Friday, February 18, 2011

കാളന്‍റെ തോളില്‍.

എന്‍റെ കുട്ടിക്കാലത്ത് വീട്ടിലെ പണിക്കാരായിരുന്നു കാളനും അയാളുടെ ഭാര്യ വെള്ളച്ചിയും.‍ അവര്‍ക്ക് മക്കള്‍ ഉണ്ടായിരുന്നില്ല. പണി കഴിഞ്ഞ് അവര്‍ കൂലി വാങ്ങാന്‍ വരുമ്പോള്‍ മിക്കവാറും ഞാന്‍ ഉമ്മറത്ത് ഉണ്ടാവും.

' എന്താ തമ്പ്‌രാന്‍കുട്ട്യേ. ഇന്ന് കളി ഒന്നും ഇല്ലേ ' കാളന്‍ ചോദിക്കും.

അയാളുടെ കുറ്റി തലമുടിയും, ഒറ്റക്കണ്ണും, വെറ്റില മുറുക്കി ചുവപ്പിച്ച ചുണ്ടും ഒക്കെ കൂടി അല്‍പ്പം ഇഷ്ടക്കേട് തോന്നിച്ചിരുന്നുവെങ്കിലും, സ്നേഹത്തോടെയുള്ള വിശേഷം ചോദിക്കലും ചിരിയും കാരണം എനിക്ക് അയാളെ വെറുക്കാനായില്ല.

വീട്ടിലെ തൊടിയില്‍ അയാള്‍ കിളക്കാന്‍ വന്നാല്‍ ഞാന്‍ അയാളെ നോക്കിയിരിക്കും. തീവണ്ടിയെഞ്ചിനില്‍ നിന്ന് വരുന്നത് പോലൊരു ശബ്ദം പുറപ്പെടുവിച്ച് അയാള്‍ ഊക്കോടെ മണ്ണില്‍ ആഞ്ഞാഞ്ഞ് വെട്ടും. ഇടയ്ക്കിടെ ഉള്ളം കയ്യില്‍ തുപ്പി രണ്ട് കൈ കൊണ്ടും തുടയ്ക്കും. കൈക്കോട്ട് തായ പിടിച്ച് കൈ പൊള്ളയ്ക്കാതിരിക്കാനാണ് കയ്യില്‍ തുപ്പാറുള്ളത്.

കൊയ്ത്ത് കഴിഞ്ഞാല്‍ നെല്ല് അളക്കുന്നത് കാളനാണ്. പൊലി കൂട്ടിയതിന്‍റെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് കിഴക്കോട്ട് നോക്കി കാളന്‍ പതമ്പ് അളക്കും. തൊട്ടടുത്തു വെച്ച വട്ടിയില്‍ നെല്ല് നിറയുന്നതോടെ പെണ്ണുങ്ങള്‍ അത് അകത്തെത്തിക്കും. കാളന്‍ പൊലി അളക്കുന്നത് ഞാന്‍ കൌതുകത്തോടെ നോക്കി നില്‍ക്കും. ഒന്നേ, രണ്ടേ, മൂന്നേ എന്ന് തുടങ്ങി ഒമ്പത് കഴിഞ്ഞാല്‍ അരിയാപൊലി എന്ന് പറയും. അടുത്തതായി അളക്കുന്നത് വേറൊരു ഭാഗത്തേക്ക് മാറ്റിയിടും.

" എന്തിനാ അത് വേറെ ഇടുന്നത് " ഒരു ദിവസം ഞാന്‍ ചോദിച്ചു.

" അത് പണിക്കാര്‍ക്കുള്ള കൂലിയാണ്. പത്തെണ്ണം നമുക്ക് എടുത്താല്‍ ഒന്ന് അവര്‍ക്കാണ് " മുത്തശ്ശി പറഞ്ഞു തന്നു.

" അപ്പൊ അവര്‍ക്ക് കുറച്ചല്ലേ കിട്ടൂ. അവര് തോനെ ആളില്ലേ ".

പണിക്കാര്‍ എന്നെ നോക്കി ചിരിച്ചു.

" കുട്ടിയാണെങ്കിലും നല്ല ബുദ്ധീണ്ട്. നമ്മടെ കഷ്ടം അതിന് മനസ്സിലായി ' ഒരു പണിക്കാരി പറഞ്ഞു.

" നീ വലുതായി കൃഷി നടത്തുമ്പൊ മനസ്സിലാവും " മുത്തശ്ശി പറഞ്ഞു " ഒരു കൊല്ലംകൊണ്ട് കൊട്ടീം കോലുംവെയ്ക്കും . അതാ ഉണ്ടാവ്വാ ".

കാളന്‍ വെറ്റില മുറുക്കുന്നത് ഞാന്‍ കൌതുകത്തോടെ നോക്കിയിരിക്കും. തുണികൊണ്ടുള്ള സഞ്ചി മടിക്കുത്തില്‍ നിന്ന് എടുത്ത് അത് കെട്ടിയ ചരട് അഴിക്കും. ഒരു വെറ്റിലയെടുത്ത് പകുതി കീറും. വേറൊരു വെറ്റിലയില്‍ പൊതിഞ്ഞു വെച്ച ചുണ്ണാമ്പ് വിരല്‍കൊണ്ട് തോണ്ടി വെറ്റില കീറില്‍ തേക്കും. ഒരു കഷ്ണം അടയ്ക്കയെടുത്ത് അതില്‍ നിന്ന് ചെറിയൊറു ഭാഗം കടിച്ചെടുക്കും. അതും വെറ്റിലക്കീറും വായിലിട്ട് ചവയ്ക്കും. കുറച്ചു കഴിഞ്ഞാല്‍ ചുവന്ന വെള്ളം വാഴ്ച്ചോട്ടിലേക്ക് തുപ്പും.

'' എന്തിനാ വെറ്റില പകുതി കീറുന്നത്. തിരുവാതിര ദിവസം വെറ്റില മുറുക്കുമ്പോള്‍ അമ്മ മൂന്ന് നാലെണ്ണം ഒന്നിച്ച് തിന്ന്വോലോ " ഒരു ദിവസം ഞാന്‍ അയാളോട് ചോദിച്ചു.

'' അതിന്ന് തോനെ കാശ് വേണ്ടേ. എന്‍റേല് അത്രയ്ക്ക് കാശില്ല ' കാളന്‍ ചിരിച്ചു.

കാളന്‍ ബീഡി വലിക്കാറുണ്ട്. അടുപ്പില്‍ നിന്ന് തീക്കൊള്ളി പണിക്കാരി സ്തീകള്‍ കൊടുക്കും. അതില്‍ മുട്ടിച്ചാണ് കാളന്‍ ബീഡിക്ക് തീ കൊടുക്കുക. പകുതി വലിച്ച ശേഷം ബീഡിക്കുറ്റി അയാള്‍ ചെവിയില്‍ വെക്കും.

അമ്മയുടെ അമ്മാമനെ ഞാന്‍ വലിമ്മാമ എന്നാണ് വിളിച്ചിരുന്നത്. അദ്ദേഹം വീട്ടില്‍ നിന്ന് രണ്ടു നാഴിക അകലെ ഭാര്യ വീട്ടിലായിരുന്നു താമസം. ഇടക്ക് വീട്ടില്‍ വരുമ്പോള്‍ വലിമ്മാമ മുത്തശ്ശിയെ വിളിക്കും. സംസാരിക്കും. അത്തരത്തിലൊരു അവസരത്തില്‍ അദ്ദേഹം മുത്തശ്ശിയോട് ' അമ്മൂ. വെള്ളിയാഴ്ച വൈകുന്നേരം അവനെ അങ്ങോട്ടയയ്ക്കൂ. ശനിയും ഞായറും സ്കൂളില്ലല്ലോ ' എന്നു പറഞ്ഞു.

' അവന് പഠിക്കാനും എഴുതാനും ഉണ്ടാവില്ലേ അപ്പൂഞ്ഞാ ' എന്ന് മുത്തശ്ശി ചോദിച്ചു. എന്നെ പറഞ്ഞയക്കാന്‍ മുത്തശ്ശിക്ക് മടിയാണ്.

' ഡോക്ടര്‍ ഭാഗം പഠിക്ക്വോന്നും അല്ലല്ലോ. സ്കൂളില്‍ പോവാന്‍ തുടങ്ങീട്ടല്ലേയുള്ളു. വയസ്സ് തികയാത്തതോണ്ട് പേര് ചേര്‍ത്തിട്ടും ഇല്ല ' വലിമ്മാമ പറഞ്ഞു.

' ശനിയാഴ്ച വെളിച്ചാമ്പൊ കാളനെ വരാന്‍ പറയാം ' മുത്തശ്ശി പറഞ്ഞു ' കുട്ടിയെ അവിടെ എത്തിച്ച് അവന്‍ ഇങ്ങോട്ട് പോന്നോട്ടെ. ഞായറാഴ്ച വൈകുന്നേരം കൂട്ടിക്കൊണ്ടു വരാന്‍ അവനെ അയക്കും ചെയ്യാം '.

ശനിയാഴ്ച കാലത്തുതന്നെ കാളനെത്തി. അപ്പോഴേക്കും അമ്മ എന്നെ കുളിപ്പിച്ച് ഒരുക്കി. വലിയ വരമ്പ് കടക്കുന്നതു വരെ ഞാന്‍ കാളന്‍റെ കയ്യില്‍ പിടിച്ച് നടന്നു.

" നടന്നാല്‍ തമ്പ്‌രാന്‍ കുട്ടിക്ക് കാല് വേദനിക്ക്വോ " കാളന്‍ ചോദിച്ചു.

" ഞാന്‍ സ്കൂളിലേക്ക് നടന്നല്ലേ പോവാറ് " ഞാന്‍ പറഞ്ഞു.

" ദൂരം നല്ലോണംണ്ട്. ഞാന്‍ എടുക്കാം ".

ഇത്ര വലുതായിട്ട് എടുക്ക്വേ. ആരെങ്കിലും കണ്ടാല്‍ എന്താ തോന്ന്വാ. ഞാന്‍ നടന്നോളാമെന്ന് പറഞ്ഞു. റെയില്‍ പാളത്തിന്നരികിലൂടെ കുറച്ച് ദൂരം നടക്കുമ്പോഴേക്കും എനിക്ക് കാല് വേദനിക്കാന്‍ തുടങ്ങി. ഞാന്‍ നിന്നു.

" കാല് വേദനിക്കുന്നുണ്ടോ " കാളന്‍ ചോദിച്ചു. ഞാന്‍ തലയാട്ടി.

" അതല്ലേ ഞാന്‍ എടുക്കാന്ന് പറഞ്ഞത് ". കാളന്‍ എന്നെ പൊക്കി എന്‍റെ കാലുകള്‍ ഓരോന്നും അയാളുടെ കഴുത്തിന്‍റെ ഇരു വശങ്ങളിലും വരത്തക്ക വിധം ഇരുത്തി. കാളന്‍റെ തലയില്‍ പിടിച്ച് ഞാന്‍ ഇരുന്നു.

കാളന്‍ മെല്ലെ നടന്നു തുടങ്ങി. ഞാന്‍ കുതിര സവാരിക്കാരനെ പോലെ ഗമയില്‍ ഇരിക്കുകയാണ്. ഇത്തിരി കൂടി വേഗം ഉണ്ടെങ്കില്‍ നല്ല രസം ഉണ്ടാവും.

" കുറ്ച്ച് ദൂരം ഓട്വോ " ഞാന്‍ ചോദിച്ചു.

" വീണാലോ ".

" വീഴില്ല. ഞാന്‍ പിടിച്ച് ഇരിക്കാം ".

കാളന്‍ റെയിലോരത്ത് കൂടി കുറച്ചു ദൂരം ഓടി. ഞാന്‍ സന്തോഷം കൊണ്ട് ഉറക്കെ ചിരിച്ചു. എന്നെ വലിമ്മാമയെ ഏല്‍പ്പിച്ച് ആഹാരവും കഴിഞ്ഞ് കാളന്‍ പോയി. പിറ്റേന്ന് വൈകുന്നേരം എന്നെ തിരിച്ചു കൊണ്ടു പോവാന്‍ അയാള്‍ എത്തി.

പുറപ്പെടുമ്പോള്‍ വലിമ്മാമ എന്‍റെ കയ്യില്‍ ഒരു കാലുറുപ്പിക തുട്ട് ( ഇപ്പോഴത്തെ ഇരുപത്തഞ്ച് പൈസ ) തന്നു.

" മുട്ടായി വാങ്ങി തിന്നോ. നല്ലോണം പഠിക്കണം " അദ്ദേഹം തോളില്‍ കൈ വെച്ചു.

ഞങ്ങള്‍ തിരിച്ച് പോന്നത് റോഡിലൂടെയായിരുന്നു.

വഴിയോരത്തെ ഒരു പീടികയുടെ മുമ്പിലെത്ത്യപ്പോള്‍ കാളന്‍ എന്നെ താഴെയിറക്കി. എന്നിട്ട് എന്‍റെ കയ്യും പിടിച്ച് പീടികയിലേക്ക് നടന്നു. വെറ്റില സഞ്ചിയില്‍ നിന്ന് അരയണയെടുത്ത് ( മൂന്ന് പൈസക്ക് തുല്യം ) രണ്ട് മുട്ടായിയും ബാക്കിക്ക് ബീഡിയും വാങ്ങി.

" എന്‍റേല് പൈസ ഉണ്ട് " ഞാന്‍ കാലുറുപ്പിക തുട്ട് നീട്ടി.

" തമ്പ്‌രാന്‍കുട്ടി അത് കയ്യില്‍ വെച്ചോളു. ഉസ്കൂളില്‍ പോകുമ്പൊ മുട്ടായി വാങ്ങണ്ടേ " അയാള്‍ ആ പൈസ വാങ്ങിയില്ല.

പാതയോരത്തെ മാവിന്‍ചുവട്ടില്‍ കാളന്‍ ഇരുന്നു. ഞാന്‍ പൊഴിഞ്ഞു വീണ ഉണ്ണിമാങ്ങകള്‍ പെറുക്കുമ്പോള്‍ അയാള്‍ ബീഡിക്ക് തീ കൊളുത്തി. ഞാന്‍ അയാളുടെ അരികിലേക്ക് ചെന്നു.

" മൂക്കില്‍ കൂടി പുക വിട്ടാല്‍ മതി " ഞാന്‍ പറഞ്ഞു " അതാ കാണാന്‍ രസം ".

മൂക്കിലൂടെ കാളന്‍ പുക വിടുന്നതും നോക്കി ഞാന്‍ നിന്നു.

" കാളന് മക്കളും കുട്ട്യേളും ഇല്ല " അയാള്‍ പറഞ്ഞു " തമ്പ്‌രാന്‍കുട്ടി വലുതാവുമ്പൊ കാളന് മുറുക്കാന്‍ വാങ്ങി തര്വോ ".

" മുത്തശ്ശി പറഞ്ഞു തന്ന കഥയിലെ രാജാവിന്ന് ഉള്ളത് പോലെ ഒരു സ്വര്‍ണ ചെല്ലൂം അത് നിറച്ച് വെറ്റിലേം കളിയടക്കീം സ്വര്‍ണ്ണത്തിന്‍റെ ചുണ്ണാമ്പ് കരണ്ടകൂം ഞാന്‍ വാങ്ങി തരട്ടോ " ഞാന്‍ ഉറപ്പ് നല്‍കി.

ആ നിമിഷം കാളന്‍ എന്നെ ചേര്‍ത്തു പിടിച്ചു. എന്‍റെ കവിളില്‍ അയാളുടെ ചുണ്ടുകള്‍ ചേര്‍ന്നു. കാളന്‍റെ ഒറ്റ കണ്ണ് നിറഞ്ഞത് എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല.