന യോഗ്യനാണ് ഞാന്‍ എന്നാണ് സുഹൃത്തുക്കള്‍ പറയാറ്. ആ സല്‍പ്പേരിന്ന് കളങ്കം വരുത്തി കൂടാ. കെടക്കട്ടെ
ഇതിലും എന്‍റെ വക എന്തെങ്കിലും .

' ശരി ' ഞാന്‍ സമ്മതിച്ചു.

' ഞാനും ഓയില്‍ മില്‍ മേനോനും ഉണ്ട്. ഇപ്പോള്‍ നീയും ആയി. ഒന്ന് രണ്ട് ആളെ കൂടി നമുക്ക് കൂട്ടണം '.

പരിപാടി അജിത കൃഷ്ണന്‍ വിവരിച്ചു. യോഗ പഠിപ്പിക്കാന്‍ ഒരു ഗുരുവിനെ കിട്ടിയിട്ടുണ്ട്. ആഴ്ചയില്‍ രണ്ട് ക്ലാസ്സ്. ഒരു
ക്ലാസ്സിന്ന് ഒരാള്‍ക്ക് 50.00 രൂപ നിരക്കില്‍ ഫീസ് കൊടുക്കണം. അഞ്ചാറുപേര്‍ ഉണ്ടെങ്കില്‍ അയാള്‍ക്ക് ഒരു വരുമാനമാകും.

' എന്നിട്ട് നമുക്കെന്താ ഗുണം ' ഞാന്‍ ചോദിച്ചു.

' നിനക്ക് ഷുഗറില്ലേ '.

ഉവ്വെന്ന് ഞാന്‍ തലയാട്ടി.

' കൊളസ്റ്റ്റോളോ '

' അതും ഉണ്ട് '.

' ബി. പി '.

' അതില്ലാതെ ഒരു കുറവ് തോന്നരുത് എന്നു കരുതി അതും ശകലം സ്റ്റോക്ക് ചെയ്തിട്ടുണ്ട് '.

അജിതന്‍ ചിരിച്ചു. ' എന്നാലേ യോഗ ചെയ്താല്‍ ഇതൊക്കെ മാറും '.

' അപ്പോള്‍ മരുന്നോ '.

' കുറേശ്ശയായി അത് നിര്‍ത്താം '.

ഞാന്‍ ആലോചിച്ചപ്പോള്‍ നല്ല കാര്യം. ആദ്യം കുറച്ച് ബുദ്ധിമുട്ടണം. സുഖക്കേട് മാറും, പിന്നെ മുഴുവന്‍ നാട്ടുകാരെയും  രോഗം വരാതെ നമുക്കും സംരക്ഷിക്കാം.

' നീയെന്താ ഇത്ര ആലോചിക്കുന്നത് ' അജിതന്‍ ചോദിച്ചു.

' ബാലന്‍ മാഷെ വിളിച്ചാലോ '.

' അത് നല്ലൊരു ഐഡിയയാണ് '. അജിതന്‍ ഉടനെ മൊബൈലില്‍ ബാലന്‍ മാഷേ വിളിക്കുന്നു. മാഷ് സമ്മതം മൂളുന്നു.
സര്‍വതും ശുഭം.

' ക്ലാസ് എവിടെ വെച്ചാ നടത്തുക '

' അതിനാ പ്രയാസം . ഓയില്‍ മില്ലില്‍ ഇഷ്ടം പോലെ സ്ഥലമുണ്ട് '.

ഒരാഴ്ചയ്ക്കകം ക്ലാസ്സ് തുടങ്ങി. ഭാഗ്യമെന്നേ പറയാവൂ , ഞങ്ങള്‍ നാലുപേരെ കൂടാതെ ഒരു മനുഷ്യ ജീവി പോലും യോഗ
പഠിക്കാന്‍ തയ്യാറായി വന്നില്ല.

' നമുക്ക് എല്ലാ ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും ക്ലാസ്സ് നടത്താം, ആര്‍ക്കും അസൌകര്യം ഇല്ലല്ലോ ' ഗുരു ചോദിച്ചു.
നമുക്കെന്ത് അസൌകര്യം . എല്ലാവരും സമ്മതം മൂളി.

ഓഫീസ് റൂമിന്ന് തൊട്ടടുത്ത് ഒരു ഒഴിഞ്ഞ സ്ഥലം ഒരുക്കിയിരുന്നു. ഒരു പച്ച കര്‍ട്ടന്‍ ഇട്ട് ഞങ്ങളുടെ അഭ്യാസം ആരും കാണാത്ത മട്ടിലാക്കി. നിലത്ത് ഒരു പഴയ കര്‍ട്ടന്‍ വിരിച്ച് മുണ്ട് മാടി കെട്ടി ഞങ്ങള്‍ ഇരുന്നു.

' ആദ്യം പതഞ്ജലി മഹര്‍ഷിയെ ധ്യാനിച്ച് തുടങ്ങാം '. ഗുരു എന്തോ ശ്ലോകം ചൊല്ലി തന്നു. ഞങ്ങള്‍ ഇഷ്ടാനുസരണം ഭേദഗതി വരുത്തി അത് ഏറ്റു പറഞ്ഞു.

കയ്യും കാലും വളച്ചും തിരിച്ചും എന്തൊക്കേയോ ചെയ്യാന്‍ ഗുരു കാട്ടി തന്നു. ഞങ്ങളുടെ ശരീരങ്ങള്‍ അതിന്‍റെ വികലമായ
അനുകരണങ്ങള്‍ നടത്തി.

' അടുത്ത പ്രാവശ്യം വരുമ്പോള്‍ പാന്‍റോ, ബര്‍മുഡയോ കൊണ്ടു വരണം. അതാണ് സൌകര്യം. ഓരോ പുതപ്പും എടുത്താല്‍ 
നന്നായിരിക്കും ' ഗുരു ഉപദേശിച്ചു.

ക്ലാസ്സ് കഴിഞ്ഞ് ഞാന്‍ വീടെത്തി.

' നോക്കൂ അടുത്ത ദിവസം പോകുമ്പോള്‍ എനിക്കൊരു പാന്‍റ് വേണം കേട്ടോ. പിന്നെ ഒരു പുതപ്പും ' ഞാന്‍ സുന്ദരിയോട് പറഞ്ഞു.

' ജോലീന്ന് പിരിഞ്ഞ് വന്നപ്പോള്‍ എന്താ ചെയ്തത് എന്ന് ഓര്‍മ്മയുണ്ടോ. അലമാറയിലെ ഒരു അറ മുഴുവന്‍ അലക്കി തേച്ച പാന്‍റ് ഉണ്ടായിരുന്നു , ഇനി മുതല്‍ എനിക്കിതൊന്നും  വേണ്ടാന്നും പറഞ്ഞ് കുഷ്ഠരോഗികള്‍ക്ക് പിരിവിന് വന്നപ്പോള്‍ എടുത്ത് കൊടുത്തില്ലേ. ഇനി പാന്‍റ്വേണച്ചാല്‍ ആദ്യേ തുന്നിക്കണം '.

ഒന്നും പറയാനില്ല. പെന്‍ഷന്‍ ആയ പിറ്റേന്ന് വീട്ടിലിരിക്കുമ്പോള്‍ ഉടുക്കാന്‍ കാവിമുണ്ടുകളും മേത്ത് ഇടാന്‍ കാവി
തോര്‍ത്തുകളും വാങ്ങിച്ചു. പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഉപയോഗിക്കാനായി നാല് ജോഡി ഖദര്‍ ഷര്‍ട്ടുകളും മുണ്ടുകളും .
അലമാറയില്‍ ഉണ്ടായിരുന്ന പാന്‍റുകളും ഷര്‍ട്ടുകളും ഒഴിവാകുന്നത് വരെ ഒരു അസ്വസ്ഥതയായിരുന്നു.

ആട് കിടന്ന ദിക്കില്‍ അതിന്‍റെ പൂടയെങ്കിലും കാണും എന്ന ചൊല്ല് ശരിയാണെന്ന് തെളിയിച്ചുകൊണ്ട് അലമാറയുടെ അടിയില്‍
നിറം മങ്ങി ഉപയോഗിക്കാന്‍ കൊള്ളാത്ത ഒരു പാന്‍റ് കിടക്കുന്നത് കണ്ടു. നിധി കിട്ടിയ സന്തോഷത്തോടെ ഞാന്‍ അതും ഒരു
പുതപ്പും കൂടി പൊതിഞ്ഞു കെട്ടി.

ക്ലാസ്സുകള്‍ കഠിനമൊന്നുമായിരുന്നില്ല. ഗുരു കാണിച്ചു തരുന്ന പലതും ഞങ്ങള്‍ക്ക് ചെയ്യാനാവില്ലെന്നു മാത്രം. ആറ് മണി കഴിഞ്ഞാല്‍ 
ആളെ തിന്നുന്ന കൊതുകുകള്‍ എത്തും. അവ കടിക്കാന്‍ തുടങ്ങുന്നതോടെ പഠിക്കുന്നതിലുള്ള ശ്രദ്ധ പോകും. അതോടെ ഗുരു ചെറിയൊരു ഇടവേള നല്‍കും. അന്നത്തെ പത്രവാര്‍ത്ത വിശകലനം ചെയ്ത് ഞങ്ങള്‍ ആ സമയം ചിലവഴിക്കും.

മാസം ഒന്ന് കഴിഞ്ഞു. ഇതിനിടെ ഞാനും മേനോനും അജിതനും ഒന്നും രണ്ടും ക്ലാസുകള്‍ വീതമെങ്കിലും മുടക്കി കഴിഞ്ഞു.

' ഫീസ് കൊടുക്കണ്ടേ ' അജിതന്‍ ഫോണില്‍ ചോദിച്ചു.

' പിന്നല്ലാതെ '.

' നീ എത്ര ക്ലാസ്സിന്ന് വന്നില്ല '.

' രണ്ട് '.

' അപ്പോള്‍ ഫീസോ '.

' ഞാന്‍ വരാത്തത് ഗുരുവിന്‍റെ തെറ്റല്ലല്ലോ. മുഴുവന്‍ കാശും കൊടുക്കുന്നതല്ലേ ഭംഗി '.

ആ തത്വം അംഗീകരിക്കപ്പെട്ടു. അന്നു വൈകീട്ട് ചക്കചുളപോലെ അമ്പതിന്‍റെ ഒമ്പത് നോട്ടുകള്‍ ( ആ മാസം ഒമ്പത് ക്ലാസ്സ്
ഉണ്ടായിരുന്നു ) ഞാന്‍ അജിതനെ ഏല്‍പ്പിക്കുകയും എല്ലാവരുടേയും ചേര്‍ത്തി അയാള്‍ ഗുരുവിന് നല്‍കുകയും ചെയ്തു.
അദ്ദേഹം അതൊന്ന് എണ്ണി നോക്കുകപോലും ചെയ്യാതെ പോക്കറ്റിലിട്ടു.

അതിനിടയ്ക്ക് ഓണം വന്നെത്തി.

' ഖാദിക്ക് റിബേറ്റ് ഉള്ള സമയമാണ് ' അജിതന്‍ പറഞ്ഞു ' വലിയ ഒരു പുതപ്പ് വാങ്ങിയാല്‍ , അത് വിരിച്ച് അതിന്ന് മീതെ
നമ്മളുടെ പുതപ്പുകള്‍ വിരിക്കാം '.

പിറ്റേന്ന് ഞാന്‍ ഖാദി വസ്ത്രാലയത്തില്‍ എത്തി. ഉള്ളതില്‍ വലിയ പുതപ്പ് വാങ്ങിയപ്പോള്‍ ' ഇത് നനയ്ക്കാനും ഉണക്കാനും 
ഇത്തിരി കഷ്ടപ്പെടും ' എന്ന് സുന്ദരി അഭിപ്രായം പാസ്സാകി.

' അത് സാരമില്ല. നമുക്ക് വല്ലപ്പോഴും വാഷിങ്ങ് മിഷ്യനില്‍ ഒന്നിട്ട് അലക്കി എടുക്കാം  '.

' ഈ പൊന്താം പൊതുക്കാം എന്ന സാധനം അതിലിട്ടിട്ട് വേണം അതും കൂടി കേട് വരുത്താന്‍ '.

' എങ്കില്‍ ഇത് പഴകി കീറിയേക്കും . എന്നാലും നനയ്ക്കുന്ന പ്രശ്നമീല്ല ' എന്ന് ഞാനും പ്രതിവചിച്ചു.

അടുത്ത ദിവസം കാറിന്‍റെ ഡിക്കിയില്‍ വെച്ച് പുതപ്പിനെ ഓയില്‍ മില്ലില്‍ എത്തിച്ചു.

' പുതപ്പ് വാങ്ങണം എന്ന് വിചാരിച്ചപ്പോള്‍ ഇത്ര വലുത് കിട്ടും എന്ന് കരുതിയില്ല ' എന്നും പറഞ്ഞ് സുഹൃത്തുക്കള്‍ അത് ഏറ്റു വാങ്ങി

നാളേറെ കഴിഞ്ഞിട്ടും പഠനത്തില്‍ വലിയ പുരോഗതിയൊന്നും ഉണ്ടായില്ല. പല തരം ആസനങ്ങള്‍, പ്രാണായാമം എന്നിവയിലൂടെ സൂര്യനമസ്ക്കാരത്തില്‍ ഞങ്ങളെത്തി. പഠിച്ചതെല്ലാം അപ്പപ്പോള്‍ തന്നെ മറക്കുന്നതിനാല്‍ എല്ലാ ദിവസവും ഒന്ന് എന്നു തുടങ്ങി
ആരംഭിക്കണം.

ഓയില്‍ മില്ലില്‍ ഒരു വയസ്സന്‍ നായയുണ്ട്. അത് ഇടയ്ക്ക് പച്ച കര്‍ട്ടനിടയിലൂടെ അകത്തേക്ക് എത്തി നോക്കി ഞങ്ങളൊക്കെ
മര്യാദക്ക് പഠിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി തിരിച്ച് പോകും.

അധിക ദിവസവും ക്ലാസ്സ് മുടക്കാറുള്ളത് മേനോനാണ്. ഈ കാര്യത്തില്‍ അടുത്ത റാങ്ക്  എനിക്കാണ്. ബാലന്‍ മാസ്റ്റര്‍ കഴിയുന്നതും
ക്ലാസ്സ് മുടക്കാറില്ല. പല തവണ നാനൂറും നാനൂറ്റമ്പതും വെച്ച് ഫീസ് കൊടുത്തു. വല്ലതും പഠിച്ചുവോ ഇല്ലയോ എന്നൊരു
സംശയം മാത്രം അവശേഷിച്ചു,

ഏറ്റവും നന്നായി പത്മാസനത്തില്‍ ഇരിക്കുന്നത് ഞാനാണെന്ന് ഒരു ദിവസം  ഗുരു സാക്ഷ്യപ്പെടുത്തി.' നിങ്ങള് ഒന്ന് മനസ്സ്
വെച്ചാല്‍ എളുപ്പം പഠിക്കും ' എന്നൊരു പ്രോത്സാഹനവും നല്‍കി. ആ വാക്കുകള്‍ എനിക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല.
അതായിരിക്കണം അടുത്ത അഞ്ച് ക്ലാസ്സുകള്‍ക്കും ഞാന്‍ ചെല്ലാതിരിക്കാന്‍ കാരണം .

' ഇതാ പരിപാടി എങ്കില്‍ ഞാന്‍ ക്ലാസ് നിറുത്തിക്കോള്ളാന്‍ പറയും ' ഒരു ദിവസം അജിതന്‍ പറഞ്ഞു

' ഒന്നുകില്‍ ക്ലാസ്സിന്ന് മര്യാദയ്ക്ക് വരിക. അല്ലെങ്കിലോ ഇതൊന്നും വേണ്ടാന്ന് വെച്ച് ഒഴിവാക്കുക '.

അത് ന്യായം. അടുത്ത ക്ലാസിന്ന് എത്താമെന്ന് ഞാന്‍ ഉറപ്പ് നല്‍കി.

ബുധനാഴ്ച കൃത്യസമയത്ത് ഞാന്‍ ക്ലാസ്സിന്ന് എത്തി. ഗുരു കാത്തിരിക്കുന്നു. ബാലന്‍ മാസ്റ്റര്‍ ലേശം താമസിക്കും എന്ന് വിവരം 
അറിയിച്ചിട്ടുണ്ട്.

' അപ്പോള്‍ അജിതനോ '.

' അങ്ങേര് വന്നിട്ട് കുറെ ദിവസങ്ങളായി '.

' മിടുക്കന്‍ ' ഞാന്‍ മനസ്സിലോര്‍ത്തു ' എന്നിട്ടാണ് എന്നെ ഉപദേശിച്ചത് '.

ബാലന്‍ മാഷെത്തി. അന്ന് കൊപ്ര ഉണക്കുന്ന യാര്‍ഡിലായിരുന്നു ക്ലാസ്സ്.

' എന്നേ ഇങ്ങോട്ട് മാറ്റീത് ' ഞാന്‍ ചോദിച്ചു .

' ഇവിടെ നാലഞ്ച് ക്ലാസ്സ് നടത്തി കഴിഞ്ഞു. മുറിക്കകത്ത് നല്ല ചൂട്. ഇതാവുമ്പോള്‍ കാറ്റ് കിട്ടും '.

വളരെ നല്ല കാര്യം. കന്നാലി പിള്ളേരെ പോലെ ആകാശത്ത് തെണ്ടിത്തിരിയുന്ന വെണ്‍മേഘങ്ങളെ നോക്കി മലര്‍ന്ന് കിടക്കാന്‍
ബഹു സുഖം. അതിനിടയില്‍ അഭ്യാസം ചെയ്യുന്നത് മാത്രമേ മടുപ്പ് തോന്നിച്ചുള്ളു.

മേനോന്‍ ക്ലാസ്സിന്ന് വരുന്ന പരിപാടി എന്നന്നേക്കുമായി ഉപേക്ഷിച്ചു. മൂപ്പര്‍ കൊട്ടംചുക്കാദി കുഴമ്പ് കാലില്‍ പുരട്ടി ചാരു
കസേലയില്‍ കിടക്കുന്നതാണ് തടിക്ക്നല്ലതെന്ന തീരുമാനത്തിലെത്തി. അജിതന്‍ വീട്ടിലിരുന്നാലും യോഗയ്ക്ക് വരില്ല എന്ന മട്ടായി.
ഇവര്‍ക്കൊക്കെ വേണ്ടാത്ത ആരോഗ്യം എനിക്കും വേണ്ടാ എന്ന് ഞാനും വിചാരിച്ചു. ബാലന്‍ മാസ്റ്റര്‍ കുറെ ദിവസം കൂടി
വന്നു. ഒടുവില്‍ അങ്ങേര്‍ക്കും മടുത്തു.

അടുത്ത മാസം മൂന്നാം തിയ്യതി ഞാന്‍ മകന്‍റെ കയ്യില്‍ എന്‍റെ ഫീസ് അജിതന്‍റെ അടുത്ത് എത്തിച്ചു. പിറ്റേന്നത്തെ ക്ലാസിന്ന് പോകുന്നില്ല എന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നു.

അടുത്ത ദിവസം രാവിലെ ഹോസ് ഉപയോഗിച്ച് ഞാന്‍ തെങ്ങ് നനയ്ക്കുകയാണ്. ആ സമയത്ത് ഓയില്‍ മില്ലിലെ ജീവനക്കാരനായ ഗോപാലേട്ടന്‍ ഗേറ്റ് കടന്നു വരുന്നു.

' എന്താ ഗോപാലേട്ടാ വിശേഷം ' ഞാന്‍ അന്വേഷിച്ചു.

' യോഗാ ക്ലാസൊക്കെ എന്തായി ' എന്ന മറുചോദ്യമാണ് ഉണ്ടായത്.

' ക്ലാസ്സൊക്കെ ശരിക്ക് നടക്കുന്നില്ലേ ' എന്‍റെ അടുത്ത അന്വേഷണം.

' നല്ല ചോദ്യം. നിങ്ങളാരും അങ്ങോട്ട് വരറില്ല. രണ്ട് പ്രാവശ്യം പഠിപ്പിക്കുന്ന ആള് വന്ന് കാത്തിരുന്ന് മടങ്ങിപ്പോയി '.

' അത് ശരിയായില്ല. ആരെങ്കിലും ഒരാള് ചെന്നാല്‍ എത്ര നന്നായിരുന്നു '.

' അത് തന്നെയാണ് അയാളും പറഞ്ഞത്. നിങ്ങളാരും ക്ലാസ്സിന്ന് വരാറില്ല. വന്ന ക്ലാസ്സ് കണക്കാക്കി ഫീസ് കൊടുക്കുകയാണെങ്കില്‍
എനിക്ക് മുതലാവില്ല എന്നും പറഞ്ഞ് അയാള്‍ക്ക് ഒഴിയാമായിരുന്നു. ഒരു മടിയും കൂടാതെ നിങ്ങളൊക്കെ പണം കൊടുക്കുന്നതു
കൊണ്ട് അത് പറയാനും പറ്റില്ല. വെറുതെ പണം വാങ്ങാന്‍ അയാള്‍ക്കും മടി തോന്നി തുടങ്ങി '.

'ഇനി എന്താ ചെയ്യുക '.

' ഇന്ന് വൈകുന്നേരം മില്ലിലേക്ക് ഒന്ന് വരൂ. ഫീസ് കൊടുക്കാനുള്ള പണം  പിരിച്ചെടുത്ത് എന്നെ ഏല്‍പ്പിച്ചിട്ടുണ്ട്. അതൊന്ന് നേരിട്ട് കൊടുക്കണം '.

' അപ്പോള്‍ അവരൊക്കെ '.

' ആരും വരില്ല. നിങ്ങളോട് പണം കൊടുക്കാന്‍ പറയാന്‍ എന്നെ ഏല്‍പ്പിച്ചിട്ടുണ്ട് '.

' എന്തായാലും ഞാന്‍ എത്താം ' ഞാന്‍ വാക്ക് കൊടുത്തു. ഗോപാലേട്ടന്‍ വരമ്പത്ത് കൂടെ നടന്ന് വളയന്‍ കുന്ന് കേറി കണ്ണില്‍
നിന്നും മറഞ്ഞു.

വൈകീട്ട് ഞാന്‍ നേരത്തെ തന്നെ ഓയില്‍ മില്ലിലെത്തി. ഗോപാലേട്ടന്‍ ഫീസ് തുക എന്നെ ഏല്‍പ്പിച്ചു. ഗുരു എത്തിയിട്ടില്ല.
മൂപ്പരും ഞാനും നാട്ടു വിശേഷങ്ങള്‍ പറഞ്ഞ് ഇരുന്നു.

ബസ്സ് വന്ന് സ്റ്റോപ്പില്‍ നിന്നു. ഗുരു അതില്‍ നിന്നും ഇറങ്ങി വന്നു. ഓഫീസ് റൂമിന്ന് പുറത്തിട്ട കസേലകളില്‍ ഞങ്ങള്‍ ഇരുന്നു. ക്ലാസ്സ് തുടങ്ങുന്നോ എന്നറിയാനായി വയസ്സന്‍ നായ കര്‍ട്ടന്ന് മുന്നില്‍ വന്ന് നില്‍പ്പുണ്ട്.

' കുറെ ആയി ഇങ്ങോട്ടൊന്നും കാണാറില്ലല്ലോ ' ഗുരു സംഭാഷണത്തിന്ന് തുടക്കം കുറിച്ചു.

' ഓരോരോ പ്രാരബ്ധങ്ങള് ' ഞാന്‍ പറഞ്ഞു ' കല്‍പ്പിച്ചു കുട്ടി മുടക്കുന്നതല്ല '.

' അത് എനിക്കും തോന്നി. നമുക്ക് ഒരു കാര്യം ചെയ്താലോ '.

' എന്താ '.

' നിങ്ങള്‍ എല്ലാവരുടേയും തിരക്കൊക്കെ തീര്‍ന്നിട്ട് ക്ലാസ്സ് തുടങ്ങിയാല്‍ പോരെ. എപ്പോള്‍ വേണമെങ്കിലും വിളിച്ചോളൂ. ഞാന്‍
എത്താം.

കൂട്ടുകാരോടൊന്നും അഭിപ്രായം ചോദിക്കാന്‍ ഞാന്‍ മിനക്കെട്ടില്ല.

' അത് മതി ' ഞാന്‍ പറഞ്ഞു.

പോക്കറ്റില്‍ നിന്നും പണം എടുത്ത് ഞാന്‍ ഗുരുവിന്ന് നീട്ടി.

' ഇത് വേണോ '.

' ഇരിക്കട്ടെ ' ഞാന്‍ പറഞ്ഞു. അദ്ദേഹം അത് വാങ്ങി.

' ഒരു കാര്യം ചെയ്യൂ. നിത്യം പ്രാണായാമം ചെയ്യണം , അതു പോലെ സൂര്യ നമസ്കാരവും. അതോടെ ഒരു വിധം അസുഖങ്ങള്‍
മാറും '.

' ശരി ' ഞാന്‍ ഏറ്റു.

' എന്നാല്‍ ഇറങ്ങട്ടെ ' അദ്ദേഹം ഇറങ്ങിപ്പോയി.

കുറച്ച് നേരം കഴിഞ്ഞ് ഞാന്‍ എഴുന്നേറ്റു.

' ഇനി പുതപ്പും കളസൂം ഒക്കെ ഇവിടെ വെക്കണോ ' ഗോപാലേട്ടന്‍ ചോദിച്ചു ' ഇവിടെ വെച്ചാല്‍ എലി വെട്ടി കേട് വരുത്തും '.

' അത് ശരിയാ . വലിയ പുതപ്പ് കൊണ്ടു പോവുന്നില്ല. ബാക്കിയൊക്കെ കൊണ്ടു പോവാം അല്ലേ '.

ഗോപാലേട്ടന്‍ ഒരു കാരീ ബാഗില്‍  എന്‍റെ സാധനങ്ങള്‍ വെച്ചു തന്നു. ഞാന്‍ മൊബൈലില്‍ വീട്ടിലേക്ക് വിളിച്ചു. മകനെത്തി.
ബാഗും എടുത്ത് ബൈക്കില്‍ കയറി ഞാന്‍ വീട്ടിലേക്ക് തിരിച്ചു.

ഇതി യോഗ പുരാണം സമാപ്തം.

( ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്‍റെ അദ്ധ്യായം 62 പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Thursday, April 1, 2010

എന്‍റെ അമ്മമാര്‍ 

ഏറ്റവും വലിയ സൌഭാഗ്യം എന്താണെന്ന് എന്നോട്ചോദിച്ചാല്‍ അമ്മയുടെ സ്നേഹവും 
വാത്സല്യവും ധാരാളമായി ലഭിക്കുന്നത് എന്നേ ഞാന്‍ പറയൂ. അമ്മയെ പോലെ
സ്നേഹം എനിക്ക് പകര്‍ന്നു തന്ന രണ്ടുപേരെ മറക്കാനാവില്ല. ആ അമ്മമാര്‍ക്ക്
വേണ്ടി എനിക്ക് ഒന്നും കാര്യമായി ചെയ്യാനായില്ല. അതിനാല്‍ ഈ കുറിപ്പ്
അവര്‍ രണ്ടുപേരുടേയും  ഓര്‍മ്മക്കായി ഞാന്‍ സമര്‍പ്പിക്കുന്നു.

 ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. വയസ്സ് എട്ട് തികയുന്നതേയുള്ളു
( ഒന്നാം ക്ലാസ്സില്‍ പഠിക്കാതെ രണ്ടില്‍ ചേര്‍ന്ന ആളാണ്ഞാന്‍ ). അക്കൊല്ലത്തെ
സ്കൂള്‍ വാര്‍ഷികത്തിന്ന് നാടകത്തില്‍ ഒരു വേഷം കെട്ടിയിരുന്നു. പിറ്റേന്ന്
നല്ലവണ്ണം വെളിച്ചെണ്ണയൊക്കെ പുരട്ടി എന്‍റെ മുഖത്ത് അവശേഷിച്ച ചായം 
മുത്തശ്ശി കഴുകി കളഞ്ഞു. അന്ന് വൈകീട്ട് പുഴയില്‍ കുളിക്കുമ്പോള്‍ എന്‍റെ
മുഖത്തും കഴുത്തിലും ആയി ചെറിയ കുരുക്കള്‍ മുത്തശ്ശി കണ്ടു.

' ഇതെന്താ കല്യാണിയമ്മേ ഇവന്‍റെ മേത്ത് കാണുന്നത് ' മുത്തശ്ശി അരികത്ത്
തുണി തിരുമ്പിക്കൊണ്ടിരുന്ന സ്ത്രീയോട് ചോദിച്ചു.

' ചായൂം മനോലേം ഒക്കെ കുട്ടിടെ മുഖത്ത് തേച്ചതല്ലേ , അതാവും ' എന്ന് എന്നെ
നോക്കിയ ശേഷം അവര്‍ പറഞ്ഞു.

' എനിക്കതല്ല , വല്ലോരുടേം കണ്ണോ മറ്റോ തട്ടിയതാണോന്നാ പേടി '.

അന്ന് രാത്രി നന്നായി പനിച്ചു. എനിക്ക് രാവിലെ എഴുന്നേല്‍ക്കാന്‍ വയ്യാ. എന്‍റെ
ദേഹമാസകലം കുരുക്കള്‍ നിറഞ്ഞിരുന്നു.

' നമുക്ക് പൂശാരിയെ വരുത്തി കുട്ടിയെ ഒന്ന് നോക്കിക്കണം ' എന്ന് നിര്‍ദ്ദേശിച്ചത്
നാണിയമ്മയാണ്. വീട്ടിലെ അകത്തുള്ള പണികള്‍ ചെയ്യാന്‍  അമ്മയെ അവരാണ്
സഹായിച്ചിരുന്നത് .

പശുവിനെ മേക്കാന്‍ നിന്നിരുന്ന ചെക്കന്‍ പോയി പൂശാരി കറുപ്പസ്വാമിയെ കൂട്ടി
വന്നു.

' ഇത് അതന്നെ ' പൂശാരി രോഗം വസൂരിയാണെന്ന് തീര്‍ച്ചപെടുത്തി.

രോഗം ബാധിച്ച് പലരും മരിക്കുന്നുണ്ടെന്നും വളരെ സൂക്ഷിച്ച് ഇരിക്കണമെന്നും 
പറഞ്ഞ അദ്ദേഹം കുറെയേറെ നിര്‍ദ്ദേശങ്ങളും നല്‍കി. ഓലപ്പായയില്‍  വിരിപ്പ്
ഇട്ട് കിടത്തണം. വേപ്പില കൊത്ത് ഉപയോഗിച്ചേ മേത്ത് ഉഴിയാന്‍ പാടുള്ളു.
വറക്കലോ പൊരിക്കലോ പാടില്ല. പപ്പടം കാച്ചാനോ, കടുക് വറക്കാനോ പാടില്ല.
മത്സ്യങ്ങളോ മാംസമോ പാചകം ചെയ്യരുത്, പുറത്താവുന്ന സ്ത്രീകള്‍ രോഗിയെ
കാണുകയോ തൊടുകയോ പാടില്ല. തൈരും ഉള്ളി വേവിച്ചതും കൊടുക്കണം. പനം
കല്‍ക്കണ്ടും, മുന്തിരി ഇട്ട് തിളപ്പിച്ച വെള്ളവും കൊടുക്കാം.

ഉച്ചയാവുമ്പോഴേക്കും പൊരിച്ചില്‍ തുടങ്ങി. വേദനിച്ച് കിടക്കാന്‍ വയ്യ. അമ്മ എന്നെ
എടുക്കും , വീശിത്തരും , കിടത്താന്‍ പറഞ്ഞാല്‍ കിടത്തും. ആകെ ഒരു അസ്വസ്ഥത.

നിര്‍ഭാഗ്യവശാല്‍ അന്ന് അമ്മ പുറത്തായി. അമ്മയ്ക്ക് എന്നെ കാണാനോ എന്‍റെ
അടുത്ത് വരാനോ പാടില്ല.

' നാണ്യേ, ഇനി എന്താ ചെയ്യാ ' മുത്തശ്ശി വ്യാകുലപ്പെട്ടു.

' കുട്ടിയെ നോക്കാതിരിക്കാന്‍ പറ്റില്ലല്ലോ. നമുക്ക് നോക്കാം '.

അതോടെ എന്നെ നോക്കേണ്ട ചുമതല നാണിയമ്മ സ്വയം ഏറ്റെടുത്തു. ഞാന്‍ 
ഉറങ്ങുന്ന നേരത്ത് അടുക്കളപ്പണിയില്‍ മുത്തശ്ശിയോടൊപ്പം കൂടും. ഉണര്‍ന്നാല്‍  
എന്‍റെ അരികിലെത്തും. വേദനകൊണ്ട് ഞാന്‍ പുളയുമ്പോള്‍ എന്നെ എടുക്കും.
കിടക്കണമെന്ന് പറയുമ്പോള്‍ കിടത്തും. വേപ്പിലക്കെട്ടുകൊണ്ട് ശരീരത്തില്‍ മെല്ലെ
മെല്ലെ ഉഴിയും. പൊളിരുകൊണ്ട് ഉണ്ടാക്കിയ വിശറിയെടുത്ത് വീശിത്തരും.

പിറ്റേന്ന് പൂശാരി വന്നപ്പോള്‍ വേദനയുടെ കാര്യം മുത്തശ്ശി സൂചിപ്പിച്ചു.

' ഇന്ന് ബുധനാഴ്ച. അടുത്ത ചൊവ്വാഴ്ച കഴിഞ്ഞാലേ എന്തെങ്കിലും പറയാന്‍
പറ്റൂ. മാരിയമ്മേ നല്ലോണം വിളിച്ചോളൂ. ഞാനും കോവിലില്‍ ചെന്ന് വഴിപാട്
നടത്തുന്നുണ്ട്. മടേലിട്ട് മണ്ണിട്ട് മൂടാതെ നോക്കണ്ടേ '.

അന്നും പിറ്റേന്നും പൊരിച്ചിലായിരുന്നു. രാത്രിയും പകലും ശരീരം മുഴുവന്‍ സൂചി
കുത്തുന്ന വേദന. ആ രണ്ട് ദിവസവും ഒരു പോള കണ്ണടക്കാതെ രാപ്പകലില്ലാതെ
നാണിയമ്മ എന്നെ പരിചരിച്ചു.

ക്രമേണ വേദനക്ക് കുറവ് വന്നു. പത്തിരുപത് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്‍റെ
അസുഖം  ഭേദമായി. മഞ്ഞളും വേപ്പിലയും ഇട്ട് വെയിലത്ത് വെച്ച വെള്ളത്തില്‍
എന്നെ കുളിപ്പിച്ചു. അതിന്ന്ശേഷം , യജമാന്‍ കുട്ടി വലുതാവുമ്പോള്‍ , ' എനിക്ക്
മുറുക്കാന്‍ വാങ്ങി  തരണമെ 'ന്ന് അവര്‍ പറയും. കുറച്ച് കൂടി മുതിര്‍ന്നപ്പോള്‍
' യജമാന്‍ കുട്ടി ' എന്ന വിളി എനിക്ക് അരോചകമായി തോന്നി. നാണിയമ്മ മാത്രമല്ല
കുട്ടിക്കാലത്ത് എന്നെ തോളിലേറ്റി നടന്നിരുന്ന അവരുടെ മകന്‍ നാരായണന്‍ നായരും 
അങ്ങിനെയാണ്എന്നെ വിളിക്കാറ്.

' നോക്കൂ, എന്നെ അങ്ങിനെ വിളിക്കരുത് കേട്ടോ ' എന്ന് ഞാനൊരിക്കല്‍ അഭ്യര്‍ത്ഥിച്ചു.
പിന്നീട് അവരെന്നെ വിജയന്‍ കുട്ടീ ( വിജയന്‍ എന്നാണ് വീട്ടില്‍ എന്നെ വിളിക്കാറ് )
എന്നേ വിളിച്ചിട്ടുള്ളു. ഞാന്‍ മുതിര്‍ന്നപ്പോഴേക്കും നാണിയമ്മ നാട് വിട്ട് ഇളയ മകന്‍റെ
അടുത്തേക്ക് ചെന്നു. പിന്നീട് കാണുമ്പോള്‍ അവര്‍ വെറ്റില മുറുക്ക് നിര്‍ത്തിയിരുന്നു.


******************************************************

എന്‍റെ അമ്മയുടെ ഉറ്റ സുഹൃത്തായിരുന്നു ഉമ്മ. ഭര്‍ത്താവ് മരിച്ചതോടെ പറക്ക മുറ്റാത്ത
മക്കളുമായി ദുരിത കടല്‍ നീന്തി അക്കരെ എത്തിയ പാവം സ്ത്രീ. മിക്ക ദിവസങ്ങളിലും
അവരിരുവരും മണിക്കൂറുകളോളം അന്യോന്യം വിഷമതകള്‍ പറഞ്ഞ് ആശ്വാസിക്കും .
കഷ്ടപ്പാടുകള്‍ നിറഞ്ഞ സമയത്തെല്ലാം ' മകനേ, കുട്ടി മനസ്സ് വിടാതിരിക്ക്, അള്ളാഹു
കൈ വിടില്ല ' എന്ന സാന്ത്വനം നല്‍കും.

ബസ്സപകടത്തില്‍ പെട്ട് പരിക്കേറ്റ്എന്നെ ആസ്പത്രിയില്‍  പ്രവേശിപ്പിച്ചപ്പോള്‍ അമ്മ
എത്തുന്നതിന്ന് മുമ്പ് എന്‍റെ അരികിലെത്തിയത് ഉമ്മയായിരുന്നു. തുടര്‍ന്നുള്ള എല്ലാ
ദിവസങ്ങളിലും  അവര്‍ രണ്ട് നേരവും കാണാനെത്തും. വേദന കൊണ്ട് പുളയുമ്പോള്‍
' മകനേ, അനങ്ങാതെ കിടക്ക്. കുട്ടിടെ വേദന മാറ്റി തരാന്‍ നിസ്ക്കരിക്കുമ്പോള്‍ ഞാന്‍ 
അള്ളാവിനോട് പ്രാര്‍ത്ഥിക്കുന്നുണ്ട് 'എന്നു പറയും  .

അവരുടെ മക്കള്‍ക്കും എന്നോട് ഒരു ജ്യേഷ്ടനോടുള്ള സ്നേഹം ഉണ്ട്. സുന്ദരിയോട്
' ചേച്ചിക്ക് നല്ല ഭാഗ്യം ഉണ്ട്. അതാ ഞങ്ങളുടെ ഏട്ടനേ കിട്ടീത് ' എന്ന് ആ
പെണ്‍മക്കള്‍ ഇടക്ക് പറയും.

രണ്ട് പ്രാവശ്യമേ ഉമ്മ എന്നോട് ഓരോ ആവശ്യം ഉന്നയിച്ചിട്ടുള്ളു.

ഞാന്‍ മണ്ഡലപൂജക്ക് ശബരിമലയില്‍ ദര്‍ശനം നടത്തി തിരിച്ചെത്തിയ ദിവസം. അന്ന്
വൈകുന്നേരം അമ്മയും ഉമ്മയും കൂടി സംസാരിച്ചിരിക്കുകയാണ്. മകള്‍ക്ക് വന്ന
കല്യാണാലോചനകള്‍ ഒക്കെ മുടങ്ങുന്നതിലുള്ള സങ്കടമാണ് അന്നത്തെ വിഷയം.

' മാളികപ്പുറത്തമ്മയ്ക്ക് പട്ട് വെച്ചാല്‍ കല്യാണം നടക്കുമെ 'ന്ന് അമ്മ പറഞ്ഞതും 
' മകനേ, കുട്ടി ഒന്നൂടെ ചെന്ന് അമ്മ പറഞ്ഞ പോലെ പട്ട് വെച്ചിട്ട് വാ ' എന്ന് ഉമ്മ
ആവശ്യപ്പെടുന്നു. പിറ്റേന്ന് തന്നെ ഞാന്‍ ശബരിമലയ്ക്ക് മാലയിട്ടു. ആ വഴിപാട്
നടത്തുകയും ചെയ്തു. ഏറെ വൈകാതെ ആ കുട്ടിയുടെ വിവാഹം നടന്നു.

കൊല്ലങ്ങള്‍ കഴിഞ്ഞു. എന്‍റെ മകന്ന് പറ്റിയ വിവാഹാലോചനകള്‍ കിട്ടാതെ ഞങ്ങള്‍
വിഷമിച്ചിരിക്കുന്ന കാലം. പാടത്ത് വെള്ളം നോക്കി ഞങ്ങള്‍ തിരിച്ച് വരുമ്പോള്‍
വഴിയില്‍ വെച്ച് ഞാനും സുന്ദരിയും അവളെ കാണുന്നു.

' എന്തായി ഏട്ടാ, മകന്‍റെ കല്യാണ കാര്യം '.

ഞങ്ങള്‍ പ്രശ്നം പറഞ്ഞു.

' ഒരു കാര്യം ചെയ്യാം. നമുക്ക് പള്ളിയിലേക്ക് നേര്‍ച്ച നേരാം. കല്യാണം വന്നതും
ഞാന്‍ ചെന്ന് അത് നടത്താം '.

ഞങ്ങള്‍ സമ്മതിച്ചു. ഒട്ടും അതിശയോക്തിയില്ലാതെ പറയട്ടെ , അന്ന് ഒരു പരസ്യം 
കണ്ടു വിളിച്ച ആലോചന മകന്‍റെ വിവാഹത്തില്‍ എത്തി.

ഉമ്മയുടെ മറ്റൊരു മകളുടെ ഭര്‍ത്താവ് അപകടത്തില്‍ മരിച്ചു. ആ കുട്ടിയുടെ സങ്കടം 
കാണാനാവാതെ ഞാന്‍ അവളെ കാണാന്‍ ചെന്നില്ല. ഒരു ദിവസം ' മകനേ, കുട്ടി ഒന്ന്
ചെന്ന് അവളെ കാണണമെ 'ന്ന് ഉമ്മ ആവശ്യപ്പെടുന്നു. പിറ്റേന്ന് ഉമ്മയോടൊപ്പം ഞാനും
സുന്ദരിയും ചെന്നു.

വാതില്‍ കടന്ന് ഉമ്മ മകളുടെ വീടിനകത്തേക്ക് കയറി, പുറകെ സുന്ദരിയും ഞാനും.
തളത്തില്‍ ആരുമില്ല.

' മകളേ, ഇത് ആരാ വന്നേന്ന് നോക്ക് ' ഉമ്മ വിളിച്ചു. വാതില്‍ കടന്നു വന്ന അവള്‍
ഞങ്ങളെ കണ്ടു. ആ മുഖത്ത് എന്തൊക്കേയോ ഭാവങ്ങള്‍ മിന്നി. അവള്‍ ഓടി വന്നു.
എന്നെ കെട്ടി പിടിച്ച് നെഞ്ചത്ത് മുഖമമര്‍ത്തി തേങ്ങി കരഞ്ഞു. ആ രംഗം സുന്ദരിയും
ഉമ്മയും നോക്കി നിന്നു. ആശ്വാസിപ്പിക്കാനായി ഒരു വാക്കു പോലും എന്‍റെ നാവില്‍ 
നിന്ന് ഉയര്‍ന്നില്ല.  എന്‍റെ ഹൃദയത്തില്‍ നിന്ന് പുറപ്പെട്ട സാന്ത്വനത്തിന്‍റെ സ്വരങ്ങള്‍
അവള്‍ കേട്ടു കാണും .

( ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്‍റെ അദ്ധ്യായം 60 പ്രസിദ്ധീകരിച്ചിരിക്കുന്നു )

Tuesday, March 23, 2010

പൊള്ളുന്ന പകലുകള്‍.

കേരളത്തില്‍ പൊതുവേയും പാലക്കാട് പ്രത്യേകിച്ചും താപനില ക്രമാതീതമായി
ഉയരുകയാണ്. സൂര്യതാപം ഏല്‍ക്കുന്ന ആളുകളുടെ എണ്ണം കൂടി വരുന്നതായി
പത്രവാര്‍ത്തകളില്‍  കാണുന്നു. വേനല്‍ മഴ പെയ്തത് ചൂട് വര്‍ദ്ധിക്കുന്നതിന്നാണ്
ഉതകിയത്.

നട്ടുച്ച നേരത്ത് റോഡില്‍ അധികം ആളുകളെ കാണാറില്ല. ഈയിടെ പാലക്കാടിന്‍റെ
ഹൃദയ ഭാഗമായ കോട്ടമൈതാനത്തിലെ ഐ. എം. എ. ജംക്ഷന്‍ ഉച്ച നേരത്ത് തീര്‍ത്തും 
വിജനമായി കിടക്കുന്ന ഫോട്ടോ പത്രത്തില്‍ കണ്ടിരുന്നു. ജനം പൊള്ളുന്ന വെയിലില്‍ 
പുറത്തിറങ്ങാന്‍ മടിക്കുകയാണ്.

വെയിലത്ത് പണിയെടുക്കുന്നവരുടെ കാര്യമാണ് ഏറെ കഷ്ടം. തൊഴിലുറപ്പ് പദ്ധതി
പ്രകാരം ജോലി ചെയ്യുന്നവരുടെ ജോലി സമയം നട്ടുച്ച നേരം ഒഴിവാക്കി ക്രമീകരിച്ചു
കഴിഞ്ഞു. നിര്‍മ്മാണ തൊഴിലാളികളുടെ കാര്യത്തിലും അത്തരത്തിലുള്ള സംവിധാനം 
ഏര്‍പ്പെടുത്തുമെന്ന് കേള്‍ക്കുന്നു.

ഈ കൊല്ലം എസ്. എസ്. എല്‍. സി. പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് പരീക്ഷ ഹാളില്‍ 
വെള്ളം ലഭ്യമാക്കാനുള്ള ഏര്‍പ്പാട് ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 എന്നെ സംബന്ധിച്ചേടത്തോളം എത്ര വെള്ളം കുടിച്ചാലും മതി വരില്ല . കൂടുതല്‍ വെള്ളം 
കുടിക്കുന്നതിനാലാവാം ഭക്ഷണം കഴിക്കുന്നത് തീരെ കുറഞ്ഞു. കാലത്ത്ഉണരുമ്പോള്‍
തന്നെ വല്ലാത്ത ക്ഷീണം തോന്നും . പ്രായം കൂടി വരുന്നതാണോ ഇങ്ങിനെ ക്ഷീണം തോന്നാന്‍ 
കാരണമെന്ന് പലപ്പോഴും തോന്നാറുണ്ട്. വയസ്സായതിന്ന് ശേഷം വേനല്‍ കാലമായാല്‍ 
' എങ്ങിനേയാ ഈ വേനല്‍ കാലം ഒന്ന്കടന്ന് കൂട്വാന്ന് അറിയിണില്ലല്ലോ ഈശ്വരാ ' എന്ന്
അമ്മ പറയുമായിരുന്നു. അമ്മയുടെ വെളുത്ത ശരീരം ചൂട് കുരു നിറഞ്ഞ് ചുവപ്പ് നിറമാകും.

വേനല്‍ അവസാനിക്കുന്നതും കാത്ത് ഇരിക്കുമ്പോള്‍ , ഞാന്‍ പഠിച്ചിരുന്ന ലോവര്‍ പ്രൈമറി
സ്കൂളില്‍ വേനല്‍ കാലത്ത്മോണിങ്ങ് ക്ലാസ്സ് എന്ന സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത് ഓര്‍മ്മ വരുന്നു.

ക്ലാസുകള്‍ ആരംഭിച്ചിരുന്നത് ആറര മണിക്കോ, ഏഴ് മണിക്കോ എന്ന് വ്യക്തമായി ഓര്‍മ്മയില്ല. ആ ദിവസങ്ങളില്‍ മുത്തശ്ശി നേരത്തെ വിളിച്ചുണര്‍ത്തും. പെട്ടെന്ന് ഒരുക്കി കുട്ടിമാമയോടൊപ്പം സ്കൂളിലേക്ക് അയക്കും. സ്ലേറ്റും പുസ്തകങ്ങളും വെക്കുന്ന സഞ്ചിയില്‍, മൂന്ന് ഇഡ്ഡലിയും വെളിച്ചെണ്ണയില്‍ ചാലിച്ച ഇഡ്ഡലിപൊടിയും വാട്ടിയ വാഴയിലയില്‍ വെച്ച് പഴയ മാതൃഭൂമി പത്രം കൊണ്ട് പൊതിഞ്ഞ് സാധനങ്ങള്‍ വാങ്ങുമ്പോള്‍ പീടികക്കാരന്‍ കെട്ടി തരുന്ന വഞ്ചിനാരുകൊണ്ട് കെട്ടി വെച്ചു തരും. ചില ദിവസങ്ങളില്‍ ദോശയും കട്ടി ചട്ടിണിയും ആവും ഉണ്ടാവുക.

എനിക്ക് ദോശയാണ് ഇഷ്ടം. അതെങ്ങാനും ചോദിച്ചാല്‍ 'എന്നെക്കൊണ്ടൊന്നും വയ്യ രാവിലെ ദോശക്കല്ലില്‍ ചിത്രം വരച്ചോണ്ട് ഇരിക്കാന്‍' എന്ന് അമ്മ പറയും. കാലിയായ തേന്‍ കുപ്പിയില്‍ വെള്ളം നിറച്ച് തരും. എട്ടരക്കോ ഒമ്പതു മണിക്കോ കുറച്ച് നേരത്തെ ഒഴിവു സമയം കിട്ടാറുണ്ട്. അപ്പോഴാണ് പ്രാതല്‍ കഴിക്കുക. കളിക്കാനുള്ള സമയമൊന്നും അപ്പോള്‍ കിട്ടാറില്ല.

സ്കൂള്‍ വിട്ട് വീടെത്തി കുറെ കഴിഞ്ഞാണ് ഉച്ച ഭക്ഷണം. ചെറിയ ഉള്ളി ഉപ്പും മുളകും ഇട്ട് വറ്റിച്ച് വെളിച്ചെണ്ണ തുളിച്ചതും ധാരാളം തൈര് ഒഴിച്ച് കുഴച്ച ചോറുമാണ് മിക്കവാറും എല്ലാ ദിവസവും. ശരീരം തണുക്കാനാണത്രേ ഇതൊക്കെ കഴിക്കുന്നത്. ഭക്ഷണം കഴിഞ്ഞാല്‍  കോണിമുറിയിലെ
ഇരുളില്‍ കിടന്നുറങ്ങും. ഉച്ച നേരത്ത് പുറത്തിറങ്ങി കളിക്കാനൊന്നും സമ്മതിക്കില്ല.

വൈകുന്നേരം വെയില് ചാഞ്ഞാല്‍ മുത്തശ്ശി പുഴയിലേക്ക് കുളിക്കാന്‍ കൂട്ടിക്കൊണ്ട് ചെല്ലും.
ചുണ്ണാമ്പ് വില്‍പനക്കാരുടെ വീടിന്ന് പുറകില്‍ മുളക്കൂട്ടമാണ്. അതിന്‍റെ തണലില്‍ തല ചായ്ച്ച് കിടക്കുന്ന പുഴയ്ക്ക് നട്ടുച്ച നേരത്ത് പോലും തണുപ്പാണ്. അവിടെയാണ് കുളിക്കാറ്.

നനയ്ക്കാനുള്ള തുണികള്‍ കല്ലില്‍ വെച്ച ശേഷം ഓടന്‍കിണ്ണത്തില്‍ കൊണ്ടു വന്ന എണ്ണ
മുത്തശ്ശി എന്‍റെ മേത്ത് തേച്ച് പിടിപ്പിക്കും. തുണി തിരുമ്പി തീരുന്നത് വരെ വെള്ളത്തില്‍ 
ഇറങ്ങാന്‍ പാടില്ല. തേച്ച എണ്ണ ദേഹത്ത്പിടിക്കാന്‍ വേണ്ടിയാണ് വെള്ളത്തില്‍ ഇറങ്ങാന്‍ 
അനുവദിക്കാത്തത്. മുളങ്കൂട്ടത്തിന്‍റെ തണലില്‍ നിന്ന് ഓട്ടാമ്പുളികള്‍ പെറുക്കി ഞാന്‍ 
വെള്ളത്തില്‍ എറിയും. അവ വെള്ളത്തില്‍ ചാടിച്ചാടി ചെന്ന് മുങ്ങി താഴുന്നതും നോക്കി
നില്‍ക്കും.

ചെറുപയര്‍ അരച്ചെടുത്തത് മുത്തശ്ശി ചീന്തിലയില്‍ കരുതിയിട്ടുണ്ടാവും. അത് തേച്ച് മിഴുക്ക്
ഇളക്കി കളയും. ഇക്കിളി തോന്നി മേല്‍തേക്കാന്‍ ഞാന്‍ സമ്മതിക്കാത്തപ്പോള്‍ ' നോക്കിക്കോ,
ഇത് തേച്ചാല്‍ എന്‍റെ കുട്ടിടെ മേത്ത് ഒരു പൊള്ളം കൂടി കുത്തില്ല ' എന്ന് മുത്തശ്ശി പറയും. എന്നിട്ടും, അഞ്ചര പതിറ്റാണ്ടോളം കാലം കഴിഞ്ഞിട്ടും മായാത്ത പാടുകള്‍ അവശേഷിപ്പിച്ചു കൊണ്ട് ഒരു വേനല്‍ കാലത്ത് എനിക്ക് വസൂരി വന്നു.

( ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്‍റെ അദ്ധ്യായം 59 പ്രസിദ്ധീകരിച്ചിരിക്കുന്നു. )

Saturday, February 20, 2010

ബ്ലാങ്ക് ചെക്ക്

1982 ല്‍ എന്‍റെ വീട് പണി നടക്കുന്ന സമയം. കെട്ടു പണി തീര്‍ന്നെങ്കിലും തേപ്പ് പണിയും മറ്റും മുഴുമിക്കാനായില്ല. കയ്യിലെ നീക്കിയിരുപ്പ് മുഴുവന്‍ തീര്‍ന്നിരുന്നു. ദുഃഖങ്ങള്‍ പങ്കിടാറുള്ളത് കുട്ടിയേട്ടനോട് മാത്രം.

ഒരു ദിവസം ' എന്താടാ ഉണ്ണ്യേ നീ വീട് പണി തീര്‍ക്കാത്തത് ' എന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ എന്‍റെ അവസ്ഥ അറിയിച്ചു. കുട്ടിയേട്ടന്‍ ഒന്നും പറഞ്ഞില്ല. അദ്ദേഹവും തുല്യ ദുഃഖിതനാണ്. കുറച്ച് കഴിഞ്ഞതും കുട്ടിയേട്ടന്‍ എഴുന്നേറ്റ് പോയി. ഞാന്‍ 
ഇലക്ട്രിക്കല്‍ അപകടങ്ങളെ സംബന്ധിച്ച ഫയലുകളിലേക്ക് കടന്നു.

കുറേ നേരത്തിന്ന് ശേഷം കുട്ടിയേട്ടന്‍ സീറ്റിലെത്തി എന്തോ കുത്തിക്കുറിക്കാന്‍ തുടങ്ങി. പ്യൂണ്‍ വന്ന് ബാലഗോപാലന്‍ സാര്‍ എന്നെ വിളിക്കുന്നുവെന്ന് അറിയിച്ചു. ഞാന്‍ അദ്ദേഹത്തിന്‍റെ ക്യാബിനിലേക്ക് ചെന്നു.

ശ്രി. എം. എന്‍. ബാലഗോപാലന്‍ അന്ന് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആയിരുന്നു. പാലക്കാട് ഇലക്ട്രിക്കല്‍ 
ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറായിട്ടാണ് അദ്ദേഹം 
ജോലിയില്‍ നിന്ന് വിരമിച്ചത്. ഔദ്യോധിക പദവിയുടെ തലക്കനം ഒട്ടും അദ്ദേഹത്തിനെ തൊട്ട് തീണ്ടിയിട്ടില്ല.

അദ്ദേഹം എന്നോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്ന് അഭിമുഖമായി ഞാന്‍ ഇരുന്നു. ഒന്നു രണ്ട് ഫയലുകളെ കുറിച്ച് എന്നോട് ചോദിച്ചതിന്ന് ഞാന്‍ മറുപടി നല്‍കി. ' ങാ. ചോദിക്കാന്‍ വിട്ടു. തന്‍റെ വീട് പണി എന്തായി ' എന്ന് അദ്ദേഹം 
വ്യക്തിപരമായ കാര്യത്തിലേക്ക് കടന്നു. പണി തീര്‍ന്നതും , തീരാന്‍ ബാക്കിയുള്ളതുമായ വിവരം മുഴുവനും ഞാന്‍ പറഞ്ഞു.

' എന്നാല്‍ അതങ്ങോട്ട് വേഗം തീര്‍ക്ക് ' അദ്ദേഹം പറഞ്ഞു. ശരി എന്നും പറഞ്ഞ് ഞാന്‍ എഴുന്നേറ്റു.

ബാലഗോപാലന്‍ സാര്‍ എന്നോട് വീണ്ടും ഇരിക്കാന്‍ പറഞ്ഞു.

' പണമില്ലാത്തതാണ് വീട് പണി മുഴുമിക്കാതിരിക്കാന്‍ കാരണമെന്ന് നമ്മള്‍ രണ്ട് പേര്‍ക്കും അറിയാം. എന്തെങ്കിലും സഹായം 
താന്‍ ചോദിക്കുമെന്ന് ഞാന്‍ കരുതി. എന്നിട്ടും താനൊന്നും ചോദിച്ചില്ല. എന്നെ തോല്‍പ്പിച്ചു അല്ലേ'.

ഞാനൊന്നും പറഞ്ഞില്ല.

' എന്നാല്‍ ഞാന്‍ ഇപ്പോള്‍ തന്നെ തോല്‍പ്പിക്കാന്‍ പോവുകയാണ് '.

അദ്ദേഹം മേശ വലിപ്പ് തുറന്ന് ഒരു കടലാസ്സ് എടുത്ത് നീട്ടി. ഒപ്പിട്ട ഒരു ബ്ലാങ്ക് ചെക്കായിരുന്നു അത്.

' എടോ, ഇതില്‍ തനിക്ക് ആവശ്യമായ തുക എഴുതി എടുത്തോ , പണം കയ്യില്‍ ഉണ്ടാവുന്ന കാലത്ത് തിരിച്ചു തന്നാല്‍ മതി '.

ക്യാബിനില്‍ നിന്നും പുറത്തേക്ക് കടക്കുമ്പോള്‍ എന്‍റെ കണ്ണുകളില്‍ പടര്‍ന്ന കണ്ണീരില്‍ എല്ലാം അവ്യക്തമായി തീര്‍ന്നു.

Thursday, February 18, 2010

അന്ത്യോപചാരം.

വൈകുന്നേരത്തെ എക്സ്പ്രസ്സ് ട്രെയിന്‍ കടന്ന് പോയതും ആളുകള്‍ റെയില്‍വെ
സ്റ്റേഷന്‍റെ കിഴക്ക് ഭാഗത്തുള്ള സിഗ്നല്‍ പോസ്റ്റിന്നു നേരെ ഓടുന്നത് കണ്ടു. ആര്‍ക്കോ
അപകടം പിണഞ്ഞുവെന്ന് മനസ്സിലായി. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ വിവരം കിട്ടി.
തീവണ്ടിയില്‍ ചായ വില്‍പ്പന നടത്തുന്ന ഒരാളാണ് അപകടത്തില്‍ പെട്ടത്.

ഓടിക്കൊണ്ടിരുന്ന വണ്ടിയുടെ ഒരു കമ്പാര്‍ട്ട്‌മെന്‍റില്‍ നിന്നും അയാള്‍ അടുത്തതിലേക്ക്
കയറാന്‍ ശ്രമിച്ചപ്പോള്‍ സിഗ്നല്‍ പോസ്റ്റില്‍ തലയടിച്ച് മരിച്ചതായിട്ടാണ് അറിഞ്ഞത്.
ഏറെ കഴിയുന്നതിന്ന് മുമ്പ് മൃതദേഹം സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ എത്തിച്ചു.

'നമുക്കൊന്ന് പോയി അയാളെ കണ്ടാലോ' എന്ന് ഭാര്യ ചോദിച്ചു. വെള്ളത്തില്‍ വീണും
തീപ്പൊള്ളിയും മരിച്ചത്, റോഡപകടങ്ങളില്‍ മരിച്ചത്, തൂങ്ങി മരിച്ചത്, ട്രെയിന്‍ ഇടിച്ചുള്ള
മരണം എന്നിങ്ങനെ സമീപ പ്രദേശങ്ങളില്‍ വല്ല അസാധാരണ മരണവും സംഭവിച്ചു എന്നറിഞ്ഞാല്‍
ആ മൃതദേഹം കാണാന്‍ കൂട്ടുകാരോടൊപ്പം ചെല്ലുന്ന ഒരു പതിവ് ആ കാലത്ത് ഉണ്ടായിരുന്നു.
അതോര്‍ത്താണ് ഭാര്യ അങ്ങിനെ ചോദിച്ചത്.


ഞങ്ങള്‍ ഇറങ്ങുമ്പോള്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന ചെറിയ മകനും കൂടെ പുറപ്പെട്ടു.
ഇതിനകം പരേതന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും സ്ഥലത്ത് എത്തിയിരുന്നു.
അവരുടെ അലമുറകള്‍ ഉയര്‍ന്ന് പൊങ്ങി. തലയുടെ ഒരു വശം തകര്‍ന്ന് നിര്‍ജ്ജീവമായ
ശരീരം അവര്‍ക്കിടയില്‍ കിടന്നു. ആ രംഗം എന്‍റെ മകനെ വല്ലാതെ വേദനിപ്പിച്ചു. ഈ
പാവത്തിന്ന് ഇങ്ങിനെ വന്നല്ലോ എന്നവന്‍ വിലപിച്ചു. സിഗ്നല്‍ കടന്ന ശേഷം  പെട്ടി
മാറി കയറിയാല്‍ അയാള്‍ക്ക് ഇങ്ങിനെ വരില്ലല്ലോ എന്ന് പറഞ്ഞു കൊണ്ടേയിരുന്നു .

ഇതിലേറെ ബീഭത്സമായ മൃതദേഹങ്ങള്‍ പലപ്പോഴായി കണ്ടിട്ടുള്ള എനിക്ക്
ആ കാഴ്ച ഒന്നും തോന്നിച്ചില്ല . കുട്ടിയെ ഈ ദൃശ്യം കാണിക്കാന്‍ കൊണ്ടു
പോയതിന്ന് അമ്മ ഞങ്ങളോട് ദേഷ്യപ്പെട്ടു. വൈകുന്നേരം ക്ലബ്ബിലേക്ക് ഞാന്‍
പോവുമ്പോഴും ആള്‍ത്തിരക്ക്കുറഞ്ഞിരുന്നില്ല.

എട്ടര മണിയോടെ ഞാന്‍ കളി കഴിഞ്ഞ് ഇറങ്ങി. അജിതന്‍ വരാഞ്ഞതിനാല്‍ 
സ്കൂട്ടര്‍ ഇല്ല. ഞാന്‍ പതുക്കെ നടന്നു. റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത്
ആരുമില്ല. മൃത ശരീരം അനാഥമായി കിടക്കുന്നു. കരഞ്ഞ് ബഹളം കൂട്ടിയ
വേണ്ടപ്പെട്ടവര്‍ തിരിച്ച് പോയി കഴിഞ്ഞു. പരിസരത്ത് ഒറ്റ ജീവിപോലും 
ഇല്ല. പ്രകാശം തൂകി ഒരു ഇലക്ട്രിക് വിളക്ക് മാത്രം ആ ശരീരത്തിന്ന് കൂട്ടുണ്ട്.

ഫുട്ട് ഓവര്‍ബ്രിഡ്ജിന്ന് മുകളില്‍ നിന്ന് ഞാന്‍ ആ ശവ ശരീരത്തിനെ
നോക്കി. പുതപ്പിച്ച വസ്ത്രം കാറ്റത്ത് പാറിപ്പോയി കുറച്ചകലെ കിടപ്പുണ്ട്.
ഒരു വശം തകര്‍ന്ന മുഖം ഒന്ന് ആവരണം ചെയ്തു തരൂ എന്ന് എന്നോട്
യാചിക്കുന്നത് പോലെ തോന്നി.

ഞാന്‍ ഇറങ്ങി ചെന്ന് ചോര പുരണ്ട് തുണി എടുത്ത് ആ ശരീരത്തിലിട്ടു.
തുണി കാറ്റത്ത് പറക്കാതിരിക്കാനായി റെയിലില്‍ നിന്നും തെറിച്ചു വീണ
കരിങ്കല്‍ ചീളുകള്‍ പെറുക്കി പുതപ്പിന്ന്ചുറ്റും വെച്ചു. ആ ശരീരത്തെ
ഒന്നു കൂടി നോക്കി ഞാന്‍  തിരിച്ചു നടന്നു.

( ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്‍റെ 51, 52, 53, 54 അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് ).

Friday, February 12, 2010

അന്നത്തെ വിശപ്പിന്‍റെ ഓര്‍മ്മക്ക്.

ഇന്ന് മഹാ ശിവരാത്രി. ഉപവാസവും ഉറക്കം ഒഴിവാക്കലും വ്രതത്തിന്‍റെ ഭാഗമായിട്ടുള്ള
ദിവസം. കാലത്ത് എഴുന്നേറ്റാല്‍ കുളി കഴിഞ്ഞ് നാമം ജപിച്ച് ഇരിക്കും. സന്ധ്യക്ക്
ദീപാരാധന പൂജ കഴിഞ്ഞ ശേഷമേ തീര്‍ത്ഥവും പഴവും കഴിക്കൂ. വളരെ കൊല്ലങ്ങളായി
ചെയ്തു വരുന്ന അനുഷ്ഠാനമാണ് ഇതൊക്കെ. ഇടക്ക് ഭാര്യ വന്ന് ' ക്ഷീണം
തോന്നുന്നുണ്ടോ ' എന്ന് അന്വേഷിച്ചു. ഷുഗറും പ്രഷറും കൊളസ്റ്റ്റോളും എനിക്ക്
ഉള്ളത് കാരണം അവര്‍ക്ക് പരിഭ്രമമാണ് .

ഒരു മാസം നീളുന്ന നോമ്പെടുക്കുന്ന മുസ്ലിം സഹോദരീ സഹോദരന്മാരെ ഞാന്‍ ഓര്‍ത്തു.
സത്യത്തില്‍ ത്യാഗത്തിന്‍റെ ദിനങ്ങളിലൂടെയാണ് അവര്‍ കടന്നു പോകുന്നത്.

എന്‍റെ മനസ്സില്‍ വിശപ്പിനെ സംബന്ധിച്ച ഒരു ഓര്‍മ്മ കടന്നു വന്നു. 1986 - 87
കാലത്തില്‍ എനിക്ക്കാസര്‍ക്കോട് ജില്ലയിലുള്ള ഉദുമയില്‍ ജോലി സംബന്ധമായി
കഴിയേണ്ടി വന്നിട്ടുണ്ട്. നെയ്യാറ്റിന്‍കര സ്വദേശി പൌലോസ്,ഞങ്ങള്‍ അണ്ണന്‍ എന്ന്
വിളിക്കാറുള്ള ആര്യനാടുകാരന്‍ ജെഫേര്‍സന്‍, ആറ്റിങ്ങലില്‍ നിന്നുള്ള രാജന്‍ ബാബു
എന്നിവരാണ് കൂടെ ഉണ്ടായിരുന്നവര്‍.ഇടക്ക് വെച്ച് വടകരയില്‍ നിന്നും ഒരു
കുഞ്ഞിരാമേട്ടനും ഞങ്ങളുടെ കൂട്ടത്തില്‍ എത്തി.

അസൌകര്യങ്ങള്‍ മാത്രം സുലഭമായിട്ടുള്ള ഓഫീസ് കെട്ടിടം, വീട്ടില്‍ നിന്ന് മാറി
താമസിക്കുന്നതിനാലുള്ള വിഷമതകള്‍ എന്നിവക്ക് പുറമെ ഭക്ഷണം വലിയൊരു
പ്രശ്നമായിരുന്നു. പേരിന് മൂന്ന് നാല് ഹോട്ടലുകള്‍ ഉണ്ടായിരുന്നുവെങ്കിലും
നല്ല ഭക്ഷണം കിട്ടാ കനിയായി മാറി. കൂട്ടത്തില്‍ സസ്യാഹാരം മാത്രം കഴിച്ച്
ശീലിച്ച എന്‍റെ കാര്യം തീര്‍ത്തും പരിതാപകരമായി.

ഒരു ദിവസം ഞാനും അണ്ണനും കുഞ്ഞിരാമേട്ടനും മാത്രമേയുള്ളു. മറ്റുള്ളവര്‍
നാട്ടില്‍ പോയിരിക്കുകയാണ്. കാലത്ത് ഹോട്ടലില്‍ ചെന്നപ്പോള്‍ ' ഒരു ദോശേ
ബാക്കീള്ളൂ ' എന്ന വിവരം ലഭിച്ചു. ബെന്‍സിന്‍റെ ചിഹ്നം പോലെ മൂന്നായി
പകുത്ത് ഞങ്ങള്‍ അത് കഴിച്ചു.

പതിനൊന്ന് മണിയായതോടെ അണ്ണന്‍ ' ചോറുണ്ണാന്‍ പോകാടേ ' എന്നും പറഞ്ഞ്
പൊരിച്ചില്‍ തുടങ്ങി. ഒരു വിധം ഒരു മണിയാക്കി. ഞങ്ങള്‍ റെയില്‍വെ
ഗേറ്റിന്നടുത്തുള്ള ഹോട്ടലില്‍ ഉണ്ണാനെത്തി.

കഴുകി തുടച്ച ഇലയില്‍ വിളമ്പിയ ചോറില്‍ നിന്നും വല്ലാത്തൊരു ദുര്‍ഗന്ധം വമിച്ചു.
' സാരമില്ലടേ, എന്തെങ്കിലും കൂട്ടി കഴിക്ക് ' എന്ന് അണ്ണന്‍ എന്നെ ഉപദേശിച്ചു.
പക്ഷെ ചോറിന്ന് പുറകെ എത്തിയ കറികള്‍ കണ്ടതോടെ അണ്ണന്‍റെ ഭാവം മാറി.
' എന്തിരുത് സാധനം, കഴിക്കാന്‍ വേണ്ടീട്ട് തന്നതന്നാണോടേ ഇത് ' എന്നൊരു
ചോദ്യം.

കയ്‌പ്പക്ക വലിയ കഷണങ്ങളാക്കി മുറിച്ചത് ഉപ്പും അതിലേറെ മുളകും ചേര്‍ത്ത്
പുഴുങ്ങിയെടുത്ത കൂട്ടാന്‍. കോവക്ക അരവേവില്‍ മുളക് പുരട്ടിയെടുത്ത ഉപ്പേരി.
അതോടെ വിഭവങ്ങള്‍ കഴിഞ്ഞു.

ഇതെങ്ങിനെ അകത്താക്കും എന്ന് അറിയില്ല. ' ഇത്തിരി മോര് കിട്ട്വോന്ന് ചോദിക്ക്
അണ്ണാ ' എന്ന് ഞാന്‍ പറഞ്ഞു. അണ്ണന്‍ എഴുന്നേറ്റ് മുമ്പിലെ കൌണ്ടറില്‍ ചെന്നു.
ഏതാനും മിനുട്ട് നേരം ദീര്‍ഘിച്ച സംഭാഷണം അവസാനിപ്പിച്ച് മടങ്ങിയെത്തി.
കൌണ്ടറിലുള്ള ചെറുപ്പക്കാരന്‍ അടുത്ത് നില്‍ക്കുന്ന ആളോട് എന്തോ പറഞ്ഞ്
ചിരിക്കുന്നു.

' വാ ടേയ്, നമുക്ക് പോകാം ' അണ്ണന്‍ പറഞ്ഞു.

വിളമ്പിയതില്‍ കൈ വെക്കാത്തതിനാല്‍ കയ്യ് കഴുകേണ്ടി വന്നില്ല. പൈസ കൊടുത്ത്
പുറത്ത് ഇറങ്ങിയ അണ്ണന്‍ കണ്ണ് തുടച്ചു.

വൈകീട്ട് ഓഫീസ് സമയം കഴിഞ്ഞതും ഞങ്ങള്‍ ബസ്സില്‍ കാഞ്ഞങ്ങാട് ചെന്നു. അവിടെ
നിന്ന് ആഹാരം കഴിച്ച് കറങ്ങി തിരിഞ്ഞ് ലോഡ്ജില്‍ എത്തിയപ്പോള്‍ രാത്രിയായി.
കുഞ്ഞിരാമേട്ടനുണ്ട് കാത്തിരിക്കുന്നു.

നിലത്ത് പായ വിരിച്ച് ഞങ്ങളിരുന്നു. 28 കളിക്കാന്‍ ചീട്ടുകള്‍ പകുത്തിട്ടു. കളി
മുറുകിയ ഘട്ടത്തില്‍ ആരോ പരിഭ്രമിച്ച മട്ടില്‍ ഓടിയെത്തി.

' തീ പിടിച്ചിരിക്കുന്നു. കറണ്ട് ഓഫ് ചെയ്യിന്‍ ' എന്ന് ആഗതന്‍ പറഞ്ഞു.
കറണ്ടാപ്പീസിന്ന് തീപിടിച്ചു എന്ന് പറഞ്ഞത് പോലെ ഞങ്ങള്‍ക്ക് തോന്നി.

ഞാനും അണ്ണനും ഓടി ചെന്നപ്പോള്‍ ഓഫീസിന്ന് ഒന്നും പറ്റിയിട്ടില്ല. ആ നേരം 
കൊണ്ട് കുഞ്ഞിരാമേട്ടന്‍ പുതച്ച തോര്‍ത്ത് എ. ബി. സ്വിച്ചിന്‍റെ ഹാന്‍ഡിലില്‍ 
ചുറ്റി ഒറ്റ വലി. കറണ്ട് പോയി. സര്‍വ്വത്ര ഇരുട്ട്.

അകലെ ജനം കൂടി നില്‍ക്കുന്ന സ്ഥലത്ത് ചെന്നപ്പോള്‍ , ഉച്ചക്ക് ഞങ്ങള്‍ ഭക്ഷണം 
കഴിക്കാതെ ഇറങ്ങി വന്ന ഹോട്ടല്‍ നിന്നു കത്തുന്നു.

' നോക്കടേ, എന്‍റെ മനസ്സ് ഉച്ച നേരത്ത് അത്രക്ക് വിഷമിച്ചിട്ടുണ്ട്. അതാ
കത്താന്‍ കാരണം . ദൈവം ഉണ്ട് എന്ന് നിനക്ക് മനസ്സിലായല്ലോ '.

പനപ്രമാണം ഉയര്‍ന്ന് പൊങ്ങിയ തീയിനെ നോക്കി നിന്നപ്പോള്‍ എനിക്ക്
ആ പറഞ്ഞത് ശരിയാണെന്ന് തോന്നി.

( ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്‍റെ 45 മുതല്‍ 50 വരെയുള്ള
അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു )

Monday, January 18, 2010

കൊട്ടും വരയും.

എന്‍റെ മനസ്സില്‍ തെളിഞ്ഞു വരുന്ന ആശയങ്ങള്‍  എല്ലാം വലത്തേ കയ്യിന്‍റെ ചൂണ്ടാണി വിരലിലൂടെയാണ് കമ്പ്യൂട്ടറിലേക്ക്
ഒഴുകി എത്തുന്നത്. ആരെങ്കിലും എന്നോട് നിങ്ങള്‍ ടൈപ്പ് റൈറ്റിങ്ങ് പടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നോ ഇല്ല എന്നോ തെളിച്ച് പറയാന്‍ പറ്റാത്ത അവസ്ഥയാണ്. ഇല്ലത്തില്‍ നിന്ന് പുറപ്പെടുകയും ചെയ്തു അമ്മാത്ത് ഒട്ട് എത്തിയതുമില്ല എന്ന രീതിയിലാണ് ആ പഠനം .

അവസാന വര്‍ഷ ബിരുദ പരീക്ഷ കഴിഞ്ഞ് പുസ്തകങ്ങള്‍ ഒരു മുക്കില്‍ കൂട്ടിയിട്ട് സന്തോഷത്തോടെ വേല, പൂരം , ക്ലബ്ബ്, കളികള്‍ എന്നിവയുമായി കൂടുമ്പോഴാണ് എന്‍റെ ഭാവിയെ പറ്റി ഒരു ചിന്ത അമ്മയ്ക്ക് ഉണ്ടാവുന്നത്. മുമ്പാണെങ്കില്‍ 
അവസാനത്തെ പരീക്ഷ കഴിഞ്ഞ് ഒരാഴ്ചയ്ക്കകം നോട്ടുപുസ്തകങ്ങള്‍ വിറ്റ് ഈന്തപ്പഴം, ഉണ്ടപ്പൊരി എന്നീ വിഭവങ്ങള്‍ വാങ്ങി അകത്താക്കുകയും , ശിവകാശിയിയിലെ പടക്ക നിര്‍മ്മാണശാലയില്‍ എത്തുന്ന എന്‍റെ സംസ്കൃതം നോട്ടുപുസ്തകങ്ങള്‍ ചീനിപ്പടക്കമാവുന്നതും മറ്റു വിഷയങ്ങള്‍ എഴുതിയവ മാലപ്പടക്കം ,വാണം , ഔട്ട്എന്നിവയായി മാറുന്നതും ആലോചിച്ച്
രസിക്കുകയും ചെയ്തേനേ. എന്നാല്‍ പാഠപുസ്തകങ്ങള്‍ അങ്ങിനെ തൂക്കി വില്‍ക്കാറില്ല. അതെല്ലാം പകുതി വിലയ്ക്ക്
അടുത്ത കൊല്ലം അതേ ക്ലാസിലേക്ക് ജയിച്ചെത്തുന്ന കുട്ടികള്‍ വാങ്ങും.

ഒമ്പതാം  ക്ലാസ്സിലേക്ക് ജയിച്ച കൊല്ലത്തോടെ ആ പതിവ് നിര്‍ത്തി. ഒരാവശ്യവുമില്ലാതെ ഗുരുതരമായൊരു ആരോപണത്തിന്ന് വിധേയനാവേണ്ടി വന്നതിനാലാണ് പാഠപുസ്തകം വില്‍ക്കുന്ന പതിവ് നിര്‍ത്തിയത്.

എട്ടാം  ക്ലാസിലെ മിക്ക പുസ്തകങ്ങളും ഞാന്‍ സെക്കന്‍ഡ് ഹാന്‍ഡ് ആയി വാങ്ങിച്ചവയായിരുന്നു. അതിലെ ഇംഗ്ലീഷ് പുസ്തകത്തിലെ ആദ്യത്തെ പേജില്‍ എന്‍റെ മുന്‍ഗാമി ഒരു ചിത്രം വരച്ച് വെച്ചിരുന്നു. പാവാടയും ജാക്കറ്റും ഇട്ട ഒരു പക്ഷി. സംഗതിയുടെ ഭംഗി എന്നെ ആകര്‍ഷിച്ചു. ' കൊറ്റി മനുഷ്യവേഷത്തില്‍ ' എന്ന് എന്‍റെ വക ഒരു അടിക്കുറിപ്പ് ഞാന്‍ ആ ചിത്രത്തിന്ന് നല്‍കി.

പരീക്ഷ കഴിഞ്ഞതോടെ എന്‍റെ പുസ്തകങ്ങള്‍ക്ക് ബുക്കിങ്ങ് ആയി. ആയിടെ ഞങ്ങളുടെ വീടിന്നടുത്ത് താമസമാക്കിയ ഒരാള്‍ ( ആസ്പത്രി ജീവനക്കാരനാണെന്നാണ് എന്‍റെ ഓര്‍മ്മ ) തന്‍റെ മകള്‍ക്ക് വേണ്ടി പറഞ്ഞുറപ്പിക്കുകയാണ് ഉണ്ടായത്. പരീക്ഷാഫലം
പുറത്ത് വന്ന ദിവസം  പെണ്‍കുട്ടി വന്ന് അമ്മയുടെ പക്കല്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങിപ്പോയി.

സ്കൂള്‍ തുറന്ന് ഒരാഴ്ച കഴിഞ്ഞു. രാവിലെ വീടിന്‍റെ പടിക്കല്‍ നിന്ന് ഒരാള്‍ വിളിക്കുന്നു. ഞാന്‍ ഇറങ്ങി ചെന്നപ്പോള്‍ പുസ്തകം വാങ്ങിയ കുട്ടിയുടെ അച്ഛന്‍.

' നിങ്ങളൊക്കെ നന്നായി പഠിക്കുന്ന കുട്ടിയാണെന്നാണ് ഞാന്‍ കരുതിയത് ' അയാള്‍ പറഞ്ഞു ' പഠിക്കുന്ന പുസ്തകത്തില്‍ 
തോന്ന്യാസം എഴുതി വെക്കും എന്ന് കരുതിയില്ല '. മൂപ്പര്‍ പുസ്തകം നിവര്‍ത്തി കാട്ടി. മുന്‍ഗാമി വരച്ച ചിത്രവും എന്‍റെ വക അടിക്കുറിപ്പും. മകളെ കളിയാക്കാന്‍ വേണ്ടി കല്‍പ്പിച്ചു കൂട്ടി ഞാന്‍ വരച്ചു വെച്ചതാണെന്നാണ് അദ്ദേഹത്തിന്‍റെ ശങ്ക.
മുട്ടിന്ന് താഴെ കണ്ണങ്കാലിന്ന് മുകളില്‍ നീണ്ടു മെലിഞ്ഞ കാലുകള്‍ കാണത്തക്ക വിധത്തില്‍ പാവാട ചുറ്റി സ്കൂളിലെത്തുന്ന ആ കുട്ടിക്ക് ' കൊറ്റി ' എന്ന ഓമനപ്പേര് സഹൃദയരായ സഹപാഠികള്‍ നല്‍കിയിരുന്ന വിവരം എനിക്ക് അറിയില്ലായിരുന്നു.

ഇന്ന് പഠനം കഴിയുന്നതോടെ മിക്കവരും എന്തെങ്കിലും കമ്പ്യൂട്ടര്‍ കോഴ്സിന്ന് ചേരും. അന്ന് അതിന്ന് പകരം ടൈപ്പ് റൈറ്റിങ്ങും
ഷോര്‍ട്ട് ഹാന്‍ഡുമാണ് . കൊട്ടും വരയും എന്ന ഓമനപ്പേരിലാണ് ആ കോഴ്സ് അറിയപ്പെട്ടിരുന്നത്. മറ്റൊന്നും
ചെയ്യാനില്ലാത്തതിനാല്‍ ഞാനും ആ വഴി തിരഞ്ഞെടുത്തു. അഞ്ച് രൂപ വീതമാണ് ഓരോന്നിനും ഫീസ്. കൊട്ടി തെളിഞ്ഞ ശേഷം വരയിലേക്ക് കടക്കാമെന്ന് ഞാന്‍ നിശ്ചയിച്ചു.

ചന്തപ്പുരക്ക് സമീപത്തുള്ള ശ്രീ രാമകൃഷ്ണാസ്റ്റോറിന്ന് മുകളിലാണ് ടൈപ്പ് റൈറ്റിങ്ങ് ഇന്‍സ്റ്റിട്ട്യൂട്ട്. ഗുരുനാഥന്‍ ഒരു അയ്യരായിരുന്നു. വെള്ള മുറിക്കയ്യന്‍ ഷര്‍ട്ടും, മല്ലുമുണ്ടുമാണ് അദ്ദേഹത്തിന്‍റെ സ്ഥിരം വേഷം. നെറ്റിയില്‍ ഒരിഞ്ച്
നീളത്തിലൊരു ചന്ദന പൊട്ട് തൊട്ടിരിക്കും .

ഒരു നൂറ്റാണ്ടോളം  പഴക്കം തോന്നിക്കുന്ന ഒരു മിഷ്യനിലാണ് കൊട്ടി പഠിക്കല്‍. പല അക്ഷരങ്ങളും ഒട്ടും പതിയില്ല.
മഴുവെടുത്ത് കുത്തിയാലേ താഴത്തേക്ക് നീങ്ങൂ എന്ന് ശാഠ്യം പിടിക്കുന്ന കീബോര്‍ഡ്. ന്യൂസ് പേപ്പറിന്ന് തുല്യമായ കടലാസ്. എനിക്ക് ആകെ കൂടി ഒട്ടും തൃപ്തി തോന്നിയില്ല.

ഓരോ ദിവസവും ടൈപ്പ് ചെയ്യുന്നത് വീട്ടില്‍ കൊണ്ടു ചെന്ന് അടുക്കി വെക്കണം എന്നാണ് പറഞ്ഞു തന്നത്. ചെയ്ത പ്രവര്‍ത്തിയുടെ ഗുണം കാരണം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് താഴേക്ക് ഇറങ്ങുന്നതോടെ ഞാന്‍ ആ കടലാസ് ചുരുട്ടി കൂട്ടും. ഭാരതപുഴക്ക് മേലുള്ള പാലത്തിലെത്തിയാല്‍ കടലാസ് പന്ത് വെള്ളത്തിലിടും. പൊന്നാനിക്കടുത്ത് എവിടേയോ ആ കടലാസുകള്‍ ഒരു ഫയലായി മാറിയിട്ടുണ്ടാവും .

രണ്ട് നല്ല മിഷ്യനുകളുള്ളത്പയറ്റിതെളിഞ്ഞ ശിഷ്യര്‍ കയ്യടക്കിയിരുന്നു. വേറൊരു മിഷ്യനില്‍ ടൈപ്പ് ചെയ്തോട്ടെ എന്ന എന്‍റെ ആവശ്യം പരിഗണിച്ചതേയില്ല. മൂന്ന് നാല്മാസം കൊണ്ട് ഇംഗ്ലീഷില്‍ എ മുതല്‍ സെഡ് വരെ അക്ഷരങ്ങളുണ്ടെന്ന് ഞാന്‍
പഠിച്ചു.

ഒരു ദിവസം നട്ടുച്ച വെയിലും കൊണ്ട് ഞാന്‍ പതിവ് പഠനത്തിന്ന് എത്തുമ്പോള്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ അസാധാരണമായ ഒരു ബഹളം.
ഞാന്‍ ചെന്നപ്പോള്‍ ഗുരു ക്ഷുഭിതനായി ഉറക്കെ ശിഷ്യരെ ശകാരിക്കുന്നു. ഇതൊന്നും ഞങ്ങളോടല്ല എന്ന മട്ടില്‍ മൂന്ന് പേരും
തിരക്കിട്ട ടൈപ്പിങ്ങിലാണ്. ഞാന്‍ വിവരം അന്വേഷിച്ചു.

' ഇതു കണ്ടോ ' എന്നും പറഞ്ഞ് ഗുരു തന്‍റെ കസേലയിലേക്ക് കൈ ചൂണ്ടി. രാമകൃഷ്ണാ സ്റ്റോര്‍ കെട്ടിടത്തിന്‍റെ ഇരു
വശങ്ങളിലും കണ്ണ് തട്ടാതിരിക്കാന്‍ കെട്ടി തൂക്കിയ കുരങ്ങന്മാരുടെ പ്രതിമകളില്‍ ഒരുവന്‍ ഗുരുവിന്‍റെ സ്ഥാനത്ത് കസേലയില്‍
ഞെളിഞ്ഞിരിക്കുന്നു. ഗുരു ഭക്ഷണം കഴിക്കാന്‍ ചെന്ന നേരത്തെ ശിഷ്യന്മാരുടെ ചെയ്തിയാണ്.

ഗുരുവിന്‍റെ ക്ഷോഭവും ശിഷ്യരുടെ നിസ്സംഗതയും തുടര്‍ന്നു. ഏതോ ഒരു നിമിഷത്തില്‍ ശിഷ്യര്‍ മൂവരും പ്രതികരിക്കാന്‍
തുടങ്ങിയതോടെ സംഗതി വഷളായി. താഴെ തുണി കടയിലെ ജീവനക്കാരനായ കുട്ടന്‍ മുകളിലേക്ക് വന്നു. വര്‍ത്തമാനം നിര്‍ത്തി
മര്യാദക്ക് ഇരുന്നില്ലെങ്കില്‍ മിഷ്യനുകള്‍ എടുത്ത് പുറത്തിട്ട് റൂമിന്‍റെ ചാവി വാങ്ങി പൂട്ടിയിടും എന്ന ഭീഷണി മുഴങ്ങി.

അതോടെ ഗുരു കീഴടങ്ങി. അദ്ദേഹം മുണ്ടിന്‍റെ കോന്തല കൊണ്ട് കണ്ണ് തുടച്ചു. ശിഷ്യര്‍ മൂന്ന് പേരുടേയും ചുണ്ടില്‍ ചിരി
പടര്‍ന്നു. എനിക്കെന്തോ വല്ലായ്മ തോന്നി. മാസ്റ്ററുടെ അഭിമാനത്തിന്ന് മുറിവേറ്റിരിക്കുന്നു. അദ്ദേഹത്തിന്ന് ആശ്വാസം ലഭിക്കുന്ന എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് തോന്നി.

ഞാന്‍ സതീര്‍ത്ഥ്യരുടെ അരികിലെത്തി. ' ആരാ ഇത് ഇവിടെ വെച്ചത് ' ഞാന്‍ ചോദിച്ചു. പതിവിലേറെ ഗൌരവം എന്‍റെ
സ്വരത്തില്‍ കലര്‍ന്നിരുന്നതായി എനിക്ക് തോന്നി.

' എന്താ ' അവരിലൊരാള്‍ ചോദിച്ചു.

' ആരായാലും ഈ സാധനം എടുത്ത ദിക്കില്‍ വെക്കണം ' ഞാന്‍ പറഞ്ഞു.

' ഇല്ലെങ്കിലോ ? ' കൂട്ടത്തില്‍ മുതിര്‍ന്ന അയ്യര്ക്കുട്ടി ചോദിച്ചു.

' ഇല്ലെങ്കില്‍ ഞാന്‍ നിങ്ങളെ ഒന്നും ചെയ്യില്ല. ഇത് എടുത്ത് അഴിച്ച സ്ഥാനത്തു തന്നെ വെക്കും ' ഞാന്‍ പറഞ്ഞു ' പക്ഷെ
എന്‍റെ കൂടെ കാണുന്നവര്‍ എന്നെപ്പോലെയല്ല. ലോറി ക്ലീനര്‍മാരും, ചുമട്ട്തൊഴിലാളികളും ഒക്കെ ആ കൂട്ടത്തിലുണ്ട്. സകല
കച്ചറയിലും തലയിടാന്‍ അവര്‍ക്കൊന്നും മടിയില്ല. ഇന്ന് ഞാന്‍ ക്ലബ്ബില്‍ ചെല്ലുമ്പോള്‍ അവരോട് ഈ വിവരം പറയും. അവര്
തരുന്നത് മൂന്നാളും കൂടി വാങ്ങിച്ചോളിന്‍ '

തിരിഞ്ഞ് മാസ്റ്ററോട് ' സാറിനെ അപമാനിച്ചതിന്നുള്ള കൂലി ഇന്ന് വൈകുന്നേരം ഇവര്‍ക്ക് കിട്ടിക്കോളും 'എന്നും കൂടി പറഞ്ഞു.
എനിക്ക് ഒന്നും ചെയ്യേണ്ടി വന്നില്ല. മൂവരും മുഖത്തോട് മുഖം നോക്കി. പിന്നീട് മെല്ലെ എഴുന്നേറ്റ് ആ പ്രതിമ എടുത്തു. ഒരാള്‍ അതിലൊരു കുടുക്കിട്ടു മുകളില്‍ വലിച്ചു കെട്ടി . ആ പണി കഴിയുവോളം മറ്റു രണ്ടുപേരും  പ്രതിമയെ താങ്ങി
നിന്നു. അതിനു ശേഷം  അവര്‍ അകത്ത് വന്ന് ഷോര്‍ട്ട് ഹാന്‍ഡ് പുസ്തകം എടുത്ത് ഇറങ്ങിപ്പോയി.

ഗുരു എന്‍റെ അടുത്ത് വന്ന് തോളില്‍ കൈ വെച്ചു. ' ബ്രാഹ്മണാള്‍ കുലത്തില്‍ പിറന്നിട്ട് അവരെന്നെ 'അദ്ദേഹം ഒന്ന് തേങ്ങി.
പിന്നെ ചെന്ന് കസേലയില്‍ ഇരുന്നു. ക്ലാസ്സില്‍ ഞങ്ങള്‍ രണ്ടുപേര്‍ മാത്രമേയുള്ളു. ' ഇന്ന് മുതല്‍ പുതിയ മിഷ്യനില്‍
ഇരുന്നോ ' എന്ന് അദ്ദേഹം എന്നോട് പറഞ്ഞു.

അന്ന് മുതല്‍ ഞാന്‍ നല്ല മിഷ്യനില്‍ ടൈപ്പിങ്ങ് തുടങ്ങി. പക്ഷെ അത് നീണ്ട് നിന്നില്ല. ഏതാനും നാള്‍ കഴിഞ്ഞപ്പോള്‍ എനിക്ക്
പൊള്ളാച്ചിയില്‍ ജോലി കിട്ടി. പാതിവഴി പോലുമാകാതെ പഠനം നിര്‍ത്തിയിട്ട് ഞാന്‍ യാത്ര പറഞ്ഞ് ഇറങ്ങി, ' നീ എവിടെ
പോയാലും നന്നാവും ' എന്ന മാസ്റ്ററുടെ ആശംസകളോടെ '.

( ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്‍റെ 37,38,39,40,41,42 അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. )