Saturday, July 16, 2016

പാവിട്ടക്കുഴല്‍.


ഇന്ന് കര്‍ക്കിടകമാസം ഒന്നാം തിയ്യതിയാണ്. ഇന്നലെയാണ് കര്‍ക്കിടക സംക്രമം. ചക്കന്താരാന്തി എന്നാണ് നാട്ടില്‍ അതിനെ പറയാറ്. എന്‍റെ കുട്ടിക്കാലത്ത് വളരെ പ്രാധാന്യത്തോടെ ആഘോഷിക്കാറുള്ള ഒന്നാണ് കര്‍ക്കിടക ചങ്കരാന്തി.

ചങ്കരാന്തിക്ക് ഒരാഴ്ച മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങും. വീടും പരിസരവും വൃത്തിയാക്കലാണ് പ്രധാന പണി. മുറ്റത്തെ പുല്ലുകള്‍  വലിച്ചു കളയുക, തൊടിയിലെ പാഴ്ച്ചെടികള്‍ നീക്കം ചെയ്യുക എന്നിവയാണ് ആദ്യഘട്ടം.

ചിതലും മാറാലയും അടിച്ചു കളയുക, വാതിലുകളും ജനാലകളും തുടച്ചു വൃത്തിയാക്കുക എന്നിവയാണ് അടുത്ത പടി. തട്ടിന്‍പുറത്തു നിന്ന് പീഠം ശിവോതി വെക്കാനുള്ള പലക, എന്നിവ എടുത്ത് കഴുകിവെക്കുന്നതോടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ തീരും.

ചങ്കരാന്തി ആവുമ്പോള്‍ കുട്ടികള്‍ക്ക് പാവിട്ടക്കുഴല്‍ ഉണ്ടാക്കിക്കിട്ടാനുള്ള ധൃതിയാവും. ഒരടി നീളമുള്ള മുളംതണ്ടും അതിന്‍റെ ദ്വാരത്തിന്ന് യോജിച്ച പിടിയോടു കൂടിയ കോലും ചേര്‍ന്നതാണ് പാവിട്ടക്കുഴല്‍. മുളന്തണ്ടിലെ ദ്വാരത്തിന്‍റെ ഒരു വശത്ത് പാവിട്ടക്കായയോ,  നനച്ചു ചുരുട്ടിയ പേപ്പര്‍ കഷ്ണമോ തിരുകും.  എന്നിട്ട് കോലുകൊണ്ടു  ഊക്കോടെ തള്ളിയാല്‍ ആ സാധനം ചെറിയൊരു ഒച്ചയോടെ മറുവശത്തുകൂടി ദൂരേക്ക് തെറിക്കും. എയര്‍ഗണ്ണിന്‍റെ പ്രാകൃതരൂപമാവാം ഇത്. വീട്ടില്‍ ജോലിക്കു വരുന്ന ഏതെങ്കിലും പണിക്കാരനാണ് പാവിട്ടക്കുഴല്‍ ഉണ്ടാക്കിത്തരുക.

ചങ്കരാന്തിയുടെ തലേന്നോ, തലത്തലേന്നോ മൈലാഞ്ചിയിടുന്ന പതിവുണ്ട്. റെയില്‍വെപാതയുടെ അരികിലായി നില്‍ക്കുന്ന മൈലാഞ്ചിച്ചെടികളില്‍ നിന്ന് മൈലാഞ്ചി ഇലകള്‍ പറിച്ചുകൊണ്ടുവരും. ഉപയോഗശൂന്യമായി  ഉപേക്ഷിച്ച പഴയ ആട്ടുകല്ലില്‍ പച്ചമഞ്ഞളും മൈലാഞ്ചിയും ചേര്‍ത്ത് അമ്മ അരയ്ക്കും. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളെല്ലാവരും ആ കാലത്ത് മൈലാഞ്ചിയിടും. ഹൈസ്ക്കൂള്‍ക്ലാസ്സില്‍ പഠിക്കുമ്പോള്‍കൂടി അമ്മ എന്‍റെ കയ്യില്‍ മൈലാഞ്ചി ഇടാറുണ്ട്.  ഒടുവില്‍ സഹപാഠികള്‍ അതു പറഞ്ഞ് എന്നെ കളിയാക്കാന്‍ തുടങ്ങിയയതോടെയാണ് അമ്മ ആ പതിവ് നിര്‍ത്തിയത്.

ചങ്കരാന്തി ദിവസം സന്ധ്യക്ക് വിളക്കുവെക്കുന്നതിന്നുതൊട്ടുമുമ്പ് ചേട്ടയെ കളയും. ജ്യേഷ്ഠാഭഗവതിയെ വീട്ടില്‍ നിന്ന് പുറത്താക്കുന്നു എന്നതാണ് സങ്കല്‍പ്പം. വീട്ടില്‍ പണിക്കുവരാറുള്ള  ഏതെങ്കിലും സ്ത്രീകള്‍ ചേട്ടയെ കളയാനെത്തും. അവര്‍ക്ക് മുറുക്കാനും തലയില്‍തേക്കാന്‍ എണ്ണയും അമ്മ കൊടുക്കും. തലയിലും മുഖത്തും എണ്ണതേച്ച് വെറ്റില മുറുക്കി ചുവപ്പിച്ച് അവര്‍ തയ്യാറാവുമ്പോഴേക്ക് അമ്മ സാധനസാമഗ്രികള്‍ ഒരുക്കും. കീറിയ കുണ്ടുമുറത്തില്‍ പൊട്ടച്ചട്ടി്‌, കുറ്റിച്ചൂല്, കരിക്കട്ട, താളിന്‍തണ്ട് എന്നിവ അടുക്കി വെച്ചതാണ് ചേട്ട. പണിക്കാരി അത് തലയിലേറ്റി നടക്കാന്‍ തുടങ്ങിയാല്‍  കുട്ടികള്‍ പാവിട്ടകുഴലില്‍ നിന്ന് അവരുടെ ദേഹതേക്ക് പാവിട്ടക്കുരുവോ, കടലാസ്സ് കഷ്ണമോ തെറുപ്പിച്ച് പുറകെ ഓടിച്ചെല്ലും. അവര്‍ പോയികഴിഞ്ഞതും അമ്മ നിലവിളക്ക് കത്തിച്ചുവെക്കും. വീട്ടിലെ ഏതെങ്കിലും സ്ത്രീ അപ്പോള്‍ പടിക്കല്‍വരെ പോയി തിരിച്ചുവരും. ശിവോതി കയറി വരുന്ന നേരത്ത് വര്‍ക്കത്തില്ലാത്ത ആരെങ്കിലും കടന്നു വരാതിരിക്കാനാണ് അത്. അതു കഴിഞ്ഞാല്‍ അമ്മ അടുക്കളയിലേക്ക് ചെല്ലും. ചൂടുദോശയും പപ്പടച്ചാറും കഴിക്കാന്‍ കുട്ടികള്‍  തയ്യാറാവും.

ഒന്നാം തിയ്യതി രാവിലെ കശാപ്പുകടയുടെ മുന്നില്‍ നല്ല തിരക്കായിരിക്കും . ഇന്നത്തെപ്പോലെ അന്ന് ചിക്കന്‍ സ്റ്റാളുകള്‍ ഉണ്ടായിരുന്നില്ല. ബീഫ്സ്റ്റാളും ഇല്ല എന്നു പറയാം. കോഴി വേണ്ടവര്‍ വളര്‍ത്തുന്നവരുടെ വീട്ടില്‍ നിന്ന് വാങ്ങണം.

നാലഞുകൊല്ലം മുമ്പ് നടന്ന കാര്യമാണ്. കര്‍ക്കിടകം ഒന്നാം തിയ്യതി ഞാന്‍ നടക്കാന്‍ പോവുമ്പോള്‍ റോഡോരത്തെ കശാപ്പുകടയുടെ മുന്നിലുള്ള ഒരു ചെറിയ ഉങ്ങുമരത്തില്‍ രണ്ട് ആടുകളെ കെട്ടിയിട്ടിരിക്കുന്നതു കണ്ടു. അവ രണ്ടും പേടിച്ചു കരയുകയാണ്. ജീവന്‍ പോവാറായി എന്ന് അവയ്ക്ക് മനസ്സിലായിട്ടുണ്ടാവും. കുറെ സമയം കഴിഞ്ഞ് തിരിച്ചു പോരുമ്പോള്‍ അവയില്‍ ഒന്നിനെ കൊന്ന് കെട്ടിത്തൂക്കിയിരിക്കുന്നത് കണ്ടു. മറ്റേ ആട് കമ്പിയില്‍ കോര്‍ത്തിട്ട മാംസത്തെ നോക്കി നില്‍ക്കുകയാണ്. ആ രംഗം വളരെക്കാലം എന്‍റെ മനസ്സിനെ വേദനിപ്പിച്ചിരുന്നു. ഇന്നും ചങ്കരാന്തി എന്നു കേള്‍ക്കുമ്പോള്‍ ആ രംഗം മനസ്സിലെത്തും

19 comments:

വീകെ said...

ചങ്കരാന്തി വിശേഷം ജോറായീട്ടോ. എങ്കിലും എന്റെ ഓർമ്മയിൽ ഇത്രേം ബഹളമയമായ ഒരു ചങ്കരാന്തിയെ കേട്ടിട്ടില്ല. അടിച്ചു തൂത്ത് വൃത്തിയാക്കുന്നതൊക്കെ ഉണ്ടായിരുന്നു. അതിനപ്പുറത്തേക്ക് ഒന്നും ഓർമ്മയിൽ ഇല്ല.
ആശംസകൾ....

Cv Thankappan said...

ചങ്കരാന്തിയുടെ പഴയ ചിത്രങ്ങളാണ് 'പാവിട്ടക്കുഴല്‍'വായിച്ചപ്പോള്‍ മനസ്സില്‍ തെളിഞ്ഞുവരുന്നത്.അന്നേദിവസം എല്ലായിടവും വൃത്തിയാക്കിയശേഷം അഴുക്കെല്ലാം കൊട്ടയിലാക്കി, മുറികളില്‍ ചൂലുമായിച്ചെന്ന് "ശേട്ട പുറത്ത് ശീഭോതി അകത്ത്" എന്നുവിളിച്ചു പറഞ്ഞുകൊണ്ട് ശേട്ടയെ അടിച്ചകറ്റി പുറത്താക്കലുണ്ട്.പിന്നെ കുട്ടയും, ചൂലുമൊക്കെയായി പാടത്തിനക്കരെയുള്ള പൊട്ടക്കുളത്തില്‍ കൊണ്ടിടും. ചങ്കരാന്തിക്ക് മത്സ്യമാംസാദികള്‍... ഒന്നാംതീയതി മുതല്‍ കര്‍ക്കിടകം കഴിയുന്നതുവരെ മത്സ്യമാംസാദികള്‍ വീടുകളില്‍ കയറ്റുകയേയില്ല!
പാവിട്ടക്കുരുവിനെപ്പറ്റി ഇപ്പോഴും പേടിയാണ്.അത് തോക്കിലിട്ടു വെക്കുമ്പോള്‍ ദേഹത്തുകൊള്ളുമ്പോഴുണ്ടാകുന്ന നീറ്റം!ഹോ!!
ആശംസകള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പാവിട്ടക്കുഴല്‍ തോക്ക് വളരെ പഴയൊരു ഓര്‍മ്മയാണ്.. അന്ന് മുള്ളീരത്തിന്റെ കായയാണ് അതിന്‍റെ ഉണ്ടയായി ഉപയോഗിക്കുന്നത്. അസാധാരമായ ശബ്ദത്തോടെ അത് പൊട്ടുകയും ഉണ്ട കുതിക്കുകയും ചെയ്യും. മുള്ളീരം എന്ന മരത്തിന്‍റെ കായകള്‍ ഉണക്കി കയറ്റിക്കൊണ്ട് പോയിരുന്നു. ഇന്ന് ആ മരംപോലും കാണുന്നില്ല.

സുധി അറയ്ക്കൽ said...

ithinaekkurricchonnum arriyatthilla.

samkraanthi ennoru sthhalam koettayatthaTutthunTenna arriv pank vekkatte.ഇതിനേക്കുറിച്ചൊന്നും അറിയത്തില്ല.

(സംക്രാന്തി എന്നൊരു
സ്ഥലം കോട്ടയത്തടുത്തുണ്ടെന്ന അറിവ്‌ പങ്ക്‌ വെക്കട്ടെ .)

സുധി അറയ്ക്കൽ said...

പപ്പടച്ചാർ എന്നതാ?മനസ്സിലായില്ലല്ലോ!

keraladasanunni said...

വി.കെ.
1978 ലാണ് എന്‍റെ മുത്തശ്ശി മരിക്കുന്നത്. അതുവരെ എല്ലാം ചിട്ടയോടെ നടന്നു. അതിനു ശേഷം അമ്മ കുറച്ചൊക്കെ ചെയ്തുപോന്നു. ഇപ്പോള്‍ എല്ലാം നിന്നു. രാവിലെ മക്കള്‍ക്കും മരുമക്കള്‍ക്കും ജോലിക്കുപോണം അതിനിടയ്ക്ക് ശിവോതി വെക്കാന്‍ സമയമെവിടെ.

keraladasanunni said...

Cv.Thankappan,
ഇവിടങ്ങളില്‍ ചിലര്‍ ഒന്നാം തിയ്യതിയാണ് സസ്യേതരഭക്ഷണത്തിന്ന് പ്രാധാന്യം നല്‍കിവരുന്നത്. അവരുടെ വീടുകളില്‍ ശിവോതിവെപ്പോ രാമായണ പാരായണമോ ഉണ്ടാവാറില്ല.

keraladasanunni said...

ആറങ്ങോട്ടുകര മുഹമ്മദ്,
ഇവിടേയും മുള്ളീരം കണി കാണാനില്ല. ഓരോ കാലത്ത് ഓരോന്നിന്ന് വംശനാശം സംഭവിക്കുകയാവാം 

keraladasanunni said...

സുധി അറയ്ക്കല്‍,
പഴയ തലമുറയിലുള്ളവര്‍ക്കേ ഇതിനെക്കുറിച്ചൊക്കെ അറിയൂ. വളരെ അപൂര്‍വ്വം ആളുകളേ ഇപ്പോള്‍ ഇതൊക്കെ ആഘോഷിക്കുന്നുള്ളു.
കോട്ടയത്തെ സംക്രാന്തിയെക്കുറിച്ച് ഞാനും കേട്ടിട്ടുണ്ട്.

keraladasanunni said...

സുധി അറയ്ക്കല്‍,
പപ്പടച്ചാര്‍ ഉണ്ടാക്കുന്ന വിധം പറഞ്ഞുതരാം. നാളികേരം ചിരകിയത്, മല്ലിപ്പൊടി, മഞ്ഞള്‍ പ്പൊടി, വറ്റല്‍മുളക്, ചെറിയൌള്ളി എന്നിവ അരച്ച് പാകത്തിന്ന് വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളച്ചു കഴിഞ്ഞാല്‍ പപ്പടം കഷ്ണങ്ങളാക്കിയത് വറുത്തതും ചെറിയ ഉള്ളി വട്ടത്തിലരിഞ്ഞത് എണ്ണയില്‍ മൂപ്പിച്ച് അതും തിളച്ച ചാറില്‍ ഇട്ടാല്‍ പപ്പടച്ചാറ് തയ്യാറായി. ചങ്കറാന്തിക്ക് ഈ വിഭവം തീര്‍ച്ചയായും ഉണ്ടാക്കാറുണ്ട്. ഇതു കൂട്ടി ദോശയും ഇഡ്ഡലിയും തിന്നാം.

ramanika said...

കർക്കിടകം മഴക്കാലമാണ് (അന്ന് ) അതുകൊണ്ടുതന്നെ പറമ്പു വൃത്തിയാക്കൽ അത്യാവശ്യവും , ഇന്ന് പഴയതു മിക്കതും മറന്നു ,,, ഹെൽത്ത് അധികൃതർ പറയും വെള്ളം കെട്ടികിടക്കാതെ നോക്കുക വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക ,,,,, പക്ഷെ ആരു കേൾക്കാൻ
പഴയതു പലതു ഓർമ്മിപ്പിച്ചതിനു നന്ദി ...............

സുധി അറയ്ക്കൽ said...

കേരളേട്ടാ,ഉണ്ടാക്കിനോക്കട്ടെ.വിവരം പറയാം.അമ്മിയ്ക്ക്‌ പറഞ്ഞ്‌ കൊടുത്തിട്ടുണ്ട്‌.

Philip Verghese 'Ariel' said...

Maashe, Manassil vaayichirunnu. Pinned blogsap groupilum vaayichu.

Itharam anubhavangal vaayikkunnathu ithu aadyam. Nannaayi vivarichu.
Aashamsakal
Philip Ariel

Philip Verghese 'Ariel' said...

Maashe, Manassil vaayichirunnu. Pinned blogsap groupilum vaayichu.

Itharam anubhavangal vaayikkunnathu ithu aadyam. Nannaayi vivarichu.
Aashamsakal
Philip Ariel

keraladasanunni said...

ramanika,
പറമ്പും മുറ്റവും വൃത്തിയ്യാക്കുമ്പോള്‍ മഴവെള്ളം ഒഴുകിപോകാന്‍ ചാലുണ്ടാക്കിയിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. അദ്ധ്വാനിക്കാന്‍ വയ്യാത്തതുകൊണ്ട് ഇന്നാരും അത് ചെയ്യുന്നില്ല, ഇത്തരം പണിക്ക് ഒരാളേയും കിട്ടുകയുമില്ല.

keraladasanunni said...

സുധി അറയ്ക്കല്‍,

പപ്പടച്ചാര്‍ ഉണ്ടാക്കിനോക്കിക്കാണുമല്ലോ. എങ്ങിനെയുണ്ട്

keraladasanunni said...

P.V.Ariel,
മനസ്സില്‍ ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്. വായിച്ച് ഇഷ്ടപ്പെട്ടു എന്നറിഞ്ഞ് സന്തോഷിക്കുന്നു.

രാജഗോപാൽ said...

"പൊട്ടി പുറത്ത്, ശീപോതി അകത്ത്" എന്ന വായ്ത്താരി ഓർമ്മ വന്നു.. ഇപ്പോൾ ആൾക്കാർക്കൊക്കെ അതിനെവിടെ നേരം... പൊട്ടത്തോക്ക് എന്നൊരു സാധനവും
പണ്ടുണ്ടായിരുന്നു... ഏഷ്യാനെറ്റിലെ യാത്ര എന്ന പരിപാടിയിൽ രാമശ്ശേരി ഇഡ്ഡലിയെപ്പറ്റിയും, മുതലിയാർ ബിരിയാണിയെപ്പറ്റിയും, സേവയെപ്പറ്റിയും, കൂവ കിണ്ടിയതിനെപ്പറ്റിയും കണ്ടു.. പാലക്കാടൻ രുചികളെപ്പറ്റി നല്ലൊരു പരിപാടി...

സുധി അറയ്ക്കൽ said...

കൊള്ളാരുന്നു.ഇനിയും പുതിയ പുതിയ വിഭവങ്ങൾ വരട്ടേ!!!