Friday, September 25, 2009

നായാട്ട് .

ക്രൂരമായ ചൂഷണത്തിന്ന് വിധേയയാകുന്നത്തിന്ന് മുമ്പ് ഭാരതപ്പുഴ ഒരു സുന്ദരിയായിരുന്നു. ഇരു വശത്തും മണല്‍ കൂനകളും , തെളിഞ്ഞ വെള്ളവും ഒക്കെയായി ശാന്തമായി അത് അങ്ങിനെ ഒഴുകിയിരുന്നു. വേനല്‍ കാലത്ത് വൈകുന്നേരങ്ങളില്‍ കാറ്റേറ്റ് പലരും മണല്‍ തിട്ടയില്‍ തെളിഞ്ഞ ആകാശം നോക്കി കിടക്കും. കുളിക്കടവുകളിലെ പാറകളില്‍ ചിലപ്പോള്‍ സാമൂഹ്യ വിരുദ്ധര്‍ പ്രഭാത കൃത്യങ്ങള്‍ നടത്തി മലിനപ്പെടുത്തും എന്നതൊഴിച്ചാല്‍ മറ്റൊരു ബുദ്ധിമുട്ടും അന്നൊന്നും പുഴയെ സംബന്ധിച്ച് ഉണ്ടായിരുന്നില്ല.

ആ കാലത്ത് മീന്‍ പിടിക്കാന്‍ ഒരു പോക്കുണ്ട്. വെളുത്ത പക്ഷത്തില്‍ പ്രത്യേകിച്ച് വാവ് അടുക്കുമ്പോള്‍ മീന്‍ പിടിക്കാക്കാന്‍
പോകാറില്ല.അല്ലാത്തപ്പോള്‍ പെട്രോമാക്സും , വാളുകളും , ഒറ്റലും ഒക്കെയായി സംഘങ്ങള്‍ പുറപ്പെടും. ബാബ്ജിക്കയായിരുന്നു
നേതാവ്. പണ്ട് എം. എസ്. പി ക്കാരനായിരുന്ന അദ്ദേഹം ഓട്ടുകമ്പിനിയില്‍ ഡ്രൈവറായിരുന്നു. സ്വാതന്ത്ര സമര സേനാനി കൂടിയായിരുന്നു അദ്ദേഹം. ബാബ്ജിക്കയുടെ മുതിര്‍ന്ന മക്കളായ ഹനീഫയും,അബ്ദുള്‍ റഹിമാനും എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു. ഞാന്‍ മത്സ്യവും മാംസവും കഴിക്കാറില്ല. എങ്കിലും കൂട്ടത്തില്‍ ഞാനും ഉണ്ടാവണമെന്ന് അവര്‍ക്കൊക്കെ
താല്‍പ്പര്യം തോന്നിയിരുന്നതിനാല്‍ കൂടെ ചെല്ലും.

രാത്രി പത്ത് മണിക്ക് ശേഷമാണ് പുഴയില്‍ ഇറങ്ങാറ്. വാള് എന്‍റെ കയ്യില്‍ തരാറില്ല. വെള്ളത്തിലൂടെ മീനിനെ വെട്ടുമ്പോള്‍ അത് പാളി പോകാനിടയുണ്ട്. എന്നിട്ട് ആരുടേയെങ്കിലും ശരീരത്തില്‍ തട്ടിയാല്‍ ? ആ അപകടം ഒഴിവാക്കണമല്ലോ. ഹനീഫയോ തടിയന്‍ മുഹമ്മദോ വിളക്കുമായി മുന്നില്‍ നടക്കും. പുറകിലായി വാളുകാര്‍, അവര്‍ക്ക് പിന്നില്‍ ഒറ്റലുകാര്‍, ഏറ്റവും പുറകില്‍
ചാക്ക് സഞ്ചിയുമായോ കുട്ടിച്ചാക്കോ ആയി ഒരാളും. പിടിച്ച മീന്‍ അയാളാണ് സൂക്ഷിക്കേണ്ടത്. എനിക്ക് അങ്ങിനെ പ്രത്യേകിച്ച് ചുമതലകളൊന്നുമില്ല. മറ്റുള്ളവര്‍ ചെയ്യുന്ന പണികള്‍ ശ്രദ്ധിക്കുകയും ബീഡിയും സിഗററ്റും മാറി മാറി വലിക്കുകയും അവര്‍
നീങ്ങുന്നതിനോടൊപ്പം മണലിലൂടെ നടക്കുകയും ആയിരുന്നു ഞാന്‍ ചെയ്തിരുന്നത്.

മീന്‍ പിടിക്കുന്നതിന്ന് ചില സൂത്രങ്ങളൊക്കെയുണ്ട്. പൂഴാന്‍ എന്ന മീന്‍ വെള്ളത്തിന്നടിയിലെ മണലില്‍ പൂഴ്ന്ന് കിടക്കും. പാറപ്പുറത്തെങ്ങാനും പൂഴാനെ കണ്ടാല്‍ അബ്ദുള്‍ റഹിമാന്‍ രണ്ട് കയ്യും നിറച്ച് മണലെടുക്കും. ഒഴുക്കിനനുസരിച്ച് മീനിന്‍റെ മുമ്പിലായി നിന്ന് കുറേശയായി കയ്യിലെ മണല്‍ വെള്ളത്തില്‍ ഒഴുക്കും. അത് വന്ന് മീനിനെ മൂടും. പിന്നെ അതിനെ ഒറ്റ പിടുത്തമാണ്.

പുഴ വെള്ളത്തില്‍ നിന്ന് ചിലപ്പോള്‍ ചെമ്മീന്‍ കിട്ടുമെന്നും താറാവ് പുഴയില്‍ ഇറങ്ങിയ ദിവസം ചിലപ്പോള്‍ അതിന്‍റെ മുട്ട കിട്ടുമെന്നും ആ മുട്ടക്ക് തോടിന്ന് പകരം പാട പോലെ ഒരു തോല്‍ മാത്രമേ കാണു എന്നും ഞാന്‍ മനസ്സിലാക്കിയത് മീന്‍
പിടുത്തക്കാര്‍ക്ക് ശിങ്കിടിയായി പോയിട്ടാണ്.കരയില്‍ കൂടി നടക്കലാണ് എന്‍റെ പരിപാടി എങ്കിലും ഒരു ദിവസം തള്ള വിരലിനോളം വലുപ്പമുള്ള ഒരു മീനിനെ ഞാനും പിടിച്ചു. വലിയ സന്തോഷത്തില്‍ അത് കൂട്ടുകാര്‍ക്ക് കാണിച്ചപ്പോള്‍ ' ഇത് ചട്ടിക്കാടനല്ലേ, ഇത് നന്നല്ല, കളഞ്ഞോളു ' എന്ന അഭിനന്ദനമാണ് കിട്ടിയത്.

നായാട്ടിന്ന് പോകുമ്പോഴും എന്നെ കൂട്ടിന്ന് വിളിക്കും. തലയില്‍ ഹെഡ് ലൈറ്റ് വെച്ച് കയ്യില്‍ തോക്കുമായി ബാബ്ജിക്ക മുന്നില്‍
നടക്കും. പുറകില്‍ പരിവാരങ്ങളും. മീന്‍ പിടുത്തത്തില്‍ നിന്നുള്ള ഏക വ്യത്യാസം നായാട്ടിന്ന് പോകുമ്പോള്‍ സംസാരിക്കാന്‍
പാടില്ല എന്നതാണ്. വല്ലപ്പോഴും മുയലോ ഒന്നോ രണ്ടോ പ്രാവശ്യം പോക്കാന്‍ എന്ന് വിളിക്കുന്ന കാട്ടുപൂച്ചയോ ഒക്കെ കിട്ടിയിട്ടുമുണ്ട്.

പകല്‍ നേരത്ത് പ്രാവിനെ വെടിവെക്കാന്‍ പോകും. തോക്കിന്ന് പുറമേ എയര്‍ഗണ്ണും കയ്യിലുണ്ടാവും. ശിഷ്യന്മാരും കഴിവ് തെളിയിക്കണമെന്ന് ബാബ്ജിക്കാന് നിര്‍ബന്ധമുണ്ട്. ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് എന്‍. സി. സി പരിശീലനം
നിര്‍ബന്ധമായിരുന്നു. അന്ന് തോക്ക് കൈകര്യം ചെയ്യാന്‍ പഠിപ്പിച്ചിരുന്നുവെങ്കിലും പക്ഷികളെ വെടി വെക്കാന്‍ ശ്രമിച്ച എല്ലാ പ്രാവശ്യവും ഞാന്‍ പരാജയപ്പെട്ടു. ഉണ്ണിയെ ഞാന്‍ ഉന്നം പഠിപ്പിച്ച് മിടുക്കനാക്കാം എന്ന് ബാബ്ജിക്ക ഏറ്റു.

ഒരു ദിവസം ബാബ്ജിക്ക എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. ചെല്ലുമ്പോള്‍ വെടുപ്പായ സ്വീകരണം. നാക്കിലയില്‍ പത്തിരി വിളമ്പി. അതിന്ന് മീതെ ഒരു കൂട്ടാനും. നല്ല എരിവ്. കടിച്ചാല്‍ തട്ടുന്നില്ല. ' സാധനം എങ്ങിനെയുണ്ട് ' എന്ന് ബാബ്ജിക്ക ചോദിച്ചു.
' ബസ്സിന്‍റെ സീറ്റിലെ സ്പോഞ്ച് പുഴുങ്ങിയത് മാതിരി തോന്നുന്നു ' എന്ന് ഞാന്‍ പറഞ്ഞു. ഒരു പൊട്ടിച്ചിരി ഉയര്‍ന്നു.
' ഉണ്ണി ഇറച്ചി കൂട്ടാറില്ലേ ' എന്ന് ബാബ്ജിക്കയുടെ ഭാര്യ ചോദിച്ചു. ഇല്ല എന്ന് ഞാന്‍ പറഞ്ഞതോടെ എന്‍റെ മുന്നിലെ പ്ലേറ്റ് അവര്‍ എടുത്ത് മാറ്റി.

തോക്ക് ഉപയോഗിക്കുന്ന വിധം ബാബ്ജിക്ക എനിക്ക് പറഞ്ഞു തന്നു. എന്‍. സി. സി യിലെ മുന്‍ പരിചയം കാരണം സംഗതി വേഗം പഠിഞ്ഞു. ഇനി പ്രായോഗിക പരിശീലനം വേണം. പോയന്‍റ് ടൂ. ടൂ. തോക്ക് എന്‍റെ കയ്യില്‍ തന്നു. ഭാഗ്യത്തിന് ഉമ്മറത്തെ മാവില്‍ ഒരു കാക്ക ഇരിപ്പുണ്ട്. മറഞ്ഞ് നിന്ന് അതിനെ വെടി വെച്ചിടാന്‍ ഗുരു പറഞ്ഞു. വീണ്ടും എനിക്ക് ഒരു പരിഭ്രമം. അപ്പോള്‍ ബാബ്ജിക്ക ദ്രോണാചാര്യരായി, ഞാന്‍ അര്‍ജ്ജുനനും. എല്ലാ ശ്രദ്ധയും ലക്ഷ്യത്തില്‍ മാത്രമാക്കി ഞാന്‍
കാഞ്ചി വലിച്ചു.

എത്ര കിറു കൃത്യം. ഉണ്ട മാവില്‍ നിന്നും പത്തടി അകലെയുള്ള തൈത്തെങ്ങിന്‍റെ ചുവട്ടില്‍ വെള്ളം നിറച്ചു വെച്ച തൊട്ടിയില്‍ തന്നെ കൊണ്ടു. അതില്‍ വീണ സുക്ഷിരത്തിലൂടെ വെള്ളം തെറിച്ച് മുറ്റത്ത് വീണു.




------- എല്ലാവര്‍ക്കും നവരാത്രി ആശംസകള്‍.---------

( ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്‍റെ 18 ഉം 19 ഉം അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. )

Saturday, September 19, 2009

സേതു ബന്ധനം .

സേതു ഒരിക്കലും എന്‍റെ ഒരു സുഹൃത്ത് ആയിരുന്നില്ല. കുട്ടിമാമയുടെ വീട്ടില്‍ വാടകക്ക് താമസിച്ചിരുന്ന കുടുംബത്തിലെ മൂത്ത സന്താനമായിരുന്നു അവന്‍. എന്നെക്കാള്‍ ഒന്നോ രണ്ടൊ വയസ്സിന്‍റെ കുറവേ അവന്ന് ഉണ്ടായിരുന്നുള്ളു. പക്ഷെ ബിരുദം നേടി ഞാന്‍ ജോലിക്കാരനായിരുന്നു ആ കാലത്ത്. സേതുവാകട്ടെ പത്താം ക്ലാസ്സിന്‍റെ പടി തുറന്ന് വെളിയില്‍ കടക്കാനുള്ള യത്നത്തിലും.

സേതു ഞങ്ങളുടെ ഒക്കെ ഒരു ശിങ്കിടി ആയിരുന്നു. വൈകീട്ട് എല്ലാവരും കയ്യില്‍ ഓരോ ബാറ്റുമായി സുജായികളായി കോര്‍ട്ടിലേക്ക് കളിക്കാന്‍ പോവുമ്പോള്‍ നെറ്റും തൂക്കി അവന്‍ കൂടെ വരും. ആര്‍ക്കെങ്കിലും ബീഡിയോ സിഗററ്റോ വേണമെന്ന് തോന്നിയാല്‍ അത് വാങ്ങി വരാനുള്ള ദൌത്യം സേതുവിന്‍റേതാണ്. എന്നിരുന്നാലും ആരും അവനെ പറ്റി നല്ലൊരു അഭിപ്രായം പറയാറില്ല.

സേതുവിന്ന് എന്നെ വലിയ കാര്യമായിരുന്നു. ഞാന്‍ ഇടക്ക് അവന്ന് സിഗററ്റ് കൊടുക്കും. വല്ലപ്പോഴും രണ്ടോ മൂന്നോ രൂപയും. പറഞ്ഞാല്‍ കേള്‍ക്കുന്നതിന്നുള്ള പ്രതിഫലമായിരുന്നു അത്. ക്രമേണ അവന്‍ ഒരു സന്തത സഹചാരിയായി മാറി.

' എന്തിനാ അവനെ കൂടെ നടത്തുന്നത്, മുകളില്‍ കൂടി പോവുന്ന കിണുക്ക് ( ചൊട്ട് ) ഏണി വെച്ച് കേറി തലയില്‍ വാങ്ങിക്കുന്ന സൈസാണ് അവന്‍ ' എന്നും 'അടി പാര്‍സലായി വരുത്തിക്കുന്നവാണ് സേതു ' എന്നും മറ്റു കൂട്ടുകാര്‍ പറയും. ഞാന്‍
അതൊന്നും ശ്രദ്ധിച്ചില്ല. എന്‍റെ നോട്ടത്തില്‍ ഒരു സാധു പയ്യനാണ് സേതു. കുറ്റം പറയുന്നവര്‍ക്ക് കൂടി തന്നാല്‍ കഴിയുന്ന സഹായം ചെയ്യുന്നവന്‍.

കാലവര്‍ഷം തുടങ്ങിയ സമയം. വൈകീട്ട് കനത്ത കാറ്റും മഴയും. പരിസര പ്രദേശത്തൊക്കെ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായതായി കേട്ടു. പിറ്റേന്ന് ഞായറാഴ്ച. മണ്ണൂര്‍, കേരളശ്ശേരി, കോങ്ങാട് ഭാഗത്തൊക്കെ കാറ്റ് വളരെ കെടുതികള്‍ സൃഷ്ടിച്ച വാര്‍ത്ത കാലത്ത് കടവത്ത് അങ്ങാടിയില്‍ ചെന്നപ്പോള്‍ അറിഞ്ഞു. ഏതായാലും പ്രത്യേകിച്ച് പണിയൊന്നുമില്ല. ഒന്ന് പോയി കാണാം. മുപ്പതോളം കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടണമെന്നേയുള്ളു.

വിവരം അറിഞ്ഞപ്പോള്‍ സേതുവും കൂടെ പുറപ്പെട്ടു. വാടകക്ക് ഒരു സൈക്കിള്‍ അവനെടുത്തു. ഞാന്‍ എന്‍റെ സൈക്കിളിലും. വഴി നീളെ വര്‍ത്തമാനം പറഞ്ഞ് ഞങ്ങള്‍ സൈക്കിള്‍ ഓടിച്ചു. മരങ്ങള്‍ കട പുഴങ്ങി വീണതും , വീടുകളുടെ ഓടുകള്‍ പറന്ന് പോയതും , വാഴത്തോട്ടങ്ങള്‍ നശിച്ചതും ഒക്കെ നോക്കി ഞങ്ങളങ്ങിനെ നീങ്ങി. ഓരോന്ന് കാണുമ്പോഴും' വല്ലാത്ത കഷ്ടമായി 'എന്ന് സേതു പറയും.

വഴി വക്കിലെ ഒരു വീടിന്ന് മുകളില്‍ നിറയെ കായ്ചിട്ടുള്ള പ്ലാവ് വീണ് വീടാകെ തകര്‍ന്ന് കിടക്കുന്നത് കണ്ടു. ആ വീടിന്‍റെ മുറ്റത്ത് ഒരു ബെഞ്ചിട്ട് രണ്ടു മൂന്ന് പേര്‍ അതില്‍ ഇരിപ്പുണ്ട്. രംഗം കാണാനെത്തിയ പത്തോളം പേര്‍ എല്ലാം നോക്കി നില്‍ക്കുന്നു. വസ്തുതകള്‍ നോക്കി മനസ്സിലാക്കാമെന്ന് കരുതി ഞങ്ങളും ആ പുരയിടത്തിലേക്ക് കയറി. വികട സരസ്വതി നാവില്‍ എപ്പോഴാണ് വിളയാടുക എന്ന് പറയാനാവില്ലല്ലോ. ആ സമയത്ത് സേതു വായ തുറന്നു. 'ഏട്ടാ, നോക്കൂ ആ വീട്ടുകാരുടെ ഒരു ഭാഗ്യം. ചക്ക
ഇടാന്‍ അവര്‍ക്ക് പ്ലാവില്‍ കയറാതെ കഴിഞ്ഞു ' എന്ന് ഉറക്കെ തിരുവായ് മൊഴി ഉണ്ടായി. പിന്നെ തെറിയുടെ ഒരു അയ്യരു
കളിയായിരുന്നു. എന്‍റെ ദൈന്യത കണ്ടിട്ടാവണം ആരും കൈ വെക്കാതെ വിട്ടത്.

പിന്നെ ഒന്നും മിണ്ടാതെ ഞാന്‍ സൈക്കിള്‍ വിട്ടു. എനിക്ക് ദേഷ്യം വന്നു എന്ന് സേതുവിന്ന് മനസ്സിലായി. മുണ്ടൂര് കഴിഞ്ഞ് റബ്ബര്‍ തോട്ടത്തിന്ന് അടുത്ത് എത്തിയപ്പോള്‍ തോട്ടം പണി കഴിഞ്ഞ് കുറെ സ്ത്രീകള്‍ പാതയില്‍ ഇറങ്ങി നില്‍പ്പുണ്ട്. അതേ വരെ കൂച്ച് വിലങ്ങ് ഇട്ട നാവ് വീണ്ടും ചലിച്ചു. കൂട്ടത്തില്‍ ചിലരുടെ അംഗ ലാവണ്യത്തെ പറ്റി അശ്ലീല ചുവയുള്ള ഒരു പരാമര്‍ശമാണ്
ഇത്തവണ പുറപ്പെട്ടത്. തേച്ചാലും കുളിച്ചാലും പോകാത്ത ഏതാനും വാക്കുകള്‍ ആ സ്ത്രീകളില്‍ നിന്നും ഉയര്‍ന്നു. ' കിട്ടിയത് നീ തന്നെ എടുത്തോ ' എന്ന മട്ടില്‍ ഞാന്‍ ശ്രദ്ധിക്കാതെ നീങ്ങി.

പിന്നീട് കുറെ കാലത്തേക്ക് എവിടേക്കും അവനെ കൂടെ കൂട്ടാതായി. കൂട്ടുകാര്‍ എല്ലാവരും ഒറ്റക്കും കൂട്ടമായും അവനെ കുറ്റപ്പെടുത്തിയതിനാല്‍ സേതു അതിന്ന് ശേഷം ഒരു വിക്രസ്സും ഒപ്പിച്ചില്ല. ക്രമേണ അവന്‍ ഞങ്ങളുടെ ദൃഷ്ടിയില്‍ നല്ലപുള്ളയായി.
ഒരു ദിവസം പാലക്കാട്ടേക്ക് സെക്കന്‍ഡ് ഷോ സിനിമക്ക് എല്ലാവരും കൂടി പോകാനൊരുങ്ങി. സൈക്കിളില്‍ ആണ് യാത്ര. ടിക്കറ്റ് വാങ്ങി കാത്ത് നില്‍ക്കാമെന്നും പറഞ്ഞ് ഞാന്‍ മുന്നില്‍ വിട്ടു. കുറച്ച് കഴിഞ്ഞപ്പോള്‍ സേതു ഒപ്പം എത്തി. ' എന്ത് മരണ ചവിട്ടാണ് ഇത്. ഞാന്‍ പെടാപ്പാട് പെട്ടു ഒപ്പം എത്താന്‍. ഏട്ടന്‍റെ സൈക്കിളിന്‍റെ വെളിച്ചത്തില്‍ എനിക്കും വരാമല്ലോ എന്ന് കരുതിയിട്ടാണ് ' എന്ന് അവന്‍ പറഞ്ഞു. കാര്യം ശരിയാണ്. അവന്‍ വാടകക്ക് എടുത്ത സൈക്കിളില്‍ വിളക്കില്ല.

കല്ലേക്കാട് ബാരക്സിന്ന് മുമ്പിലെത്തിയപ്പോള്‍ ഒരു പൊലീസുകാരന്‍ സേതുവിനോട് നില്‍ക്കാന്‍ പറഞ്ഞു. അവന്‍ നിന്നില്ല എന്ന് മാത്രമല്ല ഒരു മുട്ടന്‍ തെറിയും പാസ്സാക്കി. ഈ വീര സാഹസികത വിളമ്പിക്കൊണ്ടിരിക്കുമ്പോള്‍ ക്യാമ്പിന്‍റെ മുന്നില്‍ നിന്ന് വീണ്ടും
പൊലീസിന്‍റെ നില്‍ക്കാനാവശ്യപ്പെടല്‍. കാര്യങ്ങള്‍ പഴയ പടി തുടര്‍ന്നു. കുറെ അകലെയുള്ള കുന്ന് കയറുമ്പോള്‍ സേതു തിരിഞ്ഞ് നോക്കി. എ. ആര്‍. ക്യാമ്പില്‍ നിന്ന് ഒരു വാഹനം മെയിന്‍ റോഡിലേക്കിറങ്ങി കിഴക്കോട്ട് തിരിച്ചു. 'ഏട്ടോ, ചതിച്ചു. ക്യാമ്പില്‍ നിന്ന് വണ്ടി വരുന്നുണ്ട്. പിടിച്ചാല്‍ അവര് എന്നെ പൊശുക്കും ' എന്ന് അവന്‍ സങ്കടപ്പെട്ടു.

പിന്നെ സൈക്കിളുകള്‍ അന്താരാഷ്ട്ര മത്സരത്തിന്ന് ഓടിക്കുന്നതിനേക്കാള്‍ വേഗത്തിലാണ് പറന്നത്. രണ്ടാം മൈലില്‍ എത്തിയപ്പോള്‍ സേതു സൈക്കിള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. രണ്ട് സൈക്കിളുകളും അവന്‍ കലുങ്കിന്‍റെ ചുവട്ടിലേക്ക് ഇട്ടു. പുറകെ അവനും
കുഴിയിലേക്ക് ചാടി. ഒന്നും അറിയാത്തത് പോലെ ഞാന്‍ റോഡിന്നരികിലൂടെ നടന്നു. പുറകിലെ പ്രകാശം അടുത്തെത്തി.
പൊലീസ് ക്യാമ്പിലേക്ക് വെള്ളം കടത്തുന്ന ലോറിയായിരുന്നു അത്. എന്നില്‍ നിന്ന് ഒരു ദീര്‍ഘ നിശ്വാസം ഉയര്‍ന്നു.

സേതു രണ്ട് സൈക്കിളുകളും നിമിഷ നേരം കൊണ്ട് മുകളിലെത്തിച്ചു. ഇതിനകം കൂട്ടുകാരൊക്കെ അടുത്ത് എത്തി കഴിഞ്ഞു.
അന്നത്തെ യാത്രക്ക് ശേഷം സേതുവിനോടൊപ്പം ഞാന്‍ ഒരു സ്ഥലത്തേക്കും പോയിട്ടില്ല. ഏറെ താമസിയാതെ സേതുവിന്‍റെ കുടുംബം സ്ഥലം മാറിപ്പോയി.

വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം ഞാന്‍ ടൌണില്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയാണ്. 'ഏട്ടോ, സുഖം തന്നെയല്ലേ'
എന്ന കുശലം കേട്ട് നോക്കിയപ്പോള്‍ ഡ്രൈവറുടെ സീറ്റില്‍ സേതു. അച്ഛന്‍ മരിച്ചുപോയെന്നും ഇതാണ് ഇപ്പോഴത്തെ തൊഴില്‍
എന്നും അവന്‍ പറഞ്ഞു. പഴയ കൂട്ടുകാരുടെ വിവരങ്ങള്‍ അവന്‍ ചോദിച്ചറിഞ്ഞു.

ഇറങ്ങാന്‍ നേരം ഞാന്‍ പൈസ കൊടുത്തപ്പോള്‍ അവന്‍ നിരസിച്ചു. 'എത്രയോ പൈസ നിങ്ങള് എനിക്ക് വെറുതെ തന്നിട്ടുണ്ട്. എന്നിട്ട് ഞാന്‍ നിങ്ങളുടെ കയ്യില്‍ നിന്നും പണം വാങ്ങ്വേ 'എന്നും പറഞ്ഞ് ചിരിച്ചുകൊണ്ട് അവന്‍ വണ്ടി ഓടിച്ച് പോയി.

( ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്‍റെ 16 ഉം 17 ഉം അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. )

Friday, September 11, 2009

മാതൃ സ്മരണയില്‍.

അമ്മയുടെ ഏക മകനായതിനാലാവാം അമ്മയും ഞാനും വളരെ സ്നേഹത്തിലായിരുന്നു. ഏത് കാര്യത്തിലായാലും അമ്മയുടെ തീരുമാനം അന്തിമമായിരുന്നു. ആദ്യമായി പെണ്ണ് കണ്ടിട്ട് വരികയാണ്. തിരിച്ച് പോരുമ്പോള്‍ ഡ്രൈവര്‍ 'എങ്ങിനെ, കുട്ടിയെ ഇഷ്ടമായോ 'എന്ന് എന്നോട് ചോദിച്ചു. മറുപടി പറയും മുമ്പ് ' എനിക്ക് ഇഷ്ടപ്പെട്ടില്ല 'എന്ന് അമ്മ പറഞ്ഞു. സുന്ദരിയെ തിരഞ്ഞെടുത്തതും അമ്മയാണ്.

അമ്പത് കൊല്ലത്തെ ഒരുമിച്ചുള്ള ഞങ്ങളുടെ ജീവിതത്തില്‍ അഭിപ്രായ വ്യത്യാസം എന്നൊന്ന് തീര്‍ത്തും ഇല്ലായിരുന്നു. എങ്കിലും അവസാന ഘട്ടത്തില്‍ അമ്മയുടെ പെരുമാറ്റത്തില്‍ എന്തോ ചില താളപ്പിഴകള്‍ തോന്നിച്ചിരുന്നു. കല്‍പ്പിച്ച് കൂട്ടി ഓരോന്ന് കാട്ടി
ക്കൂട്ടുന്നതാണോ അതല്ല, പ്രായം ചെല്ലുമ്പോള്‍ ബുദ്ധിക്ക് സംഭവിക്കുന്ന കുറവാണോ എന്ന് ശങ്ക തോന്നിപ്പിക്കുന്ന പ്രവര്‍ത്തികള്‍
അമ്മ ചെയ്തു വന്നു.

സന്ധ്യക്ക് ദീപം തെളിയിച്ച് നാമം ചൊല്ലണം എന്നത് അമ്മക്ക് നിര്‍ബന്ധമായിരുന്നു. അതിനാല്‍ ഞാനും മക്കളും ഒന്നിച്ച് നാമം
ചൊല്ലും. സഹസ്രനാമം ജപിക്കും. അമ്മ അതെല്ലാം കേട്ട് അരികത്ത് ഇരിക്കും. ടേപ്പ് റിക്കോര്‍ഡര്‍ വാങ്ങിച്ചതോടെ വൈകീട്ട് അഞ്ചര ആയാല്‍ അതില്‍ ഭക്തി ഗാനങ്ങള്‍ വെപ്പിച്ച് അമ്മ അത് ആസ്വദിച്ച് കേള്‍ക്കും.

പതിവ് പോലെ ഒരു സന്ധ്യ നേരത്ത് ഭക്തി ഗാനം വെച്ചതും അമ്മ ഇടപെട്ടു. ' ഇത് വേണ്ടാ, മോഹന്‍ലാല്‍ പാടുന്ന പാട്ട് മതീ ' എന്നായി അമ്മ.' തേന്മാവിന്‍ കൊമ്പത്ത് ' എന്ന പടത്തില്‍ ലാല്‍ അഭിനയിച്ച ഒരു ഗാനരംഗമുണ്ട്. കറുത്തപെണ്ണേ എന്ന പാട്ട്. അമ്മക്ക് അത് ഇഷ്ടമാണ്. ടി.വി.യില്‍ ആ രംഗം നോക്കി ഇരിക്കും. ആ പാട്ടാണ് ആവശ്യപ്പെടുന്നത്. എന്തിനധികം അയ്യപ്പ
സ്തോത്രം ആ ഗാനത്തിന്ന് വഴി മാറി.

മക്കള്‍ ടി.വി.യില്‍ ക്രിക്കറ്റ് കാണുകയാണ്. ' ആ കളിക്കുന്ന കുട്ടികള് എന്താ കുടിക്കുന്നത് ' അമ്മ ചോദിച്ചു. അത് ' പെപ്സിയാണ് അമ്മമ്മേ ' എന്ന് മന്നു പറഞ്ഞതും 'എന്നാല്‍ എനിക്ക് ഇപ്പൊ അത് വേണം ' എന്ന് അമ്മ ആവശ്യപ്പെട്ടു. മകന്‍ സൈക്കിളില്‍ ചെന്ന് അഞ്ച് മിനുട്ടിനകം സാധനവുമായി എത്തി. കുപ്പി കയ്യില്‍ കൊടുത്തു.' ഇതെന്താ ' എന്ന് അമ്മ ചോദിച്ചു. ഇതാണ് അമ്മമ്മ ചോദിച്ച പെപ്സി എന്ന് പറഞ്ഞതും ' അയ്യേ, ഞാന്‍ ഇതൊന്നും കുടിക്കാറില്ല. നിങ്ങള് തന്നെ കുടിച്ചോളിന്‍ ' എന്ന് പറഞ്ഞ് അമ്മ അത് നിരസിച്ചു. അമ്മ അത് വേണമെന്ന് പറഞ്ഞതാണല്ലോ എന്ന് പറഞ്ഞെങ്കിലും ഞാന്‍
അത് ചോദിച്ചീട്ടേയില്ല എന്ന് അമ്മ തറപ്പിച്ച് പറഞ്ഞു.

ഇതേ പോലെ ഒരു ദിവസം പച്ച മുന്തിരിങ്ങ വേണം എന്ന് ആവശ്യപ്പെടുകയും വാങ്ങി കൊടുത്തപ്പോള്‍ ' എനിക്ക് ഇതൊന്നും
വേണ്ടാ, കുട്ട്യോള് തിന്നോട്ടെ ' എന്ന് പറയുകയും ചെയ്തു. അന്നും അമ്മ പറഞ്ഞിട്ടാണ് വാങ്ങിയത് എന്ന കാര്യം അമ്മ സമ്മതിച്ചില്ല.ചില ദിവസങ്ങളില്‍ ഭക്ഷണം കഴിഞ്ഞ് കുറച്ച് കഴിഞ്ഞാല്‍ ' എനിക്ക് ഒന്നും കിട്ടിയില്ല, ഞാന്‍ ഒന്നും കഴിച്ചില്ല ' എന്നൊക്കെ പറയുമായിരുന്നു.

രാവിലെ ഞാന്‍ ജോലിക്ക് പോവാനിറങ്ങുമ്പോള്‍ അമ്മയെ നമസ്കരിക്കും. അപ്പോള്‍ സന്തോഷത്തോടെ ചിരിച്ച് യാത്ര അയക്കും. ചില ദിവസങ്ങളില്‍ വൈകീട്ട് വീട്ടിലെത്തുമ്പോള്‍ തികച്ചും അപരിചിതനെ നോക്കുന്നത് പോലെ പകച്ച് ഒരു നോട്ടം നോക്കും. എനിക്ക് ഒന്നും മനസ്സിലാവില്ല. ഈ ശീലങ്ങള്‍ കാരണം ഞാന്‍ അനുഭവിച്ച മനസ്സംഘര്‍ഷങ്ങള്‍ക്ക് അതിരില്ല. കൂടപ്പിറപ്പുകള്‍ ഇല്ലാത്ത ഒറ്റയാനായതിനാല്‍ എന്‍റെ സങ്കടങ്ങള്‍ പങ്കുവെക്കാനും ആരുമുണ്ടായിരുന്നില്ല. പകല്‍ മുഴുവന്‍ ഇതൊക്കെ സഹിക്കുന്ന ഭാര്യയെ എന്‍റെ വിഷമങ്ങള്‍ പറഞ്ഞ് വീണ്ടും ദുഃഖിപ്പിക്കുന്നത് ശരിയല്ലല്ലോ.

ഒരു ഒഴിവ് ദിവസം അമ്മ എന്നെ വിളിച്ച് അടുത്തിരുത്തി. ' ഈ വീട് ആരുടെ പേരിലാണ് ' എന്ന് ചോദിച്ചു.' അമ്മയുടെ പേരില്. പടിക്കല്‍ അത് എഴുതി വെച്ചിട്ടുണ്ടല്ലോ ' എന്ന് ഞാന്‍ പറഞ്ഞു. ' അത് വെറുതെ . നികുതിപ്പണം അടക്കുന്നത്
നിന്‍റെ പേരിലാണ് എന്ന് കേട്ടല്ലോ ' എന്നായി അമ്മ. വീട് പണിക്ക് ലോണ്‍ എടുക്കാനുള്ള സൌകര്യത്തിന്ന് കടലാസ്സുകള്‍ എന്‍റെ പേരിലാക്കി എന്നേയുള്ളു എന്നും പേര് അമ്മയുടെ ആണെന്നും നമ്മളില്‍ ആരുടെ പേരിലായാലും ഒരു പോലെ തന്നെയല്ലേ എന്നൊക്കെയുള്ള എന്‍റെ വാദങ്ങള്‍ അമ്മക്ക് സ്വീകാര്യമായില്ല.

എനിക്ക് വീട് ഇല്ല എന്ന പരാതി അന്ന് തുടങ്ങി. ഒടുവില്‍ ഒരു ദിവസം ' വീട് അമ്മയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത് കൊടുക്കൂ ' എന്ന് സുന്ദരി നിര്‍ദ്ദേശിച്ചു. ആധാരം എഴുത്തുകാരന്‍ കുമാരന്‍ നായരെ ഞാന്‍ ചെന്നു കണ്ടു. ആവശ്യം അറിയിച്ചതും
' കുട്ടിയുടെ പേരിലായാലും അമ്മയുടെ പേരിലായാലും എന്താ വ്യത്യാസം. പിന്നെ വയസ്സ് കാലത്ത് എന്തിനാ അവരുടെ പേരിലാക്കുന്നത്. ഇതൊക്കെ പണചിലവുള്ള കാര്യമല്ലേ ' എന്ന് അദ്ദേഹം ചോദിച്ചു. എനിക്ക് ഉള്ള സത്യം പറയാന്‍ കഴിയില്ല. റെയില്‍വെ സ്റ്റേഷന്ന് മുമ്പിലുള്ള എന്‍റെ സ്ഥലത്ത് വേറൊരു വീട് കെട്ടണമെന്നുണ്ടെന്നും കെ. എല്‍. യു. കിട്ടാന്‍ എന്‍റെ പേരില്‍
വീട് ഉണ്ടാവാന്‍ പാടില്ലാത്തത് കാരണം അമ്മയുടെ പേരില്‍ മാറ്റുകയാണെന്നും ഞാന്‍ ഒരു കാരണം പറഞ്ഞു.

അങ്ങിനെയാണെങ്കില്‍ നമുക്ക് ഒരു സെറ്റില്‍മെന്‍റ് ആധാരം റജിസ്റ്റര്‍ ചെയ്യാമെന്നും അതാണെങ്കില്‍ കുറച്ച് പണം മതി എന്നും
കുമാരേട്ടന്‍ പറഞ്ഞു തന്നു. അപ്രകാരം ആധാരം റജിസ്റ്റര്‍ ചെയ്തു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുമാരേട്ടന്‍റെ സഹായി മുഹമ്മദ് ആധാരം കൊണ്ടുവന്ന് തന്നു. ഞാന്‍ അത് അമ്മയെ ഏല്‍പ്പിച്ചു. ' എന്താ ഇത് ' അമ്മ ചോദിച്ചു. വീട് അമ്മയുടെ പേരില്‍
മാറ്റിയ ആധാരമാണ് എന്ന് ഞാന്‍ പറഞ്ഞു. അമ്മ അത് കൈ നീട്ടി വാങ്ങി. ആ കവര്‍ അന്ന് മുഴുവന്‍ അമ്മ കയ്യില്‍ നിന്നും
താഴെ വെച്ചില്ല.

പിറ്റേന്ന് രാവിലെ അമ്മ എന്നെ വിളിച്ചു.' കുമാരേട്ടനെ ഒന്ന് വരാന്‍ പറയണം ' എന്ന് ആവശ്യപ്പെട്ടു. ഇനി എന്താണ് മനസ്സിലിരുപ്പ് എന്ന് ഞാന്‍ അമ്പരന്നു. ' അത് എന്തിനാ അമ്മേ ' എന്ന് ഞാന്‍ തിരക്കി. ' അതേയ്, ഈ വീട് കുട്ടിയുടെ പേരില്‍ മാറ്റി തരാനാണ് 'എന്ന് അമ്മ പറഞ്ഞു. അത്ഭുതമോ, സങ്കടമോ എന്താണ് എനിക്ക് തോന്നിയത് എന്ന് പറയാനാവില്ല. ഇതിന് വേണ്ടിയാണെങ്കില്‍ ഇല്ലാത്ത കാശുണ്ടാക്കി ആധാരം റജിസ്റ്റര്‍ ചെയ്യിക്കുന്നത് വരെ എന്തിന് എല്ലാ ദിവസവും അമ്മ പരാതിപ്പെട്ടു.

' ശരി ചെയ്യാട്ടോ ' എന്നും പറഞ്ഞ് ഞാന്‍ പിന്മാറി. അത് കഴിഞ്ഞ് ഏറെ കാലം ആവും മുമ്പ് അമ്മ മരിച്ചു. ആ സ്ഥലം
പിന്‍തുടര്‍ച്ചാവകാശത്തില്‍ എന്‍റെ കയ്യില്‍ വന്നെങ്കിലും ആധാരം എന്‍റെ അമ്മയുടെ മോഹം സാധിപ്പിച്ചതിന്‍റെ സ്മരണക്കായി ഇന്നും ഞാന്‍ സൂക്ഷിച്ച് വെച്ചിരിക്കുന്നു .

( ഓര്‍മ്മത്തെറ്റ് പോലെ എന്ന നോവലിന്‍റെ 14 ഉം 15 ഉം അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. )