Wednesday, July 20, 2011

ഭാവി അറിയാന്‍ .

'' കുറച്ച് ദിവസമായി കുട്ടീ, എന്നും സുഖക്കേടും വയ്യായയും തന്നെ. ഒരാള്‍ക്കല്ലെങ്കില്‍ ഒരാള്‍ക്ക്. ഒരു പണിക്കരെ കാണണം എന്നുണ്ട് '' അമ്മായി പറഞ്ഞപ്പോള്‍ ആവാമെന്ന് ഞാനും സമ്മതിച്ചു.

'' ആരുടെ അടുത്താ പോണ്ടത് '' അടുത്ത ചോദ്യം.

'' ആരെങ്കിലും ഒരാളുടെ അടുത്ത് പോണം. ഇന്ന ആളന്നെ വേണംന്ന് നിര്‍ബ്ബന്ധം ഉണ്ടോ '' ഞാന്‍ മറു ചോദ്യം ചോദിച്ചു.

'' ഇന്നെന്നെ നമുക്ക് പോയാലോ. ശുഭസ്യ ശീഘ്രം എന്നല്ലേ ''.

'' ശരി '' എന്ന് ഞാന്‍ സമ്മതിച്ചു. ഞങ്ങള്‍ രണ്ടാളോടൊപ്പം എന്‍റെ ഭാര്യയും കൂടി. ഹാന്‍ഡ് ബാഗിനകത്ത് ജാതക കെട്ടുകളുടെ കൂമ്പാരം. എല്ലാവരുടേയും ഭാവി മനസ്സിലാക്കിയിരിക്കാമല്ലോ.

പത്ത് കിലോമീറ്ററില്‍ കുറഞ്ഞ ദൂരമാണ് ഉള്ളതെങ്കിലും രണ്ട് ബസ്സുകള്‍ മാറി കയറിയാലേ സ്ഥലത്തെത്തു. ഞങ്ങള്‍ ചെന്നു കേറുമ്പോള്‍ ജോത്സ്യന്‍റെ വീടിന്‍റെ പരിസരത്ത് ആരേയും കാണാനില്ല. തിരക്ക് വരുന്നതേയുള്ളു എന്ന് സമാധാനിച്ചു.

'' ആരൂല്യേ ഇവിടെ '' ഞാന്‍ ശബ്ദമുയര്‍ത്തി. വീടിന്‍റെ പുറകില്‍ നിന്ന് ഒരു സ്ത്രീ വന്നു.

'' ഗുരുനാഥനില്ലേ '' ഞാന്‍ ചോദിച്ചു.

'' ഇല്ലല്ലോ. മകളുടെ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോയിരിക്ക്യാണ്. എത്തുമ്പൊ സന്ധ്യയാവും '' അവര്‍ പറഞ്ഞു. പടി കടന്ന് പുറത്തെത്തിയപ്പോള്‍ പുത്തിരിയില്‍ കല്ല് കടിച്ച മട്ടിലുള്ള വിഷമമായിരുന്നു മനസ്സില്‍ .

'' ഇനിയെന്താ വേണ്ടത് '' ഞാന്‍ ചോദിച്ചു. അടുത്ത ജോത്സ്യന്‍റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടു. ഇരുപത് കിലോമീറ്റര്‍ അകലെയാണ് സ്ഥലം. ഏതായാലും മിനക്കെട്ടിറങ്ങി, ചെന്നു നോക്കാം എന്നും കരുതി അങ്ങോട്ട് പുറപ്പെട്ടു. അവിടെ എത്തുമ്പോള്‍ ഒരു പൂരത്തിനുള്ള തിരക്കുണ്ട്.

'' ഇന്നിനി പറ്റില്യാട്ടോ '' എന്തെങ്കിലും പറയുന്നതിന്ന് മുമ്പ് ജോത്സ്യന്‍ ഇങ്ങോട്ട് പറഞ്ഞു.

'' കുറച്ച് ദൂരത്തു നിന്നാണ് '' ഞാന്‍ പറഞ്ഞു നോക്കി.

'' നില്‍ക്കുന്നൂച്ചാല്‍ നിന്നോളൂ. നോക്കി കഴിയുമ്പോള്‍ രാത്രിയാവും '' അദ്ദേഹം പറഞ്ഞു. അത് നടപ്പുള്ള കാര്യമല്ല. ഞങ്ങള്‍ പിന്‍വാങ്ങി.

'' ഏത് കുരുത്തംകെട്ടോനെയാണോ കണി കണ്ടിട്ട് ഇറങ്ങിയത് '' വീട്ടുകാരിക്ക് കാര്യം മുടങ്ങിയതിന്ന് ഒരു ഉത്തരവാദിയെ കണ്ടെത്തണം. വേറൊരു ജോത്സ്യനെ കണ്ട് കാര്യം സാധിച്ചേ പറ്റു എന്നൊരു വാശി എനിക്കും തോന്നി.

ഒരു വയസ്സന്‍ ജോത്സ്യരുടെ പേരാണ് പിന്നെ പരിഗണിച്ചത്. മുമ്പൊരിക്കല്‍ അവിടെ ചെന്ന കാര്യം അമ്മായി പറഞ്ഞു. വന്ന വഴിയത്രയും തിരിച്ചു ചെന്ന് വടക്കോട്ട് ആറേഴു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാലേ അയാളുടെ വീട്ടിലെത്തു.

നട്ടുച്ചയോടെയാണ് അവിടെ എത്തുന്നത്. വിശന്നിട്ടാണെങ്കില്‍ തീരെ വയ്യ. എത്രയും പെട്ടെന്ന് കാര്യം ചോദിച്ചറിഞ്ഞ് വീടെത്തണം. പണിക്കരുടെ വീടും പരിസരവും നിറയെ ജനം. എന്തോ പന്തികേട് തോന്നിയെങ്കിലും ആ തിരക്കിനിടയിലൂടെ ഞങ്ങള്‍ നടന്നു.

'' ആവൂ , അവരെത്തി '' ആരോ ഉറക്കെ പറഞ്ഞു '' ഇനി വൈകിക്കണ്ടാ ''. എന്‍റെ സംശയം ഇരട്ടിച്ചു. '' പണിക്കര് '' ഞാന്‍ അടുത്തു നിന്ന ആളോട് ചോദിച്ചു.

'' ഇന്നലെ രാത്രിയായിരുന്നു. ഉണ് കഴിഞ്ഞ് കിടക്കുമ്പോള്‍ ഒന്നൂല്യാ. കുറച്ചു കഴിഞ്ഞ് എന്തോ ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കുമ്പോള്‍ പുറപ്പാടാണ്. തുളസിയിട്ട് വെള്ളം കൊടുത്തതും ജീവന്‍ പോയി ''.

മൃതദേഹം കാണാനൊന്നും ഞങ്ങള്‍ നിന്നില്ല. ഒന്നും പറയാതെ മൂവരും പടിയിറങ്ങി.

18 comments:

ജയിംസ് സണ്ണി പാറ്റൂര്‍ said...

ഉയര്‍ന്നു വന്ന പൊട്ടിച്ചിരി ഒരു
ജീവിത ദര്‍ശനത്തില്‍ തട്ടി വീണു പോയി

ശ്രീനാഥന്‍ said...

നന്നായി ഉണ്ണിയേട്ടാ. കേരളത്തിൽ ജോത്സ്യത്തിൽ ഏറ്റവു വിശ്വാസമുള്ളവർ പാലക്കാട്ടുകാരാണെന്ന് തോന്നാറുണ്ട്.

രാജഗോപാൽ said...

മൂന്നുപേർ ഒന്നിച്ചു ഒരു നല്ല കാര്യത്തിനു വീട്ടിൽ നിന്നിറങ്ങിയതു കൊണ്ടാണോ?

രാജഗോപാൽ said...

ഒന്നാലോചിച്ചപ്പോൾ മൂന്ന് ജ്യോതിഷികളും മൂന്ന് കാലങ്ങളിലാണോ എന്നു കൂടി തോന്നി.. ആദ്യത്തെ ആൾ ഭാവി (മകളുടെ) പ്രതീക്ഷയിലും യിലും രണ്ടാമത്തെ ആൾ ഒന്നിനും നേരമില്ലാത്ത വർത്തമാനത്തിലും മൂന്നാമത്തെ ആൾ ഇനി ഒന്നും ചെയ്യാനില്ലാത്ത ഭൂത കാലത്തിലും.

keraladasanunni said...

ജെയിംസ് സണ്ണി പാറ്റൂര്‍ ,

പരേതന്‍റെ വീട്ടിന്ന് മുന്നില്‍ നിന്നവര്‍ ദൂരെ നിന്നും എത്താനുള്ള ബന്ധുക്കളായിട്ടാണ്- ഞങ്ങളെ കണ്ടത്. വല്ലാത്ത ഒരു അവസ്ഥയിലായി ഞങ്ങള്‍.

ശ്രീനാഥന്‍ ,

എനിക്കും അങ്ങിനെ തോന്നിയിട്ടുണ്ട്.

മൂവര് ചെന്നാല്‍ കാര്യം നടക്കില്ല എന്നൊരു ചൊല്ലുണ്ട്. യാദൃശ്ചികമായിട്ടാണെങ്കിലും മൂന്നുപേരും മൂന്ന് കാലത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്.

keraladasanunni said...

ഈ സംഭവത്തിന്ന് അനുബന്ധമെന്നോണം 
മറ്റൊരു സംഭവം കൂടിയുണ്ട്.

വല്ലപ്പോഴും വിതയ്ക്കാനും വളം ഇടാനും വരാറുള്ള ഒരു കുഞ്ഞിരാമനുണ്ടായിരുന്നു. അയാള്‍ സ്ഥിരം പണിക്കാരനൊന്നുമായിരുന്നില്ല.

യൂറിയ വാങ്ങി വെച്ചതിന്‍റെ പിറ്റേന്ന് ഞാന്‍ കുഞ്ഞിരാമനെ അന്വേഷിച്ച് ചെല്ലുകയാണ്. പഞ്ചായത്ത് റോഡില്‍ 
ബൈക്കും നിര്‍ത്തി ഇടവഴിയിലേക്ക് ഞാന്‍ കേറി. വഴിയില്‍ നില്‍ക്കുന്ന ഒരാളോട് കുഞ്ഞിരാമനെ അന്വേഷിച്ചു.

'' ആ നില്‍ക്കുന്നതാ മകന്‍ '' അയാള്‍ കാണിച്ച ചെറുപ്പക്കാരന്‍റെ അടുത്തു ചെന്ന് ഞാന്‍ 

'' കുഞ്ഞിരാമന്‍ '' എന്ന് പറഞ്ഞതേയുള്ളു.

'' വരൂ '' എന്നും പറഞ്ഞ് അവന്‍ 
വീട്ടിന്നുള്ളിലേക്ക് നടന്നു, പുറകെ ഞാനും. അവിടെ നിലത്ത് കുഞ്ഞിരാമന്‍ മറവു ചെയ്യുന്ന സമയവും കാത്ത് കിടക്കുന്നു. അരികിലിരുന്ന
നാലഞ്ച് സ്ത്രീകള്‍ '' തമ്പുരാനേ '' എന്ന് വിളിച്ചു കരഞ്ഞു. ഒരു നിമിഷം നോക്കി നിന്ന് ഞാന്‍ പുറത്തേക്ക് നടന്നു.

Ashraf Ambalathu said...

വിശ്വാസം, അതല്ലേ എല്ലാം.
അവതരണം നന്നായിട്ടുണ്ട്.
ആശംസകള്‍.

Sukanya said...

ആരൊക്കെ എന്തൊക്കെ പ്ലാന്‍ ചെയ്താലും മുകളില്‍ ഉള്ള ആളുടെ പ്ലാന്‍ മാത്രമേ നടക്കു അല്ലെ.

keraladasanunni said...

Ashraf Ambalathu,
അതെ. എല്ലാം ഒരോ വിശ്വാസം തന്നെ.
Sukanya,
ശരിയാണ്. എല്ലാം മുകളിലുള്ളവന്‍റെ തീരുമാനത്തിന്ന് വിധേയമാണ്.

വീ കെ said...

ഇത്തരം വിശ്വാസങ്ങൾ പലപ്പോഴും തെറ്റാറാണല്ലൊ പതിവ്...!

keraladasanunni said...

വി. കെ.
ഒട്ടൊക്കും ഒട്ടൊക്കില്ല എന്നൊരു പ്രമാണം
തന്നെയുണ്ട്

നിശാസുരഭി said...

വായിച്ചു-
നന്നായി പറഞ്ഞു, തങ്ങളെ-കാത്ത് നിന്നവരായ് കണ്ടെത്തുന്നതിലെ അത്, അതിഷ്ടപ്പെട്ടു.

keraladasanunni said...

നിശാസുരഭി,
സന്ദര്‍ശനത്തിനും അഭിപ്രായത്തിന്നും വളരെ നന്ദി.

Anonymous said...

നല്ല അവതരണം. കാര്യങ്ങള്‍ ഒഴുക്കോടെയും ഭംഗിയോടെയും പറഞ്ഞിരിക്കുന്നു. എന്താണ് പ്രധാന സംഗതികള്‍ മാത്രം പറഞ്ഞു നിര്‍ത്തിയത്? കുറേക്കൂടി കാര്യങ്ങള് ഒപ്പം പറയാമായിരുന്നു. ഇത് ഒരു വിമര്‍ശനമല്ല. വായനയുടെ ഒരു സുഖംകൊണ്ട് ആഗ്രഹിച്ചുപോയതാണ് . ആശംസകള്‍

Villagemaan/വില്ലേജ്മാന്‍ said...

നന്നായിരിക്കുന്നു ഉണ്ണിയേട്ടാ .
എല്ലാ ആശംസകളും..

keraladasanunni said...

Anonymous,

വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതില്‍ സന്തോഷം. സംഭവിച്ച കാര്യം അതേപടി കുറിച്ചതാണ്.

Villagemaan / വില്ലേജ്മാന്‍ ,
വളരെ നന്ദി.

Anonymous said...

കാലം ശരിയല്ലാന്ന്്് അമ്മായിക്കു തോന്നിയത് ചുമ്മാതല്ല അല്ലേ? :) :) നല്ല എഴുത്ത്, ലളിതം. ഇഷ്ടപ്പെട്ടു.

keraladasanunni said...

maithreyi,

അനുഭവം അതിന്ന് അനുസരിച്ച മട്ടിലായി. സന്ദര്‍ശനത്തിന്നും അഭിപ്രായത്തിന്നും നന്ദി.