Tuesday, January 1, 2013

വിവാഹ സമ്മാനം. 

വേനല്‍ കാലത്തെ ഒരു ദിവസം. സന്ധ്യ മയങ്ങിക്കഴിഞ്ഞു. വീടിന്‍റെ ഉമ്മറത്താഴ്വാരത്തില്‍ ഞങ്ങള്‍ ഇരിക്കുകയാണ്. പൊടുന്നനെ റെയിലോരത്തുകൂടി ഒരു പെട്രോമാക്സ് വിളക്കിന്‍റെ വെളിച്ചത്തില്‍ കുറെപേര്‍ നടന്നുപോകുന്നത് കണ്ടു.

'' മുത്തശ്ശി, അത് നോക്കൂ '' ഞാന്‍ ചൂണ്ടിക്കാണിച്ചു '' എവിടേക്കാ അവരൊക്കെ പോണത് ''.

മുത്തശ്ശി അങ്ങോട്ടേക്ക് നോക്കി '' ആറുപുഴയില് കല്യാണം ഉണ്ട് എന്ന് തോന്നുന്നു. ആണിന്‍റെ ആള്‍ക്കാരാവും ആ പോണത് ''.

കല്യാണം എന്നാല്‍ എന്താണെന്ന് അറിഞ്ഞുകൂടാത്ത പ്രായം. ഞാന്‍ മുത്തശ്ശിയോട് സംശയം ചോദിച്ചു.

'' അതോ ആണുങ്ങള്‍ പെണ്ണുങ്ങള്‍ക്ക് പുടവ കൊടുക്കുന്നതാണ് കല്യാണം ''.

'' അപ്പൊ ഞാന്‍ എപ്പഴാ മുത്തശ്ശ്യേ പുടവ കൊടുക്ക്വാ ''.

'' ചെക്കന്‍റെ ഒരു ചോദ്യം കേട്ടില്ലേ '' അമ്മയ്ക്ക് ദേഷ്യം വന്നു '' ഇനി അത് കഴിഞ്ഞിട്ടു മതി മൂന്നാം ക്ലാസ്സില്‍ നിന്ന് നാലിലേക്ക് പോണത് ''.

ആദ്യമായി ഞാന്‍ ഒരു കല്യാണത്തില്‍ പങ്കു കൊള്ളുന്നത് അതിനടുത്ത കൊല്ലമാണെന്ന് തോന്നുന്നു.

അതും പുടമുറി കല്യാണമായിരുന്നു. വൈകുന്നേരത്തോടെ മുത്തശ്ശി എന്‍റെ കയ്യും പിടിച്ച് കല്യാണ വീട്ടിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയതും '' കുറുമ്പ് കാട്ടാതെ കുട്ടികളോടൊപ്പം ഇരുന്നോളണം '' എന്നും പറഞ്ഞ് മുത്തശ്ശി എന്നെ പന്തലിലാക്കി ഉള്ളിലേക്ക് പോയി.

മറ്റു കുട്ടികള്‍ എന്നെ ശ്രദ്ധിക്കുന്ന മട്ടില്ല. ഞാന്‍ പുറകിലെ ഒരു കസേലയില്‍ ഇരിപ്പുറപ്പിച്ചു. ഇരുട്ട് പരക്കുന്നതിന്ന് മുമ്പേ പന്തലില്‍ പെട്രോമാക്സ് വിളക്ക് തെളിഞ്ഞു. വീട്ടിലേക്ക് വരുന്ന വഴിയില്‍സ്റ്റാന്‍ഡില്‍ ഉറപ്പിച്ച ഗ്യാസ് ലൈറ്റുകളാണ്.

 '' കല്യാണക്കാരെത്തി '' ആരോ വിളിച്ചു പറഞ്ഞു. പൊടുന്നനെ ഒരു തിരക്ക്. ഒരു സംഘം ആളുകള്‍ പന്തലിലേക്ക് കടന്നു. വിവാഹ ചടങ്ങുകളെക്കുറിച്ചുള്ള നേരിയ ഓര്‍മ്മപോലും എനിക്കില്ല.

'' കുട്ടികള്‍ക്ക് ആദ്യം കൊടുക്ക്വാ. അതേള് കിടന്ന് ഉറങ്ങണ്ടാ '' എന്ന് ഏതോ കാരണവര്‍ വിളിച്ചു പറയുന്നത് കേട്ട് മറ്റു കുട്ടികളോടൊപ്പം മുറ്റത്തെ പന്തലില്‍ വിരിച്ച പുല്ലുപായയില്‍ ചെന്നിരുന്ന് വാഴയിലയില്‍ വിളമ്പിയ ചോറും കറികളും പായസവും ഞാനും വാരി തിന്നു.

പിന്നെ ഓര്‍മ്മയിലുള്ള കല്യാണങ്ങളെല്ലാം തന്നെ പകല്‍ നേരത്താണ്. ബന്ധുഗൃഹങ്ങളില്‍ നടക്കുന്ന വിവാഹങ്ങളില്‍ മാത്രമേ ആ കാലത്ത്  വീട്ടുകാര്‍ സംബന്ധിക്കാറുള്ളു. അതിനാല്‍ വളരെ വിരളമായേ ഞാന്‍ കല്യാണങ്ങളില്‍ പങ്കു കൊണ്ടിട്ടുള്ളു. മിക്ക വിവാഹങ്ങളും വീടുകളിലാണ് നടത്തുക. ചിലത് ഏതെങ്കിലും ക്ഷേത്രങ്ങളിലാവും. കല്യാണമണ്ഡപങ്ങള്‍ തീര്‍ത്തും ഇല്ലായിരുന്നു. വീട്ടുമുറ്റത്താണ് പന്തല്‍ ഒരുക്കുക.

പന്തലില്‍ പ്രവേശിക്കുന്ന അതിഥികളുടെ ദേഹത്ത് പനിനീര്‍ തളിക്കുന്നത് കുട്ടികളാണ്. ഒരിക്കലും അതിനുള്ള അവസരം എനിക്ക് കിട്ടിയിട്ടില്ല. തലയിലും കൈകളിലും വീഴുന്ന പനിനീര്‍ത്തുള്ളികള്‍ കൈകൊണ്ടു തുടച്ച് അതും വാസനിച്ച് ഞാന്‍ ചടങ്ങുകള്‍ നോക്കിയിരിക്കും. നാദസ്വരത്തിന്‍റേയും തകിലുവാദ്യത്തിന്‍റേയും അകമ്പടിയോടെ താലി കെട്ടുന്നതും മാലയിടുന്നതും കൌതുകത്തോടെ നോക്കി നില്‍ക്കും. അതിന്നു ശേഷമാണ് സദ്യ തുടങ്ങുക.

മുതിര്‍ന്ന് ജോലിയൊക്കെ കിട്ടിയതിന്ന് ശേഷമാണ് ബന്ധുക്കളല്ലാത്തവരുടെ വിവാഹങ്ങളില്‍ പങ്കു കൊള്ളുന്നത്. പഠിപ്പു കഴിഞ്ഞ് ജോലി കിട്ടിയിട്ട് അധികം ആയിട്ടില്ല. വളയന്‍ കുന്നിലെ മനയ്ക്കല്‍ പിറ്റേന്ന് വിവാഹമാണ്.

'' നീ മനയ്ക്കല്‍ ചെന്ന് ആളെ കാണിച്ച് വല്ലതും സഹായിക്ക് '' രാത്രി ഊണു കഴിക്കുന്ന സമയത്ത് അമ്മ പറഞ്ഞു '' വാല്യേകാരായാല്‍ അതൊക്കെ വേണം. നാളെ മേലാല്‍ നമുക്കും ആവശ്യം വരും ''.

ടോര്‍ച്ചുമായി ഞാന്‍ ചെന്നു. എന്നെ കൂടാതെ വേറേയും എട്ടുപത്തുപേരുണ്ട്. ചിലര്‍ പാചകക്കാരെ സഹായിക്കാന്‍ നില്‍ക്കുന്നു. വേറെ ചിലര്‍ പന്തലും പരിസരവും അലങ്കരിക്കാന്‍ ഒരുങ്ങുകയാണ്.

'' താന്‍ വാടോ. നമുക്ക് കാനോപ്പി ഉണ്ടാക്കാം '' സിഗററ്റും വലിച്ച് പന്തല്‍ പണി നോക്കിയിരിക്കുന്ന ഏട്ടന്‍ രാജ എന്നോട് പറഞ്ഞു. അദ്ദേഹം ഡ്രോയിങ്ങ് മാസ്റ്ററായി ജോലി ചെയ്ത ആളാണ്. വിവിധ നിറത്തിലുള്ള വര്‍ണ്ണ കടലാസുകള്‍ അദ്ദേഹം പല ഡിസൈനുകളില്‍ വെട്ടിയുണ്ടാക്കി. അതെല്ലാം ഞാന്‍ മനോധര്‍മ്മമനുസരിച്ച് പന്തലില്‍ തൂക്കിയ മല്ലുമുണ്ടിന്‍റെ മേല്‍ത്തട്ടിയില്‍ പല ഭാഗത്തായി ഒട്ടിച്ചു.

'' കേമായിട്ടുണ്ട്. തനിക്ക് നല്ല കലാബോധം ഉണ്ട്‌ട്ടോ.  '' എല്ലാം കഴിഞ്ഞപ്പോള്‍ ഏട്ടന്‍ രാജ എന്നെ അഭിനന്ദിച്ചു.

ഇടയ്ക്കിടയ്ക്ക് കിട്ടുന്ന ചായയും കുടിച്ച് സിഗററ്റും ബീഡിയും മാറി മാറി വലിച്ച് അര്‍ദ്ധരാത്രി കഴിഞ്ഞും ഞങ്ങള്‍ അവിടെ കൂടി. ഉറക്കം കീഴ്പ്പെടുത്തിയപ്പോള്‍ പന്തലില്‍ പുല്ലുപായ വിരിച്ച് എല്ലാവരും കിടന്നു. പിറ്റേന്നു കാലത്ത് വീട്ടില്‍ ചെന്ന് കുളിച്ചൊരുങ്ങി ചെന്ന ഞാന്‍ കല്യാണം കഴിഞ്ഞ് വധുവുമായി വരന്‍റെ സംഘം പോവുന്നതുവരെ ആദ്യാവസാനക്കാരനായി അവിടെത്തന്നെ ഉണ്ടായിരുന്നു.

സദ്യയുടെ വിഭവങ്ങള്‍ അന്നും ഇന്നും മിക്കവാറും ഒരുപോലെതന്നെയാണ്. എന്നാല്‍ വൈകുന്നേരം നടത്തുന്ന ചായ സല്‍ക്കാരത്തിന്‍റെ കാര്യത്തില്‍ ഒരുപാട് മാറ്റം വന്നിട്ടുണ്ട്.

വരന്‍റെ വീട്ടില്‍ കല്യാണത്തോടനുബന്ധിച്ച് ചായ സല്‍ക്കാരമാണ് പതിവ്. വധുവിനെ വിരുന്നു കൂട്ടി കൊണ്ടു വരുന്നതിനോടനുബന്ധിച്ച് അടുത്ത ബന്ധുക്കള്‍ക്കു മാത്രം ചെറിയൊരു സദ്യയുണ്ടാവും. 

ലഡ്‌ഡു, ജിലേബി, മൈസൂര്‍പ്പാവ് എന്നിവയിലൊരെണ്ണം, ലേശം മിക്സ്ചറോ, കായ വറുത്തതോ, ഒന്നോ രണ്ടോ ബിസ്ക്കറ്റ്, ഒരു പച്ചനാടന്‍ പഴം എന്നിവയായിരിക്കും ചായ സല്‍ക്കാരത്തിന്നുള്ള സ്ഥിരം വിഭവങ്ങള്‍.  പേപ്പര്‍ പ്ലേറ്റുകള്‍ വരുന്നതിന്നു മുമ്പ് പ്ലേറ്റുകളും കപ്പുകളും വാടകയ്ക്ക് എടുക്കുകയായിരുന്നു.

വിവാഹത്തിനെത്തുന്നവര്‍ വധുവരന്മാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. മിക്കവരും സ്റ്റീല്‍ പാത്രങ്ങളാണ് സമ്മാനമായി നല്‍കുക. പക്ഷെ ഭൂരിഭാഗം ആളുകളും കവറിനകത്ത് പണം വെച്ചു നല്‍കും. കിട്ടുന്ന തുക പന്തലില്‍ വെച്ചു തന്നെ ഒരു പുസ്തകത്തില്‍ കുറിച്ചു വെക്കുന്ന രീതി ചിലയിടങ്ങളില്‍ ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങിനത്തെ ഒരു അനുഭവം മനസ്സില്‍ മായതെ കിടപ്പുണ്ട്.

വിവാഹത്തോടനുബന്ധിച്ച സല്‍ക്കാരത്തില്‍ ഞാന്‍ പങ്കുകൊള്ളാന്‍ ചെന്നതായിരുന്നു. എന്‍റെ ഒരു പരിചയക്കാരനാണ് അവിടെ പണം വാങ്ങി പുസ്തകത്തില്‍ എഴുതി വെക്കുന്നത്. കുറച്ചു നേരം അയാള്‍ എന്നോട് ഒപ്പമിരിക്കാന്‍ ആവശ്യപ്പെട്ടു. ആളുകള്‍ കൊടുക്കുന്ന സംഖ്യ അയാള്‍ ബുക്കില്‍ കുറിച്ചു വെക്കുന്നത് ഞാന്‍ നോക്കിയിരുന്നു. ഇരുപത്തഞ്ച് ഉറുപ്പിക, പത്തുറുപ്പിക, അഞ്ചുറുപ്പിക എന്നിവയാണ് മിക്കവരും നല്‍കിയിട്ടുള്ളത്. ഏതോ ഒരാള്‍ മാത്രം നൂറു രൂപ നല്‍കിയിരിക്കുന്നു.

'' ചെക്കന്‍റെ വാപ്പയുടെ മുതലാളി എത്തിച്ചതാണ് '' പുസ്തകത്തില്‍ എഴുതുന്നതിന്നിടെ സുഹൃത്ത് പറഞ്ഞു.

അപ്പോഴാണ് ആ സ്ത്രി എത്തിയത്. ഉടുത്ത മുണ്ടിന്‍റെ കോന്തലയഴിച്ച് ഇരുപത്തഞ്ചു പൈസയുടെ  കുറച്ച് നാണയങ്ങള്‍ അവര്‍ നീട്ടി. കൂട്ടുകാരന്‍ അതു വാങ്ങി എണ്ണുന്നത് കണ്ടു. എട്ടെണ്ണമാണ് ആ സ്ത്രീ തന്നത്

'' എന്താ പേര് എഴുതണ്ടത് '' പണം മേശവലിപ്പിലിട്ട് സുഹൃത്ത് ചോദിച്ചു.

'' പേരൊന്നും എഴുതണ്ടാ. എന്‍റേല് ഇതേയുള്ളു '' അവര്‍ പാര്‍ട്ടി നടക്കുന്ന ഇടത്തേക്ക് പോയി.

കാലം കടന്നു പോവുന്നതിനോടൊപ്പം മറ്റെല്ലാ രംഗങ്ങളിലെപോലെ വിവാഹ ആഘോഷങ്ങള്‍ക്കും മാറ്റങ്ങളുണ്ടായി. വീടുകളില്‍വെച്ച് വിവാഹം നടത്തുന്ന രീതി തീരെ ഇല്ലാതായിട്ട് കാലം കുറച്ചായി. 

ജനം കല്യാണമണ്ഡപങ്ങളെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും ഒരുപോലെ നിരവധി കല്യാണ മണ്ഡപങ്ങള്‍ ഉടലെടുത്തു. പൂട്ടി കിടന്ന സിനിമ തിയേറ്ററുകള്‍ രൂപം മാറി വിവാഹവേദിയായി. കല്യാണമണ്ഡപത്തിന്‍റെ ഒഴിവനുസരിച്ച് വിവാഹ ദിവസം നിശ്ചയിക്കുന്ന മട്ടിലേക്ക് കാര്യങ്ങള്‍ നീങ്ങി.

ഭക്ഷണം കഴിക്കാന്‍ ആരെങ്കിലും വന്നു വിളിച്ചാല്‍ മാത്രം  ചെന്ന് നിലത്ത് വിരിച്ച പുല്ലുപായയില്‍ സ്ഥലം പിടിക്കുന്നതിന്നു പകരം അടച്ചിട്ട ഡൈനിങ്ങ് ഹാളിന്നു മുമ്പില്‍ അക്ഷമരായി കാത്തുനിന്ന് വാതില്‍ തുറക്കുമ്പോള്‍ തിക്കും തിരക്കും കൂട്ടി അകത്തേക്ക് തള്ളി കയറുന്ന രീതി നിലവില്‍ വന്നു.

കടലാസു പ്ലേറ്റില്‍ ലഡ്ഢുവും മിക്സ്ചറും ബിസ്ക്കറ്റും പഴവുമൊക്കെ അതിഥികളുടെ മുന്നില്‍ എത്തിക്കുന്നതിന്നു പകരം  പ്ലേറ്റും കയ്യിലെടുത്ത് വിളമ്പുകാരന്‍റെ മുന്നില്‍ കൈ നീട്ടി നില്‍ക്കുന്ന സമ്പ്രദായം ആയതോടെ സല്‍ക്കാര ചടങ്ങുകള്‍ക്കും മാറ്റങ്ങളായി.

'' സമ്മാനങ്ങള്‍ ഒഴിവാക്കുക, സാന്നിദ്ധ്യമാണ് ഏറ്റവും നല്ല സമ്മാനം '' തുടങ്ങിയ വാചകങ്ങള്‍ ചില കല്യാണക്കുറികളില്‍ ചേര്‍ത്തു കാണാറുണ്ടെങ്കിലും തിളങ്ങുന്ന കടലാസ്സില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക്ക് ക്യാരി ബാഗിലിട്ടു കൊണ്ടുവരുന്ന സമ്മാനപ്പൊതികളും കറന്‍സി നോട്ടുകളിട്ട കവറുകളും  വധു വരന്മാര്‍ക്ക് സമ്മാനം നല്‍കുന്ന പതിവ് ഇപ്പോഴുമുണ്ട്.  ചിലപ്പോഴെങ്കിലും ഇത്തരം സമ്മാനങ്ങള്‍ ബുദ്ധിമുട്ടായി മാറാറുണ്ട്.

മക്കളുടെ വിവാഹം കഴിഞ്ഞ സമയം. ഒരു സൌഹൃദ സംഭാഷണത്തിനിടെ വിവാഹ സമ്മാനങ്ങള്‍ ചര്‍ച്ചാ വിഷയമായി.

'' എന്തൊക്കെയാടോ സമ്മാനങ്ങള്‍ കിട്ടിയത് '' ഒരു സുഹൃത്ത് ചോദിച്ചു. ഓര്‍മ്മയില്‍ നിന്ന് ഞാന്‍ ആ ലിസ്റ്റ് പറഞ്ഞു തുടങ്ങി.

ഗണപതി പൊട്ടിയത് - ഒന്ന്, പൊട്ടാത്തത് മൂന്ന്.
ശിവന്‍ - ഒന്ന്.
മഹാലക്ഷ്മി - രണ്ട്.
സരസ്വതി - ഒന്ന്.
രാധയും കൃഷ്ണനും - നാല്.
നോണ്‍ സ്റ്റിക്ക് തവ - എട്ട്.

'' മതി, മതി '' സുഹൃത്ത് തടഞ്ഞു '' ഇതിലും വെച്ച് ഗംഭീരന്‍ ഒന്ന് എന്‍റെ മകന് കിട്ടി ''.

'' എന്താ സാധനം '' ഞാന്‍ ചോദിച്ചു.

'' ഒരു കവറ്. പേരെഴുതാത്ത ബ്രൌണ്‍ കവറ് ''.

'' ആളെ മനസ്സിലാക്കണ്ടാ എന്ന് വിചാരിച്ചാവും '' ഞാന്‍ പറഞ്ഞു.

'' ആയിരിക്കും. കാരണം അതിനകത്ത് ഒന്നും ഉണ്ടായിരുന്നില്ല ''.

രണ്ടു രൂപ കല്യാണ സമ്മാനം നല്‍കി പേരു പറയാതെ പോയ സ്ത്രീയെ എനിക്ക് ഒര്‍മ്മ വന്നു.

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍ .

14 comments:

Anu Raj said...

നല്ല അനുഭവക്കുറിപ്പ്...ഒരു 20 കൊല്ലെ കൊണ്ട് ലോകം വല്ലാതെയങ്ങ് മാറിയിരിക്കുന്നു.ആ മാറ്റം വിവാഹത്തിന്റെ കാര്യത്തിലും കാണാം. അന്നൊക്കെ സദ്യും മറ്റും വിളമ്പുന്നത് ബന്ധുക്കളും, അയല്ക്കാരുമൊക്കെ ചേര്ന്നാണ്....ടെന്ഷന് മുഴുവന് വീട്ടുകാരനാണ്.ഇന്നിപ്പോള് ചെലവാക്കാന് പണമുണ്ടെങ്കില് വീട്ടുകാരന് ഏതാണ്ട് ഫ്രീയാണ്

ഡോ. പി. മാലങ്കോട് said...

ഉണ്ണിയേട്ടാ, നല്ല ഓര്‍മ്മക്കുറിപ്പ്‌.
എന്താണ്ട് ഇതുപോലെ ഉള്ള ഓര്‍മ്മകള്‍ എനിക്കും ഉണ്ട്. അച്ഛന്റെയും അമ്മയുടെയും കല്യാണത്തിന് ഞാന്‍ എവിടെയായിരുന്നു എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. ''എന്താണ്ടാ ഈ ചെക്കന്‍ ചോദിക്ക്ണ്'' എന്ന് ചിരിച്ചുകൊണ്ട് മറ്റുള്ളവര്‍! ഒരു കല്യാണത്തിന്റെ ടീ പാര്‍ട്ടിക്ക് പോയി വന്ന ശേഷം അമ്മ ചോദിച്ചതിനു മറുപടിയായി പറഞ്ഞു: മിച്ചറും, ലഡ്ഡൂം, മൈസൂര്‍ പാക്കും, പിന്നെ തീരുമ്പോ തീരുമ്പോ കാപ്പീം.... അമ്മക്ക് ചിരി പൊട്ടി.
അതുപോലെ, രണ്ടുരൂപ ഒരു കവറില്‍ ഇട്ടു അലസമായി മലയാളത്തില്‍ എഴുതിയ ആളെ മനസ്സിലായപ്പോള്‍ (ചെറിയമ്മയുടെ മകളുടെ കല്യാണത്തിന്) എനിക്ക് സങ്കടം വന്നു - അത്ര ദരിദ്രയായ വേണ്ടപ്പെട്ട ഒരു സ്ത്രീ!
Happy New Year to you and family.

മോഹന്‍ കരയത്ത് said...

കാലാകാലങ്ങളിലായി കല്യാണചടങ്ങുകളിൽ വന്നുഭവിച്ച മാറ്റങ്ങളേക്കുറിച്ചുള്ള വിവരണം ഹ്രുദ്യമായി!!
ഇതു ഏറ്റവും അവസാനമായി വന്നുനിൽക്കുന്നതോ ഇവെന്റു മാനേജുമെന്റുകാരുടെ കൈയ്യിലും!!
നന്നായിരുന്നു!!
ആശംസകൾ!!

ajith said...

കാലം മാറി, കോലവും മാറി

എന്നാലും പഴയ ഓര്‍മ്മകള്‍ക്കെന്ത് സുഖം

രാജഗോപാൽ said...

പുടമുറിക്കല്യാണത്തെക്കുറിച്ചുള്ള ഓർമ്മകുറിപ്പ് വായിച്ചപ്പോൾ തോന്നിയ ചിന്തകൾ.
ഈന്തപ്പനകൊണ്ട് അലങ്കരിച്ച കല്യാണപ്പന്തലും അലക്കിയ മല്ലുമുണ്ടിന്മേൽ വർണക്കടലാസ് ഭംഗിയിൽ വെട്ടി ഒട്ടിച്ച് മേലാപ്പു കെട്ടിയ കല്യാണമണ്ഡപവും എന്റെയും ഓർമകളിലുണ്ട്. തീയരുടെയും മറ്റും കല്യാണമായാൽ തെങ്ങിൽ ഉയർത്തിക്കെട്ടിയ “കോളാമ്പി“ യിലൂടെ യേശുദാസും സുശീലയും ജാനകിയും അതിരാവിലെ മുതൽ പാടിത്തുടങ്ങും. ഗ്രാമം കല്യാണം അറിയുന്നത് ഈ പാട്ടുകളിലൂടെയാണ്. നിലാവും നിഴലും വീണു കിടക്കുന്ന നാട്ടുവഴികളും മണൽപ്പറമ്പുകളും അകലെ കല്യാണവീട്ടിൽ നിന്നു കേൾക്കുന്ന പാട്ടുകളും പ്രകൃതിക്ക് ഒരു റൊമാന്റിക് പരിവേഷം കൊടുത്തിരുന്നു.
കല്യാണത്തലേന്ന് രാത്രി നാട്ടിലെ ചെറുപ്പക്കാർ തേങ്ങ ചിരകാനും കറിക്കരിയാനും മറ്റു സഹായങ്ങൾ ചെയ്യാനും ഉത്സാഹക്കമ്മറ്റി കൂടി കല്യാണവീടിനെ സജീവമാക്കിയിരുന്നു. ആ കൂട്ടായ്മ ഇന്നു കാണാനില്ല. കല്യാണം നടക്കുന്നത് വധുവിന്റെ വീട്ടിലല്ലാത്തത് കൊണ്ട് അതിന്റെ ആവശ്യവുമില്ലല്ലോ.
കല്യാണമന്ധപങ്ങൾ വന്നതോടെ വധുവിന്റെ വീട്ടിൽ തലേന്ന് വെപ്പും ഇല്ലാതായി. കാറ്ററിങ്ങ്കാർ പാർസൽ കൊണ്ടു വരുന്ന ഭക്ഷണമാണ് തലേന്ന് കല്യാണവീട്ടിൽ വരുന്നവർക്ക് കൊടുക്കുന്നത്.
സിനിമാതിയ്യേറ്ററിന്റെ ഗേറ്റ് തുറക്കുന്നതും കാത്ത് പുറത്ത് നിൽക്കുന്നവരെപ്പോലെയാണ് ഡൈനിങ്ങ് ഹാളിന്റെ വാതിൽക്കൽ സദ്യയുണ്ണാൻ തിരക്കു കൂട്ടുന്നവരും. മിക്കവരും തിരക്കുകൂട്ടുന്നത് ഭക്ഷണത്തോടുള്ള ആർത്തി കൊണ്ടാവില്ല. ആ ചടങ്ങു കൂടി തീർത്ത് രക്ഷപ്പെടാനായിരിക്കും.
ഇപ്പോഴത്തെ ബുഫെ രീതി തരക്കേടില്ല. ഭക്ഷണം അധികം വേസ്റ്റാവില്ല. വയറ് നിറഞ്ഞില്ലെങ്കിലും വിളമ്പുന്ന കാറ്ററിങ്ങ്കാരന്റെ വീർത്ത മുഖം കാണണ്ടല്ലോ എന്നു കരുതി ആദ്യത്തെ സെർവിങ്ങിൽ തന്നെ മിക്കവരും മതിയാക്കും. സ്നേഹത്തോടെ നിർബന്ധിച്ച് കഴിപ്പിക്കാൻ ആതിഥേയരാരും അവിടെ ഉണ്ടാവില്ലല്ലോ.
സമ്മാനക്കവറിൽ കൊടുക്കുന്ന ആളുടെ പേരും വീട്ടുപേരും എഴുതാൻ ആരും മറക്കാറില്ല. കാരണം വ്യക്തം. ഇതൊരു കൊടുക്കൽ വാങ്ങലല്ലേ. എന്തായാലും എനിക്കു തോന്നുന്നു ഈ സമ്മാനപദ്ധതി ഒരു ബാധ്യതയാണെന്ന്. നാലണയുടെ എട്ട് നാണയങ്ങൾക്ക് പക്ഷേ സ്വർണനാണയങ്ങളുടെ തിളക്കവും മൂല്യവും.

ദേവീ-ദേവന്മാരുടെ വിഗ്രഹങ്ങൾ സമ്മാനം തരുന്നവരുടെ നല്ല മനസ്സ് കാണാതിരുന്നു കൂടാ. വിഘ്നങ്ങളൊന്നുമില്ലാത്ത, വിദ്യയും ലക്ഷ്മിയും ഒന്നിച്ച് വാഴുന്ന, നവ ദമ്പതികൾ രാധാ-കൃഷ്ണന്മാരെപ്പോലെ സ്നേഹിച്ചു കഴിയട്ടെ എന്ന അവരുടെ പ്രാർത്ഥനയാവും പ്രതീകാത്മകമായി അവർ ചെയ്യുന്നത് എന്ന് കരുതുന്നതല്ലേ നല്ലത്. എന്നാൽ പരിമിതമായ സ്ഥലസൌകര്യങ്ങളുള്ള വീട്ടിൽ ഇതൊക്കെ എങ്ങിനെ സൂക്ഷിക്കും. ഇങ്ങിനെയുള്ള ചടങ്ങുകളില്ലെങ്കിൽ അടുത്തുള്ള ഫാൻസി സ്റ്റോറുകാരന്റെ അടുക്കളയിലെങ്ങിനെ തീ പുകയും. വിദേശരാജ്യത്തെവിടെയോ ഇത്തരം ചടങ്ങ് നടക്കുന്ന വീട്ടുകാർ അടുത്തുള്ള സ്റ്റോറിൽ ആവശ്യമുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് കൊടുക്കുമെന്നും സമ്മാനം വാങ്ങാൻ വരുന്ന ആൾക്കാർക്ക് കടക്കാരൻ ആ വീട്ടിലേയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ നിർദേശിക്കുമെന്നും എവിടെയോ വായിച്ചിട്ടുണ്ട്. എത്രത്തോളം പ്രായോഗികമാവും ഈ പോംവഴി.
ഇത് ഇവന്റ് മാനേജ്മെന്റ് കമ്പനികളുടെ കാലം. ചിലവാക്കാൻ നിറയെ കാശുണ്ടെങ്കിൽ ഒന്നുമറിയണ്ട. എല്ലാം അവർ നോക്കിക്കോളും. ക്ഷണനം, ഹാൾ ബുക്കിങ്, അലങ്കാരം, ബ്യൂട്ടിഷൻ, സദ്യ, ആഭരണങ്ങൾ, പൂക്കൾ, വാഹനങ്ങൾ, വധൂവരന്മാരുടെ വസ്ത്രങ്ങൾ, ചിത്രീകരണം എല്ലാം ഇവന്റ് മാനേജർമാർ നോക്കും. ഇത് തീം വെഡ്ഡിങ്ങിന്റെ കാലം. നമ്മുടെ ആവശ്യമനുസരിച്ച് അവർ പശ്ചാത്തലമൊരുക്കും. വിന്റർ വെഡ്ഡിങ്, മൺസൂൺ വെഡ്ഡിങ്. കടലോര, പുഴയോര, വനാന്തര വെഡ്ഡിങ്ങ്. അവരുടെ ഡയറക്ഷൻ അനുസരിച്ച് വധൂ-വരന്മാരും ബന്ധുക്കളും അഭിനയിച്ച് കൊടുത്താൽ മതി. അതിഥികളുടെ ഡ്രെസ് കോഡും വേണമെങ്കിൽ അവർ നിശ്ചയിക്കും.

njaan punyavalan said...

കാലം മാറി വിവാഹ ചടങ്ങുകളിലും പശ്ചാത്തലത്തിലും ഒക്കെ വല്ലാത്ത മാറ്റം വന്നു

ആശംസകള്‍ ഉണ്ണി ഏട്ടാ @ punyavaalan

Sukanya said...

ശരിക്കും നമ്മള്‍ ഒരോരുത്തരുടെയും കുട്ടിക്കാലത്തെ അനുഭവം. സദ്യ വിഭവങ്ങള്‍ക്ക് പറഞ്ഞപോലെ ഒരു മാറ്റവും ഇല്ല. പഴയ LMP (ലഡ്ഡു, മിക്സര്‍, പഴം)
മാറി സമൃദ്ധമായ പുതിയ വിഭവങ്ങള്‍ വന്നു. അടുത്തവീട്ടിലെ കല്യാണത്തിനു സഹായിക്കാന്‍ പോകലും
എല്ലാം വളരെ ഭംഗിയായി പറഞ്ഞു.

മനോജ്.എം.ഹരിഗീതപുരം said...

ആ കാലമൊക്കെ പോയില്ലേ...അതൊക്കെ ഇനി സുഖമുള്ള ഓർമകൾ...

Nalina said...

ഏട്ടന്റെ കഥകള്‍ വായിച്ചു കമന്റ്‌ ( നമ്മുടെ പുണ്യാളന്‍ ) ഇല്ലല്ലോ എന്നാണു ആദ്യം ഞാന്‍ ഓര്‍ത്തത്‌
രാജഗോപാലന്‍ സര്‍ പറഞ്ഞതെല്ലാം എന്റെ ഓര്‍മയിലും ഉള്ളതാണ്
കൊളംബിയില്‍ നിന്ന് കേട്ട പാട്ടുകള്‍ ആയിരുന്നു അന്ന് എന്റെ സംഗീത അടിത്തറ .

keraladasanunni said...

AnuRaj,
പഴയ കാലത്തെ കൂട്ടായ്മ ഇല്ലാതായി. കല്യാണമണ്ഡപത്തിലെത്തുന്നു, വീഡിയോവില്‍ മുഖം കാട്ടുന്നു, ഭക്ഷണം കഴിക്കുന്നു, പിരിയുന്നു. പഴയ അടുപ്പം വെറും സ്വപ്നം ആയി.

ഡോ.പി. മാലങ്കോട്,
ദാരിദ്ര്യം ആണെങ്കിലും ഒന്നും കഴിക്കാതെ കല്യാണം കൂടാന്‍ അഭിമാനം അനുവദിക്കാത്ത അവസ്ഥ അല്ലേ.

മോഹന്‍ കരയത്ത്,
അവരെ ഏല്‍പ്പിച്ചാല്‍ പിന്നെ ഒന്നും 
അറിയണ്ടല്ലോ.

keraladasanunni said...

ajith,
കാലത്തിനനുസരിച്ച് എല്ലാം മാറി.
രാജഗോപാല്‍,
വിശദമായ അഭിപ്രായം സശ്രദ്ധം വായിച്ചു. ഞാന്‍ എഴുതാന്‍ വിട്ടുപോയ എല്ലാം ഇതില്‍
ഉള്‍പ്പെട്ടിട്ടുണ്ട്. ഇതു കൂടി വായിച്ചാലേ പഴയ കാലത്തെ കല്യാണങ്ങളെക്കുറിച്ച് വായനക്കാര്‍ക്ക് വ്യക്തമായ ധാരണ ഉണ്ടാവൂ.
njaan punyavalan,
ഞാന്‍ മറുപടി കുറിക്കുന്നതിന്നു മുമ്പ് അകാലത്തില്‍ വിട വാങ്ങിയ സുഹൃത്തിന്ന് പ്രണാമം 

keraladasanunni said...

Sukanya,
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.
മനോജ്. എം. ഹരിഗീതപുരം,
അതെല്ലാം സുഖമുള്ള ഓര്‍മ്മകള്‍ മാത്രമായി.
Nalina,
ചില വിവാഹങ്ങള്‍ക്ക് കാതടപ്പിക്കുന്ന സംഗീതം ഉണ്ടാവും. പാട്ടിനോടുള്ള ഇഷ്ടം ഇല്ലാതാവാന്‍ അത് ഒരു പ്രാവശ്യം കേട്ടാല്‍ മതി.

ബിലാത്തിപട്ടണം Muralee Mukundan said...

ഓർമ്മകളിലെ സുഖം..!

ശ്രീജിത്ത് മൂത്തേടത്ത് said...

നല്ല കുറിപ്പ്..
ആശംസകള്‍...