Sunday, April 10, 2016

സഹസ്രനാമചരിതം.

ഈ സഹസ്രനാമചരിതത്തിന്‍റെ ഉത്ഭവം  ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റാറിലോ തൊണ്ണൂറ്റിയേഴിലോ എന്ന് വ്യക്തമായി ഓര്‍ക്കുന്നില്ല. അന്ന് ഞാന്‍ ഡിവിഷന്‍ ഓഫീസില്‍ ജോലിചെയ്യുകയാണ്. വൈകുന്നേരം നാലുമണിയ്ക്ക് കാന്‍റീനിലേക്ക് ഒരു പോക്കുണ്ട്. സഹപ്രവര്‍ത്തകരായ രാജേട്ടന്‍, ജയപ്രകാശ്, ഹരിപ്രസാദ് പിന്നെ ഞാന്‍ ഇത്രയും പേരടങ്ങിയ  ഒരു സംഘമായിട്ടാണ് ഞങ്ങള്‍ എന്നും ചെല്ലാറ്.

'' ഉണ്ണിസ്സാറേ, കഴിഞ്ഞ ദിവസം ഞാനൊരു പ്രഭാഷണത്തിന്ന് പോയിരുന്നു '' ചായ ഊതികുടിക്കുന്നതിന്നിടയില്‍ ജയപ്രകാശ് പറഞ്ഞു '' ലളിത സഹസ്ര നാമം നിത്യവും പാരായണംചെയ്യുന്നതിന്‍റെ ഗുണം അപ്പോഴാണ് എനിക്കു മനസ്സിലായത് ''.

വളരെകാലമായി വിഷ്ണുസഹസ്രനാമവും ലളിതസഹസ്രനാമവും ഞാന്‍ മുടങ്ങാതെ ചൊല്ലാറുള്ളതാണ്.  തൊട്ടടുത്ത സീറ്റുകളിലാണ് ജയപ്രകാശും ഞാനും ഇരിക്കുന്നതെങ്കിലും  അയാള്‍  ലളിത സഹസ്രനാമം ചൊല്ലാറുള്ള വിവരം പിന്നീടാണ് ഞാന്‍ അറിയുന്നത്. സ്വാഭാവികമായും ഞങ്ങളുടെ സംഭാഷണവിഷയത്തില്‍  നാമംചൊല്ലലും ഇടംപിടിച്ചു.  രാജേട്ടനും ഏറെ വൈകാതെ ഞങ്ങളോടൊപ്പം ചേര്‍ന്നു. ചില ഒഴിവുദിവസങ്ങളില്‍ ഞങ്ങള്‍ മൂന്നാളും ഏതെങ്കിലും ക്ഷേത്രത്തില്‍ ചെന്ന് നാമം ജപിക്കും.

'' അപ്പോഴേ ഉള്ള പുണ്യം നിങ്ങള് മൂന്നാളും കൂടി  പങ്കിട്ടെടുക്കാനാണോ ഭാവം.   അതു വേണ്ടാ. ഇത്തിരിയെങ്കിലും  എനിക്ക് ബാക്കി വെക്കണം. ഒന്നുമില്ലെങ്കിലും ഞാന്‍ നിങ്ങളുടെകൂടെ നടക്കാറുള്ളതല്ലേ  '' ജയപ്രകാശ് കൂടുതലെന്തെങ്കിലും പറയുന്നതിന്നു മുമ്പ് ഹരിപ്രസാദ് ഇടപെട്ടു.

'' അതിനെന്താ വിരോധം. നിങ്ങളും ലളിതസഹസ്രനാമം ചൊല്ലൂ '' രാജേട്ടന്‍ ഉപദേശിച്ചു.

'' എനിക്ക് എന്താ വേണ്ടത് എന്നറിയില്ല. നിങ്ങളത് പറഞ്ഞുതന്നിട്ടും ഇല്ല '' അയാള്‍ പരിഭവിച്ചു.

'' ഹരി, ശാന്താ ബുക്ക്സ്റ്റാളില്‍ സഹസ്രനാമത്തിന്‍റെ പുസ്തകം കിട്ടും. അതു വാങ്ങി വായിച്ചാല്‍ മതി '' ഞാന്‍ അയാളെ ആശ്വസിപ്പിച്ചു.

'' എന്തു സഹസ്രനാമം എന്നാ പറയേണ്ടത് ''.

'' ലളിത സഹസ്രനാമം എന്നു പറഞ്ഞാല്‍ മതി '' രാജേട്ടന്‍ വ്യക്തമാക്കി.

'' നിങ്ങള് അതാണോ ചൊല്ലാറ് ''.

'' ഞങ്ങള് മൂന്നാളും ലളിത സഹസ്രനാമം  ചൊല്ലാറുണ്ട്. ഉണ്ണിസ്സാറ് മാത്രം വിഷ്ണു സഹസ്രനാമവും ചൊല്ലും ''.

'' എന്നാല്‍ എനിക്കും രണ്ടും വേണം ''.

'' അതിനെന്താ വിരോധം. നമുക്ക് ഒരു ദിവസം പോയി വാങ്ങാം ''.

'' അങ്ങിനെ പറഞ്ഞാല്‍ പറ്റില്ല. ഇപ്പോള്‍ത്തന്നെ പോണം '' ഹരിയുടെ ഉത്സാഹം ഞങ്ങളില്‍ സന്തോഷം ഉണര്‍ത്തി.

'' ശുഭസ്യ ശീഘ്രം എന്നാണല്ലോ പ്രമാണം . ഇനി മടിച്ചു നില്‍ക്കണ്ടാ. പക്ഷെ ഈ ഉത്സാഹം എന്നും ഉണ്ടാവണം '' ഞാന്‍ ഹരിയെ പിന്താങ്ങി. ചായ കുടി കഴിഞ്ഞതും നാലാളും കൂടി സുല്‍ത്താന്‍പേട്ടയിലേക്ക് ഒറ്റ നടത്തം.

പുസ്തകം വാങ്ങി കഴിഞ്ഞതും ഓര്‍ക്കാപ്പുറത്ത് മഴയെത്തി. അതോ നല്ല ഉഗ്രന്‍ മഴ.

'' നല്ല കാര്യത്തിന്ന് ഒരുങ്ങുമ്പോള്‍ പ്രകൃതി അനുഗ്രഹം ചൊരിയും. അതാ ഈ മഴ '' ജയപ്രകാശ് കാരണം കണ്ടെത്തി.

സമയം നീങ്ങിക്കൊണ്ടിരുന്നു. മഴ നിലയ്ക്കുന്ന മട്ടില്ല.

'' ഓഫീസ് അടയ്ക്കുംമുമ്പ് ബാഗ് എടുക്കണം '' എന്നായി ഹരി. കടയുടെ വാതില്‍ക്കല്‍ ഞങ്ങള്‍ നിന്നു. ഒരു ഓട്ടോ വരുന്നതിനെ രാജേട്ടന്‍ കൈകാട്ടി വിളിച്ചു. ഓട്ടോയില്‍ കയറിപ്പറ്റുമ്പോഴേക്ക് നാലാളും നനഞ്ഞു കുളിച്ചു. മഴ വകവെക്കാതെ റെയില്‍വേ ഗെയിറ്റിനരികെ രാജേട്ടന്‍ ഇറങ്ങി. അവിടെ നിന്ന് മുനിസിപ്പല്‍ ബസ്സ് സ്റ്റാന്‍റിലേക്ക്  കുറച്ചു ദൂരമേയുള്ളു. ഓട്ടോയുടെ സൈഡ് കര്‍ട്ടന്‍ കടന്നെത്തിയ മഴവെള്ളത്തില്‍ ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ കുളിച്ചു.

ഞാന്‍ ഓഫീസില്‍ കയറാതെ അതേ ഓട്ടോയില്‍ ടൌണ്‍ബസ്സ് സ്റ്റാന്‍റിലേക്ക് വിട്ടു. പിറ്റേന്ന് ഞായറാഴ്ചയായിരുന്നു.

'' താന്‍ പുസ്തകം  വായിച്ചു നോക്കിയോ '' തിങ്കളാഴ്ച ഹരിയെ കണ്ടതും ഞാന്‍ ചോദിച്ചു.

'' ഇല്ല ഉണ്ണ്യേട്ടാ. നല്ലൊരു ദിവസം നോക്കി തുടങ്ങണം ''.

പക്ഷെ ഞങ്ങള്‍ നാലാളും ജോലിയില്‍നിന്ന് വിരമിക്കുന്നതുവരെ ഹരിക്കു പറ്റിയ നല്ല ദിവസം ലഭിച്ചില്ല. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ജയപ്രകാശ് ഓര്‍മ്മയായി മാറി.

വളരെ കാലത്തിന്നുശേഷം ( ഉദ്ദേശം പതിനാലു കൊല്ലം ) ഞാനും രാജേട്ടനും ഹരിപ്രസാദും കഴിഞ്ഞാഴ്ച കണ്ടുമുട്ടി. ഞങ്ങള്‍ക്കുണ്ടായ സന്തോഷത്തിന്ന് അതിരില്ല. വളരെ നേരം ഞങ്ങള്‍ സംസാരിച്ചു നിന്നു.

'' ഉണ്ണ്യേട്ടന്‍ ഇപ്പോഴും നാമം ചൊല്ലാറുണ്ടോ '' പിരിയുന്നതിന്നുമുമ്പ് ഹരി ചോദിച്ചു.

'' അതിനുമാത്രം മുടക്കം വരുത്തിയിട്ടില്ല '' ഞാന്‍ പറഞ്ഞു '' ഹരി ഇപ്പോള്‍ ചൊല്ലുന്നുണ്ടോ ''.

'' ഇല്ല ഉണ്ണ്യേട്ടാ. പക്ഷെ ഞാനൊരു സൂത്രം ഒപ്പിച്ചിട്ടുണ്ട് ''.

'' എന്താ അങ്ങിനെയൊരു സൂത്രം ''.

'' ഞാന്‍ ലളിത സഹസ്രനാമത്തിന്‍റെ പുസ്തകം കൃഷ്നന്‍റെ വിഗ്രഹത്തിന്നു മുമ്പില്‍ വെച്ചു. വിഷ്ണു സഹസ്രനാമത്തിന്‍റെ പുസ്തകം ഭഗവതിയുടെ ഫോട്ടോ വെച്ച സ്റ്റാന്‍റിലും ''.

'' അതുകൊണ്ട് എന്താ മെച്ചം ''.

'' നമുക്ക് നൂറുകൂട്ടം പ്രാരാബ്ധം ഉണ്ട്. അവര് രണ്ടാളും പണിയും തൊരവും ഇല്ലാതെ ഒരു ഭാഗത്ത് മിണ്ടാതിരിപ്പല്ലേ. വേണച്ചാല്‍ അയാള് അയമ്മയുടെ നാമം ചൊല്ലിക്കോട്ടെ, അയമ്മ അയാളുടേതും '' അതും പറഞ്ഞ് ഹരി ഉറക്കെ ചിരിച്ചപ്പോള്‍ ഞാന്‍ അന്തംവിട്ടു നില്‍ക്കുകയായിരുന്നു.