Thursday, June 16, 2011

ഓടി മറയുന്ന കാലം .

മുപ്പത്തിയഞ്ച് കൊല്ലത്തെ സേവനത്തിന്നു ശേഷം കേരള സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡില്‍ നിന്നും ഞാന്‍ വിരമിച്ചിട്ട് ഈ മാസം മുപ്പതാം തിയ്യതിക്ക് എട്ട് കൊല്ലം തികയുന്നു. നാല് രൂപ അമ്പത് പൈസയും ഒരു അശോക പേനയും രണ്ട് ന്യൂട്രിന്‍ ചോക്ക്ലേറ്റുമായി ഓഫീസില്‍ ജോലിക്ക് ചേരാന്‍ ഞാന്‍ ചെന്നത് ഇന്നലെയെന്ന പോലെ തോന്നുന്നു. കഴിഞ്ഞ നാല്‍പ്പത്തി മൂന്ന് കൊല്ലം കൊണ്ട് ഉണ്ടായ മാറ്റങ്ങള്‍ ഓര്‍ത്താല്‍ അത്ഭുതം തോന്നും.

ഇരുന്നൂറ്റി അമ്പത് രൂപയായിരുന്നു അന്നത്തെ ശമ്പളം. ഇന്ന് അത് തീരെ തുച്ഛമായ തുകയാണെന്ന് തോന്നാം. എന്നാല്‍ അന്ന് അങ്ങിനെയായിരുന്നില്ല. അമ്പത് പൈസയില്‍ കുറഞ്ഞ തുകയ്ക്ക് ഉച്ചയ്ക്ക് ഹോട്ടലില്‍ ഊണ് കിട്ടുന്നത് സങ്കല്‍പ്പിക്കാന്‍ കഴിയുമോ. വിഭവങ്ങളുടെ എണ്ണവും രുചിയും കുറവാണെങ്കിലും മുപ്പത്തഞ്ച് പൈസക്ക് ഭക്ഷണം കിട്ടുന്ന ചെറിയൊരു ഹോട്ടലിലാണ് പലപ്പോഴും ചെല്ലുക. സര്‍വ്വീസ് ബുക്ക് തുറന്നപ്പോള്‍ രണ്ട് ഓഫീസുകളിലുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും ചായ സത്ക്കാരം നടത്തിയതിന്ന് വന്ന ചിലവ് പതിനെട്ട് രൂപയായിരുന്നു. നൂറ്റമ്പത് രൂപയില്‍ താഴെ വിലയ്ക്ക് ഒന്നര പവന്‍റെ സ്വര്‍ണ്ണമാല വാങ്ങിയത് ഓര്‍മ്മ വരുന്നു.

പണത്തിന്‍റെ മൂല്യത്തില്‍ വന്ന വ്യതിയാനം മാത്രമല്ല അത്ഭുതം തോന്നിക്കുന്നത്. അടിസ്ഥാന സൌകര്യങ്ങളില്‍ ഉണ്ടായ മാറ്റം കണ്ടില്ലെന്ന് നടിക്കാനാവില്ല.

ഇന്നത്തെ വിധത്തിലുള്ള മെച്ചപ്പെട്ട വസ്ത്രങ്ങളൊന്നും അന്ന് ഉണ്ടായിരുന്നില്ല. ഏറ്റവും മുന്തിയത് പോപ്ലിന്‍ ഷര്‍ട്ടുകളും രാജ സ്പെഷല്‍ മുണ്ടും ആയിരുന്നു. പാന്‍റ്- തുന്നിക്കാന്‍ ഉപയോഗിച്ചിരുന്ന തുണിയുടെ പേരുപോലും മറന്നു.

ബോള്‍പെന്‍ ഇല്ലാത്തതിനാല്‍ വയലറ്റ് പെന്‍സില്‍ ഉപയോഗിച്ചാണ്- കാര്‍ബണ്‍ വെച്ച് ഒന്നിലേറെ കോപ്പികള്‍ എടുത്തിരുന്നത്. കൂടുതല്‍ തെളിച്ചം കിട്ടാന്‍ '' A bottle of ink in a pencil '' എന്ന പേരുള്ള വില കൂടിയ ഇനം പെന്‍സിലുകളും ഉപയോഗിച്ചിരുന്നു.

വാഹന സൌകര്യത്തിന്‍റെ കാര്യം പറയാനുമില്ല. രണ്ട് ബോഗികളും ഒരു കൊച്ചു എഞ്ചിനുമായി ഷൊര്‍ണ്ണൂരില്‍ നിന്ന് ഒലവക്കോട്ടേക്ക് ഓടിയിരുന്ന കുട്ടി വണ്ടി മുതല്‍ മദിരാശിയില്‍ നിന്ന് മംഗലാപുരത്തേക്ക് പോയിരുന്ന എക്സ്പ്രസ്സ് ട്രെയിന്‍ വരെ കരി തുപ്പിക്കൊണ്ട് കിതച്ച് കിതച്ച് ഓടും. ആ സ്ഥാനത്താണ്‍ ഇലക്ട്രിക് ട്രെയിന് ഇരുപത്തി നാല്‍ ബോഗികളുമായി പാഞ്ഞു പോകുന്നത്

റോഡ് മാര്‍ഗ്ഗമുള്ള ഗതാഗതവും ഒട്ടും മെച്ചമല്ല. മണിക്കൂറില്‍ ഒന്നോ രണ്ടോ ബസ്സുകളാണ് ഉണ്ടാവുക. പഴക്കം ചെന്ന ആ ബസ്സുകളില്‍ ഒരു പൂരത്തിന്നുള്ള ആളുകളെ കയറ്റും. പന്ത്രണ്ട് കിലോമീറ്റര്‍ ദൂരം ഓടി എത്താന്‍ മിക്കപ്പോഴും ഒരു മണിക്കൂറെങ്കിലും വേണ്ടി വരും.

വാര്‍ത്താ വിനിമയ രംഗത്ത് ഇന്നുള്ള സംവിധാനങ്ങളൊന്നും അന്നില്ല. ഏതെങ്കിലും നമ്പറിലേക്ക് ഫോണ്‍ ചെയ്യണമെങ്കില്‍ എക്സ്ചേഞ്ചില്‍ വിളിച്ച് ആ നമ്പര്‍ പറയണം. കുറെ കഴിഞ്ഞ് എക്സ്ചേഞ്ചില്‍ നിന്നും കണക്ഷന്‍ തന്നാലെ സംസാരിക്കാനാവൂ.

ഞാന്‍ ഒരു വിധം മുതിര്‍ന്നപ്പോഴേക്കും റേഡിയോ വ്യാപകമായി ഉപയോഗത്തിലായി. എന്നാല്‍ ടെലിവിഷന്‍ എന്ന സാധനത്തെ കുറിച്ച് പറഞ്ഞു കേട്ട അറിവേ ഉണ്ടായിരുന്നുള്ളു. ( ആദ്യമായി ടി. വി കാണുന്നത് ഒരു ഉത്സവത്തിണോടനുബന്ധിച്ച എക്സിബിഷനില്‍ വെച്ചാണ്‍ ).

1981 ല്‍ സെന്‍റിന്ന് നാല്‍പ്പത് രൂപയ്ക്ക് തരാമെന്നു പറഞ്ഞ സ്ഥലത്തിന്ന് ഇന്നത്തെ വില ഒരു ലക്ഷത്തിന്ന് മീതെയാണ്.

കാലം വരുത്തിയ മാറ്റം കുറച്ചൊന്നുമല്ല. ഇന്ന് കമ്പ്യൂട്ടറിന്‍റെ മുമ്പില്‍ ഇരിക്കുന്ന ഞാന്‍ അതിനെ കുറിച്ച് പറഞ്ഞു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു.

ഈ ജീവിതത്തില്‍ കാണാനും അനുഭവിക്കാനും പറ്റിയ മാറ്റങ്ങള്‍ ഇനിയും ഏറെയുണ്ട്.

10 comments:

വീട്ടുകാരന്‍ said...

പഴയ കാലത്തെ അനുസ്മരിപ്പിയ്ക്കുന്ന വളരെ നല്ലൊരു ഓര്‍മ്മക്കുറിപ്പ്. വളരെ നന്നായി ഉണ്ണിയേട്ടാ.... 150 രൂപയ്ക്ക് സ്വര്‍ണ്ണവും, 35 പൈസയ്ക്ക് ഊണും കിട്ടിയ കാലത്തെക്കുറിച്ചൊക്കെ കേട്ടറിവു മാത്രേ ഉള്ളൂ... ചിലപ്പോഴെങ്കിലും അതൊക്കെ വിശ്വസിയ്ക്കാന്‍ പ്രയാസമായിട്ടും തോന്നാറുണ്ട്... വളരെ നന്നായി എഴുതി ഉണ്ണിയേട്ടന്‍... സ്നേഹാശംസകള്‍ ... നല്ലോര്‍മ്മ പങ്കു വെച്ചതിനു നന്ദിയും....

ശ്രീനാഥന്‍ said...

നല്ല ഒരു അയവിറക്കലായി ഇത്. ഉണ്ണിയേട്ടൻ എല്ലാം എത്ര ഭംഗിയായി ഓർത്തിരിക്കുന്നു! 140 രൂപ പവനു വിലയുണ്ടായിരുന്ന കാലം എനിക്ക് നേരിയ ഓർമ. പാലക്കാട് ഞാൻ പഠിക്കാൻ വന്ന കാലത്ത് ഒരു രൂപക്ക് മീങ്കറി കൂട്ടി ഊണു ലഭിക്കുമായിരുന്നു.

Lipi Ranju said...

എല്ലാം കേട്ടറിവുകള്‍... നല്ല പോസ്റ്റ്‌ ...

ramanika said...

കാലം വരുത്തിയ മാറ്റം കുറച്ചൊന്നുമല്ല.
വളരെ നന്നായി ഈ കുറിപ്പ് !

രാജഗോപാൽ said...

ഓർമയിൽ നിന്ന് ചികഞ്ഞെടുത്ത് തുടർച്ചയായി എഴുതണം ഇങ്ങിനെയുള്ള രസകരമായ കുറിപ്പുകൾ. ഇന്നത്തെ കുട്ടികൾക്ക് കൗതുകമായ അറിവുകളാവും ഇതൊക്കെ. ഇങ്ങിനെ ഒരു കാലവും ഉണ്ടായിരുന്നു എന്ന് അവർ അറിയട്ടെ

keraladasanunni said...

വീട്ടുകാരന്‍ ,
സന്ദര്‍ശനത്തിന്നും അഭിപ്രായത്തിന്നും വളരെ നന്ദി.
ശ്രിനാഥന്‍ ,
പൊയ്പ്പോയ കാലത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഇടയ്ക്ക് മനസ്സില്‍ കടന്നു വരുന്നു.
Lip[i Ranju,
വളരെ നന്ദി.
ramanika,
കാലത്തിന്‍റെകുത്തൊഴുക്കില്‍ എന്തെല്ലാം മാറ്റങ്ങളാണ്.
രാജഗോപാല്‍ ,
തുടര്‍ന്നും എഴുതുന്നുണ്ട്.

ജീ . ആര്‍ . കവിയൂര്‍ said...

നല്ല ഭാഷാ ലാളിത്യവും അനുഭവ പരിചയം നില്കും വരികളും ഇഷ്ടമായി ഏട്ടാ എഴുത്ത് തുടരട്ടെ

മാനവധ്വനി said...

ഇനി അതൊക്കെ ഓർത്ത്‌ നെടുവീർപ്പിടാനെ പറ്റുകയുള്ളൂ... ഒക്കെ പഴം കഥ!.... നല്ല അവതരണം.. ഭാവുകങ്ങൾ..

ആവനാഴി said...

മാഷെ,

മാഷിന്റെ പോസ്റ്റുകൾ കാണാൻ വൈകി. എന്നിരുന്നാലും ഒറ്റയിരുപ്പിനു എല്ലാ പോസ്റ്റുകളും വായിച്ചു തീർത്തു എന്നു സന്തോഷപൂർവം അറിയിക്കട്ടെ.

വളരെ അയത്നലളിതമായ എഴുത്തു വായനക്കാരനായ എന്നെ സ്വഛന്ദമായി ഒഴുകുന്ന ഒരു പനിനീർപ്പുഴയിലൂടെ അരയന്നത്തോണിയിലേറ്റി കൊണ്ടു പോയി.

അത്രയധികം ആസ്വാദ്യകരമാണു മാഷിന്റെ എഴുത്ത്.

ഇനിയുമെഴൂ. ഞാൻ വായിക്കാൻ വരുന്നുണ്ട്.

സസ്നേഹം
ആവനാഴി

വീ കെ said...

ഈ ഓർമ്മകൾ വായിക്കുമ്പോൾ പലതും എന്റെ മനസ്സിലൂടെയും കടന്നു പോയി. അന്നത്തെ ഒരു കഷണം പുട്ടും കടലക്കറിയും ഒറ്റക്ക് തിന്നാൻ കഴിയുമായിരുന്നില്ല...!