Thursday, October 8, 2009

ഈശ്വരാനുഗ്രഹത്താല്‍....

രണ്ടാം ശനിയാഴ്ച ഒഴിവ് ദിവസമാണ്. അന്ന് ടൌണില്‍ ചെന്ന് മാറ്റിനിയും കണ്ട് മടങ്ങുമ്പോള്‍ തലേന്ന് തപാലില്‍ എത്തിയ ' റീഡേഴ്സ് ഡൈജസ്റ്റ് ' ഓഫീസില്‍ മറന്നു വെച്ച കാര്യം ഓര്‍മ്മ വന്നു. പുസ്തകം എടുത്താല്‍ പിറ്റേന്ന് വായിക്കാനായി. ബസ്സ് ഓഫീസിനടുത്ത് നിറുത്തിയപ്പോള്‍ ഞാന്‍ ഇറങ്ങി.

ഓഫീസില്‍ കേറി ചെല്ലുമ്പോള്‍ രാമേട്ടനും സുഹൃത്ത് സുന്ദരന്‍ നായരും സംസാരിച്ചിരിക്കുന്നു. ' തനിക്ക് തൃക്കങ്കോട്ട് അമ്പലം അറിയ്വോ ' എന്ന് സുന്ദരേട്ടന്‍ തിരക്കി. അറിയാമെന്ന് ഞാന്‍ പറഞ്ഞു.' എന്താ അവിടുത്തെ പ്രത്യേകത ' എന്ന് സുന്ദരേട്ടന്‍
ചോദിച്ചതിന്ന് ' അത് രണ്ട് മൂര്‍ത്തി അമ്പലമാണ് ' എന്ന് ഞാന്‍ പറഞ്ഞു.

ഇരുവരും എന്നെ നോക്കി. അവര്‍ക്ക് അത് മനസ്സിലായില്ലെന്ന് എനിക്ക് തോന്നി. ഒരു ശ്രീകോവിലില്‍ മഹേശ്വരനും വിഷ്ണുവും
ഒന്നിച്ചുള്ള അപൂര്‍വ്വ ക്ഷേത്രമാണ് അതെന്ന് ഞാന്‍ വിശദീകരിച്ചു. ' പിന്നെ ' എന്നും പറഞ്ഞ് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍
സുന്ദരേട്ടന്‍ ഉത്സാഹം കാണിച്ചു. ക്ഷേത്രത്തിന്നടുത്ത് ഒരു മനയില്‍ കൈവിഷം പോവാന്‍ മരുന്ന് ചേര്‍ത്ത പാല് കുടിക്കാന്‍
കൊടുക്കാറുണ്ടെന്നും, അത് കഴിച്ചാല്‍ കൈവിഷം ഛര്‍ദ്ധിച്ച് പോകുമെന്നും, ധാരാളം പേര്‍ വയറ് വേദന മാറാന്‍ അത്
കഴിക്കാറുണ്ടെന്നും ഞാന്‍ പറഞ്ഞതും സുന്ദരേട്ടന്‍ രണ്ട് വിരലുകള്‍ നാവിന്നടിയില്‍ വെച്ച് ഉച്ചത്തില്‍ ചൂളം വിളിക്കുകയും
' തന്നെ പോലെ വിവരജ്ഞനായ ഒരാളെ ഞങ്ങള്‍ ഇത്ര നേരം കാത്തിരിക്കുകയാണ് ' എന്ന് പറഞ്ഞതും ഒന്നിച്ചായിരുന്നു.

ഞാന്‍ വിവരം തിരക്കി. രാമേട്ടന് ഇടക്കിടക്ക് വയറ് വേദന തോന്നാറുണ്ടെന്നും , ഏത് മരുന്ന് കഴിച്ചിട്ടും അത് മാറുന്നില്ലെന്നും, അവസാനത്തെ പോംവഴിയായി ഇത് കൂടി ഒന്ന് പരീക്ഷിക്കണമെന്ന് കരുതുന്നു എന്നും അവര്‍ എന്നോട് പറഞ്ഞു.പിറ്റേന്ന് തന്നെ
പോകാമെന്ന് തീരുമാനിച്ചു. അവര്‍ രണ്ടുപേരും കാലത്ത് ബസ്സില്‍ വരും. ആ നേരത്ത് ഞാന്‍ ബസ്സ് സ്റ്റോപ്പില്‍ നിന്നാല്‍ മതി.
അവര്‍ വിളിക്കും എന്നൊക്കെ നിശ്ചയിച്ചു. പോവാനുള്ള സമയത്തെക്കുറിച്ചും ധാരണയായി.

പുസ്തകവുമെടുത്ത് ഞാന്‍ ഇറങ്ങുമ്പോള്‍ ചന്ദ്രേട്ടന്‍ പുറത്ത് കാത്ത് നില്‍ക്കുന്നു. ഞാന്‍ കൊണ്ടുപോയി വിടാം എന്നും പറഞ്ഞ് ചന്ദ്രേട്ടന്‍ സൈക്കിള്‍ എടുത്തു ചവിട്ടി തുടങ്ങി. ഞാന്‍ കാരിയറില്‍ ചാടി കയറി ഇരുന്നു. ആറാം മൈല്‍ തിരിവ് കഴിഞ്ഞതും
' ഒരു കാര്യം പറഞ്ഞാല്‍ ഒന്നും തോന്നരുത് ' എന്ന മുഖവുരയോടെ രാമേട്ടന് വയറുവേദന വരുന്നത് കാലത്തിനും നേരത്തിനും
ആഹാരം കഴിക്കാഞ്ഞിട്ടാണെന്നും , ചീഫിന് ജോലി എന്ന് വെച്ചാല്‍ പിന്നെ ചോറോ ചായയോ ഒന്നും വേണ്ടാ എന്നും , അതാണ് അസുഖം വരാന്‍ കാരണമെന്നും ചന്ദ്രേട്ടന്‍ വിശദീകരിച്ചു. മൂപ്പര് ആ കാര്യത്തില്‍ എന്നെ കണ്ട് പഠിക്കട്ടെ ' ചന്ദ്രേട്ടന്‍ പറഞ്ഞു
' വയറിന്‍റെ കാര്യം കഴിഞ്ഞിട്ടേ നമുക്ക് ബാക്കി കാര്യമുള്ളു. ആത്മപൂജ കഴിഞ്ഞിട്ടേ ശിവപൂജ ചെയ്യാവു എന്നല്ലേ സ്വാമി
കുക്കുടാനന്ദ തിരുവടികള്‍ പറഞ്ഞിരിക്കുന്നത് '. ആരും ഒന്നും സംസാരിച്ചില്ല. 'ആരാ ഈ സ്വാമി എന്ന് അറിയാതെ നിങ്ങള് വിഷമിക്കേണ്ടാ ' ചന്ദ്രേട്ടന്‍ പറഞ്ഞു ' അത് ഞാന്‍ തന്ന്യാ. കഴിഞ്ഞ ജന്മം ഈ ഞാന്‍ കുക്കുടാനന്ദസ്വാമികളായിരുന്നു .

പിറ്റേന്ന് പറഞ്ഞ സമയത്ത് ഞാന്‍ കടവത്ത് ബസ്സ്റ്റോപ്പിലെത്തി. പാലം കടന്ന് ഓട്ടുകമ്പനിക്ക് മുന്നില്‍ ബസ്സ് എത്തിയപ്പോള്‍ സുന്ദരേട്ടന്‍ ചവിട്ട് പടിയില്‍ ഇറങ്ങി നിന്ന് എന്നെ വിളിച്ചു. മനിശ്ശിരിയില്‍ നിന്ന് മൂന്നംഗസംഘം വെട്ട് വഴിയിലൂടെ നടന്നു.
'താന്‍ വല്ലതും കഴിച്ചുവോ ' എന്ന് സുന്ദരേട്ടന്‍ എന്നോട് ചോദിച്ചു.' തൊഴുതിട്ടേ ഭക്ഷണം കഴിക്കൂ ' എന്ന് ഞാനും
പറഞ്ഞു.

ക്ഷേത്ര ദര്‍ശനം വേഗം കഴിച്ചു. മനയില്‍ ചെന്നപ്പോള്‍ പാല് കുടിക്കാന്‍ കുറച്ച് പേരുണ്ട്. ഒരു ചെറിയ ഗ്ലാസ്സ് പാല് രാമേട്ടന് കിട്ടി. അതും കുടിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ' ദുസ്വാദ് വല്ലതും തോന്നിയോ ' എന്ന് സുന്ദരേട്ടന്‍ ചോദിച്ചു. ഇല്ലെന്ന് രാമേട്ടന്‍ മറുപടി നല്‍കി. വരമ്പ് കഴിഞ്ഞ് ഞങ്ങള്‍ റെയില്‍പാളത്തിന്നരികിലൂടെ നടന്നു. കുറച്ചകലെ മുന്നിലായി ആരൊക്കെയോ ഛര്‍ദ്ദിച്ച് ഇരിക്കുന്നു. ' എന്താ വല്ലതും തോന്നുന്നുണ്ടോ ' എന്ന് ഞങ്ങള്‍ രാമേട്ടനോട് ചോദിച്ചു. ' ഏയ്, എനിക്ക് ഒന്നും
തോന്നുന്നില്ല ' എന്ന് മറുപടി പറഞ്ഞതിന്ന് അകമ്പടിയായി ഛര്‍ദ്ദിക്കല്‍ കടന്നു വന്നു. സുന്ദരേട്ടന്‍ അടുത്ത് ഇരുന്ന് മുതുക് തടവി. പിന്നീട് ഇടവിട്ട് ഈ പ്രക്രിയ ആവര്‍ത്തിച്ചു.

കുറെ കഴിഞ്ഞപ്പോള്‍ രാമേട്ടന് വായ കഴുകണം എന്ന തോന്നല്‍ ഉണ്ടായി. ' അതിനെന്താ പ്രയാസം, ഭാരതപുഴയല്ലേ ഈ ഒഴുകുന്നത് ' എന്ന് സുന്ദരേട്ടന്‍ പറഞ്ഞതോടെ ഞങ്ങള്‍ റെയില്‍ കടന്ന് പുഴയിലേക്ക് ഇറങ്ങി. മണലില്‍ വട്ടത്തില്‍ കുഴിയെടുത്ത് ഉണ്ടാക്കിയ ചേണികളില്‍ വെള്ളം നിറഞ്ഞ് നിന്നു. വീട്ടില്‍ കിണറില്ലാത്തവരും വേനല്‍ കാലത്ത് വെള്ളം വറ്റിപോവുന്ന കിണര്‍
ഉള്ളവരുമായ പുഴ വക്കത്ത് താമസിക്കുന്നവര്‍ ചേണിയിലെ വെള്ളമാണ് വീട്ടാവശ്യത്തിന്ന് എടുക്കാറ്. വെയിലത്ത് നടന്നിട്ട് എനിക്ക് ദാഹം സഹിക്ക വയ്യ. വയറാണെങ്കില്‍ കാലി. ഇത്തിരി വെള്ളം കുടിക്കാമെന്ന് കരുതിയപ്പോള്‍ ' അയ്യേ, കന്ന് മേക്കുന്ന പിള്ളേര്‍ പുറത്തേക്ക് പോയി വന്ന് ഇതില്‍ കഴുകിയിട്ടുണ്ടാവും, അത് കുടിക്ക്യാണോ ' എന്ന് സുന്ദരേട്ടന്‍ ചോദിച്ചതോടെ ഞാന്‍ ആ ഉദ്യമത്തില്‍ നിന്ന് പിന്‍വാങ്ങി.

വായ കഴുകലും തുപ്പലും സംഭാഷണവും കൂട്ടി കലര്‍ത്തി കൂട്ടുകാര്‍ നടന്നു. വെള്ളത്തിന്ന് അരികിലുള്ള മണല്‍ തിട്ട് ചവിട്ടി വെള്ളത്തിലേക്ക് വീഴ്ത്തി രസിച്ചും കൊണ്ട് ഞാനും നടന്നു. അകലെ റെയില്‍ പാളത്തില്‍ കരി തുപ്പി ഇരുഭാഗത്തേക്കും ഓരോ തീവണ്ടികള്‍ പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ രാമേട്ടന്‍ ഉഷാറായി. ഞങ്ങള്‍ വീണ്ടും റെയിലോരത്ത് എത്തി.' ഇനി ബസ്സ് കിട്ട്വോ നോക്കാം ' എന്നും പറഞ്ഞ് റെയിലും കടന്ന് പാടത്തേക്ക് ഇറങ്ങി. പിന്നീടുള്ള യാത്ര വരമ്പിലൂടെയായി. വഴി വക്കത്ത് പള്ളം ( പച്ചക്കറിത്തോട്ടം ) കണ്ടപ്പോള്‍ അതില്‍ നിന്നും ഒരു പിഞ്ച് വെള്ളരിക്ക പറിച്ച് തിന്നാലോ എന്ന് ഞാന്‍ ചോദിച്ചു .
' താന്‍ വെള്ളരിക്ക മാത്രമല്ല, മത്തനോ കുമ്പളങ്ങയോ എന്ത് വേനമെങ്കിലും തിന്നോ, പക്ഷെ ആരെങ്കിലും കണ്ടാല്‍ അടി പാര്‍സല്‍
ആയി വീട്ടില്‍ എത്തും ' എന്ന് സുന്ദരേട്ടന്‍ മുന്നറിയിപ്പ് തന്നു.

രാമേട്ടന്‍ ദാഹിച്ചിട്ട് വയ്യ എന്ന് പറഞ്ഞതും കണ്ടത് കള്ളുഷാപ്പാണ്. സുഹൃത്തുക്കള്‍ അകത്ത് കയറി ദാഹം തീര്‍ത്ത് വരുന്നതും
കാത്ത് ഞാന്‍ നിന്നു. ഇട വഴികള്‍ പിന്നിട്ട് റോഡിലെത്തിയതും ആല്‍ത്തറക്ക് പിന്നില്‍ ഒരു ചായപ്പീടിക. വല്ലതും കഴിച്ചിട്ടാകാം
ഇനിയുള്ള യാത്ര എന്നും നിശ്ചയിച്ച് ഞങ്ങള്‍ അങ്ങോട്ട് ചെന്നു. കയറി ചെല്ലുന്ന് ഇടത്ത് വെറും ഒരു ബെഞ്ച് മാത്രം .' അകത്ത് ഇരിക്കാം ' എന്നും പറഞ്ഞ് കട ഉടമ ഞങ്ങളെ ഉള്ളിലേക്ക് ക്ഷണിച്ചു. വെളിച്ചക്കുറവുള്ള ആ ചെറിയ മുറിയില്‍ ഒരു ബെഞ്ചും
ഡസ്ക്കും ഉണ്ട്. എന്തോ ഒരു ചീഞ്ഞ മണം അവിടെ പരന്നിരുന്നു. ' എന്താ കഴിക്കാന്‍ ' എന്ന് ചോദിച്ചതിന്ന് ' ചായ മാത്രമേ ഉള്ളു ' എന്ന മറുപടി കിട്ടി. എന്തുകൊണ്ടോ എനിക്ക് ചായ വേണ്ടാ എന്ന് തോന്നി. ആ ചുറ്റുപാട് ആകെക്കൂടി മനസ്സില്‍ ഒരു അറപ്പ് തോന്നിച്ചിരുന്നു.

അങ്ങിനെ രണ്ട് ചായക്ക് ഓര്‍ഡര്‍ കൊടുത്ത് ഇരിക്കുമ്പോഴാണ് അത് സംഭവിച്ചത്. പാവാടയും ജാക്കറ്റും ധരിച്ച, ഇളം കറുപ്പ് നിറമുള്ള , മെലിഞ്ഞ് പൊക്കമുള്ള, ഏകദേശം ഇരുപത്തഞ്ച് മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ കയ്യില്‍ ചുരുട്ടി പിടിച്ച ഒരു പുല്ലുപായയുമായി ഞങ്ങളെ കടാക്ഷിച്ച് പുഞ്ചിരി തൂകി ഞങ്ങളുടെ മുന്നിലൂടെ തൊട്ടടുത്ത മുറിയിലേക്ക് പോയി.

ചായ ആറ്റുന്നത് നോക്കിയിരുന്ന എന്നെ സുന്ദരേട്ടന്‍ തൊട്ട് വിളിച്ച് കാണിക്കുമ്പോള്‍ അവര്‍ പായ വിരിച്ച് ഞങ്ങളെ തന്നെ നോക്കി
നില്‍ക്കുന്നു. ' ഇത് സംഗതി മറ്റേതാ ' എന്ന് സുന്ദരേട്ടന്‍ സ്വകാര്യം പറഞ്ഞു. ഇവിടെ അധിക നേരം ഇരുന്നാല്‍ ഉള്ള പേര്
പോയിക്കിട്ടും എന്നൊരു താക്കീതും. ആ നിമിഷം ഞാന്‍ പുറത്തേക്കിറങ്ങി, മറ്റൊരു ബോധിസത്വനായി ആല്‍ചുവട്ടില്‍ ഇരുന്നു.

ചായ കുടിച്ച് അവര്‍ പുറത്തിറങ്ങി. പിന്നെ കാത്തു നിന്നില്ല. കിട്ടിയ ബസ്സില്‍ കേറി സ്ഥലം വിട്ടു. ഞങ്ങള്‍ക്ക് പോവാനുള്ള ബസ്സ് ആയിരുന്നില്ല അത്. പാതി വഴിക്ക് അത് മറ്റൊരു വഴിക്ക് തിരിഞ്ഞ് കോങ്ങാടിലേക്ക് പോവുന്നതാണ്. ഞങ്ങള്‍ പത്തിരിപ്പാലയില്‍
ഇറങ്ങി. ' വാടൊ, വല്ലതും കഴിക്കാം ' എന്നും പറഞ്ഞ് സുന്ദരേട്ടന്‍ ' ഹോട്ടല്‍ താഷ്ക്കണ്ടി ' ലേക്ക് നടന്നു.

കഴിക്കാന്‍ ആകെയുള്ളത് പൊറോട്ട മാത്രം. അതിന്ന് കൂട്ടായി ബീഫും,മട്ടണ്‍ ചാപ്സും ഉണ്ട്. എനിക്കാണെങ്കില്‍ അതൊന്നും പറ്റില്ല.
പൊറോട്ടയില്‍ പാലും പഞ്ചസാരയും ഇട്ട് തരാമെന്ന് പറഞ്ഞത് വേണ്ടെന്ന് വെച്ച് ഞാന്‍ പുറത്തേക്കിറങ്ങി. ചെറിയൊരു
പീടികയുടെ മുന്നില്‍ ഉണങ്ങി കഴിഞ്ഞ തണ്ടില്‍ ആറേഴ് കരിവാളിച്ച ചെറുപഴം കണ്ടു. വേറൊന്നും കിട്ടാനില്ല. ഞാന്‍ രണ്ട്
കടല മിഠായിയും ഒരു തേന്‍ നിലാവും ( നെല്ലിക്ക വലുപ്പത്തില്‍ മൈദ കൊണ്ട് ഉണ്ടാക്കുന്ന ചുവപ്പ് നിറമുള്ളതും അകത്ത്
പഞ്ചസാര പാവ് നിറച്ചതുമായ മിഠായി )വാങ്ങി തിന്നു.

കാപ്പി കുടി കഴിഞ്ഞ് സുഹൃത്തുക്കള്‍ എത്തി. ' ഉണ്ണി എന്താ കഴിച്ചത് ' എന്ന് രാമേട്ടന്‍ ചോദിച്ചു. ഞാന്‍ ഉള്ള കാര്യം
പറഞ്ഞു.' എടൊ, താനൊരു ഉദ്യോഗസ്ഥനല്ലേ ' സുന്ദരേട്ടന്‍ ചോദിച്ചു ' കുട്ടികളെ പോലെ മിഠായിയും തിന്ന് നടക്ക്വാണോ '.
'അതിന് ഉണ്ണിക്ക് അത്ര പ്രായം ഒന്നും ആയിട്ടില്ല. ജോലിക്ക് ചേരുമ്പോള്‍ ആ കുട്ടിക്ക് വോട്ടവകാശം കൂടി കിട്ടിയിട്ടില്ല '(ആ കാലത്ത് ഇരുപത്തൊന്ന് വയസ്സിലാണ് വോട്ട് അവകാശം കിട്ടുക ) എന്നും പറഞ്ഞ് രാമേട്ടന്‍ എന്നെ ന്യായീകരിച്ചു.

ബസ്സ് വരാന്‍ കുറെ താമസമെടുത്തു. ഞാന്‍ ഓരോന്ന് ആലോചിച്ച് നിന്നു. ' എന്താടോ ഇത്ര വലിയ ആലോചന. നമ്മളെ ദൈവം
അനുഗ്രഹിച്ച്വോ എന്നാണോ ' എന്നായി സുന്ദരേട്ടന്‍ . എന്‍റെ നാവില്‍ വന്ന വാക്കുകള്‍ക്ക് മൂര്‍ച്ചയുള്ളതായി എനിക്ക് തന്നെ തോന്നി.
' ആരെ അനുഗ്രഹിച്ചില്ലെങ്കിലും ദൈവം നമ്മളെ അനുഗ്രഹിക്കും. അമ്മാതിരി പ്രവര്‍ത്തിയാണല്ലോ ചെയ്തത് ' ഞാന്‍ പറഞ്ഞു
' ആദ്യം ഷാപ്പില്‍ കയറി തീര്‍ത്ഥം സേവിച്ചു. പിന്നെ ചെന്നു കയറിയ സ്ഥലം അതിലും ഉത്തമം. അവസാനം മാംസാഹാരവും . ഇതിലും വലിയ പുണ്യ കര്‍മ്മം വേറെ എന്താണുള്ളത് '.

അവര്‍ക്ക് വിഷമം തോന്നിയോ എന്ന് എനിക്ക് സംശയമായി. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ സുന്ദരേട്ടന്‍ എന്നെ പതിയെ ' ഉണ്ണ്യേ ' എന്ന് വിളിച്ചു. ഞാനൊന്ന് നോക്കി. ' നിനക്ക് ചെറുപ്പമാണ്. ഞങ്ങളുടെ മുടിയൊക്കെ നരച്ചു. കുറെ കാലം കഴിഞ്ഞാല്‍ ഞങ്ങള്‍ ഇല്ലാതാവും. അന്ന് തനിക്ക് ഞങ്ങളുടെ പ്രായമാവും ' സുന്ദരേട്ടന്‍ പറഞ്ഞു ' അന്ന് ഒറ്റക്ക് ഇരിക്കുമ്പോള്‍ ആലോചിച്ച് രസിക്കാന്‍
ഇങ്ങിനെ വല്ലതും വേണ്ടേടോ. ഇല്ലെങ്കില്‍ എന്താ ഈ ജീവിതത്തിന്ന് ഒരര്‍ത്ഥം '.

ഇന്ന് നാല് പതിറ്റാണ്ടിന്ന് ശേഷം ആ വാക്കുകളുടെ അര്‍ത്ഥം ഞാന്‍ മനസ്സിലാക്കുന്നു.

( ഓര്‍മ്മത്തെറ്റ് എന്ന നോവലിന്‍റെ 22 ഉം 23 ഉം അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. )

3 comments:

raj said...

ഭഗവത്‌സേവക്കും ഔഷധ സേവക്കും ശേഷം മദ്യ സേവയും മദിരാക്ഷി ദര്‍ശനവും പിന്നെ മാംസാഹാരവും കഴിക്കുന്ന രമേട്ടന്റെയും സുഹൃത്തിന്റെയും കഥ രസകരമായി.

keraladasanunni said...

കൊല്ലങ്ങള്‍ക്ക് ശേഷം അതെല്ലാം ഓര്‍ക്കുമ്പോള്‍ സുന്ദരേട്ടന്‍ പറഞ്ഞതിന്‍റെ പൊരുള്‍ അറിയുന്നു.
palakkattettan.

nalina kumari said...

എന്നിട്ട് അദ്ധേഹത്തിന്റെ വയറു വേദന മാറിയോ ആവോ?