Friday, December 25, 2015

തിരുവാതിര.

യാതൊരു ആഘോഷവുമില്ലാതെ ഒരു തിരുവാതിര കടന്നുപോവുമ്പോള്‍ മനസ്സ് അരനൂറ്റാണ്ടിന്നു മുമ്പുള്ള ധനുമാസത്തിലെ തിരുവാതിരയിലേക്ക് തിരിച്ചു പോവുകയാണ്.  ഓണം, വിഷു എന്നിവയെപ്പോലെ ഒരു പ്രധാന വിശേഷ ദിവസമായിട്ടാണ് ആ കാലത്ത് ധനുമാസത്തിലെ തിരുവാതിരയെ കണക്കാക്കിയിരുന്നത്. ചിലവാക്കുന്ന പണത്തിന്‍റെ കണക്കുനോക്കിയാല്‍  ​ഓണത്തിന്നും വിഷുവിനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍. തിരുവാതിര പ്രമാണിച്ച് പുതുവസ്ത്രങ്ങളൊന്നും വാങ്ങാറില്ല. സദ്യയും ഉണ്ടാവാറില്ല. ആയതിനാല്‍ തിരുവാതിരയ്ക്ക് പണച്ചിലവും അദ്ധ്വാനവും കുറവാണ്. എന്നാല്‍ ഒരുക്കങ്ങളുടെ കാര്യത്തില്‍ ഒന്നാംസ്ഥാനം അതിനുതന്നെ.

വൃശ്ചികമാസം ആവുമ്പോഴേക്ക് മുത്തശ്ശിക്ക് വേവലാതി തുടങ്ങും. ഒരു മാസേ ഉള്ളൂ തിരുവാതിരയ്ക്ക്. അതിന്നു മുമ്പ് വേലി കെട്ടിക്കണം. മുറ്റം  മണ്‍പണി ചെയ്യണം. ചിതലും മാറാലയും തട്ടണം. മണ്ണിലെ നനവ് പോവും മുമ്പ് ചെറുകിഴങ്ങും കാവുത്തും കൂവയും പറിപ്പിക്കണം. ഇതിനൊക്കെ ആര്‍ക്കാ താല്‍പ്പര്യം.  മുത്തശ്ശി ഇങ്ങിനെ പറയുമെങ്കിലും എല്ലാ പണിയും സമയത്തിനുതന്നെ തീരും. കാരണം അന്നൊക്കെ തൊഴിലവസരങ്ങള്‍ നന്നേ കുറവായിരുന്നു.  ജോലിക്ക് ആളുകളെ കിട്ടാന്‍ പ്രയാസമുണ്ടായിരുന്നില്ല.

അണക്കെട്ടും ജലസേചനസൌകര്യവും ഇല്ലാത്തതിനാല്‍ വൃശ്ചിക മാസം ആദ്യത്തോടെ രണ്ടാമത്തെ വിളവെടുപ്പു കഴിയും. പിന്നെ വേലി കെട്ടുന്ന പണിയാണ്. അപൂര്‍വ്വം ചിലവീടുകള്‍ക്കേ മതിലുണ്ടാവൂ. ബാക്കിയെല്ലാം മുള്ളുവേലിയുള്ളവയാണ്. മിക്ക വീട്ടുവളപ്പുകളിലും പരുവകൂട്ടങ്ങള്‍ ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ മുള്ളും മുളയും പണം കൊടുത്തു വാങ്ങേണ്ടി വരാറില്ല. വാങ്ങുകയാണെങ്കിലും വലിയ വിഷമം തോന്നില്ല. അത്ര നിസ്സാരവിലയ്ക്ക് മുള്ള് ലഭിക്കും. മുള  പൊളിച്ച് പാകത്തിനുള്ള വീതിയില്‍ അലകുകളാക്കി അവ വാരിവെച്ചുണ്ടാക്കുന്ന മുള്ളുവേലി കാണാന്‍ നല്ല ഭംഗിയായിരിക്കും.

മുള വെട്ടുംമുമ്പ് പണിക്കാരനോട് നല്ലതൊരെണ്ണം മാറ്റിവെക്കാന്‍ പറയും. അത് ഊഞ്ഞാലിടാനാണ്. മുള മാത്രമല്ല, കരിമ്പനപ്പട്ടയുടെ വഴുകത്തണ്ടും വണ്ണം കുറഞ്ഞ ഒരു പുളിങ്കമ്പും ഊഞ്ഞാലുണ്ടാക്കാന്‍ ആവശ്യമാണ്.

വീട്ടുമുറ്റത്തുള്ള മാവിലോ വളപ്പിലുള്ള വല്ല പുളിമരത്തിലോ ആണ് ഊഞ്ഞാലിടുക. വഴുക തേഞ്ഞു പൊട്ടാതിരിക്കാന്‍ കീറച്ചാക്കോ മറ്റോ തീറ്റവെച്ചു കൊടുക്കും.

മുറ്റം മുഴുവന്‍ മണ്ണുതേച്ച് നിരപ്പാക്കും. ചുറ്റുഭാഗവും മണ്ണുകൊണ്ട് തിട്ടുണ്ടാക്കി മെഴുകും. മണ്ണ് ഉണങ്ങിയാല്‍ ചാണകം കലക്കിയൊഴിച്ച് ചൂലുകൊണ്ടടിച്ചു തേച്ചുപിടിപ്പിക്കും.

കൂവ കിളച്ചെടുക്കുന്ന ജോലി മാത്രമേ പണിക്കാര്‍ക്കുള്ളു. അതിന്‍റെ തൊലി കളഞ്ഞ് വൃത്തിയായി കഴുകി, ചെറുതായി നുറുക്കി, ആട്ടുകല്ലില്‍ അരച്ച് നല്ല വെള്ളത്തില്‍ അരിച്ചെടുത്ത് ആ വെള്ളം അനങ്ങാതെ വെച്ച് അടിഞ്ഞു കൂടുന്ന മാവെടുത്ത് ഉണക്കിയെടുക്കുന്ന പണി വീട്ടുകാരാണ് ചെയ്യുക.

പഴുക്കാന്‍ മൂത്ത കുന്നന്‍കായയോ, പാളയംകോടനോ വെട്ടി പുകയിടും. തിരുവതിര ദിവസത്തെ പ്രാതലിന്‍റെ പ്രധാനവിഭവം കൂവ വിരകിയതും വാഴപ്പഴവുമാണ്. പപ്പടം കാച്ചിയതും കൂട്ടിനുണ്ടാവും.

'' തിരുവാതിര കുളിച്ചുവന്നു കുപ്പായം ഊരി കിണറില്‍ ചാടി '' മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അടുത്തിരുന്ന കുട്ടി ഇതു പറഞ്ഞ് '' എന്താ ഇത് എന്ന് കുട്ടിയ്ക്കറിയ്യോ '' എന്നു ചോദിച്ചു. എനിക്കതിനുള്ള ഉത്തരം അറിയില്ല. '' ശരി. വേണ്ടാ. തിരുവാതിര ദിവസം കുട്ടി എന്താ കഴിക്ക്യാ ''. '' കൂവനൂറ് '' ഞാന്‍ പറഞ്ഞു. '' പിന്നെന്താ?  '' അടുത്ത ചോദ്യം. '' പപ്പടം ''. '' അതേ ഉള്ളൂ? ''. '' അല്ല. പഴം തിന്നും '' അതോടെ എല്ലാ വിഭവങ്ങളുമായി. '' അതാ ഞാന്‍ പറഞ്ഞത്. തിരുവാതിര കുളിച്ചുവന്നാല്‍ പഴം തിന്നും. തോല് കളഞ്ഞിട്ടല്ലേ കുട്ടി തിന്ന്വാ. അതാണ് കുപ്പായം ഊരി കിണറ്റില്‍ ചാടി എന്നു പറയുന്നത്. ഇപ്പൊ മനസ്സിലായോ? ''. തിരുവാതിര എന്നു കേള്‍ക്കുമ്പോള്‍ ഈ സംഭാഷണം ഓര്‍മ്മവരും.

സ്ത്രീകള്‍ ഏഴുദിവസം തിരുവാതിര കുളിക്കാന്‍ പോവും. നാലു നാലര മണിയോടെ സംഘം ചേര്‍ന്ന് പാട്ടുപാടി കമ്പിറാന്തലിന്‍റെ വെളിച്ചത്തില്‍ പുഴയിലേക്കു ചെല്ലും. അയല്‍വീടുകളിലെ സ്ത്രീകളെല്ലാം ഒരുമിച്ചാണ് പോവുക. കൂട്ടത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ടാവും.

സ്ത്രീകള്‍ തുടിച്ചു കുളിക്കുന്നതും നോക്കി തോര്‍ത്തും പുതച്ച് വലിയൊരു പാറയുടെ മുകളില്‍ ഞാന്‍ ഇരിക്കും. കമ്പിറാന്തലിന്‍റെ ചില്ലില്‍ ഉള്ളംകൈ വെക്കും. ചൂടു കിട്ടാനാണ് അങ്ങിനെ ചെയ്യുന്നത്. എത്ര നിര്‍ബ്ബന്ധിച്ചാലും വെള്ളത്തില്‍ ഇറങ്ങില്ല. ഒടുവില്‍ ആരെങ്കിലും വെള്ളം തേവി നനച്ചാല്‍ പുഴയിലേക്ക് ഒരു ചാട്ടമാണ്. പിന്നെ തണുപ്പു തോന്നില്ല. കുറച്ചു നേരം വെള്ളത്തില്‍ ചാടിക്കളിച്ച് അതിന് അമ്മയുടെ ശകാരം കിട്ടിയിട്ടേ കുളിച്ചു കയറൂ. ആകെ മുങ്ങിയാല്‍ കുളിരില്ല എന്നു പറയുന്നത്എത്ര ശരിയാണ്. കുളി കഴിഞ്ഞ് ഈറന്‍ മാറിയ ശേഷം വിസ്തരിച്ച് വെറ്റില മുറുക്കിയിട്ടേ സ്ത്രീകള്‍ വീട്ടിലേക്ക് തിരിച്ചുപോവാറുള്ളു. ഏതൊക്കേയൊ ഇലകളും മറ്റും തലയില്‍ ചൂടാറുമുണ്ട്. അമ്പലത്തിലേക്ക് പോവുന്ന സമയം തീരുമാനിച്ചിട്ട് എല്ലാവരും പിരിയും.

വേലി കെട്ടലും മണ്‍പണിയും ഊഞ്ഞാലും സംഘം ചേര്‍ന്ന്കുളത്തിലോ പുഴയിലോ ചെന്നുള്ള സ്ത്രീകളുടെ തുടിച്ചുകുളിയും എന്നോ ഇല്ലാതായി. അമ്പലത്തിലേക്കുപോലും സ്ത്രീകളാരും ഒന്നിച്ചു ചെല്ലാറില്ല. ഒന്നുകില്‍ ഭര്‍ത്താവോ മക്കളോ അമ്പലത്തിലേക്ക് കാറിലെത്തിക്കും, അല്ലെങ്കില്‍ സ്വയം വാഹനമോടിച്ചു പോവും. ആര്‍ക്കും ആരേയും വേണ്ടാ. കാലം പോയ പോക്ക്.

Sunday, December 13, 2015

സ്നേഹത്തിന്‍റെ തൂവല്‍സ്പര്‍ശം 

ശനിയാഴ്ച വൈകുന്നേരം മൂന്നേകാലിനാണ് അമ്മ മരിക്കുന്നത്. അന്ന് ഞാന്‍ ലീവായിരുന്നു. തലേന്ന് അല്‍പ്പം മഴ നനഞ്ഞതിനാല്‍ രാവിലെ നേരിയ പനിയും ജലദോഷവും തോന്നി. മരുന്നു കഴിച്ച് ഒരു ദിവസം വിശ്രമിക്കാമെന്ന് കരുതി  ലീവെടുത്തതാണ്.

രണ്ടു ദിവസമായി അമ്മയ്ക്ക് ചുമയും ജലദോഷവുമുണ്ടായിരുന്നു എന്നല്ലാതെ കിടപ്പിലൊന്നുമായിരുന്നില്ല. ഡോക്ടറെ കാണിച്ച് വേണ്ട മരുന്നു വാങ്ങി കൊടുത്തതുമാണ്.

രാവിലെ പത്തുമണിയോടെ അമ്മ ഞാന്‍ കിടക്കുന്ന കട്ടിലിന്നരികെ വന്നു നെറ്റിയിലും ദേഹത്തും തൊട്ടു നോക്കി. ''  ചെറുതായിട്ട് ഒരു ചൂടുണ്ട്. ജനല് തുറന്നിടണ്ടാ. തണുത്ത കാറ്റ് തട്ടിയാല്‍ പനി കൂടും '' അതു പറഞ്ഞ് ജനല്‍ അടച്ചശേഷം അമ്മ കട്ടിലില്‍ എന്‍റെ സമീപത്തു വന്നിരുന്ന് മാറത്ത് കൈവെച്ചു.

ഞാന്‍ ആ ശുഷ്ക്കിച്ച കൈപ്പത്തിയില്‍ പിടിച്ചു. എത്രനേരം അമ്മ അങ്ങിനെയിരുന്നുവെന്നറിയില്ല. ഞാന്‍ അറിയാതെ മയങ്ങിപ്പോയി. കണ്ണുതുറക്കുമ്പോള്‍ അമ്മ അടുത്തുതന്നെയുണ്ട്. എന്‍റെ പനി പകുതി മാറിയതുപോലെ തോന്നി.

അന്ന് ഉച്ചയ്ക്ക് അമ്മ അല്‍പ്പം കഞ്ഞിയെടുത്തതില്‍ മുക്കാല്‍ പങ്കും വേണ്ടെന്നു പറഞ്ഞു കളയാനൊരുങ്ങി.

'' ഇങ്ങിനെ പോയാല്‍ അമ്മ കിടപ്പിലാവും '' എന്നു ഞാന്‍ പറഞ്ഞത് അമ്മ ഗൌനിച്ചില്ല. ബാക്കിവന്ന കഞ്ഞി പശുവിന്നു കൊടുക്കാനുള്ള കാടിവെള്ളത്തിലൊഴിച്ചു പാത്രം കഴുകി വെച്ച് അമ്മ മുറിയിലേക്കു പോയി. അല്‍പ്പസമയം കഴിഞ്ഞു ഞാന്‍ ചെന്നു നോക്കുമ്പോള്‍ അമ്മ കട്ടിലിന്‍റെ തലഭാഗത്ത് തലയണയില്‍ ചാരിയിരിപ്പാണ്. അമ്മയുടെ അരികികിലായി ഞാന്‍  കട്ടിലിലിരുന്നു. എന്‍റെ തലയിലും മുഖത്തും തോളിലും മുതുകിലുമെല്ലാം അമ്മ വാത്സല്യത്തോടെ തലോടി. അമ്മ എന്നും അങ്ങിനെയാണ്. എനിക്കെന്തെങ്കിലും അസുഖമോ ദുഃഖമോ ഉണ്ടാവുമ്പോള്‍ അമ്മ സ്നേഹം വാരിച്ചൊരിയും.

സമയം രണ്ടരയോടടുത്തു. '' ഇനി നീ പോയി കിടന്നോ. ഞാനും ഒന്നു തല ചായ്ക്കട്ടെ '' അമ്മ എന്‍റെ മുതുകത്തു നിന്ന് കയ്യെടുത്തു. എന്‍റെ അമ്മയുടെ അവസാനത്തെ സ്നേഹസ്പര്‍ശമാണ് അതെന്നറിയാതെ ഞാന്‍ എഴുന്നേറ്റു നടന്നു,

അമ്മ എന്ന യാഥാര്‍ഥ്യം ഓര്‍മ്മയായി മാറിയിട്ട് കാലം കുറെയായി. വല്ലപ്പോഴും അമ്മയുടെ സ്നേഹവും വാത്സല്യവും അതു പകര്‍ന്ന ആശ്വാസവും മനസ്സിലോര്‍ക്കും. അമ്മയുടെ സാമീപ്യം അനുഭവപ്പെട്ട ഒരവസരവും ഉണ്ടായിട്ടുണ്ട്

കുറെ ദിവസമായി വിട്ടുമാറാത്ത പനിയായിരുന്നു. രക്തസമ്മര്‍ദ്ദം കൂടിയും കുറഞ്ഞുമിരുന്നു. രാത്രി കുറെയധികം ഛര്‍ദ്ധിക്കുകയും ചെയ്തതോടെ ഞാന്‍ അവശനായി. കട്ടിലില്‍ കിടന്ന എനിക്കരികെ സുന്ദരിയിരുന്നു. അമ്മയിരിക്കാറുള്ള മട്ടിലാണ് അവളിരുന്നത്.

'' ഡോക്ടറെ കാണിക്കണോ '' അവള്‍ ചോദിച്ചു.

''വേണ്ടാ ''.

'' എന്താ തോന്നുന്നത് ''.

'' നല്ല ക്ഷീണം തോന്നുന്നു. ശ്വാസം മുട്ടുന്നുണ്ട് ''.

'' കുടിക്കാന്‍ എന്തെങ്കിലും വേണോ ''.

'' വേണ്ടാ. ആ കയ്യൊന്ന് മാറത്തുവെക്കൂ ''. ഭാര്യ മാറത്ത് ചെറുതായി തടവാന്‍ തുടങ്ങി. ഞാന്‍ ആ കയ്യിലൊന്നുതൊട്ടു. മയക്കം വരുന്നത് ഞാനറിഞ്ഞു. അമ്മ അടുത്തിരിക്കുന്നതുപോലെ എനിക്കു തോന്നി.  ഞാന്‍ ഉറക്കത്തിലേക്ക് വഴുതി വീണു.