Tuesday, November 29, 2011

മീശക്കാരി പത്മിനി.

ലക്സ് ടൊയ്‌ലറ്റ് സോപ്പിന്‍റെ റാപ്പറിനകത്തു നിന്ന് എനിക്ക് കിട്ടിയത് മര്‍ലിന്‍ മണ്ട്രോയുടെ ഒരു ചിത്രമായിരുന്നു ( എന്‍റെ കുട്ടിക്കാലത്ത് സിനിമാതാരങ്ങളുടെ ഫോട്ടോ സോപ്പിനോടൊപ്പവും പ്ലാസ്റ്റിക്ക് കൊണ്ടുള്ള കൊച്ചു കളിപ്പാട്ടങ്ങള്‍ ബിനാക്ക ടൂത്ത് പേസ്റ്റിനോടൊപ്പവും കുറച്ചു നാള്‍ കിട്ടിയിരുന്നു ). വെളുത്തു ചുരുണ്ട മുടികളോടു കൂടിയ ആ സുന്ദരിയുടെ ചിത്രം ഞാന്‍ കണക്ക് ബൌണ്ടിനകത്ത് വെച്ചു. പിറ്റേന്ന് ഫോട്ടൊ ക്ലാസ്സില്‍ കൊണ്ടുപോയി അടുത്ത കൂട്ടുകാരെ കാണിക്കണം, പറ്റിയാല്‍ ആരുടേയെങ്കിലും കയ്യില്‍ നിന്ന് കറുപ്പ് മഷി വാങ്ങി മദാമയുടെ മുടി കറുപ്പിക്കണം എന്നൊക്കെ ഞാന്‍ നിശ്ചയിച്ചു.

പിറ്റേന്ന് എട്ടാം ക്ലാസ്സിലെ സുഹൃത്തുക്കളെ ഫോട്ടൊ കാണിച്ചു. നല്ല ഭംഗീണ്ട് എന്ന് ചിലരൊക്കെ പറഞ്ഞു. ആകെക്കൂടി മറ്റുള്ളവരുടെ മുമ്പില്‍ എനിക്കൊരു പൊടി ഗമ വന്നതു പോലെ.

ഇന്‍റെര്‍വെല്‍ സമയത്ത് യൂസഫ് ( പേര് ശരിയാണോ എന്ന് ഉറപ്പില്ല. നല്ല ഓര്‍മ്മയില്ല ) എന്‍റടുത്ത് വന്നു. ഞങ്ങളുടെ ക്ലാസ്സിലെ ഏറ്റവും വലിയ കുട്ടിയാണ് അവന്‍. മുഖത്ത് മീശ കിളുര്‍ത്ത് തുടങ്ങിയിട്ടുണ്ട്. പല ക്ലാസ്സിലും തോറ്റു കിടന്നില്ലെങ്കില്‍ അവന്‍ പത്താം ക്ലാസ്സ് കഴിഞ്ഞു എന്നേ പോയിട്ടുണ്ടാവും എന്ന് ചില കുട്ടികള്‍ പറയുന്നത് കേട്ടിട്ടുണ്ട്.

'' നിനക്കെന്തിനാ ഈ ഫോട്ടോ '' അവന്‍ ചോദിച്ചു.

'' പുസ്തകത്തിന്‍റെ ഉള്ളില്‍ വെക്കാന്‍ '' ഞാന്‍ ഉദ്ദേശം വ്യക്തമാക്കി '' അതിനു മുമ്പ് ആരുടേല്‍ നിന്നെങ്കിലും കറുപ്പ് മഷി വാങ്ങി അയമ്മടെ മുടി ഒന്നു കറുപ്പിക്കണം ''.

'' നീ അതിനെ കുത്തി വരച്ച് കോലം കെടുക്കും '' അവന്‍ പറഞ്ഞു '' അതിനെ നശിപ്പിക്കണ്ടാ. അത് നീ എനിക്ക് താടാ. വെളിച്ചാമ്പൊ എണീക്കുന്ന നേരത്ത് കാണാന്‍ പറ്റുണ മാതിരി എന്‍റെ മുറീല് വെക്കാനാ ''.

ഒരു മിനുട്ട് ഞാന്‍ ആലോചിച്ചു. ഫോട്ടോ കൊടുത്തില്ലെങ്കില്‍ അവന്‍ പിടിച്ചു വാങ്ങും. ചിലപ്പൊ രണ്ടടി കിട്ടാനും മതി.

'' നീ എന്താ ആലോചിക്കുന്നത് '' എന്‍റെ മൌനം കണ്ടിട്ട് അവന്‍ ചോദിച്ചു '' ഫോട്ടൊ എനിക്ക് വെറുതെ തരണ്ടാ. പകരം ഞാന്‍ നിനക്ക് ഒരു നാല്‍പ്പതാം പേജ് നോട്ട് ബുക്ക് തരാം ''.

നോട്ട് ബുക്കെങ്കില്‍ അത്. കിട്ടുന്നത് പോരട്ടെ എന്ന് ഞാനും കരുതി. യൂസഫ് ഓടിപ്പോയി നോട്ട് പുസ്തകം വാങ്ങി വന്നു. റോസ് നിറത്തില്‍ പുറം ചട്ടയുള്ള പുസ്തകത്തിന്‍റെ പുറകില്‍ സിനിമാ താരം പത്മിനിയുടെ ഫോട്ടോ ഉണ്ടായിരുന്നു. ഫോട്ടോ കൊടുത്ത് ഞാന്‍ പുസ്തകം വാങ്ങി. ഒരു നിധി കിട്ടിയ സന്തോഷം യൂസഫിന്‍റെ മുഖത്ത് ഉണ്ടായി. മദാമയുടെ കവിളില്‍ അവന്‍ ഒരു മുത്തം കൊടുത്തു.
എന്നിട്ട് ആ പടം പുസ്തകത്തിന്നുള്ളില്‍ വെച്ചു.

മദാമയുടെ മുടി കറുപ്പിക്കാന്‍ പറ്റാഞ്ഞതിലുള്ള നിരാശ എന്നെ പിടി കൂടി. ഇടവേള കഴിഞ്ഞുള്ള ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ അതു തന്നെയായിരുന്നു മനസ്സ് മുഴുവന്‍. പുസ്തകത്തിന്‍റെ കവറിലെ പത്മിനിയുടെ മുഖത്ത് എന്‍റെ കര വിരുത് പ്രയോഗിച്ചാലോ എന്ന ആശയം അപ്പോഴാണ് എന്നില്‍ ഉടലെടുത്തത്. നടികര്‍ തിലകം ശിവാജി ഗണേശന്‍റെ ചിത്രത്തിന്ന് താടിയും തലപ്പാവും വരച്ചു ചേര്‍ത്തി സിക്കുകാരന്‍ ആക്കിയ പരിചയം എനിക്കുണ്ട്. പിന്നെ ഏറെ വൈകിച്ചില്ല. പേനയുടെ നിബ്ബ് പത്മിനിയുടെ മുഖത്തിലെത്തി.

ആ പിരീഡ് ഡ്രോയിങ്ങായിരുന്നു. നാണുമാസ്റ്ററാണ് അദ്ധ്യാപകന്‍. എന്നെ അദ്ദേഹത്തീന്ന് അത്ര പഥ്യമല്ല. കഴിഞ്ഞ വര്‍ഷം കാണിച്ച അതിബുദ്ധിയാണ് അതിന്നു കാരണം. എല്ലാ കുട്ടികളുടേയും ഡ്രോയിങ്ങ് ബുക്കില്‍ ഒരു കുലയില്‍ രണ്ടു മാമ്പഴമുള്ള ചിത്രം വരച്ചു തന്നിട്ട് അതിനെ വാട്ടര്‍ കളര്‍ അടിച്ചു കാണിക്കാന്‍ അദ്ദേഹം ഏല്‍പ്പിച്ചിരുന്നു. അവിടെയാണ് എന്‍റെ ബുദ്ധി പ്രവര്‍ത്തിച്ചത്. ഞാന്‍ അതിലെ ഒരു മാങ്ങയ്ക്ക് ഓറഞ്ച് നിറവും മറ്റേതിന്ന് നീല നിറവും കൊടുത്തു. ചിത്രം നോക്കിയതും മാഷ് എന്നെ വിളിച്ചു.

'' ഇത് എന്താടാ ഇങ്ങിനെ '' അദ്ദേഹം ചോദിച്ചു. മാഷ് കോപിച്ചിരിക്കുകയാണ്. ഞാന്‍ ഒന്നും പറഞ്ഞില്ല.

'' നിന്നോടാ ചോദിച്ചത്. ഇത് എന്ത് മാങ്ങയാണ് '' ഓറഞ്ച് നിറത്തിലുള്ള മാങ്ങയെ ചൂണ്ടി മാഷ് ചോദിച്ചു.

'' സിന്ദൂരം ''.

'' അപ്പോള്‍ ഇതോ ''

'' നീലം മാങ്ങ ''.

'' ഒരു കുലയില്‍ രണ്ടു വിധം മാങ്ങ ഉണ്ടാവ്വോടാ ''. അന്ന് എന്‍റെ രണ്ട് കയ്യിലും ഈരണ്ടടി വീതം കിട്ടി. അതോടെ ഡ്രോയിങ്ങിലുള്ള താല്‍പ്പര്യം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോയി.

നനുത്ത മീശ പത്മിനിയുടെ മുഖത്ത് തെളിഞ്ഞു തുടങ്ങി. ശ്രദ്ധിച്ച് നോക്കുമ്പോള്‍ ഒന്ന് വലുതും മറ്റേത് ചെറുതും. ഉടനെ ചെറുതിനെ വലുതാക്കി. വേറൊരു പിഴവ് അപ്പോഴാണ് കാണുന്നത്. ഒരു ഭാഗത്തെ മീശയ്ക്ക് അല്‍പ്പം കനം കൂടുതലാണ്. അതിനെ ലേശം കൂടി കനപ്പിക്കാമെന്നു വെക്കുക. അപ്പോള്‍ മറ്റേത് കനം കുറഞ്ഞതായാലോ ? ഇനിയെന്തു ചെയ്യും ? ഇങ്ങിനെ വെക്കാനും പറ്റില്ലല്ലോ. കൊമ്പന്‍ മീശയാക്കി പ്രശ്നം പരിഹരിക്കാമെന്ന് തീരുമാനിച്ചു.

പത്മിനിക്ക് കൊമ്പന്‍ മീശ വെക്കാനുള്ള യോഗം ഉണ്ടായില്ല. അതിന്നു മുമ്പ് നാണു മാസ്റ്റര്‍ ചോക്കു കഷ്ണം കൊണ്ട് എന്നെ ഒരേറ്. ഞാന്‍ തലയുയര്‍ത്തി.

'' എന്താടാ ചെയ്യുന്നത്. ആ പുസ്തകവും കൊണ്ട് ഇങ്ങോട്ട് വാ ''.

ഞാന്‍ പുസ്തകവുമായി ചെന്നു. മാഷ് ചിത്രത്തില്‍ ഒന്ന് കണ്ണോടിച്ചു. പിന്നെ മുഖം വക്രിച്ച് എന്നെ കളിയാക്കിക്കൊണ്ട് നോക്കി.

'' മീശയുള്ള ഏതെങ്കിലും പെണ്ണുങ്ങളെ നീ കണ്ടിട്ടിണ്ടോടാ '' മാഷ് ചോദിച്ചു.

മീന ഭരണിക്ക് നെല്ലും കുരുമുളകും മഞ്ഞളും വാങ്ങാന്‍ വന്നിരുന്ന വെളിച്ചപ്പാട് തള്ളയ്ക്ക് മീശ രോമങ്ങളുണ്ട്. കുരുവട്ടിയില്‍ പനഞ്ചക്കര നിറച്ച് കീറ മുണ്ടുകൊണ്ട് മൂടി വീടുതോറും നടന്ന് വില്‍ക്കുന്ന തമിഴത്തിക്ക് മീശ മാത്രമല്ല താടിരോമങ്ങളുമുണ്ട്. ഞാന്‍ അതൊന്നും പറയാന്‍ മിനക്കെട്ടില്ല.

'' എടാ, ചിത്രം വരക്കുന്നത് ഒരു കലയാണ് '' മാഷ് പറഞ്ഞു '' ഏതു കലാകാരനും സൌന്ദര്യബോധം ഉണ്ടായിരിക്കണം. തലയ്ക്കുള്ളില്‍ എന്തെങ്കിലും ഉള്ളവനേ സൌന്ദര്യം എന്താണെന്ന് മനസ്സിലാവൂ. ബുദ്ധിയും ബോധവും ഇല്ലാത്തവര്‍ക്ക് അത് മനസ്സിലാവില്ല. അവര് തൊട്ടതൊക്കെ വിരൂപമായിട്ടേ വരുള്ളു, ഇതാ ഇങ്ങിനത്തെ മീശയുള്ള പെണ്ണിനെപ്പോലെ ''.

മാഷ് ആ ചിത്രം എല്ലാവരേയും കാണിച്ചു. പിള്ളേര്‍ ഉറക്കെ ചിരിച്ചു.

'' എത്ര ഭംഗിയുള്ള സ്ത്രീയാണ് അവര്‍ '' മാഷ് പറഞ്ഞു '' അവരുടെ മുഖത്താണ് നിന്‍റെ തൃക്കൈ വിളയാടിയത്. നിന്നെ ഞാന്‍ ഒന്നും ചെയ്യുന്നില്ല. പൊയ്ക്കോ എന്‍റെ മുമ്പിന്ന് ''.

മാഷ് ആ പുസ്തകം വലിച്ചെറിഞ്ഞു. ചിറക് വിരിച്ച് പറക്കുന്ന ഒരു വവ്വാലിനെപ്പോലെ അത് വാതിലും കടന്ന് വരാന്തയില്‍ ചെന്നു വീണു.

ചാനലുകളിലെ ചില കോമഡി പരിപാടികളില്‍ മീശയുള്ള സ്ത്രീ വേഷങ്ങളെ കാണാറുണ്ട്. അപ്പോഴൊക്കെ ഞാന്‍ നാണു മാഷെ ഓര്‍ക്കും. ഇത്തരം കലാഭാസങ്ങളൊന്നും കാണാന്‍ ഇല്ലാഞ്ഞത് അദ്ദേഹത്തിന്‍റെ ഭാഗ്യം.28 comments:

ഷിബു തോവാള said...

ഉണ്ണിയേട്ടോ....മീശക്കാരി പത്മിനി ഇഷ്ടപ്പെട്ടു കേട്ടോ..ഇമ്മാതിരി തമാശകൾ സ്കൂൾജീവിതത്തിൽ ഞാനും ഒത്തിരി കാണിച്ചിട്ടുണ്ട്... പക്ഷെ അതുകൊണ്ടെന്തായി....അവസാനം ഒരു ആർട്ടിസ്റ്റ് ആയിത്തന്നെ മാറേണ്ടിവന്നു.. ആശംസകൾ

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

കലാബോധമില്ലാത്ത മാഷ്.. :) ഈ വക കയ്യിലിരുപ്പൊക്കെ ഇപ്പോഴുമുണ്ടോ ?

ഓര്‍മ്മകുറിപ്പ് നന്നായി

രാജഗോപാൽ said...

ഒരേ കുലയിൽ സിന്ദൂരവും നീലവും വിളയുന്ന ഒരു കാലം വരുമെന്നറിയാത്ത, സൗന്ദര്യബോധമില്ലാത്ത ഡ്രോയിങ്ങ് മാഷ്. മർലിൻ മൻറോയ്ക്ക് കിട്ടാത്ത ഭാഗ്യം പദ്മിനിക്ക് കിട്ടി. രസകരമായ പോസ്റ്റ്.

ശിഖണ്ഡി said...

സ്കൂളില്‍ പഠിക്കുമ്പോള്‍ ഇത്തരം കലാപരിവാടികള്‍ ഒരുവിധം കുട്ടികള്‍ക്കെല്ലാം ഉണ്ടായിരുന്നു. ഞാനും മോശമല്ല എന്നോര്‍ക്കുന്നു.
വായന പലതും ഓര്‍മ്മപ്പെടുത്തി.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഒരു മുഷിപ്പുമില്ലാതെ വായിക്കാന്‍ പാകത്തില്‍ ലളിതമനോഹരമായ വരികള്‍ .ഓര്‍മ്മകള്‍ ജീവിക്കുന്ന ചിത്രങ്ങളായി മുന്നില്‍ തെളിഞ്ഞു.അത്ര ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു.

അക്ഷി said...

കൊള്ളാലോ മാഷെ...ഭാവുകങ്ങള്‍....

പഥികൻ said...

ലളിതസുന്ദരമായ ഒരോർമ്മക്കുറിപ്പ്..

ഒരു യാത്രികന്‍ said...

നല്ല കുറിപ്പ്. പക്ഷെ വരയിലെ ആവേശം തളര്‍ത്തിയ ആ സംഭവം ഇഷ്ടമായില്ല. ആ ടീച്ചര്‍ അത്ര പോര. കുട്ടികള്‍ ഇഷ്ടമുള്ള നിറങ്ങള്‍ കൊടുക്കട്ടെ . ഇത് കലാകാരനെന്ന നിലയില്‍ എന്റെ അഭിപ്രായം.......സസ്നേഹം

Sukanya said...

തീര്‍ച്ചയായും കുട്ടികാലത്ത് നമ്മള്‍ എല്ലാവരും ഇങ്ങനെ ഓരോന്ന് കുത്തിവരച്ചിരിക്കും. നാല്പതാം പേജ് നോട്ട് ബുക്ക്‌ എന്ന് വായിച്ചപ്പോള്‍ തന്നെ ഒരു ചിരി വിടര്‍ന്നു. കുട്ടിക്കാല കഥകള്‍ രസകരം തന്നെ.

Nayam said...
This comment has been removed by the author.
Nayam said...

അദിഷ്ടായി....

എല്ലാര്‍ക്കും ഉണ്ടാവും ഇത് പോലത്തെ തമാശകള്‍....

പണ്ടൊരിക്കല്‍ ക്ലാസിനു പുറത്താക്കിയ പത്തു മുപ്പതു പിള്ളേര്‍ക്ക് വേണ്ടി ടീച്ചറെ കളിയാക്കി കവിത എഴുതിയ ചരിത്രമാണ് എനിക്കുള്ളത്..... :)

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

അപ്പോൾ തീരെ കലാബോധമില്ലാത്ത മാഷുന്മാരു ഉണ്ട് അല്ലേ ഭായ്

Lipi Ranju said...

ആ മാഷ്‌ തീരെ ശരിയല്ലല്ലോ ഉണ്ണിയേട്ടാ.. കുട്ടികളുടെ കഴിവുകളെ ഇങ്ങനെ നിരുല്‍സാഹപ്പെടുത്തുന്ന അയാളെയൊക്കെ ആരാണാവോ മാഷാക്കിയത്!

കൊമ്പന്‍ said...

വിദ്യാര്‍ഥിയെ അറിഞ്ഞു വിദ്യ പകരുന്നവന്‍ ആണ് ഗുരുനാഥന്‍
പ്രക്ര്തിയില്‍ എല്ലാത്തിനും ഒരു സൌന്ദര്യം ഉണ്ട് ചിലതിനെ നമ്മള്‍ വക്ര സൌന്ദര്യം എന്ന് വിളിക്കും എങ്കിലും

keraladasanunni said...

ഷിബു തോവാള,
ആര്‍ട്ടിസ്റ്റാണല്ലേ. അത് നന്നായി. കഴിവ് പ്രകടിപ്പിക്കാന്‍ പ്റ്റിയ മേഖലയാണല്ലോ.

ബഷീര്‍, പി. ബി. വെള്ളാറക്കോട്,
ഒരു പിരീഡ്കൊണ്ട് ക്ലാസ്സിലെ എല്ലാ കുട്ടികളുടേയും ഡ്രോയിങ്ങ് ബുക്കില്‍ മാഷ് രവീന്ദ്രനാഥ ടാഗോറിന്‍റെ ചിത്രം ഷേഡ് ചെയ്ത് കാണിക്കാനായിവരച്ചു തന്നു. മാഷോടുള്ള അടുപ്പം കാരണം ഞാന്‍ 
ചിത്രം സ്വയം വരച്ചു. നിര്‍ഭാഗ്യത്തിന്ന് ടാഗോറിന്‍റേതിന്ന് പകരം അതൊരു ഭിക്ഷക്കാരന്‍റേതായി. ( ഇപ്പോള്‍ ഇത്തരം കയ്യിരുപ്പൊന്നുമില്ല. വയസ്സനായില്ലേ ).

രാജഗോപാല്‍,
യോഗം പത്മിനിക്കാണ്. മര്‍ലിന്‍ മണ്ട്രോ
അസൂയപ്പെടട്ടെ.

ശിഖണ്ഡി,
പഠിക്കുന്ന കാലത്ത് അല്‍പ്പം കുസൃതി കാണിച്ചില്ലെങ്കില്‍ എന്തിന് കൊള്ളാം അല്ലേ.

keraladasanunni said...

ആറങ്ങോട്ടുകര മുഹമ്മദ്,
വായിച്ച് അഭിപ്രായം അറിയിച്ചതില്‍ വളരെ സന്തോഷം.

അക്ഷി,
സന്ദര്‍ശനത്തിനും അഭിപ്രായത്തിന്നും നന്ദി.

പഥികന്‍,
വളരെ നന്ദി.

ഒരു യാത്രികന്‍,
ആവിഷ്ക്കാര സ്വാതന്ത്രം അതുതന്നെയാണ്. കലാകാരന്മാര്‍ക്കേ അത് മനസ്സിലാവൂ.

Sukanya,
ഇപ്പോള്‍ അത്തരം നോട്ട് ബുക്ക് ഇല്ല എന്ന് തോന്നുന്നു. കുട്ടിക്കാലത്ത് മനസ്സില്‍ 
തോന്നുന്നത് പകര്‍ത്തി വെക്കാന്‍ മടി തോന്നില്ല.

keraladasanunni said...

Nayam,
ആ കാലത്തേ കവിത എഴുതി ശീലിച്ചിട്ടുണ്ടല്ലേ. യോജിച്ച പദങ്ങള്‍ ചേര്‍ത്തി ഒരാശയം കവിതയിലൂടെ പ്രകാശിപ്പിക്കാന്‍ 
നല്ല കഴിവ് വേണം. ഗദ്യം പോലെ അത് അത്ര എളുപ്പമല്ല.

മുരളിമുകുന്ദന്‍, ബിലാത്തിപട്ടണം,
എന്‍റെ നിര്‍ഭാഗ്യത്തിന്ന് ഞാന്‍ വരച്ചതിന്‍റെ കലാമൂല്യം അദ്ദേഹത്തിന്ന് മനസ്സിലായിട്ടുണ്ടാവില്ല.

Lipi Ranju,
സ്കൂളിലെ ആഘോഷവേളകളില്‍ 
ഉപയോഗിക്കാന്‍ അദ്ദേഹം ഒരു കര്‍ട്ടന്‍ ഉണ്ടാക്കിയിരുന്നു. അതിലെ മനോഹരമായ ചിത്രങ്ങളില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നില്ല. അദ്ദേഹത്തിന്ന് ഞാന്‍ ചെയ്തത് പിടിച്ചിട്ടുണ്ടാവില്ല.

കൊമ്പന്‍,
താങ്കള്‍ പറഞ്ഞതാണ് ശരി. ഞാന്‍ 
വരച്ചതില്‍ വക്ര സൌന്ദര്യം ആയിരിക്കണം.

ശ്രീനാഥന്‍ said...

രസകരമായി കുറിപ്പ്, മര്‍ലിന്‍, പത്മിനി ഒക്കെ നന്നായി. ചാനലിലെ ആണുങ്ങളുടെ സ്ത്രീവേഷം അരോചകം തന്നെ.

അനീഷ്‌ പുതുവലില്‍ said...

ഉണ്ണിയേട്ട ഈ മീശ വരയ്ക്കുന്ന ശീലം എല്ലാര്ക്കും ഉണ്ടെന്നു മനസിലായി ....മാഷും കുട്ടിക്കാലത്ത് ഇങ്ങനെ ഒക്കെ തന്നെ ആകും ...പക്ഷെ എന്നാലും ആ മദാമ്മയുടെ മുടി കറുപ്പിക്കാന്‍ പറ്റാത്ത നിരാശ ഞാന്‍ സങ്കല്‍പ്പത്തില്‍ ഓര്‍ത്തു കുറച്ചു അധികം ചിരിച്ചു ........വളരെ നന്നായി ഉണ്ണിയേട്ട ഈ അനുഭവ കഥ

വീ കെ said...

പെണ്ണുങ്ങൾക്ക് മീശ വരക്കുന്നത് ഞങ്ങളുടേയും ഹോബിയായിരുന്നു.
ആണുങ്ങളുടെ പടം ഏതെങ്കിലും കാരണവശാൽ പടമായിട്ടു വന്നാലും അതിന്റെ മുഖത്ത് ഒരു കൊമ്പൻ മീശ തീർച്ചയായിട്ടും കാണും. അതു കൊണ്ട് മീശയില്ലാത്ത ഏതു പടത്തിലും ഞങ്ങൾ മീശ വരക്കും...! മീശയില്ലാത്ത ഞങ്ങളുടെ വിഷമം അങ്ങനെ വരച്ചു തീർക്കും..!!
എന്നോ മറന്നു പോയ ആ സ്കൂൾ കുട്ടിക്കാലം വീണ്ടും ഓർമ്മിപ്പിച്ചതിന് നന്ദി.

ജീ . ആര്‍ . കവിയൂര്‍ said...

ഗദ കാല സ്മരണ ഉണര്‍ത്തിയ ചേട്ടന്റെ ഈ കഥ അല്ല നോവലിന്റെ ഭാഗം ഇഷ്ടമായി

‍ആയിരങ്ങളില്‍ ഒരുവന്‍ said...

പഴയകാല സ്കൂൾ ഓർമകളിലേക്ക് ഒരു നിമിഷം... നല്ല ഓർമ ക്കുറിപ്പ്.. ആശംസകൾ മാഷെ..!!

surajazhiyakam said...

ഈ വക കാര്യങ്ങള്‍ ഇപ്പോഴും തുടരുന്നതുകൊണ്ട് ആസ്വതിച്ചു വായിച്ചു. കുസൃതികള്‍ പലതും അയവിറക്കാനുമായി.

ഞാന്‍ പുണ്യവാളന്‍ said...

ഹാ ഹാ ഹാ രസകരമായിരിക്കും ദാസേട്ടാ സ്നേഹാശംസകളോടെ പുണ്യാളന്‍

kochumol(കുങ്കുമം) said...

നന്നായി ഉണ്ണിയേട്ടാ ..എന്തായാലും മീശയില്‍ നിര്ത്തീല്ലോ...ഹോ താടിയും കൂടി വരച്ച്ചിരുന്നേല്‍ എന്തായേനെ അവസ്ഥ ...ആ മാഷ്‌ കാട്ടിയത് ഒട്ടും ശരിയായില്ലാട്ടോ? പറഞ്ഞു മനസ്സിലാക്കി തരുന്നതിന് പകരം ..ആ പോട്ടെ ഇനി പറഞ്ഞിട്ട് കാര്യം ഇല്ലാല്ലോ ല്ലേ ?
സത്യത്തിനു മാഷ്‌ ഒന്ന് ഞെട്ടിക്കാനും ല്ലേ ?ഹഹഹ..ഒരു കുലയില്‍ രണ്ടു തരം മാങ്ങാ അത് സമ്മതിക്കണം ...ഞാന്‍ പണ്ട് വരച്ചത് കൊണ്ട് ചെറിയ പരീക്ഷണങ്ങള്‍ നടത്താറുണ്ട് ഡ്രസ്സിലൊക്കെ ...അതുകൊണ്ട് എന്റെ മാഷിനെ ഞാനും ഒരിക്കലും മറക്കൂല്ല ?

keraladasanunni said...

ശ്രീനാഥന്‍ സാര്‍,
വളരെ നന്ദി. മീശ കളയാന്‍ മടിയുള്ളവര്‍ സ്ത്രി വേഷം കെട്ടാന്‍ മിനക്കെടരുത്. കാണുമ്പോള്‍ വല്ലാത്ത ബോറുതന്നെ.

അനീഷ് പുതുവലില്,
കുട്ടിക്കാലത്തെ എന്തെല്ലാം വിക്രിയകള്‍ അല്ലേ.

വി. കെ,
കൊമ്പന്‍ മീശയില്ലാത്ത ആണുങ്ങളോ. എങ്ങിനെ അത് സഹിക്കും. ഏതു കാലത്തും 
കുട്ടികള്‍ക്ക് ഇത്തരം കുസൃതി കാണും.

കവിയൂര്‍ജി,
ഇത്തരം ഓര്‍മ്മകള്‍ അല്ലേ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം.

keraladasanunni said...

ആയിരത്തില്‍ ഒരുവന്‍,
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഒരുപാട് നന്ദി.

surajazhiyakam,
കണ്ടതും ചെയ്തതുമായ കുസൃതികള്‍ പങ്കുവെക്കൂ. ഞങ്ങളും ആസ്വദിക്കട്ടെ.

ഞാന്‍ പുണ്യവാളന്‍ ,
വളരെ സന്തോഷം.

kochumol( കുങ്കുമം ),
മാഷ് സമ്മതിക്കാഞ്ഞിട്ടല്ലേ. ഇല്ലെങ്കില്‍ 
പത്മിനിയുടെ മുഖത്ത് അസ്സലൊരു താടി ഉണ്ടായേനെ.

keraladasanunni said...

ആയിരത്തില്‍ ഒരുവന്‍,
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഒരുപാട് നന്ദി.

surajazhiyakam,
കണ്ടതും ചെയ്തതുമായ കുസൃതികള്‍ പങ്കുവെക്കൂ. ഞങ്ങളും ആസ്വദിക്കട്ടെ.

ഞാന്‍ പുണ്യവാളന്‍ ,
വളരെ സന്തോഷം.

kochumol( കുങ്കുമം ),
മാഷ് സമ്മതിക്കാഞ്ഞിട്ടല്ലേ. ഇല്ലെങ്കില്‍ 
പത്മിനിയുടെ മുഖത്ത് അസ്സലൊരു താടി ഉണ്ടായേനെ.