Tuesday, March 23, 2010

പൊള്ളുന്ന പകലുകള്‍.

കേരളത്തില്‍ പൊതുവേയും പാലക്കാട് പ്രത്യേകിച്ചും താപനില ക്രമാതീതമായി
ഉയരുകയാണ്. സൂര്യതാപം ഏല്‍ക്കുന്ന ആളുകളുടെ എണ്ണം കൂടി വരുന്നതായി
പത്രവാര്‍ത്തകളില്‍  കാണുന്നു. വേനല്‍ മഴ പെയ്തത് ചൂട് വര്‍ദ്ധിക്കുന്നതിന്നാണ്
ഉതകിയത്.

നട്ടുച്ച നേരത്ത് റോഡില്‍ അധികം ആളുകളെ കാണാറില്ല. ഈയിടെ പാലക്കാടിന്‍റെ
ഹൃദയ ഭാഗമായ കോട്ടമൈതാനത്തിലെ ഐ. എം. എ. ജംക്ഷന്‍ ഉച്ച നേരത്ത് തീര്‍ത്തും 
വിജനമായി കിടക്കുന്ന ഫോട്ടോ പത്രത്തില്‍ കണ്ടിരുന്നു. ജനം പൊള്ളുന്ന വെയിലില്‍ 
പുറത്തിറങ്ങാന്‍ മടിക്കുകയാണ്.

വെയിലത്ത് പണിയെടുക്കുന്നവരുടെ കാര്യമാണ് ഏറെ കഷ്ടം. തൊഴിലുറപ്പ് പദ്ധതി
പ്രകാരം ജോലി ചെയ്യുന്നവരുടെ ജോലി സമയം നട്ടുച്ച നേരം ഒഴിവാക്കി ക്രമീകരിച്ചു
കഴിഞ്ഞു. നിര്‍മ്മാണ തൊഴിലാളികളുടെ കാര്യത്തിലും അത്തരത്തിലുള്ള സംവിധാനം 
ഏര്‍പ്പെടുത്തുമെന്ന് കേള്‍ക്കുന്നു.

ഈ കൊല്ലം എസ്. എസ്. എല്‍. സി. പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് പരീക്ഷ ഹാളില്‍ 
വെള്ളം ലഭ്യമാക്കാനുള്ള ഏര്‍പ്പാട് ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 എന്നെ സംബന്ധിച്ചേടത്തോളം എത്ര വെള്ളം കുടിച്ചാലും മതി വരില്ല . കൂടുതല്‍ വെള്ളം 
കുടിക്കുന്നതിനാലാവാം ഭക്ഷണം കഴിക്കുന്നത് തീരെ കുറഞ്ഞു. കാലത്ത്ഉണരുമ്പോള്‍
തന്നെ വല്ലാത്ത ക്ഷീണം തോന്നും . പ്രായം കൂടി വരുന്നതാണോ ഇങ്ങിനെ ക്ഷീണം തോന്നാന്‍ 
കാരണമെന്ന് പലപ്പോഴും തോന്നാറുണ്ട്. വയസ്സായതിന്ന് ശേഷം വേനല്‍ കാലമായാല്‍ 
' എങ്ങിനേയാ ഈ വേനല്‍ കാലം ഒന്ന്കടന്ന് കൂട്വാന്ന് അറിയിണില്ലല്ലോ ഈശ്വരാ ' എന്ന്
അമ്മ പറയുമായിരുന്നു. അമ്മയുടെ വെളുത്ത ശരീരം ചൂട് കുരു നിറഞ്ഞ് ചുവപ്പ് നിറമാകും.

വേനല്‍ അവസാനിക്കുന്നതും കാത്ത് ഇരിക്കുമ്പോള്‍ , ഞാന്‍ പഠിച്ചിരുന്ന ലോവര്‍ പ്രൈമറി
സ്കൂളില്‍ വേനല്‍ കാലത്ത്മോണിങ്ങ് ക്ലാസ്സ് എന്ന സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത് ഓര്‍മ്മ വരുന്നു.

ക്ലാസുകള്‍ ആരംഭിച്ചിരുന്നത് ആറര മണിക്കോ, ഏഴ് മണിക്കോ എന്ന് വ്യക്തമായി ഓര്‍മ്മയില്ല. ആ ദിവസങ്ങളില്‍ മുത്തശ്ശി നേരത്തെ വിളിച്ചുണര്‍ത്തും. പെട്ടെന്ന് ഒരുക്കി കുട്ടിമാമയോടൊപ്പം സ്കൂളിലേക്ക് അയക്കും. സ്ലേറ്റും പുസ്തകങ്ങളും വെക്കുന്ന സഞ്ചിയില്‍, മൂന്ന് ഇഡ്ഡലിയും വെളിച്ചെണ്ണയില്‍ ചാലിച്ച ഇഡ്ഡലിപൊടിയും വാട്ടിയ വാഴയിലയില്‍ വെച്ച് പഴയ മാതൃഭൂമി പത്രം കൊണ്ട് പൊതിഞ്ഞ് സാധനങ്ങള്‍ വാങ്ങുമ്പോള്‍ പീടികക്കാരന്‍ കെട്ടി തരുന്ന വഞ്ചിനാരുകൊണ്ട് കെട്ടി വെച്ചു തരും. ചില ദിവസങ്ങളില്‍ ദോശയും കട്ടി ചട്ടിണിയും ആവും ഉണ്ടാവുക.

എനിക്ക് ദോശയാണ് ഇഷ്ടം. അതെങ്ങാനും ചോദിച്ചാല്‍ 'എന്നെക്കൊണ്ടൊന്നും വയ്യ രാവിലെ ദോശക്കല്ലില്‍ ചിത്രം വരച്ചോണ്ട് ഇരിക്കാന്‍' എന്ന് അമ്മ പറയും. കാലിയായ തേന്‍ കുപ്പിയില്‍ വെള്ളം നിറച്ച് തരും. എട്ടരക്കോ ഒമ്പതു മണിക്കോ കുറച്ച് നേരത്തെ ഒഴിവു സമയം കിട്ടാറുണ്ട്. അപ്പോഴാണ് പ്രാതല്‍ കഴിക്കുക. കളിക്കാനുള്ള സമയമൊന്നും അപ്പോള്‍ കിട്ടാറില്ല.

സ്കൂള്‍ വിട്ട് വീടെത്തി കുറെ കഴിഞ്ഞാണ് ഉച്ച ഭക്ഷണം. ചെറിയ ഉള്ളി ഉപ്പും മുളകും ഇട്ട് വറ്റിച്ച് വെളിച്ചെണ്ണ തുളിച്ചതും ധാരാളം തൈര് ഒഴിച്ച് കുഴച്ച ചോറുമാണ് മിക്കവാറും എല്ലാ ദിവസവും. ശരീരം തണുക്കാനാണത്രേ ഇതൊക്കെ കഴിക്കുന്നത്. ഭക്ഷണം കഴിഞ്ഞാല്‍  കോണിമുറിയിലെ
ഇരുളില്‍ കിടന്നുറങ്ങും. ഉച്ച നേരത്ത് പുറത്തിറങ്ങി കളിക്കാനൊന്നും സമ്മതിക്കില്ല.

വൈകുന്നേരം വെയില് ചാഞ്ഞാല്‍ മുത്തശ്ശി പുഴയിലേക്ക് കുളിക്കാന്‍ കൂട്ടിക്കൊണ്ട് ചെല്ലും.
ചുണ്ണാമ്പ് വില്‍പനക്കാരുടെ വീടിന്ന് പുറകില്‍ മുളക്കൂട്ടമാണ്. അതിന്‍റെ തണലില്‍ തല ചായ്ച്ച് കിടക്കുന്ന പുഴയ്ക്ക് നട്ടുച്ച നേരത്ത് പോലും തണുപ്പാണ്. അവിടെയാണ് കുളിക്കാറ്.

നനയ്ക്കാനുള്ള തുണികള്‍ കല്ലില്‍ വെച്ച ശേഷം ഓടന്‍കിണ്ണത്തില്‍ കൊണ്ടു വന്ന എണ്ണ
മുത്തശ്ശി എന്‍റെ മേത്ത് തേച്ച് പിടിപ്പിക്കും. തുണി തിരുമ്പി തീരുന്നത് വരെ വെള്ളത്തില്‍ 
ഇറങ്ങാന്‍ പാടില്ല. തേച്ച എണ്ണ ദേഹത്ത്പിടിക്കാന്‍ വേണ്ടിയാണ് വെള്ളത്തില്‍ ഇറങ്ങാന്‍ 
അനുവദിക്കാത്തത്. മുളങ്കൂട്ടത്തിന്‍റെ തണലില്‍ നിന്ന് ഓട്ടാമ്പുളികള്‍ പെറുക്കി ഞാന്‍ 
വെള്ളത്തില്‍ എറിയും. അവ വെള്ളത്തില്‍ ചാടിച്ചാടി ചെന്ന് മുങ്ങി താഴുന്നതും നോക്കി
നില്‍ക്കും.

ചെറുപയര്‍ അരച്ചെടുത്തത് മുത്തശ്ശി ചീന്തിലയില്‍ കരുതിയിട്ടുണ്ടാവും. അത് തേച്ച് മിഴുക്ക്
ഇളക്കി കളയും. ഇക്കിളി തോന്നി മേല്‍തേക്കാന്‍ ഞാന്‍ സമ്മതിക്കാത്തപ്പോള്‍ ' നോക്കിക്കോ,
ഇത് തേച്ചാല്‍ എന്‍റെ കുട്ടിടെ മേത്ത് ഒരു പൊള്ളം കൂടി കുത്തില്ല ' എന്ന് മുത്തശ്ശി പറയും. എന്നിട്ടും, അഞ്ചര പതിറ്റാണ്ടോളം കാലം കഴിഞ്ഞിട്ടും മായാത്ത പാടുകള്‍ അവശേഷിപ്പിച്ചു കൊണ്ട് ഒരു വേനല്‍ കാലത്ത് എനിക്ക് വസൂരി വന്നു.

( ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്‍റെ അദ്ധ്യായം 59 പ്രസിദ്ധീകരിച്ചിരിക്കുന്നു. )