Sunday, January 27, 2013

നന്മയിലേക്ക് ഒരു ചുവടുവെപ്പ്.

ആസ്പത്രിയില്‍ ആരേയോ കാണാന്‍ ചെന്നപ്പോഴാണ് ഞാന്‍ അവരെ കണ്ടത്. ഓട്ടോ റിക്ഷയില്‍ ആ അമ്മയും മകനും കാഷ്വാലിറ്റിക്കു മുമ്പില്‍ വന്നിറങ്ങി. പത്തമ്പത്തഞ്ച് 
വയസ്സാവും ആ സ്ത്രീക്ക്. വെള്ള ബ്ലൌസും മല്ലുമുണ്ടുമാണ് വേഷം. ഒരു ഇര്‍ക്കില കരയന്‍ 
വേഷ്ടി തോളിലൂടെ ഇട്ടിട്ടുണ്ട്. എന്തെല്ലാമോ കുത്തി നിറച്ച ഒരു പ്ലാസ്റ്റിക്ക്സഞ്ചി ഇടത്തെ കയ്യില്‍ തൂക്കിപ്പിടിച്ചിട്ടുണ്ട്. 


മുഷിഞ്ഞൊരു ഡബിള്‍വേഷ്ടിയും അതിലേറെ മുഷിഞ്ഞ ഫുള്‍ കൈ ഷര്‍ട്ടുമാണ് ചെറുപ്പക്കാരന്‍ അണിഞ്ഞിരുന്നത്. ചകിരിപോലത്തെ എണ്ണമയമില്ലാത്ത മുടി ചീകിയ മട്ടില്ല. കറുത്ത താടി മുഖത്തിന്ന് ഒരു ആവരണമായി തോന്നും. ആ അമ്മയുടെ തോളില്‍ 
പിടിച്ച് കഷ്ടപ്പെട്ടാണ് അയാള്‍ അകത്തേക്ക് ചെന്നത്.


 '' പത്തു പതിനഞ്ചു ദിവസമായി ഇവന് ഒരേ പനി '' ആ സ്ത്രീ ഡ്യൂട്ടി ഡോക്ടറോട് പറയുന്നതു കേട്ടു.


'' എന്നിട്ട് എന്താ ചെയ്തത് '' ഡോക്ടര്‍ അന്വേഷിച്ചു.'' മൂത്താരുടെ മരുന്നു കടേന്ന് ഗുളിക വാങ്ങി കൊടുത്തിട്ടുണ്ട് ''.'' ബ്ലഡ് ചെക്ക് ചെയ്യേണ്ടി വരും '' അയാളെ പരിശോധിച്ച ശേഷം ഡോക്ടര്‍  പറഞ്ഞു.


'' നിന്‍റെ കയ്യില്‍ കാശുണ്ടോടാ മകനേ '' അയമ്മ മകനോട് ചോദിക്കുന്നത് കേട്ടു.ആ രംഗം പിന്നീട് പലപ്പോഴും മനസ്സില്‍ എത്തി. നിസ്സഹായയായ അമ്മ മകന്‍റെ ചികിത്സയ്ക്കു വേണ്ടി കഷ്ടപ്പെടുന്ന പല രംഗങ്ങള്‍ കണ്‍ മുന്നിലൂടെ കടന്നുപോവുന്നതു പോലെ. അത് വികസിച്ച് രൂപാന്തരം പ്രാപിച്ച് ഒരു കഥയായി മാറി.'' നന്മയിലേക്ക് ഒരു ചുവടുവെപ്പ് '' എന്ന എന്‍റെ രണ്ടാമത്തെ നോവലിന്‍റെ ജനനം 
അങ്ങിനെയാണ്. 2011 മെയ് 5 നാണ് നോവല്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്തു തുടങ്ങിയത്. ഇന്നലെ ( 2013 ജനവരി 26 ) അത് പൂര്‍ത്തീകരിച്ചു. അറുപത്തി മൂന്ന് അദ്ധ്യായങ്ങളുള്ള ഈ നോവല്‍ എഴുതിക്കൊണ്ടിരിക്കുന്നതിന്നിടയില്‍തന്നെ 32 അദ്ധ്യായങ്ങളുള്ള എന്‍റെ മൂന്നാമത്തെ നോവലായ '' നിഴലായ് എന്നുമൊപ്പം '' 32 ദിവസംകൊണ്ട് തീര്‍ക്കാനായി.


മാര്‍ക്കറ്റിങ്ങ് രംഗത്ത് ജോലി ചെയ്യുന്നവരുടെ പ്രയാസങ്ങളിലേക്ക് വിരല്‍ 
ചൂണ്ടുന്നതോടൊപ്പം സ്വന്തം കുടുംബം നില നിര്‍ത്താന്‍ പട പൊരുതുന്ന ഒരു പാവം വീട്ടമ്മയുടെ കഥയാണ് ഈ നോവല്‍.


മാസങ്ങളോളമുള്ള ഒരു യജ്ഞം പൂര്‍ത്തിയാവുന്നതിലുള്ള  സംതൃപ്തി  ഓരോ നോവല്‍ എഴുതി കഴിയുമ്പോഴും എനിക്ക് അനുഭവപ്പെടാറുണ്ട്. അനൂപും ഇന്ദിരയും ഗോപാലകൃഷ്ണനും പ്രദീപും മനസ്സില്‍ നിന്ന് ഇറങ്ങി പോയി. അതോടെ എന്തോ ഒരു സുഖം തോന്നുന്നു.

7 comments:

Vignesh J NAIR said...

ഈ ചുവടുവെപ്പും ഉറച്ചതാവട്ടെ

മോഹന്‍ കരയത്ത് said...

ഹാര്‍ദ്ദവമായ അഭിനന്ദനങ്ങള്‍!!!

kanakkoor said...

ഒരു വലിയ നോവലിന്റെ ജനനം വീണു കിട്ടുന്ന ഒരു വരിയില്‍ നിന്നാകും അല്ലെ ?
ഈ പങ്കുവെക്കലിനു നന്ദി.
ആശംസകള്‍ .

Sukanya said...

അഭിനന്ദനങ്ങള്‍. പക്ഷെ നോവല്‍ വായിക്കാന്‍ കഴിഞ്ഞില്ല. പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചൂടെ ഏട്ടാ?

ബിലാത്തിപട്ടണം Muralee Mukundan said...

നമ്മുടെ ബൂലോഗത്തിലെ
നോവലുകളുടെ അധിപൻ ഭായ് തന്നെ..!
അഭിനന്ദനങ്ങൾ..
മൂന്നു നോവലുകൾ...!!

ഇനി ഇവയെല്ലാം ഈ ഡെസ്ക് ടോപ്പിൽ നിന്നും ബുക്ക് ഷെൽഫിലേക്ക് മാറ്റണം..കേട്ടോ

keraladasanunni said...

Vignesh J NAIR,
ഞാന്‍ ഇതൊരു അനുഗ്രഹമായി കാണുന്നു.
മോഹന്‍ കരയത്ത്,
ആശംസകള്‍ക്ക് നന്ദി.
kanakkoor,
ചെറിയൊരു സ്പാര്‍ക്ക്. അതില്‍നിന്നല്ലേ അഗ്നി ഉണ്ടാവുക. നോവലും വിഭിന്നമല്ല.
Sukanya,
ബ്ലോഗില്‍ നോവല്‍ പൂര്‍ണ്ണ രൂപത്തിലുണ്ട്. പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കും.
ബിലാത്തിപട്ടണം Muralee Mukundan,
നാലാമത്തെ നോവല്‍ വൈകാതെ എഴുതി തുടങ്ങും.

ഡോ. പി. മാലങ്കോട് said...

ഉണ്ണിയേട്ടന് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. ഈ നോവല്‍ വായിച്ചില്ല. അവിടെയും ഇവിടെയും വായിക്കാതെ തുടര്‍ച്ചയായി വായിക്കാന്‍ സമയവും സൌകര്യവും നോക്കുകയാണ്. മാത്രമല്ല, പബ്ലിഷ് ചെയ്യുകയാണെങ്കില്‍ പറയണേ.

പിന്നെ, എന്റെ പുതിയ ബ്ലോഗില്‍ താങ്കള്‍ കഥാപാത്രമാണ്. നോക്കുമല്ലോ.
http://drpmalankot0.blogspot.com/2013/02/blog-post_21.html