Tuesday, December 30, 2014

വാസ്തുബലി.

നേരത്തെ ഉണ്ടായിരുന്ന എന്‍റെ വീട്ടില്‍ താമസം തുടങ്ങിയിട്ട് ഏറെ നാളാവുന്നതിന്നുമുമ്പാണ് അയാളെ പരിചയപ്പെടുന്നത്. എന്‍റെ ഒരു സുഹൃത്തിനോടൊപ്പം ഒരു ഞായറാഴ്ച ദിവസം അയാള്‍ എന്നെ കാണാന്‍ വന്നതായിരുന്നു.

'' അറിയില്ലേ '' സുഹൃത്ത് എന്നോട് ചോദിച്ചു '' മെമ്പറാണ് ''.

ഞാന്‍ അയാളെ നോക്കി. അറുപത് അറുപത്തഞ്ചു വയസ്സ് പ്രായം തോന്നിക്കും. അലക്കി വെളുപ്പിച്ച മല്ലുമുണ്ടും തോര്‍ത്തുമാണ് വേഷം. ഒരു കാലന്‍കുട കയ്യിലുണ്ട്. അയാള്‍ കൈകൂപ്പിത്തൊഴുതു.

'' വരൂ '' ഞാന്‍ ഇരുവരേയും അകത്തേക്ക് ക്ഷണിച്ചു.

'' വന്നത് ഒരു കാര്യത്തിനാണ് '' ഇരുന്നശേഷം അയാള്‍ പറഞ്ഞു.

'' എന്താ വേണ്ടത് ''.

'' ഈ വീടിന്‍റെ പ്ലാന്‍ തര്വോ. മകള്‍ക്ക് വീടുണ്ടാക്കാനാണ് ''.

'' അതിനെന്താ വിരോധം '' ഞാന്‍ പ്ലാന്‍ കൊടുത്തു എന്നു മാത്രമല്ല വീടിന്‍റെ എല്ലാ ഭാഗവും കാണിച്ചു കൊടുക്കുകയും ചെയ്തു.

'' പുരപണി കഴിഞ്ഞു. ലേശം തേപ്പും നിലം പണിയും ബാക്കിയുണ്ട്. ഇടവത്തില്‍ കയറിയിരിക്കണം എന്നാണ് മോഹം '' പിന്നീടൊരിക്കല്‍ റോഡില്‍വെച്ച് കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു '' പാലു കാച്ചുമ്പോള്‍ സാറ് വരണം. ഞാന്‍ വീട്ടിലേക്ക് വിളിക്കാന്‍ വരുന്നുന്നുണ്ട് ''.

പിന്നീടെന്നോ അയാള്‍ ക്ഷണിക്കാന്‍ വന്നതായി അമ്മ പറഞ്ഞിരുന്നു. എന്തോ അസൌകര്യം കാരണം എനിക്ക് പോവാന്‍ കഴിഞ്ഞില്ല.

ഏതാനും മാസങ്ങള്‍ കടന്നുപോയി. മെമ്പറുടെ മകളും മരുമകനും ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തയാണ് ഒരുദിവസം ഞാന്‍ കേട്ടത്.

കുടിപാര്‍പ്പിന്ന് വിളിച്ചിട്ട് ചെല്ലാഞ്ഞതില്‍ എനിക്ക് വിഷമം തോന്നി. ഞാന്‍ സൈക്കിളില്‍ അവിടേക്ക് പുറപ്പെട്ടു.

പുതിയ വീടിന്‍റെ മുറ്റത്ത് ജഡങ്ങള്‍ കിടത്തിയിട്ടുണ്ട്. ഇരുവരുടേയും തൊലിക്ക് ഒരു നിറവ്യത്യാസം.

'' എന്താ സംഭവം '' അടുത്തു കണ്ട ഒരാളോട് ഞാന്‍ ചോദിച്ചു.

'' രാത്രി മൂത്രം ഒഴിക്കാന്‍ പുറത്തേക്ക് ഇറങ്ങിയ സമയത്ത് ആ പെണ്ണിനെ വലിച്ച് കിണറ്റിലിട്ട് അവനും ചാടിയതാണത്രേ. ദേഹം കണ്ട്വോ. വെള്ളത്തില്‍ കിടന്നിട്ടാ ഈ നിറവ്യത്യാസം  ''.

'' എന്താ കാരണം ''.

'' അതറിയില്ല. പോലീസ് വരാന്‍ കാത്തിരിക്കുകയാണ്. എന്നിട്ടു വേണം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ കൊണ്ടു പോവാന്‍ ''.

എന്‍റെ മനസ്സിലൂടെ ചിന്തകള്‍ കടന്നു വരാന്‍ തുടങ്ങി. മകള്‍ക്ക് ഒരു വീട് എത്ര താല്‍പ്പര്യത്തോടെയാണ് അയാള്‍ ഉണ്ടാക്കിക്കൊടുത്തത്. അവളതില്‍ സന്തോഷത്തോടെ കഴിയുമെന്ന് ആ മനുഷ്യന്‍ മോഹിച്ചു കാണും. വയസ്സുകാലത്ത് അയാള്‍ക്ക് വല്ലാത്തൊരു ദൌര്‍ഭാഗ്യമാണ് നേരിടേണ്ടി വന്നത്. മനുഷ്യന്‍ എന്തൊക്കേയോ മോഹിക്കുന്നു, മറ്റു ചിലത് സംഭവിക്കുന്നു. വിധി എന്നു പറയുന്നത് ഇതായിരിക്കും .

തോര്‍ത്തുമുണ്ടുകൊണ്ട് ഇടയ്ക്കിടെ കണ്ണീരൊപ്പി പുതിയ വീടിന്‍റെ മുന്‍വശത്തെ തിണ്ണയിലിരിക്കുന്ന അയാളുടെ അടുത്തേക്ക് ഞാന്‍ ചെന്നില്ല. ചെല്ലാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം അല്‍പ്പനേരംകൂടി അവിടെനിന്ന് ഞാന്‍ തിരിച്ചുപോന്നു.

15 comments:

ajith said...

ചില സമയത്ത് മൌനമായി കാഴ്ച്കക്കാരാ‍ാവുക എന്നത് മാത്രമേ കരണീയമായിട്ടുള്ളു. ദുഃഖകരമായ ജീവിതാനുഭവങ്ങള്‍.

വീകെ said...

ivide.maunamaanu.nallathu....

ബിലാത്തിപട്ടണം Muralee Mukundan said...

വാസ്തുവിനോ വീടിനോ
ആവില്ല കുഴപ്പം , ആ മരുമോനാണ് കുഴപ്പം ...!

Sukanya said...

എന്ത് പറയാന്‍. ഇതാണല്ലോ ജീവിതം.

Echmukutty said...

ഒന്നും പറയാൻ കഴിയുന്നില്ല ...

അനശ്വര said...

ആ അച്ഛനെ നേരിടാന്‍ കഴില്ല തന്നെ ...

സുധി അറയ്ക്കൽ said...

ഹോ!!!എന്താവാം കാരണം??വാസ്തുവായിരിക്കാം!!!

സുധി അറയ്ക്കൽ said...

എത്ര നാളായി എഴുതിയിട്ട്‌????
വേം വേം ആക്റ്റീവ്‌ ആയി ഇറങ്ങ്‌.ട്ടോ സർ!!!

keraladasanunni said...

ajith,
അതെ. ദുഖിപ്പിച്ച ഒരനുഭവമായിരുന്നു അത്.

keraladasanunni said...

വി.കെ,
ഒന്നും പറയാനാവാത്ത നിമിഷങ്ങള്‍ 

keraladasanunni said...

ബിലാത്തി പട്ടണം,
അയാള്‍ക്ക് മാനസീക അസ്വാസ്ഥ്യം ഉണ്ടായിരുന്നു എന്ന് പിന്നീടറിഞ്ഞു.

keraladasanunni said...

Sukanya,
ജീവിതം ഇങ്ങിനെയൊക്കെയാണ്.

keraladasanunni said...

Echmukutty,
വല്ലാത്ത ഒരനുഭവമാണല്ലോ ഇത്.

keraladasanunni said...

അനശ്വര,
അതാണ് വാസ്തവം 

keraladasanunni said...

സുധി അറയ്ക്കല്‍,
ആ മരുമകന്ന് മാനസീക തകരാറ് ഉണ്ടായിരുന്നു.

ദേഹാസ്വാസ്ഥ്യം കാരണം അധികനേരം ഇരിക്കാനാവുന്നില്ല. പ്രായം വേറൊരു പ്രതികൂല ഘടകമാണ്. എഴുത്ത് കുറയാനുള്ള കാരണം ഇതാണ്.