Wednesday, August 29, 2012

ഓണസ്മരണകള്‍.

'' അമ്പാടി മുറ്റത്തൊരു തുമ്പ മുളച്ചു
തുമ്പകൊണ്ടായിരം തോണി മുറിച്ചു
തോണിത്തലയ്ക്കല്‍ ഒരുണ്ണി പിറന്നു ....''


പത്തായപ്പുര മുറ്റത്തു നിന്ന് അപ്പുമാമ പൂവിളിക്കുന്നത് കേട്ടാല്‍ അമ്മ വിളിച്ചുണര്‍ത്തും.


'' ഇന്ന് തിരുവോണമാണ്, നല്ല ദിവസായിട്ട് വെയില് മൂക്കുന്നതു വരെ മൂടിപ്പുതച്ച് കിടക്കണ്ടാ. വേഗം എഴുന്നേറ്റ് പല്ലുതേപ്പും കുളിയും കഴിച്ചു വാ '' അതോടെ ഓണം തുടങ്ങുകയായി.


കുളത്തില്‍ കുളിച്ചെത്തുമ്പോഴേക്ക് അലക്കിയ ഷര്‍ട്ടും ട്രൌസറുമായി അമ്മ വീട്ടില്‍ കാത്ത് നില്‍പ്പുണ്ടാവും. ഉത്രാട ദിവസമാണ് ഓണക്കോടി ധരിക്കുക. തിരുവോണത്തിന് അലക്കിയ വസ്ത്രങ്ങളാണ് പതിവ്. ചന്ദനംകൊണ്ട് നെറ്റിയില്‍ ഒരു ഗോപിക്കുറി വരയ്ക്കുന്നതോടെ മേക്കപ്പ് കഴിഞ്ഞു.


പ്രാതല്‍ പതിവു മട്ടിലാവും. ഉച്ചയ്ക്ക് ഓണ സദ്യ. അത് മിക്കവാറും നേരത്തെയാക്കും. സദ്യ കഴിഞ്ഞതും നാലുകെട്ടില്‍ ഓണക്കളി തുടങ്ങും. മുണ്ടും വേഷ്ടിയും ധരിച്ച് വട്ടത്തില്‍ നിന്ന് സ്ത്രീകള്‍ കളിക്കുമ്പോള്‍ കുട്ടികളെ നടുവിലിരുത്തും ചിലപ്പോള്‍ കുറച്ചകലെയുള്ള ബന്ധു ഗൃഹമായ മറ്റൊരു തറവാട്ടിലാവും ഓണക്കളി.


എന്‍റെ ബാല്യകാലത്ത് നാലുകെട്ടില്‍ ആള്‍ത്താമസം ഉണ്ടായിരുന്നില്ല. അതിന്‍റെ പൂമുഖത്ത് ഇരുന്നാണ് മോഹനേട്ടന്‍ മാതേര് ഉണ്ടാക്കുക. പൂരാടത്തിന്‍ നാള്‍ മൂന്ന്, ഉത്രാടത്തിന്ന് ഏഴ്, തിരുവോണത്തിന് പതിനൊന്ന് എന്നിങ്ങനെയാണ് മാതേര് ഉണ്ടാക്കുക. തിരുവോണത്തിന് മഹാബലിയും ആയില്യ മകത്തിന് മകത്തടിയനും ഉണ്ടാക്കും. മണ്ണുകൊണ്ട് അമ്മി, ആട്ടുകല്ല്, ഉരല്‍, ഉലക്ക എന്നിവയുടെ ചെറിയ രൂപങ്ങളും ഉണ്ടാക്കി വെക്കും. നാലുകെട്ടിലെ ഒരു മുറി മുഴുവന്‍ ഉപേക്ഷിക്കപ്പെട്ട മാതേരുകളും മഹാബലികളും കുന്നുകൂടി കിടപ്പുണ്ടായിരുന്നു.


പതിനഞ്ച് വര്‍ഷം മുമ്പ് വീട്ടില്‍ ആശാരിപ്പണി നടന്നിരുന്നു. ഉപയോഗിക്കാന്‍ കൊള്ളാത്ത മര കഷ്ണങ്ങള്‍ കൊണ്ട് ആ സമയത്ത് മഹാബലിയും മാതേരും ഉണ്ടാക്കി. ഓണത്തിന്ന് അവ പൂജിക്കാനെടുക്കും. അതു കഴിഞ്ഞാല്‍ കഴുകി വൃത്തിയാക്കി എടുത്തു വെക്കും.ഇക്കൊല്ലവും അവ തന്നെ ഉപയോഗിച്ചു. പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച മാതേരും മഹാബലിയുമൊക്കെ അധികം വൈകാതെ വിപണിയില്‍ എത്തിയേക്കാം.


സ്ത്രീകള്‍ ഓണക്കളിയില്‍ മുഴുകുമ്പോള്‍ കുട്ടികള്‍ പന്തുകളിയില്‍ ഏര്‍പ്പെടും. കാല്‍ക്കൊല്ല പരീക്ഷ കഴിഞ്ഞതും മിക്കവാറും എല്ലാ കുട്ടികളും റബ്ബര്‍ പന്തോ കവറിട്ട പന്തോ ( ടെന്നീസ് ബാള്‍ ) വാങ്ങിയിരിക്കും. ചളി പുരണ്ട പന്ത് കൊണ്ട് വീടിന്‍റെ ചുമരുകളില്‍ ഒരേ വലുപ്പമുള്ള ഒട്ടേറെ വൃത്തങ്ങള്‍ വരച്ചു വെക്കും. സ്കൂള്‍ പറമ്പില്‍ ഉച്ച തിരിഞ്ഞാല്‍ ഓണത്തല്ല് ഉണ്ടാവും. അത് കാണാന്‍ പോവാനൊന്നും അമ്മ സമ്മതിക്കില്ല.


ഇപ്പോഴത്തെപ്പോലെ റെഡി മെയ്ഡ് വസ്ത്രങ്ങള്‍ ആ കാലത്ത് ലഭ്യമായിരുന്നില്ല. വീടുകള്‍ തോറും കയറിയിറങ്ങി തുണിവില്‍പ്പന നടത്തുന്ന വാണിഭക്കാരേയും ഗ്രാമങ്ങളിലെ ചെറുകിട തുണിപ്പീടികകളേയുമാണ് ആളുകള്‍ തുണിത്തരങ്ങള്‍ക്ക് ആശ്രയിക്കാറ്. നേരത്തെ തുണി വാങ്ങിയില്ലെങ്കില്‍ ഓണത്തിന് തുന്നി കിട്ടില്ല. ഒരു പൂരാട ദിവസം രാമന്‍കുട്ടി നായരുടെ തുന്നല്‍ കടയില്‍ കാത്തു നിന്ന് എനിക്ക് ഷര്‍ട്ടും ട്രൌസറും തുന്നി വാങ്ങേണ്ടി വന്നിട്ടുണ്ട്.


ഞാന്‍ കുറച്ച് മുതിര്‍ന്നപ്പോഴേക്ക് ആഘോഷത്തിന്‍റെ രീതി മാറി കഴിഞ്ഞിരുന്നു. ഓണസ്സദ്യ കഴിഞ്ഞാല്‍ ചെറുപ്പക്കാര്‍ മിക്കവരും ഒന്നുകില്‍ സിനിമയ്ക്ക് അല്ലെങ്കില്‍ മലമ്പുഴയിലേക്ക് ചെല്ലുന്നത് പതിവാക്കി. വിവാഹിതരായ പുരുഷന്മാര്‍ ഭാര്യ വീട്ടിലേക്ക് ചെല്ലുന്നതും ഓണ സ്സദ്യക്കു ശേഷമാണ്.



എണ്‍പതുകളുടെ അവസാനത്തോടെ ടെലിവിഷന്‍ പ്രചാരത്തിലായി. അതോടെ തിരുവോണം വീടുകളിലെ സ്വീകരണമുറികളില്‍ ഒതുങ്ങി. ഓണക്കളി ടി.വി. സ്ക്രീനില്‍ മാത്രമായി. കാലം മാറുന്നതിനനുസരിച്ച് എല്ലാറ്റിനും മാറ്റം സംഭവിക്കുകയാണ്.


എല്ലാവര്‍ക്കും എന്‍റെ ഓണാശംസകള്‍.