Friday, June 19, 2009

ഒരു ബക്രീദ് ദിന സ്മരണ.



കഥാകാരന്‍ അന്നും ഇന്നും


കാലത്ത് സൂര്യന്‍ ഉദിച്ച് ഒരു മുഴം മുകളില്‍ എത്തുമ്പോള്‍ എഴുന്നേല്‍ക്കണോ വേണ്ടായോ എന്ന ഒരു സംശയത്തോടെ കുറെ കൂടി കിടന്ന് ' ഇന്ന് ജോലിക്ക്ഒന്നും പോണില്ലേ' എന്ന് അമ്മ ചോദിക്കുമ്പോള്‍ ചാടി പിടഞ്ഞ് എഴുന്നേറ്റ് ധൃത ഗതിയില്‍ കുളിച്ചൊരുങ്ങി ഭക്ഷണം കഴിച്ച് ഓഫീസില്‍ ചെല്ലുക, വൈകീട്ട് തിരിച്ച് വീട്ടിലെത്തി വസ്ത്രം മാറിയതും കളിക്കാന്‍ ഓടുക, ഇരുട്ടാവുമ്പോള്‍ വീട്ടിലെത്തി അത്താഴം അകത്താക്കുക,വേല, പൂരം, തുടങ്ങിയ പരിപാടികള്‍ക്കും സിനിമ നാടകം ഇത്യാദികള്‍ക്കും ആയി രാത്രി കാലത്തെ ഭൂരിഭാഗം സമയവും ചിലവഴിക്കുക എന്നിവയൊക്കെ ആയി ഞാന്‍ സസുഖം കഴിഞ്ഞു കൂടിയ കാലത്താണ് സംഭവം നടക്കുന്നത്.

ഒരു നാള്‍ വൈകീട്ട് കളി കഴിഞ്ഞ് വീടെത്തുമ്പോള്‍ വലിയണ്ണന്‍ എന്ന് ഞാന്‍ വിളിച്ചിരുന്ന കനകപ്പന്‍ എന്നെ കാത്ത് നില്‍ക്കുന്നു. 'നാളെ ബക്രീദായിട്ട് തനിക്ക് ഒഴിവല്ലേ' എന്ന് അദ്ദേഹം ചോദിച്ചു. 'അതെ'യെന്ന് ഞാന്‍പറഞ്ഞതും' നാളെ എന്തെങ്കിലും പ്രധാനപ്പെട്ട പരിപാടികള്‍ ഉണ്ടോ' എന്നായി വലിയണ്ണന്‍. വേണമെങ്കില്‍ ഉച്ചക്ക് പാലക്കാട് ചെന്ന് ഒരു മാറ്റിനി കാണാം എന്നല്ലാതെ മറ്റൊരു പദ്ധതിയും അപ്പോള്‍ എന്‍റെ മനസ്സില്‍ ഇല്ലായിരുന്നു. ആവിവരം ഞാന്‍ അണ്ണനെ അറിയിച്ചു. ' എങ്കില്‍ രാവിലെ താന്‍ പുറപ്പെട്ട് റെഡിയായി നിന്നോ, നമുക്ക് എട്ടേ കാലിന്നുള്ള മയില്‍വാഹനം കരിമ്പുഴ ബസ്സില്‍ ഒരിടം വരെ പോകാം' എന്ന് അദ്ദേഹം പറഞ്ഞു. എവിടേക്കാണെന്നോ, എന്താ കാര്യമെന്നോ അണ്ണന്‍ പറയുന്നില്ല. എന്‍റെ ഭാവം
കണ്ടിട്ടാണെന്ന് തോന്നുന്നു ' ഉണ്ണി, താന്‍ പരിഭ്രമിക്കുകയൊന്നും വേണ്ടാ, എന്‍റെ അളിയനെ മിനിഞ്ഞാന്ന് പാമ്പ് കടിച്ചിരുന്നു, കുഴപ്പമൊന്നുമില്ലെങ്കിലും നമ്മള്‍ ചെന്ന് ഒന്ന് അന്വേഷിച്ച് വരണ്ടേ, അതല്ലേ അതിന്‍റെ ഒരു മര്യാദ' എന്ന് പറഞ്ഞതും
ഞാന്‍ യാത്രക്ക് നൂറുവട്ടം റെഡിയായി കഴിഞ്ഞു. പോവാന്‍ നേരം' തന്‍റെ സ്ഥിരം ഏര്‍പ്പാട് ഉണ്ടല്ലോ. സമയത്തിന്ന് ഒരുങ്ങാതിരിക്കല്‍, അത് വേണ്ടാ , ബസ്സ് പോയാല്‍ തന്നെ ഞാന്‍ മുണ്ടൂര് വരെ അഞ്ച് കിലോമീറ്റര്‍ നടത്തും' എന്നൊരു വാര്‍ണിങ്ങും നല്‍കി മൂപ്പര്‍ പോയി.

പറഞ്ഞിട്ടെന്താ കാര്യം, പിറ്റേന്നും പതിവ് പോലെ ഞാന്‍ വൈകി. വലിയണ്ണന്‍ ഒന്നും പറഞ്ഞില്ല. അദ്ദേഹം ഇറങ്ങി നടക്കാന്‍
തുടങ്ങിയതോടെ ഞാനും ഒപ്പം നടന്നു. വെയില് കൊണ്ട് വിയര്‍ത്തൊലിച്ച് മുണ്ടൂരെത്തി. ഇനി അങ്ങോട്ട് ഇഷ്ടം പോലെ ബസ്സുകള്‍
ഉണ്ട്. അല്‍പ്പ സമയത്തിനകം ബസ്സെത്തി. വലിയണ്ണനാണ് ടിക്കറ്റ് എടുത്തത്.തിക്കിലും തിരക്കിലും തൂങ്ങി പിടിച്ചുള്ള യാത്ര കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ,യുദ്ധത്തിന്ന്പോയി വന്ന പരുവത്തിലായി. പിന്നെ ഒരൊറ്റ നടത്തമാണ്. ഞങ്ങള്‍ കയറി ചെന്നതും
അണ്ണന്‍റെ അളിയന്‍' നിങ്ങള്‍ ഇത്ര വൈകിയപ്പോള്‍ ഇന്ന് ഇനി വരില്ല എന്ന് കരുതി' എന്ന് പറഞ്ഞു. ഞങ്ങള്‍ ചെല്ലുന്ന കാര്യം മുന്‍കൂട്ടി പറഞ്ഞിട്ടുണ്ടാവുമെന്ന് ഞാനും കരുതി. ' ഈ വിദ്വാന്‍ അല്ലെ ആള് 'വലിയണ്ണന്‍ പറഞ്ഞു' എന്നെങ്കിലും ഈ
കക്ഷി പറഞ്ഞ സമയത്ത് തയ്യാറായിട്ടുണ്ടോ'. 'അതൊക്കെ കല്യാണം കഴിക്കുമ്പോള്‍ ശരിയാവും അല്ലേ ഉണ്ണിക്കുട്ടാ' എന്ന് അണ്ണന്‍റെ പെങ്ങളും പറഞ്ഞു.

ഏതായാലും പാമ്പ് കടിച്ച വിശേഷം ഞാന്‍ തിരക്കി. 'ഏയ്, അതൊന്നും അത്ര സാരമില്ലന്നേ' അളിയന്‍ പറഞ്ഞു 'അത് വിഷമില്ലാത്ത ഒരു ചേട്ട വക ആയിരുന്നു'. തുടര്‍ന്ന് ചായ കുടി, പരിസര വീക്ഷണം, തോട്ടം കാണല്‍ ഒക്കെയായി
നേരം കൊന്നു. ഉച്ച ഭക്ഷണം കഴിഞ്ഞപ്പോള്‍ 'നമുക്ക് ഒരിടം വരെ ഒന്ന് പോയാലോ' എന്ന് അളിയന്‍ അണ്ണനോട് ചോദിച്ചു. അദ്ദേഹം ആ ചോദ്യം എനിക്ക്പാസ്സ് ചെയ്തു. ഞാന്‍ ലോകത്ത് എവിടെ വേണമെങ്കിലും ചെല്ലാമെന്ന മട്ടിലാണ്. പെങ്ങളോട് യാത്ര പറഞ്ഞ് മൂവര്‍ സംഘം വെയിലിലേക്ക് ഇറങ്ങി. ബസ്സ് സ്റ്റോപ്പില്‍ പുരുഷാരം ബസ്സ് കാത്ത് നില്‍ക്കുന്നു. 'ഈ വസ്ഥയില്‍ ഇവിടെ ഒരു ബസ്സും നിര്‍ത്തില്ല' അളിയന്‍ പറഞ്ഞു 'നമുക്ക് നടക്കാം. എത്തുന്ന ദൂരം എത്തട്ടെ, വല്ല ബസ്സും നിര്‍ത്തിയാലോ,
നമുക്ക് അതില്‍ കയറി പോകാം '.

ഒരു മണിക്കൂറോളം നടന്നു കാണും. ഭാഗ്യത്തിന്ന്' ഒരു ബസ്സ് നിര്‍ത്തി. വീണ്ടും തിക്കി തിരക്കിലേക്ക്. അത്
വേണ്ടായിരുന്നു എന്ന് എനിക്ക് തോന്നി. ഞങ്ങള്‍ക്ക് ഇറങ്ങേണ്ടിയിരുന്നത് അടുത്ത സ്റ്റോപ്പിലാണ്. കനാല്‍ വരമ്പത്ത് കൂടിയും
ഇടവഴികളില്‍ കൂടിയും എത്ര ദൂരം നടന്നു എന്ന് പറയാനാവില്ല. ഒടുവില്‍ ഒരു വീടിന്‍റെ മുമ്പില്‍ എത്തിയപ്പോള്‍' എന്‍റെ ഒരു കൂട്ടുകാരന്‍റെ വീടാണ് ' എന്നും പറഞ്ഞ് അളിയന്‍ അങ്ങോട്ട് കയറി, പുറകെ ഞങ്ങള്‍ രണ്ടാളും. പൂമുഖത്ത് ഉണ്ടായിരുന്നവര്‍
ഞങ്ങളെ വരവേറ്റു. സോഫ കം ബെഡ്ഡില്‍ ഞെളിഞ്ഞിരുന്ന് നാട്ടുവിശേഷങ്ങള്‍ കൈമാറി. ചായ പലഹാരങ്ങള്‍ മുന്നില്‍ നിരന്നു. ഞങ്ങള്‍ അതുമായി കൂടുമ്പോഴേക്കും അളിയന്‍ അകത്ത് ചെന്ന് എന്തൊക്കെയോ ചിന്ത്രിച്ച് മന്ത്രിച്ച് തിരിച്ചെത്തി. 'ഇവിടെ
അടുത്ത് ഇവരുടെ വലിയ ചേച്ചിയുണ്ട്. ഇത്രടം വരെ വന്നിട്ട് അവരെ ഒന്ന് കാണാതെ പോവാന്‍ പാടില്ല'എന്നായി അളിയന്‍.

അവിടെ ഞങ്ങള്‍ എത്തും മുമ്പ് ഒരു ചെറുക്കന്‍ സൈക്കിളില്‍ ചെന്ന് ഞങ്ങളുടെ ആഗമന വാര്‍ത്ത അറിയിച്ചു കഴിഞ്ഞിരുന്നു. വീണ്ടും പരിചയപ്പെടല്‍, കാപ്പികുടി, നാട്ടുവാര്‍ത്തകള്‍ എന്നിവ. അല്‍പ്പ നേരം കഴിഞ്ഞതും അളിയന്‍ എന്‍റെ അടുത്ത് വന്ന് സ്വകാര്യത്തില്‍ 'കാണ്വല്ലേ' എന്നൊരു ചോദ്യം. എനിക്ക് ഒന്നും മനസ്സിലായില്ല. 'എന്ത്' എന്നൊരു ചോദ്യം
എന്നില്‍ നിന്നും ഉയര്‍ന്നു. 'ഒരു പെണ്‍കുട്ടിയെ' എന്ന് അളിയന്‍ പറഞ്ഞതും 'അയ്യേ' എന്നും പറഞ്ഞ് ഞാന്‍ എഴുന്നേറ്റ് പടി കടന്നു. നിമിഷങ്ങള്‍ക്കകം യാത്ര പറഞ്ഞ് ഇരുവരും കൂടെയെത്തി.

പോവുമ്പോഴുണ്ടായിരുന്ന ചിരിയും കളിയും തിരിച്ച് പോരുമ്പോള്‍ ഉണ്ടായില്ല. അളിയനും അണ്ണനും എന്തെല്ലാമോ
കുടുംബ കാര്യങ്ങള്‍ സംസാരിച്ചതൊഴിച്ചാല്‍ മൌനത്തിന്ന് തന്നെയായിരുന്നു മുന്‍തൂക്കം. മുണ്ടൂരില്‍ വന്ന് ബസ്സ് ഇറങ്ങുമ്പോള്‍ സൂര്യാസ്തമനം അടുക്കാറായി. ആകാശത്ത് ഏതോ ചിത്രകാരന്‍ കോറിയിട്ട വര്‍ണ്ണപൊലിമയുള്ള ദൃശ്യങ്ങള്‍ ആസ്വദിച്ച് ഞാന്‍ നടന്നു. നാരായണ പണിക്കരും എന്‍.എസ്.എസും. സമദൂര സിദ്ധാന്തം ആവിഷ്കരിക്കുന്നതിന്നും എത്രയോ മുമ്പ് എന്നില്‍ നിന്നും കൃത്യം നാലടി ദൂരം അകലം പാലിച്ച് വലിയണ്ണന്‍ ഒരക്ഷരം ഉരിയാടാതെ നടന്നിരുന്നു. അഞ്ച് കിലോമീറ്റര്‍ ദൂരം നടന്ന് അണ്ണന്‍റെ വീടിന്‍റെ പടിക്കലെത്തിയതും 'ശരി' എന്നും പറഞ്ഞ് മൂപ്പര്‍ വീട്ടിലേക്ക് കയറിപ്പോയി.

ഞാന്‍ വീടെത്തുമ്പോള്‍ അമ്മ വിളക്ക് വെച്ച് നാമം ചൊല്ലുകയാണ്. പഴയൊരു ഓണപതിപ്പും തപ്പി
എടുത്ത് ഞാന്‍ കസേലയിലേക്ക് ചാഞ്ഞു. നാമം ചൊല്ലി കഴിഞ്ഞതും അമ്മ എന്‍റെ അരികിലെത്തി. 'പോയ കാര്യം എന്തായി ' എന്ന് തിരക്കി. വീട്ടില്‍ നിന്ന് ഇറങ്ങി , തിരിച്ച് എത്തുന്നത് വരെ നടന്ന സംഭവങ്ങള്‍ മുഴുവന്‍ ഞാന്‍ അമ്മയെ പറഞ്ഞ് കേള്‍പ്പിച്ചു. ' നായ പൂരം കാണാന്‍ പോയപോലെ എന്ന്ഞാന്‍ പറഞ്ഞ് കേട്ടിട്ടേ ഉള്ളു, ഇത് അതിനേക്കാള്‍ കേമമായി ' എന്നും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് നടന്നു. അപ്പോള്‍ അമ്മ കൂടി അറിഞ്ഞിട്ടാണ് സംഭവം നടന്നത്. അമ്മയുടെ സമപ്രായക്കാരുടെ മക്കള്‍ കല്യാണം കഴിച്ചതും പേരമക്കള്‍ ഉണ്ടായതും ഒക്കെ അമ്മ പറയാറുള്ള കാര്യം ഞാന്‍ ഓര്‍ത്തു. അമ്മ കല്യാണം കഴിഞ്ഞ് പന്ത്രണ്ട് കൊല്ലം കഴിഞ്ഞിട്ട് എന്നെ പ്രസവിച്ചത് എന്‍റെ കുറ്റമല്ലല്ലോ എന്ന് അപ്പോഴൊക്കെ ഞാന്‍ പറയാറുള്ളതും
എന്‍റെ ഓര്‍മ്മയിലെത്തി. അമ്മയുടെ പ്രതീക്ഷകളെ അറിയാതെയാണെങ്കിലും ഞാന്‍ തച്ച് ഉടച്ചുവല്ലോ എന്ന കുറ്റബോധം
എന്നില്‍ നിറഞ്ഞു. അങ്ങിനെ എന്‍റെ ആദ്യത്തെ പെണ്ണുകാണല്‍ യജ്നം ഓര്‍മ്മിക്കത്തക്ക ഒരു സംഭവമായി.

Tuesday, June 2, 2009

വൈദ്യുതിയിലെ ചിരി നിലാവ്.


ഇത് ഒരു കഥയല്ല - ഭാഗം 14.
















(കഥപാത്രം തന്നെ കഥയെഴുതാന്‍ ആവശ്യപ്പെടുകയും വായനക്കാരന്‍ ശീര്‍ഷകം 
നിര്‍ദ്ദേശിക്കുകയും ചെയ്തു എന്ന ഒരു അസാധാരണത്വം ഇതിന്നുണ്ട്.)

നാല് പതിറ്റാണ്ട് കാലത്തെ അടുപ്പമാണ് എനിക്ക് ചന്ദ്രേട്ടനോട് ഉള്ളത്. ഒരു സഹപ്രവര്‍ത്തകന്‍എന്ന നിലയില്‍ നിന്നും ബന്ധു ആവുന്നതിന്ന് മുമ്പ് തന്നെ ബന്ധുത്വതിന്‍റെ തലത്തിലേക്ക് എത്തി ചേര്‍ന്ന ഒരു അസാധാരണ സൌഹൃദം ആയിരുന്നു ചന്ദ്രേട്ടനുമായിട്ട്. സദാ പ്രസന്നമായ മുഖഭാവം, ഉറക്കെ തമാശകള്‍ പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിക്കുന്ന പ്രകൃതം, ഒരാളേയും കുറ്റം പറയാത്ത രീതി, നിവൃത്തിയുണ്ടെങ്കില്‍ അന്യനെ സഹായിച്ചെ പറ്റൂ എന്ന മനോഭാവം, ചന്ദ്രേട്ടനെ ഇഷ്ടപ്പെടാന്‍ ആര്‍ക്കും  ഇതൊക്കെ ധാരാളം മതി.

ചന്ദ്രേട്ടന്‍ ആദ്യമായി വീട്ടില്‍ വന്നപ്പോള്‍ തന്നെ രസകരമായ ഒരു രംഗം സൃഷ്ടിച്ച് വീട്ടിലെ എല്ലാവരേയും കയ്യിലെടുത്തു.
പടിക്കല്‍ സൈക്കിള്‍ നിര്‍ത്തി കയറി വന്നത് 'ഇവിടുത്തെ ആള് എവിടെ' എന്ന് ചോദിച്ച് കൊണ്ടായിരുന്നു. ഞാന്‍
കുളിക്കാന്‍ പോയിരുന്ന നേരം. അമ്മക്ക് ആളെ അറിയില്ല. 'ആരാ നിങ്ങള്' എന്ന അമ്മയുടെ ചോദ്യത്തിന് മറുപടി പറയാതെ തൊടിയില്‍ കടന്ന് കായ്ച്ചു നിന്ന വെണ്ടയില്‍ നിന്ന് ഒരു ഇളം വെണ്ടയ്ക്ക പറിച്ച്കടിച്ചു തിന്നുകൊണ്ട്' വെണ്ടക്ക് സള്‍ഫേറ്റും യൂറിയയും അല്ല ഇടേണ്ടത്, ആട്ടിന്‍ കാട്ടം പൊടിച്ച് ചാരവും കൂട്ടി ഇട്ടു കൊടുത്താല്‍ ഇതിനേക്കാള്‍ ടേസ്റ്റ് കിട്ടും' എന്ന് ഒരു ഉപദേശം നല്‍കി. ആരാണ് എന്ന് മനസ്സിലാവാതെ അമ്മ നോക്കി നില്‍ക്കുമ്പോഴേക്കും തോടിയിലെ സര്‍വ്വ ഭാഗത്തും വന്ന
അപരിചിതന്‍ പരിശോധന നടത്തി കഴിഞ്ഞു.

ഞാന്‍ കുളിച്ച് തല തുവര്‍ത്തിക്കൊണ്ട്എത്തുമ്പോള്‍ ഇതൊക്കെയാണ് ഉമ്മറത്തെ രംഗം, 'ആരാ ഈ വിദ്വാന്‍'
എന്ന് അമ്മ ചോദിച്ച് കഴിയുമ്പോഴേക്കും, ചന്ദ്രേട്ടന്‍ മുറ്റത്ത് എത്തി. 'കുളിക്കുകയായിരുന്നു അല്ലേ എന്ന് ചോദിച്ചാല്‍ അത് പോലെ ഒരു അസംബന്ധം ഇല്ല, എന്താ ഞാന്‍ പറഞ്ഞത് നേരല്ലെ' എന്ന് അമ്മയെ നോക്കി ഒരു ചോദ്യം. " തലയില്‍ എണ്ണ തേച്ച്, തോളത്ത് ഒരു തോര്‍ത്തും തൂക്കി, കയ്യില്‍ സോപ്പ് പെട്ടിയുമായി പോവുന്ന ആളോട് 'കുളിക്കാന്‍ പോവ്വാണോ' എന്ന് ചിലര്‍ ചോദിക്കാറുണ്ട്. എന്നോടാണ് ഇങ്ങിനെ ആരെങ്കിലും ചോദിച്ചത് എങ്കില്‍ ദൈവത്താണെ ഞാന്‍ സംബന്ധത്തിന്ന് പോവുകയാണെന്നേ മറുപടി പറയൂ 'എന്ന് പറയുകയും ചെയ്തു.

ഈ സമയം മുഴുവന്‍ മുത്തശ്ശി ഉമ്മറത്ത്ഇതെല്ലാം കേട്ടുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു. കാഴ്ച തീരെ ഇല്ലാത്തതിനാലും
പരിചയം ഉള്ള ശബ്ദം അല്ലാത്തതിനാലും സംസാരിക്കുന്നത് ആരാണെന്ന് മുത്തശ്ശിക്ക് മനസ്സിലായില്ല. അതുകൊണ്ട് തന്നെ 'ആരാ കുട്ട്യേ വന്നിരിക്കുന്നത്' എന്ന് മുത്തശ്ശി ആരാഞ്ഞു. ഞങ്ങള്‍ എന്തെങ്കിലും പറയുന്നതിന്ന് മുമ്പ് ചന്ദ്രേട്ടന്‍ മുത്തശ്ശിയുടെ അടുത്ത് ചെന്ന്' ഞാനാ മുത്ത്യേ, തരവത്തെ ചന്ദ്രന്‍. ഇവിടുത്തെ കുട്ടിയുടെ കൂടെ കറണ്ടാപ്പീസില്‍ പണിയെടുക്കുന്ന ആള്‍ 'എന്ന് തന്നെത്താന്‍ ആളെ അറിയിക്കുകയും ചെയ്തു. ഞാന്‍ തലമുടി ചീകി വേഷം മാറി വരുമ്പോഴേക്കും ചന്ദ്രേട്ടന്‍ ഒരു നൂറ്റാണ്ട് കാലത്തെ പരിചയക്കാരനെ മാതിരി ആയി കഴിഞ്ഞിരുന്നു.

ഭക്ഷണം വിളമ്പാന്‍ എഴുന്നേറ്റ അമ്മ ചന്ദ്രേട്ടനോട് 'കാപ്പിയോ ചായയോ ഏതാണ് കഴിക്കുക' എന്ന് ചോദിച്ചു. ' അങ്ങിനെ നിര്‍ബ്ബന്ധം ഒന്നും ഇല്ല. കാപ്പിയോ, ചായയോ. സംഭാരമോ, ഇനി വെറും പഴങ്കഞ്ഞി വെള്ളമാണെങ്കില്‍ അതോ സ്നേഹത്തോടെ തരുന്ന എന്തും ഞാന്‍  കഴിക്കും' എന്ന് മൂപ്പര് പറഞ്ഞതോടെ വീട്ടുകാരുടെ മനസ്സില്‍ ചന്ദ്രേട്ടന്‍ സ്ഥാനം പിടിച്ചു. യാതൊരു മടിയും കൂടാതെ ആവശ്യത്തിന്ന് ഇഡ്ഡലി ചോദിച്ച് വാങ്ങി കഴിച്ച് കയ്യും കഴുകി ഞാന്‍ പുറപ്പെട്ട് വരുന്നതും കാത്ത് പേപ്പറും വായിച്ച് കക്ഷി ചാരു കസേരയില്‍ വിശ്രമിച്ചു. ആ നേരത്താണ് വട്ടിയും മുറവും വില്‍ക്കാനായി ഒരു സ്ത്രി വരുന്നത്. വട്ടിക്ക് അമ്മ വില പറഞ്ഞതും അവര്‍ തലമുടി മാന്തി കരയുന്ന മട്ടില്‍ എന്തോ പറഞ്ഞു. അടുത്ത നിമിഷം ചന്ദ്രേട്ടന്‍ 
മിമിക്രിക്കാരനെ പോലെ അവരുടെ ഭാവവും ശബ്ദവും അനുകരിച്ചു. കണ്ണുകാണാത്ത മുത്തശ്ശി അടക്കം എല്ലാവരും ചിരിച്ച്
മണ്ണ് കപ്പി എന്ന് മാത്രമല്ല മുറം വില്‍ക്കാന്‍ വന്ന ആ സ്ത്രി കൂടി ആ ചിരിയില്‍  പങ്ക് കൊണ്ടു. മുത്തശ്ശി മരിക്കുന്നത് വരെ ചന്ദ്രേട്ടന്‍ വീട്ടില്‍ വന്നാല്‍' ചന്ദ്രാ, ആ കവറച്ചി ചിരിക്കുന്നത് ഒന്ന് കാണിക്ക്' എന്ന് ആവശ്യപ്പെടുമായിരുന്നു.

ചന്ദ്രേട്ടന്‍ ഒരു രസികന്‍ ആയിരുന്നു, പക്ഷെ ഒരിക്കലും വിദൂഷകന്‍റെ വേഷം അല്ല അദ്ദേഹത്തിന്‍റേത് എന്നത് തീര്‍ച്ചയാണ്. ഉരുളക്ക് ഉപ്പേരി പോലെ മറുപടി പറയും, തന്നെ കൊച്ചാക്കി കാണുന്നവരെ തരം കിട്ടുന്ന നേരത്ത്,
മേലാല്‍ ആരേയും മോശക്കാരനായി കാണാന്‍ തോന്നാത്ത വിധത്തില്‍, എന്തെങ്കിലും ഒരു പാഠം ചന്ദ്രേട്ടന്‍ പഠിപ്പിക്കും. എന്നാല്‍ എന്നെ ആകര്‍ഷിച്ച ഘടകം അദ്ദേഹത്തിന്‍റെ സഹാനുഭൂതി ആയിരുന്നു. 

പുതിയ സീക്കോ വച്ചും അണിഞ്ഞാണ് ചന്ദ്രേട്ടന്‍ അന്ന് ഡിവിഷന്‍ ഓഫീസില്‍ ചെന്നത്. മൂപ്പരെ ഒന്ന്
ഇളക്കാനായി സ്റ്റാഫിന്‍റെ ഇടയില്‍ വെച്ച് വാച്ച്മാന്‍ തന്‍റെ പഴയ സാന്‍ഡോസ് വാച്ചും ചന്ദ്രേട്ടന്‍റെ പുതിയ സീക്കൊ വാച്ചും തമ്മില്‍ കൈമാറ്റം ചെയ്യാമോ എന്ന് ഒരു ചോദ്യം വെച്ച് കാച്ചി. 'അതിനെന്താ വിരോധം' ചന്ദ്രേട്ടന്‍ പറഞ്ഞു 'എനിക്ക് ഈ ഓഫീസില്‍ നിന്നും ഒരു ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വാങ്ങിച്ചു തന്നാല്‍ വാച്ച് തമ്മില്‍ മാറാം'. എന്താണ് ചന്ദ്രേട്ടന്‍ ഉദ്ദേശിച്ചതെന്ന് ആര്‍ക്കും മനസ്സിലായില്ല. പക്ഷെ എതിര്‍ കക്ഷി വലിയ ഉത്സാഹത്തിലായി. എവിടേക്കാണ് മാറ്റം വേണ്ടത് എന്ന് പറഞ്ഞാല്‍ മതി,ആ കാര്യം എങ്ങിനെയെങ്കിലും സാധിച്ചുകൊടുക്കാമെന്ന് വാക്ക് കൊടുത്തു. കേട്ടുനിന്നവരെ ഞെട്ടിച്ചുകൊണ്ട് ' ഈ മുപ്പതാം തിയ്യതി എക്സികുട്ടീവ് എഞ്ചിനീയര്‍ പിരിയുകയാണ്, ആ ഒഴിവിലേക്ക് എന്നെ പോസ്റ്റ് ചെയ്യിക്കിന്‍. പകരം വരുന്ന
എക്സികുട്ടീവ് എഞ്ചിനീയറെ എന്‍റെ പകരം ലൈന്‍മാനായി സെക്ഷന്‍ ഓഫീസിലേക്കും പോസ്റ്റ് ചെയ്യിക്കിന്‍'. പുതിയ
സീക്കോ വാച്ചും പഴയ സാന്‍ഡോസ് വാച്ചും എക്സികുട്ടീവ് എഞ്ചിനീയറും ലൈന്‍മാനും തമ്മിലുള്ള അന്തരമുണ്ടെന്ന് ഇതിലേറെ ഭംഗിയായി ആര്‍ക്ക് അവതരിപ്പിക്കാന്‍ പറ്റും.

ഒരു വൈകുന്നേരം. തിരക്കുകള്‍ തീര്‍ന്ന് ഞാന്‍ ടി.എ എഴുതാനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ്. ഓഫീസിലുള്ളത് ഞാനും ചന്ദ്രേട്ടനും മാത്രം. തലേ ദിവസം  തൃശൂര്‍ പൂരത്തിന്ന് പോയ വിശേഷങ്ങള്‍ മൂപ്പര്‍ വര്‍ണ്ണിക്കുകയാണ്. അപ്പോള്‍ കാഴ്ചക്ക് യോഗ്യനായ ഒരാള്‍ മുന്നിലെത്തി. 'എ.ഇ. എവിടെയാണ് ഇരിക്കുന്നത് 'എന്ന് ആഗതന്‍ തിരക്കി. 'അദ്ദേഹം 
പാലക്കാട്ടേക്ക് പോയി 'എന്ന് ഞാന്‍ പറയുമ്പോഴേക്കും 'മുകളില്‍' എന്ന് പറഞ്ഞ് ചന്ദ്രേട്ടന്‍ മുകളിലേക്ക് കയ്യുയര്‍ത്തി.
'ഏതിലേയാ അങ്ങോട്ട് പോവുക' എന്ന് അയാള്‍ ചോദിച്ചു. കെട്ടിടത്തിന്‍റെ കിഴക്ക് ഭാഗത്തെ വഴി ചന്ദ്രേട്ടന്‍ ചൂണ്ടിക്കാട്ടി. മുകളിലേക്കുള്ള കോണി പടിഞ്ഞാറ്' ഭാഗത്താണ്. ഒന്നും പറയരുത് എന്ന് ചന്ദ്രേട്ടന്‍ ആംഗ്യം കാട്ടി. വന്നയാള്‍ കുറച്ചു ദൂരം വെട്ട് വഴിയിലൂടെ നടന്നു. കോണി കാണാത്തതിനാല്‍ തിരിച്ച് വന്ന് 'വഴി കാണുന്നില്ല' എന്ന് അറിയിച്ചു. 'ശരി, ഇങ്ങിട്ട് വരിന്‍ ' എന്ന് ആഗതനെ ക്ഷണിച്ച് ചന്ദ്രേട്ടന്‍ വഴിയിലേക്ക് ഇറങ്ങി. തൊട്ടടുത്ത വളപ്പില്‍ നിന്നും വഴിയിലേക്ക് നീണ്ടുകിടക്കുന്ന
പ്ലാവിന്‍ കൊമ്പിലേക്ക് ചാടി ഒറ്റ പിടുത്തം. സര്‍ക്കസ്സ്കലാകാരന്‍റെ മെയ്‌ വഴക്കത്തോടെ കൊമ്പിലൂടെ കയറി ടെറസ്സിലേക്ക് ഒറ്റ ചാട്ടം. എന്നിട്ട് 'ഇതാ ഞാന്‍ വരാറുള്ള വഴി' എന്ന് വിശദീകരണവും.

ആഗതന്‍ രൂക്ഷമായി ഒന്ന് നോക്കി. എഞ്ചിനീയര്‍ സ്ഥലത്തില്ലെന്ന് ഞാന്‍ അറിയിച്ചു. ഒട്ടും രസിക്കാത്ത മട്ടില്‍ ഞങ്ങളെ ഒന്നു കൂടി നോക്കി അയാള്‍ പോയി. 'എന്ത് പണിയാണ് കാട്ടിയത് 'എന്ന് ഞാന്‍ ചോദിച്ചു. 'അവന്‍ കാണിച്ച പണിക്ക് ഇത് ചെയ്താല്‍ പോര ' എന്നും പറഞ്ഞ് ചന്ദ്രേട്ടന്‍ സംഭവം വിവരിച്ചു. ഒരു നാള്‍ അയാളുടെ വീട്ടില്‍ കറണ്ട് ഇല്ല എന്ന് അറിയിച്ചതിനെ തുടര്‍ന്ന് നന്നാക്കാന്‍ ചെന്നതായിരുന്നു. നട്ടുച്ച വെയിലത്ത് സൈക്കിള്‍ ചവിട്ടി ചെന്ന് കേടുപാടുകള്‍ തീര്‍ത്ത് കഴിഞ്ഞപ്പോള്‍ വല്ലാത്ത ദാഹം തോന്നി. ഒരു പാത്രം വെള്ളം ചോദിച്ചപ്പോള്‍ 'എങ്ങിനെയാ പാത്രത്തില്‍ തരിക, ചിരട്ടയില്‍
പോരെ' എന്ന ഒരു ചോദ്യം. 'വേണ്ടാ' എന്ന് പറഞ്ഞ് തിരിച്ച് പോരുമ്പോള്‍ 'മരം കേറുന്ന വര്‍ഗ്ഗമാണ്' എന്ന് പുച്ഛസ്വരത്തില്‍ ഒരു കമന്‍റും. 'അന്ന് ഞാന്‍ കണക്കാക്കിയതാണ്' എന്നെങ്കിലും എന്‍റെ കയ്യില്‍ കിട്ടുമെന്ന് ' ചന്ദ്രേട്ടന്‍ പറഞ്ഞു
' എനിക്ക് വേണമെങ്കില്‍ അയാളുടെ വീട്ടിലെ സകല ലൈറ്റും ഫാനും ഒക്കെ കത്തിച്ച് കളയാമായിരുന്നു.കണക്ഷന്‍ ഒന്ന്
മാറ്റികൊടുക്കുകയേ വേണ്ടു. ഞാനത് ചെയ്തില്ല. കുടിക്കുന്ന കഞ്ഞിയില്‍ പൂഴി ഇടുന്ന ഏര്‍പ്പാടാവും അത് '.

ചന്ദ്രേട്ടന്‍റെ മനോവിഷമം പെട്ടെന്നൊന്നും തീര്‍ന്നില്ല. പണത്തിന്‍റെ കൊഴുപ്പ് കൊണ്ടാണ് തന്നോട്
മനുഷ്യനോട് ചെയ്യാന്‍ പാടില്ലാത്ത വിധം അയാള്‍ പെരുമാറിയത് എന്നും, പത്ത് പേരുടെ മുമ്പില്‍ വെച്ച് താഴ്ത്തി കെട്ടി
പറഞ്ഞത് എന്നും ,ജോലിക്കിടയില്‍ ആയതിനാലാണ് ക്ഷമിച്ചത് എന്നും, കക്ഷി പറഞ്ഞു കൊണ്ടിരുന്നു. അയാള്‍ക്ക്
പണമുണ്ടെങ്കില്‍ അയാള്‍ക്ക്, അതൊന്നും കണ്ട് തല കുമ്പിടാന്‍ തന്നെ കിട്ടില്ല, അയാളുടെ അടുപ്പിലൊന്നുമല്ല എനിക്ക് കഞ്ഞി വെക്കുന്നത് എന്നും പറഞ്ഞ് മൂപ്പര്‍ ഉപസംഹരിച്ചു. 

വിവരം അറിഞ്ഞ വാരിയര്‍ സാര്‍ ഒന്ന് വിഷമിച്ചു. ചന്ദ്രേട്ടനെതിരെഎന്തെങ്കിലും പരാതി വരുമോ എന്ന് അദ്ദേഹം
 ശങ്കിച്ചു. എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ ട്രേഡ് യൂനിയന്‍ നേതാവായ അദ്ദേഹം തന്നെ അത് പരിഹരിക്കാന്‍ 
ബുദ്ധിമുട്ടേണ്ടതായി വരും. ആരെങ്കിലും വല്ലതും അന്വേഷിച്ച് വന്നാല്‍ 'എനിക്ക് ഒന്നും അറിയില്ല' എന്ന് പറഞ്ഞാല്‍ മതി എന്ന് ഏക ദൃക്സാക്ഷിയായ എനിക്ക് വാരിയര്‍ സാര്‍ പറഞ്ഞു തന്നു. ഭാഗ്യവശാല്‍ പിന്നീട് ആ കാര്യം സംബന്ധിച്ച് ഒന്നും ഉണ്ടായില്ല.

ജോലി കിട്ടി പണം  സമ്പാദിക്കാന്‍ തുടങ്ങിയതിന്നു ശേഷമേ എനിക്കായി ഒരു സ്വര്‍ണ്ണമാല വാങ്ങിക്കാന്‍ കഴിഞ്ഞുള്ളു.
അതിന്ന് മുമ്പ് പല തവണ 'എന്‍റെ മകന്' ഒരു സ്വര്‍ണ്ണമാല വാങ്ങിക്കാനാ' ണെന്ന് പറഞ്ഞ് അമ്മ പല തവണ ചിട്ടി ചേര്‍ന്നിട്ടുണ്ട്. പക്ഷെ പണം കയ്യിലെത്തുമ്പോഴേക്കും വേറെ നൂറുകൂട്ടം ചിലവുകള്‍ കടന്നു വരും. അതോടെ ആഭരണം വാങ്ങുന്ന പരിപാടി അവസാനിക്കും. ഓവര്‍സിയര്‍ രാമേട്ടന്‍ വളരെ കാലത്തെ സര്‍വ്വീസ് ഉള്ള ആളാണ്. അദ്ദേഹം ഒരു ജ്യേഷ്ടന്‍റെ മട്ടിലാണ് ഞങ്ങളോട് പെരുമാറിയിരുന്നത്. മൂന്ന് നാല്' മാസത്തെ ടി.എ ഒന്നിച്ച് കിട്ടിയ സമയം. അക്വിറ്റന്‍സ് ഒപ്പിട്ടതും രാമേട്ടന്‍ ഒരു നൂറ്റമ്പത് രൂപ വേണമെന്ന് ആവശ്യപ്പെട്ടു. യാതൊന്നും ചോദിക്കാതെ ഞാന്‍ കൊടുക്കുകയും ചെയ്തു. പത്ത് ദിവസം 
കഴിഞ്ഞു കാണും. ഒരു വൈകുന്നേരം പാലക്കാട് നിന്നും വന്ന രാമേട്ടന്‍ പോക്കറ്റില്‍ നിന്നും ഒരു പൊതി എടുത്ത് നീട്ടി.
ഞാന്‍ തുറന്നു നോക്കുമ്പോള്‍ അതിനകത്ത് ഒരു സ്വര്‍ണ്ണമാല. 'നിങ്ങളൊക്കെ കിട്ടിയ കാശ് മുഴുവന്‍ പൊലിച്ച് പാടും.
ഇത് ഒരു മുതലായിട്ടിരിക്കട്ടെ' എന്ന്അദ്ദേഹം പറയുകയും ചെയ്തു.

ഞാന്‍ ചന്ദ്രേട്ടനോട് മാലയുടെ കാര്യം പറഞ്ഞു. ഒരു മാല വാങ്ങി കൂടെ എന്ന്ചോദിക്കുകയും ചെയ്തു. മൂപ്പര്‍
 ഒന്ന് ചിരിച്ചു. 'എനിക്കും ഒരു മാലയൊക്കെ ഉണ്ട്. പക്ഷെ അത് ഇട്ടിട്ട് കിഴക്കന്‍ കാറ്റ് ഉള്ളപ്പോള്‍ വെളിയില്‍ ഇറങ്ങി നടക്കാന്‍ പറ്റില്ല ' എന്ന് പറയുകയും ചെയ്തു. എനിക്ക് ഒന്നും മനസ്സിലായില്ല. ഞാന്‍ അദ്ദേഹത്തെ നോക്കി ഇരുന്നു.
'നിങ്ങള്‍ അവില്' ഇടിക്കുന്നത് കണ്ടിട്ടുണ്ടോ' ചന്ദ്രേട്ടന്‍ ചോദിച്ചു. ഞാന്‍ ഇല്ലെന്ന് തലയാട്ടി. 'ഇടങ്ങഴി നെല്ല്
മിഷ്യനില്‍ ഇട്ടാല്‍ മതി, ഒരു ചാക്ക് അവില്‍ ഇടിച്ച് കിട്ടും' ചന്ദ്രേട്ടന്‍ പറഞ്ഞു' അതു പോലെ ഒരു മീന്‍ ചെളുക്കയുടെ
പൊന്ന് അടിച്ച് പരത്തി ഒരു മാല ഉണ്ടാക്കിയാല്‍ അത് കാറ്റത്ത് പറന്ന്പോവില്ലേ '. ഏതായാലും പിറ്റേന്ന് മുതല്‍ ആ മാല അണിഞ്ഞാണ് ചന്ദ്രേട്ടന്‍ ജോലിക്ക് വന്നിരുന്നത്. ഇടക്ക് അത് ഷര്‍ട്ടിന്‍റെ വെളിയില്‍ എടുത്തിട്ട് കാണിക്കും. ഗണപതി കോവില്‍ പറമ്പില്‍ പന്ത് കളിക്കാന്‍ പോകുമ്പോള്‍ ഷര്‍ട്ട് അഴിച്ച് മുറ്റത്തെ പന്തല്‍ കാലില്‍ തൂക്കി ആ മാലയും കാണിച്ചാണ് കളിക്കാന്‍ പോവുക.

ഒരു ദിവസം വൈകുന്നേരം കളിക്കാന്‍ ഇറങ്ങുമ്പോള്‍ ചന്ദ്രേട്ടന്‍റെ കഴുത്തില്‍ മാലയില്ല. 'എവിടെയാ ചന്ദ്രാ നിന്‍റെ മാല' എന്ന് രാമേട്ടന്‍ ചോദിച്ചു. ഒന്നും അറിയാത്തത് പോലെ കഴുത്തില്‍ ഒന്ന് നോക്കിയിട്ട് 'പറയുമ്പോലെ മാല കാണാനില്ലല്ലൊ' എന്നും പറഞ്ഞ് ചന്ദ്രേട്ടന്‍ വളരെ കൂളായി കളിക്കാന്‍ ഇറങ്ങി.' അത് എവിടെയെങ്കിലും കൊണ്ടുപോയി കളഞ്ഞിട്ടുണ്ടാവും ' എന്ന് രാമേട്ടന്‍ ആത്മഗതം ചെയ്തു. എനിക്ക് അത് വിശ്വാസമായില്ല. മാല പോയതിന്‍റെ ഒരു പരിഭ്രമവും ചന്ദ്രേട്ടനില്‍
 ഞാന്‍ കണ്ടിരുന്നില്ല. അതിനാല്‍ പിറ്റേന്ന്കാലത്ത് ഒഴിവോടെ ചന്ദ്രേട്ടനെ കണ്ടപ്പോള്‍ ഞാന്‍ മാലയുടെ കാര്യം തിരക്കി. ആദ്യമൊന്നും മൂപ്പര്‍ കാര്യം പറയാതെ ഒഴിഞ്ഞ് മാറി. ഒടുവില്‍ 'നിങ്ങള്‍ നിര്‍ബന്ധിച്ചതുകൊണ്ട് മാത്രം പറയുകയാണ്' എന്നും പറഞ്ഞ് ആ കഥ പറഞ്ഞു.

കറണ്ട് ചാര്‍ജ്ജ് അടക്കാന്‍ വീഴ്ച വരുത്തിയവരുടെ ഫ്യൂസ് ഊരാന്‍ ചെന്നതായിരുന്നു ചന്ദ്രേട്ടന്‍. ഒരു വീട്ടില്‍ ചെന്നപ്പോള്‍
കണ്ട അവസ്ഥ അദ്ദേഹത്തിനെ വേദനിപ്പിച്ചു. സമ്പാദിച്ച് കുടുംബം പോറ്റിയിരുന്ന ഗൃഹനാഥന്‍ മരണത്തോട് മല്ലടിച്ച് കിടപ്പിലാണ്. ഒരു വിധത്തിലും ആ വീട്ടുകാര്‍ വിചാരിച്ചാല്‍ പണം അടക്കാന്‍ ആവാത്ത അവസ്ഥ. വേനല്‍ ചൂടില്‍ ആകെയുള്ള ഒരു ഫാനിന്‍റെ കാറ്റാണ് രോഗിക്ക് ഏക ആശ്രയം. അത് കൂടി ഇല്ലാതായാലത്തെ അവസ്ഥ ചിന്തിക്കാന്‍ കൂടി വിഷമം. പണം അടച്ചില്ലെങ്കില്‍ ഫ്യൂസ്
ഊരിയെടുക്കേണ്ടത് കടമ. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. വീട്ടുകാരില്‍ നിന്നും കുടിശിക ബില്ലുകള്‍ വാങ്ങി. തിരിച്ചു പോരുന്ന വഴിക്ക് കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാല ഊരി തട്ടാന്‍റെ അടുത്ത് വിറ്റു. കിട്ടിയ പണം ബില്ല്' അടക്കാന്‍ തികഞ്ഞു.

'മാല പോയതില്‍ എനിക്ക്ഒട്ടും  വിഷമമില്ല' ചന്ദ്രേട്ടന്‍ പറഞ്ഞു 'എട്ടും പൊട്ടും തിരിയാത്ത അഞ്ചാറ് പിഞ്ചുമക്കള്‍ ആണ് ആ മനുഷ്യന്. അയാള്‍ക്ക് വല്ലതും പറ്റിയാല്‍ ആ കുടുംബം  എന്ത് ചെയ്യുമെന്നാണ് എനിക്ക് വേവലാതി '. ആ നിമിഷം എന്‍റെ മുമ്പില്‍ ഒരു ദൈവദൂതനാണ് നില്‍ക്കുന്നത് എന്ന് എനിക്ക് തോന്നി.