Thursday, April 1, 2010

എന്‍റെ അമ്മമാര്‍ 

ഏറ്റവും വലിയ സൌഭാഗ്യം എന്താണെന്ന് എന്നോട്ചോദിച്ചാല്‍ അമ്മയുടെ സ്നേഹവും 
വാത്സല്യവും ധാരാളമായി ലഭിക്കുന്നത് എന്നേ ഞാന്‍ പറയൂ. അമ്മയെ പോലെ
സ്നേഹം എനിക്ക് പകര്‍ന്നു തന്ന രണ്ടുപേരെ മറക്കാനാവില്ല. ആ അമ്മമാര്‍ക്ക്
വേണ്ടി എനിക്ക് ഒന്നും കാര്യമായി ചെയ്യാനായില്ല. അതിനാല്‍ ഈ കുറിപ്പ്
അവര്‍ രണ്ടുപേരുടേയും  ഓര്‍മ്മക്കായി ഞാന്‍ സമര്‍പ്പിക്കുന്നു.

 ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. വയസ്സ് എട്ട് തികയുന്നതേയുള്ളു
( ഒന്നാം ക്ലാസ്സില്‍ പഠിക്കാതെ രണ്ടില്‍ ചേര്‍ന്ന ആളാണ്ഞാന്‍ ). അക്കൊല്ലത്തെ
സ്കൂള്‍ വാര്‍ഷികത്തിന്ന് നാടകത്തില്‍ ഒരു വേഷം കെട്ടിയിരുന്നു. പിറ്റേന്ന്
നല്ലവണ്ണം വെളിച്ചെണ്ണയൊക്കെ പുരട്ടി എന്‍റെ മുഖത്ത് അവശേഷിച്ച ചായം 
മുത്തശ്ശി കഴുകി കളഞ്ഞു. അന്ന് വൈകീട്ട് പുഴയില്‍ കുളിക്കുമ്പോള്‍ എന്‍റെ
മുഖത്തും കഴുത്തിലും ആയി ചെറിയ കുരുക്കള്‍ മുത്തശ്ശി കണ്ടു.

' ഇതെന്താ കല്യാണിയമ്മേ ഇവന്‍റെ മേത്ത് കാണുന്നത് ' മുത്തശ്ശി അരികത്ത്
തുണി തിരുമ്പിക്കൊണ്ടിരുന്ന സ്ത്രീയോട് ചോദിച്ചു.

' ചായൂം മനോലേം ഒക്കെ കുട്ടിടെ മുഖത്ത് തേച്ചതല്ലേ , അതാവും ' എന്ന് എന്നെ
നോക്കിയ ശേഷം അവര്‍ പറഞ്ഞു.

' എനിക്കതല്ല , വല്ലോരുടേം കണ്ണോ മറ്റോ തട്ടിയതാണോന്നാ പേടി '.

അന്ന് രാത്രി നന്നായി പനിച്ചു. എനിക്ക് രാവിലെ എഴുന്നേല്‍ക്കാന്‍ വയ്യാ. എന്‍റെ
ദേഹമാസകലം കുരുക്കള്‍ നിറഞ്ഞിരുന്നു.

' നമുക്ക് പൂശാരിയെ വരുത്തി കുട്ടിയെ ഒന്ന് നോക്കിക്കണം ' എന്ന് നിര്‍ദ്ദേശിച്ചത്
നാണിയമ്മയാണ്. വീട്ടിലെ അകത്തുള്ള പണികള്‍ ചെയ്യാന്‍  അമ്മയെ അവരാണ്
സഹായിച്ചിരുന്നത് .

പശുവിനെ മേക്കാന്‍ നിന്നിരുന്ന ചെക്കന്‍ പോയി പൂശാരി കറുപ്പസ്വാമിയെ കൂട്ടി
വന്നു.

' ഇത് അതന്നെ ' പൂശാരി രോഗം വസൂരിയാണെന്ന് തീര്‍ച്ചപെടുത്തി.

രോഗം ബാധിച്ച് പലരും മരിക്കുന്നുണ്ടെന്നും വളരെ സൂക്ഷിച്ച് ഇരിക്കണമെന്നും 
പറഞ്ഞ അദ്ദേഹം കുറെയേറെ നിര്‍ദ്ദേശങ്ങളും നല്‍കി. ഓലപ്പായയില്‍  വിരിപ്പ്
ഇട്ട് കിടത്തണം. വേപ്പില കൊത്ത് ഉപയോഗിച്ചേ മേത്ത് ഉഴിയാന്‍ പാടുള്ളു.
വറക്കലോ പൊരിക്കലോ പാടില്ല. പപ്പടം കാച്ചാനോ, കടുക് വറക്കാനോ പാടില്ല.
മത്സ്യങ്ങളോ മാംസമോ പാചകം ചെയ്യരുത്, പുറത്താവുന്ന സ്ത്രീകള്‍ രോഗിയെ
കാണുകയോ തൊടുകയോ പാടില്ല. തൈരും ഉള്ളി വേവിച്ചതും കൊടുക്കണം. പനം
കല്‍ക്കണ്ടും, മുന്തിരി ഇട്ട് തിളപ്പിച്ച വെള്ളവും കൊടുക്കാം.

ഉച്ചയാവുമ്പോഴേക്കും പൊരിച്ചില്‍ തുടങ്ങി. വേദനിച്ച് കിടക്കാന്‍ വയ്യ. അമ്മ എന്നെ
എടുക്കും , വീശിത്തരും , കിടത്താന്‍ പറഞ്ഞാല്‍ കിടത്തും. ആകെ ഒരു അസ്വസ്ഥത.

നിര്‍ഭാഗ്യവശാല്‍ അന്ന് അമ്മ പുറത്തായി. അമ്മയ്ക്ക് എന്നെ കാണാനോ എന്‍റെ
അടുത്ത് വരാനോ പാടില്ല.

' നാണ്യേ, ഇനി എന്താ ചെയ്യാ ' മുത്തശ്ശി വ്യാകുലപ്പെട്ടു.

' കുട്ടിയെ നോക്കാതിരിക്കാന്‍ പറ്റില്ലല്ലോ. നമുക്ക് നോക്കാം '.

അതോടെ എന്നെ നോക്കേണ്ട ചുമതല നാണിയമ്മ സ്വയം ഏറ്റെടുത്തു. ഞാന്‍ 
ഉറങ്ങുന്ന നേരത്ത് അടുക്കളപ്പണിയില്‍ മുത്തശ്ശിയോടൊപ്പം കൂടും. ഉണര്‍ന്നാല്‍  
എന്‍റെ അരികിലെത്തും. വേദനകൊണ്ട് ഞാന്‍ പുളയുമ്പോള്‍ എന്നെ എടുക്കും.
കിടക്കണമെന്ന് പറയുമ്പോള്‍ കിടത്തും. വേപ്പിലക്കെട്ടുകൊണ്ട് ശരീരത്തില്‍ മെല്ലെ
മെല്ലെ ഉഴിയും. പൊളിരുകൊണ്ട് ഉണ്ടാക്കിയ വിശറിയെടുത്ത് വീശിത്തരും.

പിറ്റേന്ന് പൂശാരി വന്നപ്പോള്‍ വേദനയുടെ കാര്യം മുത്തശ്ശി സൂചിപ്പിച്ചു.

' ഇന്ന് ബുധനാഴ്ച. അടുത്ത ചൊവ്വാഴ്ച കഴിഞ്ഞാലേ എന്തെങ്കിലും പറയാന്‍
പറ്റൂ. മാരിയമ്മേ നല്ലോണം വിളിച്ചോളൂ. ഞാനും കോവിലില്‍ ചെന്ന് വഴിപാട്
നടത്തുന്നുണ്ട്. മടേലിട്ട് മണ്ണിട്ട് മൂടാതെ നോക്കണ്ടേ '.

അന്നും പിറ്റേന്നും പൊരിച്ചിലായിരുന്നു. രാത്രിയും പകലും ശരീരം മുഴുവന്‍ സൂചി
കുത്തുന്ന വേദന. ആ രണ്ട് ദിവസവും ഒരു പോള കണ്ണടക്കാതെ രാപ്പകലില്ലാതെ
നാണിയമ്മ എന്നെ പരിചരിച്ചു.

ക്രമേണ വേദനക്ക് കുറവ് വന്നു. പത്തിരുപത് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്‍റെ
അസുഖം  ഭേദമായി. മഞ്ഞളും വേപ്പിലയും ഇട്ട് വെയിലത്ത് വെച്ച വെള്ളത്തില്‍
എന്നെ കുളിപ്പിച്ചു. അതിന്ന്ശേഷം , യജമാന്‍ കുട്ടി വലുതാവുമ്പോള്‍ , ' എനിക്ക്
മുറുക്കാന്‍ വാങ്ങി  തരണമെ 'ന്ന് അവര്‍ പറയും. കുറച്ച് കൂടി മുതിര്‍ന്നപ്പോള്‍
' യജമാന്‍ കുട്ടി ' എന്ന വിളി എനിക്ക് അരോചകമായി തോന്നി. നാണിയമ്മ മാത്രമല്ല
കുട്ടിക്കാലത്ത് എന്നെ തോളിലേറ്റി നടന്നിരുന്ന അവരുടെ മകന്‍ നാരായണന്‍ നായരും 
അങ്ങിനെയാണ്എന്നെ വിളിക്കാറ്.

' നോക്കൂ, എന്നെ അങ്ങിനെ വിളിക്കരുത് കേട്ടോ ' എന്ന് ഞാനൊരിക്കല്‍ അഭ്യര്‍ത്ഥിച്ചു.
പിന്നീട് അവരെന്നെ വിജയന്‍ കുട്ടീ ( വിജയന്‍ എന്നാണ് വീട്ടില്‍ എന്നെ വിളിക്കാറ് )
എന്നേ വിളിച്ചിട്ടുള്ളു. ഞാന്‍ മുതിര്‍ന്നപ്പോഴേക്കും നാണിയമ്മ നാട് വിട്ട് ഇളയ മകന്‍റെ
അടുത്തേക്ക് ചെന്നു. പിന്നീട് കാണുമ്പോള്‍ അവര്‍ വെറ്റില മുറുക്ക് നിര്‍ത്തിയിരുന്നു.


******************************************************

എന്‍റെ അമ്മയുടെ ഉറ്റ സുഹൃത്തായിരുന്നു ഉമ്മ. ഭര്‍ത്താവ് മരിച്ചതോടെ പറക്ക മുറ്റാത്ത
മക്കളുമായി ദുരിത കടല്‍ നീന്തി അക്കരെ എത്തിയ പാവം സ്ത്രീ. മിക്ക ദിവസങ്ങളിലും
അവരിരുവരും മണിക്കൂറുകളോളം അന്യോന്യം വിഷമതകള്‍ പറഞ്ഞ് ആശ്വാസിക്കും .
കഷ്ടപ്പാടുകള്‍ നിറഞ്ഞ സമയത്തെല്ലാം ' മകനേ, കുട്ടി മനസ്സ് വിടാതിരിക്ക്, അള്ളാഹു
കൈ വിടില്ല ' എന്ന സാന്ത്വനം നല്‍കും.

ബസ്സപകടത്തില്‍ പെട്ട് പരിക്കേറ്റ്എന്നെ ആസ്പത്രിയില്‍  പ്രവേശിപ്പിച്ചപ്പോള്‍ അമ്മ
എത്തുന്നതിന്ന് മുമ്പ് എന്‍റെ അരികിലെത്തിയത് ഉമ്മയായിരുന്നു. തുടര്‍ന്നുള്ള എല്ലാ
ദിവസങ്ങളിലും  അവര്‍ രണ്ട് നേരവും കാണാനെത്തും. വേദന കൊണ്ട് പുളയുമ്പോള്‍
' മകനേ, അനങ്ങാതെ കിടക്ക്. കുട്ടിടെ വേദന മാറ്റി തരാന്‍ നിസ്ക്കരിക്കുമ്പോള്‍ ഞാന്‍ 
അള്ളാവിനോട് പ്രാര്‍ത്ഥിക്കുന്നുണ്ട് 'എന്നു പറയും  .

അവരുടെ മക്കള്‍ക്കും എന്നോട് ഒരു ജ്യേഷ്ടനോടുള്ള സ്നേഹം ഉണ്ട്. സുന്ദരിയോട്
' ചേച്ചിക്ക് നല്ല ഭാഗ്യം ഉണ്ട്. അതാ ഞങ്ങളുടെ ഏട്ടനേ കിട്ടീത് ' എന്ന് ആ
പെണ്‍മക്കള്‍ ഇടക്ക് പറയും.

രണ്ട് പ്രാവശ്യമേ ഉമ്മ എന്നോട് ഓരോ ആവശ്യം ഉന്നയിച്ചിട്ടുള്ളു.

ഞാന്‍ മണ്ഡലപൂജക്ക് ശബരിമലയില്‍ ദര്‍ശനം നടത്തി തിരിച്ചെത്തിയ ദിവസം. അന്ന്
വൈകുന്നേരം അമ്മയും ഉമ്മയും കൂടി സംസാരിച്ചിരിക്കുകയാണ്. മകള്‍ക്ക് വന്ന
കല്യാണാലോചനകള്‍ ഒക്കെ മുടങ്ങുന്നതിലുള്ള സങ്കടമാണ് അന്നത്തെ വിഷയം.

' മാളികപ്പുറത്തമ്മയ്ക്ക് പട്ട് വെച്ചാല്‍ കല്യാണം നടക്കുമെ 'ന്ന് അമ്മ പറഞ്ഞതും 
' മകനേ, കുട്ടി ഒന്നൂടെ ചെന്ന് അമ്മ പറഞ്ഞ പോലെ പട്ട് വെച്ചിട്ട് വാ ' എന്ന് ഉമ്മ
ആവശ്യപ്പെടുന്നു. പിറ്റേന്ന് തന്നെ ഞാന്‍ ശബരിമലയ്ക്ക് മാലയിട്ടു. ആ വഴിപാട്
നടത്തുകയും ചെയ്തു. ഏറെ വൈകാതെ ആ കുട്ടിയുടെ വിവാഹം നടന്നു.

കൊല്ലങ്ങള്‍ കഴിഞ്ഞു. എന്‍റെ മകന്ന് പറ്റിയ വിവാഹാലോചനകള്‍ കിട്ടാതെ ഞങ്ങള്‍
വിഷമിച്ചിരിക്കുന്ന കാലം. പാടത്ത് വെള്ളം നോക്കി ഞങ്ങള്‍ തിരിച്ച് വരുമ്പോള്‍
വഴിയില്‍ വെച്ച് ഞാനും സുന്ദരിയും അവളെ കാണുന്നു.

' എന്തായി ഏട്ടാ, മകന്‍റെ കല്യാണ കാര്യം '.

ഞങ്ങള്‍ പ്രശ്നം പറഞ്ഞു.

' ഒരു കാര്യം ചെയ്യാം. നമുക്ക് പള്ളിയിലേക്ക് നേര്‍ച്ച നേരാം. കല്യാണം വന്നതും
ഞാന്‍ ചെന്ന് അത് നടത്താം '.

ഞങ്ങള്‍ സമ്മതിച്ചു. ഒട്ടും അതിശയോക്തിയില്ലാതെ പറയട്ടെ , അന്ന് ഒരു പരസ്യം 
കണ്ടു വിളിച്ച ആലോചന മകന്‍റെ വിവാഹത്തില്‍ എത്തി.

ഉമ്മയുടെ മറ്റൊരു മകളുടെ ഭര്‍ത്താവ് അപകടത്തില്‍ മരിച്ചു. ആ കുട്ടിയുടെ സങ്കടം 
കാണാനാവാതെ ഞാന്‍ അവളെ കാണാന്‍ ചെന്നില്ല. ഒരു ദിവസം ' മകനേ, കുട്ടി ഒന്ന്
ചെന്ന് അവളെ കാണണമെ 'ന്ന് ഉമ്മ ആവശ്യപ്പെടുന്നു. പിറ്റേന്ന് ഉമ്മയോടൊപ്പം ഞാനും
സുന്ദരിയും ചെന്നു.

വാതില്‍ കടന്ന് ഉമ്മ മകളുടെ വീടിനകത്തേക്ക് കയറി, പുറകെ സുന്ദരിയും ഞാനും.
തളത്തില്‍ ആരുമില്ല.

' മകളേ, ഇത് ആരാ വന്നേന്ന് നോക്ക് ' ഉമ്മ വിളിച്ചു. വാതില്‍ കടന്നു വന്ന അവള്‍
ഞങ്ങളെ കണ്ടു. ആ മുഖത്ത് എന്തൊക്കേയോ ഭാവങ്ങള്‍ മിന്നി. അവള്‍ ഓടി വന്നു.
എന്നെ കെട്ടി പിടിച്ച് നെഞ്ചത്ത് മുഖമമര്‍ത്തി തേങ്ങി കരഞ്ഞു. ആ രംഗം സുന്ദരിയും
ഉമ്മയും നോക്കി നിന്നു. ആശ്വാസിപ്പിക്കാനായി ഒരു വാക്കു പോലും എന്‍റെ നാവില്‍ 
നിന്ന് ഉയര്‍ന്നില്ല.  എന്‍റെ ഹൃദയത്തില്‍ നിന്ന് പുറപ്പെട്ട സാന്ത്വനത്തിന്‍റെ സ്വരങ്ങള്‍
അവള്‍ കേട്ടു കാണും .

( ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്‍റെ അദ്ധ്യായം 60 പ്രസിദ്ധീകരിച്ചിരിക്കുന്നു )

13 comments:

ശ്രീ said...

വളരെ ഇഷ്ടപ്പെട്ടു മാഷേ ഈ പോസ്റ്റ്. രക്തബന്ധങ്ങള്‍ കൊണ്ടു മാത്രം അല്ല അച്ഛനമ്മമാരെയോ സഹോദരങ്ങളെയോ ലഭിയ്ക്കുന്നത് എന്നതിനു നല്ലൊരു ഉദാഹരണം. ആ ബന്ധങ്ങള്‍ എന്നെന്നും നിലനില്‍ക്കട്ടെ.

krishnakumar513 said...

ഊഷ്മളബന്ധങ്ങളുടെ,ഹൃദയഹാരിയായ,പോസ്റ്റ്.ഇനിയും എഴുതൂ..

കൂതറHashimܓ said...

‘മകനേ, അനങ്ങാതെ കിടക്ക്. കുട്ടിടെ വേദന മാറ്റി തരാന്‍ നിസ്ക്കരിക്കുമ്പോള്‍ ഞാന്‍
അള്ളാവിനോട് പ്രാര്‍ത്ഥിക്കുന്നുണ്ട്’

ഈ വരികള്‍ വായിച്ചപ്പോ കണ്ണുകള്‍ നിറഞ്ഞു പോയി, ബൈക്കപകടത്തിലേ പരിക്കുകളുടെ വേദന കൊണ്ട് നിലവിളിച്ച് ഞാന്‍ കരയുമ്പോ ഉമ്മാക്കും ഉപ്പാക്കും പെങ്ങന്മാര്‍ക്കും കൂടെ നിന്ന് കരയാനെല്ലതെ ഒന്നിനും കഴിഞ്ഞിരുന്നില്ലാ...
അവരുടെ എല്ലം പ്രാര്‍ത്ഥന ഒന്നു മാത്രാ എന്നെ............ .. (പൂര്‍ത്തിയാക്കാന്‍ വയ്യ അത്രക്ക് സങ്കടാവുന്നു)

സുമേഷ് | Sumesh Menon said...

ഹാവൂ, എന്താ പറയേണ്ടതെന്ന് അറിയില്ല മാഷേ..
ടച്ചിംഗ്.. പിന്നെ ഹാഷിമിന്റെ കമന്റും..
വേദനിപ്പിച്ചു....:(

ഹംസ said...

മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു… ഇടയ്ക്ക് കണ്ണുകള്‍ ഒന്നു തുടച്ചു. !!

ഒരു നുറുങ്ങ് said...

ഇതാണ്‍ സൌഹൃദം..സാഹോദര്യവും...!
മിക്ക ദിവസങ്ങളിലും
“അവരിരുവരും മണിക്കൂറുകളോളം അന്യോന്യം വിഷമതകള്‍ പറഞ്ഞ് ആശ്വസിക്കും .
കഷ്ടപ്പാടുകള്‍ നിറഞ്ഞ സമയത്തെല്ലാം ' മകനേ, കുട്ടി മനസ്സ് വിടാതിരിക്ക്, അള്ളാഹു
കൈ വിടില്ല ' എന്ന സാന്ത്വനം നല്‍കും.“
...മനസ്സില്‍ തട്ടുന്ന വരികള്‍..

എറക്കാടൻ / Erakkadan said...

വായിച്ച്‌ വായിച്ച്‌ പാലക്കാട്ടേട്ടന്റെ ആരാധകനായി മാറി ഇപ്പോൾ

raj said...

ഓഫീസില്‍ ആണെന്നുള്ള കാര്യം മറന്നു കണ്ണ് നനഞ്ഞു പോയി. നന്നായി ദാസേട്ടാ ഈ പോസ്റ്റും.

keraladasanunni said...

ശ്രീ,
തീര്‍ച്ചയായും സ്നേഹബന്ധങ്ങളാണ്- വലിയ സമ്പാദ്യം.

krishnakumaar,
വളരെ നന്ദി.

Hashim,
സ്നേഹിക്കുന്നവരുടെ പ്രാര്‍ത്ഥനയേക്കാള്‍ വലിയതായി ഒന്നുമില്ല.

സുമേഷ്,SumEsh mEnOn,
വളരെ നന്ദി.

ഹംസ,
വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതില്‍ സന്തോഷം .

ഒരു നുറുങ്ങ്,
ഉമ്മറകോലായില്‍ ഇരുവരും വര്‍ത്തമാനം പറഞ്ഞിരിക്കുന്നത് ഇപ്പോഴും കണ്ണില്‍ കാണുന്നു.

എറക്കാടന്‍,Erakkadan,
ഞാനും എറക്കാടന്‍ എഴുതുന്നത് വായിച്ച് രസിക്കാറുണ്ട്. കടന്നു പോയ കാലത്തേക്ക് താങ്കളുടെ തിരിഞ്ഞു നോട്ടം പലപ്പോഴും അത്ഭുതാവഹമാണ്.

raj,
ഇവരെക്കുറിച്ച് ഇനിയും കുറെയേറെ ഓര്‍മ്മകള്‍ ഉണ്ട്.

അഭി said...

ആദ്യമായാണ് ഇവിടെ വരുന്നത് .
നല്ല പോസ്റ്റ്‌ വളരെ ഇഷ്ടം ആയി .
സ്നേഹബന്ധങ്ങള്‍ക്ക് മറ്റെന്തിനെക്കാളും വിലയുണ്ട്‌, വായിച്ചപോള്‍ ശരിക്കും അത് ഫീല്‍ ചെയ്തു

Typist | എഴുത്തുകാരി said...

പലപ്പോഴും രക്തബന്ധങ്ങളേക്കാള്‍ വലുതാണ് സ്നേഹബന്ധം. അതിന് ഒന്നും തടസ്സമല്ല. എന്നെന്നും നിലനില്‍ക്കട്ടെ ഈ സ്നേഹബന്ധം

keraladasanunni said...

അഭി,
സ്നേഹബന്ധങ്ങള്‍ക്ക് തന്നെയാണ് മുന്‍തൂക്കം 
നല്‍കേണ്ടത്.

Typist / എഴുത്തുകാരി,
ഞാനും അത് തന്നെയാണ് പ്രാര്‍ത്ഥിക്കാറ്.

nalina kumari said...

എന്റെ അമ്മയ്ക്ക് ഇതേപോലെ അടുത്ത വീട്ടിലെ ഉമ്മ കൂട്ടുകാരിയായി ഉണ്ടായിരുന്നു. ഉമ്മ നിസ്കാരക്കുപ്പായം അഴിക്കാതെ അതെ ഉയര്‍ന്ന തിണ്ണയില്‍ ഇരുന്നു എത്രനെരമെങ്കിലും അടുത്ത് കസേരയില്‍ ഇരിക്കുന്ന അമ്മയോട് സംസാരിച്ചു കൊണ്ടിരിക്കുന്നത് ഇപ്പോഴും കണ്ണില്‍ കാണുന്നു.