Friday, October 17, 2008

തിരിഞ്ഞു നോക്കുമ്പോള്‍.

ഈ കഴിഞ്ഞ മിഥുന മാസത്തിലെ മൂലം നക്ഷത്രം. ജീവിത യാത്രയില്‍ ഒരു നാഴിക കല്ലു കൂടി പിന്നിട്ട് അന്ന് ഞാന്‍ അറുപതുകളിലേക്ക് കടക്കുകയായിരുന്നു. സത്യത്തില്‍ അറിയപ്പെടാതെ കടന്നു പോകാന്‍ ഇടയാകുമായിരുന്ന ഒരു ദിവസം. തലേന്ന് വൈകുന്നേരം ചില അത്യാവശ്യ കാര്യങ്ങളുമായി ഞാന്‍ പട്ടാമ്പിയിലായിരുന്നു. ഇരുട്ടു പരന്നു കഴിഞ്ഞിരുന്ന നേരം. പോക്കറ്റിലിരുന്ന ചൈനീസ് മൊബൈല്‍ ഫോണ്‍ യേശുദാസിന്‍റേ സ്വരത്തില്‍ "ഹരേ കൃഷ്ണാ, ഗുരുവായൂരപ്പാ " എന്ന് ഭഗവാനെ സ്തുതിച്ചു. മൂത്ത മകന്‍ മനു. "നാളെ അച്ഛന്‍റെ അറുപതാം പിറന്നാളാണ്. എങ്ങിനെ ആഘോഷിക്കണം"എന്ന് അന്വേഷിക്കാനാണ്. ഒരു ആഘോഷം ഏര്‍പ്പാടാക്കാനും മറ്റും സമയമില്ല. എന്‍റെ നക്ഷത്ര പ്രകാരം മുരുകനേയാണ്' ഭജിക്കേണ്‍ടത്. അതിനാല്‍ മറ്റൊന്നും ആലോചിക്കാതെ പഴനിയിലേക്ക് ഒരു യാത്ര മതിയെന്ന്' തീരുമാനിച്ചു. സദ്യയോ, ആചാരാനുഷ്ഠാനങ്ങളോ ഒന്നും ഇല്ലാതെ ആ ദിവസം കടന്നു പോയി.
ഓര്‍മ്മയിലുള്ള ഒന്നാമത്തെ അറുപതാം പിറന്നാള്‍ ആഘോഷം വലിയമ്മാമയുടേതാണ്. അന്നു തന്നെയാണ്' എന്‍റെ ആറാം പിറന്നാളും. തലേന്നു ഉച്ചക്ക് ഞാനും മുത്തശ്ശിയും അമ്മാമന്‍മാരും വലിയമ്മാമയും വലിയമ്മായിയും കൂടി യാത്ര പുറപ്പെട്ടു. എന്‍റെ ആദ്യത്തെ ദൂര യാത്ര. വൈകീട്ട് എടക്കുളം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. ഇന്നത്തെ തിരുനാവായ. പിന്നെ കാല്‍നട. തിരുനാവായിലെ ഗാന്ധി പ്രതിമയെ കാണിച്ച് മുത്തശ്ശിയോട് വലിയമ്മാമ " അമ്മൂ,ഈ മഹാനും ഒരു ദൈവം തന്നെ, ഇവിടെ കൂടി ഒന്ന് തൊഴുതോളൂ" എന്നു പറഞ്ഞതും, എല്ലാവരും കൈ കൂപ്പിയതും,തൃപ്രങ്ങോട് മഹാദേവ ക്ഷേത്രത്തിന്നു മുമ്പിലെ, മാര്‍ക്കണ്ഡേയനു രക്ഷപെടാനായി നടുവെ പിളര്‍ന്ന ആലും അവ്യക്തമായ ഓര്‍മ്മകളായി നിലനില്‍ക്കുന്നു.
ഹൈസ്കൂള്‍ ക്ളാസില്‍ പഠിക്കുമ്പോഴാണ്,ഞാന്‍ പങ്കെടുത്ത അടുത്ത അറുപതാം പിറന്നാള്‍ ആഘോഷം. കുടുംബത്തിലെ ഒരു വലിയമ്മയുടെ ഭര്‍ത്താവിന്‍റെ. കുട്ടിമാമയുടെ കൂടെയാണ്' ഞാന്‍ ചടങ്ങിന്ന് പോയത്. ഹോമകുണ്ഡത്തിനു മുമ്പില്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരെ ഇരുത്തി അഭിഷേകം നടത്തി, പല വിധ ദാനങ്ങള്‍ ചെയ്യിച്ചു. വെറ്റില, കളി അടക്ക പണം എന്നിവ അടങ്ങിയ ദാനം നിരവധി പേര്‍ക്ക് നല്‍കി. പുറമെ കുട, വടി, വസ്ത്രങ്ങള്‍ എന്നിവയും. കൊമ്പിലും കുളമ്പിലും സ്വര്‍ണ്ണ തകിടു പൊതിഞ്ഞ പശുവിനേയും കുട്ടിയേയും ഒരു സാധു ബ്രാഹ്മണനു കൊടുത്തു. എല്ലാറ്റിനും പുറമെ ധാരാളം പേര്‍ക്ക് ഗംഭീര സദ്യയും.
അമ്മയുടെ അറുപതാം പിറന്നാള്‍ ചടങ്ങുകള്‍ നടത്തിയത് ഞാനാണ്. ചിലവു ചുരുക്കി, ചടങ്ങുകള്‍ മാത്രം നടത്തിയാല്‍ മതിയെന്ന് പറഞ്ഞത് അമ്മയാണ്. ദാനത്തിന്ന് പ്രത്യക്ഷ പശുവിന്നു പകരം പ്രതീകമായി പണം കൊടുത്താല്‍ മതിയെന്ന് നിശ്ചയിച്ചതും അമ്മയാണ്. കുറച്ച് അതിഥികള്‍. ചെറിയൊരു സദ്യവട്ടം. വലിയ നിറപ്പകിട്ടില്ലാത്ത ഒരു ചടങ്ങ്.
അറുപത് തികയുന്ന വേളയില്‍ എന്തിനാണ്, ഒരു ലാഭ നഷ്ടകണക്കും ബാക്കി പത്രവും എന്ന് ആലോചിക്കാതിരുന്നില്ല. മുപ്പതു കൊല്ലത്തിലേറെ കണക്കുപിള്ളയായിരുന്ന ആള്‍, സ്വന്തം ജീവിതത്തെ പറ്റി ഒരു കൂട്ടി കിഴിക്കല്‍ ചെയ്താല്‍ എങ്ങിനെയിരിക്കും എന്ന് ഒരു തോന്നല്‍. എല്ലാ ഘടകങ്ങളും ഉള്‍പ്പെടാത്ത , ചിലത് മാത്രം ചേര്‍ത്ത ഒരു വരവു ചിലവ് കണക്ക്.
എന്നെ സംബന്ധിച്ച് ഈ ജീവിതം മുഴുവനും ലാഭത്തിന്‍റെ പട്ടികയിലാണ്. അറുപതു കൊല്ലം മുമ്പ് പ്രസവ സമയത്ത് ആവശ്യത്തിന്ന് വൈദ്യസഹായം ലഭിക്കാതെ അമ്മയും കുട്ടിയും നഷ്ടപ്പെടുമെന്ന് വിചാരിച്ചിരുന്ന സമയം. ഒടുവില്‍ എത്തിയ ഡോക്ടര്‍ രാമനുണ്ണി നായര്‍ കുട്ടിയെ ജീവനോടെ കിട്ടില്ല എന്ന് ഉറപ്പ് പറഞ്ഞതിനെ മറികടന്ന് ലഭിച്ച ആയുസ്. ലാഭത്തിന്‍റെ പട്ടികയിലെ ആദ്യത്തെ ഇനം.
ഇത്രയും കാലത്തെ ജീവിതത്തില്‍ കാണാനും പരിചയപ്പെടാനും ഇടയായ മിക്കവാറും എല്ലാവരും തന്നെ വളരെ നല്ലവരായിരുന്നു . തളര്‍ന്ന് വീഴും എന്ന് ഉറപ്പായ നിര്‍ണ്ണായക ഘട്ടങ്ങളില്‍ പലരും നല്‍കിയ കൈത്താങ്ങിനെ അവലംബിച്ച് ഈ ജീവിതം മുന്നോട്ട് നീങ്ങാന്‍ കഴിഞ്ഞത് മറ്റൊരു ലാഭം.
കൊടുക്കലിലും വാങ്ങലിലുമുള്ള കിറുകൃത്യത, പറ്റിക്കപ്പെടാതെ സാധനങ്ങള്‍ വില പേശി വാങ്ങാനുള്ള കഴിവ്,കേവലം ഒരു മണി നെല്ലു പോലും നഷ്ടമാവാതെ സൂക്ഷിക്കാനുള്ള ജാഗ്രത തുടങ്ങി നിരവധി ഗുണങ്ങളാല്‍ എന്‍റെ കുറവുകളും കഴിവുകേടുകളും നികത്താന്‍ പ്രാപ്തിയുള്ള സ്നേഹമയിയായ സഹധര്‍മ്മിണിയെ ലഭിച്ചത് വലിയൊരു സൌഭാഗ്യം. അതുപോലെ ജീവനുതുല്യം എന്നെ സ്നേഹിക്കുന്ന പ്രിയപ്പെട്ട മക്കളും ദൈവത്തിന്‍റെ വരദാനങ്ങളാണ്.
എല്ലാറ്റിനേയും നിഷ്പ്രഭമാക്കുന്നതാണ്' അമ്മയോടൊത്തു കഴിഞ്ഞ ജീവിതം. ഞാന്‍ അമ്പതാം വയസ്സിലേക്ക് കടന്നപ്പോഴായിരുന്നു അമ്മ മരിച്ചത്. അന്നു വരെ ഞങ്ങള്‍ വേര്‍പിരിഞ്ഞു കഴിഞ്ഞിട്ടില്ല. മരിക്കുന്നതിന്‍റെ തലേന്ന് വൈകുന്നേരം അമ്മ എന്നെ വിളിച്ചു. കട്ടിലിന്‍റെ ഓരത്ത് ഞാനിരുന്നു. "മകനേ, ഇന്ന് നാമം ജപിക്കുമ്പോള്‍ എന്‍റെ കുട്ടി , എത്രയും പെട്ടെന്ന് അമ്മ കഷ്ടപ്പെടാതെ മരിക്കാനായി പ്രാര്‍ത്ഥിക്കണം" എന്ന് മുഖവുര കൂടാതെ അമ്മ പറഞ്ഞപ്പോള്‍, " അമ്മക്ക് അത്രക്ക് ജീവിതം മതിയായി എന്ന് തോന്നുന്നുണ്ടോ?" എന്ന് ഞാന്‍ ചോദിച്ചു. അതിന്ന് അമ്മ പറഞ്ഞ മറുപടിയാണ്, എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം. "എനിക്ക് മരിക്കാറായി. ഒന്നിനും മോഹമില്ല. പക്ഷെ, എന്‍റെ മകന്‍റെ കൂടെ ജീവിച്ചിട്ട് എനിക്ക് കൊതി തീര്‍ന്നിട്ടില്ല. എന്‍റെ കുട്ടി അത്രക്ക് പാവമാണ്".
അമ്മ പറഞ്ഞത് ഞാന്‍ അനുസരിച്ചു. അമ്മയോടൊപ്പം കട്ടിലില്‍ ഇരുന്നു, അമ്മയുടെ ശിരസ്സില്‍ കൈവെച്ചു,അമ്മ ആഗ്രഹിച്ചപോലെ പ്രയാസം കൂടാതെ മരണം സംഭവിക്കണേ എന്നു പ്രാര്‍ത്ഥിച്ചു, ലളിത സഹസ്രനാമം ജപിച്ചു. അതിന്ന് ഇത്ര മാത്രം ഫലസിദ്ധി ലഭിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. പിറ്റേന്ന് വൈകുന്നേരത്തിന്നു മുമ്പ് അമ്മ മരിച്ചു.
അന്ന് നേരിയ പനി കാരണം ഞാന്‍ ലീവായിരുന്നു. പത്തു മണിയോടെ അമ്മ എന്‍റെ അടുത്ത് വന്നിരുന്നു. വാത്സല്യത്തോടെ മുടിയിലൂടെ വിരലോടിച്ചു. എന്‍റെ കൈ എടുത്ത് അമ്മയുടെ മടിയില്‍ വെച്ചു. കുറെ കഴിഞ്ഞാണ്' അമ്മ പോയത്. ഉച്ചക്ക് ഭക്ഷണം കഴിച്ച പാത്രം അമ്മ തന്നെയാണ്' കഴുകിയത്. സമയം വൈകുന്നേരം മൂന്നാവാറായി കാണും. പണിക്കാരികള്‍ പാടത്ത് നടുന്നത് നോക്കാന്‍ ചെന്ന മരുമകളെ വിളിക്കാനായി അമ്മ പേരമക്കളെ അയച്ചു. പിറ്റേന്ന് അവളുടെ അമ്മയുടെ ശ്രാര്‍ദ്ധമാണ്, അതിന്ന് സാധനങ്ങള്‍ വാങ്ങിക്കണം, വേഗം വരാന്‍ പറയ്, എന്നായിരുന്നു അമ്മയുടെ അവസാന വാക്കുകള്‍. അവള്‍ എത്തുമ്പോഴേക്കും അമ്മ ബാത്ത് റൂമില്‍ പോയി വന്നു, കട്ടിലില്‍ ഇരുന്നതും ചെരിഞ്ഞു. അമ്മയുടെ കണ്‍മിഴികള്‍ മറിയുന്നതു കണ്ട എന്‍റെ ഭാര്യയാണ്'എന്നെ വിളിച്ചത്. എനിക്ക് കാര്യം മനസ്സിലായി. ശക്തി മുരുകന്‍ മോഹനന്‍ മുമ്പ് തന്ന ഗംഗാ ജലത്തിന്‍റെ പാത്രം തുറന്നു.തുളസിയില ചേര്‍ത്ത് ജലം വായില്‍ ഇറ്റിച്ചു."ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം" അമ്മയുടെ ശിരസ്സ് എന്‍റെ മടിയില്‍ വെച്ച് വിഷ്ണു സഹസ്രനാമത്തിന്‍റെ വരികള്‍ ഞാന്‍ മെല്ലെ ഉച്ചരിച്ചു. അമ്മ എന്നെന്നേക്കുമായി കണ്ണടച്ചു.
ഭാര്യയുടേയും മക്കളുടേയും കരച്ചില്‍ ഉയര്‍ന്നു. ഞാന്‍ സങ്കടപ്പെടുന്നത് അമ്മക്ക് കാണാനാവില്ല. യാതൊന്നും സംഭവിക്കാത്തതുപോലെ, പ്രത്യേകിച്ച് ഒരു ഭാവഭേദവും കൂടാതെ, തീര്‍ത്തും ശാന്തനായി ഞാന്‍ എഴുന്നേറ്റു, ഡയറി തുറന്ന് അന്നത്തെ പേജില്‍ "അമ്മ എന്ന യാഥാര്‍ത്ഥ്യം സങ്കല്‍പ്പമായി മാറി " എന്ന് കുറിച്ചിട്ടു.
( ഇത് ഇവിടെ അവസാനിക്കുന്നില്ല.)

1 comment:

രാജഗോപാൽ said...

As i read, my eyes welled up with tears, that purified my soul and i felt refreshed. A really frank, heart rendering narration of a mother-son relationship. indeed a soul-searching experience.