Wednesday, April 13, 2011

ഒരു വിഷു ദിവസം.

ഈ സംഭവം നടന്ന കൊല്ലം വ്യക്തമായി ഒര്‍മ്മയിലില്ല. എഴുപത്തി മൂന്നിന്ന് ശേഷവും എഴുപത്തി ഏഴിന്ന് മുമ്പും ആണെന്നേ പറയാന്‍ പറ്റു.

എന്‍റെ ചെറുപ്പകാലത്തെ സുഹൃത്തായിരുന്ന മുഹമ്മദിന്ന് ബസ്സ് സ്റ്റോപ്പില്‍ ഒരു പെട്ടി കടയുണ്ടായിരുന്നു. ഒഴിവ് സമയങ്ങളില്‍ ഞാന്‍ അയാളോട് സൊറ പറഞ്ഞു കൊണ്ട് കടയിലിരിക്കും. അടുത്തുള്ള സിനിമ തിയേറ്ററില്‍ എത്തുന്ന എല്ലാ പടവും കാണണമെന്ന് മോപ്പാന് ( അങ്ങിനെയാണ് മുഹമ്മദിനെ ഞാന്‍ വിളിക്കാറ് ) നിര്‍ബന്ധമാണ്. പലപ്പോഴും ഞാനാവും ഒപ്പം ഉണ്ടാവുക.

വിഷുവിന്ന് പത്ത് ദിവസം മുമ്പുതന്നെ മോപ്പാന്‍റെ കടയില്‍ പടക്ക കച്ചവടം തുടങ്ങും. വിഷു തലേന്നാള്‍ ഞങ്ങള്‍ കൂട്ടുകാര്‍ മോപ്പാനെ പടക്ക വില്‍പ്പനയ്ക്ക് സഹായിക്കും. ആ കൊല്ലവും പതിവ് തെറ്റിച്ചില്ല. തിരക്ക് കുറഞ്ഞപ്പോള്‍ ഞാന്‍ വീട്ടില്‍ ചെന്ന് രാത്രി ഭക്ഷണം കഴിച്ച് വീണ്ടും കടയിലെത്തി. സാധനങ്ങള്‍ വാങ്ങി ആളുകള്‍ പോയി കഴിഞ്ഞിരിക്കുന്നു. മോപ്പാനെ കൂടാതെ ഗോപിയേട്ടനും ചിന്നണ്ണനും മാത്രമേ കടയിലുള്ളു. നോക്കുമ്പോള്‍ കടയില്‍ കുറെയേറെ പടക്കങ്ങള്‍ ബാക്കി വന്നിരിക്കുന്നു. മോപ്പാന്‍റെ മുഖത്ത് ഒരു പ്രസാദവും ഇല്ല.

"കുട്ടി. സാധനം കുറെ ബാക്കി വന്നു. എന്താ ചെയ്യേണ്ടത് " മോപ്പാന്‍ എന്നോട് ചോദിച്ചു. ഞാന്‍ ഒന്നും പറഞ്ഞില്ല. പകരം ഗോപിയേട്ടന്‍റേയും ചിന്നണ്ണന്‍റേയും മുഖത്ത് നോക്കി.

"അതിനാടോ വിഷമം. താന്‍ ഒരു മുട്ട വിളക്ക് കത്തിച്ച് വെക്ക് " ഗോപിയേട്ടന്‍ മോപ്പാനോട് പറഞ്ഞു. എന്താണ് അദ്ദേഹം ഉദ്ദേശിച്ചത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല.

"എന്താടോ മിഴിച്ച് നില്‍ക്കുന്നത്. ഈ പടക്കം മുഴുവന്‍ നമ്മളിപ്പോള്‍ പൊട്ടിക്കും " ഗോപിയേട്ടന്‍ ഉദ്ദേശം വെളിപ്പെടുത്തി.

"അപ്പോള്‍ കാശോ " ചിന്നണ്ണന്ന് അത് അറിയണം.

"നമ്മള്‍ മൂന്നാളും കൂടി മുഹമ്മദിന്ന് കൊടുക്കും. അതിലെന്താ ഇത്ര സംശയം ".

പിന്നെ താമസം ഉണ്ടായില്ല. പീടികയുടെ പുറത്ത് റോഡോരത്ത് ഇരുമ്പ് സ്റ്റൂള്‍ ഇട്ട് അതിന്ന് മേലെ മുട്ട വിളക്ക് കത്തിച്ചു വെച്ചു. പടക്കം പൊട്ടിക്കാന്‍ തുടങ്ങിയതോടെ തൊട്ടടുത്തുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്ന് ഉച്ചത്തിലുള്ള അട്ടഹാസം കേട്ടു തുടങ്ങി.

"നമ്മുടെ മയന്‍ വൈദ്യരാണ് " മോപ്പാന്‍ പറഞ്ഞു " നാലഞ്ച് ദിവസമായിട്ട് മൂപ്പര്‍ക്ക് ഇത്തിരി കൂടുതലാണ് ".

എന്‍റെ കുട്ടിക്കാലം മുതല്‍ക്കെ കണ്ടു വരാറുള്ള ആളാണ് മായന്‍ വൈദ്യര്‍ . മനസ്സിന്‍റെ സമനില തകരാറിലായ ആളാണ് അദ്ദേഹം. പക്ഷെ ആര്‍ക്കും ഒരു വിധത്തിലുള്ള ബുദ്ധിമുട്ടും വൈദ്യര്‍ ഉണ്ടാക്കിയിരുന്നില്ല. ഇടയ്ക്ക് വല്ലതും പിറുപിറുത്തുകൊണ്ട് നടക്കും. നല്ല പരിചയക്കാരെ കണ്ടാല്‍ എന്തെങ്കിലും ചോദിച്ചു വാങ്ങും. ആദ്യമൊക്കെ ഞാന്‍ വൈദ്യരെ കാണുമ്പോള്‍ അയാളുടെ ഷര്‍ട്ടിന്‍റെ പോക്കറ്റിന്ന് മുകളിലായി അരിവാള്‍ കതിര്‍ ചിഹ്നം ഉള്ള ഒരു ബാഡ്ജ് എപ്പോഴും ഉണ്ടായിരുന്നു. പിന്നീട് എപ്പോഴോ മൂവര്‍ണ്ണ കൊടി ആ സ്ഥാനം ഏറ്റെടുത്തു.

പടക്കങ്ങള്‍ പൊട്ടിച്ച് തീരുന്നതു വരെ വൈദ്യരുടെ അട്ടഹാസം മുഴങ്ങി കേട്ടു. ഒടുവില്‍ അയാള്‍ ഞങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു.

"കൈനീട്ടം " അയാള്‍ കൈ നീട്ടി.

"വിഷു നാളെ അല്ലേടോ " ഗോപിയേട്ടന്‍ പറഞ്ഞു.

"എനിക്കുള്ളത് ഇപ്പൊത്തന്നെ തരിന്‍. നാളെ കാണാന്‍ പറ്റീലെങ്കിലോ " വൈദ്യര്‍ ചോദിച്ചു.

ഞങ്ങള്‍ മൂന്നാളും മോപ്പാന്‍റെ കയ്യില്‍ നിന്ന് ഓരോ രൂപ തുട്ട് വാങ്ങി വൈദ്യര്‍ക്ക് കൊടുത്തു. അതും വാങ്ങി കണ്ണില്‍ വെച്ച് വൈദ്യര്‍ ഇരുട്ടിലേക്ക് ഇറങ്ങി. മോപ്പാന്‍ പീടിക പൂട്ടി. ഞങ്ങള്‍ പിരിഞ്ഞു.

പിറ്റേന്ന് കണി കഴിഞ്ഞ ശേഷം ഞാന്‍ അമ്മയോടൊപ്പം കാടാമ്പുഴ ക്ഷേത്രത്തിലേക്ക് പോയി. ഉച്ച തിരിഞ്ഞാണ് ഞങ്ങള്‍ മടങ്ങിയെത്തിയത്.

"കുട്ടി. ഇവിടെ വരൂ " ബസ്സ് ഇറങ്ങി വരുന്ന എന്നെ മോപ്പാന്‍ വിളിച്ചു.

"നമ്മുടെ വൈദ്യര് പോയി " മോപ്പാന്‍ പറഞ്ഞു.

ഞാന്‍ തരിച്ചു നിന്നു. തലേ രാത്രി കൈനീട്ടം ചോദിച്ച് അയാള്‍ പറഞ്ഞത് എന്‍റെ മനസ്സില്‍ എത്തി.

"എന്താ പറ്റിയത് " ഞാന്‍ മോപ്പാനോട് ചോദിച്ചു.

"പുഴയില്‍ മുങ്ങി മരിച്ചതാണ് " മോപ്പാന്‍ പറഞ്ഞു " പോലീസ് വന്ന് പോസ്റ്റ് മാര്‍ട്ടത്തിന്ന് കൊണ്ടു പോയി ".

വേനലില്‍ വരണ്ട പുഴയില്‍ മുട്ടിന്ന് താഴെ വെള്ളമേ ഉള്ളു. അതില്‍ എങ്ങിനെ മുങ്ങി മരിക്കും. ഞാന്‍ എന്‍റെ സംശയം ചോദിച്ചു.

"അതന്നെ എല്ലാവരും ചോദിക്കുന്നത്. കുളിക്കുമ്പോള്‍ അറ്റാക്ക് വന്നതാവും എന്നാ ചിലരൊക്കെ പറയുന്നത് ".

പാതയോരത്തെ മാവിന്‍ ചുവട്ടില്‍ അമ്മ എന്നെ കാത്തു നില്‍ക്കുകയാണ്. ഞാന്‍ അമ്മയുടെ അടുത്തേക്ക് നടന്നു.

"എനിക്കുള്ളത് ഇപ്പൊത്തന്നെ തരിന്‍. നാളെ കാണാന്‍ പറ്റീലെങ്കിലോ " വൈദ്യരുടെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങുന്നത് പോലെ തോന്നി.

( എല്ലാവര്‍ക്കും വിഷു ആശംസകള്‍ )

13 comments:

ramanika said...

വിഷു ആശംസകള്‍!

keraladasanunni said...

ramanika,

വിഷു ആശംസകള്‍.

~ex-pravasini* said...

പാവം വൈദ്യര്‍.

വിഷു ആശംസകള്‍!

keraladasanunni said...

~ ex-pravasini~,
സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍. വൈദ്യര്‍ പാവമായിരുന്നു.

ശ്രീനാഥന്‍ said...

കൊടുക്കേണ്ടത് അപ്പപ്പോൾ തന്നെ വേണം, കാണാൻ ഇനി പറ്റിയില്ലെങ്കിലോ, സത്യമാണ് അത്!

Typist | എഴുത്തുകാരി said...

ഒന്നും അറിയില്ല നമുക്കു്. എന്താ എപ്പഴാ സംഭവിക്കുക എന്നു്.

kormath12 said...

ഏട്ടാ, ആയിരമായിരം ആശംസകൾ! തിഞ്ചൻ പറമ്പിൽ വെച്ചു കണ്ടപ്പോൾ ഏട്ടനെ പൂർണ്ണമായി അറിഞ്ഞു. ഉൾക്കൊണ്ടു. വിശദ വായനക്ക് സമയം കാത്തിരിക്കുകയാണ്.

jayarajmurukkumpuzha said...

hridayam niranja vishu aashamsakal.........

Ismail Thozhiyoor said...

തുഞ്ചന്‍ പറമ്പ് ബ്ലോഗു മീറ്റിന്റെ ന്യൂസ്‌ മനോരമയില്‍ കണ്ടപ്പോഴാണ് ഇങ്ങിനെ ഒരു സുപ്പര്‍ സ്റ്റാര്‍ ഇവിടെ ഉണ്ടെന്നു അറിഞ്ഞത് ,
അങ്ങിനെ തപ്പിപ്പിടിച്ചു , ഇനി മൊത്തം ബ്ലോഗുകള്‍ ഒന്ന് നോക്കട്ടെ ,ശേഷം വിശദമായ അഭിപ്രായം എഴുതാം ..എല്ലാ വിധ ആശംസകലോടും വൈകിയ വിഷു ആശംസകളോടും കൂടി ..

comiccola / കോമിക്കോള said...

എല്ലാ ആശംസകളും..

keraladasanunni said...

ശ്രിനാഥന്‍,
ശരിയാണ്. എല്ലാം അതാത് സമയത്ത് തന്നെ ചെയ്യണം.
Typist / എഴുത്തുകാരി,
ഒരു നിശ്ചയമില്ല ഒന്നിനും എന്നല്ലേ കവി വചനം.
kormath 12,
മീറ്റിന്നിടയില്‍ ഒന്നിനും കഴിഞ്ഞില്ല. എഴുത്തിലൂടെ അന്യോന്യം കൂറ്റുതല്‍ അറിയാം.
jayarajmurukkumpuzha,
ആശംസകള്‍ക്ക് നന്ദി.
ismail thozhiyur,
ഈ സ്നേഹത്തിന്ന് എങ്ങിനെ നന്ദി പരയനമെന്ന് അറിയുന്നില്ല.
comicola;
വളരെ സന്തോഷം.

siya said...

എനിക്കുള്ളത് ഇപ്പൊത്തന്നെ തരിന്‍. നാളെ കാണാന്‍ പറ്റീലെങ്കിലോ "..വേദനിപ്പിക്കുന്ന വാക്കുകള്‍ ..
തന്നെ .കഥ ആയാലും അനുഭവം ആയാലും വേദന തോന്നിയ ഒരു വായന ആയിരുന്നു .
വിഷു ഒക്കെ കഴിഞ്ഞു എന്നാലും സ്നേഹം നിറഞ്ഞആശംസകള്‍ നേരുന്നു .

Manoraj said...

മീറ്റിലുണ്ടായിരുന്നു എന്നറിഞ്ഞു. കാണാന്‍ കഴിഞ്ഞില്ല :( നോവല്‍ ആദ്യ നോവല്‍ ഒന്ന് വായിക്കട്ടെ..