Thursday, April 5, 2012

അരിപപ്പടം.

മദ്ധ്യ വേനലവധി കാലത്താണ് അമ്മ കൊണ്ടാട്ടങ്ങളും അരിപപ്പടവും ഉണ്ടാക്കുക. അതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്നാമത്തേത് കാലാവസ്ഥ തന്നെ. പൊരിയുന്ന വെയിലില്‍ അവ വേഗം ഉണങ്ങി കിട്ടും. പോരാത്തതിന് കാക്ക കൊണ്ടു പോവാതെ കാവലിരിക്കുന്നതിന്ന് ആളുമുണ്ട്.അരി അരച്ചതും മഞ്ഞളും ചേര്‍ത്ത് അമ്മ ഈയം പൂശിയ വലിയ പിച്ചളപ്പാത്രത്തില്‍ ചെറുതായൊന്ന് വേവിക്കും. പരമ്പോ ഓലപ്പായയോ മുറ്റത്തിട്ട് അതില്‍ മുണ്ട് വിരിക്കും. അതിന്ന് മീതേയാണ് സേവ നാഴി ഉപയോഗിച്ച് കൊണ്ടാട്ടം പീച്ചിയിടുക. മഞ്ഞള്‍ പൊടി ചേര്‍ക്കാതെ ഉണ്ണി പിണ്ടി മുറിച്ചിട്ട് കൈ കൊണ്ട് നുള്ളിയിടുന്ന കൊണ്ടാട്ടവും ഉണ്ട്. കുമ്പളങ്ങ തൊലിയോ, കപ്പയുടെ തൊലിയോ കൊണ്ട് ഉണ്ടാക്കുന്ന കൊണ്ടാട്ടത്തേക്കാള്‍ ഇവയ്ക്ക് രുചി കൂടുതലാണ്. എന്നാലും എനിക്ക് ഏറ്റവും ഇഷ്ടം അരിപപ്പടം തന്നെ.


അരിപപ്പടം ഉണ്ടാക്കാന്‍ അമ്മയ്ക്ക് മടിയാണ്. '' എന്നെക്കൊണ്ടൊന്നും വയ്യ മിനക്കെട്ടിരുന്ന് ഉണ്ടാക്കാന്‍ '' എന്ന് ആദ്യമേ പറയും. എങ്കിലും ഒടുവില്‍ അമ്മ മകന്‍റെ മോഹം സാധിച്ചു കൊടുക്കാന്‍ തയ്യാറാവും.


ഹൈസ്കൂളില്‍ നിന്ന് പുഴയിലേക്ക് പോവുന്ന വഴിയില്‍ പ്ലാച്ചി തൈകളുണ്ട്. ഒരു ചാക്കുസഞ്ചി നിറയെ ഞാന്‍ പ്ലാച്ചിന്‍റില തലേന്നു തന്നെ പറിച്ചു കൊണ്ടു വരും. കാപ്പി കുടി കഴിയുമ്പോഴേക്കും അമ്മ പ്ലാച്ചിയിലയില്‍ എള്ളു ചേര്‍ത്ത അരിമാവ് പുരട്ടി ആവിയില്‍ വേവിച്ചെടുക്കാന്‍ തുടങ്ങും. ഇലയില്‍ നിന്ന് അടര്‍ത്തി മുറത്തിലാക്കുകയാണ് അടുത്ത പണി. മുഴുവനും കഴിഞ്ഞാല്‍ മുറ്റത്ത് കൊണ്ടാട്ടം ഉണക്കാന്‍ ഇട്ടതുപോലെ അരിപപ്പടവും ഉണക്കാനിടും.


കാലം മാറി. സ്റ്റീല്‍കൊണ്ടുള്ള സ്റ്റാന്‍ഡും തട്ടുകളും പ്ലാച്ചിയിലയെ പുറന്തള്ളീ സ്ഥാനം പിടിച്ചു. എങ്കിലും കൊല്ലത്തില്‍ മൂന്നോ നാലോ പ്രാവശ്യം അരിപപ്പട നിര്‍മ്മാണം നടത്തും.


'' ഇത് ഉണ്ടാക്കാനുള്ള മിനക്കേട് ആലോചിക്കുമ്പോള്‍ വേണ്ടാന്ന് തോന്നും '' വീട്ടുകാരി പറയും.


'' താന്‍ വിഷമിക്കണ്ടടോ. ഞാന്‍ ഒരു വഴി കണ്ടിട്ടുണ്ട് '' ഞാന്‍ പറയും.


'' എന്തു വഴി ''.


'' ചെറിയൊരു മിഷ്യന്‍. ഒരു ഭാഗത്തുകൂടി അരിയും എള്ളും കായപ്പൊടിയും പാകത്തിന് ഉപ്പും ഇട്ടാല്‍ മതി. മറു ഭാഗത്തു കൂടി പപ്പടം എത്തും ''.


'' നടക്കുന്ന കാര്യം പറയൂ ''.


ഏതായാലും അരിപപ്പടം ഉണ്ടാക്കാന്‍ തന്നെ ഭാര്യ ഒരുങ്ങി. അമ്മയോടൊപ്പം രണ്ടു മരുമക്കളും കൂടിയപ്പോള്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. പത്രം ഇല്ലാത്തതിനാല്‍ നേരം പോവാനും വിഷമം. ടെറസ്സില്‍ തുണി വിരിച്ച് പപ്പടം ഉണക്കാനിടാന്‍ ഞാനും കൂടി.

'' അരിപപ്പടം ഉണ്ടാക്കുന്നതില്‍ പ്രാവീണ്യമുണ്ടായിരുന്ന ഇന്ത്യന്‍ പ്രധാന മന്ത്രി ആര് '' ഞാന്‍ മരുമക്കളോട് ചോദിച്ചു.


രണ്ടാളും കുറെ നേരം ആലോചിച്ചു. അവര്‍ പരാജയം സമ്മതിക്കാന്‍ ഒരുങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു '' കഷ്ടം. ഇത്ര സിമ്പിളായ ചോദ്യത്തിന്ന് ഉത്തരം അറിയില്ല അല്ലേ. വെറുതെയല്ല നിങ്ങള്‍ക്ക് പി.എസ്. സി. കിട്ടാത്തത് ''.


എന്നോട് ഉത്തരം ചോദിക്കുന്നതിന്നു മുമ്പ് ഞാന്‍ ടെറസ്സില്‍ നിന്ന് താഴെ ഇറങ്ങി.

15 comments:

cheathas4you said...

രചന നന്നായിട്ടുണ്ട് 'അരി പപ്പടം 'എന്റെ ബ്ലോഗ്‌ വായിക്കുക അഭിപ്രായം എഴുതുക
" cheathas4you.blogspot.com "
"cheathas4you-soumyam.blogspot.com "

ഞാന്‍ പുണ്യവാളന്‍ said...

എനിക്ക് വളരെ ഇഷ്ടപ്പെട്ടു കാരണം സ്നേഹമതിയായ അമ്മയുടെ വാല്‍സല്യം വാക്കുകള്‍ കൊണ്ട് മൃദുവായി വരച്ചിട്ടത്തില്‍ സന്തോഷം

ajith said...

പഴമയുടെ പുണ്യമുള്ള ഓര്‍മ്മകള്‍...വായിക്കാനും പഠിക്കാനുമൊക്കെ ഒരു സുഖമുണ്ട്

വീ കെ said...

ഈ പ്ലാച്ചിയില എന്നു പറയുന്നത് ‘പ്ലാവില’ ആണോ..?

ശ്രീനാഥന്‍ said...

നന്നായി. അരിപ്പപ്പടം ഉണ്ടാക്കുന്ന യന്ത്രം!

രാജഗോപാൽ said...

കുറെ ദിവസം കേടുവരാതിരിക്കുമെങ്കിൽ എനിക്കു വേണ്ടി രണ്ടെണ്ണം എടുത്തു വെയ്ക്കുമോ? ഇനിയും എഴുതൂ ഇങ്ങിനെയുള്ള ഓർമക്കുറിപ്പുകൾ.

keraladasanunni said...

cheathas 4 u,
നന്ദി. പോസ്റ്റ് കണ്ടെത്താന്‍ കഴിഞ്ഞില്ല. ലിങ്ക്
അയച്ചു തരുമോ.

ഞാന്‍ പുണ്യവാളന്‍,
അമ്മയുടെ വാത്സല്യത്തോളം അമൂല്യമായത് ഒന്നുമില്ല.

ajith,
കടന്നു പോയ കാലഘട്ടത്തെക്കുറിച്ചുള്ള മധുരമായ ഓര്‍മ്മകളാണ്.

വി.കെ,
പ്ലാച്ചിയില പ്ലാവിന്‍റെ ഇലയല്ല.പുഴയോരത്തും 
പറമ്പുകളിലും കാണുന്ന പാഴ്ചെടിയാണ്. മരണാനന്തര ക്രിയകളുടെ ഭാഗമായി അസ്ഥി പെറുക്കാന്‍ പ്ലാച്ചികൊമ്പാണ് ഉപയോഗിക്കുക.

ശ്രീനാഥന്‍ സാര്‍,
കണ്ടുപിടുത്തം നടത്താന്‍ ഭാവന മാത്രം 
പോരല്ലോ അല്ലേ.

രാജഗോപാല്‍,
വളരെ കാലം കേടു വരാതെ ഇരിക്കും. ഓണത്തിന്ന് ലീവില്‍ വരുമ്പോള്‍ തരാം.

പൈമ said...

കൊള്ളാം നല്ല പോസ്റ്റ്....ഓർമ്മകൾ ...എപ്പോഴും...മധുരമണല്ലൊ?

jayarajmurukkumpuzha said...

grihathuramaya rachana...... blogil puthiya post..... ANNAARAKANNAA VAA.... vayikkane.....

കലി (veejyots) said...

nannayirikkunnu... oru padu ormakal nalki... all the best sir

keraladasanunni said...

പൈമ,
അതെ. മധുരിക്കുന്ന ഓര്‍മ്മകള്‍.

jayarajmurukkumpuzha,
വളരെ നന്ദി. പോസ്റ്റ് വായിക്കുന്നുണ്ട്.

കലി ( veejyots ),
ഓര്‍മ്മിക്കാന്‍ ഇത്തരത്തിലുള്ള ഒരുപാട് ചെറിയ കാര്യങ്ങള്‍ ഉണ്ട്. വരവിനും അഭിപ്രായത്തിനും നന്ദി.

kochumol(കുങ്കുമം) said...

ഉണ്ണിയേട്ടാ അരി പപ്പടം ഇങ്ങനാണ് ഉണ്ടാക്കുന്നതെന്ന് അറിയില്ല ...ഇപ്പോള്‍ ഏകദേശം മനസ്സിലായി ട്ടോ ....!
പ്ലാച്ചിയിലയെ കുറിച്ചു ഞാന്‍ ആദ്യായി കേള്‍ക്കുകയാ ...!!

Anonymous said...

അരിപ്പപ്പടം വായിച്ചു.
ഉണ്ണി ഏട്ടന്റെ ഈ ഓര്‍മ്മക്കുറിപ്പ്‌ എനിക്ക് എന്റെ അമ്മയെ ഓര്‍മ്മപ്പെടുത്തി. അമ്മ അരിമുറുക്ക് ഉണ്ടാക്കുന്നതില്‍ (കൈകൊണ്ടു കലാപരമായി, തെറ്റാതെ പെട്ടെന്ന് പെട്ടെന്ന് പിരിച്ചു) അമ്മക്കുള്ള മിടുക്ക് ഒന്ന് വേറെ ആയിരുന്നു.

Echmukutty said...

ഉം ഉം അരിപപ്പടം ഉണ്ടാക്കുന്ന ഇൻഡ്യൻ പ്രധാനമന്ത്രി.......

Nalina said...

സേവനാഴിയില്‍ പീച്ചി യിട്ട കൊണ്ടാട്ടം ഉണക്കി വലിയ മണ്‍ ഭരണിയില്‍ നിറച്ചു തുണി കൊണ്ട് വായപ്പൊതി കെട്ടി എന്റെ അമ്മ സൂക്ഷിച്ചു വെക്കും ആരെങ്കിലും വിരുന്നു വന്നാല്‍ അതില്‍ നിന്നും കൊണ്ടാട്ടം എടുത്തു വെളിച്ചെണ്ണയില്‍ പൊരിച്ചു തേങ്ങയും പഞ്ചസാരയും ധാരാളം ഇട്ടു കൊടുക്കുമായിരുന്നു.. അതിന്റെ രുചി... ഹോ മറക്കാന്‍ പറ്റുമോ...