Thursday, December 6, 2012

വാഴത്തവള.

ബാത്ത് റൂമില്‍ കയറി വാതിലടച്ചതേയുള്ളു, വെന്‍റിലേറ്ററിലിരുന്ന വാഴത്തവള മാറത്തേക്ക് ഒറ്റച്ചാട്ടം. അതിന്‍റെ ശരീരത്തിലെ നനവ് അറപ്പുളവാക്കി. കൈകൊണ്ട് ഞാനതിനെ തട്ടി തെറുപ്പിച്ചു. ചുമരില്‍ പറ്റിപ്പിടിച്ചിരുന്ന അത് എന്നെത്തന്നെ നോക്കുന്നു. വീണ്ടും ഒരു ചാട്ടത്തിനുള്ള ഭാവമാണ്. എനിക്കു വന്ന ദേഷ്യത്തിന് കണക്കില്ല. ഒറ്റയടിക്ക് അതിനെ ഇല്ലാതാക്കണമെന്ന് എനിക്ക് തോന്നി. ചുറ്റുപാടും  ഞാന്‍ കണ്ണോടിച്ചു. കുളിമുറിയുടെ ഒരു മുക്കിലായി നീളന്‍ കൈപ്പിടിയോടു കൂടിയ നിലം ഉരച്ചു കഴുകാന്‍ ഉപയോഗിക്കുന്ന ബ്രഷ് ഇരിക്കുന്നു. ഞാനത് കയ്യിലെടുത്തു.

സര്‍വ്വശക്തിയുമെടുത്ത് ചുമരുചേര്‍ത്ത് ഞാന്‍ ഒറ്റയടി. എന്‍റെ നീക്കം മനസ്സിലാക്കിയിട്ടാവും അത് വേറൊരു ഭാഗത്തേക്ക് ഒറ്റച്ചാട്ടം. '' അങ്ങിനെ നീ എന്നെ തോല്‍പ്പിക്കാറായിട്ടില്ല '' എന്ന മട്ടില്‍ ഞാന്‍ വീണ്ടും പ്രഹരിച്ചു. ഇത്തവണയും അത് ഒഴിഞ്ഞു മാറി. അതോടെ എനിക്കും വാശിയായി. നാലഞ്ചു തവണ ഇത് ആവര്‍ത്തിച്ചു. ഓരോ പ്രാവശ്യവും അത് വിദഗ്ധമായി ഒഴിഞ്ഞു മാറി.

പക്ഷെ എന്‍റെ ഒരടി അതിന്‍റെ ശരീരത്തില്‍ കൊള്ളുകതന്നെ ചെയ്തു. ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നാണ് സംഭവിച്ചത്. ആ തവള അതി ദീനമായ സ്വരത്തില്‍ കരഞ്ഞു. തോരാതെ പെയ്യുന്ന മഴക്കാലത്തെ രാത്രി നേരങ്ങളില്‍ തവളകള്‍ '' പേക്രോം '' വിളിച്ചു കരയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പാമ്പിന്‍റെ വായില്‍ പെട്ട തവള പ്രാണരക്ഷാര്‍ത്ഥം കരയുന്നതും പല തവണ കേട്ട അനുഭവമുണ്ട്. എന്നാല്‍ അതില്‍നിന്നൊക്കെ  വ്യത്യസ്തമായ ഒന്നായിരുന്നു ഈ വിലാപം.

എന്‍റെ അടുത്ത അടിയില്‍ നിന്ന് ചാടി രക്ഷപ്പെടാനുള്ള ശക്തി അതിനിലായിരുന്നു. എന്തുകൊണ്ടോ    ആ അടി അതിന്‍റെ മേത്ത് കൊണ്ടില്ല എന്നേയുള്ളു. ആ ജീവി വീണ്ടും വിലപിച്ചു. എന്നേ കൊല്ലരുതേ എന്ന അപേക്ഷയാണ് അതെന്ന് എനിക്ക് തോന്നി. ഞാന്‍ ആ തവളയെ നോക്കി. ഉറപ്പായ മരണത്തില്‍ നിന്ന് ചാടി രക്ഷപ്പെടാനുള്ള കഴിവില്ലായ്മ ഓര്‍ത്ത് പേടിച്ചു വിറയ്ക്കുന്നതുപോലെ ആ സാധു ജീവി  കിതയ്ക്കുകയാണ്.

എനിക്ക് കുറ്റബോധവും ലജ്ജയും ഒരുമിച്ചുണ്ടായി. എന്നെ മാതിരിത്തന്നെ ഈശ്വര സൃഷ്ടിയായ ആ ജീവിയെ നിസ്സാരകാരണത്തിന്ന് കൊല്ലാനൊരുങ്ങിയതിന്ന് ഞാന്‍ എന്നെത്തന്നെ മനസാ കുറ്റപ്പെടുത്തി. ആ ബ്രഷ് ഞാന്‍ മുറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞ് വാതില്‍ തുറന്നു.

തുറന്ന വാതിലിലൂടെ ഒറ്റച്ചാട്ടത്തിന് വെളിയിലിറങ്ങിയ വാഴത്തവള തൊടിയിലെ ചെടികള്‍ക്കിടയില്‍ മറഞ്ഞു.

14 comments:

Anu Raj said...

കഥ നന്നായി. ഇതു പോലുളള അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്...എങ്കിലും ആ തവള അങ്ങ് ചത്താല് മതിയായിരുന്നു...അതായിരുന്നു കഥയ്ക്ക് നല്ലത്

Nalina said...

ശ്ശേ തവള എന്റെ മേലേക്ക് വീണത്‌ പോലെ ഒരു തോന്നല്‍.. .........പറയുമ്പോ വെള്ളത്തില്‍ ഒക്കെ പോകുന്ന വൃത്തിയുള്ള ജീവി ആയിരിക്കാം എനിക്ക് പക്ഷെ അതിനെ അറപ്പാണ്. ഞാന്‍ ആണെങ്കില്‍ പേടിച്ചു കൂവിയേനെ..

Nalina said...

ശ്ശേ തവള എന്റെ മേലേക്ക് വീണത്‌ പോലെ ഒരു തോന്നല്‍.. .........പറയുമ്പോ വെള്ളത്തില്‍ ഒക്കെ പോകുന്ന വൃത്തിയുള്ള ജീവി ആയിരിക്കാം എനിക്ക് പക്ഷെ അതിനെ അറപ്പാണ്. ഞാന്‍ ആണെങ്കില്‍ പേടിച്ചു കൂവിയേനെ..

Nalina said...

ശ്ശേ തവള എന്റെ മേലേക്ക് വീണത്‌ പോലെ ഒരു തോന്നല്‍.. .........പറയുമ്പോ വെള്ളത്തില്‍ ഒക്കെ പോകുന്ന വൃത്തിയുള്ള ജീവി ആയിരിക്കാം എനിക്ക് പക്ഷെ അതിനെ അറപ്പാണ്. ഞാന്‍ ആണെങ്കില്‍ പേടിച്ചു കൂവിയേനെ..

Nalina said...

ശ്ശേ തവള എന്റെ മേലേക്ക് വീണത്‌ പോലെ ഒരു തോന്നല്‍.. .........പറയുമ്പോ വെള്ളത്തില്‍ ഒക്കെ പോകുന്ന വൃത്തിയുള്ള ജീവി ആയിരിക്കാം എനിക്ക് പക്ഷെ അതിനെ അറപ്പാണ്. ഞാന്‍ ആണെങ്കില്‍ പേടിച്ചു കൂവിയേനെ..

വിനുവേട്ടന്‍ said...

കേരളേട്ടാ... അവസാനം ലോല ഹൃദയനായി അല്ലേ?

രാജഗോപാൽ said...

A close encounter with a frog. എനിക്കാണെങ്കിൽ ഒരു ഈച്ചയെയോ കൂടി വന്നാൽ ഒരു കൂറ(പാറ്റ)യെയോ കൊല്ലാനുള്ള മന:ശ്ശക്തിയേ ഉള്ളൂ. തവള എന്റെ മേൽ വീണാൽ ഞാൻ അവിടന്ന് രക്ഷപ്പെടാനുള്ള വഴി നോക്കുകയേ ഉള്ളൂ..

Sukanya said...

ഈ ഏട്ടന്‍ ഇങ്ങനെയാണോ എന്ന് തോന്നിയതെ ഉള്ളു, അപ്പോഴേക്കും... പാവം തവളയും അതിനെ കൊല്ലാതെ വിട്ട ഏട്ടനും.

keraladasanunni said...

Anu Raj,
കഥയല്ല. നടന്ന സംഭവമാണ്.
Nalina,
ഏത് അഴുക്കുവെള്ളത്തില്‍ നിന്ന് വന്നതോ എന്നറിയില്ല, ഏതായാലും തവളയെ യാത്രയാക്കി വിസ്തരിച്ചൊന്ന് കുളിച്ചു.
വിനുവേട്ടന്‍,
മൂളിവന്ന് കടിച്ചു പോവുന്ന കൊതുവിനേയോ, ഉറുമ്പിനേയോ കൊല്ലുന്നതല്ലാതെ വേറൊരു ജീവിയെ കൊല്ലാന്‍ എനിക്കാവില്ല.
രാജഗോപാല്‍,
രാജുവിനെപ്പോലെയാണ് ഞാനും. കൊല്ലാന്‍ 
വയ്യ, കൊല്ലുന്നത് കാണാനും. നടക്കാന്‍ 
പോവുമ്പോള്‍ ചിക്കന്‍ സെന്‍ററിനടുത്തെത്തുമ്പോള്‍ വേഗം കൂട്ടും. പ്രാണവേദനയോടു കൂടിയ കോഴിയുടെ പിടച്ചിലിന്‍റെ ശബ്ദം 
കേള്‍ക്കാതിരിക്കാന്‍.
Sukanya,
ഒരു നിമിഷത്തെ ദേഷ്യം നമ്മുടെ സ്ഥായിയായ സ്വഭാവത്തെ എങ്ങിനെ മാറ്റുന്നു എന്ന് അന്ന് മനസ്സിലായി.

വീ കെ said...

എന്നാലും അതിനെ വേദനിപ്പിച്ച സ്ഥിതിക്ക് കൊല്ലാമായിരുന്നു. വേദനിപ്പിച്ചതിന് പകരമായി അത് പ്രാകുന്നുണ്ടാവും..! മിണ്ടാപ്രാണികളുടെ ശാപം ഏറ്റാൽ....???!!!

Dr Premkumaran Nair Malankot said...

ഈ അനുഭവക്കുറിപ്പ് ഇതേപോലെതന്നെ ആയിരിക്കും എനിക്ക് അനുഭവപ്പെട്ടാലും എന്ന് തോന്നി. ഒരു ജീവിയെയും കൊല്ലുന്നത് എനിക്കിഷ്ടമല്ല. എന്നാല്‍ ഉപദ്രവിക്കാന്‍ വന്നാല്‍ ദേഷ്യം വന്നു വല്ലതും ചെയ്തു എന്നും വരും. നിത്യജീവിതത്തില്‍ സംഭവിക്കുന്ന സാധാരണ കാര്യങ്ങള്‍ - അത് എഴുതിയത് വായിക്കുമ്പോള്‍ സ്വാഭാവികത യുടെ സംതൃപ്തി വായിക്കുന്നവര്‍ക്ക് ലഭിക്കുന്നു. അതാണ്‌ ഉണ്ണിയേട്ടന്റെ രചനയുടെ പ്രത്യേകത.

keraladasanunni said...
This comment has been removed by the author.
keraladasanunni said...

വി.കെ,
ഒരു തോന്നലിന്ന് അതിനെ വേദനിപ്പിച്ചു. പക്ഷെ കുറച്ചു കഴിഞ്ഞാല്‍ ആ വേദന മാറുന്നതാണ്. എന്നാല്‍ അതിന്‍റെ ജീവന്‍ നഷ്ടപ്പെടുത്തിയാലോ. എനിക്ക് തിരിച്ചു കൊടുക്കാന്‍ കഴിയില്ലല്ലോ.
,
സമാനമായ ചിന്താഗതിക്കാരായതിനാലാവും 
അത്. ഞാനെഴുതുന്ന ശൈലി ഇഷ്ടമാണെന്നതില്‍ സന്തോഷമുണ്ട്.

ബിലാത്തിപട്ടണം Muralee Mukundan said...

ഞങ്ങളിതിനെ പറത്തവളാ എന്നാ പറയാ കേട്ടൊ ഭായ്