Saturday, December 12, 2009

ദര്‍ശനം പുണ്യദര്‍ശനം - ഭാഗം 5.

പിറ്റേന്ന് രാവിലെ മുതല്‍ കൂട്ടം തെറ്റിയ സംഘാങ്ങളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. പമ്പാ തീരത്തുള്ള വിരികള്‍ മുഴുവനും 
ഞങ്ങള്‍ തിരഞ്ഞു. എത്ര തവണ മൈക്കിലൂടെ വിളിച്ചു പറഞ്ഞു എന്ന് ഞങ്ങള്‍ക്കേ അറിയാതായി. എന്നിട്ടും ഫലം ഒന്നും
ഇല്ല.

പ്രഭാതം മദ്ധ്യാഹ്നത്തിന്ന് കുറെ ചൂട്സമ്മാനിച്ചുകൊണ്ട് കടന്നു പോയി. ഞാന്‍ തികച്ചും ക്ഷീണിതനായി തീര്‍ന്നു. കൂട്ടുകാരും
 തഥൈവ. അവരും കാലത്ത് മുതല്‍ ഒന്നും കഴിച്ചിട്ടില്ല.' ഒന്നും കൂടി ചെന്ന് നോക്കിന്‍, ഈ തവണ അവരെ കാണാതിരിക്കില്ല 'എന്ന് ഞാന്‍ അവരോട് പറഞ്ഞു.

അര്‍ജുനനും ഈശ്വരകുമാരനും ക്യൂ നിന്നു. മൈക്ക് കയ്യില്‍ കിട്ടിയപ്പോള്‍ ഈശ്വര കുമാരന്‍ പറഞ്ഞു തുടങ്ങി ' പറളിയില്‍ നിന്നും വന്ന കനകപ്പന്‍സ്വാമി പരിസരത്ത് എവിടെയെങ്കിലും ഉണ്ടെങ്കില്‍... '. ആ സമയത്ത് തൊട്ട് പുറകില്‍ നിന്ന ആള്‍
അര്‍ജുനനെ കെട്ടി പിടിച്ചു. അത് വലിയണ്ണനായിരുന്നു.

കരച്ചിലോടു കൂടിയാണ് ആ സമാഗമം ഞങ്ങള്‍ ആഘോഷിച്ചത്. ഹോട്ടലില്‍ നിന്ന് എന്തോ വാങ്ങി തിന്ന് ഞങ്ങള്‍ അപ്പോഴത്തെ വിശപ്പടക്കി. പമ്പാസദ്യ ഒരുക്കണമെന്നായി വലിയണ്ണന്‍. എരുമേലിയില്‍ പേട്ട തുള്ളാന്‍ നേരം വാങ്ങിയ കിഴങ്ങുകളും മറ്റും പെട്ടെന്ന് നുറുക്കി. കല്ല് കൂട്ടിയ അടുപ്പുകളില്‍ പാത്രങ്ങള്‍ കയറ്റി. തിരുമേനിയെ കെട്ടുകള്‍ക്ക് കാവലിന്നിരുത്തി.

ചോറും കറികളും തയ്യാറായി. പായസത്തിന്‍റെ അരി വെന്ത് തുടങ്ങി. ' ഒരു കാര്യം മറന്നു ' വലിയണ്ണന്‍ 
പറഞ്ഞു ' പായസം ഉണ്ടാക്കാന്‍ കുറച്ച് നെയ്യ് കൊണ്ടുവരാമായിരുന്നു. പമ്പാസദ്യ ഭഗവാനും കൂടി ഉണ്ണുന്നതല്ലേ '. അത് ഒരു വലിയ കുറവായി എനിക്ക് തോന്നി ഞാന്‍ തിരുമേനിയുടെ അടുത്ത് ചെന്നു. എന്‍റെ പള്ളിക്കെട്ടിന്‍റെ മുന്‍കെട്ട് അഴിച്ചു. അഭിഷേകത്തിന്ന് കരുതിയ നെയ്ത്തേങ്ങ എടുത്ത് ഒരു പാത്രത്തില്‍ അത് പൊട്ടിച്ചൊഴിച്ചു. നാളികേരം തിരുമേനി ചെറിയ കഷ്ണങ്ങളായി നുറുക്കി.

അഭിഷേകത്തിന്ന് കൊണ്ടുപോയ നെയ്യ് എടുത്ത് പായസം ഉണ്ടാക്കിയത് അക്ഷന്തവ്യമായ അപരാധമായി പിന്നീട് ചിലരൊക്കെ
പറഞ്ഞു. ഭഗവാന് നിവേദ്യം ഉണ്ടാക്കുന്നതില്‍ കുറ്റവും കുറവും വരരുത് എന്ന തോന്നലായിരുന്നു എന്‍റെ മനസ്സില്‍ . ഞാന്‍ 
ചെയ്ത കാര്യം  തെറ്റോ ശരിയോ എന്ന് അറിയില്ല. എന്തായാലും ഭഗവാന് അത് ഇഷ്ടപ്പെട്ടു കാണണം. കാരണം അത്ര സ്വാദിഷ്ടമായ പായസം ഞാന്‍ ഈ ജീവിതത്തില്‍ കഴിച്ചിട്ടില്ല.

ശബരിമലയില്‍ വിരികളൊന്നും കിട്ടാനില്ല. കാട്ടില്‍ നിന്ന് നാല് കമ്പുകള്‍ മുറിച്ചുകൊണ്ടു വന്നു. മാളികപ്പുറത്തമ്മയുടെ
ക്ഷേത്രത്തിന്ന് പുറകിലായി കുറച്ച് സ്ഥലം വൃത്തിയാക്കി ആ കാലുകള്‍ നാട്ടി അതിന്ന് മുകളില്‍ കമ്പിളി മേഞ്ഞ് ഒരു ടെന്‍റ് ഉണ്ടാക്കി. മകരവിളക്കുവരെ നാല് ദിവസം അതില്‍ താമസമാക്കി. വെയില്‍ മൂത്താല്‍ കമ്പിളി ചൂടാവും. പിന്നെ അതിന്ന് ചുവട്ടില്‍ ഇരിക്കാനാവില്ല. അപ്പോള്‍ വല്ല മരത്തണലിലും ചെന്ന് ഇരിക്കും. രാത്രിയിലാണ് ഏറെ കഷ്ടം. ഒരു ഉറക്കം 
കഴിയുമ്പോഴേക്കും കമ്പിളി മഞ്ഞില്‍ നനഞ്ഞ് കുതിര്‍ന്ന് വെള്ളം ഇറ്റിറ്റ് വീഴാന്‍ തുടങ്ങും. ആ നനവും സഹിച്ച് കഴിയുകയേ
വഴിയുള്ളു.

വിരിയില്‍ നിന്ന് താഴോട്ട് ഇറങ്ങിയാല്‍ ഒരു കൊച്ചു തോടുണ്ട്. പാദങ്ങള്‍ നനയാനുള്ള വെള്ളമേ അതിലുള്ളു. പക്ഷെ അതില്‍ ഇറങ്ങി നിന്ന് കുളിക്കാവുന്ന കുഴികളുണ്ട്. ഐസു പോലെ തണുത്ത വെള്ളത്തിലെ കുളി മറക്കാനാവില്ല. പകലത്തെ
ചൂട്, രാത്രി നേരത്തെ മഞ്ഞ്, തണുത്ത വെള്ളത്തിലെ കുളി എല്ലാം ചേര്‍ന്ന് മകരവിളക്കിന്ന് തലേന്നാള്‍ എനിക്ക് കടുത്ത പനിയായി. അതും വെച്ച് വൈകുന്നേരം അരുവിയില്‍ ചെന്ന് കുളിച്ചു. കിടുകിടെ വിറച്ചുകൊണ്ടാണ് ഞാന്‍ വിരിയിലെത്തിയത്.

സന്ധ്യക്ക് ദീപാരാധന നടക്കുന്ന സമയമായി . അര്‍ദ്ധബോധാവസ്ഥയില്‍ ഞാന്‍ വിരിയില്‍ കിടക്കുകയാണ്. എനിക്ക് ചുറ്റും
സംഘാംഗങ്ങള്‍ ഇരുന്നു. അതിമനോഹരമായ ശബ്ദമാണ് ഈശ്വര കുമാരന്‍റേത്. അയാളുടെ നേതൃത്വത്തില്‍ കൂട്ടുകാര്‍ ഭജന
ചൊല്ലാനൊരുങ്ങി. ' ഉണ്ണി, സന്ധ്യനേരത്ത് കിടക്കണ്ടാ, എഴുന്നേറ്റിരിക്ക് ' എന്ന് വലിയണ്ണന്‍ പറഞ്ഞത് കേട്ടുവെങ്കിലും
എനിക്ക് എഴുന്നേല്‍ക്കാനാവുന്നില്ല. വലിയണ്ണന്‍ എന്‍റെ ദേഹം  തൊട്ടു നോക്കി ' തീ പോലെ പനിക്കുന്നുണ്ട് ' എന്ന് പറഞ്ഞു.

കുറച്ച് ഭസ്മം എടുത്ത് പ്രാര്‍ത്ഥിച്ച് അദ്ദേഹം എന്‍റെ നെറ്റിയില്‍ തൊട്ടു. നമ്മള്‍ ഭഗവാന്‍റെ സന്നിധാനത്തിലാണ്.
മാളികപ്പുറത്തമ്മയുടെ അരികിലാണ് നമ്മള്‍ ഇരിക്കുന്നത്. അമ്മ തന്നെ കാത്തു കൊള്ളട്ടെ എന്ന് പറയുന്നത് അവ്യക്തമായി ഞാന്‍ കേട്ടു. ഈശ്വര കുമാരന്‍ ചൊല്ലിയ കീര്‍ത്തനങ്ങള്‍ താരാട്ടായി. ഞാന്‍ അമ്മയുടെ മടിത്തട്ടില്‍ കിടക്കുകയാണ്. അമ്മയുടെ വലത്ത് കൈ എന്‍റെ ശിരസ്സിലൂടെ പതുക്കെ നീങ്ങിക്കൊണ്ടിരുന്നു. ആ സ്നേഹം ആവോളം നുകര്‍ന്ന് ഞാന്‍ മയങ്ങിപ്പോയി.

ഭജന കഴിഞ്ഞ് കല്‍പ്പൂരം കത്തിച്ചപ്പോള്‍ അണ്ണന്‍ എന്നെ കുലുക്കി വിളിച്ചു. കണ്ണും തിരുമ്മി ഞാന്‍ എഴുന്നേറ്റിരുന്നു. അണ്ണന്‍ ഒന്നു കൂടി എന്നെ തൊട്ടു നോക്കി. പനിയുടെ നേരിയ ഒരു ലാഞ്ചന പോലും അപ്പോള്‍ ഉണ്ടായിരുന്നില്ല.

' എടോ, ഉണ്ണിക്കുട്ടാ, തന്‍റെ പനിയെല്ലാം മാറി. തനിക്ക് ആവശ്യമായ മരുന്ന് അമ്മ തന്നെ തന്നിട്ടുണ്ടാവും ' വലിയണ്ണന്‍
അത് പറഞ്ഞ് നിറുത്തിയതും കൂട്ടുകാരില്‍ നിന്നും ഉച്ചത്തില്‍ ഒരു ശരണം വിളി ഉയര്‍ന്നു.

( ഓര്‍മ്മത്തെറ്റ് പോലെ എന്ന നോവലിന്‍റെ അദ്ധ്യായം 32 പ്രസിദ്ധീകരിച്ചിരിക്കുന്നു )

9 comments:

Typist | എഴുത്തുകാരി said...

അതു വലിയ അത്ഭുതമായല്ലോ,പനി മാറിയതു്. മൂന്നു നാലു ദിവസം താമസിച്ചിട്ടൊക്കെയാ തൊഴുതു വന്നിരുന്നതു് അല്ലേ. ഇപ്പോഴൊക്കെ ഒരു ദിവസം കൊണ്ട് തൊഴുതു പോരുന്നു മിക്കവരും.

keraladasanunni said...

തുലാമാസം ഒന്നാം തിയ്യതി ( വൃശ്ചിക മാസമല്ല ) മാലയിട്ട് മകരമാസം വരെ വൃതനിഷ്ടയോടെ കഴിഞ്ഞ് മലക്ക് പോയ ആ കാലം ഇന്നും ഓര്‍ക്കുന്നു. എന്നാല്‍ ഇന്നോ. കെട്ടുനിറ ദിവസം രാവിലെ മാലയിട്ട് കെട്ടും നിറച്ച് പോകുന്നു.

സംഭവത്തിന്ന് ദൃക്സാക്ഷിയായ അര്‍ജുനന്‍ ഈ കുറിപ്പ് വായിച്ച് കണ്ണ് തുടച്ചു.

ശ്രീ said...

അതിശയം തന്നെ.

കുറിപ്പ് തുടരട്ടെ, മാഷേ

കണ്ണനുണ്ണി said...

അത്ഭുദം ആയിലോ അത്...
എനിക്കിന്ന് വരെ ഒരീസം തികച്ചു സന്നിധാനത്ത് വിരി വെക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല.

keraladasanunni said...

ശ്രീ, കണ്ണനുണ്ണി.
അതിശയവും അത്ഭുതവും ആയ കാര്യങ്ങള്‍ക്ക് പുറകില്‍ ഈശ്വരന്‍റെ കരങ്ങള്‍ ഉണ്ട്. അന്നു കാലത്ത് ശബരിമലയില്‍ ഇന്നത്തെ അത്ര തിരക്ക് ഇല്ല. ഇപ്പോള്‍ ഞാന്‍ ഏതെങ്കിലും മാസം ഒന്നാം തിയ്യതിക്ക് തൊഴാന്‍ ചെല്ലും. പഴയ കാലത്തെ ശാരീരികക്ഷമത എനിക്ക് ഇന്ന് ഇല്ലല്ലൊ.

ramanika said...

തുടരട്ടെ അതിമനോഹരമായ അനുഭവ കഥകള്‍ !

raj said...

വീണ്ടും "ദര്‍ശനം പുണ്യദര്‍ശനം" എഴുതിത്തുടങ്ങിയത് നന്നായി. അമ്മയുടെ അനുഗ്രഹം കൊണ്ടുതന്നെയവും "തീ" പോലത്തെ പനി മഞ്ഞു പോലെ തണുത്തു പോയത്. "തത്വമസി" എന്ന ആപ്തവാക്യം അനുസരിച്ചാണെങ്കില്‍ ഭഗവാനുള്ള നെയ്ത്തേങ്ങ ഭക്തന്റെയും കൂടിയാണല്ലോ. അത് പാകം ചെയ്തു നിവേദ്യം ആയി സമര്‍പ്പിക്കുകയും ചെയ്തു.

keraladasanunni said...

ramanika, raj,
അറിയാതെ ചെയ്യുന്ന തെറ്റ് ഈശ്വരന്‍ ക്ഷമിക്കും എന്നല്ലേ പറയാറ്. പിന്നെ പ്രവര്‍ത്തിക്ക് പുറകിലുള്ള ഉദ്ദേശശുദ്ധിയും
കണക്കിലെടുക്കുമല്ലോ.
Palakkattettan.

nalina kumari said...

കുഞ്ഞുങ്ങള്‍ തെറ്റ് ചെയ്‌താല്‍ നമ്മള്‍ ക്ഷമിക്കില്ലേ?