Thursday, August 20, 2009

സ്നേഹമെന്ന പാശം 

ചിങ്ങമാസത്തിലെ അത്തം ദിവസമായിരുന്നു അന്ന്. കൃത്യം പത്ത് കൊല്ലം ആയിട്ടും അന്നത്തെ മഴയുടേയും കുളിരിന്‍റേയും ഓര്‍മ്മ ഇന്നും മറന്നിട്ടില്ല.

സാധാരണ വൈകീട്ട് ചീട്ട് കളിക്കാന്‍ ക്ലബ്ബിലേക്ക് നടന്നാണ് ചെല്ലുക. പകല്‍ മുഴുവന്‍ കുത്തിയിരുന്ന് ജോലി ചെയ്ത മുഷിവ് മാറും എന്ന് മത്രമല്ല, ശരീരത്തിന്ന് ഒരു വ്യായാമം കിട്ടുകയും ചെയ്യും. പക്ഷെ തിരിച്ച് വരുന്നത് അജിത കൃഷ്ണന്‍റെ സ്കൂട്ടറിന്‍റെ പുറകില്‍ ഇരുന്നായിരിക്കും. ചില ദിവസങ്ങളില്‍ പറളി റെയില്‍വേ സ്റ്റേഷന്നോട് ചേര്‍ന്നുള്ള ഫുട്ട് ഓവര്‍ ബ്രിഡ്ജിന്നരികെ സ്കൂട്ടറുമായി ചങ്ങാതി കാത്ത് നില്‍ക്കും. പിന്നെ ഒന്നിച്ചാണ് യത്ര. വളരെ അപൂര്‍വ്വമായിട്ടേ അജി സ്കൂട്ടര്‍ എടുക്കാതിരിക്കൂ. ആ ദിവസങ്ങളില്‍ ഞാന്‍ ബൈക്കുമായി ചെന്ന് കൂട്ടുകാരനെ ക്ലബ്ബിലേക്കും തിരിച്ചും എത്തിക്കണം.

അന്ന് വൈകുന്നേരം അജി എന്നെ ഫോണില്‍ വിളിച്ചു.' എന്‍റെ സ്കൂട്ടറില്‍ ഒരു തുള്ളി പെട്രോള്‍ ഇല്ല. നീ ബൈക്കുമായി വാ, ഞാന്‍ ചെമ്മിനി പറമ്പില്‍ കാത്ത് നില്‍ക്കാം'. അന്ന് ഞാന്‍ കൂട്ടുകാരന്ന് സാരഥി ആയി. എട്ടേ കാലിന്ന് കളി നിര്‍ത്തി. ക്ലബ്ബില്‍
നിന്നും താഴെ ഇറങ്ങി വന്നതും ' നല്ല മഴ വരുന്നുണ്ട്, വേഗം വിട്ടോളിന്‍ ' എന്ന് മൊയ്തു പറഞ്ഞു.' സൂക്ഷിച്ച് ചെല്ലിന്‍ , രാത്രി നേരമാണ് ' എന്ന് ചന്ദ്രന്‍ മാസ്റ്ററും പറഞ്ഞു.

ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. കൂട്ടുകാരന്‍ പുറകില്‍ കയറി. ഹീറോ ഹോണ്ട പടിഞ്ഞാറ് ഭാഗത്തേക്ക് പാഞ്ഞു. ചെക്ക് പോസ്റ്റ് കഴിഞ്ഞ് ഇറക്കം ഇറങ്ങുമ്പോള്‍ മഴയുടെ ആരവം കേട്ടു.' ഇതെന്താ തിരുവാതിര ഞാറ്റുവേല പോലെ ' എന്ന് സുഹൃത്ത് മഴയെ പറ്റി പറഞ്ഞു. മഴ എത്താറായി. ഫുട്ട് ഓവര്‍ബ്രിഡ്ജിനടുത്ത് നിന്ന് നൂറ്റമ്പത് മീറ്ററെ എന്‍റെ വീട്ടിലേക്ക് ദൂരമുള്ളു. കൂട്ടുകാരന്ന് ഒരു കിലോ മീറ്ററിലേറെ പോണം. അവിടെ എത്തുമ്പോഴേക്ക് നനയും. തിരിച്ച് എത്തുന്നത് മഴ കഴിഞ്ഞേ പറ്റു. അത് മനസ്സിലാക്കി ഞാന്‍ കൂട്ടുകാരനോട് ' അജീ നീ വണ്ടിയും കൊണ്ട് നിന്‍റെ വീട്ടിലേക്ക് പൊയ്ക്കോ, ഞാന്‍ ഫുട്ട് ഓവര്‍ബ്രിഡ്ജിന്നടുത്ത് ഇറങ്ങി ഓടിക്കോളാം ' എന്ന് പറഞ്ഞു.' അങ്ങിനെയാണെങ്കില്‍ നീ പൊയ്ക്കോ, ഞാന്‍ നടന്ന് പൊയ്ക്കൊള്ളാം ' എന്നായി അവന്‍ .

ഇനി നിവൃത്തിയില്ല. പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യുന്ന കക്ഷിയാണ്.അവനെ മഴയത്ത് ഇറക്കി വിട്ടിട്ട് ഞാന്‍ വീട്ടിലേക്ക് പോകുന്നത് ശരിയല്ലല്ലോ. നനയുകയാണെങ്കില്‍ നനയട്ടെ. ഞാന്‍ ബൈക്ക് അവന്‍റെ വീട്ടിലേക്ക് ഓടിച്ചു. തോട്ടു പാലം കടന്നതും
മഴ ചാറാന്‍ തുടങ്ങി. പത്ത് തുള്ളി മതി ഒരു പാത്രം നിറയാന്‍. ആ വിധത്തിലുള്ള ഉഗ്രന്‍ മഴ. ചെമ്മിനിക്കാവ് റോഡിലേക്ക് തിരിയുമ്പോഴേക്കും ഞങ്ങള്‍ നന്നായി നനഞ്ഞു കുളിച്ചു. കാവിന്ന് മുന്നില്‍ ഞങ്ങളെത്തി. ഇനി നൂറ് മീറ്റര്‍ കൂടി പോയാല്‍
അജിയുടെ വീടെത്തും.ഒരു തോര്‍ത്ത് വാങ്ങി തല തുടച്ച് അവിടെ നിന്നിട്ട് മഴ തോര്‍ന്ന ശേഷം വീട്ടിലേക്ക് പോവാമെന്ന് ഞാന്‍ കരുതി.

പക്ഷെ സംഭവിച്ചത് വേറൊന്നാണ്. അജി എന്നോട് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. നനഞ്ഞ കോലത്തില്‍ രണ്ടാളും കൂടി കയറി ചെന്നാല്‍ വീട്ടുകാര്‍ എന്ത് കരുതും. അദ്ധ്വാനിച്ച് പത്ത് കാശ് ഉണ്ടാക്കാന്‍ പോയതാണെങ്കില്‍ സാരമില്ല. ഇത് തെമ്മാടിത്തരത്തിന്‍റെ ഊക്ക് കൊണ്ടാണ് എന്നല്ലേ വിചാരിക്കുക. വണ്ടി നിര്‍ത്തി ഞങ്ങളിറങ്ങി. ഭാഗ്യ വശാല്‍ കറണ്ട് പോയി. ഇരുട്ടത്ത് ഞങ്ങള്‍ മഴ നനഞ്ഞ് നില്‍ക്കുന്നത് ആരും കാണില്ല. പറമ്പിന്ന് അപ്പുറത്ത് കൂത്ത് മാടം ഉണ്ട്. അതല്ലാതെ അടുത്തെങ്ങും മഴ കൊള്ളാതെ നില്‍ക്കാന്‍ ഒരു ഇടവും ഇല്ല.' ഇത് ഇപ്പൊ മാറും , നീ ഇങ്ങോട്ട് വാ ' എന്നും പറഞ്ഞ് അജി ആല്ത്തറയില്‍ കയറി. ഞാന്‍ പുറകേയും.

മഴ മാറിയില്ല എന്ന് മത്രമല്ല ഒന്നുകൂടി കൊഴുക്കുകയാണ് ഉണ്ടായത്. സമയം കുറെ കടന്ന് പോയി. എനിക്ക് വീട്ടുകാരെ കുറിച്ച് വേവലാതിയായി. പാവങ്ങള്‍. എന്നേയും കാത്ത് ചോറ് ഉണ്ണാതെ കാത്തിരിക്കുന്നുണ്ടാവും. അകലെ ആയി ആകാശത്തില്‍ ഒരു മിന്നല്‍ കണ്ടു. ' ഇടി വെട്ടും എന്ന് തോന്നുന്നു ' എന്ന് ഞാന്‍ പറഞ്ഞു. ' എടാ, ഉണ്ണ്യേ ' അജി വിളിച്ചു ' ഇപ്പൊ ഒരു ഇടി പൊട്ടി നമ്മള് രണ്ടാളും ചത്തൂന്ന് വിചാരിക്ക്യാ '. ഞാന്‍ അത് മുഴുമിക്കാന്‍ സമ്മതിച്ചില്ല. എനിക്ക് എന്തെങ്കിലും
പറ്റിയാല്‍ കുടുംബം അനാഥമാവും. കുട്ടികള്‍ ഒന്നും ഒരു നിലക്ക് ആയിട്ടില്ല. ' കരി നാക്ക് കൊണ്ട് വേണ്ടാത്തതൊന്നും
പറയാതെ ' എന്ന് എന്‍റെ വിയോജിപ്പ് ഞാന്‍ പറഞ്ഞു.

നിനക്ക് അത് വെറുതെ തോന്നുകയാണെന്നും ഓരോ ജീവിക്കും ഈ ലോകത്ത് കഴിഞ്ഞുകൂടാനുള്ള വഴി ദൈവം തന്നെ
ഒരുക്കിയിട്ടുണ്ടെന്നും ഞാനാണ് എല്ലാം എന്ന തോന്നല്‍ വെറുതെയാണെന്നും കൂട്ടുകാരന്‍ പറഞ്ഞത് എനിക്ക് അംഗീകരിക്കാനായില്ല.
ഈ കാലത്തൊന്നും കനത്ത ഇടി വെട്ടില്ല എന്ന് ഞാന്‍ ആശ്വസിച്ചു.

കുറച്ച് കഴിഞ്ഞപ്പോള്‍ ' നിന്നെ ഞാന്‍ ചിറ്റിച്ചു അല്ലേ ' എന്ന് അജി സങ്കടത്തോടെ ചോദിച്ചു. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലൊ, ഇങ്ങിനെ ഒരു യോഗം ഇന്നേ ദിവസം നമുക്ക് വെച്ചിട്ടുണ്ടാവും എന്ന് അവനോട് പറഞ്ഞു. നനഞ്ഞു കുളിച്ച എന്‍റെ താടി കൂട്ടിയടിച്ചു തുടങ്ങി. അകലെ കമ്പനിയില്‍ പത്ത് മണി അടിക്കുന്നത് കേട്ടു. മഴ തോരുന്നത് കാത്ത് നില്‍ക്കുന്നതില്‍ ഇനി അര്‍ത്ഥമില്ലെന്ന് മനസ്സിലായി. കൂട്ടുകാരനും അത് ബോധിച്ചതായി തോന്നി. ഞങ്ങള്‍ തറയില്‍ നിന്ന് താഴെ ഇറങ്ങി.ഞാന്‍
ബൈക്കില്‍ കയറി സ്റ്റാര്‍ട്ടാക്കി. ലൈറ്റിന്‍റെ പ്രകാശത്തില്‍ മഴത്തുള്ളികള്‍ മുന്നില്‍ ചിതറി വീഴുന്നത് ഞാന്‍ കണ്ടു.

മുഖത്ത് ചരല്‍ വാരി വിതറുന്നത് പോലുള്ള മഴ കാഴ്ചക്ക് മങ്ങലേല്‍പ്പിച്ചു. അതൊന്നും കൂട്ടാക്കാതെ ഞാന്‍ വീട്ടിലേക്ക് തിരിച്ചു.
വീടെത്തുമ്പോള്‍ ഭാര്യയും കുട്ടികളും എന്നെ കാത്തിരിക്കുകയാണ്. വസ്ത്രം മാറി തല തുവര്‍ത്തുമ്പോഴേക്കും സുന്ദരി കുരുമുളകും
മഞ്ഞളും ചേര്‍ത്ത് പൊടിച്ചു വന്നു. അവള്‍ അത് നിറുകയില്‍ അമര്‍ത്തി തിരുമ്മി. മക്കള്‍ തവിട് കിഴി ചൂടാക്കി ശരീരം ചൂട് പിടിപ്പിച്ചു.

അപ്പോള്‍ ആല്‍ത്തറയില്‍ വെച്ച് ' ഇടി വെട്ടി മരിക്കുന്ന കാര്യം ' അജി പറഞ്ഞത് എന്‍റെ മനസ്സിലെത്തി. എനിക്ക് എങ്ങിനെ ഈ സ്നേഹം ഉപേക്ഷിച്ച് മരിച്ച് പോകാന്‍ കഴിയും എന്ന് ഞാനോര്‍ത്തു.

Saturday, August 15, 2009

ജേണല്‍ എന്‍ട്രി.

നേരം പുലരുന്നതിന്ന് മുമ്പ് തുടങ്ങുന്ന നടത്തം , തിരിച്ച് വന്നതിന്ന് ശേഷമുള്ള കുളി, ഒരു മണിക്കൂറോളം നീളുന്ന നാമ ജപം, അതിന് ശേഷമുള്ള പ്രാതല്‍ എന്നിവ കഴിഞ്ഞാല്‍ പിന്നെകുറെ നേരത്തേക്ക് വിശേഷിച്ച് യാതൊന്നും ചെയ്യാനില്ല. മക്കള്‍
രണ്ടുപേര്‍ ജോലിക്ക് പോവാന്‍ ഒരുങ്ങുന്നു. ഞാന്‍ പത്രം എടുത്ത് ഉമ്മറത്ത് ഒരു കസേലയിലിരുന്ന് വായിച്ച് തുടങ്ങിയതേ ഉള്ളു. അപ്പോള്‍ ഒരു അപരിചിതന്‍ പടി കടന്ന് വരുന്നു.

പ്രായം അറുപത്തഞ്ചിന്ന് മുകളിലാവും. മുടി കൊഴിഞ്ഞു പോയ തല. മെലിഞ്ഞ് അധികം പൊക്കമില്ലാത്ത ശരീരം. ക്ഷീണിച്ച
പ്രകൃതം. വെള്ള ഫുള്‍കൈ ഷര്‍ട്ടും, മുണ്ടും.വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ കിട്ടുന്ന മാതിരി ഒരു പ്ലാസ്റ്റ്ക്ക് കാരി ബാഗ് മടക്കി
കയ്യില്‍ വെച്ചിട്ടുണ്ട്.

അയാള്‍ എന്തെങ്കിലും സഹായം ചോദിച്ച് വരുന്നതായിരിക്കുമെന്ന് ഞാന്‍ കരുതി. മുറ്റത്ത്എത്തും മുമ്പ് അയാള്‍ നിന്നു.'നായ
ഉണ്ടോ ' എന്ന് ചോദിക്കാനായിരിക്കുമെന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷെ അയാളുടെ ചോദ്യം ' ഇവിടെ പെണ്‍കുട്ടികള്‍ ഉണ്ടോ 'എന്നായിരുന്നു.ഇതെന്ത് കഥ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. പുതുതായി ഒരുവീട്ടില്‍ കയറി ചെല്ലുമ്പോള്‍ ' നായ ഉണ്ടോ '
എന്ന് ചോദിക്കുന്നത് സ്വാഭാവികം. അതിന്ന് പകരം ' പെണ്‍കുട്ടിയുണ്ടോ ' എന്ന ചോദ്യം ആദ്യമായിട്ടാണ്' കേള്‍ക്കാന്‍
ഇടയാകുന്നത്.' ഇവിടെ ചെറിയ പെണ്‍കുട്ടികളൊ ന്നും ഇല്ല ' എന്ന്ഞാന്‍ പറഞ്ഞു.

അയാള്‍ ഉമ്മറത്തെത്തി. ' പത്തിരുപത്തി മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയുണ്ടോ എന്നാണ് അറിയേണ്ടത് 'എന്ന് ഒന്നു
കൂടി തെളിച്ച് പറഞ്ഞു. എന്‍റെ മൂത്ത മകന്‍റെ ഭാര്യ ആ പ്രായ പരിധിയിലാണ്. ആ വസ്തുത ഞാന്‍ അറിയിച്ചു. ഒരു ചെറുക്കന് പറ്റിയ പെണ്‍കുട്ടിയെ അന്വേഷിച്ച് ഇറങ്ങിയതാണെന്നും ദോഷജാതകം ഉള്ള വല്ല കുട്ടികളും പരിചയത്തിലുണ്ടോ എന്നും അയാള്‍ തിരക്കി.

മൂന്ന് കൊല്ലത്തെ തിരച്ചിലിന്ന് ശേഷമാണ് മൂത്ത മകന് ഒരു വധുവിനെ കണ്ടെത്തിയത്. ഒരു ഇടവേളക്ക് ശേഷം അടുത്ത
ആള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ആ കാര്യം ഞാന്‍ അയാളോട് പറഞ്ഞു.

' ശുദ്ധ ജാതകം ചേരുമോ 'എന്ന് ആഗതതന്‍റെ ചോദ്യത്തിന്ന് .' ഉവ്വ് ' എന്ന് ഞാന്‍ മറുപടി നല്‍കി.

അയാള്‍ ഉമ്മറത്തെ തിണ്ടില്‍ ഇരുന്നു. പ്ലാസ്റ്റിക്ക് കവര്‍ തുറന്നു. അതില്‍ നിന്നും മൂന്ന് ഫോട്ടോകള്‍ എടുത്ത് നീട്ടി. ഒന്നിനൊന്ന് ഭംഗി കൂടുതല്‍ തോന്നിക്കുന്ന പെണ്‍കുട്ടികള്‍. ഞാന്‍ സുന്ദരിയെ വിളിച്ചു. ഫോട്ടോകള്‍ രണ്ടാള്‍ക്കും ബോധിച്ചു. കുട്ടികള്‍ മൂവരും വളരെ വേണ്ടപ്പെട്ടവരുടെ മക്കളാണെന്നും ജാതകം യോജിപ്പുണ്ടെങ്കില്‍ കാര്യം നടത്തി തരാമെന്നും അയാളേറ്റു.
പ്രതിഫലം എത്രയാണെന്ന് ഞാന്‍ തിരക്കി. പിന്നീട് അതൊരു തര്‍ക്കത്തിന്ന് ഇട വരുത്തരതല്ലോ.

കല്യാണം നടത്തിയാല്‍ അയ്യായിരം രൂപയും റജിസ്ട്രേഷന്ന് നാനൂറ്റി അമ്പതു രൂപയും ആണ് നിരക്ക് എന്ന് മറുപടി
കിട്ടി. അതൊട്ടും അധികമല്ല. പല ബ്യൂറോകള്‍ക്കും കുറിപ്പുകള്‍ കിട്ടാന്‍ പണം അടച്ച ഓര്‍മ്മയുണ്ട്. അങ്ങിനെ കിട്ടിയ കുറിപ്പില്‍ നിന്നും ഒരു പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഫോണില്‍ വിളിച്ചപ്പോള്‍ പെണ്‍കുട്ടി പ്രസവിച്ച് കിടക്കുകയാണെന്ന് മറുപടി കിട്ടിയതും ഞാനോര്‍ത്തു. ഇടനിലക്കാരന്‍ ഉള്ളതിനാല്‍ അത്തരം നാണക്കേട് ഉണ്ടാവില്ലല്ലോ എന്ന ഒരു സമാധാനവും ഉണ്ട്.

ഒരു ജോത്സ്യനെ കണ്ടാലല്ലേ തീരുമാനിക്കാന്‍ പറ്റു എന്ന് ആലോചിക്കുമ്പോഴാണ് താന്‍ ജോത്സ്യനാണെന്നും പയ്യന്‍റെ ജാതക
കുറിപ്പ് കിട്ടിയാല്‍ പൊരുത്തം ഇപ്പോള്‍ തന്നെ നോക്കി തരാമെന്നും കക്ഷി പറഞ്ഞത്. ഈശ്വര കൃപ എന്ന് മനസ്സില്‍ ഓര്‍ത്തു. മകന്‍റെ ജാതക കുറിപ്പ്ഹാജരാക്കി. ലഗ്നാലും ചന്ദ്രാലും ശുക്രാലും രണ്ട്, അഞ്ച്, ഏഴ്, എട്ട്ഭാവങ്ങള്‍ അയാള്‍
പരിശോധിച്ചു.മകന്‍റെ ജാതകം മൂന്ന് പെണ്‍കുട്ടികളുടെ ജാതകങ്ങളുമായി നന്നായി ചേരുമെന്ന് വിധി കല്‍പ്പിച്ചു.

എന്താണ് അടുത്ത പരിപാടി എന്ന് ആലോചിച്ചു. അടുത്ത ഞായറാഴ്ച പോവ്വാന്‍ പറ്റുമോ എന്നായി അയാള്‍ . ' അതിലേ ആ നീല ചൂരീദാര്‍ ഇട്ട കുട്ടിയുടെ കേസ് നോക്കണ്ടാ ' അയാള്‍ പറഞ്ഞു ' അത് നിങ്ങളുടെ സ്ഥിതിക്ക് ഒട്ടും പോരാ '.അങ്ങിനെ ആരേയും ചെറുതാക്കി കാണരുതെന്നും അതും കൂടി നോക്കണമെന്നും വീട്ടുകാരി നിര്‍ബന്ധം പറഞ്ഞു. ഏതാണ് ശരിയാവുക എന്ന് പറയാനാവില്ലല്ലൊ.

ഞായറാഴ്ച കാലത്ത് ഒമ്പതര മണിക്ക്പട്ടാമ്പിയില്‍ ഗുരുവായൂര്‍ റോഡ് തിരിയുന്ന ഭാഗത്ത് അയാള്‍ നില്‍ക്കാമെന്നും, ഞങ്ങള്‍ കാര്‍ നിര്‍ത്തി അയാളെ കയറ്റിക്കൊള്ളാമെന്നും ധാരണയായി.സുന്ദരി അഞ്ഞൂറ് രൂപയുമായി എത്തി. ' എന്താ ഇത് '
അയാള്‍ ചോദിച്ചു. റജിസ്ട്രേഷന്‍ ഫീസ്സ് നല്‍കിയതാണെന്ന് പറഞ്ഞു. ' താന്‍ മുന്‍കൂറായി പണമൊന്നും വാങ്ങില്ലെന്നും പെണ്ണ് കാണല്‍ കഴിഞ്ഞ് ബോധിച്ചിട്ട് തന്നാല്‍ മതിയെന്നും പറഞ്ഞ് മൂപ്പര്‍ പണം കൈപ്പറ്റിയില്ല.

വല്ല ആവശ്യവും വന്നാല്‍ ബന്ധപ്പെടണമല്ലൊ. ഞാന്‍ അയാളുടെ ഫോണ്‍ നമ്പര്‍ ചോദിച്ചു. വീട് വിറ്റ് പുതിയ വീട് ഉണ്ടാക്കുന്നതിനാല്‍ ഫോണില്ലെന്ന് മറുപടി കിട്ടി. ' മൊബൈലോ ' വീണ്ടും എന്‍റെ അന്വേഷണം . അതൊന്നും കയ്യില്‍
വെച്ചുകൊണ്ട് നടക്കാന്‍ പറ്റാത്തതിനാല്‍ വാങ്ങിയിട്ടില്ലെന്ന് അയാള്‍ പറഞ്ഞു. പകരം തന്‍റെ മേല്‍വിലാസം കുറിച്ചെടുത്തു കൊള്ളാന്‍ പറഞ്ഞു.

ഞാന്‍ കടലാസും പേനയും എടുത്തു. ബാലകൃഷ്ണന്‍ നായര്‍ . ഞാനെഴുതി. വീട്ട് പേര് പറഞ്ഞതും എഴുതി ചേര്‍ത്തു. അയ്യപ്പന്‍ കാവിന്ന് സമീപം. ചെര്‍പ്ലശ്ശേരി പോസ്റ്റ്. പാലക്കാട് ജില്ല. ഈ ഘട്ടത്തില്‍ മകന്‍ ബിനു പുറത്തേക്ക് വന്നു. ' ഇതാരാ ' നായര്‍ ചോദിച്ചു. ഇയാള്‍ക്ക് വേണ്ടിയാണ് ആലോചന നടത്തുന്നത് എന്ന് ഞാന്‍ പറഞ്ഞു.

' ദൈവാധീനം ഉണ്ട് ' നായര്‍ ഉറക്കെ ആത്മഗതം ചെയ്തു ' എന്താ ചെയ്യാ എന്ന് ഞാന്‍ ആലോചിക്കുകയായിരുന്നു '. എനിക്ക് ഒന്നും മനസ്സിലായില്ല. മകന്ന് ജാതക പ്രകാരം ചില കുഴപ്പങ്ങളുണ്ടെന്നും ശരിയായ പരിഹാരം ചെയ്യാതിരുന്നാല്‍
വിവാഹം നടക്കില്ലെന്നും നായര്‍ വെളിപ്പെടുത്തി. മകന്‍റെ കയ്യ് നോക്കി സംഗതി ഉറപ്പ് വരുത്തി. വീടിന്‍റെ മുന്‍വശത്തുള്ള തുളസിയില്‍ നിന്നും ഒരു കതിര്‍ പൊട്ടിച്ച് വരാന്‍ മകനോട് ആവശ്യപ്പെട്ടു. അത് എണ്ണി നോക്കി. കൃത്യം ഇരുപത്തി ഒന്ന് ഇല. ' ഇരുപത്തൊന്ന് ദിവസത്തെ പൂജ വേണ്ടി വരും ' നായര്‍ പറഞ്ഞു.

നോട്ട് പുസ്തകത്തില്‍ നിന്നും കാല്‍പ്പായ കടലാസ്സ് മൂപ്പര്‍ ചോദിച്ച് വാങ്ങി, എന്തോ അതില്‍ കുത്തിക്കുറിച്ചു. ' ഒന്നിന്‍റേയും പത്തിന്‍റേയും ഇടക്ക് ഒരു സംഖ്യ പറയൂ ' മകനോട് അയാള്‍ പറഞ്ഞു. എട്ട് എന്ന് കുട്ടി മറുപടി നല്‍കി. ' ഇനി പതിനൊന്നിനും ഇരുപതിനും ഇടക്ക് ഒരു സംഖ്യ പറയൂ ' എന്നായിരുന്നു അടുത്ത ചോദ്യം. മറുപടി പത്തൊമ്പത് എന്നായിരുന്നു. നായര്‍ കടലാസ്സ് നിവര്‍ത്തി കാട്ടി. അതില്‍ ഒന്ന് മുതല്‍ ഇരുപത് വരെയുള്ള അക്കങ്ങള്‍ കുറിച്ചിരുന്നു. എട്ടും പത്തൊമ്പതും
മാത്രം അതില്‍ ഉണ്ടായിരുന്നില്ല.

മുമ്പിലിരിക്കുന്നത് ഒരു മഹാത്മാവാണ് എന്ന് ഞങ്ങള്‍ക്ക് തോന്നി. സുന്ദരി ചെന്ന് ചായ ഉണ്ടാക്കി ആതിത്ഥ്യ മര്യാദ കാട്ടി. തൃശ്ശൂരിനടുത്ത് ചേര്‍പ്പില്‍ ഒരു മനയില്‍ ഇതിന്ന് പ്രത്യേക പൂജ ചെയ്യിക്കണം എന്ന് പ്രതിവിധി പറഞ്ഞു. ചിലവ് എഴുന്നൂറ്റി എണ്‍പത് രൂപ വരുമെന്നും താന്‍ അന്ന് വൈകുന്നേരം അവിടേക്ക് പോകുന്നുണ്ടെന്നും പറഞ്ഞതോടെ പണം അദ്ദേഹത്തെ ഏല്‍പ്പിച്ചാലോ എന്ന് ആലോചിച്ചു.

എണ്ണൂറ് രൂപ ഞാന്‍ അയാളുടെ കയ്യിലേല്‍പ്പിച്ചു. ' എഴുന്നൂറ്റി എണ്‍പത് രൂപയാണ് ചിലവ് എന്ന് ഞാന്‍
പറഞ്ഞിരുന്നല്ലോ '. യാതൊരു കാരണ വശാലും അധികം ഒന്നും വാങ്ങില്ലെന്ന് അയാള്‍ക്ക് വാശി. സാരമില്ല, ബാക്കി കയ്യില്‍ വെച്ചേക്കൂ എന്ന എന്‍റെ വാക്കുകള്‍ സ്വീകരിച്ചില്ല. ഒടുവില്‍ ചില്ലറ മാറി പറഞ്ഞ തുക മാത്രം വാങ്ങി പട്ടാമ്പിയില്‍ വെച്ച് കാണാമെന്ന ഉറപ്പോടെ യാത്ര പറഞ്ഞു നായര്‍ തിരിച്ച് പോയി.

' നമുക്ക് വേറൊരു പണിക്കരെ കാണിച്ച് പൊരുത്തം ഒന്നു കൂടി നോക്കിച്ചാലെന്താ ' എന്ന ആശയം പിറ്റേന്നാണ് ഭാര്യ പറഞ്ഞത്. ഉടനെ തന്നെ ഫോണില്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ നായര്‍ക്ക് കത്തെഴുതി. ഒരു വിവരവും കിട്ടാഞ്ഞതിനാല്‍
നേരിട്ട് ചെര്‍പ്ലശ്ശേരിയിലെത്തി അയാളെ കാണാമെന്ന് നിശ്ചയിച്ചു. ഞാനും മൂത്ത മകനും കൂടി അയ്യപ്പന്‍ കാവിന്നടുത്തുള്ള സകല പീടികകളിലും കയറി ഇറങ്ങി. ആ വീട്ടുപേരില്‍ ബാലകൃഷ്ണന്‍ നായര്‍ എന്ന ഒരാളെ ആര്‍ക്കും അറിയില്ല. അറ്റ കൈക്ക് പോസ്റ്റ് ഓഫീസില്‍ ചെന്ന് അന്വേഷിച്ചതോടെ പതിവ് പോലെ പറ്റിക്കപ്പെട്ടു എന്ന് ബോദ്ധ്യമായി. എന്നെ അത്ഭുതപ്പെടുത്തി ശനിയാഴ്ച സന്ധ്യക്ക് എനിക്ക് നായരുടെ ഫോണ്‍ വന്നു. ആ കുട്ടികളുടെ വിവാഹം ഉറപ്പിച്ചുവെന്നും വേറെ കുറച്ച് കുറുപ്പുകളുമായി ഇരുപത്തെട്ടാം തിയ്യതി എത്താമെന്നും , വഴിപാടിന്ന് കൊടുത്ത പണം തന്‍റെ കയ്യിലുണ്ടെന്നും അയാള്‍ പറഞ്ഞു.പിറ്റേന്ന് ഞങ്ങള്‍ ചെന്ന് മടങ്ങി പോരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ വിവരം തന്നതാണത്രേ.

എനിക്ക് ഉണ്ടായ സന്തോഷത്തിന്ന് അതിരുണ്ടായിരുന്നില്ല. ഇത്ര നല്ല മാന്യനെ ഞാന്‍ വൃഥാ സംശയിച്ചല്ലോ എന്നൊരു കുറ്റബോധം എനിക്ക് തോന്നി. അതിന്ന് ശേഷം പല ഇരുപത്തെട്ടാം തിയ്യതികളും കടന്ന് പോയി. നായര്‍ വന്നില്ല എന്ന് മാത്രം.

അപ്പോഴാണ് വാഷിങ്ങ് മെഷീന്‍ പ്രവര്‍ത്തിക്കാതാവുന്നത്. ഡീലറെ വിവരം അറിയിച്ചു. ഒരു ദിവസം ടെക്നീഷ്യന്‍ ഹാജര്‍. വിദ്വാന്‍ കൈ വെച്ചതോടെ സാധനം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതിന്ന് കേടൊന്നും ഇല്ലല്ലോ എന്നും പറഞ്ഞ് 221.00 രൂപ സര്‍വീസ് ചാര്‍ജ്ജ് ഈടാക്കി.

അയാള്‍ പോയതോടെ സുന്ദരി എന്‍റെ അടുത്തെത്തി.' നോക്കൂ, നമ്മളുടെ ഒരു കഷ്ട കാലം. ആ നായര് എഴുന്നൂറ്റി എണ്‍പത് ഉറുപ്പിക പറ്റിച്ചു. ഇവന് ഇരുന്നൂറ്റി ഇരുപത്തൊന്ന് വേറേയും '. ആ നിമിഷം എന്‍റെ മനസ്സിലെ ഗണിത ശാസ്ത്ര വിദ്യാര്‍ത്ഥി ഉണര്‍ന്നു. 780.00+221.00 = 1001.00. നല്ല അന്തസ്സ് ഉള്ള സംഖ്യ. ഞാന്‍ ആ തുക സംഭാവനയായി കണക്കാക്കാന്‍
നിശ്ചയിച്ചു.ബാറ്റ്ലി ബോയ് എഴുതിയ അക്കൌണ്ടന്‍സിയുടെ ബാലപാഠങ്ങള്‍ അനുസ്മരിച്ച്

ഡൊണേഷന്‍ അക്കൌണ്ട് ഡെബ്റ്റര്‍ ...... 1001.00
ട്ടു ബാലകൃഷ്ണന്‍ നായര്‍ ............. 780.00
റിപ്പയര്‍ ചാര്‍ജ്ജ് ...................... 221.00

എന്നൊരു ജേണല്‍ മനസ്സില്‍ തയ്യാറാക്കി. അതോടെ ഞാന്‍ അതീവ സന്തുഷ്ടനായി, അനന്തരം എന്നാണ് ധൂമകേതുപോലെ ഒരു തട്ടിപ്പുകാരന്‍ പ്രത്യക്ഷപ്പെടുന്നത് എന്ന് മനസ്സില്‍ ചിന്തിച്ചും കൊണ്ട്സെറ്റിയില്‍ ചാരി കിടന്നു.

( ' ഓര്‍മ്മതെറ്റ് പോലെ ' എന്ന നോവലിന്‍റെ 2ഉം,3ഉം അദ്ധ്യായങ്ങള്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്. )

Monday, August 10, 2009

കല്ലു പറഞ്ഞ കാര്യം.

വളരെ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് രാജസ്ഥാന്‍കാരെ പണിക്ക് കിട്ടിയത്. വീട്ടിലെ ചില ഭാഗങ്ങളില്‍ നിലം കേടുവന്നിരുന്നു.
അത് പുതുക്കി പണിയണം. മാര്‍ബിള്‍ ഇടാം എന്ന ആശയം മക്കളുടേതാണ്. എന്തോ ആവട്ടെ പണിക്ക് ആളെ ഏര്‍പ്പാടാക്കിന്‍ എന്ന്
അവരെ തന്നെ ഏല്‍പ്പിച്ചു.

അതിനെന്താ പ്രയാസം. നമ്മുടെ പഴയ ആള്‍ക്കാരില്ലേ, അവരെ തന്നെ വിളിച്ചാല്‍ പോരെ,എന്ന് സുന്ദരി പറഞ്ഞപ്പോഴാണ് എനിക്ക്
ആ കാര്യം ഓര്‍മ്മ വന്നത്. മുമ്പ് ഒരിക്കല്‍ ഇതേ പോലെ പണി വന്നപ്പോള്‍ ചെയ്തു തന്ന ഒരു കൂട്ടരുണ്ട്. സ്വന്തമായി ഗ്രൈന്‍റിങ്ങ് മെഷീന്‍ ഇല്ല എന്ന ഒരു കുറവേ അന്ന് അവര്‍ക്കുണ്ടായിരുന്നുള്ളു. അന്ന് പണി പുരോഗമിക്കവെ ഒരു മെഷീന്‍ വാങ്ങാനായി ശകലം പണം തന്ന് സഹായിക്കാമോ എന്ന് ഒരു അഭ്യര്‍ത്ഥന അവര്‍ നടത്തി. പണം കൂലിയില്‍ തട്ടി കിഴിക്കാം,ബാക്കി വല്ലതും ഉണ്ടെങ്കില്‍ ഇടക്ക് വന്ന്
തരാം, ഒരു കുടുംബം കര പിടിക്കുന്ന കാര്യമാണ് എന്നൊക്കെ പറയുകയും ചെയ്തു. അബദ്ധം പറ്റാന്‍ പിന്നെ ഏറെ താമസം
ഉണ്ടായില്ല. ഭാര്യയുടെ വാക്കുകള്‍ തള്ളി കളഞ്ഞ് മടി കൂടാതെ പതിനായിരം രൂപ അവര്‍ക്ക് കൊടുത്തു. പുതിയ ഗ്രൈന്‍റര്‍ കൊണ്ട് പണി ചെയ്തു. കൂലിയില്‍ തരാനുള്ളത് തട്ടി കിഴിച്ചു. പോകുമ്പോള്‍ ആ വിദ്വാന്‍ കാല്‍കള്‍ നമസ്കരിച്ചു. സാറിന്ന് എന്ത് ആവശ്യമുണ്ടെങ്കിലും ഒരു വാക്ക് ആരോടെങ്കിലും പറഞ്ഞ് അറിയിച്ചാല്‍ മതി, ഞാന്‍ ആ സെക്കന്‍റില്‍ എത്തും എന്ന് പറഞ്ഞിട്ടാണ് അയാള്‍ പോയത്.

ഞാന്‍ നേരില്‍ ചെന്ന് വിവരം അറിയിച്ചു. കക്ഷിക്ക് വലിയ സന്തോഷം.' സാറ്' ധൈര്യമായി മാര്‍ബിള്‍ വാങ്ങിച്ചൊ. പിറ്റെന്ന് ഞാനെത്തും ' എന്നും പറഞ്ഞ് വാങ്ങാനുള്ള അളവ് കണക്കാക്കി വാങ്ങിച്ചില്ലെങ്കില്‍ ഒന്നുകില്‍ അധികമാവും, അല്ലെങ്കിലോ തികയതെ വരും എന്നൊരു മുന്നറിയിപ്പും തന്നു.' നീളവും വീതിയും അളന്ന് ' വിസ്തീര്‍ണ്ണം കണക്കാക്കുന്ന രീതി പറയാന്‍
തുനിഞ്ഞപ്പോള്‍ ഞാന്‍ വിലക്കി. നാല്‍പ്പത് കൊല്ലം മുമ്പ് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയ എനിക്കോ ഇയാള്‍ ക്ലാസ്സ് എടുക്കുന്നത്.

പിറ്റേന്ന് സാധനങ്ങള്‍ വാങ്ങി. വിവരം പണിക്കാരനെ അറിയിച്ചു. രണ്ട് ദിവസത്തെ തിരക്ക് ഉണ്ടെന്നും ശനിയാഴ്ച കണിശമായും
എത്തുമെന്നും കക്ഷി പറഞ്ഞു. അത് വെറും വാക്കായി. പലവട്ടം വിളിച്ചിട്ടും അയാള്‍ വന്നില്ല. അപ്പോഴാണ് രാജസ്ഥാനില്‍ നിന്നും വന്ന ഒരു 'ടീം' സ്ഥലത്ത് ഉണ്ടെന്ന് അറിഞ്ഞത്. അവരെ ചെന്ന് കണ്ടു. പിറ്റേന്ന് തലവന്‍ വീട്ടിലെത്തി. എന്തിന്ന് പറയുന്നു, അതിന്ന് അടുത്ത ദിവസം പണിക്കാരെത്തി. ആദ്യം ഞങ്ങള്‍ക്ക് പണിക്കാരെ കുറിച്ച് ഒട്ടും മതിപ്പ് തോന്നിയില്ല. ഒക്കെ പത്തിനും
പതിനാലിനും ഇടക്കുള്ള പിള്ളേര്‍. ഇവന്മാര്‍ സംഗതി കുളമാക്കുമോ ഈശ്വരാ എന്ന് തോന്നി. എന്നാല്‍ അളവെടുക്കലും മുറിക്കലും മേല്‍മട്ടം ശരിയാക്കാന്‍ ചുമരില്‍ അടയാളമിടുന്നതും കണ്ടപ്പോള്‍ ഈ പഹയര് കൊള്ളാമല്ലോ എന്ന് മാറ്റി ചിന്തിച്ചു. ഒറ്റ പ്രശ്നം മാത്രമേ ഉണ്ടായുള്ളു. പിള്ളേര്‍ക്ക് മലയാളം വശമില്ല, എനിക്ക് ഹിന്ദിയും.

ആദ്യത്തെ ദിവസം തന്നെ പിള്ളരെ ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. കാലത്ത് എട്ടരക്ക് എത്തും. വൈകീട്ട് എട്ടായാലും പോവില്ല. പണി നിറുത്തിക്കോളാന്‍ നിര്‍ബന്ധിച്ചാലേ പോകൂ. രണ്ട് നേരം ഓരോ ചായ മാത്രം വാങ്ങി കഴിക്കും. മറ്റെന്ത് കൊടുത്താലും വാങ്ങില്ല.
ഇതിനിടെ അത്യാവശ്യം ഞങ്ങള്‍ തമ്മില്‍ സംഭാഷണം തുടങ്ങി. സംഘത്തില്‍ ഒരുവന്‍റെ പേര് കല്ലു, മറ്റൊരാള്‍ നര്‍സി.
ശേഷിച്ചവരുടെ പേര് വായില്‍ കൊള്ളാത്ത മട്ടില്‍. മക്കള്‍ എന്നെ അച്ഛാ എന്ന് വിളിക്കുന്നത് കേട്ട് ഇവരും എന്നെ അതുതന്നെ വിളിക്കാന്‍ തുടങ്ങി.

ഒരു ദിവസം ഞാന്‍ പത്രം വായിക്കുകയാണ്. കല്ലു അടുത്ത് വന്നു. കേരളത്തില്‍ എല്ലാവരും പത്രം വായിക്കുന്നു എന്ന് വളരെ അത്ഭുതത്തോടെ അവന്‍ പറഞ്ഞു. നാട്ടില്‍ പണ്ഡിറ്റുകള്‍ക്കേ പത്രം വായിക്കാനറിയൂ എന്നായി അവന്‍. കേരളത്തിലെ സാക്ഷരതക്ക് കിട്ടിയ സാക്ഷ്യപത്രം. അന്ന് വൈകീട്ട് അടുത്ത മാസം അവന്‍ രാജസ്ഥാനിലേക്ക് പോവുകയാണെന്ന് കല്ലു പറഞ്ഞു.'എന്താ അവിടെ വിശേഷം ' എന്ന് സുന്ദരി തിരക്കി. പെങ്ങളുടെ കല്യാണമാണെന്ന് അവന്‍ പറഞ്ഞു. അവന്‍റെ ചേച്ചിയുടെ വിവാഹമായിരിക്കുമെന്ന് ഞാന്‍ കരുതി. പെങ്ങള്‍ക്ക് എത്ര വയസ്സായി എന്ന് സുന്ദരി ചോദിച്ചതിനുള്ള മറുപടി കേട്ട് ഞാന്‍ ഞെട്ടി. അവള്‍ക്ക് എട്ട് വയസ്സ് കഴിഞ്ഞ് ഒമ്പത് തുടങ്ങി എന്ന് അവന്‍ പറഞ്ഞു.

ഇവനും കല്യാണം ഉണ്ടാവുമെന്ന് കൂടെയുള്ളവര്‍ പറഞ്ഞു. കല്ലു അത് നിഷേധിച്ചില്ല. കല്യാണത്തിന്ന് തനിക്ക് പത്തായിരം
രൂപയും ഒരു പങ്കയും സ്ത്രീധനമായി കിട്ടുമെന്ന് അവന്‍ വലിയ സന്തോഷത്തോടെ പറഞ്ഞു.അപ്പോഴാണ് അവന്‍റെ
സമപ്രായക്കാരന്‍ വിവാഹിതനാണെന്ന വിവരം ഞങ്ങള്‍ അറിയുന്നത്.

വേറൊരു ദിവസം വീട്ടില്‍ നിന്ന് വന്ന എഴുത്തിലെ വിവരം കല്ലു പറഞ്ഞു. അവന്‍റെ ചെറിയച്ഛന്‍ ശമ്പളം കിട്ടിയ മുവ്വായിരം
രൂപയുമായി റോഡിലൂടെ പോവുമ്പോള്‍ ഒരു കള്ളന്‍ അത് തട്ടിപ്പറിച്ചു. നാട്ടുകാരുടെ സഹായത്തോടെ അവനെ പിടിച്ച് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പരാതിയൊക്കെ വാക്കാലായിരുന്നു.

' നീ ഇവന്‍റെ പണം എടുത്തോ ' എന്ന് പൊലീസുകാരന്‍ ചോദിച്ചു. ഉവ്വെന്ന് കള്ളന്‍ സമ്മതിച്ചു.
'എന്തിനാ എടുത്തത് ' എന്നായി അടുത്ത ചോദ്യം.
' എന്‍റെ കയ്യില്‍ പൈസ ഒന്നും ഇല്ല. ഇവനോട് ചോദിച്ചിട്ട് തന്നില്ല, അതാ എടുത്തത് ' കള്ളന്‍ മൊഴിഞ്ഞു.
' കേട്ടോടാ ' കല്ലുവിന്‍റെ ചെറിയച്ഛനോട് പൊലീസ് പറഞ്ഞു ' അവന്‍ ചോദിച്ചതും കൊടുത്താല്‍ അവന്‍ എടുക്കില്ലായിരുന്നു. നീ അത് ചെയ്തില്ല. അതാണ് അവന്‍ എടുത്തത് '
പിന്നെ കാര്യങ്ങള്‍ വളരെ എളുപ്പം നടന്നു. കള്ളനില്‍ നിന്നും പണം വാങ്ങി. ആയിരം രൂപ കല്ലുവിന്‍റെ ചെറിയച്ഛന്ന് കൊടുത്തു, ആയിരം കള്ളനും. ബാക്കി തുക പൊലീസ് എടുത്തു.
ഭാഗ്യം. ' ഇനി നീ കക്കരുത് ' എന്ന് കള്ളന്ന് ഒരു ഉപദേശം നല്‍കി. ' പണം കയ്യില്‍ വെച്ച് നടക്കരുത് ' എന്ന് കല്ലുവിന്‍റെ ചെറിയച്ഛനും.
നീതിന്യായ നിര്‍വഹണത്തിന്‍റെ ഈ രീതി എനിക്ക് വിശ്വസിക്കാനായില്ല.


( പ്രസിദ്ധീകരിച്ച് തുടങ്ങിയ ' ഓര്‍മ്മതെറ്റ് പോലെ ' എന്ന എന്‍റെ നോവലിലേക്ക് ഈ ബ്ലോഗില്‍ നിന്നും ലിങ്ക് കൊടുത്തിട്ടുണ്ട് )