Saturday, June 21, 2014

എന്നെക്കാള്‍ എത്രയോ ഉയരെ.

രാവിലത്തെ നടത്തം  കഴിഞ്ഞ് തിരിച്ചെത്തിയാല്‍ കുറച്ചു നേരം  പേരക്കുട്ടികളോടൊത്ത് ചിലവഴിക്കും. കുളിയും നാമജപവും അതിന്നുശേഷമാണ്. അങ്ങിനെയുള്ള സമയത്താണ് അണ്ണന്‍റെ  ഫോണ്‍ വന്നത്.
''അച്ഛനാണ്  ഫോണ്‍'' കാള്‍ അറ്റന്‍ഡ് ചെയ്ത മകന്‍ വിളിച്ചു പറഞ്ഞു.
ഞാന്‍ അകത്തു ചെന്ന് അവന്‍റെ കയ്യില്‍നിന്ന് റിസീവര്‍ വാങ്ങി.
''എടാ, ഇത ഞാനാ, വിശ്വംഭരന്‍" മറുഭാഗത്തു നിന്ന് അണ്ണന്‍റെ ശബ്ദം കേട്ടു.
''അണ്ണാ, എന്തൊക്കെയുണ്ട് വിശേഷം'' ഞാന്‍ അന്വേഷിച്ചു.
''ഓ,അങ്ങിനെ പോവുന്നു. നിനക്ക് എങ്ങിനെയുണ്ട്''.
'' സുഖംതന്നെ"".
''ഞാന്‍ വിളിച്ചത് ഒരു കാര്യം പറയാനാണ്.  ഇന്ന് എന്‍റെ എഴുപതാമത്തെ പിറന്നാളാണ്"
''ഹാപ്പി ബെര്‍ത്ത്‌ഡേ" ഞാന്‍ ആശംസ അറിയിച്ചു.
''താങ്ക്‌സ്. ചെറിയൊരു ആഘോഷം ഉണ്ട്. നീ വരണം. വരുമ്പൊ സുന്ദരിയേയും മക്കളേയും പേരക്കുട്ടികളേയും കൂട്ടിക്കോ ''.
''ഉറപ്പായിട്ടും വരാം"
''എങ്കില്‍ വൈകുന്നേരം അഞ്ചു മണിയോടെ കഞ്ചിക്കോട് അട്ടപ്പള്ളത്തുള്ള മരിയന്‍ വില്ലേ ജിലേക്ക് വാ. പരിപാടി അവിടെവെച്ചാണ്".
അങ്ങോട്ടുള്ളവഴി അണ്ണന്‍ പറഞ്ഞുതന്നെങ്കിലും എനിക്കത് മനസ്സിലായില്ല. കുറെ കഴിഞ്ഞ് ഞാന്‍ വീണ്ടുംവിളിച്ചു. ഫോണെടുത്തത് അണ്ണന്‍റെഭാര്യ കാര്‍ത്ത്യായനിമാഡമാണ്. അവര്‍ കുറച്ചുകൂടി വ്യക്തമായി പറഞ്ഞു തന്നു.
''ഇനിയെന്തെങ്കിലും സംശയമുണ്ടെങ്കില്‍ വരുന്ന വഴിക്ക് വിളിച്ചു ചോദിച്ചോളൂ. പറഞ്ഞു തരാം". അവര്‍ തന്ന മൊബൈല്‍ നമ്പര്‍ ഞാന്‍ കുറിച്ചുവെച്ചു.
വൈകുന്നേരം എനിക്കും സുന്ദരിക്കുമൊപ്പം മൂത്ത മകനും ഇളയമകനും പുറപ്പെട്ടു. രണ്ടാ മനും  ഭാര്യയും  വന്നില്ല. കുട്ടികളെ  പരിപാടിക്ക്  കൊണ്ടുപോവാനാവില്ല.  എപ്പോഴാണ് അവരുടെ ശീലം മാറുക എന്നറിയില്ലല്ലോ.
പലരോടും വഴി ചോദിച്ച് അട്ടപ്പള്ളത്തെ സ്റ്റോപ്പിലെത്തി. അവിട്ന്നങ്ങോട്ട്മരിയന്‍  വില്ലേ ജിലേക്കുള്ള  വഴി കാണിക്കുന്ന  ചൂണ്ടു പലകകളുണ്ട്. പറഞ്ഞ  സമയത്തു തന്നെ ഞങ്ങള്‍ സ്ഥലത്തെത്തി. അണ്ണന്‍ സ്ഥലത്തില്ല.
''ഇപ്പോഴെത്തും" കാര്ത്ത്യായനി മാഡം പറഞ്ഞു "തൊട്ടടുത്ത് വേറൊരു സ്ഥലംകൂടിയുണ്ട്. അങ്ങോട്ട് പോയതാണ്". അവര്‍ ഞങ്ങളെ  കൂട്ടിക്കൊണ്ടുപോയി അവിടം മുഴുവന്‍ കാണി ച്ചു തന്നു.  അന്തേവാസികളില്‍ നല്ലൊരുപങ്കും മാനസീകാസ്വാസ്ഥ്യമുള്ളവരാണ്. അസുഖം ഭേദപ്പെട്ടവര്‍ ജോലികളില്‍ സഹായിക്കുമെന്ന് അവര്‍ പറഞ്ഞു. ഉറ്റവരും ഉടയവരും ഇല്ലാ ത്തവരും അവരാല്‍ ഉപേക്ഷിക്കപ്പെട്ടവരുമായ ഇത്തരം രോഗി കളെ പലകാലത്തായി പല ഭാഗത്തു നിന്നും കണ്ടെത്തി കൂട്ടിക്കൊണ്ടുവന്നതാണത്രേ. ഇവിടെ വന്നതിന്നു ശേഷം ഒട്ടേറെ രോഗികള്‍ക്ക് അസുഖം മാറി സാധാരണ ജീവിതം നയിക്കാറായിട്ടുണ്ടെന്നും അറിഞ്ഞപ്പോ ള്‍  അവരെ പരിചരിക്കാനായി ശിഷ്ടജീവിതം ഉഴിഞ്ഞുവെച്ച അണ്ണനോട്  മനസ്സില്‍  തോന്നി യ ആദരവ് വര്‍ണ്ണിക്കാനാവില്ല.
നന്നായി കായ്ച്ചു നില്‍ക്കുന്ന ധാരാളം തെങ്ങുകള്‍ക്ക് പുറമേ പലതരം ചെടികളും വൃക്ഷ ങ്ങളും നിറഞ്ഞ സ്ഥലം കൌതുകത്തോടെ ഞങ്ങള്‍ നോക്കിനിന്നു. അവയ്ക്കിടയില്‍ ഒട്ടേറെ വാഴകള്‍ കായ്ച്ചു നില്‍ക്കുന്നു. പശുക്കള്‍, മുയലുകള്‍, താറാവ്, കോഴി, അരയന്നം എന്നി ങ്ങനെ പക്ഷി മൃഗാദികളെ വളര്‍ത്തുന്നുമുണ്ട്.
''പണി  കുറെയൊക്കെ മൂപ്പര് ചെയ്യും. ഉച്ചയ്ക്ക് മുമ്പ് ഇങ്ങോട്ട് വരും. പിന്നെ വൈകീട്ടേ തിരിച്ചെത്താറുള്ള ''.
രണ്ടു ദശാബ്ദത്തോലമായി സ്പോണ്ടിലൈറ്റിസ് കാരണം ഒരു വശത്തേക്ക് ചെരിഞ്ഞ ശിര സ്സുമായിട്ടാണ് അണ്ണന്‍ ഈ  നിസ്വാര്‍ത്ഥ  സേവനം  ചെയ്തു വരുന്നത്. എന്‍റെ മനസ്സിലൂടെ അദ്ദേഹം  പലപ്പോഴും പറയാറുള്ള വാക്കുകള്‍ കടന്നു വന്നു.
''എടാ ഉണ്ണ്യേ. നീ  കര്‍ത്താവിനെ  വിളിച്ചാല്‍ അദ്ദേഹം നിന്‍റെ  മുമ്പിലെത്തും. കാരണം നീ അത്രയ്ക്ക് നല്ലവനാണ്".
ശാരീരികാവശതകളെ അവഗണിച്ച്  പാവങ്ങളെ ശുശൃക്ഷിക്കാന്‍ പാടുപെടുന്ന അണ്ണനെ വിടെ, കേവലം ഒരു ജലദോഷം വരുന്നതിന്നുമുമ്പ് തലവഴി മൂടിപുതച്ച് കിടക്കുന്ന ഞാനെ വിടെ. അണ്ണന്‍ എന്നേക്കാള്‍ എത്രയോ ഉയരത്തില്‍ ദൈവത്തിനരുകിലാണ്
ഞങ്ങള്‍  സംസാരിച്ചു  നില്‍ക്കുമ്പോള്‍  ഒരു യുവതി  അടുത്തേക്ക് വന്നു.  അസ്പഷ്ടമായ ശബ്ദത്തില്‍ അവരെന്തൊക്കേയോ  കാര്‍ത്ത്യായനി മാഡത്തിനോട് പറഞ്ഞത്തിന്നുശേഷം നടന്നകന്നു.
"പരാതി  പറഞ്ഞതാണ്" അവര്‍  പറഞ്ഞു "എപ്പോഴും  മറ്റുള്ളവര്‍  ഉപദ്രവിക്കുന്നു  എന്ന തോന്നലാണ് അവള്‍ക്ക്".
കുറച്ചകലെ കൊയമ്പത്തൂര്‍  ഭാഗത്തേക്ക് ഒരു ഗുഡ്സ് ട്രെയിന്‍ പാഞ്ഞു പോയി. ഞങ്ങള്‍ മുന്‍വശത്തേക്ക് തിരിച്ചു.
'' അതാ വരുന്നുണ്ട്" കാര്‍ത്ത്യായനി മാഡം ചൂണ്ട്ക്കാട്ടി. ഒരു  പ്ലാവിന്‍ തെയ്യുമായിട്ടാണ് അണ്ണന്‍ വന്നത്.
''സത്യം പറയാലോടാ ഉണ്ണ്യേ, നീ വരില്ല  എന്നാ ഞാന്‍ കരുതിയത്.  ഞാന്‍ പറയാതെ തന്നെ നിനക്കതിന്‍റെ  കാരണം അറിയാം . എങ്കിലും ഞാന്‍  ഒരിക്കല്‍ കൂടി പറയ്യാണ്. നീ ഭൂലോക ഉഴപ്പനാണ്.  എങ്ങിനെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരിക്കണം എന്നതാണ് നിന്‍റെ നോട്ടം" അണ്ണന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു "ഞാന്‍ പോയി ഈ  തെയ്യൊന്ന്  വെക്കട്ടെ.  എഴുപതാം പിറന്നാള്‍ പ്രമാണിച്ച് ഇതൊന്ന് വെക്കണം എന്ന് പലരും പറഞ്ഞു. അത് ചെയ്തില്ല എന്നു വരണ്ടാ".
അണ്ണന്‍റെ മകളും കുടുംബവും എത്താന്‍ വൈകിയതിനാല്‍ പരിപാടി തുടങ്ങാന്‍ അല്‍പ്പം വൈകി. അതിനു മുമ്പേ  അന്തേവാസികള്‍ക്ക് ആഹാരം നല്‍കി. അവര്‍ വിശന്ന് ഇരുന്നു കൂടാ.
പ്രാര്‍ത്ഥനയ്ക്കുശേഷം സമൃദ്ധിയായ ഭക്ഷണം. എല്ലാം കഴിഞ്ഞ് ഞങ്ങള്‍ എഴുന്നേറ്റു.
''സന്തോഷായി നീനക്കും കുടുംബത്തിനും ദൈവം നല്ലതുവരുത്തട്ടെ '' യാത്ര പറയാന്‍ ചെന്ന എന്‍റെ കൈ പിടിച്ച് അണ്ണന്‍ പറഞ്ഞു.
"അണ്ണാ,  അണ്ണന്‍റെ  എണ്‍പതാമത്തേയും  തൊണ്ണൂറാമത്തേയും  നൂറാമത്തേയും പിറന്നള്‍ ഇവിടെവെച്ചുതന്നെ ആഘോഷിക്കണം" ഞാന്‍ പറഞ്ഞു"ദൈവം അതിനനുഗ്രഹിക്കട്ടെ".
അത് വെറുതെ പറഞ്ഞതായിരുന്നില്ല. തിരിച്ചുപോരുമ്പോള്‍ ഞാന്‍ ഇതേക്കുറിച്ചായിരുന്നു ചിന്തിച്ചിരുന്നത്.  ഇത്തരം  സദ്പ്രവര്‍ത്തികള്‍  കാരണമാണ്  സമാധാനവും സന്തോഷവും ലോകത്ത് നിലനില്‍ക്കുന്നത്.  ഇത്തരം നിഷ്ക്കാമകര്‍മ്മം അനുഷ്ഠിക്കുന്ന അണ്ണനെപ്പോലെ ഹൃദയത്തില്‍ കാരുണ്യമുള്ളവര്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടാവണം. എങ്കിലേ വളരെകാലം നല്ല പ്രവര്‍ത്തികള്‍  അവര്‍ക്ക്  ചെയ്യാനാവൂ. ദൈവം അണ്ണന്  ദീര്‍ഘായുസ്സ് നല്‍കട്ടെ എന്നാണ്  എന്‍റെ പ്രാര്‍ത്ഥന.

14 comments:

ajith said...

നന്മനിറഞ്ഞവരെപ്പറ്റി വായിക്കുന്നതും സന്തോഷമാണ്.

വീകെ said...

നന്മ കടുകോളം ഇല്ലാത്ത നമ്മുടെ നാട്ടിൽ ഇങ്ങനേയും ആളുകളുണ്ടെന്ന് കേൾക്കുന്നത് തന്നെ ഒരു പുണ്യമാണ്. ഇത് ഞങ്ങളിലേക്കെത്തിച്ച ഉണ്ണിമാഷിനും ഒരു കൂപ്പുകൈ.

Nanam said...

nammal okay palathum cheyannam ennagrahikum. pakshy chilar athu pravarthiyail varuthum. anganey ullavarku nammal ella nanmayum nerukayenkilum cheyuka. valarey nannayittundu etharam pravarthikal velichathu konduvannathu. yella vidha abinandhanagalum.

ബിലാത്തിപട്ടണം Muralee Mukundan said...

ഇത്തരം സദ്പ്രവര്‍ത്തികള്‍ കാരണമാണ് സമാധാനവും സന്തോഷവും ലോകത്ത് നിലനില്‍ക്കുന്നത്. ഇത്തരം നിഷ്ക്കാമകര്‍മ്മം അനുഷ്ഠിക്കുന്ന അണ്ണനെപ്പോലെ ഹൃദയത്തില്‍ കാരുണ്യമുള്ളവര്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടാവണം.

Sukanya said...

കാരുണ്യമുള്ള അണ്ണന് ദീര്‍ഘായുസ്സ് നേരുന്നു.

രാജഗോപാൽ said...

നിഷ്ക്കാമകർമിയായ അണ്ണന് ഇനിയും ഒരു പാടു കാലം പാവങ്ങളെ സേവിക്കാനുള്ള ആയുസ്സ് ദൈവം കൊടുക്കട്ടെ.

രാജഗോപാൽ said...
This comment has been removed by the author.
Echmukutty said...

നന്മയെപ്പറ്റി വായിക്കുമ്പോള്‍ കണ്ണില്‍ വെള്ളം വരും..

ഫൈസല്‍ ബാബു said...

നമുക്ക് നഷ്ടമായി കൊണ്ടിരിക്കുന്ന നന്മകള്‍ .. ദൈവം ദീര്‍ഘായുസ്സ് നല്‍കട്ടെ !!.

keraladasanunni said...

ajith,
തീര്‍ച്ചയായും.
വി.കെ,
നാം അറിയാത്ത എത്രയോ നന്മ നിറഞ്ഞവരുണ്ട്. ഈ ലോകം അവരുടെ സാമീപ്യംകൊണ്ട് സമ്പന്നമാവുകയാണ്.
Nanam,
അതെ. നമുക്കും പലതും ചെയ്യണമെന്ന മോഹം തോന്നാറുണ്ട്. പലപ്പോഴും അത് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോവുന്നു.

keraladasanunni said...

ബിലാത്തിപട്ടണം,
അതാണ്- എന്‍റേയും പ്രാര്‍ത്ഥന.
Sukanya,
അദ്ദേഹം വളരെക്കാലം സദ്പ്രവര്‍ത്തികള്‍ ചെയ്ത് ജീവിക്കട്ടെ.
രാജഗോപാല്‍,
അണ്ണന്‍ ഒന്നും പ്രതീക്ഷിക്കാതെ പാവങ്ങളെ സേവിക്കുകയാണ്. ദൈവം അദ്ദേഹത്തിന്ന് അതിനുള്ള ശക്തി നല്‍കട്ടെ.

keraladasanunni said...

Echmukutty,
മനസ്സില്‍ നന്മയുള്ളതുകൊണ്ടാണ് അത് ഉണ്ടാവുന്നത്.
ഫൈസല്‍ ബാബു,
സത്യം. നന്മ കുറഞ്ഞുപോവുന്ന കാലമാണിത്.

nalina kumari said...

ഇത്തരം സദ്പ്രവര്‍ത്തികള്‍ കാരണമാണ് സമാധാനവും സന്തോഷവും ലോകത്ത് നിലനില്‍ക്കുന്നത്.

സുധി അറയ്ക്കൽ said...

ഇങ്ങനൊരാളെപറ്റി അറിയാൻ കഴിഞ്ഞതെത്ര സന്തോഷം നൽകുന്നു!!!