Friday, September 11, 2009

മാതൃ സ്മരണയില്‍.

അമ്മയുടെ ഏക മകനായതിനാലാവാം അമ്മയും ഞാനും വളരെ സ്നേഹത്തിലായിരുന്നു. ഏത് കാര്യത്തിലായാലും അമ്മയുടെ തീരുമാനം അന്തിമമായിരുന്നു. ആദ്യമായി പെണ്ണ് കണ്ടിട്ട് വരികയാണ്. തിരിച്ച് പോരുമ്പോള്‍ ഡ്രൈവര്‍ 'എങ്ങിനെ, കുട്ടിയെ ഇഷ്ടമായോ 'എന്ന് എന്നോട് ചോദിച്ചു. മറുപടി പറയും മുമ്പ് ' എനിക്ക് ഇഷ്ടപ്പെട്ടില്ല 'എന്ന് അമ്മ പറഞ്ഞു. സുന്ദരിയെ തിരഞ്ഞെടുത്തതും അമ്മയാണ്.

അമ്പത് കൊല്ലത്തെ ഒരുമിച്ചുള്ള ഞങ്ങളുടെ ജീവിതത്തില്‍ അഭിപ്രായ വ്യത്യാസം എന്നൊന്ന് തീര്‍ത്തും ഇല്ലായിരുന്നു. എങ്കിലും അവസാന ഘട്ടത്തില്‍ അമ്മയുടെ പെരുമാറ്റത്തില്‍ എന്തോ ചില താളപ്പിഴകള്‍ തോന്നിച്ചിരുന്നു. കല്‍പ്പിച്ച് കൂട്ടി ഓരോന്ന് കാട്ടി
ക്കൂട്ടുന്നതാണോ അതല്ല, പ്രായം ചെല്ലുമ്പോള്‍ ബുദ്ധിക്ക് സംഭവിക്കുന്ന കുറവാണോ എന്ന് ശങ്ക തോന്നിപ്പിക്കുന്ന പ്രവര്‍ത്തികള്‍
അമ്മ ചെയ്തു വന്നു.

സന്ധ്യക്ക് ദീപം തെളിയിച്ച് നാമം ചൊല്ലണം എന്നത് അമ്മക്ക് നിര്‍ബന്ധമായിരുന്നു. അതിനാല്‍ ഞാനും മക്കളും ഒന്നിച്ച് നാമം
ചൊല്ലും. സഹസ്രനാമം ജപിക്കും. അമ്മ അതെല്ലാം കേട്ട് അരികത്ത് ഇരിക്കും. ടേപ്പ് റിക്കോര്‍ഡര്‍ വാങ്ങിച്ചതോടെ വൈകീട്ട് അഞ്ചര ആയാല്‍ അതില്‍ ഭക്തി ഗാനങ്ങള്‍ വെപ്പിച്ച് അമ്മ അത് ആസ്വദിച്ച് കേള്‍ക്കും.

പതിവ് പോലെ ഒരു സന്ധ്യ നേരത്ത് ഭക്തി ഗാനം വെച്ചതും അമ്മ ഇടപെട്ടു. ' ഇത് വേണ്ടാ, മോഹന്‍ലാല്‍ പാടുന്ന പാട്ട് മതീ ' എന്നായി അമ്മ.' തേന്മാവിന്‍ കൊമ്പത്ത് ' എന്ന പടത്തില്‍ ലാല്‍ അഭിനയിച്ച ഒരു ഗാനരംഗമുണ്ട്. കറുത്തപെണ്ണേ എന്ന പാട്ട്. അമ്മക്ക് അത് ഇഷ്ടമാണ്. ടി.വി.യില്‍ ആ രംഗം നോക്കി ഇരിക്കും. ആ പാട്ടാണ് ആവശ്യപ്പെടുന്നത്. എന്തിനധികം അയ്യപ്പ
സ്തോത്രം ആ ഗാനത്തിന്ന് വഴി മാറി.

മക്കള്‍ ടി.വി.യില്‍ ക്രിക്കറ്റ് കാണുകയാണ്. ' ആ കളിക്കുന്ന കുട്ടികള് എന്താ കുടിക്കുന്നത് ' അമ്മ ചോദിച്ചു. അത് ' പെപ്സിയാണ് അമ്മമ്മേ ' എന്ന് മന്നു പറഞ്ഞതും 'എന്നാല്‍ എനിക്ക് ഇപ്പൊ അത് വേണം ' എന്ന് അമ്മ ആവശ്യപ്പെട്ടു. മകന്‍ സൈക്കിളില്‍ ചെന്ന് അഞ്ച് മിനുട്ടിനകം സാധനവുമായി എത്തി. കുപ്പി കയ്യില്‍ കൊടുത്തു.' ഇതെന്താ ' എന്ന് അമ്മ ചോദിച്ചു. ഇതാണ് അമ്മമ്മ ചോദിച്ച പെപ്സി എന്ന് പറഞ്ഞതും ' അയ്യേ, ഞാന്‍ ഇതൊന്നും കുടിക്കാറില്ല. നിങ്ങള് തന്നെ കുടിച്ചോളിന്‍ ' എന്ന് പറഞ്ഞ് അമ്മ അത് നിരസിച്ചു. അമ്മ അത് വേണമെന്ന് പറഞ്ഞതാണല്ലോ എന്ന് പറഞ്ഞെങ്കിലും ഞാന്‍
അത് ചോദിച്ചീട്ടേയില്ല എന്ന് അമ്മ തറപ്പിച്ച് പറഞ്ഞു.

ഇതേ പോലെ ഒരു ദിവസം പച്ച മുന്തിരിങ്ങ വേണം എന്ന് ആവശ്യപ്പെടുകയും വാങ്ങി കൊടുത്തപ്പോള്‍ ' എനിക്ക് ഇതൊന്നും
വേണ്ടാ, കുട്ട്യോള് തിന്നോട്ടെ ' എന്ന് പറയുകയും ചെയ്തു. അന്നും അമ്മ പറഞ്ഞിട്ടാണ് വാങ്ങിയത് എന്ന കാര്യം അമ്മ സമ്മതിച്ചില്ല.ചില ദിവസങ്ങളില്‍ ഭക്ഷണം കഴിഞ്ഞ് കുറച്ച് കഴിഞ്ഞാല്‍ ' എനിക്ക് ഒന്നും കിട്ടിയില്ല, ഞാന്‍ ഒന്നും കഴിച്ചില്ല ' എന്നൊക്കെ പറയുമായിരുന്നു.

രാവിലെ ഞാന്‍ ജോലിക്ക് പോവാനിറങ്ങുമ്പോള്‍ അമ്മയെ നമസ്കരിക്കും. അപ്പോള്‍ സന്തോഷത്തോടെ ചിരിച്ച് യാത്ര അയക്കും. ചില ദിവസങ്ങളില്‍ വൈകീട്ട് വീട്ടിലെത്തുമ്പോള്‍ തികച്ചും അപരിചിതനെ നോക്കുന്നത് പോലെ പകച്ച് ഒരു നോട്ടം നോക്കും. എനിക്ക് ഒന്നും മനസ്സിലാവില്ല. ഈ ശീലങ്ങള്‍ കാരണം ഞാന്‍ അനുഭവിച്ച മനസ്സംഘര്‍ഷങ്ങള്‍ക്ക് അതിരില്ല. കൂടപ്പിറപ്പുകള്‍ ഇല്ലാത്ത ഒറ്റയാനായതിനാല്‍ എന്‍റെ സങ്കടങ്ങള്‍ പങ്കുവെക്കാനും ആരുമുണ്ടായിരുന്നില്ല. പകല്‍ മുഴുവന്‍ ഇതൊക്കെ സഹിക്കുന്ന ഭാര്യയെ എന്‍റെ വിഷമങ്ങള്‍ പറഞ്ഞ് വീണ്ടും ദുഃഖിപ്പിക്കുന്നത് ശരിയല്ലല്ലോ.

ഒരു ഒഴിവ് ദിവസം അമ്മ എന്നെ വിളിച്ച് അടുത്തിരുത്തി. ' ഈ വീട് ആരുടെ പേരിലാണ് ' എന്ന് ചോദിച്ചു.' അമ്മയുടെ പേരില്. പടിക്കല്‍ അത് എഴുതി വെച്ചിട്ടുണ്ടല്ലോ ' എന്ന് ഞാന്‍ പറഞ്ഞു. ' അത് വെറുതെ . നികുതിപ്പണം അടക്കുന്നത്
നിന്‍റെ പേരിലാണ് എന്ന് കേട്ടല്ലോ ' എന്നായി അമ്മ. വീട് പണിക്ക് ലോണ്‍ എടുക്കാനുള്ള സൌകര്യത്തിന്ന് കടലാസ്സുകള്‍ എന്‍റെ പേരിലാക്കി എന്നേയുള്ളു എന്നും പേര് അമ്മയുടെ ആണെന്നും നമ്മളില്‍ ആരുടെ പേരിലായാലും ഒരു പോലെ തന്നെയല്ലേ എന്നൊക്കെയുള്ള എന്‍റെ വാദങ്ങള്‍ അമ്മക്ക് സ്വീകാര്യമായില്ല.

എനിക്ക് വീട് ഇല്ല എന്ന പരാതി അന്ന് തുടങ്ങി. ഒടുവില്‍ ഒരു ദിവസം ' വീട് അമ്മയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത് കൊടുക്കൂ ' എന്ന് സുന്ദരി നിര്‍ദ്ദേശിച്ചു. ആധാരം എഴുത്തുകാരന്‍ കുമാരന്‍ നായരെ ഞാന്‍ ചെന്നു കണ്ടു. ആവശ്യം അറിയിച്ചതും
' കുട്ടിയുടെ പേരിലായാലും അമ്മയുടെ പേരിലായാലും എന്താ വ്യത്യാസം. പിന്നെ വയസ്സ് കാലത്ത് എന്തിനാ അവരുടെ പേരിലാക്കുന്നത്. ഇതൊക്കെ പണചിലവുള്ള കാര്യമല്ലേ ' എന്ന് അദ്ദേഹം ചോദിച്ചു. എനിക്ക് ഉള്ള സത്യം പറയാന്‍ കഴിയില്ല. റെയില്‍വെ സ്റ്റേഷന്ന് മുമ്പിലുള്ള എന്‍റെ സ്ഥലത്ത് വേറൊരു വീട് കെട്ടണമെന്നുണ്ടെന്നും കെ. എല്‍. യു. കിട്ടാന്‍ എന്‍റെ പേരില്‍
വീട് ഉണ്ടാവാന്‍ പാടില്ലാത്തത് കാരണം അമ്മയുടെ പേരില്‍ മാറ്റുകയാണെന്നും ഞാന്‍ ഒരു കാരണം പറഞ്ഞു.

അങ്ങിനെയാണെങ്കില്‍ നമുക്ക് ഒരു സെറ്റില്‍മെന്‍റ് ആധാരം റജിസ്റ്റര്‍ ചെയ്യാമെന്നും അതാണെങ്കില്‍ കുറച്ച് പണം മതി എന്നും
കുമാരേട്ടന്‍ പറഞ്ഞു തന്നു. അപ്രകാരം ആധാരം റജിസ്റ്റര്‍ ചെയ്തു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുമാരേട്ടന്‍റെ സഹായി മുഹമ്മദ് ആധാരം കൊണ്ടുവന്ന് തന്നു. ഞാന്‍ അത് അമ്മയെ ഏല്‍പ്പിച്ചു. ' എന്താ ഇത് ' അമ്മ ചോദിച്ചു. വീട് അമ്മയുടെ പേരില്‍
മാറ്റിയ ആധാരമാണ് എന്ന് ഞാന്‍ പറഞ്ഞു. അമ്മ അത് കൈ നീട്ടി വാങ്ങി. ആ കവര്‍ അന്ന് മുഴുവന്‍ അമ്മ കയ്യില്‍ നിന്നും
താഴെ വെച്ചില്ല.

പിറ്റേന്ന് രാവിലെ അമ്മ എന്നെ വിളിച്ചു.' കുമാരേട്ടനെ ഒന്ന് വരാന്‍ പറയണം ' എന്ന് ആവശ്യപ്പെട്ടു. ഇനി എന്താണ് മനസ്സിലിരുപ്പ് എന്ന് ഞാന്‍ അമ്പരന്നു. ' അത് എന്തിനാ അമ്മേ ' എന്ന് ഞാന്‍ തിരക്കി. ' അതേയ്, ഈ വീട് കുട്ടിയുടെ പേരില്‍ മാറ്റി തരാനാണ് 'എന്ന് അമ്മ പറഞ്ഞു. അത്ഭുതമോ, സങ്കടമോ എന്താണ് എനിക്ക് തോന്നിയത് എന്ന് പറയാനാവില്ല. ഇതിന് വേണ്ടിയാണെങ്കില്‍ ഇല്ലാത്ത കാശുണ്ടാക്കി ആധാരം റജിസ്റ്റര്‍ ചെയ്യിക്കുന്നത് വരെ എന്തിന് എല്ലാ ദിവസവും അമ്മ പരാതിപ്പെട്ടു.

' ശരി ചെയ്യാട്ടോ ' എന്നും പറഞ്ഞ് ഞാന്‍ പിന്മാറി. അത് കഴിഞ്ഞ് ഏറെ കാലം ആവും മുമ്പ് അമ്മ മരിച്ചു. ആ സ്ഥലം
പിന്‍തുടര്‍ച്ചാവകാശത്തില്‍ എന്‍റെ കയ്യില്‍ വന്നെങ്കിലും ആധാരം എന്‍റെ അമ്മയുടെ മോഹം സാധിപ്പിച്ചതിന്‍റെ സ്മരണക്കായി ഇന്നും ഞാന്‍ സൂക്ഷിച്ച് വെച്ചിരിക്കുന്നു .

( ഓര്‍മ്മത്തെറ്റ് പോലെ എന്ന നോവലിന്‍റെ 14 ഉം 15 ഉം അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. )

4 comments:

ramanika said...

vayichu entha parayuka ennariyunnilla1

raj said...

വല്ലാത്ത ഒരു പ്രഹേളികയാണ് മനുഷ്യ മനസ്സ്. ഏതൊക്കെ വഴികളിലൂടെ അത് സഞ്ചരിക്കുന്നു എന്നത് ഊഹിക്കുക അസാധ്യം. മനസ്സില്‍ തട്ടിയ ഒരു പോസ്റ്റ്‌.

keraladasanunni said...

ramanika, raj,
ഏറ്റവും വലിയ വിസ്മയം മനുഷ്യ മനസ്സ് തന്നെ .
palakkattettan

nalina kumari said...


ഇതല്ലേ ഒരു സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ചത്?.
ആര്‍ക്കും ഇങ്ങനെയൊന്നും വരാതിരിക്കട്ടെ..നോക്കാന്‍ സ്നേഹവും ക്ഷമയുമുള്ള ആളുകള്‍ വീട്ടില്‍ ഇല്ലെങ്കില്‍ എന്താകും അവസ്ഥ/