Wednesday, October 28, 2015

അമ്മേ, മഹാമായേ.

കറുത്തപുക തുപ്പിക്കൊണ്ട് തീവണ്ടി ഓടിമറഞ്ഞെങ്കിലും കല്‍ക്കരിപ്പൊടി അപ്പോഴും വീണുകൊണ്ടിരുന്നു. അത് കണ്ണില്‍പ്പെടാതിരിക്കാനായി  ഞാന്‍ തലതാഴ്ത്തി നില്‍ക്കുകയാണ്.

ഒഴിവുദിവസങ്ങളില്‍ തീവണ്ടി കാണാന്‍ റെയില്‍വേ ഗെയിറ്റിനടുത്തേക്ക് ഓടിചെല്ലുക പതിവായിരുന്നു. എന്‍റെ വീടിന്‍റെ മുന്‍വശത്തെ വരാന്തയില്‍ ഇരുന്നാല്‍ തീവണ്ടി പോവുന്നത് നന്നായി കാണാം. പക്ഷെ  അതിനുള്ളില്‍ ഇരിക്കുന്നവരെ വ്യക്തമായി കാണാനാവില്ല. 


ആ കാലത്ത് വീടിന്നു മുന്നിലുള്ള റോഡില്‍ ഗതാഗതം കുറവായിരുന്നു. പേരിന്ന് ഒരു ബസ്സ് പോലും ഉണ്ടായിരുന്നില്ല. വല്ലപ്പോഴും ഒരു കാറോ ലോറിയോ അതിലെ കടന്നുപോയാലായി. കാളവണ്ടി, സൈക്കിള്‍ എന്നീ  വാഹനങ്ങളാണ് എന്നും കാണാറുള്ളത്. അതും വളരെക്കുറച്ചു മാത്രം. അപകടഭീഷണി ഒട്ടുമില്ലാത്തതുകൊണ്ട് വീട്ടുകാര്‍ വണ്ടി കാണാനുള്ള എന്‍റെ ഓട്ടം തടയാറില്ല.


പെട്ടെന്ന് ആരോ എന്‍റെ കവിളില്‍ തലോടുന്നതുപോലെ എനിക്കു തോന്നി. ഞാന്‍ തലയുയര്‍ത്തി നോക്കി. മുമ്പില്‍ ഒട്ടും പരിചയമില്ലാത്ത ഒരു സ്ത്രീ.


'' കുട്ടാ '' അവരെന്‍റെ കീഴ്ത്താടിയില്‍ പിടിച്ചു ചെറുതായൊന്നു കുലുക്കി ആ വിരലുകളില്‍ ചുംബിച്ചുകൊണ്ട് ചോദിച്ചു '' എന്താ ഇവിടെ ഒറ്റയ്ക്ക് നില്‍ക്കുന്ന് ''.


'' വണ്ടി കാണാന്‍ വന്നതാ '' ഞാന്‍ മറുപടി നല്‍കി.


'' കുട്ടന്‍റെ വീട് എവിട്യാ ''.


ഞാന്‍ വീടിന്നു നേരെ വിരല്‍ ചൂണ്ടി.


'' അപ്പോള്‍ തമ്പുരാന്‍കുട്ടിയാണല്ലേ ''.


അതെന്താണെന്ന് എനിക്കു മനസ്സിലായില്ല. ഞാന്‍ മിണ്ടാതെ നിന്നു.


'' എന്താ കുപ്പായം ഇടാത്തത് ''.


'' എനിക്ക് അയക്കോലിന്ന് എടുക്കാനെത്തില്ല ''.


'' അമ്മടെ അടുത്തു പറഞ്ഞ് എടുക്കണം. കുപ്പായം ഇട്ടില്ലെങ്കില്‍ കുട്ടന്‍ എന്നെപ്പോലെ കറുക്കും ''.


അപ്പോഴാണ് ഞാനവരെ നല്ലതുപോലെ ശ്രദ്ധിച്ചത്. ഏതോ വീട്ടില്‍ കണ്ട ദേവിയുടെ ചിത്രത്തിലുള്ളതുപോലെ മനോഹരമായ മുഖം. സമൃദ്ധമായ കറുത്തു ചുരുണ്ട മുടി കുളികഴിഞ്ഞ് ചീകി ഒതുക്കി പിന്നില്‍ തുമ്പുകെട്ടി ഇട്ടിട്ടുണ്ട്. നെറ്റിയില്‍ ഭസ്മക്കുറി. ചിരിക്കുമ്പോള്‍ കാണുന്ന നിരയൊത്ത പല്ലുകളെ മുറുക്കി ചുവപ്പിച്ച ചുണ്ടുകള്‍ മറയ്ക്കുന്നുണ്ട്. അലക്കി വെളുപ്പിച്ച മുണ്ടാണ് അവര്‍ ഉടുത്തിരിക്കുന്നത്. വേറൊരു മുണ്ടുകൊണ്ട് ദേഹം മറച്ചിരുന്നു. ജാക്കറ്റ് ഇട്ടിട്ടില്ല. കറുത്ത എണ്ണമയമുള്ള ദേഹത്തു തട്ടി സൂര്യവെളിച്ചം ചിതറി തെറിക്കുന്നു. 


'' ഇവിടെ ഇങ്ങിനെ ഒറ്റയ്ക്ക് വന്ന് നില്‍ക്കരുത്. ആരെങ്കിലും പിടിച്ചിട്ടു പോയാലോ ? '' അവര്‍ വാത്സല്യപൂര്‍വ്വം എന്‍റെ ശിരസ്സില്‍ തലോടിയിട്ട് നടന്നുപോയി.


'' മുത്തശ്ശീ, ഇന്നൊരു കാര്യം ഉണ്ടായി '' അന്നു രാത്രി മുത്തശ്ശിയെ കെട്ടി പിടിച്ച് കിടക്കുമ്പോള്‍ ഞാന്‍ പറഞ്ഞു '' വണ്ടി കാണാന്‍ പോയപ്പോള്‍ ഒരു സ്ത്രീ എന്‍റെ കവിളില്‍ തൊട്ടു ''.


'' ആരാ ആള് ''.


'' അതെനിക്കറിയില്ല. പക്ഷെ നല്ല ഭംഗീണ്ട്. കണ്ടാല്‍ ഭഗവതിയെപ്പോലെ തോന്നും ''.


'' എന്താ അവളുടെ വേഷം. കാണാനെങ്ങിനെയുണ്ട് ''.


'' നല്ലോണം കറുത്തിട്ടാണ്. ചുരുണ്ട മുടിയുണ്ട്. നെറ്റീല് ഭസ്മം തൊട്ടിട്ടുണ്ട്. വെറ്റില മുറുക്കി ചുണ്ടൊക്കെ ചൊകചൊകാനാക്കീട്ടുണ്ട്. വെളുത്ത മുണ്ട് ചുറ്റീട്ടുണ്ട്. മേത്ത് വേറൊരുമുണ്ട് ഇട്ടിട്ടുണ്ട്. ബ്ലൌസ്സ് ഇട്ടിട്ടില്ല '' സാമാന്യം നല്ലൊരു വിവരണം ഞാന്‍ നല്‍കി.


'' ഇങ്ങിനെ പറഞ്ഞാല്‍ എനിക്കെങ്ങിനേയാ ആളെ മനസ്സിലാവ്വാ ''.


'' അതേയ് മുത്തശ്ശി. ലോകത്തിലേക്ക് ഏറ്റവും ചന്തൂള്ള ആളാ അവര് ''.


'' അമ്മേ, മഹാമായേ. കലികാലവൈഭവം എന്നല്ലാതെ എന്താ പറയേണ്ടത്. ചെക്കന്‍റെ ഒരുജാതി കൂട്ടം കേട്ടില്ലേ '' മുത്തശ്ശി ഉറക്കെ ആത്മഗതം ചെയ്തു. എന്നിട്ട് എന്നോടായി ഇങ്ങിനെ പറഞ്ഞു 


'' മുട്ടേന്ന് വിരിഞ്ഞ് ഇറങ്ങീട്ടില്ല. അപ്പോഴേക്കും പെണ്ണുങ്ങളുടെ ചന്തം നോക്കാന്‍ തുടങ്ങി. ഇനി ഇമ്മാതിരി വര്‍ത്തമാനം പറഞ്ഞാല്‍ അടിച്ച് നിന്‍റെ തോല് ഞാനെടുക്കും ''.


ആ ഭാവമാറ്റം ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. മുത്തശ്ശിയോടു പിണങ്ങി ഞാന്‍ ചുമരോരത്തേക്ക് തിരിഞ്ഞു കിടന്നു.