

കഥാകാരന്‍ അന്നും ഇന്നും
കാലത്ത് സൂര്യന്‍ ഉദിച്ച് ഒരു മുഴം മുകളില്‍ എത്തുമ്പോള്‍ എഴുന്നേല്‍ക്കണോ വേണ്ടായോ എന്ന ഒരു സംശയത്തോടെ കുറെ കൂടി കിടന്ന് ' ഇന്ന് ജോലിക്ക്ഒന്നും പോണില്ലേ' എന്ന് അമ്മ ചോദിക്കുമ്പോള്‍ ചാടി പിടഞ്ഞ് എഴുന്നേറ്റ് ധൃത ഗതിയില്‍ കുളിച്ചൊരുങ്ങി ഭക്ഷണം കഴിച്ച് ഓഫീസില്‍ ചെല്ലുക, വൈകീട്ട് തിരിച്ച് വീട്ടിലെത്തി വസ്ത്രം മാറിയതും കളിക്കാന്‍ ഓടുക, ഇരുട്ടാവുമ്പോള്‍ വീട്ടിലെത്തി അത്താഴം അകത്താക്കുക,വേല, പൂരം, തുടങ്ങിയ പരിപാടികള്‍ക്കും സിനിമ നാടകം ഇത്യാദികള്‍ക്കും ആയി രാത്രി കാലത്തെ ഭൂരിഭാഗം സമയവും ചിലവഴിക്കുക എന്നിവയൊക്കെ ആയി ഞാന്‍ സസുഖം കഴിഞ്ഞു കൂടിയ കാലത്താണ് സംഭവം നടക്കുന്നത്.
ഒരു നാള്‍ വൈകീട്ട് കളി കഴിഞ്ഞ് വീടെത്തുമ്പോള്‍ വലിയണ്ണന്‍ എന്ന് ഞാന്‍ വിളിച്ചിരുന്ന കനകപ്പന്‍ എന്നെ കാത്ത് നില്‍ക്കുന്നു. 'നാളെ ബക്രീദായിട്ട് തനിക്ക് ഒഴിവല്ലേ' എന്ന് അദ്ദേഹം ചോദിച്ചു. 'അതെ'യെന്ന് ഞാന്‍പറഞ്ഞതും' നാളെ എന്തെങ്കിലും പ്രധാനപ്പെട്ട പരിപാടികള്‍ ഉണ്ടോ' എന്നായി വലിയണ്ണന്‍. വേണമെങ്കില്‍ ഉച്ചക്ക് പാലക്കാട് ചെന്ന് ഒരു മാറ്റിനി കാണാം എന്നല്ലാതെ മറ്റൊരു പദ്ധതിയും അപ്പോള്‍ എന്‍റെ മനസ്സില്‍ ഇല്ലായിരുന്നു. ആവിവരം ഞാന്‍ അണ്ണനെ അറിയിച്ചു. ' എങ്കില്‍ രാവിലെ താന്‍ പുറപ്പെട്ട് റെഡിയായി നിന്നോ, നമുക്ക് എട്ടേ കാലിന്നുള്ള മയില്‍വാഹനം കരിമ്പുഴ ബസ്സില്‍ ഒരിടം വരെ പോകാം' എന്ന് അദ്ദേഹം പറഞ്ഞു. എവിടേക്കാണെന്നോ, എന്താ കാര്യമെന്നോ അണ്ണന്‍ പറയുന്നില്ല. എന്‍റെ ഭാവം
കണ്ടിട്ടാണെന്ന് തോന്നുന്നു ' ഉണ്ണി, താന്‍ പരിഭ്രമിക്കുകയൊന്നും വേണ്ടാ, എന്‍റെ അളിയനെ മിനിഞ്ഞാന്ന് പാമ്പ് കടിച്ചിരുന്നു, കുഴപ്പമൊന്നുമില്ലെങ്കിലും നമ്മള്‍ ചെന്ന് ഒന്ന് അന്വേഷിച്ച് വരണ്ടേ, അതല്ലേ അതിന്‍റെ ഒരു മര്യാദ' എന്ന് പറഞ്ഞതും
ഞാന്‍ യാത്രക്ക് നൂറുവട്ടം റെഡിയായി കഴിഞ്ഞു. പോവാന്‍ നേരം' തന്‍റെ സ്ഥിരം ഏര്‍പ്പാട് ഉണ്ടല്ലോ. സമയത്തിന്ന് ഒരുങ്ങാതിരിക്കല്‍, അത് വേണ്ടാ , ബസ്സ് പോയാല്‍ തന്നെ ഞാന്‍ മുണ്ടൂര് വരെ അഞ്ച് കിലോമീറ്റര്‍ നടത്തും' എന്നൊരു വാര്‍ണിങ്ങും നല്‍കി മൂപ്പര്‍ പോയി.
പറഞ്ഞിട്ടെന്താ കാര്യം, പിറ്റേന്നും പതിവ് പോലെ ഞാന്‍ വൈകി. വലിയണ്ണന്‍ ഒന്നും പറഞ്ഞില്ല. അദ്ദേഹം ഇറങ്ങി നടക്കാന്‍
തുടങ്ങിയതോടെ ഞാനും ഒപ്പം നടന്നു. വെയില് കൊണ്ട് വിയര്‍ത്തൊലിച്ച് മുണ്ടൂരെത്തി. ഇനി അങ്ങോട്ട് ഇഷ്ടം പോലെ ബസ്സുകള്‍
ഉണ്ട്. അല്‍പ്പ സമയത്തിനകം ബസ്സെത്തി. വലിയണ്ണനാണ് ടിക്കറ്റ് എടുത്തത്.തിക്കിലും തിരക്കിലും തൂങ്ങി പിടിച്ചുള്ള യാത്ര കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ,യുദ്ധത്തിന്ന്പോയി വന്ന പരുവത്തിലായി. പിന്നെ ഒരൊറ്റ നടത്തമാണ്. ഞങ്ങള്‍ കയറി ചെന്നതും
അണ്ണന്‍റെ അളിയന്‍' നിങ്ങള്‍ ഇത്ര വൈകിയപ്പോള്‍ ഇന്ന് ഇനി വരില്ല എന്ന് കരുതി' എന്ന് പറഞ്ഞു. ഞങ്ങള്‍ ചെല്ലുന്ന കാര്യം മുന്‍കൂട്ടി പറഞ്ഞിട്ടുണ്ടാവുമെന്ന് ഞാനും കരുതി. ' ഈ വിദ്വാന്‍ അല്ലെ ആള് 'വലിയണ്ണന്‍ പറഞ്ഞു' എന്നെങ്കിലും ഈ
കക്ഷി പറഞ്ഞ സമയത്ത് തയ്യാറായിട്ടുണ്ടോ'. 'അതൊക്കെ കല്യാണം കഴിക്കുമ്പോള്‍ ശരിയാവും അല്ലേ ഉണ്ണിക്കുട്ടാ' എന്ന് അണ്ണന്‍റെ പെങ്ങളും പറഞ്ഞു.
ഏതായാലും പാമ്പ് കടിച്ച വിശേഷം ഞാന്‍ തിരക്കി. 'ഏയ്, അതൊന്നും അത്ര സാരമില്ലന്നേ' അളിയന്‍ പറഞ്ഞു 'അത് വിഷമില്ലാത്ത ഒരു ചേട്ട വക ആയിരുന്നു'. തുടര്‍ന്ന് ചായ കുടി, പരിസര വീക്ഷണം, തോട്ടം കാണല്‍ ഒക്കെയായി
നേരം കൊന്നു. ഉച്ച ഭക്ഷണം കഴിഞ്ഞപ്പോള്‍ 'നമുക്ക് ഒരിടം വരെ ഒന്ന് പോയാലോ' എന്ന് അളിയന്‍ അണ്ണനോട് ചോദിച്ചു. അദ്ദേഹം ആ ചോദ്യം എനിക്ക്പാസ്സ് ചെയ്തു. ഞാന്‍ ലോകത്ത് എവിടെ വേണമെങ്കിലും ചെല്ലാമെന്ന മട്ടിലാണ്. പെങ്ങളോട് യാത്ര പറഞ്ഞ് മൂവര്‍ സംഘം വെയിലിലേക്ക് ഇറങ്ങി. ബസ്സ് സ്റ്റോപ്പില്‍ പുരുഷാരം ബസ്സ് കാത്ത് നില്‍ക്കുന്നു. 'ഈ വസ്ഥയില്‍ ഇവിടെ ഒരു ബസ്സും നിര്‍ത്തില്ല' അളിയന്‍ പറഞ്ഞു 'നമുക്ക് നടക്കാം. എത്തുന്ന ദൂരം എത്തട്ടെ, വല്ല ബസ്സും നിര്‍ത്തിയാലോ,
നമുക്ക് അതില്‍ കയറി പോകാം '.
ഒരു മണിക്കൂറോളം നടന്നു കാണും. ഭാഗ്യത്തിന്ന്' ഒരു ബസ്സ് നിര്‍ത്തി. വീണ്ടും തിക്കി തിരക്കിലേക്ക്. അത്
വേണ്ടായിരുന്നു എന്ന് എനിക്ക് തോന്നി. ഞങ്ങള്‍ക്ക് ഇറങ്ങേണ്ടിയിരുന്നത് അടുത്ത സ്റ്റോപ്പിലാണ്. കനാല്‍ വരമ്പത്ത് കൂടിയും
ഇടവഴികളില്‍ കൂടിയും എത്ര ദൂരം നടന്നു എന്ന് പറയാനാവില്ല. ഒടുവില്‍ ഒരു വീടിന്‍റെ മുമ്പില്‍ എത്തിയപ്പോള്‍' എന്‍റെ ഒരു കൂട്ടുകാരന്‍റെ വീടാണ് ' എന്നും പറഞ്ഞ് അളിയന്‍ അങ്ങോട്ട് കയറി, പുറകെ ഞങ്ങള്‍ രണ്ടാളും. പൂമുഖത്ത് ഉണ്ടായിരുന്നവര്‍
ഞങ്ങളെ വരവേറ്റു. സോഫ കം ബെഡ്ഡില്‍ ഞെളിഞ്ഞിരുന്ന് നാട്ടുവിശേഷങ്ങള്‍ കൈമാറി. ചായ പലഹാരങ്ങള്‍ മുന്നില്‍ നിരന്നു. ഞങ്ങള്‍ അതുമായി കൂടുമ്പോഴേക്കും അളിയന്‍ അകത്ത് ചെന്ന് എന്തൊക്കെയോ ചിന്ത്രിച്ച് മന്ത്രിച്ച് തിരിച്ചെത്തി. 'ഇവിടെ
അടുത്ത് ഇവരുടെ വലിയ ചേച്ചിയുണ്ട്. ഇത്രടം വരെ വന്നിട്ട് അവരെ ഒന്ന് കാണാതെ പോവാന്‍ പാടില്ല'എന്നായി അളിയന്‍.
അവിടെ ഞങ്ങള്‍ എത്തും മുമ്പ് ഒരു ചെറുക്കന്‍ സൈക്കിളില്‍ ചെന്ന് ഞങ്ങളുടെ ആഗമന വാര്‍ത്ത അറിയിച്ചു കഴിഞ്ഞിരുന്നു. വീണ്ടും പരിചയപ്പെടല്‍, കാപ്പികുടി, നാട്ടുവാര്‍ത്തകള്‍ എന്നിവ. അല്‍പ്പ നേരം കഴിഞ്ഞതും അളിയന്‍ എന്‍റെ അടുത്ത് വന്ന് സ്വകാര്യത്തില്‍ 'കാണ്വല്ലേ' എന്നൊരു ചോദ്യം. എനിക്ക് ഒന്നും മനസ്സിലായില്ല. 'എന്ത്' എന്നൊരു ചോദ്യം
എന്നില്‍ നിന്നും ഉയര്‍ന്നു. 'ഒരു പെണ്‍കുട്ടിയെ' എന്ന് അളിയന്‍ പറഞ്ഞതും 'അയ്യേ' എന്നും പറഞ്ഞ് ഞാന്‍ എഴുന്നേറ്റ് പടി കടന്നു. നിമിഷങ്ങള്‍ക്കകം യാത്ര പറഞ്ഞ് ഇരുവരും കൂടെയെത്തി.
പോവുമ്പോഴുണ്ടായിരുന്ന ചിരിയും കളിയും തിരിച്ച് പോരുമ്പോള്‍ ഉണ്ടായില്ല. അളിയനും അണ്ണനും എന്തെല്ലാമോ
കുടുംബ കാര്യങ്ങള്‍ സംസാരിച്ചതൊഴിച്ചാല്‍ മൌനത്തിന്ന് തന്നെയായിരുന്നു മുന്‍തൂക്കം. മുണ്ടൂരില്‍ വന്ന് ബസ്സ് ഇറങ്ങുമ്പോള്‍ സൂര്യാസ്തമനം അടുക്കാറായി. ആകാശത്ത് ഏതോ ചിത്രകാരന്‍ കോറിയിട്ട വര്‍ണ്ണപൊലിമയുള്ള ദൃശ്യങ്ങള്‍ ആസ്വദിച്ച് ഞാന്‍ നടന്നു. നാരായണ പണിക്കരും എന്‍.എസ്.എസും. സമദൂര സിദ്ധാന്തം ആവിഷ്കരിക്കുന്നതിന്നും എത്രയോ മുമ്പ് എന്നില്‍ നിന്നും കൃത്യം നാലടി ദൂരം അകലം പാലിച്ച് വലിയണ്ണന്‍ ഒരക്ഷരം ഉരിയാടാതെ നടന്നിരുന്നു. അഞ്ച് കിലോമീറ്റര്‍ ദൂരം നടന്ന് അണ്ണന്‍റെ വീടിന്‍റെ പടിക്കലെത്തിയതും 'ശരി' എന്നും പറഞ്ഞ് മൂപ്പര്‍ വീട്ടിലേക്ക് കയറിപ്പോയി.
ഞാന്‍ വീടെത്തുമ്പോള്‍ അമ്മ വിളക്ക് വെച്ച് നാമം ചൊല്ലുകയാണ്. പഴയൊരു ഓണപതിപ്പും തപ്പി
എടുത്ത് ഞാന്‍ കസേലയിലേക്ക് ചാഞ്ഞു. നാമം ചൊല്ലി കഴിഞ്ഞതും അമ്മ എന്‍റെ അരികിലെത്തി. 'പോയ കാര്യം എന്തായി ' എന്ന് തിരക്കി. വീട്ടില്‍ നിന്ന് ഇറങ്ങി , തിരിച്ച് എത്തുന്നത് വരെ നടന്ന സംഭവങ്ങള്‍ മുഴുവന്‍ ഞാന്‍ അമ്മയെ പറഞ്ഞ് കേള്‍പ്പിച്ചു. ' നായ പൂരം കാണാന്‍ പോയപോലെ എന്ന്ഞാന്‍ പറഞ്ഞ് കേട്ടിട്ടേ ഉള്ളു, ഇത് അതിനേക്കാള്‍ കേമമായി ' എന്നും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് നടന്നു. അപ്പോള്‍ അമ്മ കൂടി അറിഞ്ഞിട്ടാണ് സംഭവം നടന്നത്. അമ്മയുടെ സമപ്രായക്കാരുടെ മക്കള്‍ കല്യാണം കഴിച്ചതും പേരമക്കള്‍ ഉണ്ടായതും ഒക്കെ അമ്മ പറയാറുള്ള കാര്യം ഞാന്‍ ഓര്‍ത്തു. അമ്മ കല്യാണം കഴിഞ്ഞ് പന്ത്രണ്ട് കൊല്ലം കഴിഞ്ഞിട്ട് എന്നെ പ്രസവിച്ചത് എന്‍റെ കുറ്റമല്ലല്ലോ എന്ന് അപ്പോഴൊക്കെ ഞാന്‍ പറയാറുള്ളതും
എന്‍റെ ഓര്‍മ്മയിലെത്തി. അമ്മയുടെ പ്രതീക്ഷകളെ അറിയാതെയാണെങ്കിലും ഞാന്‍ തച്ച് ഉടച്ചുവല്ലോ എന്ന കുറ്റബോധം
എന്നില്‍ നിറഞ്ഞു. അങ്ങിനെ എന്‍റെ ആദ്യത്തെ പെണ്ണുകാണല്‍ യജ്നം ഓര്‍മ്മിക്കത്തക്ക ഒരു സംഭവമായി.