Thursday, December 11, 2008

യേശുവിന്‍റെ കണ്ണുകള്‍.

1994 ഏപ്രില്‍ മാസം 12. വിഷുവിന്‍റെ തലേതലേന്നാള്‍. ഞാന്‍ ഓഫീസിലാണ്. വൈകീട്ട് നാലു മണി കഴിഞ്ഞു. ശകലം നേരത്തെ വീട്ടിലെത്തി കുട്ടികളേയും കൂട്ടി വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കാമെന്ന് രാവിലെ ഏറ്റിരുന്നതാണ്. ഉച്ചക്കുതന്നെ പടക്കങ്ങള്‍ വാങ്ങി വെച്ചിരുന്നു. തലേന്ന് വാങ്ങിച്ചതിന്ന് പുറമേയാണ്, അന്നേ ദിവസം വാങ്ങിയത്. കുട്ടികള്‍ക്ക് പടക്കം എത്ര കിട്ടിയാലും മതി വരില്ല. അപേക്ഷ എഴുതി കൊടുത്ത് നേരത്തെ പോകാന്‍ സമ്മതം വാങ്ങി ബാഗ് എടുത്ത് ഇറങ്ങി.

ടൌണ്‍ ബസ്സ് സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ പട്ടാമ്പിയിലേക്കുള്ള ഒരു ബസ്സ് നീങ്ങി തുടങ്ങിയിരുന്നു. അടുത്ത ബസ്സ് മയില്‍ വാഹനം ആണ്. അതിലെ ഡ്രൈവര്‍ പുറപ്പെട്ട ബസ്സിന്‍റെ ഡ്രൈവറോട് സമയത്തെ ചൊല്ലി തര്‍ക്കിക്കുന്നു. എനിക്ക് ആകപ്പാടെ ഒരു ലക്ഷണപ്പിഴ തോന്നി. ഞാന്‍ നീങ്ങി തുടങ്ങിയ ബസ്സില്‍ കയറാതെ മയില്‍വാഹനത്തില്‍ കയറി പിന്നിലെ സീറ്റിന്നു തൊട്ട് മുമ്പിലുള്ള സീറ്റില്‍ ഇരുന്നു. ഇറങ്ങാനുള്ള സൌകര്യം നോക്കിയാണ്, ആ സ്ഥലത്ത് ഇരിക്കാറുള്ളത്. ഡ്രൈവറുടെ സീറ്റിന്ന് പുറകിലുള്ള കണ്ണാടിയില്‍ ഒട്ടിച്ച പടം പെട്ടെന്ന് എന്‍റെ ദൃഷ്ടിയിലെത്തി. യേശു ക്രിസ്തുവിന്‍റെ മനോഹരമായ ഒരു ഫോട്ടൊ. അതിലെ കണ്ണുകള്‍ വെട്ടി മാറ്റി വികലമാക്കിയിരിക്കുന്നു. ആ പ്രവര്‍ത്തി ചെയ്തവരോട് എനിക്ക് അനല്‍പ്പമായ ദേഷ്യം തോന്നി.

അല്‍പ്പം കഴിഞ്ഞ് ബസ്സ് പുറപ്പെട്ടതും ഞാന്‍ വലിയണ്ണന്‍ എന്നു വിളിക്കുന്ന കനകപ്പന്‍ തൊട്ടു മുന്നിലെ സീറ്റില്‍ വന്നിരുന്നു. അദ്ദേഹം പുറകിലേക്ക് തിരിഞ്ഞിരുന്നു. ഞങ്ങള്‍ വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങി. നഗര പരിധി കഴിഞ്ഞപ്പോള്‍ വാഹനം കുറച്ചു കൂടി വേഗത്തിലായി. എന്നാല്‍ അമിത വേഗം എന്നൊന്നും പറഞ്ഞു കൂടാ. കല്ലേക്കാട് സ്കൂള്‍ സ്റ്റോപ്പിന്ന് സമീപമെത്തിയപ്പോള്‍ വാഹനം വലത്ത് വശത്തേക്ക് പാളി പോവുന്നതു പോലെ തോന്നി. ബസ്സ് വലിയൊരു മാവിന്നു നേരെ കുതിക്കുകയാണ്. ഞാന്‍ ഡ്രൈവറെ നോക്കി. അയാള്‍ പേടിച്ച് പുറകിലേക്ക് തിരിഞ്ഞ് ഇരിക്കുന്നു. ആ നിമിഷാര്‍ദ്ധത്തില്‍ ബസ്സ് മരത്തില്‍ ഇടിക്കുമെന്നും, യാത്ര മുടങ്ങുമെന്നും, ബാക്കി ദൂരം പോവാന്‍ വേറേ വാഹനം വേണ്ടിവരുമെന്നും ഞാന്‍ ഓര്‍ത്തു. എന്നാല്‍ സംഭവിച്ചത് അങ്ങിനെയായിരുന്നില്ല. വലിയ ശബ്ദത്തില്‍ മരത്തിലിടിച്ച് ബസ്സ് മറിഞ്ഞു.

എനിക്ക് ബോധം വന്നപ്പോള്‍ ഞാന്‍ മുന്നിലെ വാതിലിന്നടുത്താണ്. വല്ലാത്ത ഒരു പരവേശത്തോടെ എഴുന്നേല്‍ക്കുമ്പോള്‍ അട്ടിയിട്ട പോലെ ആളുകള്‍ അകത്ത് കിടക്കുന്നു . ആകെ കരച്ചിലും ബഹളവും. എന്‍റെ കണ്ണടയും ബാഗും കാണാനില്ല. പോയത് പോകട്ടെ എന്ന് കരുതി പുറത്തു കടക്കാനായി വഴി പരതി. മുന്നിലെ കണ്ണാടി തകര്‍ന്നു. അവിടെ കൂറ്റന്‍ മരം. പുറകിലെ കണ്ണാടിക്ക് പിന്നിലായി വെല്‍ഡഡ് മെഷ്. കൂട്ടിലകപ്പെട്ട എലിയെപ്പോലെ പരുങ്ങുമ്പോള്‍ മുകളില്‍ വെളിച്ചം. ജനാല തലക്ക് മുകളില്‍. ആളുകള്‍ ചാരി നില്‍ക്കാറുള്ള തൂണില്‍ ചവിട്ടി ജനാലയിലൂടെ മുകളിലേക്ക് ഊര്‍ന്ന് കയറി ഞാന്‍ താഴേക്ക് ചാടി. ആദ്യം പുറത്തെത്തിയത് ഞാനായിരുന്നു. എന്‍റെ ബാഗുമായി വലിയണ്ണന്‍ പുറകെ എത്തി. അദ്ദേഹം ചുറ്റും നടന്നു നോക്കി. തിരിച്ച് എന്‍റെ അടുത്തെത്തി. " ഇത് വലിയ അപകടമാണ്. ആര്‍ക്കൊക്കെ എന്തൊക്കെ പറ്റിയോ ആവോ" എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഒന്നും പറയാനാവാതെ അങ്ങിനെ തന്നെ നിന്നു. "ഇനിയെന്താ പരിപാടി" എന്ന് എന്നോട് ചോദിച്ചതിന്ന് "വീട്ടിലേക്ക് പോകാം" എന്ന് ഞാന്‍ പറഞ്ഞു. വലിയണ്ണന്‍ എന്നെ സൂക്ഷിച്ച് നോക്കി. "ഉണ്ണീ, തനിക്ക് നല്ല പരിക്ക് പറ്റിയിട്ടുണ്ട്. തലയില്‍ നിന്നും ചോര വരുന്നു. ആസ്പത്രിയില്‍ പോകണം " എന്ന് ഉപദ്ദേശിച്ചു.

ഒരു മിനി ബസ്സ് വന്നു നിന്നു. ആരോ എന്നെ അതില്‍ കയറ്റി. ഒരു സീറ്റ് ഒഴിവാക്കി എന്നെ ഇരുത്തി. കുട്ടിമാമയുടെ വീട്ടിലേയും ഓഫീസിലേയും ഫോണ്‍ നമ്പറുകള്‍ കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്തു വെച്ചതു പോലെ ബോധം നഷ്ടപ്പെടുന്നതു വരെ ഞാന്‍ പറഞ്ഞിരുന്നു എന്നാണ്' പിന്നീട് അറിഞ്ഞത്. ജില്ല ആസ്പത്രിയില്‍ എത്തിയത് ഞാന്‍ അറിഞ്ഞില്ല. ബന്ധുക്കളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആയി ധാരാളം പേര്‍ വൈകാതെ എത്തി. കാലില്‍നിന്നും ഷൂസ് ആരോ ഊരി മാറ്റി. ഷര്‍ട്ട് അഴിക്കാന്‍ നോക്കിയപ്പോള്‍ എനിക്ക് അനങ്ങാന്‍ കഴിയുന്നില്ല എന്ന് മനസ്സിലായി. കാര്യമായ എന്തോ പറ്റി എന്ന് ഞാന്‍ അറിഞ്ഞു. പിറ്റേന്ന് പരിശോധന കഴിഞ്ഞ് " നട്ടെല്ലിന്ന് പൊട്ടല്‍ കാണുന്നു. സ്പൈനല്‍ കോഡിന്ന് ചതവും. ഭാഗ്യം ഉള്ള പക്ഷം മേലാല്‍ നടക്കാന്‍ സാധിക്കും" എന്ന് ഡോക്ടര്‍ പറഞ്ഞു. വെറും കട്ടിലില്‍ പലകപ്പുറത്ത് മലര്‍ന്ന് കിടക്കുകയല്ലാതെ കാര്യമായ ചികിത്സ ഒന്നും ഇല്ല. വിഷുവിന്ന് അമ്മയെ പിരിഞ്ഞ് ഇരിക്കാന്‍ വയ്യാത്തതിനാല്‍ വിടുതല്‍ വാങ്ങി ആംബുലന്‍സില്‍ വീട്ടിലെത്തി.

തുടര്‍ന്നുള്ള നാളുകള്‍ വേദനയുടേതായിരുന്നു. ശരീരം ചെറുതായൊന്ന് അനങ്ങിയാല്‍ നട്ടെല്ലില്‍ തുളച്ചു കയറുന്ന വേദന. അതില്‍ നിന്നുള്ള മോചനത്തിന്ന് ആയിട്ടായിരിക്കണം മനസ്സ് സദാ സമയം പ്രാര്‍ത്ഥനാ നിര്‍ഭരമായിരുന്നു. ഈശ്വര സങ്കല്‍പ്പത്തിലും ജപത്തിലും കഴിഞ്ഞ ആ ദിവസങ്ങളില്‍ ഗണപതി, മുരുകന്‍, അയ്യപ്പന്‍, ഹനുമാന്‍, ധ്യനനിമഗ്നനായ പരമശിവന്‍, മഹാവിഷ്ണു,ഉണ്ണികണ്ണന്‍ ,മാതൃവാത്സല്യം കനിഞ്ഞു നല്‍കുന്ന ദേവിയുടെ വിവിധ രൂപങ്ങള്‍ എന്നിവ മനസ്സില്‍ ഓര്‍ക്കും.അത്തരം ഒരു സമയത്ത് കണ്ണുകള്‍ മുറിച്ചു കളഞ്ഞ് വികൃതമാക്കിയ യേശുവിന്‍റെ ആ പടം എന്‍റെ മനസ്സില്‍ എത്തി.
ശൂന്യമാക്കപ്പെട്ട കണ്ണുകളുടെ ഭാഗത്ത് ഒരു ജോഡി കണ്ണുകള്‍ വെക്കുന്നതായി ഞാന്‍ സങ്കല്‍പ്പിച്ചു. പ്രസിദ്ധരായ പലരുടേയും കണ്ണുകള്‍ ആ സ്ഥാനത്ത് വെച്ചാലുള്ള രൂപം ആലോചിച്ചു. അവയൊന്നും യോജിക്കുന്നില്ല. രവി വര്‍മ്മ ചിത്രങ്ങളിലെ കണ്ണുകള്‍ ആയാലോ എന്ന് നോക്കി. അതും ശരിയാവുന്നില്ല.

ആ ദിവ്യമായ മുഖത്തെ ഭാവം എന്താണെന്ന് ഞാന്‍ ഓര്‍ത്തു നോക്കി.പീഢനങ്ങള്‍ ഏറ്റു വാങ്ങുമ്പോള്‍ കാണിച്ച നിസ്സംഗതയോ, നിന്ദിതരേയും പീഢിതരേയും ഓര്‍ത്തിട്ടുള്ള ഘനീഭവിച്ച ദുഃഖഭാരമോ, പാപികള്‍ക്കായുള്ള പ്രാര്‍ത്ഥനയോ അതല്ല സര്‍വ്വ ചരാചരങ്ങള്‍ക്കും വാരി കോരി നല്‍കിയിട്ടും ഒരിക്കലും തീരാത്ത കാരുണ്യമോ ഏതാണ്' അവിടെ നിഴലിക്കുന്നത്. അത് മനസ്സിലാവാന്‍ ഉള്ള അറിവ് എനിക്ക് ഇല്ല എന്ന് ഞാന്‍ അറിഞ്ഞു. മനസ്സില്‍ ഞാന്‍ നേരത്തെ കണ്ടിട്ടുള്ള യേശുവിന്‍റെ ചിത്രങ്ങളിലെ കണ്ണുകള്‍ ആ സ്ഥാനത്ത് വെച്ചു നോക്കി. അത്ഭുതം. ആ മുഖത്തിന്ന് അനുയോജ്യം ആ കണ്ണുകള്‍ തന്നെ. കാരുണ്യം തുളുമ്പുന്ന കണ്ണുകള്‍. ആ ഓര്‍മ്മയില്‍ പലപ്പോഴും ഞാന്‍ എന്‍റെ വേദന വിസ്മരിച്ചു.

2 comments:

drpmalankot said...
This comment has been removed by the author.
drpmalankot said...

ഈ അനുഭവ കഥ ഇതുവരെ ആരും വായിച്ചില്ല എന്നോ കമെന്റ്സ് ഇട്ടില്ല എന്നോ -ഏതായാലും അത് എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. ബ്ലോഗ്‌ ആദ്യന്തം ഉദ്വേഗഭരിതമായിരുന്നു. താങ്കള്‍ വലിയ അപകടമൊന്നും കൂടാതെ ആരോഗ്യം വീണ്ടെടു ത്തുവെന്ന് മനസ്സിലാക്കട്ടെ. ഇത് കുറെ മുമ്പ്, ഈ ബ്ലോഗില്‍ ആദ്യമായി എഴുതിയത് ആണ് എന്ന് മനസ്സിലായി. യേശുദേവന്റെ കണ്ണുകളില്‍ കളിച്ച ദ്രോഹി ആരായാലും അത് ശരിയല്ല. ദൈവീകശക്തികളില്‍ വിശ്വസ്ക്കുന്ന ആര്‍ക്കും അത് സഹിക്കില്ല - താങ്കളെപ്പോലെ തന്നെ.