Sunday, December 27, 2009

ദര്‍ശനം പുണ്യ ദര്‍ശനം - 6.

ഇന്നത്തെ കാലഘട്ടത്തിലുള്ള തിരക്ക് നോക്കിയാല്‍ പഴയ കാലത്ത് മകര വിളക്കിന്ന് ആളും മനുഷ്യനും ഇല്ല എന്നു തന്നെ പറയാം.
പരമാവധി ഇലക്ട്രിസിറ്റി ബോര്‍ഡ് വക ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ് വരെ മാത്രമേ ഭക്തന്മാര്‍ വിരി വെച്ച് കൂടാറുള്ളു. ദര്‍ശനത്തിന്നുള്ള ക്യൂ വല്ലപ്പോഴുമേ തിരുമുറ്റം കഴിഞ്ഞ് താഴേക്ക് ഇറങ്ങു. അന്ന് ഫ്ലൈ ഓവര്‍ ഇല്ല എന്നുകൂടി ഓര്‍ക്കണം.

അന്നും മകര വിളക്കിന്‍ നാള്‍ ഉച്ചയോടു കൂടി പതിനെട്ടാം പടിക്ക് മുകളിലേക്ക് പ്രവേശനം നിരോധിച്ചിരുന്നു. മകര വിളക്ക്
ദര്‍ശിക്കാനായി ഭക്തന്മാര്‍ മറവില്ലാത്ത ഇടങ്ങള്‍ നേരത്തെ നോക്കി വെക്കും. തിരുവാഭരണം എത്തി കഴിഞ്ഞാല്‍ ആ ഭാഗത്ത് പോയി നില്‍ക്കും.

അന്ന് ഒരു അസാധാരണമായ സംഭവം നടന്നു. വാവരു സ്വാമിയുടെ ആസ്ഥാനത്തിന്ന് തൊട്ട് അടുത്തുള്ള മരചുവട്ടില്‍ ദര്‍ശനത്തിന്ന് എത്തുന്ന തീര്‍ത്ഥാടകരെ നോക്കി ഈശ്വര കുമാരനും ഞാനും നില്‍ക്കുകയായിരുന്നു. അപ്പോള്‍ ഊമയായ ഒരു കൊച്ചയ്യപ്പന്‍ 
സംസാരിക്കാന്‍ തുടങ്ങി എന്ന് പറയുന്നത് കേട്ടു. അപ്പോഴുണ്ടായ തിരക്കും ബഹളവും കാരണം ഞങ്ങള്‍ക്ക്അടുത്ത് ചെന്ന് കാണാനായില്ല.

അല്‍പ്പ സമയത്തിനകം ദേവസ്വം ബോര്‍ഡ് വക പരസ്യങ്ങള്‍ പ്രക്ഷേപണം നടത്തുന്ന ഇടത്തു നിന്നും ഈ വസ്തുത വെളിപ്പെടുത്തി. തുടര്‍ന്ന് ആ കൊച്ചയ്യപ്പന്‍റെ ശബ്ദവും  കേള്‍ക്കാനായി. നിരവധി ഭക്തന്മാരുടെ ശരണം വിളികള്‍ക്കൊപ്പിച്ച് ആ കുട്ടിയുടെ സ്വരവും 
ഉയര്‍ന്നുപൊങ്ങി. തുടക്കത്തില്‍ തീരെ അവ്യക്തമായി ( ആട് കരയുന്നത്പോലെയാണ് എനിക്ക് തോന്നിയത് ) വിറയലോടെ പുറത്ത് വന്ന ആ ശബ്ദം ക്രമേണ വ്യക്തമായി തുടങ്ങി. ഭക്തരോടുള്ള അയ്യപ്പ സ്വാമിയുടെ കാരുണ്യത്തെ പറ്റി മുതിര്‍ന്ന ഗുരുസ്വാമിമാര്‍ 
സ്തുതിക്കുന്നത് കേട്ട് ഞങ്ങള്‍ പരിസരം മറന്ന് അയ്യപ്പ സ്മരണയില്‍ ലയിച്ചു.

തിരുവാഭരണം എത്തുന്നതിനൊക്കെ കുറെ മുമ്പ് തന്നെ ഗരുഡന്‍ വട്ടം ചുറ്റി പറക്കാന്‍ തുടങ്ങി. ക്ഷേത്രത്തിന്ന് അഭിമുഖമായി ആകാശത്ത് നക്ഷത്രം തെളിഞ്ഞു. തിരുവാഭരണ ഘോഷയാത്ര വരുന്നതും കാത്ത് ഞാനും അര്‍ജുനനും ഈശ്വരകുമാരനും വഴി വക്കത്ത് നിന്നു.

തിരുവാഭരണ പേടകങ്ങള്‍ ചുമക്കുന്നവര്‍ മാത്രമല്ല അകമ്പടിയായി വന്ന പൊലീസ് ഉദ്യോഗസ്ഥരും അനു യാത്ര ചെയ്യുന്നവരും ആയ എല്ലാവരും ഭക്തിയുടെ ലഹരിയില്‍ അര്‍ദ്ധബോധാവസ്ഥയിലാണ് വന്നു കൊണ്ടിരുന്നത്. ആ തിരക്കിനിടയില്‍ ആരോ എന്നെ തട്ടി തെറുപ്പിച്ചു. വഴിയിലേക്ക് വീണ എന്നെ ഒരു നിമിഷത്തിനകം കൂട്ടുകാര്‍ എടുത്തുപൊക്കി മാറ്റി. അല്ലെങ്കില്‍ ചവിട്ടേറ്റ് അപകടം 
സംഭവിച്ചേനെ.

പിറ്റേന്ന് തൊഴുത് ഞങ്ങള്‍ മലയിറങ്ങി. പമ്പയിലെത്തുമ്പോഴേക്കും തിരുമേനിയുടെ മട്ട് മാറി നിത്യവും ട്രാന്‍ക്വിലൈസര്‍ 
കഴിച്ചിരുന്ന അദ്ദേഹം യാത്രക്കിടെ അത് മുടക്കി. മല മുകളില്‍ പ്രാഥമിക ആവശ്യങ്ങള്‍ നടത്താനുള്ള സൌകര്യ കുറവോര്‍ത്ത് ഭക്ഷണം
കഴിക്കുന്നത് തീരെ കുറച്ചു. ഇതൊക്കെ കാരണം അദ്ദേഹം സ്വബോധം നഷ്ടപ്പെട്ടവനെ പോലെ പെരുമാറി തുടങ്ങി.

സര്‍വീസ് ബസ്സിലാണ് വരുമ്പോള്‍ എരുമേലി വരെ എത്തിയത്. മടക്ക യാത്രക്ക് പമ്പയില്‍ നിന്ന് ബസ്സ് കിട്ടാനുള്ള ലക്ഷണം 
കാണാനില്ല. ഞങ്ങള്‍ ചാലക്കയത്തേക്ക് നടന്നു. അവിടെ മലയില്‍ നിന്ന് തിരിച്ചെത്തുന്നവരെ പ്രതീക്ഷിച്ച് നില്‍ക്കുന്ന കാറുകളുടെ
ഡ്രൈവര്‍മാരോട് തിരുമേനി കാറിന്ന് വില ചോദിച്ചു തുടങ്ങി. ' എത്ര്യാ വേണ്ടത്ച്ചാല്‍ പറഞ്ഞോളു, മനേല് എത്തിയാല്‍ എടുത്ത് തരാ 'മെന്നായി അദ്ദേഹം. ഒരു വിധത്തില്‍ ഞങ്ങള്‍ അദ്ദേഹത്തെ കൂട്ടി നടന്നു തുടങ്ങി.

വിശപ്പ് കത്തി കയറുന്നു. വഴി വക്കില്‍ കപ്പ പുഴുങ്ങിയത് വില്‍ക്കുന്നത് കണ്ടു. ഞങ്ങള്‍ അതും വാങ്ങി മുളകരച്ചതും കൂട്ടി തിന്നുമ്പോള്‍ ഈശ്വരകുമാരന്‍ തിരുമേനിയോട് ' കപ്പ എങ്ങിനെയുണ്ട്, തിരുമേനി ' എന്ന് അന്വേഷിച്ചു.' ഒന്നാന്തരം. ഹൈലി
നുട്രീഷ്യസ്. ഇത് അങ്ങന്നെ പ്രൊട്ടീനല്ലേ ' എന്ന് അദ്ദേഹം മറുപടി പറയുന്നത് കേട്ട് സങ്കടവും ചിരിയും ഒന്നിച്ച് ഉണ്ടായി.

ഏറെ നേരം ബുദ്ധിമുട്ടിയില്ല. ഒറ്റപ്പാലത്തു നിന്ന് വന്ന ഒരു സ്പെഷല്‍ ബസ്സ് ഞാന്‍ കണ്ടു. ഒരു പരീക്ഷണം എന്ന മട്ടില്‍ ഞാന്‍
കൈ നീട്ടി.' പാലക്കാട്ടേക്ക് അഞ്ചാളുണ്ട് ' എന്ന് ഉറക്കെ പറഞ്ഞത് കേട്ട് കിളി വിസിലടിച്ച് നിര്‍ത്തി. ' ഇരിക്കാനൊന്നും
സീറ്റ് ഇല്ല, നിന്നിട്ട് പോവാന്‍ വയ്ക്കുമെങ്കില്‍ കേറിക്കോളിന്‍' എന്ന് പറഞ്ഞതും മറ്റൊന്നും ചിന്തിക്കാതെ ഞങ്ങള്‍ അതില്‍
കയറി കൂടി.

റാന്നിയില്‍ ഒരു ഹോട്ടലിന്ന് മുമ്പില്‍ ബസ്സ് നിര്‍ത്തി. ' ആഹാരം വല്ലതും കഴിച്ചോളിന്‍ ' എന്ന് കണ്ടക്ടര്‍ പറഞ്ഞതനുസരിച്ച് എല്ലാവരും ഇറങ്ങി. ഹോട്ടലില്‍ സീറ്റ്പിടിക്കാനായി ഞങ്ങള്‍ മറ്റ് അയ്യപ്പന്മാരോടൊപ്പം ഓടി കയറി. ഒരു മേശയില്‍ അഞ്ച് പേര്‍ക്ക് ഇരിക്കാന്‍ ഇടം കണ്ടെത്തി. ഞങ്ങള്‍ നോക്കുമ്പോള്‍ തിരുമേനി കൌണ്ടറിന്ന് മുമ്പില്‍ നിന്ന് കാഷ്യറോട് എന്തെല്ലാമോ കാര്യമായി സംസാരിക്കുകയാണ്.

അദ്ദേഹം എത്താത്തതിനാല്‍  ഭക്ഷണത്തിന്ന് ഓര്‍ഡര്‍ നല്‍കാതെ ഞങ്ങള്‍ കാത്തിരുന്നു. മറ്റ് അയ്യപ്പന്മാര്‍ കിട്ടിയ ആഹാരം കഴിച്ചു തുടങ്ങി. തിരുമേനി ഞങ്ങളെ കാഷ്യര്‍ക്ക് ചൂണ്ടിക്കാട്ടി കൊടുക്കുന്നത് ഞങ്ങള്‍ കണ്ടു. ഒരു വെയിറ്റര്‍ വന്ന് ആരെങ്കിലും 
കൌണ്ടര്‍ വരെ ചെല്ലണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ എഴുന്നേറ്റു ചെന്നു.

' സ്വാമി, നിങ്ങള്‍ ഇയാളേയും കൂട്ടി വേഗം സ്ഥലം വിടിന്‍ ' എന്ന് കാഷ്യര്‍ പറഞ്ഞു. എന്താണ് കാര്യം എന്ന് എനിക്ക്
മനസ്സിലായില്ല. ഞാനത് ചോദിച്ചു. അയാള്‍ പറഞ്ഞ സംഗതികേട്ടതോടെ അവിടെ നിന്ന് ഭക്ഷണം കിട്ടില്ല എന്ന് ഉറപ്പായി.

' ഹോട്ടല്‍ ബ്രീസ് ' എന്നു പറഞ്ഞാല്‍ ലോകം മുഴുവനുമുള്ള ആളുകള്‍ അറിയുമെന്നും രണ്ട് വക പായസവും ഏഴെട്ടു വിധം
കറികളുമായി ഹോട്ടലില്‍ എത്തുന്ന എല്ലാ അയ്യപ്പന്മാര്‍ക്കും ഭക്ഷണം കൊടുത്തോളൂ എന്നും പണം എത്രയാണെങ്കിലും മനക്കല്‍
ചെന്ന് വാങ്ങിച്ചോളൂ എന്നുമാണ് തിരുമേനി വെച്ച് കാച്ചിയത്. ഇത്തരത്തിലുള്ള വട്ട് കേസുകളേയും കൊണ്ട് ഒരു ദിക്കിലും 
മിനക്കെടുത്താന്‍ ചെല്ലരുത് എന്നൊരു ഉപദേശവും അയാള്‍ തന്നു. ഞാന്‍ കൂട്ടുകാരോട് വിവരം പറഞ്ഞു. വല്ലാത്ത നിരാശയോടെ
ഞങ്ങള്‍ പുറത്തിറങ്ങി. തിരുമേനിക്ക് കാര്യം മനസ്സിലായില്ല. ഈശ്വരകുമാരനോട് അദ്ദേഹം വിവരം അന്വേഷിച്ചു.

പൂണൂല്‍ ഇട്ട ആളുകളുടെ കണ്ണ് ഇവിടെയുള്ളവര്‍ കുത്തിപ്പൊട്ടിക്കുമെന്നും വീട്ടില്‍ മടങ്ങി എത്തുന്നത് വരെ ബ്രാഹ്മണര്‍ മൌനവൃതം
അനുഷ്ടിക്കേണ്ടതാണെന്നും അല്ലാത്ത പക്ഷം ശിക്ഷ നടപ്പാക്കുമെന്നും ഈശ്വരന്‍ തിരുമേനിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നെ തിരുമേനി യാത്ര കഴിയുന്നത് വരെ ഒരക്ഷരം ഉരിയാടിയിട്ടില്ല.

രാത്രി ബസ്സില്‍ ഞങ്ങള്‍ മറ്റുള്ളവരുടെ കാല്‍ ചുവട്ടിലായി നട വഴിയില്‍ കിടന്നു. ഒരു ബഹളം കേട്ട് ഉറക്കം തെളിഞ്ഞു. സീറ്റില്‍
ഇരിക്കുന്ന ഒരാള്‍ ഈശ്വരകുമാരന്‍റെ തലയില്‍ ചവിട്ടി. ഒന്നും പറയാതെ ക്ഷമിച്ചിരുന്ന ഈശ്വരനോട് മറ്റെയാള്‍ കയര്‍ക്കുകയാണ്.
വിവരം അറിഞ്ഞതും ഞാന്‍ ഇടപെട്ടു.

' നിങ്ങളുടെ ചവിട്ട് കൊണ്ട ഇയാള്‍ പരാതി ഒന്നും പറയുന്നില്ല. എന്നിട്ട് നിങ്ങള്‍ക്കാണോ പരാതി ' എന്ന് ഞാന്‍ ചോദിച്ചു. താന്‍ ഇനിയും അയാളുടെ തലയില്‍ ചവിട്ടുമെന്നും എന്താ ചെയ്യുക എന്ന് കാണണമെന്നും അയാള്‍ ഭീഷണി മുഴക്കി. ശബരിമലയില്‍
നിന്ന് തിരിച്ചു വരികയാണെന്ന കാര്യം ഞാന്‍ വിസ്മരിച്ചു.

' ഇനി നിന്‍റെ കാല് ആരുടെയെങ്കിലും ദേഹത്ത് തട്ടിഎന്നറിഞ്ഞാല്‍ ബസ്സിന്ന് കട്ട വെക്കാനുള്ള മരമുട്ടിഎടുത്ത് ആ കാല് അടിച്ച് പൊട്ടിക്കു'മെന്ന് ഞാന്‍ വിരട്ടി. മറ്റുള്ള സ്വാമിമാര്‍ ഇടപെട്ടു. കുഴപ്പക്കാരനെ പുറകിലെ സീറ്റിലേക്ക് മാറ്റി. അതുവരെ ഇരുന്ന ചിലര്‍ എഴുന്നേറ്റ് ഞങ്ങള്‍ക്ക് ഇരിക്കാന്‍ ഇടം തന്നു. മറക്കാനാവാത്ത കുറെയേറെ അനുഭവങ്ങള്‍ സമ്മാനിച്ചു കൊണ്ട് ആ യാത്ര അവസാനിച്ചു.

( ഓര്‍മ്മത്തെറ്റ് പോലെ ' എന്ന നോവലിന്‍റെ അദ്ധ്യായം 34 പ്രസിദ്ധീകരിച്ചിരിക്കുന്നു )

1 comment:

nalina kumari said...

മനുഷ്യന് ബോധം ഇല്ലാണ്ടായാല്‍ അയാള്‍ എന്തൊക്കെ കാട്ടിക്കൂട്ടും എന്ന് അയാള്‍ക്ക്‌ തന്നെ അറീല്ല.പാവം തിരുമേനി.