Thursday, February 27, 2014

ഹന്ത ഭാഗ്യം ജനാനം.

ബസ്സ് ഗുരുവായൂരിലെത്തുമ്പോൾ ഒരുമണി കഴിഞ്ഞിരുന്നു. പടിഞ്ഞാറേ നടയിൽ ബസ്സിറങ്ങി ഞാനും സുന്ദരിയും വേഗത്തിൽ നടന്നു. കുളത്തിൻറെ മറുവശത്തെത്തിയതും ബാഗും ചെരിപ്പും മൊബൈൽ ഫോണും ചെരിപ്പുകളും അവ സൂക്ഷിക്കുന്ന ഇടങ്ങളിൽ ഏൽപ്പിച്ച് മുൻവശത്തേക്ക് ഓടി. ഭാഗ്യവശാൽ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് അകത്തേക്ക് പ്രവേശിക്കുന്ന ഭക്തന്മാരെ പരിശോധിക്കുന്ന ഉദ്യോഗസ്ഥൻറെ മുന്നിൽ അഞ്ചോ ആറോ പേർ മാത്രം. അവരുടെ പുറകെ ഞങ്ങളും നിന്നു. നട അടക്കാനായതു കൊണ്ടാവാം പെട്ടെന്ന് ദർശനം കിട്ടി.

'' ഈശ്വരാനുഗ്രഹംതന്നെ. ഇപ്പോൾ തൊഴാൻ പറ്റുമെന്ന് വിചാരിച്ചതേയില്ല '' ക്ഷേത്രത്തിൽ നിന്ന് പുറത്തു വന്നപ്പോൾ സുന്ദരി പറഞ്ഞു.

ഏൽപ്പിച്ച മുതലുകൾ തിരിച്ചു വാങ്ങി. അടുത്തത് ഭക്ഷണം. അടുത്തു കണ്ട ഹോട്ടലിൽ കയറി. മുളകിൽ ചാലിച്ചെടുത്ത കറികളും ഉപ്പേരിയും വായിൽ വെക്കാൻ കൊള്ളില്ല. അൽപ്പം മോരു ചേർത്ത് കഴിച്ചെന്നുവരുത്തി അവിടെ നിന്നിറങ്ങി. താമസസൗകര്യം ഏർപ്പെടുത്തിയ ജോയ് ലോഡ്ജിൻറെ പേരു പറഞ്ഞു തന്നിട്ടുണ്ട്. മൂന്നുമണിയോടെ അങ്ങോട്ട് ചെല്ലാമെന്നു കരുതി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്നു മുന്നിൽ ഇരിക്കുമ്പോൾ ജോയിയുടെ ഫോൺ വന്നു.

'' ദാസേട്ടൻ റൂമിലേക്ക് പോയില്ലേ '' അദ്ദേഹം ചോദിച്ചു. നാട്ടിലെത്തുമ്പോൾ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത് ജോയിയാണ്. ഒരു സൗഹൃദക്കൂട്ടയ്മയിലെ അംഗങ്ങളാണ് ഞങ്ങൾ രണ്ടുപേരും. എറണാകുളത്തുവെച്ച് നടത്തിയ ആദ്യത്തെ സംഗമത്തിൽ പങ്കെടുക്കണമെന്ന് ഉറച്ചതാണ്. അന്നുപുലർച്ചെ പത്മിനിയോപ്പോൾ മരിച്ചു. യാത്ര മുടങ്ങി. കൊച്ചിയിൽ കൂടിയ രണ്ടാമത്തെ സംഗമ ദിവസം കൊയ്ത്തായിരുന്നു. അന്നും പറ്റിയില്ല.

'' ഇല്ല. ഡാൻസ് പ്രോഗ്രാം കാണാമെന്നു കരുതി ഇരിക്കുകയാണ് '' ഞാൻ പറഞ്ഞു.

'' ലോഡ്ജിൽചെന്ന് എൻറെ പേരുപറഞ്ഞാൽ മതി. റൂം കിട്ടും ''. ഞങ്ങൾ എഴുന്നേറ്റു. യാത്ര ചെയ്തതിൻറെ ക്ഷീണമുണ്ട്. കുറച്ചുനേരം വിശ്രമിക്കണം.

നാലുമണി കഴിഞ്ഞതും വാതിൽക്കൽ മുട്ടുന്ന ശബ്ദം കേട്ടു. സുന്ദരി എഴുന്നേറ്റു വാതിൽ തുറന്നു. മുന്നിൽ ജോയിയോടൊപ്പം ഒരു സ്ത്രീയും രണ്ടുകുട്ടികളുമെത്തി. ജോയിയെ കണ്ടതും എനിക്ക് മനസ്സിലായി. മനസ്സിലെ പരിപാടികളുടെ ഫോട്ടോകളിൽ കണ്ട ഓർമ്മയുണ്ട്.

'' ദാസേട്ടാ. ഇതാരാണെന്ന് അറിയാമോ '' അദ്ദേഹം ചോദിച്ചു. എവിടേയോ കണ്ടതുപോലെ തോന്നുന്നുണ്ട്. ആരാണെന്ന് മനസ്സിലാവുന്നില്ല.

'' ഇതാണ് മീനൂ '' ജോയ് പരിചയപ്പെടുത്തി.

''  ദാസേട്ടൻകാണാൻ ഇതുപോലെയായിരിക്കും എന്ന് വിചാരിച്ചതേയില്ല. പ്രൊഫൈലിൽ ഏതോ ഒരു വയസ്സൻറെ ഫോട്ടോയിട്ട് ഞങ്ങളെ പറ്റിക്കുകയായിരുന്നു അല്ലേ '' മുഖത്തിൻറെ ഇരുപതു ശതമാനത്തോളം കയ്യേറിയ കണ്ണടയ്ക്ക് പുറകിൽ മീനുവിൻറെ കുസൃതി തുളുമ്പുന്ന കണ്ണുകൾ. '' വേഗം ആ ഫോട്ടോ മാറ്റി വേറൊന്ന് ഇട്ടോളൂ. ഇല്ലെങ്കിൽ ഞാനത് മാറ്റും '' മീനു ഭീഷണിപ്പെടുത്തി.

'' വളരെ കുറച്ചുപേരേ ഉണ്ടാവൂ '' ജോയ് പറഞ്ഞു '' കെ.കെ. വന്നുകൊണ്ടിരിക്കുന്നു. കുറച്ച് കഴിയുമ്പോഴെത്തും. ഡാവിഞ്ചി സുരേഷും കുടുംബവും വരും. ഗീത ടീച്ചർ രാവിലെയെത്തും. വരുമെന്ന് പ്രതീക്ഷിച്ച നളിനച്ചേച്ചിക്ക് വരാൻ കഴിയില്ല. സുഖമില്ലാതെ ചികിത്സയിലാണ് ''.

അവരെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്. പലവട്ടം എൻറെ കൺവെട്ടത്തു കൂടി അവർ കടന്നു പോയിട്ടുണ്ട്. എങ്കിലും ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല.ഞങ്ങൾ അവർക്ക് ഫോൺ ചെയ്തു. പരിപാടിയിൽ പങ്കെടുക്കണമെന്ന് അവർക്കും വിശ്വനാഥൻ സാറിനും മോഹമുണ്ട്. പക്ഷെ വരാൻ പറ്റാത്ത സാഹചര്യമാണ്.

അൽപ്പ നേരത്തെ കുശലം പറച്ചിലിന്നുശേഷം ക്ഷേത്രത്തിലേക്ക് പോവാനുള്ള ഒരുക്കമായി. എൻറേയും സുന്ദരിയുടേയുംകൂടെ മീനുവും കുട്ടികളും പോന്നു. മൊബൈൽ ഫോണിൽ ജോയ് ഞങ്ങളുടെ നിരവധി ഫോട്ടോകളെടുത്തു. കിഴക്കെ നടയിലെ തിരക്കിൽ ജോയ് അലിഞ്ഞു ചേർന്നു.

ഉച്ചത്തേതിനേക്കാൾ ആളുകളുണ്ടെങ്കിലും വലിയ തിരക്കില്ല. തൊഴാനുള്ള ക്യൂ  വേഗം നീങ്ങി. '' ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം '' ഞാൻ വിഷ്ണു സഹസ്രനാമം ജപിക്കാൻ തുടങ്ങി. അകത്ത് ചുറ്റുവിളക്ക് തെളിയിക്കുന്ന സമയമാണ്. ഒരു തിരി ഞാനും കത്തിച്ചുവെച്ചു.

ശ്രീകോവിലിന്ന് മുന്നിൽ തൊഴുകയ്യോടെ നിൽക്കുന്ന സമയത്ത് മനസ്സിനകത്ത് ഒരു മിന്നൽ. എഴുതാനിരിക്കുന്ന നോവലുകളുടെ ശൃംഖലയിലേക്ക് ഒരു കഥാതന്തു അതിഥിയായി എത്തി. എല്ലാം കണ്ടിട്ടും കാണാത്ത മട്ടിലിരിക്കുന്ന ദേവൻ ഒരു കഥാപാത്രമാവുകയാണ്. ഇത് ഞാൻ എഴുതും എന്ന് അവിടെവെച്ച് നിശ്ചയിച്ചു.

തിരിച്ച് ലോഡ്ജിലെത്തിയപ്പോൾ കെ.കെ. എത്തിയതായി ജോയ് മീനുവിനെ അറിയിച്ചു. അവരെ തിരഞ്ഞ് മീനുവും കുട്ടികളും ഇറങ്ങി. അൽപ്പനേരം കഴിഞ്ഞ് ഞങ്ങളും. ഭക്ഷണം കഴിച്ച് ഓരോ കുപ്പി സെവൻഅപ്പും മിനറൽ വാട്ടറുമായി ഞാനും സുന്ദരിയും തിരിച്ചെത്തി.

ആറു മണിക്കു മുമ്പ് ഉണർന്നെഴുന്നേറ്റു. രാവിലെ രണ്ടുപേർക്കും ചായ വേണം.

'' ഇതിൽ വാങ്ങിയിട്ടു വരൂ '' സെവൻ അപ്പിൻറെ കുപ്പി സുന്ദരി കഴുകിത്തന്നു. അതുമായി ഞാൻ ഇറങ്ങി.

'' ചില്ലറയുണ്ടോ ''  ചായ ഒഴിക്കുന്നതിന്നു മുമ്പ് പീടികക്കാരൻ ചോദിച്ചു. എൻറെ കയ്യിൽ ചില്ലറയില്ല ''.

'' എന്താ വില '' ഞാൻ അന്വേഷിച്ചു.

'' എട്ടു രൂപ ''.

'' ശരി. അഞ്ചെണ്ണം ഒഴിച്ചോളൂ '' ഞാൻ അമ്പതിൻറെ നോട്ട് നീട്ടി '' രണ്ട് കപ്പും വേണം ''.

'' അതിന്ന് ഒരു രൂപ വേറെ വേണം '' അയാൾ പറഞ്ഞു. അഞ്ചുകപ്പുകളിലാണ് ഞാൻ ചായ വാങ്ങുന്നതെങ്കിലോ എന്നു ഞാൻ ചോദിച്ചില്ല. വാസ്തവത്തിൽ അയാൾക്ക് മൂന്ന് കപ്പുകൾ ലാഭമായിരിക്കുകയാണ്.

'' എൻറെ കയ്യിൽ ഒരു രൂപയില്ല. ലോഡ്ജിൽ ചെന്ന് എടുത്തിട്ടു വരണം '' ഞാൻ പറഞ്ഞു.

'' അത് പറ്റില്ല. ഇങ്ങിനെ പറഞ്ഞു പോവുന്നവർ പണം തരാറില്ല ''.

'' ശരി. ബാക്കി ഒമ്പത് രൂപ നിങ്ങൾ വെച്ചോളൂ. ഞാൻ ഒരു രൂപ തരുമ്പോൾ അത് തന്നാൽ മതി. എനിക്ക് നിങ്ങളെ വിശ്വാസമാണ് '' ഞാൻ പറഞ്ഞു.

'' സാറേ. എങ്ങിനേയാ ആളുകളെ വിശ്വസിക്കുക. ഇതാ ഈ നിൽക്കുന്ന കാറിലേക്കാണ് എന്നും പറഞ്ഞ് ചായ വാങ്ങിയിട്ടു പോയി മുങ്ങുന്നവരാണ് അധികം ആളുകൾ ''. അയാൾ പത്തുരൂപ എനിക്കു നീട്ടി. ഒരു ലിറ്റർ കുപ്പിയുടെ പകുതിയിലേറെ ചായയുണ്ട്. അതുമായി ഞാൻ ലോഡ്ജിലെത്തി.

കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക് പോവുമ്പോൾ കൊടുക്കാനുള്ള ഒരുരൂപ ഞാൻ അയാൾക്ക് കൊടുത്തു. ഒരു ചിരിയോടെ അയാളതു വാങ്ങി മേശയിലിട്ടു.

ദർശനത്തിന്നുള്ള ക്യൂ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്ന് സമീപത്തു നിന്ന് തുടങ്ങി കിഴക്കേ നടപ്പാത അവസാനിക്കുന്നതുവരെ ചെന്ന് വളഞ്ഞശേഷം വീണ്ടും ക്ഷേത്രത്തിന്ന് മുന്നിലേക്ക് നീണ്ടു കിടക്കുന്നു. അതിനു പുറമേയാണ് പല വരികളായി തിരിച്ചഭാഗത്ത് തിങ്ങി നിൽക്കുന്ന ഭക്തന്മാർ.

'' നമുക്ക് ഇതിൽ നിൽക്കണോ. സമയം ഒരുപാടാവും '' ഞാൻ ഭാര്യയോട് പറഞ്ഞു.

'' ഇതുവരെ വന്നിട്ട് തൊഴാതെ എങ്ങിനേയാ '' അവൾക്ക് തൊഴാതെ വയ്യാ.

ക്യൂവിൻറെ അറ്റത്ത് ഞങ്ങൾ ഇടം പിടിച്ചു. വിഷ്ണുസഹസ്രനാമവും ലളിതസഹസ്രനാമവും രുദ്രവും ജപിച്ചുകഴിഞ്ഞിട്ടും ക്യൂ ഏറെയൊന്നും നീങ്ങിയിട്ടില്ല. കാലിനും മുതുകത്തും വേദന തോന്നിത്തുടങ്ങി.

'' ഏതെങ്കിലും പീടികത്തിണ്ണയിൽ ഇരുന്നോളൂ. അവിടെയെത്തുമ്പോൾ ഞാൻ വിളിക്കാം '' എൻറെ പ്രയാസം കണ്ടിട്ട് സുന്ദരി പറഞ്ഞു. ഞാൻ മുന്നോട്ടു ചെന്ന് ഒരു കെട്ടിടത്തിൻറെ മുന്നിലിരുന്നു.

എൻറെ മുന്നിലൂടെ ഇടതടവില്ലാതെ ആളുകൾ നീങ്ങിക്കൊണ്ടിരിക്കുകയാണ്. സമൂഹത്തിലെ പല തട്ടുകളിലുള്ളവരാണവർ. എൻറെ മനസ്സിൽ കഴിഞ്ഞ ദിവസം ചേക്കേറിയ കഥാതന്തു ഉണർന്നു.

ആർത്തലച്ച് കരയ്ക്കണഞ്ഞ് ശാന്തമായി തിരിച്ചുപോവുന്ന തിരമാലകളെ പോലെയാണ് ഈ ക്ഷേത്രനഗരിയിലെത്തുന്ന അധികം ആളുകളും. അവർക്കു വ്യത്യസ്തമായ മുഖങ്ങളാണ്. ചോറൂണ്,കല്യാണം,വഴിപാടുകൾ എന്നിവയ്ക്കായി എത്തുന്നവർ, തീരാദുഃഖങ്ങൾ ഭഗവാനെ ഉണർത്തിക്കാൻ വരുന്നവർ, ചെയ്തു കൂട്ടിയ പാപങ്ങൾക്ക് പരിഹാരം തേടിയെത്തുന്നവർ, പെട്ടിക്കടക്കാരനെപോലും പറ്റിക്കാൻ മടി കാണിക്കാത്തവർ, അങ്ങിനെ വിവിധ മുഖങ്ങൾ. എന്തിനേറെ വളരെ അപൂർവ്വമായിട്ടെങ്കിലും മടുത്തു പോയ ജീവിതത്തിന്ന് തിരശീലയിടാൻ ഇവിടുത്തെ ലോഡ്ജ് മുറികളെ അഭയം പ്രാപിക്കുന്നവരുമുണ്ട്.

വേറേയും ചില മുഖങ്ങളുണ്ട്. ക്ഷേത്രമതിൽക്കെട്ടിനകത്തു നിന്നുയരുന്ന ജ്ഞാനപ്പാനയ്ക്കോ നാരായണീയത്തിനോ ഭക്തിഗാനങ്ങൾക്കോ അവരുടെ ദുരിതങ്ങൾ തുടച്ചു മാറ്റാൻ കഴിയില്ല. അശരണരരും ആലംബഹീനരുമാണവർ. ആർക്കും അവരെ ആവശ്യമില്ല. അവരുടെ ഏക ആശ്രയം ഗുരുവായൂരപ്പനാണ് .

ക്യൂവിൻറെ നീളം കൂടിക്കൊണ്ടിരുന്നു. മുന്നോട്ടുള്ള നീക്കം ഏതാണ്ട് ഇല്ലെന്നു തന്നെ പറയാം. തിരക്കു കാരണം തൊഴാൻ കഴിയാതെ തിരിച്ചുപോവേണ്ടി വരുന്ന ഭക്തൻറെ സങ്കടം ആരും അറിയാതെ പോവുകയാണ്. ചുരുങ്ങിയപക്ഷം അറിയേണ്ടവർ അത് അറിയുകയോ അഥവാ അറിഞ്ഞതായി നടിക്കുകയോ ചെയ്യുന്നില്ല.

'' ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഈ ദ്വാരകവാടത്തിൽ ഞാൻ നിൽപ്പൂ '' അടുത്തുള്ള കടയിൽ നിന്ന് ഗാനം ഉയർന്നു. '' കാറൊളി പൂമുഖം കാണാൻ കൊതിച്ചെത്തും എൻവിളി അങ്ങെന്തേ കേട്ടിരിപ്പൂ '' എന്ന് ഭഗവാനോട് ദ്വാരപാലന്മാർ അടച്ചിട്ട ഗോപുര ദ്വാരത്തിൽ നിന്ന് ഭക്തൻ സങ്കടം ഉണർത്തിക്കുകയാണ്. മനസ്സിൽ കൊള്ളുന്ന മട്ടിലാണ് ഗാനഗന്ധർവ്വൻ ആ വരികൾ ആലപിച്ചിട്ടുള്ളത്. ഒരുപക്ഷെ അത് അദ്ദേഹത്തിൻറെ തന്നെ വിലാപമായിരിക്കാം.

ഞാൻ ഗോപുര വാതിൽക്കലേക്ക് നോക്കി. അവർണ്ണരായ ഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനം ലഭിച്ചിട്ട് ഏതാനും ദശാബ്ദങ്ങളേ ആയിട്ടുള്ളു. അതിനായി ക്ഷേത്രത്തിൻറെ മുന്നിൽ സമരം ചെയ്തവരെ മൃഗീയമായി മർദ്ദിച്ച ചരിത്രമുണ്ട്. പിന്നീട് ആവശ്യം അംഗീകരിച്ച് പ്രവേശനം നൽകി. അതുകൊണ്ട് ഭഗവാന് എന്തെങ്കിലും അനിഷ്ടമുണ്ടായതായി കേട്ടിട്ടില്ല. പിന്നെന്താ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണം. ഭഗവാനുപോലും അത് അറിയില്ല.

ഞാൻ എഴുന്നേറ്റ് സുന്ദരിയുടെ അടുത്തുചെന്നു. ഇപ്പോഴൊന്നും തൊഴാനാവില്ലെന്ന് അവൾക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

'' നമുക്ക് വടക്കുഭാഗത്തു കൂടി അകത്തുചെന്ന് കൊടിമരത്തിൻറെ മുന്നിൽ നിന്ന് തൊഴുകാം '' ഭാര്യ പറഞ്ഞു. ഞങ്ങൾ അകത്തു ചെന്നു. തെക്കുഭാഗത്തു കൂടി സീനിയർ സിറ്റിസൺസിനെ കടത്തി വിടുന്നുണ്ട്. ഞങ്ങളും ആ വഴിയിലൂടെ ചെന്ന് ദർശനം നടത്തി.

ഭക്ഷണംകഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ജോയിയും മീനുവും കുട്ടികളുമൊത്ത് പരിചയമില്ലാത്ത ഒരാൾകൂടി ലോഡ്ജിന്ന് വെളിയിൽ നിൽപ്പുണ്ട്.

'' ഇതാണ് നമ്മുടെ കെ.കെ '' ജോയ് പരിചയപ്പെടുത്തി.

ജോയിയുടേതുപോലെ അദ്ദേഹത്തിൻറെ മുഖത്തും താടിയുണ്ട്. ഭക്ഷണം കഴിക്കാനിറങ്ങിയ അവർ ഏറെ വൈകാതെ തിരിച്ചെത്തി.

'' ഗീതടീച്ചർ വരില്ല എന്നറിയിച്ചു. സുരേഷും കുടുംബവും ഇപ്പോഴെത്തും. എന്നിട്ട് നമുക്ക് ആനകളെ കാണാൻ പോവാം '' ജോയ് പരിപാടി അവതരിപ്പിച്ചു '' അതു കഴിഞ്ഞശേഷം ചാവക്കാട് ബീച്ചിലേക്ക് ''.

ഡാവിഞ്ചിസുരേഷിൻറെ ശിൽപ്പങ്ങളെക്കുറിച്ച് വായിച്ചറിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിനെ നേരിൽ കാണാനുള്ള അവസരം ലഭിച്ചതിൽ എനിക്ക് സന്തോഷം തോന്നി.

അധികം വൈകാതെ അവരെത്തി. ഒരു പരിചയപ്പെടുത്തൽ കൂടി. സുരേഷ് ശിൽപ്പങ്ങളുടെ കുറെ ഫോട്ടോകൾ ഞങ്ങൾക്ക് കാണിച്ചു തന്നു. അദ്ദേഹത്തിൻറെ ശിൽപ്പങ്ങൾ പാലക്കാട് പ്രദർശിപ്പിച്ചിട്ടുള്ളപ്പോൾ ഞാൻ കണ്ടിട്ടുണ്ട്. ചെണ്ട കൊട്ടുന്ന ഭീമാകാരമായ കിങ്ങ്കോങ്ങും തുമ്പിക്കയ്യും വാലും തലയും ഇളക്കുന്ന ആനയും അദ്ദേഹത്തിൻറെ കരവിരുതിൻറെ ഉത്തമ ഉദാഹരണങ്ങളാണ്. സുരേഷിൻറെ കാറിലാണ് ഞാനും സുന്ദരിയും ആനകളെ കാണാൻ പോയത്.

ആനകളെ കണ്ടിട്ട് കൊതി തീർന്നില്ല. സുരേഷിനെപ്പോലെ ശിൽപ്പങ്ങൾ ഉണ്ടാക്കാനുള്ള കഴിവ് എനിക്കു കിട്ടിയാൽ ഞാൻ ഒരേയൊരു ശിൽപ്പമേ ഉണ്ടാക്കൂ. അത് ആനയുടേതാവും.

വെയിലിന്ന് ചൂട് കൂടി തുടങ്ങി. ഏതെങ്കിലും തണലിൽ ഇരുന്നേ പറ്റു. മറ്റാർക്കോവേണ്ടി സജ്ജീകരിച്ച ഗുരുവായൂർ ലൈബ്രറി ഹാൾ ഞങ്ങൾക്ക് സ്വാഗതം അരുളി. ഞങ്ങൾ കുറെ നേരം അവിടെ ചിലവഴിച്ചു.

 '' നമുക്ക് കവിത ചൊല്ലിയാലോ '' സുരേഷ് ചോദിച്ചു '' ജോയിയെക്കുറിച്ചു തന്നെ ആവട്ടേ ''.
സുരേഷ് കവിത ചൊല്ലി. ചിത്രമെഴുത്തും ശിൽപ്പനിർമ്മാണവും മാത്രമല്ല കവിതയെഴുത്തും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. എനിക്ക് കവിത ചൊല്ലാൻ ആവില്ല. മനസ്സിൽ ഞാനൊരു കഥ കുറിച്ചിട്ടു.

'' ഞാൻ ജോയ് ഗുരുവായൂർ. സദാ ആഹ്ലാദചിത്തനായതുകൊണ്ടാവാം എനിക്ക് ഈ പേരു കിട്ടിയത്. ഗുരുവായൂർ എനിക്ക് സ്വദേശം മാത്രമല്ല ഒരു വീക്ക്നെസ്സ് കൂടിയാണ്. എൻറെ ബാല്യകൗമാരങ്ങൾ കടന്നുപോയത് ഇവിടെവെച്ചാണ്. ക്ഷേത്രപരിസരം ഇന്നത്തെ മട്ടിൽ ആവുന്നതിന്നുമുമ്പ് ഇടുങ്ങിയ തെരുവുകളും അവയ്ക്കരികെ പഴഞ്ചൻ കെട്ടിടങ്ങളുമായിരുന്നു. ആ കെട്ടിടങ്ങളുടെ പുറകിലുള്ള സ്ഥലങ്ങളിൽ പന്തു തട്ടിക്കളിച്ചാണ് ഞാൻ വളർന്നത്....''.

ഞാൻ കഥ പറഞ്ഞില്ല. നേരം വൈകുന്നു. മൂന്ന് ഇരുപതിന്ന് മംഗലാപുരം- കൊയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ പട്ടാമ്പി റെയിൽ‌വേ സ്റ്റേഷനിലെത്തും. അതു കിട്ടിയാൽ വീടിന്നടുത്തുള്ള സ്റ്റേഷനിൽ ഇറങ്ങാം. ഞാൻ ജോയിയെ വിവരം അറിയിച്ചു.

ജോയിയുടെ വീട്ടിലെത്തി കുടുംബാഗങ്ങളെ പരിചയപ്പെട്ടു. ജോയിയുടെ ജ്യേഷ്ഠൻ മറ്റൊരു ജോയി തന്നെ. അത്രയ്ക്ക് രൂപസാദൃശ്യം. ഭക്ഷണം കഴിഞ്ഞശേഷം അദ്ദേഹം ഞങ്ങളെ ലോഡ്ജിലെത്തിച്ചു. റൂം ഒഴിഞ്ഞുകൊടുത്ത് ബസ്സ് സ്റ്റാൻഡിലേക്ക്. ഞങ്ങൾ പട്ടാമ്പിയിൽ എത്തുമ്പോൾ മണി മൂന്നര കഴിഞ്ഞു. ട്രെയിൻ പോയി കാണും. എങ്കിലും ഒരു പരീക്ഷണം എന്ന നിലയിൽ സ്റ്റേഷനിൽ ചെന്നു.

'' വണ്ടി ലേറ്റാണ് '' ടിക്കറ്റ് തരുന്ന ആൾ പറഞ്ഞു. എനിക്ക് സമാധാനമായി. നാലുമണിക്ക് ശേഷമാണ് വണ്ടി എത്തിയത്. ട്രെയിനായാൽ ഇങ്ങിനെ വേണം. ഒരിക്കലും സമയത്ത് എത്തരുത്. എങ്കിലേ എന്നെപ്പോലെ വൈകിയെത്തുന്നവർക്ക് യാത്ര ചെയ്യാനാവൂ.

പറളിയിൽ ട്രെയിൻ ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ ഞാൻ ജോയിയെ വിളിച്ചു.

'' ദാസേട്ടൻ ബുദ്ധിമുട്ടാതെ എത്തിയല്ലോ '' അദ്ദേഹം അന്വേഷിച്ചു '' ഞങ്ങൾ ബീച്ചിലേക്ക് പോയില്ല. സുരേഷ് എല്ലാവരുടേയും ചിത്രം വരക്കുന്ന തിരക്കിലായിരുന്നു ''.

ഏറെ കാലമായി കാണാൻ കൊതിച്ച ചിലരെ കാണാൻ കഴിഞ്ഞ സന്തോഷത്തിൽ ഞാൻ വീട്ടിലേക്ക് നടന്നു.