Saturday, February 20, 2010

ബ്ലാങ്ക് ചെക്ക്

1982 ല്‍ എന്‍റെ വീട് പണി നടക്കുന്ന സമയം. കെട്ടു പണി തീര്‍ന്നെങ്കിലും തേപ്പ് പണിയും മറ്റും മുഴുമിക്കാനായില്ല. കയ്യിലെ നീക്കിയിരുപ്പ് മുഴുവന്‍ തീര്‍ന്നിരുന്നു. ദുഃഖങ്ങള്‍ പങ്കിടാറുള്ളത് കുട്ടിയേട്ടനോട് മാത്രം.

ഒരു ദിവസം ' എന്താടാ ഉണ്ണ്യേ നീ വീട് പണി തീര്‍ക്കാത്തത് ' എന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ എന്‍റെ അവസ്ഥ അറിയിച്ചു. കുട്ടിയേട്ടന്‍ ഒന്നും പറഞ്ഞില്ല. അദ്ദേഹവും തുല്യ ദുഃഖിതനാണ്. കുറച്ച് കഴിഞ്ഞതും കുട്ടിയേട്ടന്‍ എഴുന്നേറ്റ് പോയി. ഞാന്‍ 
ഇലക്ട്രിക്കല്‍ അപകടങ്ങളെ സംബന്ധിച്ച ഫയലുകളിലേക്ക് കടന്നു.

കുറേ നേരത്തിന്ന് ശേഷം കുട്ടിയേട്ടന്‍ സീറ്റിലെത്തി എന്തോ കുത്തിക്കുറിക്കാന്‍ തുടങ്ങി. പ്യൂണ്‍ വന്ന് ബാലഗോപാലന്‍ സാര്‍ എന്നെ വിളിക്കുന്നുവെന്ന് അറിയിച്ചു. ഞാന്‍ അദ്ദേഹത്തിന്‍റെ ക്യാബിനിലേക്ക് ചെന്നു.

ശ്രി. എം. എന്‍. ബാലഗോപാലന്‍ അന്ന് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആയിരുന്നു. പാലക്കാട് ഇലക്ട്രിക്കല്‍ 
ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറായിട്ടാണ് അദ്ദേഹം 
ജോലിയില്‍ നിന്ന് വിരമിച്ചത്. ഔദ്യോധിക പദവിയുടെ തലക്കനം ഒട്ടും അദ്ദേഹത്തിനെ തൊട്ട് തീണ്ടിയിട്ടില്ല.

അദ്ദേഹം എന്നോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്ന് അഭിമുഖമായി ഞാന്‍ ഇരുന്നു. ഒന്നു രണ്ട് ഫയലുകളെ കുറിച്ച് എന്നോട് ചോദിച്ചതിന്ന് ഞാന്‍ മറുപടി നല്‍കി. ' ങാ. ചോദിക്കാന്‍ വിട്ടു. തന്‍റെ വീട് പണി എന്തായി ' എന്ന് അദ്ദേഹം 
വ്യക്തിപരമായ കാര്യത്തിലേക്ക് കടന്നു. പണി തീര്‍ന്നതും , തീരാന്‍ ബാക്കിയുള്ളതുമായ വിവരം മുഴുവനും ഞാന്‍ പറഞ്ഞു.

' എന്നാല്‍ അതങ്ങോട്ട് വേഗം തീര്‍ക്ക് ' അദ്ദേഹം പറഞ്ഞു. ശരി എന്നും പറഞ്ഞ് ഞാന്‍ എഴുന്നേറ്റു.

ബാലഗോപാലന്‍ സാര്‍ എന്നോട് വീണ്ടും ഇരിക്കാന്‍ പറഞ്ഞു.

' പണമില്ലാത്തതാണ് വീട് പണി മുഴുമിക്കാതിരിക്കാന്‍ കാരണമെന്ന് നമ്മള്‍ രണ്ട് പേര്‍ക്കും അറിയാം. എന്തെങ്കിലും സഹായം 
താന്‍ ചോദിക്കുമെന്ന് ഞാന്‍ കരുതി. എന്നിട്ടും താനൊന്നും ചോദിച്ചില്ല. എന്നെ തോല്‍പ്പിച്ചു അല്ലേ'.

ഞാനൊന്നും പറഞ്ഞില്ല.

' എന്നാല്‍ ഞാന്‍ ഇപ്പോള്‍ തന്നെ തോല്‍പ്പിക്കാന്‍ പോവുകയാണ് '.

അദ്ദേഹം മേശ വലിപ്പ് തുറന്ന് ഒരു കടലാസ്സ് എടുത്ത് നീട്ടി. ഒപ്പിട്ട ഒരു ബ്ലാങ്ക് ചെക്കായിരുന്നു അത്.

' എടോ, ഇതില്‍ തനിക്ക് ആവശ്യമായ തുക എഴുതി എടുത്തോ , പണം കയ്യില്‍ ഉണ്ടാവുന്ന കാലത്ത് തിരിച്ചു തന്നാല്‍ മതി '.

ക്യാബിനില്‍ നിന്നും പുറത്തേക്ക് കടക്കുമ്പോള്‍ എന്‍റെ കണ്ണുകളില്‍ പടര്‍ന്ന കണ്ണീരില്‍ എല്ലാം അവ്യക്തമായി തീര്‍ന്നു.

Thursday, February 18, 2010

അന്ത്യോപചാരം.

വൈകുന്നേരത്തെ എക്സ്പ്രസ്സ് ട്രെയിന്‍ കടന്ന് പോയതും ആളുകള്‍ റെയില്‍വെ
സ്റ്റേഷന്‍റെ കിഴക്ക് ഭാഗത്തുള്ള സിഗ്നല്‍ പോസ്റ്റിന്നു നേരെ ഓടുന്നത് കണ്ടു. ആര്‍ക്കോ
അപകടം പിണഞ്ഞുവെന്ന് മനസ്സിലായി. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ വിവരം കിട്ടി.
തീവണ്ടിയില്‍ ചായ വില്‍പ്പന നടത്തുന്ന ഒരാളാണ് അപകടത്തില്‍ പെട്ടത്.

ഓടിക്കൊണ്ടിരുന്ന വണ്ടിയുടെ ഒരു കമ്പാര്‍ട്ട്‌മെന്‍റില്‍ നിന്നും അയാള്‍ അടുത്തതിലേക്ക്
കയറാന്‍ ശ്രമിച്ചപ്പോള്‍ സിഗ്നല്‍ പോസ്റ്റില്‍ തലയടിച്ച് മരിച്ചതായിട്ടാണ് അറിഞ്ഞത്.
ഏറെ കഴിയുന്നതിന്ന് മുമ്പ് മൃതദേഹം സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ എത്തിച്ചു.

'നമുക്കൊന്ന് പോയി അയാളെ കണ്ടാലോ' എന്ന് ഭാര്യ ചോദിച്ചു. വെള്ളത്തില്‍ വീണും
തീപ്പൊള്ളിയും മരിച്ചത്, റോഡപകടങ്ങളില്‍ മരിച്ചത്, തൂങ്ങി മരിച്ചത്, ട്രെയിന്‍ ഇടിച്ചുള്ള
മരണം എന്നിങ്ങനെ സമീപ പ്രദേശങ്ങളില്‍ വല്ല അസാധാരണ മരണവും സംഭവിച്ചു എന്നറിഞ്ഞാല്‍
ആ മൃതദേഹം കാണാന്‍ കൂട്ടുകാരോടൊപ്പം ചെല്ലുന്ന ഒരു പതിവ് ആ കാലത്ത് ഉണ്ടായിരുന്നു.
അതോര്‍ത്താണ് ഭാര്യ അങ്ങിനെ ചോദിച്ചത്.


ഞങ്ങള്‍ ഇറങ്ങുമ്പോള്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന ചെറിയ മകനും കൂടെ പുറപ്പെട്ടു.
ഇതിനകം പരേതന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും സ്ഥലത്ത് എത്തിയിരുന്നു.
അവരുടെ അലമുറകള്‍ ഉയര്‍ന്ന് പൊങ്ങി. തലയുടെ ഒരു വശം തകര്‍ന്ന് നിര്‍ജ്ജീവമായ
ശരീരം അവര്‍ക്കിടയില്‍ കിടന്നു. ആ രംഗം എന്‍റെ മകനെ വല്ലാതെ വേദനിപ്പിച്ചു. ഈ
പാവത്തിന്ന് ഇങ്ങിനെ വന്നല്ലോ എന്നവന്‍ വിലപിച്ചു. സിഗ്നല്‍ കടന്ന ശേഷം  പെട്ടി
മാറി കയറിയാല്‍ അയാള്‍ക്ക് ഇങ്ങിനെ വരില്ലല്ലോ എന്ന് പറഞ്ഞു കൊണ്ടേയിരുന്നു .

ഇതിലേറെ ബീഭത്സമായ മൃതദേഹങ്ങള്‍ പലപ്പോഴായി കണ്ടിട്ടുള്ള എനിക്ക്
ആ കാഴ്ച ഒന്നും തോന്നിച്ചില്ല . കുട്ടിയെ ഈ ദൃശ്യം കാണിക്കാന്‍ കൊണ്ടു
പോയതിന്ന് അമ്മ ഞങ്ങളോട് ദേഷ്യപ്പെട്ടു. വൈകുന്നേരം ക്ലബ്ബിലേക്ക് ഞാന്‍
പോവുമ്പോഴും ആള്‍ത്തിരക്ക്കുറഞ്ഞിരുന്നില്ല.

എട്ടര മണിയോടെ ഞാന്‍ കളി കഴിഞ്ഞ് ഇറങ്ങി. അജിതന്‍ വരാഞ്ഞതിനാല്‍ 
സ്കൂട്ടര്‍ ഇല്ല. ഞാന്‍ പതുക്കെ നടന്നു. റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത്
ആരുമില്ല. മൃത ശരീരം അനാഥമായി കിടക്കുന്നു. കരഞ്ഞ് ബഹളം കൂട്ടിയ
വേണ്ടപ്പെട്ടവര്‍ തിരിച്ച് പോയി കഴിഞ്ഞു. പരിസരത്ത് ഒറ്റ ജീവിപോലും 
ഇല്ല. പ്രകാശം തൂകി ഒരു ഇലക്ട്രിക് വിളക്ക് മാത്രം ആ ശരീരത്തിന്ന് കൂട്ടുണ്ട്.

ഫുട്ട് ഓവര്‍ബ്രിഡ്ജിന്ന് മുകളില്‍ നിന്ന് ഞാന്‍ ആ ശവ ശരീരത്തിനെ
നോക്കി. പുതപ്പിച്ച വസ്ത്രം കാറ്റത്ത് പാറിപ്പോയി കുറച്ചകലെ കിടപ്പുണ്ട്.
ഒരു വശം തകര്‍ന്ന മുഖം ഒന്ന് ആവരണം ചെയ്തു തരൂ എന്ന് എന്നോട്
യാചിക്കുന്നത് പോലെ തോന്നി.

ഞാന്‍ ഇറങ്ങി ചെന്ന് ചോര പുരണ്ട് തുണി എടുത്ത് ആ ശരീരത്തിലിട്ടു.
തുണി കാറ്റത്ത് പറക്കാതിരിക്കാനായി റെയിലില്‍ നിന്നും തെറിച്ചു വീണ
കരിങ്കല്‍ ചീളുകള്‍ പെറുക്കി പുതപ്പിന്ന്ചുറ്റും വെച്ചു. ആ ശരീരത്തെ
ഒന്നു കൂടി നോക്കി ഞാന്‍  തിരിച്ചു നടന്നു.

( ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്‍റെ 51, 52, 53, 54 അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് ).

Friday, February 12, 2010

അന്നത്തെ വിശപ്പിന്‍റെ ഓര്‍മ്മക്ക്.

ഇന്ന് മഹാ ശിവരാത്രി. ഉപവാസവും ഉറക്കം ഒഴിവാക്കലും വ്രതത്തിന്‍റെ ഭാഗമായിട്ടുള്ള
ദിവസം. കാലത്ത് എഴുന്നേറ്റാല്‍ കുളി കഴിഞ്ഞ് നാമം ജപിച്ച് ഇരിക്കും. സന്ധ്യക്ക്
ദീപാരാധന പൂജ കഴിഞ്ഞ ശേഷമേ തീര്‍ത്ഥവും പഴവും കഴിക്കൂ. വളരെ കൊല്ലങ്ങളായി
ചെയ്തു വരുന്ന അനുഷ്ഠാനമാണ് ഇതൊക്കെ. ഇടക്ക് ഭാര്യ വന്ന് ' ക്ഷീണം
തോന്നുന്നുണ്ടോ ' എന്ന് അന്വേഷിച്ചു. ഷുഗറും പ്രഷറും കൊളസ്റ്റ്റോളും എനിക്ക്
ഉള്ളത് കാരണം അവര്‍ക്ക് പരിഭ്രമമാണ് .

ഒരു മാസം നീളുന്ന നോമ്പെടുക്കുന്ന മുസ്ലിം സഹോദരീ സഹോദരന്മാരെ ഞാന്‍ ഓര്‍ത്തു.
സത്യത്തില്‍ ത്യാഗത്തിന്‍റെ ദിനങ്ങളിലൂടെയാണ് അവര്‍ കടന്നു പോകുന്നത്.

എന്‍റെ മനസ്സില്‍ വിശപ്പിനെ സംബന്ധിച്ച ഒരു ഓര്‍മ്മ കടന്നു വന്നു. 1986 - 87
കാലത്തില്‍ എനിക്ക്കാസര്‍ക്കോട് ജില്ലയിലുള്ള ഉദുമയില്‍ ജോലി സംബന്ധമായി
കഴിയേണ്ടി വന്നിട്ടുണ്ട്. നെയ്യാറ്റിന്‍കര സ്വദേശി പൌലോസ്,ഞങ്ങള്‍ അണ്ണന്‍ എന്ന്
വിളിക്കാറുള്ള ആര്യനാടുകാരന്‍ ജെഫേര്‍സന്‍, ആറ്റിങ്ങലില്‍ നിന്നുള്ള രാജന്‍ ബാബു
എന്നിവരാണ് കൂടെ ഉണ്ടായിരുന്നവര്‍.ഇടക്ക് വെച്ച് വടകരയില്‍ നിന്നും ഒരു
കുഞ്ഞിരാമേട്ടനും ഞങ്ങളുടെ കൂട്ടത്തില്‍ എത്തി.

അസൌകര്യങ്ങള്‍ മാത്രം സുലഭമായിട്ടുള്ള ഓഫീസ് കെട്ടിടം, വീട്ടില്‍ നിന്ന് മാറി
താമസിക്കുന്നതിനാലുള്ള വിഷമതകള്‍ എന്നിവക്ക് പുറമെ ഭക്ഷണം വലിയൊരു
പ്രശ്നമായിരുന്നു. പേരിന് മൂന്ന് നാല് ഹോട്ടലുകള്‍ ഉണ്ടായിരുന്നുവെങ്കിലും
നല്ല ഭക്ഷണം കിട്ടാ കനിയായി മാറി. കൂട്ടത്തില്‍ സസ്യാഹാരം മാത്രം കഴിച്ച്
ശീലിച്ച എന്‍റെ കാര്യം തീര്‍ത്തും പരിതാപകരമായി.

ഒരു ദിവസം ഞാനും അണ്ണനും കുഞ്ഞിരാമേട്ടനും മാത്രമേയുള്ളു. മറ്റുള്ളവര്‍
നാട്ടില്‍ പോയിരിക്കുകയാണ്. കാലത്ത് ഹോട്ടലില്‍ ചെന്നപ്പോള്‍ ' ഒരു ദോശേ
ബാക്കീള്ളൂ ' എന്ന വിവരം ലഭിച്ചു. ബെന്‍സിന്‍റെ ചിഹ്നം പോലെ മൂന്നായി
പകുത്ത് ഞങ്ങള്‍ അത് കഴിച്ചു.

പതിനൊന്ന് മണിയായതോടെ അണ്ണന്‍ ' ചോറുണ്ണാന്‍ പോകാടേ ' എന്നും പറഞ്ഞ്
പൊരിച്ചില്‍ തുടങ്ങി. ഒരു വിധം ഒരു മണിയാക്കി. ഞങ്ങള്‍ റെയില്‍വെ
ഗേറ്റിന്നടുത്തുള്ള ഹോട്ടലില്‍ ഉണ്ണാനെത്തി.

കഴുകി തുടച്ച ഇലയില്‍ വിളമ്പിയ ചോറില്‍ നിന്നും വല്ലാത്തൊരു ദുര്‍ഗന്ധം വമിച്ചു.
' സാരമില്ലടേ, എന്തെങ്കിലും കൂട്ടി കഴിക്ക് ' എന്ന് അണ്ണന്‍ എന്നെ ഉപദേശിച്ചു.
പക്ഷെ ചോറിന്ന് പുറകെ എത്തിയ കറികള്‍ കണ്ടതോടെ അണ്ണന്‍റെ ഭാവം മാറി.
' എന്തിരുത് സാധനം, കഴിക്കാന്‍ വേണ്ടീട്ട് തന്നതന്നാണോടേ ഇത് ' എന്നൊരു
ചോദ്യം.

കയ്‌പ്പക്ക വലിയ കഷണങ്ങളാക്കി മുറിച്ചത് ഉപ്പും അതിലേറെ മുളകും ചേര്‍ത്ത്
പുഴുങ്ങിയെടുത്ത കൂട്ടാന്‍. കോവക്ക അരവേവില്‍ മുളക് പുരട്ടിയെടുത്ത ഉപ്പേരി.
അതോടെ വിഭവങ്ങള്‍ കഴിഞ്ഞു.

ഇതെങ്ങിനെ അകത്താക്കും എന്ന് അറിയില്ല. ' ഇത്തിരി മോര് കിട്ട്വോന്ന് ചോദിക്ക്
അണ്ണാ ' എന്ന് ഞാന്‍ പറഞ്ഞു. അണ്ണന്‍ എഴുന്നേറ്റ് മുമ്പിലെ കൌണ്ടറില്‍ ചെന്നു.
ഏതാനും മിനുട്ട് നേരം ദീര്‍ഘിച്ച സംഭാഷണം അവസാനിപ്പിച്ച് മടങ്ങിയെത്തി.
കൌണ്ടറിലുള്ള ചെറുപ്പക്കാരന്‍ അടുത്ത് നില്‍ക്കുന്ന ആളോട് എന്തോ പറഞ്ഞ്
ചിരിക്കുന്നു.

' വാ ടേയ്, നമുക്ക് പോകാം ' അണ്ണന്‍ പറഞ്ഞു.

വിളമ്പിയതില്‍ കൈ വെക്കാത്തതിനാല്‍ കയ്യ് കഴുകേണ്ടി വന്നില്ല. പൈസ കൊടുത്ത്
പുറത്ത് ഇറങ്ങിയ അണ്ണന്‍ കണ്ണ് തുടച്ചു.

വൈകീട്ട് ഓഫീസ് സമയം കഴിഞ്ഞതും ഞങ്ങള്‍ ബസ്സില്‍ കാഞ്ഞങ്ങാട് ചെന്നു. അവിടെ
നിന്ന് ആഹാരം കഴിച്ച് കറങ്ങി തിരിഞ്ഞ് ലോഡ്ജില്‍ എത്തിയപ്പോള്‍ രാത്രിയായി.
കുഞ്ഞിരാമേട്ടനുണ്ട് കാത്തിരിക്കുന്നു.

നിലത്ത് പായ വിരിച്ച് ഞങ്ങളിരുന്നു. 28 കളിക്കാന്‍ ചീട്ടുകള്‍ പകുത്തിട്ടു. കളി
മുറുകിയ ഘട്ടത്തില്‍ ആരോ പരിഭ്രമിച്ച മട്ടില്‍ ഓടിയെത്തി.

' തീ പിടിച്ചിരിക്കുന്നു. കറണ്ട് ഓഫ് ചെയ്യിന്‍ ' എന്ന് ആഗതന്‍ പറഞ്ഞു.
കറണ്ടാപ്പീസിന്ന് തീപിടിച്ചു എന്ന് പറഞ്ഞത് പോലെ ഞങ്ങള്‍ക്ക് തോന്നി.

ഞാനും അണ്ണനും ഓടി ചെന്നപ്പോള്‍ ഓഫീസിന്ന് ഒന്നും പറ്റിയിട്ടില്ല. ആ നേരം 
കൊണ്ട് കുഞ്ഞിരാമേട്ടന്‍ പുതച്ച തോര്‍ത്ത് എ. ബി. സ്വിച്ചിന്‍റെ ഹാന്‍ഡിലില്‍ 
ചുറ്റി ഒറ്റ വലി. കറണ്ട് പോയി. സര്‍വ്വത്ര ഇരുട്ട്.

അകലെ ജനം കൂടി നില്‍ക്കുന്ന സ്ഥലത്ത് ചെന്നപ്പോള്‍ , ഉച്ചക്ക് ഞങ്ങള്‍ ഭക്ഷണം 
കഴിക്കാതെ ഇറങ്ങി വന്ന ഹോട്ടല്‍ നിന്നു കത്തുന്നു.

' നോക്കടേ, എന്‍റെ മനസ്സ് ഉച്ച നേരത്ത് അത്രക്ക് വിഷമിച്ചിട്ടുണ്ട്. അതാ
കത്താന്‍ കാരണം . ദൈവം ഉണ്ട് എന്ന് നിനക്ക് മനസ്സിലായല്ലോ '.

പനപ്രമാണം ഉയര്‍ന്ന് പൊങ്ങിയ തീയിനെ നോക്കി നിന്നപ്പോള്‍ എനിക്ക്
ആ പറഞ്ഞത് ശരിയാണെന്ന് തോന്നി.

( ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്‍റെ 45 മുതല്‍ 50 വരെയുള്ള
അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു )