Monday, November 14, 2011

ഒരു ആസ്പത്രി കാഴ്ച..

ഡിഗ്രിക്ക് പഠിക്കുമ്പോഴത്തെ ഒരു അവധിക്കാലം. കളിക്കുന്നതിന്നിടെ വലതു കാലിന്നടിയില്‍ ഒരു കുപ്പിച്ചില്ല് തറഞ്ഞു കയറിയതു കാരണം കുറെ ദിവസം പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ പോയി മുറിവ് ഡ്രസ്സ് ചെയ്യിക്കേണ്ടി വന്നു.

പതിവുപോലെ അന്നു രാവിലെ ഞാന്‍ ആസ്പത്രിയിലെത്തിയതാണ്. നേരത്തെ എത്തിയാല്‍ ഒരു ഗുണമുണ്ട്. കുറച്ചു നേരം കാത്തു നിന്നാലുംഡോക്ടര്‍ എത്തിയതും മുറിവ് കെട്ടി തിരിച്ചു പോകാം. സമയം വൈകും തോറും രോഗികളുടെ എണ്ണം വര്‍ദ്ധിക്കും. ക്യൂവില്‍ ഏറെ സമയം കാത്തു നില്‍ക്കേണ്ടി വരും.

പറങ്കിമാവിന്‍റെ ചുവട്ടില്‍ സൈക്കിള്‍ നിര്‍ത്തി ആസ്പത്രി വരാന്തയിലേക്ക് നടന്നു. ഡോക്ടര്‍ എത്താന്‍ സമയം ആവുന്നതേയുള്ളു. വരാന്തയില്‍ രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരും താഴോട്ടും നോക്കി നില്‍പ്പുണ്ട്. വേറൊരു ചെറുപ്പക്കാരന്‍ പരിശോധന മുറിയുടെ വാതിലും ചാരി അവരെ നോക്കി നില്‍പ്പാണ്. സാധാരണ ഇത്ര നേരത്തെ ആരും എത്താറില്ല. ഇവരെ നോക്കി കഴിഞ്ഞതിന്നു ശേഷമല്ലേ ഡോക്ടറെ കാണാനൊക്കൂ എന്ന് ഞാനോര്‍ത്തു.

അടുത്തെത്തുമ്പോള്‍ സ്ത്രീകള്‍ കരയുകയാണെന്ന് മനസ്സിലായി. ഒരാള്‍ പ്രായം ചെന്ന സ്ത്രിയാണ്, മറ്റേത് ചെറുപ്പക്കാരിയും. അവരെല്ലാം കൂലി പണിക്കാരാണെന്ന് എനിക്ക് തോന്നി.

വരാന്തയിലേക്ക് കയറിയപ്പോള്‍ നിലത്ത് വിരിച്ച തോര്‍ത്തില്‍ ഒരു വൃദ്ധന്‍കിടക്കുന്നത് കണ്ടു. അയാള്‍ ഇടക്കിടയ്ക്ക് ചുമയ്ക്കുന്നുണ്ട്. സ്ത്രീകളുംമൂന്ന് പുരുഷന്മാരും അയാള്‍ക്ക് ചുറ്റുമാണ് നിന്നിരുന്നത്. പരിശോധന മുറിയുടെ വാതില്‍ക്കല്‍ നിന്ന ആളുടെ പുറകില്‍ ഞാന്‍ ചെന്നു നിന്നു.

'' ഡോക്ടര്‍ എപ്പഴാ എത്ത്വാ '' കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചു.

'' വരാറായി '' ഞാന്‍ മറുപടി നല്‍കി. വരാന്തയില്‍ നിന്നവരെ പറ്റി കൂടുതല്‍ അറിയണമെന്ന് എനിക്ക് തോന്നി.

'' ഈ കാര്‍ണോരക്ക് എന്താ അസുഖം '' ഞാന്‍ എന്‍റെ മുന്നില്‍ നിന്ന ആളോട് ചോദിച്ചു. അയാള്‍ പറഞ്ഞു തുടങ്ങി.

നിലത്ത് കിടക്കുന്നത് അയാളുടെ അച്ഛനാണ്. ചുറ്റും നില്‍ക്കുന്നത് അമ്മയും പെങ്ങളും ഏട്ടന്മാരുമാണ്. കുറച്ചു കാലമായി വയസ്സന് എപ്പോഴും വല്ലാത്ത ചുമയാണ്. കുറെയേറെ ചികിത്സിച്ചു. മാറാത്ത ദെണ്ണമാണെന്ന് ഡോക്ടര്‍മാര്‍പറഞ്ഞിരുന്നു. കഴിഞ്ഞ രാത്രി കുറെ ചോര ഛര്‍ദ്ദിച്ചു. അതാണ് കൊണ്ടു വന്നത്.

'' നിങ്ങള്‍ക്ക് പാലക്കാട് ജില്ല ആസ്പത്രിയില്‍ കൊണ്ടു പൊയ്ക്കൂടേ '' ഞാന്‍ ചോദിച്ചു.

'' അതിനൊക്കെ തോനെ പൈസ വേണ്ടേ. വട്ടിയും മുറവും ഉണ്ടാക്കി വിറ്റാണ് കഴിയുന്നത്. അരിക്കുള്ള പണം ഉണ്ടാക്കാനേ എന്താ പാട് '' അയാള്‍ പറഞ്ഞു.

അല്‍പ്പം കഴിഞ്ഞതും വൃദ്ധന്‍ ഉച്ചത്തില്‍ ചുമച്ചു. അയാള്‍ ചര്‍ദ്ദിക്കുമെന്ന് തോന്നി. പെട്ടെന്ന് കൂട്ടത്തില്‍ മുതിര്‍ന്ന ആള്‍ വയസ്സന്‍റെ മുമ്പില്‍ രണ്ടു കയ്യുംകുമ്പിള്‍ കോര്‍ത്ത് കാണിച്ചു. രോഗി അതില്‍ ചര്‍ദ്ദിച്ചു. കൈ നിറയെ ചോര.അതോടെ സ്ത്രീകളുടെ കരച്ചിലിന്ന് ശക്തി കൂടി. രണ്ട് ആണ്‍മക്കള്‍ അവരെ ആശ്വസിപ്പിക്കാന്‍ പാടു പെടുമ്പോള്‍, ആസ്പത്രി വളപ്പിന്‍റെ അതിരിലുള്ള ഞാവല്‍ മരച്ചോട്ടില്‍ കയ്യിലുള്ള രക്തം കൊട്ടി കളഞ്ഞ് ശ്മശാനത്തേക്ക് പോവുന്ന മണ്‍പാതയുടെ അരികിലുള്ള പൈപ്പില്‍ കൈ കഴുകി അയാള്‍ തിരിച്ചു വന്നു.

അകത്തു നിന്ന് ഒരു ആസ്പത്രി ജീവനക്കാരന്‍ വന്ന് വയസ്സനെ നോക്കി ഒന്നും പറയാതെ തിരിച്ചു പോയി. ഡോക്ടര്‍ എത്തുന്നതിന്ന് മുമ്പ് ഒരിക്കല്‍കൂടി വൃദ്ധന്‍ ചര്‍ദ്ദിച്ചു. കൈക്കുമ്പിള്‍ കോര്‍ത്ത് അത് ഏറ്റുവാങ്ങാന്‍ ചെന്നഅനുജനെ അയാള്‍ സമ്മതിച്ചില്ല. കഴിഞ്ഞ രംഗം ഒരിക്കല്‍ കൂടി അരങ്ങേറി.

ഡോക്ടര്‍ വന്നതും രോഗിയെ അകത്ത് കൊണ്ടുപോവുന്നത് കണ്ടു. പിന്നീട് എന്തുണ്ടായി എന്ന് എനിക്കറിയില്ല.

മക്കള്‍ക്ക് പിതാവിനോടുള്ള കടപ്പാടിനേയും സ്നേഹത്തേയും കുറിച്ചുള്ള എന്‍റെ സങ്കല്‍പ്പങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന സംഭവമാണ് ഇത്.എന്‍റെ ദൃഷ്ടിയില്‍ സ്വന്തം യൌവ്വനം പിതാവിന്ന് നല്‍കി വാര്‍ദ്ധക്യം ഏറ്റു വാങ്ങിയ പുരാണ കഥാപാത്രത്തിനേക്കാള്‍ മിഴിവ് ആ സാധു മനുഷ്യന്ന് തന്നെ.

16 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

രക്തം രക്തത്തെ തിരിച്ചറിയുന്ന നിമിഷങ്ങൾ വളരെ ഹൃദയ സ്പര്‍ശമായി അവതരിപ്പിച്ചു.ഉള്ളു കുതിര്‍ന്നു.

രാജഗോപാൽ said...

ഒരു വേറിട്ട ആശുപത്രികാഴ്ചയാണ് ഇത്. ഇക്കാലത്ത് ഇങ്ങിനെയൊരു കാഴ്ച കാണാൻ കഴിഞ്ഞെന്നു വരില്ല.

വിനുവേട്ടന്‍ said...

നമ്മുടെ വേദനകളും പ്രശ്നങ്ങളും എത്രയോ നിസ്സാരമാണെന്ന് തിരിച്ചറിയുവാൻ ഇതു പോലുള്ള ഒരു ആശുപത്രി സന്ദർശനം മാത്രം മതിയാകും...

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

സ്നേഹബന്ധങ്ങളുടെ ആഴത്തില്ലുള്ള വേരോട്ടമ്മാണ് അന്നത്തെ ആ ആശുപത്രിക്കാ‍ഴ്ച്ചയിൽ ഭായിക്ക് സമാഗതമായത് കേട്ടൊ

പഥികൻ said...

വേറിട്ട കാഴ്ചകൾ....ഈ പോസ്റ്റ് ഡാഷ്ബോഡിൽ വന്നിട്ട് എന്തോ പ്രശ്നം കാരണം വായിക്കാൻ പറ്റിയില്ല...

മുല്ല said...

വേദനയിലും സന്താപത്തിലുമായിരിക്കും പലപ്പോഴും ശരിയായ സ്നേഹം തിരിച്ചറിയുക അല്ലേ..

anupama said...

പ്രിയപ്പെട്ട സുഹൃത്തേ,
ഈ ലോകത്തില്‍ നന്മയും സ്നേഹവും ഇനിയും ബാക്കിയുണ്ട് എന്ന വിശ്വാസം ഊട്ടി ഉറപ്പിക്കുന്ന ഈ സംഭവം വളരെ ഹൃദയസ്പര്‍ശിയായി എഴുതിയതില്‍ അഭിനന്ദനങ്ങള്‍!
സസ്നേഹം,
അനു

Nayam said...

nannayi...valare nannayi....

Lipi Ranju said...

ഇതുപോലെ നന്മയും സ്നേഹമുള്ള മക്കളെ കുറിച്ച് കേള്‍ക്കുന്നത് തന്നെ ആശ്വാസമാണ്... ആ പിതാവിന് എന്ത് സംഭവിച്ചിരിക്കും ! ഇതുപോലുള്ള പാവങ്ങള്‍ക്ക് സൌജന്യമായി നല്ല ചികിത്സ കിട്ടുന്ന ഒരു നല്ലകാലം വരുമോ നമ്മുടെ നാട്ടില്‍...

ഒരു വിളിപ്പാടകലെ said...

തീര്‍ത്തും വേറിട്ട ഒരു കാഴ്ച . ഇനി ഒരിക്കലും കാണാന്‍ കഴിഞ്ഞെന്നു വരില്ല . സ്നേഹവും ദയയും എല്ലാത്തിലും വലുതാണ് എന്ന് മക്കളെ പഠിപ്പിക്കുന്ന മാതാപിതാക്കളുടെ കാലവും കഴിഞ്ഞല്ലോ .

kochumol(കുങ്കുമം) said...

വല്ലാതെ ഹൃദയത്തില്‍ തട്ടി ഈ കഥ ...രക്തം രക്തത്തെ തിരിച്ചറിയും എന്ന് പറയുന്നത് ഇതന്നെ ആയിരിക്കും ല്ലേ....മാതാപിതാക്കള്‍ ഭാരമായി തോന്നുന്ന മക്കള്‍ ഇത് കണ്ടു മനസ്സിലാക്കണ്ടിയിരിക്കുന്നു ...ഇതാണ് സ്നേഹം ...

jayarajmurukkumpuzha said...

veritta kazhcha...... aashamsakal...........

keraladasanunni said...

ആറങ്ങോട്ടുകര മുഹമ്മദ്,
ആ രംഗം ഇന്നും മനസ്സിലുണ്ട്.

രാജഗോപാല്‍,
ഈ കാലത്ത് ഇത്തരം ഒരു കാഴ്ച കാണാന്‍ കഴിഞ്ഞെന്നു വരില്ല.

വിനുവേട്ടന്‍,
പലപ്പോഴും നമ്മളുടെ വേദനകളും പ്രയാസങ്ങളും 
താരതമ്യേന കുറവാണ്.

keraladasanunni said...

മുരളി മുകുന്ദന്‍,
വിദ്യാഭ്യാസമോ, സമ്പത്തോ ഇല്ലെങ്കിലും 
നിറയെ സ്നേഹം മനസ്സില്‍ ഉള്ളവരാണ്
ആ പാവങ്ങള്‍.

പഥികന്‍,
സാങ്കേതികമായ തകരാറ് എന്താണെന്ന് എനിക്കും അറിയുന്നില്ല.

മുല്ല,
ദുഖകരമായ സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ സ്വാഭാവികമായും മറ്റെല്ലാം മറന്ന് സ്നേഹവും 
സാന്ത്വനവും നല്‍കാന്‍ മനുഷ്യര്‍ ശ്രമിക്കാറുണ്ട്.

anupama,
ഇത്തരം കാഴ്ചകളല്ലേ നമ്മെ നല്ലത് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഘടകം. അഭിനന്ദനങ്ങള്‍ക്ക് വളരെ നന്ദി.

keraladasanunni said...

Nayam,
വളരെ നന്ദി.

Lipi Ranju,
അന്നത്തെ സാഹചര്യത്തില്‍ വിദഗ്ദ ചികിത്സ ലഭിക്കാതെ ആ രോഗി മരിച്ചിരിക്കാനാണ് സാദ്ധ്യത. സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തന്നതിന്ന് അധികൃതര്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും അത് എത്ര മാത്രം പാവങ്ങള്‍ക്ക് ലഭ്യമാവും എന്ന് പറയാനാവില്ല. ദൈവം തന്നാലും പൂജാരി തരില്ല എന്നല്ലേ ചൊല്ല്.

ഒരു വിളിപ്പാടകലെ,
ഉന്നത വിദ്യാഭ്യാസം നേടി ഉയര്‍ന്ന നിലയില്‍ എത്താനുള്ള മാര്‍ഗ്ഗങ്ങളല്ലാതെ സ്നേഹിക്കാന്‍ പഠിപ്പിക്കുന്നതിന്നുള്ള നേരമെവിടെ.

kochumol( കുങ്കുമം ),
ഇത്തരം പല കാര്യങ്ങളും പുതിയ തലമുറ മനസ്സില്ലാക്കേണ്ടിയിരിക്കുന്നു.

jayarajmurukkumpuzha,
വളരെ നന്ദി.

ഓക്കേ കോട്ടക്കല്‍ said...

സ്നേഹം മരിക്കരുത്‌ നമുക്ക് ജീവിക്കണം..

ഞാനും തുടങ്ങി , ബുലോകത്ത് ഒരെണ്ണം ..
തുടക്കം; ബൂലോകത്ത് ആദ്യ കയ്യൊപ്പ് ചാര്‍ത്തല്‍.