Sunday, December 13, 2015

സ്നേഹത്തിന്‍റെ തൂവല്‍സ്പര്‍ശം 

ശനിയാഴ്ച വൈകുന്നേരം മൂന്നേകാലിനാണ് അമ്മ മരിക്കുന്നത്. അന്ന് ഞാന്‍ ലീവായിരുന്നു. തലേന്ന് അല്‍പ്പം മഴ നനഞ്ഞതിനാല്‍ രാവിലെ നേരിയ പനിയും ജലദോഷവും തോന്നി. മരുന്നു കഴിച്ച് ഒരു ദിവസം വിശ്രമിക്കാമെന്ന് കരുതി  ലീവെടുത്തതാണ്.

രണ്ടു ദിവസമായി അമ്മയ്ക്ക് ചുമയും ജലദോഷവുമുണ്ടായിരുന്നു എന്നല്ലാതെ കിടപ്പിലൊന്നുമായിരുന്നില്ല. ഡോക്ടറെ കാണിച്ച് വേണ്ട മരുന്നു വാങ്ങി കൊടുത്തതുമാണ്.

രാവിലെ പത്തുമണിയോടെ അമ്മ ഞാന്‍ കിടക്കുന്ന കട്ടിലിന്നരികെ വന്നു നെറ്റിയിലും ദേഹത്തും തൊട്ടു നോക്കി. ''  ചെറുതായിട്ട് ഒരു ചൂടുണ്ട്. ജനല് തുറന്നിടണ്ടാ. തണുത്ത കാറ്റ് തട്ടിയാല്‍ പനി കൂടും '' അതു പറഞ്ഞ് ജനല്‍ അടച്ചശേഷം അമ്മ കട്ടിലില്‍ എന്‍റെ സമീപത്തു വന്നിരുന്ന് മാറത്ത് കൈവെച്ചു.

ഞാന്‍ ആ ശുഷ്ക്കിച്ച കൈപ്പത്തിയില്‍ പിടിച്ചു. എത്രനേരം അമ്മ അങ്ങിനെയിരുന്നുവെന്നറിയില്ല. ഞാന്‍ അറിയാതെ മയങ്ങിപ്പോയി. കണ്ണുതുറക്കുമ്പോള്‍ അമ്മ അടുത്തുതന്നെയുണ്ട്. എന്‍റെ പനി പകുതി മാറിയതുപോലെ തോന്നി.

അന്ന് ഉച്ചയ്ക്ക് അമ്മ അല്‍പ്പം കഞ്ഞിയെടുത്തതില്‍ മുക്കാല്‍ പങ്കും വേണ്ടെന്നു പറഞ്ഞു കളയാനൊരുങ്ങി.

'' ഇങ്ങിനെ പോയാല്‍ അമ്മ കിടപ്പിലാവും '' എന്നു ഞാന്‍ പറഞ്ഞത് അമ്മ ഗൌനിച്ചില്ല. ബാക്കിവന്ന കഞ്ഞി പശുവിന്നു കൊടുക്കാനുള്ള കാടിവെള്ളത്തിലൊഴിച്ചു പാത്രം കഴുകി വെച്ച് അമ്മ മുറിയിലേക്കു പോയി. അല്‍പ്പസമയം കഴിഞ്ഞു ഞാന്‍ ചെന്നു നോക്കുമ്പോള്‍ അമ്മ കട്ടിലിന്‍റെ തലഭാഗത്ത് തലയണയില്‍ ചാരിയിരിപ്പാണ്. അമ്മയുടെ അരികികിലായി ഞാന്‍  കട്ടിലിലിരുന്നു. എന്‍റെ തലയിലും മുഖത്തും തോളിലും മുതുകിലുമെല്ലാം അമ്മ വാത്സല്യത്തോടെ തലോടി. അമ്മ എന്നും അങ്ങിനെയാണ്. എനിക്കെന്തെങ്കിലും അസുഖമോ ദുഃഖമോ ഉണ്ടാവുമ്പോള്‍ അമ്മ സ്നേഹം വാരിച്ചൊരിയും.

സമയം രണ്ടരയോടടുത്തു. '' ഇനി നീ പോയി കിടന്നോ. ഞാനും ഒന്നു തല ചായ്ക്കട്ടെ '' അമ്മ എന്‍റെ മുതുകത്തു നിന്ന് കയ്യെടുത്തു. എന്‍റെ അമ്മയുടെ അവസാനത്തെ സ്നേഹസ്പര്‍ശമാണ് അതെന്നറിയാതെ ഞാന്‍ എഴുന്നേറ്റു നടന്നു,

അമ്മ എന്ന യാഥാര്‍ഥ്യം ഓര്‍മ്മയായി മാറിയിട്ട് കാലം കുറെയായി. വല്ലപ്പോഴും അമ്മയുടെ സ്നേഹവും വാത്സല്യവും അതു പകര്‍ന്ന ആശ്വാസവും മനസ്സിലോര്‍ക്കും. അമ്മയുടെ സാമീപ്യം അനുഭവപ്പെട്ട ഒരവസരവും ഉണ്ടായിട്ടുണ്ട്

കുറെ ദിവസമായി വിട്ടുമാറാത്ത പനിയായിരുന്നു. രക്തസമ്മര്‍ദ്ദം കൂടിയും കുറഞ്ഞുമിരുന്നു. രാത്രി കുറെയധികം ഛര്‍ദ്ധിക്കുകയും ചെയ്തതോടെ ഞാന്‍ അവശനായി. കട്ടിലില്‍ കിടന്ന എനിക്കരികെ സുന്ദരിയിരുന്നു. അമ്മയിരിക്കാറുള്ള മട്ടിലാണ് അവളിരുന്നത്.

'' ഡോക്ടറെ കാണിക്കണോ '' അവള്‍ ചോദിച്ചു.

''വേണ്ടാ ''.

'' എന്താ തോന്നുന്നത് ''.

'' നല്ല ക്ഷീണം തോന്നുന്നു. ശ്വാസം മുട്ടുന്നുണ്ട് ''.

'' കുടിക്കാന്‍ എന്തെങ്കിലും വേണോ ''.

'' വേണ്ടാ. ആ കയ്യൊന്ന് മാറത്തുവെക്കൂ ''. ഭാര്യ മാറത്ത് ചെറുതായി തടവാന്‍ തുടങ്ങി. ഞാന്‍ ആ കയ്യിലൊന്നുതൊട്ടു. മയക്കം വരുന്നത് ഞാനറിഞ്ഞു. അമ്മ അടുത്തിരിക്കുന്നതുപോലെ എനിക്കു തോന്നി.  ഞാന്‍ ഉറക്കത്തിലേക്ക് വഴുതി വീണു.

16 comments:

സുധി അറയ്ക്കൽ said...

വായിച്ചപ്പോൾ വിഷമായല്ലോ ...

ajith said...

സ്നേഹസ്പർശങ്ങളാൽ ധന്യവും നിറഞ്ഞതുമാകട്ടെ ജീവിതം

വിനുവേട്ടന്‍ said...

ഒരു തൂവൽ സ്പർശ്ശം പോലെ...

വീകെ said...

സ്നേഹസ്പർശം..
ഭാഗ്യം ചെയ്തവർക്കുമാത്രം....!

വീകെ said...

സ്നേഹസ്പർശം..
ഭാഗ്യം ചെയ്തവർക്കുമാത്രം....!

Sukanya said...

എന്റെ അമ്മയും വിട പറഞ്ഞതുകൊണ്ടാവാം സങ്കടമുണ്ടാക്കി.
അമ്മ, ആരാണ് അമ്മയുടെ സ്പര്‍ശം കൊതിക്കാത്തത്‌.
ഇപ്പൊ എങ്ങനെയുണ്ട്? അസുഖം മാറിയോ?

keraladasanunni said...

സുധി അറയ്ക്കല്‍,
ഓര്‍ക്കാപ്പുറത്തായിരുന്നു അമ്മയുടെ വേര്‍പാട്

keraladasanunni said...

ajith,
അതുതന്നെയാണ് എന്‍റെ പ്രാര്‍ത്ഥന.

keraladasanunni said...

വിനുവേട്ടന്‍,
സ്നേഹം കലര്‍ന്ന തലോടല്‍ ഒരു തൂവല്‍സ്പര്‍ശം പോലെയാണ്.

keraladasanunni said...

വി.കെ,
അമ്മയുടെ ഒരേയൊരു സന്താനമായതുകൊണ്ട് സ്നേഹം പങ്കുവെക്കാതെ മുഴുവനും എനിക്കു കിട്ടി. അത് ഏറ്റവും വലിയ ഭാഗ്യമാണ്.

keraladasanunni said...

Sukanya,
അമ്മയുടെ സാന്ത്വനത്തില്‍ കവിഞ്ഞ മറ്റൊന്നുമില്ല.

( രോഗം പൂര്‍ണ്ണമായി മാറില്ല. രണ്ടു ട്യൂമറുകള്‍ ഉള്ളതില്‍ ഒന്ന് ശസ്ത്രക്രിയ ചെയ്തു മാറ്റാന്‍ പ്രയാസമാണത്രേ. ഒരു കൈക്കുടന്ന നിറയെ മരുന്നുകള്‍ ദിവസവും കഴിച്ചു കഴിയുന്നു. മുമ്പ് ഇടയ്ക്കിടയ്ക്ക് പനി വന്നിരുന്നു. ഇപ്പോള്‍ അതില്ല. ക്ഷീണത്തിനും കുറവുണ്ട് )

കല്ലോലിനി said...

അസുഖം ഭേദമാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു..
സ്നേഹമയിയായ അമ്മയെക്കുറിച്ച് ഹൃദയസ്പര്‍ശിയായി എഴുതി.

വിനുവേട്ടന്‍ said...

ശുഭാപ്തി വിശ്വാസം എപ്പോഴും കൂടെയുണ്ടാകട്ടെ കേരളേട്ടാ...

keraladasanunni said...

കല്ലോലിനി,

അഭിപ്രായത്തിനും പ്രാര്‍ത്ഥനയ്ക്കും വളരെ നന്ദി. അമ്മയെക്കുറിച്ച് എത്ര എഴുതിയാലും തീരില്ല.

keraladasanunni said...

വിനുവേട്ടന്‍,

എപ്പോഴും ശുഭാപ്തിവിശ്വാസം കൂടെയുണ്ട്.

രാജഗോപാൽ said...

വായിച്ച് കണ്ണു നിറഞ്ഞു, അറിയാതെ.