Sunday, September 21, 2014

ബിജ്നി.

ഞങ്ങളുടെ മൂത്തമകന് ഗുരുവായൂരില്‍വെച്ച് ചോറുകൊടുക്കാമെന്ന് നേര്‍ന്നത് എന്‍റെ അമ്മയായിരുന്നു. ചോറൂണ്ണിന്ന് ചെല്ലുന്നതുവരെ കുട്ടിക്ക് പേരിടേണ്ട കാര്യത്തില്‍ 
ഞങ്ങള്‍ തീരുമാനത്തിലെത്തിയിരുന്നില്ല. ആ കാര്യം ഗൌരവമായി ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം.

'' ഗുരുവായൂരില്‍വെച്ച് ആവുമ്പോള്‍ ഭഗവാന്‍റെ പേരുതന്നെയാവണം '' എന്ന് അമ്മ പറഞ്ഞപ്പോള്‍ മറിച്ചൊന്നും ചിന്തിക്കാതെ അവന് '' ഉണ്ണികൃഷ്ണന്‍ '' എന്ന് പേരിട്ടു.

രണ്ടാമത്തെ പുത്രന്‍റെ ചോറൂണും ഗുരുവായൂരിലായതിനാല്‍ മുന്‍ഗാമിയുടെ പേരിന്ന് ചെറിയൊരു ഭേദഗതി വരുത്തി. അവന്‍ '' കൃഷ്ണനുണ്ണി '' ആയി.

എന്നാല്‍ ഈ രണ്ടു പേരുകള്‍ക്കും വിളിപ്പേര് ആവാനുള്ള ഭാഗ്യംപോലും ഉണ്ടായില്ല.

എല്‍.കെ.ജി.യില്‍ മൂത്തമകനെ ചേര്‍ത്ത സമയത്ത് എന്‍റെ ഭാര്യ കുട്ടിയുടെ പേര് പരിഷ്ക്കരിച്ചു. '' ഉണ്ണികൃഷ്ണന്‍ '' എന്ന പേര് '' ബിജോയ് '' ക്ക് വഴി മാറി. പേരുകള്‍ തമ്മിലുള്ള സാദൃശ്യം നില നിര്‍ത്താന്‍ രണ്ടാമന്‍റെ പുത്രന്‍റെ പേര് '' ബിനോയ് '' എന്നാക്കി.

മൂന്നാമതും ഗര്‍ഭം ധരിച്ചപ്പോള്‍ '' ഇത്തവണ തീര്‍ച്ചയായും പെണ്‍കുട്ടിയാവും '' എന്ന് ഭാര്യ ഉറപ്പിച്ചുപറഞ്ഞു.

'' അതെങ്ങിനേയാടോ ഉറപ്പിച്ച് പറയാന്‍ സാധിക്കുക '' ഞാന്‍ ചോദിച്ചു.

'' അത് അങ്ങിനെയാണ്. രണ്ടു പ്രാവശ്യവും ഗര്‍ഭം ഉണ്ടായപ്പോള്‍ എനിക്ക് ഛര്‍ദ്ദി ഉണ്ടായിരുന്നു. ഇത്തവണ അതില്ല '' ഭാര്യ പറഞ്ഞു '' പോരാത്തതിന്ന് ഇക്കുറി എരിവും പുളിയും മധുരവും ഒക്കെ ഒരുപോലെ ഇഷ്ടം തോന്നുന്നുണ്ട് ''.

 രണ്ടു മക്കളുടെ പേര് ഭാര്യ തീരുമാനിച്ച അവസ്ഥയ്ക്ക് ഉണ്ടാവാന്‍ പോവുന്ന കുട്ടിയുടെ പേര് ഞാന്‍ കണ്ടെത്തുമെന്ന് മനസ്സില്‍ നിശ്ചയിച്ചു.

എന്താണ്- പേരിടേണ്ടത് എന്ന് ഞാന്‍ പലവട്ടം ചിന്തിച്ചു. എന്തായാലും അത് രണ്ടുപേരുടേയും പേരിനോട് സാമ്യമുള്ളതായിരിക്കണം. എങ്കിലല്ലേ പറയാനും
കേള്‍ക്കാനും ഒരു രസമുണ്ടാകൂ.

ബിജോയിയും ബിനോയിയും എന്‍റെ മനസ്സില്‍ പലവട്ടം വീണുരുണ്ടു. ഒടുവില്‍
ഇതാ കിടക്കുന്നു നല്ല കിടിലന്‍ പേര് '' ബിജ്നി ''. ആ പേര് ഞാന്‍ ഭാര്യയില്‍
നിന്നുപോലും മറച്ചുവെച്ചു. തക്ക സമയത്തേ ആ രഹസ്യം പരസ്യമാക്കുകയുള്ളു. അപ്പോഴുണ്ടാവുന്ന ത്രില്‍ ഞാന്‍ പലകുറി മനസ്സില്‍ അനുഭവിച്ചറിഞ്ഞു.

രണ്ടാമന്‍റെ മൂന്നാം പിറന്നാള്‍ കഴിഞ്ഞതിന്‍റെ പിറ്റേ ദിവസം കാലത്ത് ഞാന്‍ പത്രം 

വായിച്ചിരിക്കുമ്പോള്‍ ഭാര്യ മുറ്റമടിക്കുകയാണ്. ആ പണി തീര്‍ത്ത് ചൂല് ഒരു ഭാഗത്ത് വെച്ചശേഷം അവള്‍ എന്‍റെ അടുത്തെത്തി.

'' എനിക്കെന്തോ വയ്യാ എന്ന് തോന്നുന്നു '' അവള്‍ പറഞ്ഞു.

'' ആസ്പത്രിയിലേക്ക് പോയാലോ '' ഞാന്‍ ചോദിച്ചു.

'' വേണ്ടാ. എനിക്ക് സുധാക്ലിനിക്കിലേക്ക് പോയാല്‍ മതി. രണ്ടാമത്തെ കുട്ടിയെ അവിടെയല്ലേ പ്രസവിച്ചത് ''.

'' എന്നാല്‍ വേഗം പോയി കാറ് വിളിച്ചിട്ടു വാ '' ഞങ്ങളുടെ സംഭാഷണം കേട്ട് അടുക്കളയില്‍ നിന്നു വന്ന അമ്മ പറഞ്ഞു.

'' കാറൊന്നും വേണ്ടാ. എനിക്ക് അത്ര വയ്യായയൊന്നുമില്ല. ഞങ്ങള് മെല്ല നടന്നു പൊവാം ''.

പത്തായപ്പുരക്കാരുടെ പൊറ്റക്കണ്ടവും ഇടുങ്ങിയ വയല്‍വരമ്പുകളും കടന്ന് റെയില്‍വേലൈന്‍ താണ്ടി അവള്‍ മുമ്പേ നടന്നു. 

സുധാ ക്ലിനിക്കിലെ ബാലന്‍ ഡോക്ടറും അദ്ദേഹത്തിന്‍റെ ഭാര്യയും ഞങ്ങളുടെ
പരിചയക്കാരാണ്. ഡോക്ടറുടെഭാര്യ മുമ്പ് മിഡ്‌വൈഫായി ജോലി ചെയ്തിരുന്നു.

'' പെയിന്‍ തുടങ്ങിയിട്ടുണ്ട്. ദാസ് വീട്ടില്‍ പോയി അമ്മയെ വരാന്‍ പറയൂ '' അവര്‍ പറഞ്ഞു.

മൂത്ത മകന്‍ ജനിച്ചത് ഏപ്രില്‍ 28 നാണ്. രണ്ടാമന്‍ നവമ്പര്‍ 28 ന്നും. ഇന്ന് വേറൊരു നവമ്പര്‍ 28. ബിജ്നി അവളുടെ ഏട്ടന്മാരുടെ പാരമ്പര്യം കാത്തു എന്ന് വീട്ടിലേക്ക് നടക്കുമ്പോള്‍ ഞാനോര്‍ത്തു.

വിവരമറിഞ്ഞതും '' നീ വേഗം കുളിച്ച് ആഹാരം കഴിച്ച് അങ്ങോട്ട് വാ. ഞാനും കുട്ടികളും 

കഴിച്ചു '' എന്നും പറഞ്ഞ് അമ്മ ക്ലിനിക്കിലേക്ക് നടന്നു.

കുളിയും ഭക്ഷണം കഴിക്കലും പെട്ടെന്നാക്കി. കുട്ടികളേയും കൂട്ടി വീട് പൂട്ടി ഞാന്‍ ഇറങ്ങി. വഴിക്കുവെച്ച് അമ്മ തിരിച്ചുവരുന്നത് കണ്ടു.

'' സുന്ദരി പ്രസവിച്ചു. ഇതും ആണ്‍കുട്ടിയാണ്- '' അമ്മ പറഞ്ഞു. ആ നിമിഷം ബിജ്നി എന്‍റെ

 മനസ്സില്‍ നിന്ന് ചാടിയിറങ്ങി എങ്ങോട്ടോ ഓടി മറഞ്ഞു.

'' പെണ്‍കുട്ടിയായില്ല എന്നു വിചാരിച്ച് നീ  സങ്കടപ്പെടേണ്ടാ. ഇവര് മൂന്നാളും വലുതായി 

കല്യാണം കഴിക്കുമ്പോള്‍ മൂന്ന് പെണ്‍കുട്ടികള്‍ വരില്ലേ. അവരെ സ്വന്തം മക്കളായി കരുതിയാല്‍ മതി '' അമ്മ പറഞ്ഞു '' അവള്‍ക്ക് നിന്നേക്കാള്‍ സങ്കടമുണ്ട്. കുട്ടിയെ 
നോക്കുംകൂടി ചെയ്യാതെ കരഞ്ഞുംകൊണ്ട് കിടപ്പായിരുന്നു. ഞാന്‍ സമാധാനിപ്പിച്ചു. നീയും 
പറഞ്ഞു കൊടുക്ക്. ഞാന്‍ കുറച്ച് തുണികളെടുത്ത് ഇപ്പൊ വരാം '' താക്കോലും വാങ്ങി അമ്മ വീട്ടിലേക്ക് നടന്നു. അനിയന്‍ കുട്ടിയെ കാണാനുള്ള ഉത്സാഹത്തില്‍ മക്കള്‍ രണ്ടാളും 
റോഡിലൂടെ ഓടി.

'' പത്തുമണി കഴിഞ്ഞാല്‍ പഞ്ചായത്ത് ഓഫീസില്‍ .ചെന്ന് കുട്ടി ജനിച്ച വിവരം അറിയിക്ക്. 

അതിനുവേണ്ടി ഇനി ഒരു ദിവസം ലീവെടുക്കാതെ കഴിക്കാമല്ലോ '' ഫ്ലാസ്ക്കില്‍ കാപ്പിയും ഒരു ബാഗില്‍ മറ്റു സാധനങ്ങളുമായി എത്തിയതും അമ്മ എന്നോട് പറഞ്ഞു.

പഞ്ചായത്ത് ഓഫീസിലേക്ക് നടക്കുമ്പോള്‍ പേരിനെക്കുറിച്ചുള്ള ആലോചന വീണ്ടും 

മനസ്സില്‍ കടന്നുവന്നു. ഇത്തവണ ഏറെനേരം ചിന്തിക്കേണ്ടിവന്നില്ല.'' ബിജോയി '' യില്‍ 
നിന്നും '' ബിനോയി '' യില്‍ നിന്നും '' ബിനോജ് '' എന്ന പേര് ഉരുത്തിരിഞ്ഞു

29 comments:

Basheer Vellarakad said...

ആശംസകൾ

Anonymous said...

Is there a superstition that names shouldnot have any meaning int their mothertongue?

ajith said...

:)

വിനുവേട്ടന്‍ said...

പ്രിയ അനോണീ... എനിക്ക് തോന്നുന്നത് ഇത് ഒരു കാലഘട്ടത്തിലെ മലയാളികളുടെ മാത്രം പ്രത്യേകതയായിരുന്നു എന്നാണ്... അത്തരം പേരുകൾ ലഭിച്ചവർ തങ്ങളുടെ മക്കൾക്ക് അർത്ഥമുള്ള പേരുകൾ തന്നെ തെരഞ്ഞെടുത്ത് നൽകുവാൻ ശ്രദ്ധ കാണിച്ചു എന്നാണെനിക്ക് തോന്നുന്നത്...

കേരളേട്ടാ, സംഭവം എനിക്കിഷ്ടപ്പെട്ടു... (അത്തരം ഒരു പേരുകാരൻ ആയതിനാൽ പ്രത്യേകിച്ചും...) :)

keraladasanunni said...

Basheer Vellarakad,
വളരെ നന്ദി

keraladasanunni said...

Anonymous,
അങ്ങിനെ ഒരു വിശ്വാസം ഉണ്ടായിരുന്നോ എന്ന് അറിയില്ല. പക്ഷെ ആ കാല്ഘട്ടത്തില്‍ 
ഇട്ടിരുന്ന പല പേരുകളും അങ്ങിനെയായിരുന്നു.

keraladasanunni said...

ajith,
Thanks.

keraladasanunni said...

വിനുവേട്ടന്‍,
വാസ്തവം. എനിക്കും അങ്ങിനെ തോന്നുന്നു. അഭിപ്രായത്തിന്ന് നന്ദി

ബിലാത്തിപട്ടണം Muralee Mukundan said...

നന്നായിട്ടുണ്ട് ഈ
നാമധേയങ്ങളൊടെ കുറിപ്പുകൾ കേട്ടൊ ഭായ്

Areekkodan | അരീക്കോടന്‍ said...

Don't worry...Next time it will be OK!!!!

രാജഗോപാൽ said...

ദാസേട്ടാ,

ബിജിലി എന്നാണ് മനസ്സിൽ കരുതിയിരുന്നെങ്കിൽ ചിലപ്പോൾ!!! വൈദ്യുതി എന്നാണല്ലോ അർത്ഥം..

വിനുവേട്ടന്‍ said...

ബിജ്ലി... ഹ ഹ ഹ... ഇലക്ട്രിസിറ്റി ബോർഡിൽ ഉദ്യോഗസ്ഥനായിരുന്ന കേരളേട്ടന്റെ മകൾക്ക് എന്തുകൊണ്ടും അനുയോജ്യമായ പേര്... :)

വീകെ said...

അത് പെൺകുഞ്ഞാകാഞ്ഞത് ഭാഗ്യം. അല്ലെങ്കിൽ എല്ലാവരും കൂടി കറണ്ട്(ബിജ്ലി)പിടിപ്പിച്ചേനേ....
ഹാ..ഹാ...

Aarsha Sophy Abhilash said...

Sharikkum bijli aayirunnu vendath alle? :)

SREEJITH NP said...

പേര് പുരാണം നന്നായി.. ഞങ്ങടെ വീട്ടിലും പ്രാസം ചേര്‍ത്ത് തന്നെയാ പേര്, ശ്രീജിത്ത്‌, ശ്രീജ, ശ്രീന. അച്ഛന്റെ പേര് ശ്രീധരന്‍. എല്ലാം അങ്ങിനെ 'ശ്രീ' ആവണ്ട എന്ന് വിചാരിച്ചു ഇളയ പെങ്ങളെ സ്കൂളില്‍ ചേര്‍ത്തപ്പോ അമ്മ പേര് ഒന്ന് പരിഷ്കരിച്ചു സില്‍ജ എന്നാക്കി മാറ്റി. ഒരു മാറ്റമൊക്കെ ആര്‍ക്കാ ഇഷ്ടമല്ലാത്തതു.

nalina kumari said...

എന്റെ മൂത്ത കുട്ടി ജനിക്കാറായപ്പോൾ എന്റെ കൂട്ടുകാരി പറഞ്ഞു പെണ്‍കുട്ടിയാണെങ്കിൽ വന്ദന എന്ന പേര് നല്ലതാണ്.നിങ്ങളുടെ രണ്ടുപേരുടെയും ഓരോ അക്ഷരം ഉണ്ടല്ലോ എന്ന്..
അന്ന് വൈകീട്ട് വിശ്വേട്ടൻ വന്നപ്പോൾ എന്നോട് പറഞ്ഞു ," ഓഫീസിലെ കുട്ടെട്ടൻ പറഞ്ഞു കുട്ടിക്ക് വന്ദന എന്ന് പേരിട്ടാൽ നല്ലതായിരിക്കും " എന്ന്.

എന്റെ മനസ്സില് മഴക്കാറു നിറഞ്ഞു. ഇവർക്കെല്ലാം പെണ്‍കുട്ടികളുടെ പേര് മാത്രമേ കിട്ടുന്നുള്ളൂ.
ആദ്യത്തെതു ആണ്കുട്ടിയാവണം എന്ന് മോഹിച്ചിരുന്ന ഞാൻ മനസ്സിൽ ഒരു പേര് കരുതിയിരുന്നു. അത് നവീൻ എന്നായിരുന്നു.
ഒടുവിൽ ആ ദിവസം വന്നു. ഭർത്താവിന്റെയും അവരുടെ അവരുടെ വീട്ടുകാരുടെയും ഞങ്ങളുടെ കൂട്ടുകാരുടെയും ഇഷ്ടം പോലെ ഒരു പെണ്‍കുട്ടി വന്ദന എന്ന പേരുമായിതന്നെ പിറന്നു.

ഒടുവിൽ ഞാൻ കാത്തുകാത്തിരുന്നവൻ രണ്ടാമതായി എത്തി.

അതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ എന്താ ഒരു രസം.

jyo.mds said...

കൊള്ളാം.പേരിടൽ നന്നായി.

keraladasanunni said...

ബിലാത്തിപട്ടണം,
ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും പുതിയ പേരുകളടങ്ങുന്ന പുസ്തകം കിട്ടാനുണ്ട്. അതില്‍ 
നിന്ന് പറ്റിയത് തിരഞ്ഞെടുക്കുകയാണത്രേ ഇപ്പോഴത്തെ പതിവ്.

keraladasanunni said...

Areekkodan I അരീക്കോടന്‍,

It was our last attempt. With that the chapter was closed

keraladasanunni said...

രാജഗോപാല്‍,
ബിനോയിയിലെ നിന്ന് നോ എടുത്തു. ബിജോയിയില്‍ നിന്ന് ബാക്കിയും അങ്ങിനെ ഉണ്ടാക്കിയ പേരാണ്- ബിനോജ്. ബിജിലിയും നല്ല പേരുതന്നെ.

keraladasanunni said...

വിനുവേട്ടന്‍,
എന്നാല്‍ സംഗതി ഗംഭീരമായേനെ.

keraladasanunni said...

വി.കെ,
ദൈവാധീനം. അതുണ്ടായില്ല.

keraladasanunni said...

Aarsha Sophy Abhilash,
എന്നാല്‍ ആളുകള്‍ക്ക് പറയാന്‍ ഒരു വിഷയമായേനെ.

keraladasanunni said...

SREEJITH.NP,
ഇളയ പെങ്ങളുടെ പേര് എരിശ്ശേരിയില്‍ 
കയ്പ്പക്കപെട്ടതുപോലെ ആയി എന്ന് ആരെങ്കിലും പറയുമോ എന്തോ.

keraladasanunni said...

nalina kumari,
മനസ്സില്‍ വിചാരിച്ച പേരുതന്നെ ഭര്‍ത്താവും 
മറ്റുള്ളവരും പറഞ്ഞത് ഭാഗ്യമായി. ആരേയും 
നിരാശപ്പെടുത്താതെ കഴിഞ്ഞു.

keraladasanunni said...

jyo mds,
വളരെ നന്ദി.

Echmukutty said...

ആഹാ! ഇതു കൊള്ളാമല്ലോ. നല്ല ഓർമ്മകൾ

സുധി അറയ്ക്കൽ said...

എത്ര നല്ല സുഖം പിടിച്ച ഓർമ്മകൾ!!!

nalina kumari said...

ormakal....