Thursday, December 11, 2008

യേശുവിന്‍റെ കണ്ണുകള്‍.

1994 ഏപ്രില്‍ മാസം 12. വിഷുവിന്‍റെ തലേതലേന്നാള്‍. ഞാന്‍ ഓഫീസിലാണ്. വൈകീട്ട് നാലു മണി കഴിഞ്ഞു. ശകലം നേരത്തെ വീട്ടിലെത്തി കുട്ടികളേയും കൂട്ടി വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കാമെന്ന് രാവിലെ ഏറ്റിരുന്നതാണ്. ഉച്ചക്കുതന്നെ പടക്കങ്ങള്‍ വാങ്ങി വെച്ചിരുന്നു. തലേന്ന് വാങ്ങിച്ചതിന്ന് പുറമേയാണ്, അന്നേ ദിവസം വാങ്ങിയത്. കുട്ടികള്‍ക്ക് പടക്കം എത്ര കിട്ടിയാലും മതി വരില്ല. അപേക്ഷ എഴുതി കൊടുത്ത് നേരത്തെ പോകാന്‍ സമ്മതം വാങ്ങി ബാഗ് എടുത്ത് ഇറങ്ങി.

ടൌണ്‍ ബസ്സ് സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ പട്ടാമ്പിയിലേക്കുള്ള ഒരു ബസ്സ് നീങ്ങി തുടങ്ങിയിരുന്നു. അടുത്ത ബസ്സ് മയില്‍ വാഹനം ആണ്. അതിലെ ഡ്രൈവര്‍ പുറപ്പെട്ട ബസ്സിന്‍റെ ഡ്രൈവറോട് സമയത്തെ ചൊല്ലി തര്‍ക്കിക്കുന്നു. എനിക്ക് ആകപ്പാടെ ഒരു ലക്ഷണപ്പിഴ തോന്നി. ഞാന്‍ നീങ്ങി തുടങ്ങിയ ബസ്സില്‍ കയറാതെ മയില്‍വാഹനത്തില്‍ കയറി പിന്നിലെ സീറ്റിന്നു തൊട്ട് മുമ്പിലുള്ള സീറ്റില്‍ ഇരുന്നു. ഇറങ്ങാനുള്ള സൌകര്യം നോക്കിയാണ്, ആ സ്ഥലത്ത് ഇരിക്കാറുള്ളത്. ഡ്രൈവറുടെ സീറ്റിന്ന് പുറകിലുള്ള കണ്ണാടിയില്‍ ഒട്ടിച്ച പടം പെട്ടെന്ന് എന്‍റെ ദൃഷ്ടിയിലെത്തി. യേശു ക്രിസ്തുവിന്‍റെ മനോഹരമായ ഒരു ഫോട്ടൊ. അതിലെ കണ്ണുകള്‍ വെട്ടി മാറ്റി വികലമാക്കിയിരിക്കുന്നു. ആ പ്രവര്‍ത്തി ചെയ്തവരോട് എനിക്ക് അനല്‍പ്പമായ ദേഷ്യം തോന്നി.

അല്‍പ്പം കഴിഞ്ഞ് ബസ്സ് പുറപ്പെട്ടതും ഞാന്‍ വലിയണ്ണന്‍ എന്നു വിളിക്കുന്ന കനകപ്പന്‍ തൊട്ടു മുന്നിലെ സീറ്റില്‍ വന്നിരുന്നു. അദ്ദേഹം പുറകിലേക്ക് തിരിഞ്ഞിരുന്നു. ഞങ്ങള്‍ വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങി. നഗര പരിധി കഴിഞ്ഞപ്പോള്‍ വാഹനം കുറച്ചു കൂടി വേഗത്തിലായി. എന്നാല്‍ അമിത വേഗം എന്നൊന്നും പറഞ്ഞു കൂടാ. കല്ലേക്കാട് സ്കൂള്‍ സ്റ്റോപ്പിന്ന് സമീപമെത്തിയപ്പോള്‍ വാഹനം വലത്ത് വശത്തേക്ക് പാളി പോവുന്നതു പോലെ തോന്നി. ബസ്സ് വലിയൊരു മാവിന്നു നേരെ കുതിക്കുകയാണ്. ഞാന്‍ ഡ്രൈവറെ നോക്കി. അയാള്‍ പേടിച്ച് പുറകിലേക്ക് തിരിഞ്ഞ് ഇരിക്കുന്നു. ആ നിമിഷാര്‍ദ്ധത്തില്‍ ബസ്സ് മരത്തില്‍ ഇടിക്കുമെന്നും, യാത്ര മുടങ്ങുമെന്നും, ബാക്കി ദൂരം പോവാന്‍ വേറേ വാഹനം വേണ്ടിവരുമെന്നും ഞാന്‍ ഓര്‍ത്തു. എന്നാല്‍ സംഭവിച്ചത് അങ്ങിനെയായിരുന്നില്ല. വലിയ ശബ്ദത്തില്‍ മരത്തിലിടിച്ച് ബസ്സ് മറിഞ്ഞു.

എനിക്ക് ബോധം വന്നപ്പോള്‍ ഞാന്‍ മുന്നിലെ വാതിലിന്നടുത്താണ്. വല്ലാത്ത ഒരു പരവേശത്തോടെ എഴുന്നേല്‍ക്കുമ്പോള്‍ അട്ടിയിട്ട പോലെ ആളുകള്‍ അകത്ത് കിടക്കുന്നു . ആകെ കരച്ചിലും ബഹളവും. എന്‍റെ കണ്ണടയും ബാഗും കാണാനില്ല. പോയത് പോകട്ടെ എന്ന് കരുതി പുറത്തു കടക്കാനായി വഴി പരതി. മുന്നിലെ കണ്ണാടി തകര്‍ന്നു. അവിടെ കൂറ്റന്‍ മരം. പുറകിലെ കണ്ണാടിക്ക് പിന്നിലായി വെല്‍ഡഡ് മെഷ്. കൂട്ടിലകപ്പെട്ട എലിയെപ്പോലെ പരുങ്ങുമ്പോള്‍ മുകളില്‍ വെളിച്ചം. ജനാല തലക്ക് മുകളില്‍. ആളുകള്‍ ചാരി നില്‍ക്കാറുള്ള തൂണില്‍ ചവിട്ടി ജനാലയിലൂടെ മുകളിലേക്ക് ഊര്‍ന്ന് കയറി ഞാന്‍ താഴേക്ക് ചാടി. ആദ്യം പുറത്തെത്തിയത് ഞാനായിരുന്നു. എന്‍റെ ബാഗുമായി വലിയണ്ണന്‍ പുറകെ എത്തി. അദ്ദേഹം ചുറ്റും നടന്നു നോക്കി. തിരിച്ച് എന്‍റെ അടുത്തെത്തി. " ഇത് വലിയ അപകടമാണ്. ആര്‍ക്കൊക്കെ എന്തൊക്കെ പറ്റിയോ ആവോ" എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഒന്നും പറയാനാവാതെ അങ്ങിനെ തന്നെ നിന്നു. "ഇനിയെന്താ പരിപാടി" എന്ന് എന്നോട് ചോദിച്ചതിന്ന് "വീട്ടിലേക്ക് പോകാം" എന്ന് ഞാന്‍ പറഞ്ഞു. വലിയണ്ണന്‍ എന്നെ സൂക്ഷിച്ച് നോക്കി. "ഉണ്ണീ, തനിക്ക് നല്ല പരിക്ക് പറ്റിയിട്ടുണ്ട്. തലയില്‍ നിന്നും ചോര വരുന്നു. ആസ്പത്രിയില്‍ പോകണം " എന്ന് ഉപദ്ദേശിച്ചു.

ഒരു മിനി ബസ്സ് വന്നു നിന്നു. ആരോ എന്നെ അതില്‍ കയറ്റി. ഒരു സീറ്റ് ഒഴിവാക്കി എന്നെ ഇരുത്തി. കുട്ടിമാമയുടെ വീട്ടിലേയും ഓഫീസിലേയും ഫോണ്‍ നമ്പറുകള്‍ കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്തു വെച്ചതു പോലെ ബോധം നഷ്ടപ്പെടുന്നതു വരെ ഞാന്‍ പറഞ്ഞിരുന്നു എന്നാണ്' പിന്നീട് അറിഞ്ഞത്. ജില്ല ആസ്പത്രിയില്‍ എത്തിയത് ഞാന്‍ അറിഞ്ഞില്ല. ബന്ധുക്കളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആയി ധാരാളം പേര്‍ വൈകാതെ എത്തി. കാലില്‍നിന്നും ഷൂസ് ആരോ ഊരി മാറ്റി. ഷര്‍ട്ട് അഴിക്കാന്‍ നോക്കിയപ്പോള്‍ എനിക്ക് അനങ്ങാന്‍ കഴിയുന്നില്ല എന്ന് മനസ്സിലായി. കാര്യമായ എന്തോ പറ്റി എന്ന് ഞാന്‍ അറിഞ്ഞു. പിറ്റേന്ന് പരിശോധന കഴിഞ്ഞ് " നട്ടെല്ലിന്ന് പൊട്ടല്‍ കാണുന്നു. സ്പൈനല്‍ കോഡിന്ന് ചതവും. ഭാഗ്യം ഉള്ള പക്ഷം മേലാല്‍ നടക്കാന്‍ സാധിക്കും" എന്ന് ഡോക്ടര്‍ പറഞ്ഞു. വെറും കട്ടിലില്‍ പലകപ്പുറത്ത് മലര്‍ന്ന് കിടക്കുകയല്ലാതെ കാര്യമായ ചികിത്സ ഒന്നും ഇല്ല. വിഷുവിന്ന് അമ്മയെ പിരിഞ്ഞ് ഇരിക്കാന്‍ വയ്യാത്തതിനാല്‍ വിടുതല്‍ വാങ്ങി ആംബുലന്‍സില്‍ വീട്ടിലെത്തി.

തുടര്‍ന്നുള്ള നാളുകള്‍ വേദനയുടേതായിരുന്നു. ശരീരം ചെറുതായൊന്ന് അനങ്ങിയാല്‍ നട്ടെല്ലില്‍ തുളച്ചു കയറുന്ന വേദന. അതില്‍ നിന്നുള്ള മോചനത്തിന്ന് ആയിട്ടായിരിക്കണം മനസ്സ് സദാ സമയം പ്രാര്‍ത്ഥനാ നിര്‍ഭരമായിരുന്നു. ഈശ്വര സങ്കല്‍പ്പത്തിലും ജപത്തിലും കഴിഞ്ഞ ആ ദിവസങ്ങളില്‍ ഗണപതി, മുരുകന്‍, അയ്യപ്പന്‍, ഹനുമാന്‍, ധ്യനനിമഗ്നനായ പരമശിവന്‍, മഹാവിഷ്ണു,ഉണ്ണികണ്ണന്‍ ,മാതൃവാത്സല്യം കനിഞ്ഞു നല്‍കുന്ന ദേവിയുടെ വിവിധ രൂപങ്ങള്‍ എന്നിവ മനസ്സില്‍ ഓര്‍ക്കും.അത്തരം ഒരു സമയത്ത് കണ്ണുകള്‍ മുറിച്ചു കളഞ്ഞ് വികൃതമാക്കിയ യേശുവിന്‍റെ ആ പടം എന്‍റെ മനസ്സില്‍ എത്തി.
ശൂന്യമാക്കപ്പെട്ട കണ്ണുകളുടെ ഭാഗത്ത് ഒരു ജോഡി കണ്ണുകള്‍ വെക്കുന്നതായി ഞാന്‍ സങ്കല്‍പ്പിച്ചു. പ്രസിദ്ധരായ പലരുടേയും കണ്ണുകള്‍ ആ സ്ഥാനത്ത് വെച്ചാലുള്ള രൂപം ആലോചിച്ചു. അവയൊന്നും യോജിക്കുന്നില്ല. രവി വര്‍മ്മ ചിത്രങ്ങളിലെ കണ്ണുകള്‍ ആയാലോ എന്ന് നോക്കി. അതും ശരിയാവുന്നില്ല.

ആ ദിവ്യമായ മുഖത്തെ ഭാവം എന്താണെന്ന് ഞാന്‍ ഓര്‍ത്തു നോക്കി.പീഢനങ്ങള്‍ ഏറ്റു വാങ്ങുമ്പോള്‍ കാണിച്ച നിസ്സംഗതയോ, നിന്ദിതരേയും പീഢിതരേയും ഓര്‍ത്തിട്ടുള്ള ഘനീഭവിച്ച ദുഃഖഭാരമോ, പാപികള്‍ക്കായുള്ള പ്രാര്‍ത്ഥനയോ അതല്ല സര്‍വ്വ ചരാചരങ്ങള്‍ക്കും വാരി കോരി നല്‍കിയിട്ടും ഒരിക്കലും തീരാത്ത കാരുണ്യമോ ഏതാണ്' അവിടെ നിഴലിക്കുന്നത്. അത് മനസ്സിലാവാന്‍ ഉള്ള അറിവ് എനിക്ക് ഇല്ല എന്ന് ഞാന്‍ അറിഞ്ഞു. മനസ്സില്‍ ഞാന്‍ നേരത്തെ കണ്ടിട്ടുള്ള യേശുവിന്‍റെ ചിത്രങ്ങളിലെ കണ്ണുകള്‍ ആ സ്ഥാനത്ത് വെച്ചു നോക്കി. അത്ഭുതം. ആ മുഖത്തിന്ന് അനുയോജ്യം ആ കണ്ണുകള്‍ തന്നെ. കാരുണ്യം തുളുമ്പുന്ന കണ്ണുകള്‍. ആ ഓര്‍മ്മയില്‍ പലപ്പോഴും ഞാന്‍ എന്‍റെ വേദന വിസ്മരിച്ചു.

Wednesday, December 3, 2008

മകര മാസത്തിലെ ചാത്തം.

( മുമ്പു കാലത്ത് മിക്ക തറവാടുകള്‍ക്കും അവയവയുടേതായി ഐതിഹ്യത്തിന്നു സമാനമായ ചില കഥകള്‍ കാണും. അതുപോലെ ഒന്ന്.)
മകര ചൊവ്വ:-
മകര മാസത്തിലെ മുപ്പട്ടു ചൊവ്വാഴ്ച്ച ഇഷ്ണൂലി വയങ്കരമ്മയുടെ ( വയങ്കരമ്മ എന്നത് എടത്തറ നായര്‍ സ്വരൂപത്തിലെ സ്ത്രീകളുടെ സ്ഥാനപ്പേര്' ആകുന്നു.) ശ്രാര്‍ദ്ധം ആണ്. എന്‍റെ കുട്ടിക്കാലത്ത് അത് ഒരു ആഘോഷമായിരുന്നു. രാവിലെ മൂന്ന് അമ്പലങ്ങളില്‍ നിന്നുള്ള വ്യത്യസ്തമായ പായസങ്ങള്‍. ഉച്ചക്ക് പതിവില്‍ കൂടുതല്‍ കറികളോട് കൂടി ഗംഭീര സദ്യ. വൈകീട്ട് ചെമ്മിനിക്കാവില്‍ വെച്ച് പൂജ, പ്രസാദങ്ങള്‍. പോരാത്തതിന്ന് അന്ന് സ്കൂളില്‍ പോകാതെ കളിച്ചു നടക്കാം. കാലത്തു തന്നെ വെളിച്ചപ്പാട് പീടിക്കല്‍ ഗോവിന്ദന്‍ നായരെത്തും. കുട്ടികള്‍ക്ക് പനിക്കും പേടിക്കും അദ്ദേഹം ഊതി ഭസ്മം തന്നിരുന്നതാണ്. എല്ലാ കാര്യങ്ങളിലും മൂപ്പരുടെ മേല്‍നോട്ടം വേണം. രാത്രി പൂജക്കു ശേഷം അമ്പലത്തില്‍ വെച്ച് നിയോഗം, കല്‍പ്പന എന്നിവ കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞേ അദ്ദേഹം പോവാറുള്ളു.

ഈ ചടങ്ങിന്‍റെ ആവിര്‍ഭാവത്തെ കുറിച്ചും ഇഷ്ണൂലി വയങ്കരമ്മയെ കുറിച്ചും എന്‍റെ കുട്ടിക്കാലത്ത് മുത്തശ്ശി പലവട്ടം പറഞ്ഞു കേള്‍പ്പിച്ചിരുന്നു. മുത്തശ്ശിയുടെ വലിയമ്മയായിരുന്നു അവര്‍. കുടുംബത്തിലുള്ള സ്വത്ത് അവകാശത്തിന്നു പുറമേ ഭര്‍ത്താവില്‍നിന്നും കിട്ടിയ വലിയൊരു സ്വകാര്യ സമ്പാദ്യവും അവരുടെ കൈവശം ഇരുന്നിരുന്നു. ഇഷ്ണൂലി വയങ്കരമ്മ പ്രസവിച്ചില്ല. മക്കളില്ലാത്തതിനാല്‍ മുത്തശ്ശിയുടെ അമ്മയുടെ മക്കളെ സ്വന്തം മക്കളായി അവര്‍ കരുതി. തന്‍റെ കാലശേഷം സ്വത്തു മുഴുവന്‍ എടുത്തു കൊള്ളാനും അന്ത്യകര്‍മ്മങ്ങളും ശേഷക്രിയകളും നല്ല രീതിയില്‍ ചെയ്യാനും അവരെ ചുമതല ഏല്‍പ്പിച്ചു. പക്ഷെ അതൊന്നും നടന്നില്ല. വലിയമ്മാമക്ക് അതിലൊന്നും ശ്രദ്ധിക്കാന്‍ തോന്നിയില്ല. മുത്തശ്ശിയുടെ ഭാഷയില്‍ പറഞ്ഞാല്‍ " അപ്പൂഞ്ഞനല്ലേ ആള്, മൂപ്പര്' ഒരാള്‍ക്കും ഒന്നും കൊടുത്തില്ല, എല്ലാം ദര്‍ബാറായി തര്‍പ്പണപൂജ കഴിച്ചു,അയമ്മയുടെ മേല്‍ഗതിക്കായി ദമ്പിടി തുട്ട് ചിലവാക്കിയില്ല".

കുറെ കാലം കഴിഞ്ഞു. എല്ലാവരും ഇതൊക്കെ മറന്നു തുടങ്ങി. മുത്തശ്ശിയുടെ ജ്യേഷ്ടത്തി ചിന്നമ്മു വയങ്കരമ്മയുടെ ദേഹത്ത് പരേതയുടെ ആത്മാവ് വന്ന് തനിക്ക് ദാഹം തീര്‍ത്തു തരണമെന്ന് കല്‍പ്പന നല്‍കിയിരുന്നു. ആരും അത് അത്ര കാര്യമാക്കിയില്ല. ഈ രംഗങ്ങള്‍ പലകുറി ആവര്‍ത്തിച്ചു. ഒടുവില്‍ തീരെ പൊറുതി മുട്ടിയ അവര്‍ തറവാട്ടിലെ കുഞ്ഞു മക്കളുടെ നിണം തന്‍റെ ദാഹം തീര്‍ക്കാനായി എടുക്കുമെന്ന് അന്ത്യശാസനം നല്‍കി. വലിയമ്മാമന്‍ ആ വാക്ക് അവഗണിച്ചു എന്നു മാത്രമല്ല "അതൊന്ന് എനിക്ക് കാണണം" എന്നു പറഞ്ഞ് പ്രേതാത്മാവിനെ വെല്ലുവിളിക്കുകയും ചെയ്തു. അന്നു രാത്രി ഉറക്കാന്‍ കിടത്തിയ ചിന്നമ്മു മുത്തശ്ശിയുടെ മകന്‍ രാവിലെ ഉണര്‍ന്നില്ല. ആ കുട്ടി പ്രത്യേകിച്ച് യാതൊരു അസുഖവും ഇല്ലാതെ മരിച്ചുപോയി. അന്നും പരേതാത്മാവ് ചിന്നമ്മു മുത്തശ്ശിയുടെ ദേഹത്ത് വന്നു. " ഞാന്‍ നൂറു തവണ പറഞ്ഞതാണ്, എന്‍റെ ദാഹം തീര്‍ക്കാന്‍.കേട്ടില്ല. ഇപ്പോഴോ" എന്ന് അവര്‍ പറഞ്ഞതിന്ന് വലിയമ്മാമ അവരെ പൊതിരെ തല്ലി.

പിന്നീട് പല തവണ ഇത്തരം സംഭവങ്ങള്‍ അരങ്ങേറി. മരിച്ച കുട്ടികളുടെ എണ്ണം പലതായി. എന്നിട്ടും വലിയമ്മാമക്ക് കൂസല്‍ ഇല്ല. ചിന്നമ്മു മുത്തശ്ശിയുടെ ഒരു കുട്ടി കൂടി മരിച്ചു. മുത്തശ്ശിക്ക് മൂത്ത മകനും മകളും നഷ്ടമായി. മകള്‍ മരിച്ച ദിവസം മുത്തശ്ശി തന്‍റെ റൌക്ക ഉപേക്ഷിച്ചതാണ്,പിന്നെ മരിക്കുന്നതു വരെ അവര്‍ ബ്ലൌസ്സോ, റൌക്കയോ ഇട്ടിട്ടില്ല. മേമയുടെ അമ്മക്കായിരുന്നു ഏറ്റവും വലിയ നഷ്ടം പറ്റിയത്. അവരുടെ ആദ്യത്തെ മൂന്ന് മക്കളും ഇതേ സാഹചര്യത്തില്‍ ഇല്ലാതായി. എന്നാല്‍ തറവാട്ടിലെ മറ്റു താവഴികളില്‍ പെട്ടവര്‍ക്ക് ഒന്നും പറ്റിയില്ല. എങ്കിലും വലിയമ്മാമ ഒഴികെ മറ്റ് എല്ലാവരുടെ മനസ്സിലും ഭയം കടന്നു.
മേമയുടെ അമ്മയുടെ മൂന്നമത്തെ മകള്‍ പെണ്‍കുട്ടിയായിരുന്നു. സരോജിനി എന്ന പേരുള്ള ആ കുഞ്ഞ് അതി സുന്ദരിയയിരുന്നു. ഒരു ദിവസം നേരം പുലര്‍ന്നപ്പോള്‍ കുഞ്ഞിന്ന് അസുഖം. കഴുത്ത് ഒടിഞ്ഞതു പോലെ. കാള വണ്ടിയില്‍ കുട്ടിയുമായി ആസ്പ്ത്രിയിലേക്ക് പുറപ്പെട്ടു പോയതും, ചിന്നമ്മു മുത്തശ്ശി "എവിടെക്ക് വേണമെങ്കിലും കൊണ്ടു പോവട്ടെ, പകുതി വഴിക്ക് ഞാന്‍ ശരിയാക്കും, കെട്ടി പൊതിഞ്ഞ് മടക്കി കൊണ്ടു വരും" എന്ന് പറഞ്ഞു. അതു തന്നെ നടന്നു. സംഘം തിരിച്ചെത്തിയതും, ചിന്നമ്മു മുത്തശ്ശി " ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ, ഞാന്‍ അതിന്‍റെ ചോര കുടിച്ചു, ഇനിയും കുടിക്കും" എന്നു പറഞ്ഞു. ക്ഷുഭിതനായ വലിയമ്മാമ കാലിലെ ഷൂ ഊരി ( ആണി കാരണം റബ്ബര്‍ ഷൂ ആണ്' ഇടാറുള്ളത്) അവരെ അടിച്ചു.
ആ തവണ പരിഹാര കര്‍മ്മങ്ങള്‍ ചെയ്യണമെന്നായി മറ്റെല്ലാവരും. അതിന്നുള്ള ഒരുക്കങ്ങള്‍ പെട്ടെന്നായി. നാലുകെട്ടിലെ മച്ചിന്‍റെ ഉള്ളില്‍ ഭഗവതിയെ കുടിവെച്ചിരുന്നു. ഭഗവതിയെ പാര്‍ത്ത് കല്‍പ്പന കേള്‍ക്കാനും അതനുസരിച്ച് കാര്യങ്ങള്‍ നടത്താമെന്നും നിശ്ചയിച്ചു. പണിക്കര്‍ ദിവസം കുറിച്ചു. അന്നേ ദിവസം അതിരാവിലെ ഗോവിന്ദന്‍ നായര്‍ വെളിച്ചപ്പാട് എത്തി. കുളത്തിലിറങ്ങി കുളിച്ച് ഈറനണിഞ്ഞ് അദ്ദേഹം നിയോഗത്തിന്നായി തയ്യാറായി. മച്ചിന്നു മുമ്പില്‍ തറവാട്ടിലെ മുഴുവന്‍ അംഗങ്ങളും നിരന്നു. ബന്ധപ്പെട്ട താവഴിക്കാരെ മച്ചിന്നു മുമ്പില്‍ ഒരു ഭാഗത്തും മറ്റുള്ളവരെ വേറൊരു ഭാഗത്തും ആയി നിര്‍ത്തി. നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി. ഇതിനകം വെളിച്ചപ്പാട് ഉറഞ്ഞു തുള്ളേണ്ടതാണ്. പക്ഷേ അതിനുള്ള യാതൊരു സാദ്ധ്യതയും കാണാനില്ല. ഒടുവില്‍ "ഭഗവതി ഊരു ചുറ്റുവാന്‍ പോയി എന്ന് തോന്നുന്നു. ഒരു കാര്യം ചെയ്യാം. ഞാനും കാരണവരും ഒഴിച്ച് എല്ലാവരും ഭക്ഷണം കഴിച്ചോളിന്‍. മഞ്ഞപയിറ്റടി നേരത്ത് നമുക്ക് ഒന്നു കൂടി നോക്കാം"എന്ന് പറഞ്ഞ് വെളിച്ചപ്പാട് പിന്‍വാങ്ങി.
പറഞ്ഞ സമയത്ത് അടുത്ത ഊഴം ആരംഭിച്ചു. കുളിച്ച് ഈറന്‍ ചുറ്റി മച്ചിന്ന് മുമ്പില്‍ നിന്ന വെളിച്ചപ്പാടിന്‍റെ നെറ്റിയുടെ ഇരു വശത്തു കൂടിയും രക്തം ഒഴുകി തുടങ്ങി. വാളെടുക്കുകയോ വെട്ടുകയോ ചെയ്യാതെ ചോര ഒഴുകിയത് അവിടെ കൂടിയവരില്‍ ഭീതി ജനിപ്പിച്ചു. "ഞാനാരാണെന്ന് മനസ്സിലായോ" എന്ന് കോമരം ചോദിച്ചതിന്ന് "ചെമ്മിനി ഭഗവതി അല്ലേ" എന്ന് കാരണവര്‍ മറുപടി നല്‍കി." അല്ല. ഞാന്‍ ചെരക്കാട്ടി അമ്മയാണ്. അറുത്ത് കുടിക്കുന്ന കാളി. എന്‍റെ ഇളയവള്‍ വന്ന് ഈ പേയിനേ അടക്കാന്‍ സാധിക്കുന്നില്ല എന്ന് സങ്കടം പറഞ്ഞപ്പോള്‍ ഞാന്‍ വന്നതാണ്. ( ചെരക്കാട്ടി ഭഗവതി, മണ്ണൂല്‍ ഭഗവതി, ചെമ്മിനി ഭഗവതി എന്നീ ദേവിമാര്‍ സഹോദരിമാരാണെന്ന് സങ്കല്‍പ്പം.). എന്‍റെ നിണം കൊടുത്ത് പേയിന്‍റെ ദാഹം ഞാന്‍ തീര്‍ക്കും."എന്ന് കല്‍പ്പിച്ചതും എല്ലാവരും ഭയന്നു വിറച്ചു. തുടര്‍ന്ന് വെളിച്ചപ്പാട് വാളെടുത്ത് നാലു ചാല്‍ നടന്നു വെട്ടി. തൊഴാന്‍ നിന്ന ചിന്നമ്മു മുത്തശ്ശിയില്‍ പ്രേതാത്മാവ് അപ്പോള്‍ കയറി. വെളിച്ചപ്പാട് വാള്‍ പരത്തി പിടിച്ച് അവരുടെ മുതുകില്‍ ആഞ്ഞടിച്ചു. അവരോട് കുളിച്ച് വരാന്‍ നിര്‍ദ്ദേശിച്ച വെളിച്ചപ്പാട് മറ്റുള്ളവരോട് പരേതാത്മാവ് ഒഴിഞ്ഞു പോവുന്നതിന്ന് മുമ്പ് ഓരോരുത്തരോടും ഞാന്‍ പോകട്ടേ എന്ന് ചോദിക്കുമെന്നും എല്ലാവരും ശരി എന്ന് സമ്മതിക്കണമെന്നും ആരെങ്കിലും പോവരുത് എന്ന് മനസ്സില്‍ വിചാരിച്ചാല്‍ പോലും ഒഴിഞ്ഞു പോവാതെ ഇരിക്കുമെന്നും പറഞ്ഞു കൊടുത്തു. അങ്ങിനെയാണ്' ആ ബാധയെ ഒഴിപ്പിച്ച് ചെമ്മിനി കാവില്‍ സ്ഥാപിച്ചത്.
ആദ്യ കാലത്ത് കാവിന്ന് വെളിയില്‍ വടക്കു ഭാഗത്തെ ആലിന്‍ ചുവട്ടിലായി വെട്ടുകല്ലില്‍ തീര്‍ത്ത ഒരു തറയും പിച്ചളയില്‍ വാര്‍ത്ത ഒരു പ്രതിമയും പ്രേതത്മാവിനെ സ്ഥാപിച്ചതിന്‍റെ അവശിഷ്ടമായി കണ്ടിരുന്നു. പ്രതിമയെ ഏതോ ഭ്രാന്തി എടുത്തു പോവുകയും കാലക്രമേണ തറ ഇടിഞ്ഞ് നശിച്ചു പോവുകയും ചെയ്തു.

മുത്തശ്ശി മരിക്കുന്നതു വരെ ഒരു മാസം മുമ്പേ ഒരുക്കം തുടങ്ങും. മറ്റെന്ത് മുടങ്ങിയാലും ഈ ചടങ്ങ് മുടങ്ങരുത് എന്ന് മുത്തശ്ശിക്ക് നിര്‍ബന്ധമായിരുന്നു. ഒരു തവണ മുത്തശ്ശി സ്ഥലത്തില്ലത്തപ്പോള്‍ താവഴിയില്‍പ്പെട്ട മറ്റുള്ളവരെ ചടങ്ങ് നടത്താന്‍ ഏല്‍പ്പിച്ചതായും അവര്‍ അത് മുടക്കിയപ്പോള്‍ കളിക്കുകയായിരുന്ന അമ്മമന്‍റെ മകന്‍ നിറുത്താതെ കരയാന്‍ തുടങ്ങിയതായും ക്രിയാദികള്‍ക്ക് വീഴ്ച്ച വന്നുവെങ്കില്‍ ഉടനെ കര്‍മ്മങ്ങള്‍ നടത്താമെന്ന് പ്രാര്‍ത്ഥിച്ചതോടെ കുട്ടി കരച്ചില്‍ നിറുത്തി കളി തുടങ്ങിയതായും മുത്തശ്ശി അതിന്ന് കാരണമായി പറഞ്ഞിരുന്നു. ചാത്തത്തിന്‍ നാള്‍ അതി രാവിലെ എഴുന്നേല്‍പ്പിക്കും. മൂന്ന് അമ്പലങ്ങളില്‍ വഴിപാട് നടത്താനുള്ളതാണ്, ചെമ്മിനികാവില്‍ ശര്‍ക്കര പായസം, മണ്ണൂല്‍ കാവില്‍ നൈ പായസം. ചെരക്കാട്ടികാവില്‍ ഊട്ട്. അവിടെ പായസം കഴിക്കാറില്ല, അതിനു പകരമാണ്' ഊട്ട്. താവഴിയില്‍പെട്ട ഏതെങ്കിലും ഒരു സ്ത്രീ കാവില്‍ ചെന്ന് അടുപ്പു കൂട്ടി പച്ചരി വേവിച്ച ശേഷം അതില്‍ പനം ചക്കര പാനിയും നാളികേരകോത്തും ചേര്‍ത്ത് തിളപ്പിച്ച് നിവേദ്യമാക്കി നടക്കല്‍ ഒരു നാക്കിലയില്‍ വിളമ്പും. ഒരു ചിരട്ടയില്‍ ചക്കര പാനിയില്‍ കുറച്ച് നാളികേര പൂളുകള്‍ അതിന്നരികില്‍ വെക്കും. പൂവും വെള്ളവും അര്‍ച്ചിക്കും. അതോടെ ഊട്ട് കഴിഞ്ഞു. ചിരട്ടയിലുള്ള വിഭവം കിട്ടാനായി ഞാന്‍ ഊട്ടിന്നാണ്' പോയിരുന്നത്.

വൈകുന്നേരം ചെമ്മിനികാവില്‍ വെച്ചാണ്, ബാക്കി ചടങ്ങുകള്‍. വലിയ ഒരു വട്ടിയില്‍ നിറയെ ദോശ, പുഴുങ്ങിയ വെള്ളപയര്‍, അവില്‍, മലര്‍ പൂജാപാത്രങ്ങള്‍, നിലവിളക്ക് എന്നിവയുമായി പണിക്കാരന്‍ മുമ്പേ പോകും. പിറകെ മറ്റെല്ലാവരും. കാവില്‍ പാല്‍പ്പായസവും വെള്ള നിവേദ്യവുമായിരിക്കും പ്രസാദം. അകത്തെ ദീപാരാധന കഴിഞ്ഞാല്‍ വെളിയില്‍ പൂജ. അതിന്നു ശേഷം ഭഗവതിയുടെ മുന്നില്‍ നിന്ന് വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി പുറത്തു വരും. വെള്ളരിയും ഭസ്മവും വാരി മേലോട്ട് എറിഞ്ഞ് അട്ടഹസിക്കും. ഒടുവില്‍ "ക്ടാങ്ങള്‍ക്ക് നാണിയകുറ്റം കൂടാതെ നോക്കാം, പോരെ" എന്ന് കല്‍പ്പന തരും. മുത്തശ്ശി കൈകൂപ്പി ശരി എന്ന് സമ്മതിക്കുന്നതോടെ കര്‍മ്മങ്ങള്‍ അവസാനിക്കും. അമ്പല പറമ്പില്‍ ഉള്ള എല്ലാവര്‍ക്കും ഇല ചീന്തില്‍ പ്രസാദം കൊടുത്ത് വീട്ടിലേക്ക് മടങ്ങും.
മുത്തശ്ശിയുടെ കാലശേഷം അമ്മ കുറച്ചു കാലം ഇതെല്ലാം തുടര്‍ന്നു. പക്ഷേ പഴയ പൊലിമ ഒട്ടും ഇല്ലാതായി. അമ്പല പറമ്പില്‍ പന്തു കളിക്കുന്ന പിള്ളേര്‍ പോലും പ്രസാദം കൊടുത്താല്‍ വാങ്ങാതായി. എനിക്കും ഈ അനുഷ്ഠാനത്തില്‍ ശകലം കുറച്ചില്‍ തോന്നി തുടങ്ങി. അഗ്നിബാധയെ തുടര്‍ന്ന് ചെമ്മിനിക്കാവില്‍ പുനരുദ്ധാരണവും പ്രതിഷ്ഠയും നടത്തി. അതിന്നു മുമ്പ് കാവിനോട് അനുബന്ധിച്ചുള്ള സകല പ്രേതാത്മാക്കളേയും വേര്‍പാട് ക്രിയയിലൂടെ ഒഴിവാക്കി. ആയതില്‍ ഇഷ്ണൂലി വയങ്കരമ്മയുടെ ആത്മാവും ഉള്‍പ്പെട്ടതോടെ എല്ലാം വിസ്മൃതിയിലേക്ക് നീങ്ങി.

Wednesday, November 19, 2008

ഒരു പറ്റിക്കപ്പെടലിന്‍റെ ഓര്‍മ്മക്ക്.

കൊയ്ത്ത് കഴിഞ്ഞു. പക്ഷെ വൈക്കോല്‍ പണി ബാക്കി കിടന്നു. ചുരുട്ടുകളില്‍ ശേഷിക്കുന്ന നെല്‍മണികള്‍ തല്ലി കൊഴിക്കണം. വൈക്കോല്‍ ഉണക്കണം. ചുരുട്ടുകളാക്കണം. പണിക്കാരെ കിട്ടാനില്ല. എല്ലാവരും കെട്ടിട നിര്‍മ്മാണ പണികള്‍ക്ക് പോവുകയാണ്. അവര്‍ക്ക് കൂടുതല്‍ കൂലി കിട്ടും. കൂടാതെ ഭക്ഷണവും.

പുലര്‍ച്ചെ ഞങ്ങള്‍ എഴുന്നേല്‍ക്കും. ഞാനും ഭാര്യ സുന്ദരിയും ചുരുട്ടുകള്‍ അഴിച്ചിടും. മക്കള്‍ മൂന്നുപേരും തല്ലി കൊഴിക്കും. അവര്‍ ജോലിക്ക് പോയാല്‍ ഞങ്ങള്‍ അത് ഉണക്കി വെക്കും. പിന്നീട് സൌകര്യം പോലെ കെട്ടി വെക്കും. മുമ്പ് ഒരു വയസ്സി തള്ള വന്ന് ആ ചുരുട്ടുകള്‍ കൂനയായി അടുക്കി തരുമായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് വയ്യാതായി.

കുറെ അന്വേഷിച്ചിട്ടാണ്' കഴിഞ്ഞ തവണ ഒരാളെ കിട്ടിയത്. കൂലി കൂടുതല്‍ വാങ്ങിയെങ്കിലും അടുക്കിയത് ശരിയായില്ല. മഴക്ക് മുമ്പ് കുറെയേറെ വിറ്റുപോയി. മിച്ചം വന്നത് നനഞ്ഞ് കേടായി തുടങ്ങി. എങ്ങിനെ വിറ്റു തീര്‍ക്കും എന്ന് വേവലാതിപ്പെട്ട് ഇരിക്കുമ്പോള്‍ വൈക്കോലും ചോദിച്ച് ഒരാള്‍. അടുത്ത് ഒരിടത്തെ മുസല്‍മാന്‍. ആ മനുഷ്യന്‍ കുടിച്ച് പിപ്പിരിയാണ്. എന്തോ തുലഞ്ഞു പോകട്ടെ, ഇനി വെച്ചാല്‍ മുഴുവന്‍ നഷ്ടമാകും, കിട്ടിയ വിലക്ക് കൊടുക്കാമെന്ന് ഭാര്യ പറഞ്ഞതോടെ, സാധനം കിടക്കുന്നത് ചെന്ന് നോക്കി കൊള്ളാന്‍ അയാളോട് പറഞ്ഞു. ചുരുട്ടിന്ന് നാലു രൂപകിട്ടും, മൂന്നു രൂപ വെച്ച് തരാമെന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചു.

ഉച്ചയോടെ വൈക്കോല്‍ കടത്താന്‍ പണിക്കാരെത്തി. ഏഴെട്ടുപേര്‍. നേരത്തെ വന്ന വിദ്വാന്‍ വേറൊരാളെ മുതലാളി ആണെന്നു പറഞ്ഞ് പരിചയപ്പെടുത്തി. പണി നടക്കുന്നതിന്നിടെ അയാളും ഞാനും കുറച്ചു നേരം സംസാരിച്ചു. അയാളുടെ പേര്' ഉണ്ണികൃഷ്ണന്‍ . മംഗലം പാലത്തിന്നടുത്ത് താമസം. ആ കൂട്ടത്തില്‍ അയാളുടെ ഭാര്യയും പണി ചെയ്യുന്നു. ഒറ്റ മകനേയുള്ളു. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി. അവനെ സ്കൂളില്‍ അയച്ചിട്ട് അച്ഛനും അമ്മയും പണിക്ക് പോകും. വൈകുന്നേരമാണ്' പ്രയാസം. മിക്കപ്പോഴും പണി തീരാന്‍ ഏറെ സമയമെടുക്കും. വലിയവര്‍ എത്തുന്നതു വരെ അടഞ്ഞ വാതിലിന്ന് മുമ്പില്‍ കുട്ടി ഒറ്റക്ക് ഇരിക്കും. തിരക്കേറിയ ഹൈവേയിലൂടെ ഭാരം കൂടിയ ബാഗും ഏറ്റി പ്രയാസപ്പെട്ട് വീട്ടിലെത്തി അന്തി മയുങ്ങുന്നതു വരെ ഒറ്റക്കിരിക്കുന്ന ചെറിയകുട്ടിയുടെ രൂപം എന്നെ ഏറെ വേദനിപ്പിച്ചു.

എനിക്ക് കുട്ടികള്‍ എന്നു വെച്ചാല്‍ ജീവനാണ്. ബസ്സില്‍ യാത്ര ചെയ്യുമ്പോഴും മറ്റും ചെറിയ കുട്ടികളെ അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന അച്ഛനമ്മമാരോട് എനിക്ക് ദേഷ്യം തോന്നും. ഏതു കുട്ടിയെ കാണുമ്പോഴും " ഈശ്വരാ, ഈ കുട്ടിക്ക് ദീര്‍ഘായുസ്സും സര്‍വ്വ സൌഭാഗ്യങ്ങളും നല്‍കണേ"യെന്ന് മനസ്സില്‍ പ്രാര്‍ത്ഥിക്കും.
എനിക്ക് ഇഷ്ടകൂടുതല്‍ ആണ്‍ കുട്ടികളോടാണ്. അടങ്ങി ഒതുങ്ങി ഒരു ഭാഗത്ത് ഇരിക്കാതെ കയ്യില്‍ കിട്ടിയതൊക്കെ അടിച്ചു പൊട്ടിച്ച് സദാ സമയവും വികൃതി കാട്ടുന്ന കുട്ടി കുറുമ്പന്‍മാര്‍ ഊര്‍ജ്ജത്തിന്‍റെ പ്രതീകങ്ങളായിട്ടാണ്,എനിക്ക് തോന്നാറുള്ളത്. എന്നാല്‍ അണിയിച്ച് ഒരുക്കാന്‍ പെണ്‍കുട്ടി തന്നെ വേണം. കുളിപ്പിച്ച് മുടി ചീകി പൌഡറിട്ട് നെറ്റിയിലും കവിളിലും കറുത്ത പൊട്ട് തൊട്ട് കിളിപച്ചനിറത്തിലുള്ള ഉടുപ്പ് ഇടുവിച്ച കൊച്ചു പെണ്‍കുട്ടിയുടെ സൌന്ദര്യത്തിന്ന് തുല്യമായി ലോകത്ത് മറ്റൊന്നിന്നും ഇല്ല എന്ന് എനിക്ക് തോന്നുന്നു.ആണ്‍ കുട്ടീകളെ സംബന്ധിച്ച് വേഷഭൂഷാദികള്‍ ഒന്നും ഒരു പ്രശ്നമേയല്ല.

ഒരു ദിവസം ഓഫീസില്‍ വെച്ച് ഒരു സഹപ്രവര്‍ത്തകന്‍ ഇതേക്കുറിച്ച് അദ്ദേഹത്തിന്‍റെ ഒരു അനുഭവം പറഞ്ഞു. അദ്ദേഹത്തിന്ന് ഒരു മകള്‍ മാത്രമേ ഉള്ളു. സിഗരറ്റ്'വലിക്കാന്‍ തീപ്പെട്ടി കാണാഞ്ഞപ്പോള്‍, അദ്ദേഹം മകളോട് വീടിന്‍റെ തൊട്ടടുത്ത കടയില്‍ നിന്ന് ഒരു തീപ്പെട്ടി വാങ്ങാന്‍ പറഞ്ഞു. ധരിച്ചിരുന്ന മാക്സി മാറ്റി ചൂരീദാര്‍ അണിഞ്ഞ് ആ കുട്ടി തീപ്പെട്ടി വാങ്ങി വരുമ്പോഴേക്കും അര മണിക്കൂര്‍ കഴിഞ്ഞു. ഞാന്‍ അപ്പോള്‍ ഓര്‍ത്തത് തലേന്ന് എന്‍റെ മകന്‍ ബിനുവിനെ വീട്ടില്‍നിന്നും കുറച്ച് അകലെയുള്ള ബസ് സ്റ്റോപ്പില്‍ വെച്ചു കാണാനിടയായതാണ്. എന്തോ സാധനം വാങ്ങിക്കാനായി അവന്‍ സൈക്കളില്‍ കടയിലേക്ക് വന്നതായിരുന്നു. വസ്ത്രം ഒരു ലുങ്കി മാത്രം. ഷര്‍ട്ട് ഇട്ടിട്ടില്ല. അന്ന് അവന്ന് പത്തോ പതിന്നൊന്നോ വയസ്സ് പ്രായം.

ഇതിനകം വൈക്കോല്‍ ചുരുട്ടുകള്‍ എണ്ണി മുറ്റത്തേക്ക് കടത്തി തുടങ്ങി. ഭാര്യ എണ്ണുന്നത് ശ്രദ്ധിച്ചു നിന്നു. മുറ്റത്തു വെച്ച് ചുരുട്ടുകള്‍ അഴിച്ചു. ഒരെണ്ണത്തിനെ മൂന്നായി മാറ്റി വണ്ണം കുറഞ്ഞ ചുരുട്ടുകളാക്കി. ഞാന്‍ ചോദ്യ ഭാവത്തില്‍ ഉണ്ണികൃഷ്ണനെ നോക്കി. " സാറേ, ഇത് കോഴിക്കോടോ, ഇരിഞ്ഞാലകുടയിലോ എത്തിച്ചാലേ എനിക്ക് മൂന്ന് രൂപ വെച്ച് കിട്ടൂ. പണികൂലിയും ലോറി വാടകയും കഴിഞ്ഞ് എനിക്ക് എന്തെങ്കിലും കിട്ടണമല്ലോ " എന്ന് അയാള്‍ വിശദീകരണം തന്നു. എണ്ണല്‍ പുരോഗമിക്കുമ്പോള്‍" സാറേ, പൈസ കുറച്ച് കുറവാണ്, ബാക്കി നാളെ എത്തിക്കാമെന്ന് ഉണ്ണികൃഷ്ണന്‍ മുന്‍കൂറായി പറഞ്ഞു. എനിക്ക് അയാളോട് മതിപ്പ് തോന്നി. യോഗ്യന്‍. ഉള്ള കാര്യം ആദ്യം തന്നെ തുറന്നു പറഞ്ഞു. "ഓ, അതൊന്നും സാരമില്ലന്നേ" എന്ന് ഞാനും മാന്യത കാണിച്ചു.

എണ്ണി കഴിഞ്ഞു. അഞ്ഞൂറ്റി നാല്‍പ്പത് എണ്ണം. " എത്ര വിലയായി" എന്ന് സുന്ദരി തിരക്കി. "ആയിരത്തി അറുന്നൂറ്റി ഇരുപത് രൂപ" എന്ന് ഞാന്‍ പറഞ്ഞു കൊടുത്തു. " ആയിരത്തി അഞ്ഞൂറ്' മതി അല്ലേ" എന്ന് ഞാന്‍ ചോദിച്ചതിന്ന് "എന്തിനാണ്' വെറുതെ കുറക്കുന്നത്, അവര്‍ക്ക് നല്ല ലാഭം കിട്ടും. ആയിരത്തി അറുന്നൂറ്' വാങ്ങിച്ചോളു" എന്ന് ഭാര്യ പറഞ്ഞു തന്നു. വൈക്കോല്‍ മുഴുവനും ലോറീയില്‍കയറ്റികഴിഞ്ഞു.ഉണ്ണികൃഷ്ണന്‍റെ ഭാര്യ മുന്നൂറു രൂപ സൂന്ദരിയുടെ കയ്യില്‍ കൊടുത്തു. " ഇപ്പോള്‍ ഇതേയുള്ളു, ബാക്കി നാളെ എത്തിക്കാം, കൂലിക്കാര്‍ക്ക് കൊടുക്കാന്‍ കൂടി ഒന്നും കയ്യില്‍ ഇല്ല "എന്ന് സങ്കടം പറഞ്ഞു. ബുദ്ധിമുട്ടാണെങ്കില്‍ നാളെ ഒന്നിച്ച് തന്നാല്‍ മതി എന്ന് സുന്ദരി സൌമനസ്യം കാട്ടി. കൂപ്പുകയ്യോടെ അവര്‍ യാത്ര പറഞ്ഞു. ഇന്നു വരെ ഉണ്ണികൃഷ്ണനോ, അയാളുടെ ഭാര്യയോ വരുകയോ പണം തരുകയോ ചെയ്തില്ല.

അടുത്ത വര്‍ഷം അതേ സമയത്ത് ആ മാപ്ല ഒരിക്കല്‍ കൂടി വന്നു. ഞാന്‍ പൂച്ചെടികള്‍ക്ക് വെള്ളം ഒഴിക്കുകയായിരുന്നു. വൈക്കോല്‍ ഇല്ലേ എന്ന് അയാള്‍ തിരക്കി. ഉവ്വെന്നു ഞാന്‍ തലയാട്ടി.എത്ര കാണും എന്ന് ചോദ്യത്തിന്ന് ആയിരത്തി അഞ്ഞൂറ്, എന്ന് മറുപടി. എത്ര വില കിട്ടണം എന്ന് ചോദിച്ചതിന്ന് ഇരുപത് രൂപ പ്രകാരം മുപ്പതിനായിരം രൂപ എന്ന് ഞാന്‍ പറഞ്ഞു. അയാളെ എനിക്ക് മനസ്സിലായി എന്ന് അയാള്‍ അറിഞ്ഞു. പിന്നെ ഒന്നും പറയാതെ അയാള്‍ തിരിഞ്ഞു നടന്നു.

Tuesday, November 18, 2008

മേമയുടെ മരണം.

ഒരു പ്രവര്‍ത്തി ദിവസം. ഉച്ചയൂണിന്നു ശേഷമുള്ള പപ്ലുകളിയും കഴിഞ്ഞ് ഓഫീസിലെ എനിക്കുള്ള സീറ്റില്‍ വന്ന് ഇരുന്നതേയുള്ളു." സാറിന്ന് ഒരു ഫോണ്" എന്ന അറിയിപ്പ് കിട്ടിയതും ഞാന്‍ എഴുന്നേറ്റ് ചെന്ന് ഫോണ്‍ എടുത്തു. രാമനുണ്ണിമാമയാണ്." ഗുരുവായൂരില്‍ നിന്നും ടെലഗ്രാം വന്നു, ലക്ഷ്മികുട്ടി മരിച്ചു, ഉടന്‍ വാ " എന്നായിരുന്നു സന്ദേശം. അര ദിവസത്തെ ലീവ് എഴുതി കൊടുത്ത് ഞാന്‍ ഇറങ്ങി.
മരിച്ചത് മേമയാണ്. മുത്തശ്ശിയുടെ അനുജത്തിയുടെ മകള്‍. പ്രായത്തില്‍ അമ്മയെക്കാള്‍ മൂത്തതാണെങ്കിലും, മേമ എന്നാണ്' അവരെ വിളിച്ചിരുന്നത്. എനിക്ക് ഒര്‍മ്മ വെച്ച കാലം മുതല്‍ക്ക് മേമയുടെ വീട്ടുകാരുമായി പല തവണ കൊല്ലങ്ങളോളം അലോഗ്യത്തിലായിരുന്നു. ഏറ്റവും തമാശയായി തോന്നിയിട്ടുള്ളത് ഓരോ കലഹവും നിസ്സാര കാര്യങ്ങള്‍ക്കായിരുന്നു എന്നതാണ്. മേമക്ക് അമ്മയും ഒരു അനുജനും, തറവാട് ഭാഗിച്ചപ്പോള്‍ കിട്ടിയ കുളപ്പുര ഉപേക്ഷിച്ച് റെയില്‍വേ ഗേറ്റിന്നരികില്‍ വീട് കെട്ടി ആ കുടുംബം താമസം മാറ്റി. ഞാന്‍ മുതിര്‍ന്ന ശേഷം ഇടക്കിടക്കുള്ള തമ്മില്‍ തല്ലല്‍ നിര്‍ത്തലാക്കി. എന്‍റെ വിവാഹത്തോടും മുത്തശ്ശിയുടെ മരണത്തോടും കൂടി അവരുമായുള്ള ദൃഢപ്പെട്ട ബന്ധം മുറിയാതിരിക്കാന്‍ ഞാന്‍ വളരെ ശ്രദ്ധിച്ചു
മേമയുടെ അമ്മ വല്ലാത്ത ഒരു പ്രകൃതക്കാരിയായിരുന്നു. ദേഷ്യം വന്നാല്‍ വായില്‍ തോന്നിയത് ഒക്കെ വിളിച്ചു പറയും. അത്യാവശ്യം കൈ ക്രിയക്കും മടിക്കാറില്ല. ശുദ്ധവും അശുദ്ധവും കര്‍ശനമായി നോക്കണമെന്ന രീതി. ജാതിയും കുലവും നോക്കിയാണ്' ആളുകളോട് പെരുമാറുക. ഒരിക്കല്‍ എന്‍റേയും സുന്ദരിയുടേയും കൂടെ ഒരു വിരുന്നിന്ന് അവര്‍ വന്നു. ബസ് സ്റ്റാന്‍ഡില്‍ നിറുത്തിയ ബസ്സില്‍ നിന്ന് ഇറങ്ങുമ്പോള്‍ ദേഹത്ത് മുട്ടി എന്ന് ആരോപിച്ച് ഒരു സ്ത്രീയെ കാലന്‍ കുട വെച്ച് ഒരു അടി. ആ പ്രശ്നം തീര്‍ക്കാന്‍ ഞാന്‍ ഇത്തിരി വിഷമിച്ചു. തൊണ്ണൂറു വയസ്സിലേറെ ആയിട്ടാണ്' അവര്‍ മരിച്ചത്. മരിക്കുന്നതിന്ന് ആറുമാസം മുമ്പ് അവര്‍ എന്നെ കാണണമെന്ന് പറഞ്ഞ് ആളയച്ചിരുന്നു. എന്തോ പ്രധാന കാര്യം പറയാനാണെന്ന് വന്ന ആള്‍ അമ്മയോട് പറഞ്ഞു പോയി.
പിറ്റേന്ന് ഞാന്‍ ചെന്നു. ഉമ്മറ കോലായില്‍ ഞങ്ങള്‍ ഇരുന്നു. മേമടമ്മ കുറെ പഴമ്പുരാണം പറഞ്ഞു. " എനിക്ക് ദൈവം സഹായിച്ച് ആരുടേയും പണത്തിന്‍റെ ആവശ്യമില്ല. കുടുംബത്തില്‍ എല്ലാവര്‍ക്കും ഞാന്‍ എന്‍റെ കയ്യില്‍ ഉള്ളതു പോലെ കൊടുത്തു. നീ ഒന്നും ചോദിച്ചിട്ടില്ല. തന്നിട്ടുമില്ല. പക്ഷേ നിന്നെ പ്രസവിച്ചപ്പോള്‍ എന്‍റെ കയ്യിലാണ്' തന്നത്. നിനക്ക് ഒന്നും തരാതെ മരിച്ചാല്‍ അത് ഒരു കിടപ്പാവും. അവര്‍ അകത്തേക്ക് കയറി പോയി. ചിലപ്പോള്‍ നല്ല ഒരു തുക തന്നാലോ. എങ്ങിനെ നിരസിക്കും എന്ന വേവലാതിയായി എനിക്ക്. അങ്ങിനെയൊന്നും സംഭവിച്ചില്ല. അവര്‍ ഒരു രൂപ നാണയം എന്‍റെ കയ്യില്‍ തന്നു. ശിരസ്സില്‍ കൈ വെച്ച് അനുഗ്രഹിച്ചു.
ഉണ്ണിമാമ തീര്‍ത്തും നിരുപദ്രവകാരിയായിരുന്നു. ശാന്തശീലന്‍. ഒരിക്കലും ക്ഷോഭിച്ച് കാണാറില്ല. നന്നെ ചെറുപ്പത്തില്‍ ഇഷ്ടപ്പെട്ട് ഒരു സ്ത്രീയെ വിവാഹം ചെയ്തു. കുട്ടിയായിരുന്ന ഞാന്‍ ആ കല്യാണത്തിന്ന് പോയിരുന്നു. വീട്ടുകാരുടെ വാക്ക് കേട്ട് അവരെ ഉപേക്ഷിച്ചു. പിന്നെ വിവാഹം കഴിച്ചത് സ്ഥൂലിച്ച ശരീരവും നല്ല മനസ്ഥിതിയും ഉള്ള ഒരു സ്ത്രീയെയാണ്. ആ അമ്മയിയെ എനിക്ക് ഇഷ്ടമായിരുന്നു. കാണുമ്പോഴെല്ലാം വാത്സല്യത്തോടെ കുട്ടാ എന്ന് അവര്‍ എന്നെ വിളിച്ചിരുന്നു. ആ അമ്മായി അവശയായി കിടപ്പിലായപ്പോള്‍ മൂന്നാമതൊരെണ്ണത്തിനെ കെട്ടി.
മേമയെ എപ്പോഴും ഭംഗിയായ വേഷത്തിലാണ്' കാണാറുള്ളത്. അലക്കി തേച്ച കരയുള്ള സെറ്റ് ഉടുത്ത് പൊട്ടു കുത്തി മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്‍റെ മണം പരത്തി ഏറ്റവും വൃത്തിയായ രൂപം. വിവാഹം കഴിഞ്ഞെങ്കിലും മേമ പ്രസവിച്ചിട്ടില്ല. മോന്‍ ശബരിമലക്ക് പോവുമ്പോള്‍ എന്നെ കൂട്ടണം എന്ന് ഒരു ആവശ്യം മാത്രമേ എന്നോട് പറഞ്ഞിട്ടുള്ളു. ആ കൊല്ലം തന്നെ ആ മോഹം സാധിപ്പിച്ചു കൊടുത്തു, അതിന്നടുത്ത വര്‍ഷവും. എന്‍റെ ഇളയ മകന്‍ ഉണ്ണികുട്ടനെ മേമക്ക് വലിയ ഇഷ്ടമായിരുന്നു. ഗുരുവായൂരപ്പന്‍റെ പട്ടു കോണകവും കദളിപഴവും വാങ്ങി വന്ന് അവന്ന് കൊടുക്കും.
മേമയുടെ അമ്മ മരിച്ചതിന്നു ശേഷം അവര്‍ ആകെ തളര്‍ന്നതു പോലെയായി. കൂട്ടിന്നുള്ള തുണ നഷ്ടമായതിലുള്ള വേവലാതി. പിന്നെ മേമ അധിക കാലം അവിടെ കഴിഞ്ഞില്ല. വല്ലപ്പോഴും വീട്ടില്‍ വരും. അമ്മ വല്ലതും കൊടുക്കും. ഒടുവില്‍ ഒരു ദിവസം വീടും പൂട്ടി അനുജന്‍റെ കൂടെ ചെന്ന് താമസമാക്കി. ഗുരുവായൂരില്‍ ദര്‍ശനത്തിന്ന് പോയി വന്ന ഒരു ബന്ധുവാണ്' മേമ കിടപ്പിലാണെന്ന വിവരം അറിയിച്ചത്. പിറ്റേന്ന് ഞാന്‍ കാണാന്‍ ചെന്നു. കൂടെ ഉണ്ണികുട്ടനും.
ഇരുളടഞ്ഞ ഒരു മുറിയില്‍ മേമ കിടന്നിരുന്നു. ഞാന്‍ ലൈറ്റിട്ടു. മേമക്ക് കൈകാലുകളുടെ സ്വാധീനം നഷ്ടമായി കഴിഞ്ഞിരുന്നു. മുടി മുറിച്ചു കളഞ്ഞു, സുന്ദരിയായി നടന്നിരുന്ന മേമ മൊട്ടയായി. മുഖത്ത് ഉറുമ്പുകള്‍ താരയായി അരിക്കുന്നു. വല്ലാത്ത ദുര്‍ഗ്ഗന്ധം അവിടെ തങ്ങിയിരുന്നു. എനിക്ക് അധിക നേരം അവിടെ നില്‍ക്കാനായില്ല. പിന്നെ കാണാമെന്നു പറഞ്ഞ് ഞാനിറങ്ങി. അതു കഴിഞ്ഞ് നാലു ദിവസമേ അയിട്ടുള്ളു. മേമ ഒരു കഥയായി മാറി.
ഞാന്‍ വീട്ടിലെത്തുമ്പോള്‍രാമനുണ്ണിമാമ കാത്തു നില്‍ക്കുകയായിരുന്നു. " നീ ചെന്ന് അവിടെ നിന്ന് ആംബുലന്‍സ് വിളിച്ച് ശവം ഇവിടെ എത്തിക്ക്. ബാക്കി ഇവിടെ ഏര്‍പ്പാടാക്കാം." എന്നും പറഞ്ഞ് എന്നെ അയച്ചു. കുട്ടിമാമയുടെ മകന്‍ ശശി കൂട്ടിന്നും.
ഞങ്ങള്‍ എത്തുമ്പോള്‍ രാത്രിയായി തുടങ്ങി. വാഹനം കിട്ടുമോ എന്ന് ശങ്കിച്ചാണ്' ആ വിട്ടിലേക്ക് ചെന്നത്. കയറി ചെല്ലുമ്പോള്‍ മരിച്ച വീടിന്‍റെ ലക്ഷണം ഒന്നും ഇല്ല. ഉണ്ണിമാമ സിഗററ്റും പുകച്ച് ആരോടൊക്കെയോ സംസാരിച്ചിരിക്കുന്നു. മേശപ്പുറത്ത് വില്‍സ് സിഗററ്റിന്‍റെ കുറെ പാക്കറ്റുകള്‍. മേമയുടെ കഴുത്തിലേ സ്വര്‍ണ്ണ ചെയിന്‍ ഉണ്ണിമാമ അണിഞ്ഞിരിക്കുന്നു. "നിങ്ങള്‍ നാളെ രാവിലെ വരും എന്ന് കണക്കാക്കി ഇരിക്കുകയാണ്" എന്നു പറഞ്ഞപ്പോള്‍ എന്തോ ഒരു പന്തികേട് തോന്നി.മേമയെ കിടത്തിയത് എവിടെയാണെന്ന് ചോദിച്ചതും അതൊക്കെ അടക്കം ചെയ്തിട്ടാണ്' കമ്പി അടിച്ചത് എന്ന മറുപടി കിട്ടി. "ഓപ്പോളക്ക് നിളയുടെ തീരത്ത് സംസ്കരിക്കണം എന്നായിരുന്നു മോഹം. അതൊന്നും നോക്കിയില്ല, ഇവിടെ ക്ഷേത്രം ഉള്ളതല്ലേ. ഞാന്‍ പൊതുശ്മശാനത്തില്‍ കുഴിച്ചിട്ടു. മരിച്ചാല്‍ പിന്നെ എവിടെ എങ്ങിനെ ആയാല്‍ എന്താ" എന്നു പറഞ്ഞു ഉണ്ണിമാമ ചെയ്തത് ന്യായീകരിച്ചു.
എനിക്ക് അപ്പോള്‍ തോന്നിയ വികാരം എന്താണെന്ന് അറിയില്ല. ചിലപ്പോള്‍ ധാര്‍മ്മികരോഷമാകാം. ഞങ്ങള്‍ എഴുന്നേറ്റു. രാവിലെ പോയാല്‍ പോരേ, ഇപ്പോള്‍ ബസ്സ് കിട്ടില്ല എന്നു പറഞ്ഞപ്പോള്‍ സാരമില്ല, എങ്ങിനേയെങ്കിലും പോവാമെന്ന് മറുപടി നല്‍കി ഞങ്ങള്‍ പടിയിറങ്ങി. ഒരു ലോഡ്ജിലും മുറി കിട്ടാനില്ല. ചത്തപുല കാരണം ഓഡിറ്റോറിയത്തിലും കിടക്കാന്‍ പറ്റില്ല. ഞങ്ങള്‍ ഒരു സിനിമക്ക് കയറി. ഒന്നിലും ശ്രദ്ധ നിന്നില്ല. പത്തു മിനുട്ട് കഴിഞ്ഞപ്പോള്‍ വെളിയിലിറങ്ങി. മൂന്ന് രൂപ കൊടുത്ത് പഴയ പത്രകടലാസ് വാങ്ങി, പാതചാലിന്നു മുകളില്‍ വിരിച്ചു, എല്ലാം മറന്ന് ഉറങ്ങി.

Friday, October 31, 2008

ദൌര്‍ഭാഗ്യങ്ങളുടെ പട്ടിക.

ദൌര്‍ഭാഗ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം, അച്ഛന്‍റെ സ്നേഹ വാത്സല്യങ്ങള്‍ ലഭിച്ചില്ല എന്നതാണ്.എട്ടോ പത്തോ ദിവസമാണ്, എന്‍റെ ജീവിതത്തില്‍ ഞാന്‍ അച്ഛനോടൊപ്പം കഴിഞ്ഞിട്ടുള്ളത്. ഇടക്കെങ്ങാനും വരുന്ന എഴുത്തിലും, എന്‍റെ കുട്ടിക്കാലത്ത് വല്ലപ്പോഴും അമ്മക്ക് വരാറുള്ള അമ്പതോ നൂറോ രൂപയുടെ മണി ഓര്‍ഡറിലും ഒതുങ്ങിയിരുന്ന ബന്ധം. ഈ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ലജ്ജ അനുഭവിച്ച സന്ദര്‍ഭം അച്ഛന്‍റെ സാന്നിദ്ധ്യത്തിലാണ്. അതും ഞാന്‍ മുതിര്‍ന്ന ആണായതിന്ന് ശേഷം.

ഒരു ശസ്ത്രക്രിയ കഴിഞ്ഞു ആസ്പത്രിയില്‍ കീടക്കുകയാണെന്നും, അടുത്ത് ആരും ഇല്ലെന്നും അറിയിച്ച അച്ഛന്‍റെ എഴുത്തു കിട്ടിയപ്പോള്‍ ഞാന്‍ ഒന്ന് പോയി കാണണമെന്ന് അമ്മ ശഠിച്ചു.മദിരാശി സ്റ്റാന്‍ലീ ഹോസ്പിറ്റലിലാണെന്നാണ്,വിവരം.എനിക്ക് ഒരു പരിചയവും ഇല്ലാത്ത സ്ഥലം.

താത്ത കൂടെ വരാമെന്ന് ഏറ്റു. പരിചയം സ്നേഹത്തിലേക്കും ക്രമേണ ബന്ധുത്വത്തിന്‍റെ തലത്തിലും എത്തി മാതുലതുല്യനായി തീര്‍ന്ന വൃദ്ധന്‍." രക്തബന്ധം എന്ന് പറഞ്ഞാല്‍ ഇങ്ങിനെയാണ്. നല്ല കാലത്ത് ഓര്‍ത്തില്ലെങ്കിലും കഷ്ടപ്പാട് വന്നപ്പോള്‍ മകനെ ഓര്‍മ്മ വന്നല്ലോ.ഉണ്ണി തീര്‍ച്ചയായുംചെന്ന് കാണണം. ചിലപ്പോള്‍ ഇനിയുള്ള ജീവിതകാലം അച്ഛന്‍ ഈ മകന്‍റെ കൂടെആവും." എന്നൊക്കെ താത്ത എന്നോട് പറഞ്ഞു. എനിക്ക് അത്രക്ക് വിശ്വാസം വന്നില്ല.അമ്മ നായര്‍ തറവാട്ടിലെ അംഗമാണ്, അച്ഛന്‍ ബ്രാഹ്മണനും. പഴയ കാലത്തെ നാട്ടു നടപ്പ് അനുസരിച്ഛു നടന്ന വിവാഹം. അമ്മയെ കൂടാതെ അച്ഛന്ന് സ്വജാതിയില്‍ ഭാര്യയും മക്കളും ഉള്ളതാണ്. കല്യാണം കഴിഞ്ഞു പതിന്നാലു കൊല്ലത്തിനു ശേഷം അമ്മ പ്രസവിച്ച ഏക പുത്രനായ ഞാനായിരുന്നു ഏറ്റവും ഇളയത്. ഞങ്ങളേക്കാള്‍ ഉയര്‍ന്ന സ്ഥിതിയിലുള്ള അവരോടൊപ്പം ഇത്രകാലം കഴിഞ്ഞ അച്ഛന്‍,ആ സൌഭാഗ്യങ്ങള്‍ ഉപേക്ഷിച്ച് ഞങ്ങളോടൊപ്പം ജീവിക്കുമെന്ന് കരുതാന്‍ എനിക്ക് പ്രയാസം തോന്നി.

താത്തയുടെ മരുമകന്‍ കൃഷ്ണന്‍കുട്ടി മച്ചാന്‍ ഞങ്ങളെ കാത്തു നിന്നിരുന്നു. സ്റ്റാന്‍ലി ഹോസ്പിറ്റലില്‍ അച്ഛന്‍ ഇല്ല. ചികിത്സ കഴിഞ്ഞു മടങ്ങിയതായി അറിഞ്ഞു. മച്ചാന്‍റെ താമസ സ്ഥലത്ത് ചെന്ന് കുളിച്ചൊരുങ്ങി അച്ഛനെ തേടി പുറപ്പെട്ടു. ശരിയായ മേല്‍വിലാസം പോലും അറിയാതെ,പലസ്ഥലത്ത് ചെന്ന് പലരോടും ചോദിച്ചറിഞ്ഞ് നട്ടപ്പൊരിവെയിലത്ത് വിയര്‍ത്തു കുളിച്ച് ഒരു യാത്ര.

വൈകുന്നേരത്തോടെ അച്ഛന്‍റെ താവളത്തില്‍ എത്തി.വാതില്‍ക്കല്‍ മുട്ടി വിളിച്ചപ്പോള്‍ ആരോ വന്ന് കതക് തുറന്നു. ആഗമനോദ്ദേശം മച്ചാനാണ് അറിയിച്ചത്. ഞങ്ങളെ മുകളിലേക്ക് ആനയിച്ചു. അവിടെ സെറ്റിയില്‍ അച്ഛന്‍ ഇരിക്കുന്നു. എന്നെ തീരെ പ്രതീക്ഷിച്ചിരുന്നില്ല എന്ന് മുഖഭാവത്തില്‍ നിന്നും എനിക്ക് മനസ്സിലായി. അടുത്ത് ഒരു കസേലയില്‍ ഇരുന്നത് അച്ഛന്‍റെ ഭാര്യയാണ്.ചുറ്റിലും അവിടുത്തെ മക്കള്‍.ഞാന്‍ ആരാണെന്ന് അവര്‍ക്കൊക്കെ മനസ്സിലായി. അത്രക്ക് രൂപ സാദൃശ്യം."ഈശ്വരന്‍റെ ഒരു കളി" എന്ന് ഇതിനെ കുറിച്ച് മരിക്കുന്നതു വരെ താത്ത പറയുമായിരുന്നു. വന്നത് അബദ്ധമായി എന്ന് എനിക്ക് തോന്നി.രോഗവിവരം അന്വേഷിച്ചു വന്ന പരിചയക്കാരോട് പെരുമാറുന്നതു പോലെയാണ്'അച്ഛന്‍ ഞങ്ങളോട് പെരുമാറിയത്. ആ നിമിഷങ്ങളില്‍ ഞാന്‍ അനുഭവിച്ച നിസ്സഹായതയും അന്യഥാ ബോധവും വാക്കുകള്‍ക്ക് അതീതമാണ്.
കുറച്ചു നേരം ഞങ്ങള്‍ അവിടെ ചുറ്റിപറ്റി നിന്നു. സംഭാഷണത്തിന്ന് വേറെ വിഷയമൊന്നും ഇല്ലാത്തതിനാല്‍ "നാളെ കാണാ"മെന്ന് താത്ത അച്ഛനോട് പറഞ്ഞു. ഞങ്ങള്‍ ഇറങ്ങി."എല്ലാവരുടേയും മുമ്പില്‍ വെച്ച് അച്ഛന്ന് വിഷമതകള്‍ ഒന്നും പറയാന്‍ പറ്റാത്തതാണ്. നാളെ വിസ്തരിച്ച് സംസാരിക്കും" എന്ന് താത്ത എന്നെ ആശ്വസിപ്പിച്ചു.

പിറ്റേന്നത്തെ സമീപനത്തില്‍ എനിക്ക് വ്യത്യാസമൊന്നും തോന്നിയില്ല. അല്‍പ്പനേരം എന്തെല്ലാമോ സംസാരിച്ച് ഞങ്ങള്‍ ഇറങ്ങി.റോഡിലിറങ്ങിയ ശേഷം ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അച്ഛന്‍ ജനലിന്നടുത്ത് ഞങ്ങളെ നോക്കി നില്‍ക്കുന്നു. അതായിരുന്നു ഞാന്‍ അവസാനമായി അച്ഛനെ കാണുന്നത്.എന്നെങ്കിലും മക്കള്‍ ജനിച്ചാല്‍ എനിക്ക് ലഭിക്കാത്ത സ്നേഹവും വാത്സല്യവും ഞാന്‍ അവര്‍ക്ക് വാരി കോരി കൊടുക്കുമെന്ന് അന്ന് ഞാന്‍ മനസ്സില്‍ ഉറപ്പാക്കി.അതിന്നു ശേഷം ഞാന്‍ അച്ഛന്ന് മൂന്നു നാലു കത്തുകള്‍ അയച്ചെങ്കിലും മറുപടി ഒന്നും ലഭിച്ചില്ല. അതോടെ യാതൊരു വിധ സമ്പര്‍ക്കവും ഇല്ലാതായി.
വര്‍ഷങ്ങള്‍ നിരവധി കടന്നു പോയി.ഏതോ അവസരത്തില്‍ ഒരു ജോത്സ്യന്‍ അമ്മയോട് " ഭര്‍ത്താവ് മരിച്ചു പോയി,മകന്‍ ബലി ഇടാത്തതില്‍ അച്ഛന്ന് ഖേദമുള്ളതിനാല്‍,ആ കാര്യം ചെയ്യിക്കണ" മെന്ന് പറഞ്ഞു. തുടര്‍ന്ന് ആ ചടങ്ങ് കൂടി ഒരു നിയോഗമായി എന്നില്‍ എത്തി. ഞാനും ഭാര്യ സുന്ദരിയും തിരുനാവായയില്‍ ചെന്നു.ത്രിമൂര്‍ത്തികളെ മനസ്സില്‍ ധ്യാനിച്ചു. അറിയാതെ ആണെങ്കിലും ഇരിക്കപിണ്ഡം ആണ്'ഞാന്‍ ചെയ്യുന്നതെങ്കില്‍ ക്ഷമിക്കണേ എന്ന് അപേക്ഷിച്ചു. ആ കര്‍മ്മം നിറവേറ്റി, ഒരു ജന്‍മം നല്‍കിയതിന്‍റെ കടം ഞാന്‍ വീട്ടി.

കരച്ചില്‍ ദുഃഖത്തിനെ അകമ്പടി സേവിക്കും എന്നത് ഒരു ലോക നിയമമാണ്. അകത്ത് കുമിഞ്ഞു കൂടി തിങ്ങി നിറയുന്ന ദുഃഖ ഭാരത്തിന്ന് ഒഴുകിപോവാനുള്ള ഒരേ ഒരു വഴി കരയുക മാത്രമാണ്. ആ സൌകര്യം അനുഭവിക്കാന്‍ പറ്റാത്ത ഒരു ഖേദം ഇന്നും മനസ്സില്‍ ഒരു നൊമ്പരമാണ്.

ഞാന്‍ മുത്തശ്ശിയുടെ വാത്സല്യ ഭാജനമായിരുന്നു. "പതിന്നാലു കൊല്ലം കാത്തിരുന്നു കിട്ടിയ മുതലാണ്" എന്നാണ്' മുത്തശ്ശി എന്നെ കുറിച്ചു പറയാറ്. കുസൃതി കാട്ടിയതിന്ന് അമ്മ എന്നെ വഴക്ക് പറഞ്ഞാല്‍ മുത്തശ്ശി ഇടപെടും. അവനെ എന്തെങ്കിലും പറഞ്ഞാല്‍ എനിക്ക് സഹിക്കില്ല എന്നു പറഞ്ഞ് അമ്മയോട് തട്ടി കയറും.മുത്തശ്ശിയെ കെട്ടിപിടിച്ച് മേത്ത് കാലേറ്റി വെച്ചിട്ടാണ്' ഞാന്‍ ഉറങ്ങാറ്.മുത്തശ്ശിയുടെ ഇടത്തെ തോളിലായി കറുത്ത ഒരു അരിമ്പാറ ഉള്ളതില്‍ എന്‍റെ കുഞ്ഞു തള്ളവിരല്‍ വെച്ച് ഞാന്‍ ഇടക്ക് അമര്‍ത്തും. എനിക്ക് അതൊരു രസമാണ്. " ചെക്കാ, എനിക്ക് വേദനിക്കുന്നു" എന്ന് പറഞ്ഞ് മുത്തശ്ശി കൈ പിടിച്ചു മാറ്റും.

ഇങ്ങിനെയൊക്കെ ആണെങ്കിലും മുത്തശ്ശി ഏര്‍പ്പെടുത്തിയിട്ടുള്ള ചില നിയന്ത്രണങ്ങള്‍ എനിക്ക് സ്വീകാര്യമായിരുന്നില്ല.
വൈകുന്നേരങ്ങളില്‍ കൈകാല്‍ കഴുകിച്ച് മുത്തശ്ശി എന്നെ മടിയിലോ അടുത്തോ ഇരുത്തും. "നരനായിങ്ങിനെ ജനിച്ചു ഭൂമിയില്‍ നരക വാരിധി നടുവില്‍ ഞാന്‍" എന്ന് ഈണത്തില്‍ ചൊല്ലും. ഞാന്‍ കൈകൂപ്പിയിരിക്കണം. അതിനു ശേഷം " അച്യുത ബാലനാം പച്ച നിറം പൂണ്ട കൊച്ചു കുമാരനെ കൈ തൊഴുന്നേന്‍" എന്ന് എന്നെ കോണ്ട് ചൊല്ലിക്കും. എനിക്ക് എപ്പോഴും കളിച്ചു നടക്കാനായിരുന്നു താല്‍പ്പര്യം.അതിനാല്‍ ഈ ഏര്‍പ്പാട് ഒന്നും തീരെ ഇഷ്ടപ്പെടാറില്ല. ദേഷ്യം തോന്നുന്ന ദിവസാങ്ങളില്‍ മുത്തശ്ശി നാമം ജപിക്കാന്‍ വിളിച്ചാല്‍ " ഇന്ന് ഞാന്‍ കുച്ചൂതാ,ബാലനാം" എന്ന് ചൊല്ലില്ലാ എന്നു പറഞ്ഞു ശാഠ്യം പീടിക്കും. പക്ഷെ നാമം ജപിച്ചാലേ ചോറു തരൂ എന്ന നിബന്ധന ഉള്ളതിനാല്‍ ചെയ്യാതെ നിര്‍വാഹമില്ല.

നട്ടുച്ച നേരത്ത് വെളിയിലിറങ്ങി കളിക്കാന്‍ എന്നെ അനുവദിക്കാറില്ല. പലവിധ രോഗങ്ങളും ബാധകളും പിടികൂടുമെന്നാണ്, പറയാറ്.ഉച്ചയുണു കഴിഞ്ഞാല്‍ മുത്തശ്ശിക്ക് ഒരു മയക്കം പതിവാണ്. ഒന്നുകില്‍ ഞാന്‍ കൂടെ കിടക്കണം, അല്ലെങ്കില്‍ കട്ടില്‍ കാല്‍ ചാരി ഇരിക്കണം. ഞാന്‍ ഇരിക്കാമെന്ന് സമ്മതിക്കും. മുത്തശ്ശി ഉറങ്ങി എന്ന് ഉറപ്പായാല്‍ ഞാന്‍ എഴുന്നേറ്റ് നടക്കും.എന്‍റെ ഈ സൂത്രം മനസ്സിലായ ശേഷം മുത്തശ്ശി വാതിലിന്‍റെ മുകളിലെ കുറ്റി ഇടും.ഞാന്‍ ബന്ധനസ്ഥനാവും.

അതൊന്നും എന്നെ വെറുതെ ഇരുത്താറില്ല. മുത്തശ്ശി ഉറങ്ങിയാല്‍ ഞാന്‍ അവരൂടെ മുടി പിന്നിയിടും. ഞാന്നു കിടക്കുന്ന മുത്തശ്ശിയുടെ കാതുകള്‍ നൂലെടുത്ത് കെട്ടും.സ്ക്കൂളില്‍ നിന്നും സര്‍ക്കസ്സിന്നു പോയതിന്നു ശേഷം,ഒരു ദിവസം മുത്തശ്ശി ഉറങ്ങുമ്പോള്‍ ഞാന്‍ അവരുടെ മുഖത്ത് ഭസ്മം, കുങ്കുമം എന്നിവ എടുത്ത് ബഫൂണിന്‍റെ മേക്കപ്പ് വരച്ചു വെച്ചു.അന്ന് പൊതിരെ തല്ലും കിട്ടി.

ഞാന്‍ സ്ഥലത്തില്ലാത്ത സമയത്താണ്' മുത്തശ്ശി വീണത്. പരീക്ഷ എഴുതാനായി ധനുമാസത്തിലെ തിരുവാതിര ദിവസം ഉച്ചക്ക് മുത്തശ്ശിയോടൊപ്പം ഉച്ച ഭക്ഷണം കഴിച്ചു, മുത്തശ്ശിയെ നമസ്കരിച്ച് ഞാന്‍ ‍കോഴിക്കോട്ടേക്ക് പോയതായിരുന്നു. അന്നേ ദിവസം വൈകുന്നേരം മുത്തശ്ശി കട്ടിലില്‍ നിന്നു വീണു. മൂന്നു ദിവസത്തെ പരീക്ഷ കഴിഞ്ഞത നേരത്താണ് ലോഡ്ജിലേക്ക് ഫോണിലൂടെ വീട്ടില്‍ നിന്നും വിവരം അറിയിച്ചത്.

ഞാന്‍ എത്തുമ്പോള്‍ മുത്തശ്ശി വേദന സഹിച്ച് ഒന്നും സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു.പിറ്റേന്ന് ഞാന്‍ ഡോക്ടറെ സമീപിച്ച് വിവരം തിരക്കി. ഈ കിടപ്പില്‍ നിന്നും മുത്തശ്ശി എഴുന്നേല്‍ക്കില്ലെന്നും, ഇനി ഒരു പാട് ദിവസം ജീവിക്കില്ലാ എന്നും അദ്ദേഹം എന്നെ അറിയിച്ചു. അത് ശരിയായിരുന്നു. രാത്രി ഞാനും ഹരിയേട്ടനും കൂടി മുത്തശ്ശിയെ നോക്കി നില്ക്കുകയാണ്. മറ്റെല്ലാവരും ഭക്ഷണം കഴിക്കുകയാണ്. ഹരിയേട്ടന്‍ എന്‍റെ സഹ പ്രവര്‍ത്തകനും സ്വന്തം ഏട്ടന്‍ എന്ന നിലക്ക് എന്നെ സ്നേഹിച്ച ആളുമാണ്.മുത്തശ്ശിയുടെ ശ്വാസഗതി ശ്രദ്ധിച്ച് വിവിധ രീതിയിലുള്ള അവസാന ശ്വാസപ്രക്രിയകളെ കുറിച്ച് ഹരിയേട്ടന്‍ എനിക്ക് പറഞ്ഞു തരുമ്പോള്‍, മുത്തശ്ശിയുടെ കണ്ണുകളടഞ്ഞുഎന്നെന്നേക്കുമായി.

തുടക്കത്തിലുള്ള കരച്ചിലും ബഹളവും അവസാനിച്ച്, അത്യാവശ്യം വന്ന ആളുകള്‍ പിരിഞ്ഞു പോയപ്പോള്‍, ഞാന്‍ മുത്തശ്ശിയുടെ ശരീരത്തിന്നരികെ ചെന്നിരുന്നു. ഞാന്നു കിടക്കുന്ന കാതുകളിലേക്കും കറുത്ത അരിമ്പാറയിലേക്കും എന്‍റെ കണ്ണുകള്‍ ചെന്നു. നാളെ ഈ നേരം ആവുമ്പോഴേക്കും ഇതെല്ലാം കാണാന്‍ പറ്റാത്തവിധം എരിഞ്ഞടങ്ങി ഇല്ലാതായി കഴിഞ്ഞിരിക്കും.അത് ഓര്‍ത്തപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു. നെഞ്ഞത്ത് എന്തോ ഭാരം കയറ്റി വെച്ചതു പോലെ. ഞാന്‍ കരച്ചിലിലേക്ക് വഴുതി വീഴുകയായിരുന്നു.

ആ സമയത്ത് പുറത്ത് പിറ്റേന്നത്തെ ശവസംസ്ക്കാര ചടങ്ങുകളെ കുറിച്ച് ആരൊക്കയോ സംസരിക്കുന്നത് എന്‍റെ ചെവിയിലെത്തി.എന്‍റെ കയ്യില്‍ പണമില്ലെന്ന വസ്തുത അപ്പോള്‍ എന്‍റെ ഓര്‍മ്മയിലേക്ക് കടന്നു വന്നു. ലീവിലായിരുന്നതിനാല്‍ കഴിഞ്ഞ മാസത്തെ ശമ്പളം വാങ്ങാന്‍ എനിക്കായില്ല. ലൂസ് അക്വിറ്റന്‍സ് കൊടുത്ത് കൂട്ടുകാരന്‍ കുട്ടി കൃഷ്ണന്‍ അത് വാങ്ങിയിരിക്കണം. രാവിലെ നേരം വെളുക്കുന്നതോടെ ആളുകള്‍ വന്നു തുടങ്ങും. അതിനു മുമ്പ് പണം കൈ പറ്റണം.കൂട്ടുകാരന്‍റെ വീട് ആറു കിലോമീറ്റര്‍ അകലെയാണ്. ദുഃഖങ്ങളെ ഞാന്‍ എടുത്തെറിഞ്ഞു. ആരോടും ഒന്നും പറയാന്‍ നില്ക്കാതെ സൈക്കിള്‍ എടുത്ത് പുറത്തിറങ്ങി. പിന്‍ നിലാവിന്‍റെ വെളിച്ചത്തില്‍ സൈക്കിള്‍ മുന്നോട്ട് നീങ്ങി.

റെയില്‍വേ ഗേറ്റിന്നടുത്തു വെച്ച് ഉണ്ണിയെ കണ്ടു. അയാള്‍ വീട്ടിലേക്ക് വരികയാണ്.കാര്യം അറിഞ്ഞ ഉടനെ " ഞാന്‍ പോയി പണം വാങ്ങി വരാ"മെന്നു പറഞ്ഞ് അയാള്‍ സൈക്കിള്‍ ഏറ്റു വാങ്ങി.അയാള്‍ പോകുന്നതും നോക്കി ഗേറ്റിന്നടുത്തുള്ള പുളിമരചോട്ടില്‍ ഞാന്‍ നിന്നു. മനസ്സ് ശാന്തമാകുന്നതു വരെ ഞാന്‍ അവിടെ തന്നെ ആയിരുന്നു.അപ്പോള്‍ മഞ്ഞ് പെയ്ത് ഇറങ്ങുകയായിരുന്നു.

Friday, October 17, 2008

തിരിഞ്ഞു നോക്കുമ്പോള്‍.

ഈ കഴിഞ്ഞ മിഥുന മാസത്തിലെ മൂലം നക്ഷത്രം. ജീവിത യാത്രയില്‍ ഒരു നാഴിക കല്ലു കൂടി പിന്നിട്ട് അന്ന് ഞാന്‍ അറുപതുകളിലേക്ക് കടക്കുകയായിരുന്നു. സത്യത്തില്‍ അറിയപ്പെടാതെ കടന്നു പോകാന്‍ ഇടയാകുമായിരുന്ന ഒരു ദിവസം. തലേന്ന് വൈകുന്നേരം ചില അത്യാവശ്യ കാര്യങ്ങളുമായി ഞാന്‍ പട്ടാമ്പിയിലായിരുന്നു. ഇരുട്ടു പരന്നു കഴിഞ്ഞിരുന്ന നേരം. പോക്കറ്റിലിരുന്ന ചൈനീസ് മൊബൈല്‍ ഫോണ്‍ യേശുദാസിന്‍റേ സ്വരത്തില്‍ "ഹരേ കൃഷ്ണാ, ഗുരുവായൂരപ്പാ " എന്ന് ഭഗവാനെ സ്തുതിച്ചു. മൂത്ത മകന്‍ മനു. "നാളെ അച്ഛന്‍റെ അറുപതാം പിറന്നാളാണ്. എങ്ങിനെ ആഘോഷിക്കണം"എന്ന് അന്വേഷിക്കാനാണ്. ഒരു ആഘോഷം ഏര്‍പ്പാടാക്കാനും മറ്റും സമയമില്ല. എന്‍റെ നക്ഷത്ര പ്രകാരം മുരുകനേയാണ്' ഭജിക്കേണ്‍ടത്. അതിനാല്‍ മറ്റൊന്നും ആലോചിക്കാതെ പഴനിയിലേക്ക് ഒരു യാത്ര മതിയെന്ന്' തീരുമാനിച്ചു. സദ്യയോ, ആചാരാനുഷ്ഠാനങ്ങളോ ഒന്നും ഇല്ലാതെ ആ ദിവസം കടന്നു പോയി.
ഓര്‍മ്മയിലുള്ള ഒന്നാമത്തെ അറുപതാം പിറന്നാള്‍ ആഘോഷം വലിയമ്മാമയുടേതാണ്. അന്നു തന്നെയാണ്' എന്‍റെ ആറാം പിറന്നാളും. തലേന്നു ഉച്ചക്ക് ഞാനും മുത്തശ്ശിയും അമ്മാമന്‍മാരും വലിയമ്മാമയും വലിയമ്മായിയും കൂടി യാത്ര പുറപ്പെട്ടു. എന്‍റെ ആദ്യത്തെ ദൂര യാത്ര. വൈകീട്ട് എടക്കുളം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. ഇന്നത്തെ തിരുനാവായ. പിന്നെ കാല്‍നട. തിരുനാവായിലെ ഗാന്ധി പ്രതിമയെ കാണിച്ച് മുത്തശ്ശിയോട് വലിയമ്മാമ " അമ്മൂ,ഈ മഹാനും ഒരു ദൈവം തന്നെ, ഇവിടെ കൂടി ഒന്ന് തൊഴുതോളൂ" എന്നു പറഞ്ഞതും, എല്ലാവരും കൈ കൂപ്പിയതും,തൃപ്രങ്ങോട് മഹാദേവ ക്ഷേത്രത്തിന്നു മുമ്പിലെ, മാര്‍ക്കണ്ഡേയനു രക്ഷപെടാനായി നടുവെ പിളര്‍ന്ന ആലും അവ്യക്തമായ ഓര്‍മ്മകളായി നിലനില്‍ക്കുന്നു.
ഹൈസ്കൂള്‍ ക്ളാസില്‍ പഠിക്കുമ്പോഴാണ്,ഞാന്‍ പങ്കെടുത്ത അടുത്ത അറുപതാം പിറന്നാള്‍ ആഘോഷം. കുടുംബത്തിലെ ഒരു വലിയമ്മയുടെ ഭര്‍ത്താവിന്‍റെ. കുട്ടിമാമയുടെ കൂടെയാണ്' ഞാന്‍ ചടങ്ങിന്ന് പോയത്. ഹോമകുണ്ഡത്തിനു മുമ്പില്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരെ ഇരുത്തി അഭിഷേകം നടത്തി, പല വിധ ദാനങ്ങള്‍ ചെയ്യിച്ചു. വെറ്റില, കളി അടക്ക പണം എന്നിവ അടങ്ങിയ ദാനം നിരവധി പേര്‍ക്ക് നല്‍കി. പുറമെ കുട, വടി, വസ്ത്രങ്ങള്‍ എന്നിവയും. കൊമ്പിലും കുളമ്പിലും സ്വര്‍ണ്ണ തകിടു പൊതിഞ്ഞ പശുവിനേയും കുട്ടിയേയും ഒരു സാധു ബ്രാഹ്മണനു കൊടുത്തു. എല്ലാറ്റിനും പുറമെ ധാരാളം പേര്‍ക്ക് ഗംഭീര സദ്യയും.
അമ്മയുടെ അറുപതാം പിറന്നാള്‍ ചടങ്ങുകള്‍ നടത്തിയത് ഞാനാണ്. ചിലവു ചുരുക്കി, ചടങ്ങുകള്‍ മാത്രം നടത്തിയാല്‍ മതിയെന്ന് പറഞ്ഞത് അമ്മയാണ്. ദാനത്തിന്ന് പ്രത്യക്ഷ പശുവിന്നു പകരം പ്രതീകമായി പണം കൊടുത്താല്‍ മതിയെന്ന് നിശ്ചയിച്ചതും അമ്മയാണ്. കുറച്ച് അതിഥികള്‍. ചെറിയൊരു സദ്യവട്ടം. വലിയ നിറപ്പകിട്ടില്ലാത്ത ഒരു ചടങ്ങ്.
അറുപത് തികയുന്ന വേളയില്‍ എന്തിനാണ്, ഒരു ലാഭ നഷ്ടകണക്കും ബാക്കി പത്രവും എന്ന് ആലോചിക്കാതിരുന്നില്ല. മുപ്പതു കൊല്ലത്തിലേറെ കണക്കുപിള്ളയായിരുന്ന ആള്‍, സ്വന്തം ജീവിതത്തെ പറ്റി ഒരു കൂട്ടി കിഴിക്കല്‍ ചെയ്താല്‍ എങ്ങിനെയിരിക്കും എന്ന് ഒരു തോന്നല്‍. എല്ലാ ഘടകങ്ങളും ഉള്‍പ്പെടാത്ത , ചിലത് മാത്രം ചേര്‍ത്ത ഒരു വരവു ചിലവ് കണക്ക്.
എന്നെ സംബന്ധിച്ച് ഈ ജീവിതം മുഴുവനും ലാഭത്തിന്‍റെ പട്ടികയിലാണ്. അറുപതു കൊല്ലം മുമ്പ് പ്രസവ സമയത്ത് ആവശ്യത്തിന്ന് വൈദ്യസഹായം ലഭിക്കാതെ അമ്മയും കുട്ടിയും നഷ്ടപ്പെടുമെന്ന് വിചാരിച്ചിരുന്ന സമയം. ഒടുവില്‍ എത്തിയ ഡോക്ടര്‍ രാമനുണ്ണി നായര്‍ കുട്ടിയെ ജീവനോടെ കിട്ടില്ല എന്ന് ഉറപ്പ് പറഞ്ഞതിനെ മറികടന്ന് ലഭിച്ച ആയുസ്. ലാഭത്തിന്‍റെ പട്ടികയിലെ ആദ്യത്തെ ഇനം.
ഇത്രയും കാലത്തെ ജീവിതത്തില്‍ കാണാനും പരിചയപ്പെടാനും ഇടയായ മിക്കവാറും എല്ലാവരും തന്നെ വളരെ നല്ലവരായിരുന്നു . തളര്‍ന്ന് വീഴും എന്ന് ഉറപ്പായ നിര്‍ണ്ണായക ഘട്ടങ്ങളില്‍ പലരും നല്‍കിയ കൈത്താങ്ങിനെ അവലംബിച്ച് ഈ ജീവിതം മുന്നോട്ട് നീങ്ങാന്‍ കഴിഞ്ഞത് മറ്റൊരു ലാഭം.
കൊടുക്കലിലും വാങ്ങലിലുമുള്ള കിറുകൃത്യത, പറ്റിക്കപ്പെടാതെ സാധനങ്ങള്‍ വില പേശി വാങ്ങാനുള്ള കഴിവ്,കേവലം ഒരു മണി നെല്ലു പോലും നഷ്ടമാവാതെ സൂക്ഷിക്കാനുള്ള ജാഗ്രത തുടങ്ങി നിരവധി ഗുണങ്ങളാല്‍ എന്‍റെ കുറവുകളും കഴിവുകേടുകളും നികത്താന്‍ പ്രാപ്തിയുള്ള സ്നേഹമയിയായ സഹധര്‍മ്മിണിയെ ലഭിച്ചത് വലിയൊരു സൌഭാഗ്യം. അതുപോലെ ജീവനുതുല്യം എന്നെ സ്നേഹിക്കുന്ന പ്രിയപ്പെട്ട മക്കളും ദൈവത്തിന്‍റെ വരദാനങ്ങളാണ്.
എല്ലാറ്റിനേയും നിഷ്പ്രഭമാക്കുന്നതാണ്' അമ്മയോടൊത്തു കഴിഞ്ഞ ജീവിതം. ഞാന്‍ അമ്പതാം വയസ്സിലേക്ക് കടന്നപ്പോഴായിരുന്നു അമ്മ മരിച്ചത്. അന്നു വരെ ഞങ്ങള്‍ വേര്‍പിരിഞ്ഞു കഴിഞ്ഞിട്ടില്ല. മരിക്കുന്നതിന്‍റെ തലേന്ന് വൈകുന്നേരം അമ്മ എന്നെ വിളിച്ചു. കട്ടിലിന്‍റെ ഓരത്ത് ഞാനിരുന്നു. "മകനേ, ഇന്ന് നാമം ജപിക്കുമ്പോള്‍ എന്‍റെ കുട്ടി , എത്രയും പെട്ടെന്ന് അമ്മ കഷ്ടപ്പെടാതെ മരിക്കാനായി പ്രാര്‍ത്ഥിക്കണം" എന്ന് മുഖവുര കൂടാതെ അമ്മ പറഞ്ഞപ്പോള്‍, " അമ്മക്ക് അത്രക്ക് ജീവിതം മതിയായി എന്ന് തോന്നുന്നുണ്ടോ?" എന്ന് ഞാന്‍ ചോദിച്ചു. അതിന്ന് അമ്മ പറഞ്ഞ മറുപടിയാണ്, എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം. "എനിക്ക് മരിക്കാറായി. ഒന്നിനും മോഹമില്ല. പക്ഷെ, എന്‍റെ മകന്‍റെ കൂടെ ജീവിച്ചിട്ട് എനിക്ക് കൊതി തീര്‍ന്നിട്ടില്ല. എന്‍റെ കുട്ടി അത്രക്ക് പാവമാണ്".
അമ്മ പറഞ്ഞത് ഞാന്‍ അനുസരിച്ചു. അമ്മയോടൊപ്പം കട്ടിലില്‍ ഇരുന്നു, അമ്മയുടെ ശിരസ്സില്‍ കൈവെച്ചു,അമ്മ ആഗ്രഹിച്ചപോലെ പ്രയാസം കൂടാതെ മരണം സംഭവിക്കണേ എന്നു പ്രാര്‍ത്ഥിച്ചു, ലളിത സഹസ്രനാമം ജപിച്ചു. അതിന്ന് ഇത്ര മാത്രം ഫലസിദ്ധി ലഭിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. പിറ്റേന്ന് വൈകുന്നേരത്തിന്നു മുമ്പ് അമ്മ മരിച്ചു.
അന്ന് നേരിയ പനി കാരണം ഞാന്‍ ലീവായിരുന്നു. പത്തു മണിയോടെ അമ്മ എന്‍റെ അടുത്ത് വന്നിരുന്നു. വാത്സല്യത്തോടെ മുടിയിലൂടെ വിരലോടിച്ചു. എന്‍റെ കൈ എടുത്ത് അമ്മയുടെ മടിയില്‍ വെച്ചു. കുറെ കഴിഞ്ഞാണ്' അമ്മ പോയത്. ഉച്ചക്ക് ഭക്ഷണം കഴിച്ച പാത്രം അമ്മ തന്നെയാണ്' കഴുകിയത്. സമയം വൈകുന്നേരം മൂന്നാവാറായി കാണും. പണിക്കാരികള്‍ പാടത്ത് നടുന്നത് നോക്കാന്‍ ചെന്ന മരുമകളെ വിളിക്കാനായി അമ്മ പേരമക്കളെ അയച്ചു. പിറ്റേന്ന് അവളുടെ അമ്മയുടെ ശ്രാര്‍ദ്ധമാണ്, അതിന്ന് സാധനങ്ങള്‍ വാങ്ങിക്കണം, വേഗം വരാന്‍ പറയ്, എന്നായിരുന്നു അമ്മയുടെ അവസാന വാക്കുകള്‍. അവള്‍ എത്തുമ്പോഴേക്കും അമ്മ ബാത്ത് റൂമില്‍ പോയി വന്നു, കട്ടിലില്‍ ഇരുന്നതും ചെരിഞ്ഞു. അമ്മയുടെ കണ്‍മിഴികള്‍ മറിയുന്നതു കണ്ട എന്‍റെ ഭാര്യയാണ്'എന്നെ വിളിച്ചത്. എനിക്ക് കാര്യം മനസ്സിലായി. ശക്തി മുരുകന്‍ മോഹനന്‍ മുമ്പ് തന്ന ഗംഗാ ജലത്തിന്‍റെ പാത്രം തുറന്നു.തുളസിയില ചേര്‍ത്ത് ജലം വായില്‍ ഇറ്റിച്ചു."ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം" അമ്മയുടെ ശിരസ്സ് എന്‍റെ മടിയില്‍ വെച്ച് വിഷ്ണു സഹസ്രനാമത്തിന്‍റെ വരികള്‍ ഞാന്‍ മെല്ലെ ഉച്ചരിച്ചു. അമ്മ എന്നെന്നേക്കുമായി കണ്ണടച്ചു.
ഭാര്യയുടേയും മക്കളുടേയും കരച്ചില്‍ ഉയര്‍ന്നു. ഞാന്‍ സങ്കടപ്പെടുന്നത് അമ്മക്ക് കാണാനാവില്ല. യാതൊന്നും സംഭവിക്കാത്തതുപോലെ, പ്രത്യേകിച്ച് ഒരു ഭാവഭേദവും കൂടാതെ, തീര്‍ത്തും ശാന്തനായി ഞാന്‍ എഴുന്നേറ്റു, ഡയറി തുറന്ന് അന്നത്തെ പേജില്‍ "അമ്മ എന്ന യാഥാര്‍ത്ഥ്യം സങ്കല്‍പ്പമായി മാറി " എന്ന് കുറിച്ചിട്ടു.
( ഇത് ഇവിടെ അവസാനിക്കുന്നില്ല.)