Saturday, July 16, 2016

പാവിട്ടക്കുഴല്‍.


ഇന്ന് കര്‍ക്കിടകമാസം ഒന്നാം തിയ്യതിയാണ്. ഇന്നലെയാണ് കര്‍ക്കിടക സംക്രമം. ചക്കന്താരാന്തി എന്നാണ് നാട്ടില്‍ അതിനെ പറയാറ്. എന്‍റെ കുട്ടിക്കാലത്ത് വളരെ പ്രാധാന്യത്തോടെ ആഘോഷിക്കാറുള്ള ഒന്നാണ് കര്‍ക്കിടക ചങ്കരാന്തി.

ചങ്കരാന്തിക്ക് ഒരാഴ്ച മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങും. വീടും പരിസരവും വൃത്തിയാക്കലാണ് പ്രധാന പണി. മുറ്റത്തെ പുല്ലുകള്‍  വലിച്ചു കളയുക, തൊടിയിലെ പാഴ്ച്ചെടികള്‍ നീക്കം ചെയ്യുക എന്നിവയാണ് ആദ്യഘട്ടം.

ചിതലും മാറാലയും അടിച്ചു കളയുക, വാതിലുകളും ജനാലകളും തുടച്ചു വൃത്തിയാക്കുക എന്നിവയാണ് അടുത്ത പടി. തട്ടിന്‍പുറത്തു നിന്ന് പീഠം ശിവോതി വെക്കാനുള്ള പലക, എന്നിവ എടുത്ത് കഴുകിവെക്കുന്നതോടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ തീരും.

ചങ്കരാന്തി ആവുമ്പോള്‍ കുട്ടികള്‍ക്ക് പാവിട്ടക്കുഴല്‍ ഉണ്ടാക്കിക്കിട്ടാനുള്ള ധൃതിയാവും. ഒരടി നീളമുള്ള മുളംതണ്ടും അതിന്‍റെ ദ്വാരത്തിന്ന് യോജിച്ച പിടിയോടു കൂടിയ കോലും ചേര്‍ന്നതാണ് പാവിട്ടക്കുഴല്‍. മുളന്തണ്ടിലെ ദ്വാരത്തിന്‍റെ ഒരു വശത്ത് പാവിട്ടക്കായയോ,  നനച്ചു ചുരുട്ടിയ പേപ്പര്‍ കഷ്ണമോ തിരുകും.  എന്നിട്ട് കോലുകൊണ്ടു  ഊക്കോടെ തള്ളിയാല്‍ ആ സാധനം ചെറിയൊരു ഒച്ചയോടെ മറുവശത്തുകൂടി ദൂരേക്ക് തെറിക്കും. എയര്‍ഗണ്ണിന്‍റെ പ്രാകൃതരൂപമാവാം ഇത്. വീട്ടില്‍ ജോലിക്കു വരുന്ന ഏതെങ്കിലും പണിക്കാരനാണ് പാവിട്ടക്കുഴല്‍ ഉണ്ടാക്കിത്തരുക.

ചങ്കരാന്തിയുടെ തലേന്നോ, തലത്തലേന്നോ മൈലാഞ്ചിയിടുന്ന പതിവുണ്ട്. റെയില്‍വെപാതയുടെ അരികിലായി നില്‍ക്കുന്ന മൈലാഞ്ചിച്ചെടികളില്‍ നിന്ന് മൈലാഞ്ചി ഇലകള്‍ പറിച്ചുകൊണ്ടുവരും. ഉപയോഗശൂന്യമായി  ഉപേക്ഷിച്ച പഴയ ആട്ടുകല്ലില്‍ പച്ചമഞ്ഞളും മൈലാഞ്ചിയും ചേര്‍ത്ത് അമ്മ അരയ്ക്കും. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളെല്ലാവരും ആ കാലത്ത് മൈലാഞ്ചിയിടും. ഹൈസ്ക്കൂള്‍ക്ലാസ്സില്‍ പഠിക്കുമ്പോള്‍കൂടി അമ്മ എന്‍റെ കയ്യില്‍ മൈലാഞ്ചി ഇടാറുണ്ട്.  ഒടുവില്‍ സഹപാഠികള്‍ അതു പറഞ്ഞ് എന്നെ കളിയാക്കാന്‍ തുടങ്ങിയയതോടെയാണ് അമ്മ ആ പതിവ് നിര്‍ത്തിയത്.

ചങ്കരാന്തി ദിവസം സന്ധ്യക്ക് വിളക്കുവെക്കുന്നതിന്നുതൊട്ടുമുമ്പ് ചേട്ടയെ കളയും. ജ്യേഷ്ഠാഭഗവതിയെ വീട്ടില്‍ നിന്ന് പുറത്താക്കുന്നു എന്നതാണ് സങ്കല്‍പ്പം. വീട്ടില്‍ പണിക്കുവരാറുള്ള  ഏതെങ്കിലും സ്ത്രീകള്‍ ചേട്ടയെ കളയാനെത്തും. അവര്‍ക്ക് മുറുക്കാനും തലയില്‍തേക്കാന്‍ എണ്ണയും അമ്മ കൊടുക്കും. തലയിലും മുഖത്തും എണ്ണതേച്ച് വെറ്റില മുറുക്കി ചുവപ്പിച്ച് അവര്‍ തയ്യാറാവുമ്പോഴേക്ക് അമ്മ സാധനസാമഗ്രികള്‍ ഒരുക്കും. കീറിയ കുണ്ടുമുറത്തില്‍ പൊട്ടച്ചട്ടി്‌, കുറ്റിച്ചൂല്, കരിക്കട്ട, താളിന്‍തണ്ട് എന്നിവ അടുക്കി വെച്ചതാണ് ചേട്ട. പണിക്കാരി അത് തലയിലേറ്റി നടക്കാന്‍ തുടങ്ങിയാല്‍  കുട്ടികള്‍ പാവിട്ടകുഴലില്‍ നിന്ന് അവരുടെ ദേഹതേക്ക് പാവിട്ടക്കുരുവോ, കടലാസ്സ് കഷ്ണമോ തെറുപ്പിച്ച് പുറകെ ഓടിച്ചെല്ലും. അവര്‍ പോയികഴിഞ്ഞതും അമ്മ നിലവിളക്ക് കത്തിച്ചുവെക്കും. വീട്ടിലെ ഏതെങ്കിലും സ്ത്രീ അപ്പോള്‍ പടിക്കല്‍വരെ പോയി തിരിച്ചുവരും. ശിവോതി കയറി വരുന്ന നേരത്ത് വര്‍ക്കത്തില്ലാത്ത ആരെങ്കിലും കടന്നു വരാതിരിക്കാനാണ് അത്. അതു കഴിഞ്ഞാല്‍ അമ്മ അടുക്കളയിലേക്ക് ചെല്ലും. ചൂടുദോശയും പപ്പടച്ചാറും കഴിക്കാന്‍ കുട്ടികള്‍  തയ്യാറാവും.

ഒന്നാം തിയ്യതി രാവിലെ കശാപ്പുകടയുടെ മുന്നില്‍ നല്ല തിരക്കായിരിക്കും . ഇന്നത്തെപ്പോലെ അന്ന് ചിക്കന്‍ സ്റ്റാളുകള്‍ ഉണ്ടായിരുന്നില്ല. ബീഫ്സ്റ്റാളും ഇല്ല എന്നു പറയാം. കോഴി വേണ്ടവര്‍ വളര്‍ത്തുന്നവരുടെ വീട്ടില്‍ നിന്ന് വാങ്ങണം.

നാലഞുകൊല്ലം മുമ്പ് നടന്ന കാര്യമാണ്. കര്‍ക്കിടകം ഒന്നാം തിയ്യതി ഞാന്‍ നടക്കാന്‍ പോവുമ്പോള്‍ റോഡോരത്തെ കശാപ്പുകടയുടെ മുന്നിലുള്ള ഒരു ചെറിയ ഉങ്ങുമരത്തില്‍ രണ്ട് ആടുകളെ കെട്ടിയിട്ടിരിക്കുന്നതു കണ്ടു. അവ രണ്ടും പേടിച്ചു കരയുകയാണ്. ജീവന്‍ പോവാറായി എന്ന് അവയ്ക്ക് മനസ്സിലായിട്ടുണ്ടാവും. കുറെ സമയം കഴിഞ്ഞ് തിരിച്ചു പോരുമ്പോള്‍ അവയില്‍ ഒന്നിനെ കൊന്ന് കെട്ടിത്തൂക്കിയിരിക്കുന്നത് കണ്ടു. മറ്റേ ആട് കമ്പിയില്‍ കോര്‍ത്തിട്ട മാംസത്തെ നോക്കി നില്‍ക്കുകയാണ്. ആ രംഗം വളരെക്കാലം എന്‍റെ മനസ്സിനെ വേദനിപ്പിച്ചിരുന്നു. ഇന്നും ചങ്കരാന്തി എന്നു കേള്‍ക്കുമ്പോള്‍ ആ രംഗം മനസ്സിലെത്തും

Friday, July 8, 2016

കുറുപ്പിന്‍റെ കാപ്പിക്കട.

കുറച്ചുകാലം മുമ്പ് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പാലക്കാട് ശാഖ ഒരു പഴയ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അതിന്‍റെ മുന്‍വശത്തായി  അല്‍പ്പം അകലെ വലിയൊരു മാവുണ്ടായിരുന്നു. നിറയെ ശാഖകളുള്ള പടര്‍ന്നു പന്തലിച്ച ആ മാവിന്‍റെ ചുവട്ടിലാണ് കുറുപ്പിന്‍റെ കാപ്പിക്കട. കട എന്നൊന്നും അതിനെ പറയാനാവില്ല. നാലു സൈക്കിള്‍ചക്രങ്ങള്‍ക്കുമീതെ തകരംകൊണ്ടു മറച്ച ബോഡി. മുന്‍വശം മാത്രം തുറക്കാനാവും. ഏതാനും ഗ്ലാസ്സുകള്‍, ഒരു പമ്പിങ്ങ് സ്റ്റൌ, വലിയൊരു അലുമിനിയം കലം, നാലഞ്ച് കുപ്പിഭരണികള്‍, ഒരു കുടം എന്നിവയാണ് അതിനകത്ത് ഉണ്ടായിരുന്നത്. ഡെസ്ക്കോ, ബെഞ്ചോ ഒന്നും ഉണ്ടായിരുന്നില്ല. നിന്നുകൊണ്ടു വേണം കാപ്പി കുടിക്കാന്‍. മാവിന്‍റെ പൊന്തി നില്‍ക്കുന്ന വേരുകളിലിരിക്കുന്നവരുമുണ്ട്. സ്റ്റേറ്റ് ബാങ്കില്‍ ചലാനടയ്ക്കാന്‍ ചെല്ലുമ്പോള്‍  ഞാന്‍ ആ കാപ്പിക്കടയില്‍ നിന്ന് കാപ്പി കുടിക്കാറുണ്ട്.

വല്ലാതെ മുഷിവു തോന്നുന്ന ഏര്‍പ്പാടാണ് ചലാനടയ്ക്കല്‍.  അല്‍പ്പം ഉഷാറ് കാണിച്ചില്ലെങ്കില്‍ ഒരു ദിവസം പോയതുതന്നെ. ആദ്യം ജില്ല ട്രഷറിയില്‍ചെന്ന് ചലാന്‍ നമ്പറിട്ടു വാങ്ങണം. മിക്ക ദിവസവും അവിടെ ഒരു പൂരത്തിനുള്ള തിരക്ക് കാണും. ക്യൂ എത്ര നീളം കൂടിയാലും നമ്പറിടാന്‍ ഒരാളേ ഉണ്ടാവൂ. കൂടുതല്‍ ആളെ നിയോഗിക്കാറില്ല. ഒരു വിധം ചലാന്‍ നമ്പറിട്ടു കിട്ടിയാല്‍ അതുമായി സ്റ്റേറ്റ് ബാങ്കിലേക്ക് ഒറ്റനടത്തമാണ്. ആ കാലത്ത് ഓട്ടോറിക്ഷകള്‍  അപൂര്‍വ്വമായിരുന്നു. കോട്ടയുടെ കിടങ്ങിനുചുറ്റുമുള്ള മതിലിന്‍റെ പൊളിഞ്ഞ ഭാഗത്തുകൂടി കടന്നാല്‍ എളുപ്പത്തില്‍ ബാങ്കിലെത്താം

സ്റ്റേറ്റ് ബാങ്കില്‍ ട്രഷറിയിലുള്ളതില്‍വെച്ച് വലിയ ക്യൂ ആയിരിക്കും. സര്‍ക്കാര്‍ ബില്ലുകള്‍ ക്യാഷ് ചെയ്യാനും ചലാനടയ്ക്കാനും എത്തുന്നവര്‍ക്കു പുറമെയാണ് സാധാരണ ബാങ്കിടപാടുകള്‍ക്ക് എത്തുന്നവര്‍. പണം സ്വീകരിക്കുവാന്‍ നാലോ അഞ്ചോ കാഷ്യര്‍മാര്‍ ഉണ്ടാവും, പണം നല്‍കാന്‍ രണ്ടുപേരും. ഒരു വിധത്തില്‍ പണം അടച്ചുപോരുമ്പോഴേക്ക് നിന്നുനിന്ന് കാല് വേദനിക്കാന്‍ തുടങ്ങും.

ചലാന്‍ കിട്ടാന്‍ പിന്നേയും സമയമെടുക്കും. സ്ക്രോളും, ചലാന്‍, പേ ഇന്‍ സ്ലിപ് എന്നിവയും കാഷ്യര്‍മാരുടെ സൌകര്യമനുസരിച്ചാണ് അസ്സിസ്റ്റന്‍റ് മാനേജര്‍ക്ക് കൊടുത്തയക്കുക. അദ്ദേഹം ഒപ്പിട്ടതിന്നുശേഷമേ ചലാന്‍ കയ്യില്‍കിട്ടു.  അത്രയും നേരം ചിലവഴിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതിനാലാണ് ആളുകള്‍ കുറുപ്പിന്‍റെ കാപ്പിക്കടയെ ശരണം പ്രാപിക്കുന്നത്.

ട്രഷറിയിലും ബാങ്കിലും തിരക്ക് കുറവായ അല്‍പ്പം ചില ദിവസങ്ങളില്‍ കുറുപ്പ് എത്തുന്നതിന്നുമുമ്പ് ഞാന്‍ കടയിലെത്തും.  ബാങ്കിന്‍റെ ഗെയിറ്റ് കടന്നാല്‍ കുറുപ്പ് സൈക്കിളില്‍ നിന്ന് ഇറങ്ങും. പിന്നെ അത് ഉരുട്ടിയാണ് വരിക. കാരിയറിലും ഹാന്‍ഡില്‍ബാറിലും കടയിലേക്ക് ആവശ്യമായ സാധനസാമഗ്രികളടങ്ങിയ സഞ്ചികള്‍ ഉണ്ടാവും.

കട തുറന്ന് വൃത്തിയായ വെള്ളത്തുണികൊണ്ട് അയാള്‍ കടയ്ക്കകം നന്നായി തുടയ്ക്കും. പിന്നെ സഞ്ചികളിലെ സാധനങ്ങള്‍ കടയിലെടുത്തുവെക്കും. ഒരു ചന്ദനത്തിരി കത്തിച്ചുവെച്ചശേഷം അലുമിനിയം കുടവുമായി ബാങ്കിന്‍റെ ഒരു വശത്തുള്ള പൈപ്പില്‍ നിന്ന് വെള്ളം പിടിച്ചു വരും.

പമ്പിങ്ങ് സ്റ്റൌ കത്തിച്ച് പാലും വെള്ളവും തിളപ്പിക്കാന്‍ വെച്ചുകഴിഞ്ഞാല്‍ കുറുപ്പ്  പ്ലംസ്കേയ്ക്കെടുത്ത് മുറിച്ച് കുപ്പിയിലാക്കാന്‍ തുടങ്ങും. ഇതെല്ലാം നോക്കി ഞാന്‍ ഒരു ഭാഗത്ത് ഒതുങ്ങി നില്‍ക്കും. കാപ്പി തയ്യാറാവുമ്പോഴേക്ക് ധാരാളം ആളുകള്‍  എത്തിയിട്ടുണ്ടാവും. പേ കമ്മീഷന്‍ റിപ്പോര്‍ട്ട് , വിവിധ ജി.  ഒ. കള്‍, റിലീസായ പുതിയ സിനിമയുടെ കഥ തുടങ്ങി കല്യാണാലോചനവരെ അവിടെ ചര്‍ച്ചാവിഷയമാവും.

എല്ലാ ദിവസവും  വിവിധ ഓഫീസുകളില്‍ ജോലി ചെയ്യുന്ന എട്ടോ പത്തോ കെ.എസ്.ഇ.ബി യിലെ സഹപ്രവര്‍ത്തകരെ അവിടെവെച്ച് കണ്ടുമുട്ടാറുണ്ട്.  കുറച്ചു ദിവസംകൊണ്ട് ഞാനും അവരില്‍ ഒരാളായി.   

    '' രാജാങ്കം '' ജോലിയില്‍ പ്രവേശിച്ച് രണ്ടുമാസം മാത്രമായ എന്നെ അമ്പതു വയസ്സ് പിന്നിട്ട് സെയ്ത് സാര്‍ ഒരു ദിവസം വിളിച്ച് രഹസ്യമായി ഇങ്ങിനെ പറഞ്ഞു ''  നാളെ മുതല്‍ നമ്മള് ഒറ്റയ്ക്കൊറ്റയ്ക്ക് കാശുകൊടുത്ത് കാപ്പി കുടിക്കുന്ന പതിവുണ്ടാവില്ല. പകരം നമ്മള് എല്ലാവരുടേയും പേരെഴുതി നറുക്കെടുക്കും. ആരുടെ പേരു വന്നുവോ അയാള്‍ അന്നത്തെ ചിലവു ചെയ്യും ''.

'' ഭായ്, എല്ലാവര്‍ക്കും അത് സമ്മതമാണോ '' ഞാന്‍ സംശയം പ്രകടിപ്പിച്ചു.

'' അതൊക്കെ ഞാന്‍ ഇന്നലെ എല്ലാവരോടും പറഞ്ഞ് റെഡിയാക്കിയിട്ടുണ്ട്. നീ ഇന്നലെ വരാത്തതോണ്ട് അറിയാഞ്ഞതാ ''.

'' എന്നാല്‍ അങ്ങിനെ ആവട്ടെ. എനിക്ക് വിരോധമൊന്നുമില്ല ''.

'' അതല്ല കാര്യം '' അദ്ദേഹം തുടര്‍ന്നു '' ആളെണ്ണി ഞാന്‍ നറുക്കുണ്ടാക്കി തരും. കണ്ണന്‍ അതില്‍ പേരെഴുതണം ''.

'' ഞാന്‍ എഴുതാം ''.

'' പിന്നെ എന്‍റെ പേരും നിന്‍റെ പേരും നറുക്കില്‍ എഴുതരുത് ''.

'' അത് മോശമല്ലേ ഭായ് ''.

'' എന്തു മോശം. നമ്മള് ആരുടേയും മുതല്‍ തട്ടിപ്പറിച്ച് കോട്ട കെട്ടാനൊന്നും പോണില്ലല്ലോ ''.

'' അപ്പോള്‍ രണ്ടു കടലാസ്സ് ബാക്കി വരില്ലേ ''.

'' അതില് സര്‍ദാറിന്‍റേയോ, വിച്ചാന്‍റേയോ. ഗോപിയുടേയോ, മേനോന്‍റേയോ ആരുടെ പേര് വേണച്ചാലും എഴുതിക്കോ ''.

'' ആരെങ്കിലും അത് കണ്ടു പിടിച്ചാലോ ''.

'' നറുക്കെടുത്ത് ആരുടേയെങ്കിലും കയ്യില്‍ വായിക്കാന്‍ കൊടുത്തിട്ട് ബാക്കി ഞാന്‍ അപ്പോള്‍ത്തന്നെ കീറിക്കളയും ''.

സ്റ്റേറ്റ് ബാങ്കില്‍ ചലാനടയ്ക്കുന്ന രീതി നിര്‍ത്തലാക്കുന്നതുവരെ ഭായിക്ക് നറുക്ക് വീണതേയില്ല, എനിക്കും.